പിക്കാസോ ആകണോ അതോ ഒരു 'പിക്കാസോ'യെ വേണോ എന്നു ചോദിച്ചാല്‍ നിങ്ങളെന്തു പറയും?
സെസാര്‍ ആയ്‌റയുടെ  (Cesar Aira)  പിക്കാസോ എന്ന കഥയിലെ നായകന് നേരിടേണ്ടിവന്ന പ്രശ്‌നമാണിത്. പിക്കാസോയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ആര്‍ട്ട്ഗാലറിയോട് ചേര്‍ന്നുള്ള കഫേയിലിരുന്ന് മാജിക് മില്‍ക്ക് എന്നു പേരുള്ള പാനീയം കുടിക്കുകയായിരുന്നു അയാള്‍. അപ്പോഴാണ് 'മാന്ത്രികപ്പാലിന്റെ' കുപ്പിയില്‍നിന്ന് ഒരു ഭൂതം പുറത്തുചാടിയത്. ഭൂതം അയാളോടു പറഞ്ഞു: 'ഒന്നുകില്‍ നിന്നെ ഞാന്‍ പിക്കാസോയാക്കി മാറ്റാം. അല്ലെങ്കില്‍ നിനക്ക് ഒരു 'പിക്കാസോ'യെ തരാം. എന്തുവേണം?'
ഒരു പിക്കാസോ എന്നതുകൊണ്ടുദ്ദേശിച്ചത് മറ്റൊന്നുമല്ല; പിക്കാസോയുടെ ഒരു ചിത്രമെന്നുതന്നെയാണ്. നമ്മുടെ കഥാപാത്രം ചിന്താക്കുഴപ്പത്തിലായി. നാടോടിക്കഥകള്‍ നിറയെ ഇത്തരം ചോദ്യങ്ങളാണ്. അവയിലാകട്ടെ, ബുദ്ധിപൂര്‍വം ഉത്തരം പറയുന്നയാള്‍ മാത്രമേ രക്ഷപ്പെടാറുമുള്ളൂ.

ആരാണ് പിക്കാസോയാകാന്‍ ആഗ്രഹിക്കാത്തത്? ആധുനികചരിത്രത്തില്‍ പിക്കാസോയുടേതു പോലെ അസൂയയുണ്ടാക്കുന്ന ഒരു ജീവിതം മറ്റാര്‍ക്കാണ് കിട്ടിയിട്ടുള്ളത്? ഒരു രാജാവിന്റെയോ പ്രസിഡന്റിന്റെയോ അധികാരം യുദ്ധംകൊണ്ടോ രാഷ്ട്രീയ കാരണങ്ങള്‍കൊണ്ടോ ഇല്ലായ്മ ചെയ്യപ്പെട്ടേക്കാം. പക്ഷേ പിക്കാസോയുടേത് അങ്ങനെയല്ലതന്നെ. നമ്മുടെ കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റാരായിരുന്നാലും ആ മഹാനായ ചിത്രകാരനായിത്തീരാനാഗ്രഹിക്കുമായിരുന്നു. മാത്രമല്ല പിക്കാസോയായിത്തീര്‍ന്നാല്‍പ്പിന്നെ അദ്ദേഹത്തിന്റെ ചിത്രം വേണോ എന്ന ചോദ്യത്തിന് പ്രസക്തിയുമില്ല - പിക്കാസോയ്ക്ക് എത്ര പിക്കാസോച്ചിത്രങ്ങള്‍ വേണമെങ്കിലും വരച്ച് കൈവശംവെയ്ക്കാമല്ലോ. പോരാത്തതിന് പിക്കാസോ തന്റെ സ്വകാര്യശേഖരത്തില്‍ വെച്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഒരു ആര്‍ട്ട് ഗ്യാലറിയിലാണ് അയാളിപ്പോള്‍ നില്‍ക്കുന്നതും.

അയാളെ അലട്ടിയ പ്രശ്‌നം മറ്റൊന്നായിരുന്നു.: പിക്കാസോയായിത്തീര്‍ന്നാല്‍പിന്നെ തന്റെ വ്യക്തിത്വം എങ്ങനെയായിരിക്കും? തന്റെ പ്രതിഭയില്‍ - അതായത് അങ്ങനെയൊന്നുണ്ടെങ്കില്‍ - അയാള്‍ക്കു വിശ്വാസമാണ്; അതേസമയം അയാള്‍ക്ക് ഒരുപാട് മാനസികപ്രശ്‌നങ്ങളുമുണ്ട്. നീണ്ടകാലത്തെ ജീവിതംകൊണ്ട് അവയെ വരുതിയില്‍നിര്‍ത്താന്‍ അയാള്‍ പഠിച്ചു കഴിഞ്ഞു. പക്ഷേ വേറൊരാളായിത്തീരുമ്പോള്‍ അവയെ അയാളെങ്ങനെ നിയന്ത്രിക്കും?

അല്ലെങ്കിലും പിക്കാസ്സോയെപ്പോലെ ഇത്രയധികം വര്‍ണ്ണിക്കപ്പെട്ടിട്ടുള്ള മറ്റാരാണുള്ളത്? പരിചയപ്പെട്ടിട്ടുള്ള ആര്‍ക്കും അദ്ദേഹത്തെപ്പറ്റി ഒരു കഥയെങ്കിലും പറയാനുണ്ടാകും. ഒരു കഥയിങ്ങനെയാണ്. തന്റെ സ്റ്റുഡിയോയുടെ തറയില്‍ കിടക്കുന്ന ഒരു തുണ്ട് കടലാസ്സുപോലും പിക്കാസോയെ വല്ലാതെ അലോസരപ്പെടുത്തും. എങ്കിലും അദ്ദേഹമത് എടുത്തുമാറ്റുകയില്ല. എന്നിട്ട് ആ സൈ്വര്യക്കേട് മറികടക്കാന്‍ വേണ്ടി അദ്ദേഹം പിന്നെയും പിന്നെയും ചിത്രങ്ങള്‍ വരച്ചുകൊണ്ടേയിരിക്കും!

പിക്കാസോയായിക്കഴിഞ്ഞാല്‍ വേണ്ടത്ര ചിത്രങ്ങള്‍ വരയ്ക്കാം. അവ വിറ്റ് ആവശ്യമുള്ളത്ര ധനം സമ്പാദിക്കാം. പക്ഷേ ആവശ്യമുള്ളത്ര പണം എന്നു വെച്ചാല്‍ എത്രയാണ്? പിക്കാസോയ്ക്ക് അദ്ദേഹം ആഗ്രഹിച്ചയത്രയും പണം സമ്പാദിക്കാന്‍ കഴിഞ്ഞിരുന്നോ? കാരണം ജീവിച്ചിരുന്ന പിക്കാസോയേക്കാള്‍ ധനികന്‍ മരിച്ച പിക്കാസോയാണ് - മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വില കൂടുകയാണല്ലോ ചെയ്തത്. പിക്കാസോ തന്നെ ഒരിക്കല്‍ പറയുകയുണ്ടായി:  ''എനിക്ക് ഒരു ദരിദ്രന്റെ മനഃശാന്തിയുമായി ജീവിക്കാനാണിഷ്ടം; എന്റെ കൈയില്‍ ധാരാളം പണമുണ്ടായിരിക്കണമെന്നു മാത്രം.'  അപ്പോള്‍ അതാണു കാര്യം - മനഃസമാധാനം. ഇപ്പോളുള്ള മാനസികപ്രശ്‌നങ്ങള്‍ക്കു പുറമേ പിക്കാസോയുടെ വിഷമതകള്‍ കൂടി തനിക്കാവശ്യമില്ല. ഒരു പിക്കാസോചിത്രം മതി; അതുവിറ്റുകിട്ടുന്ന പണംകൊണ്ട് ഇഷ്ടമുള്ളത്രയും പുസ്തകങ്ങള്‍വായിച്ചും എഴുതിയും സമാധാനത്തോടെ ജീവിക്കാം - നമ്മുടെ കഥാപാത്രം തീരുമാനിച്ചു.

cesar aira illustrations

അയാളാ തീരുമാനമെടുത്തപാടെ അത്ഭുതങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. കഫേയിലുണ്ടായിരുന്ന മിക്കവാറും പേര്‍ പുറത്തിറങ്ങി. മറ്റുള്ളവര്‍ അയാള്‍ക്ക് പുറംതിരിഞ്ഞുനിന്നു. ആരുംകാണാതെ പിക്കാസോയുടെ മനോഹരമായ ഒരു ചിത്രം അയാളുടെ കൈകളിലേക്കു വന്നു. 
ഒരു ക്യൂബിസ്റ്റ് ചിത്രമായിരുന്നു അത്. ചിത്രത്തിന്റെ തുടക്കത്തില്‍ ഒരു പനിനീര്‍പ്പൂവും മുല്ലപ്പൂവുമാണുണ്ടായിരുന്നത്. കൂടാതെ ഒച്ചിന്റെയും ആടിന്റെയും ആകൃതിയുള്ള മനുഷ്യരും നഗ്നരായ കുള്ളന്മാരും അതിലുണ്ടായിരുന്നു. കിരീടംധരിച്ച, രാജ്ഞിയെപ്പോലെ തോന്നിക്കുന്ന ഒരുവളുടേതായിരുന്നു പ്രധാനരൂപം. പിക്കാസോചിത്രങ്ങളുടെ സവിശേഷതകളെല്ലാം അതിലുണ്ടായിരുന്നു. രാജ്ഞിയുടെ ഒരു കാല്‍ ആകാശത്തേക്ക് തെറിച്ചുയര്‍ന്നുനിന്നു.
     
സത്യത്തില്‍ ഒരു സ്പാനിഷ് ഐതിഹ്യത്തിന്റെ ചിത്രീകരണമായിരുന്നു അത്: ഒരിടത്തൊരു രാജ്ഞിയുണ്ടായിരുന്നു. മുടന്തിയായിരുന്നു അവള്‍. പക്ഷേ, തനിക്ക് മുടന്തുള്ള കാര്യം അവള്‍ക്കറിയില്ലായിരുന്നു; താനല്ല, ലോകമാണ് വിലക്ഷണമായി ചലിക്കുന്നതെന്നായിരുന്നു അവള്‍ കരുതിയത്. ഒടുവില്‍ മന്ത്രിമാര്‍ ഇക്കാര്യം അവളെ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു. പക്ഷേ, നേരിട്ടു പറയാന്‍ അവര്‍ക്ക് ധൈര്യമുണ്ടായിരുന്നില്ല. അതിന് അവരൊരു വഴി കണ്ടുപിടിച്ചു - രാജ്യത്തുള്ള എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരു പുഷ്പപ്രദര്‍ശനമത്സരം സംഘടിപ്പിച്ചു. അവസാനഘട്ടത്തിലെത്തിയത് ഒരു മുല്ലപ്പൂവും പനിനീര്‍പ്പൂവുമായിരുന്നു. അവയില്‍ നിന്ന് ഏറ്റവും മികച്ചതിനെ രാജ്ഞി തന്നെ തിരഞ്ഞെടുക്കും. മന്ത്രിമാര്‍ രാജ്ഞിയോടു പറഞ്ഞു: മഹാറാണീ escoja ( തിരഞ്ഞെടുത്താലും). പക്ഷേ അവസാനത്തെ വാക്ക് അവര്‍ മുറിച്ചാണുച്ചരിച്ചത്: മഹാറാണീ es  coja. (മഹാറാണി മുടന്തിയാണ്.)

ആ കഥയുടെ അര്‍ത്ഥാന്തരങ്ങളെപ്പറ്റി ആലോചിച്ചപ്പോഴാണ് അയാളൊരു കാര്യമോര്‍ത്തത് - മന്ത്രിമാര്‍ രാജ്ഞിയോടു പറഞ്ഞതും കുപ്പിയിലെ ഭൂതം തന്നോടു പറഞ്ഞതും ഒന്നു തന്നെയല്ലേ? തിരഞ്ഞെടുക്കാനാണ് അവര്‍ പറഞ്ഞത് ;  മുടന്തുക എന്ന അര്‍ത്ഥവും അതിനുണ്ട്.
അപ്പോഴാണ് തന്റെ അവസ്ഥയെപ്പറ്റി അയാള്‍ ബോധവാനായത്. താനിപ്പോഴും പിക്കാസോയുടെ ചിത്രങ്ങള്‍ വെച്ച ആര്‍ട്ട് ഗ്യാലറിക്കുള്ളിലാണ്. പുറത്തു കടന്നാല്‍ മാത്രമേ കൈയിലുള്ള ചിത്രം വിറ്റ് ധനികനാകാന്‍  കഴിയുകയുള്ളു. പിക്കാസോ ചിത്രവും പിടിച്ച് പിക്കാസോമ്യൂസിയത്തില്‍നിന്ന് എങ്ങനെ പുറത്തുകടക്കും?

സെസാര്‍ ആയ്‌റയുടെ കഥകള്‍ മിക്കവയും അവസാനമില്ലാതെ അവസാനിക്കുന്നവയാണ്. 1949ല്‍ അര്‍ജന്റീനയില്‍ ജനിച്ച ഈ എഴുത്തുകാരന്റെ An Episode in the  Life of A Landscape  Painter എന്ന നോവല്‍ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. തുടര്‍ന്ന് നൂറോളം പുസ്തകങ്ങള്‍ കൂടി അദ്ദേഹം രചിച്ചു. ഇപ്പോഴും വര്‍ഷത്തില്‍ രണ്ടു വീതം പുസ്തകങ്ങള്‍ അദ്ദേഹം പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. എഴുത്തിലെ ഈ ധാരാളിത്തം ആയ്‌റയുടെ എഴുത്തിനെ ചിലപ്പോഴെങ്കിലും  ദുര്‍ബ്ബലമാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.

എന്റെ മുഖത്ത് വിലങ്ങനെ പതിഞ്ഞ
നിന്റെ കൈയുടെ നിഴല്‍ കൊണ്ടു മാത്രം
നീയെനിക്ക് കൊടുങ്കാറ്റുകളെത്തന്നു.

ചലച്ചിത്രത്തിനിടയില്‍
എപ്പോഴും മഴപെയ്തു.
ഞാന്‍ നിനക്കു നല്‍കിയ
പൂവിന്റെ ഇതളുകള്‍ക്കിടയില്‍
ഒരു ചിലന്തി
എപ്പോഴും പതിയിരുന്നു.

അതവിടെയുണ്ടെന്ന് നിനക്കറിയാമായിരുന്നു;
ആ വിലക്ഷണമായ സന്ദര്‍ഭത്തെ
നീയെപ്പോഴും ആസ്വദിച്ചു.

ലോകപ്രശസ്ത ആര്‍ജന്റ്‌റൈന്‍ എഴുതുകാരനായ ഹൂലിയോ കൊര്‍ത്താസര്‍ (Julio Cortazar) എഴുതിയ ഈ കവിതയിലെ ഭയങ്കരിയായ കാമുകിയെപ്പോലെ എന്തോ ഒന്ന് ആ കഥകളിലുണ്ട്.
ആയ്‌റയുടെ The Criminal and the Cartoonist എന്ന കഥയിലെ സന്ദര്‍ഭം യുക്തികൊണ്ട് വിശദീകരികരിക്കാനാകാത്ത ഒന്നാണ്. തന്നെ കഥാപാത്രമാക്കി ചിത്രീകരിച്ച കാര്‍ട്ടൂണിസ്റ്റിനെ ഒരു കൊടുംകുറ്റവാളി കൈയില്‍ കത്തിയുമായി കുത്തിക്കൊല്ലാനൊരുങ്ങുന്നതാണ് രംഗം. ആര്‍ക്കും കാണാനാകാത്ത തന്റെ മുഖം ചിത്രീകരിച്ച്, പോലീസിനെക്കൊണ്ട് തന്നെ പിടിപ്പിച്ചതും തടവിലാക്കിയതുമെല്ലാം ആ കാര്‍ട്ടൂണിസ്റ്റാണെനാണ് അയാളുടെ വാദം. കാര്‍ട്ടൂണിസ്റ്റ് പറയുന്നതൊന്നും അയാള്‍ ചെവികൊള്ളന്നില്ല. അയാളുടെ മറ്റേക്കെയില്‍ ഒരു കോമിക്ക് പുസ്തകമുണ്ട്. തന്റെ കുട്ടിക്കാലത്ത് അയാള്‍ വാങ്ങിയതാണത്. അതു വരച്ചതും ഈ കാര്‍ട്ടൂണിസ്റ്റാണത്രേ! ആ പുസ്തകമിറങ്ങിയ കാലത്ത് താനുമൊരു കുട്ടിയായിരുന്നുവെന്ന് കാര്‍ട്ടൂണിസ്റ്റ് പറഞ്ഞിട്ടും കാര്യമുണ്ടാകുന്നില്ല; ആ പുസ്തകത്തിലെ കഥാപാത്രത്തെ അനുകരിച്ചാണ് താനിങ്ങനെയായതെന്നാണ് കുറ്റവാളിയുടെ വിചാരം. താനിങ്ങനെയായപ്പോള്‍ കാര്‍ട്ടൂണിസ്റ്റ് തന്നെ വരച്ചു; പോലീസ് തന്നെ പിടികൂടുകയും ചെയ്തു. എല്ലാം ഒരു കാര്‍ട്ടൂണിന്റെ തുടര്‍ച്ച മാത്രം! 
അല്ലെങ്കിലും തുടര്‍ച്ചയായി എഴുതിക്കൊണ്ടിരിക്കുന്ന ഒരെഴുത്തുകാരന്‍ എല്ലാ യുക്തിയ്ക്കുമപ്പുറത്തായിരിക്കും; സെസാര്‍ ആയ്‌റയെപ്പോലെ.

Content Highlights: An Episode in the  Life of A Landscape  Painter, The Criminal and the Cartoonist, Cesar Aira, Kadhayil Oru Mashinottam