'ല്ലാ സന്തുഷ്ടകുടുംബങ്ങളും ഒരേപോലെയാണ്. എന്നാല്‍ അസന്തുഷ്ട കുടുംബങ്ങളുടെ അസന്തുഷ്ടിയാകട്ടെ പല വിധത്തിലും.' ടോള്‍സ്റ്റോയിയുടെ അന്നാ കരേനീനയിലെ ഈ വാചകങ്ങളുടെ ഓര്‍മപ്പെടുത്തലാണ് മെക്‌സിക്കന്‍ എഴുത്തുകാരനായ കാര്‍ലോസ് ഫുവെന്തെസിന്റെ (Carlos Fuentes)   സന്തുഷ്ടകുടുംബങ്ങള്‍ ( Happy Families) എന്ന കഥാസമാഹാരത്തിലെ കഥകളെല്ലാം. എന്നാല്‍ ടോള്‍സ്റ്റോയി ഉദ്ദേശിച്ചതിന്റെ വിപരീതാര്‍ഥവും ഫുവെന്തെസ് ആ കഥകളില്‍ കരുതിവെയ്ക്കുന്നുണ്ട്. 

ഹുവാന്‍ റൂള്‍ഫോയ്ക്കുശേഷം (Juan Rulfo) മെക്‌സിക്കോയിലെ ഏറ്റവും വലിയ കഥയെഴുത്തുകാരനാണ് ഫുവെന്തെസ്. മെക്‌സിക്കന്‍ നയതന്ത്രജ്ഞനായ റഫായെല്‍ ഫുവെന്തെസിന്റെ മകനായി 1928ല്‍ പാനമസിറ്റിയിലാണ് അദ്ദേഹം ജനിച്ചത്. അച്ഛന്റെ ഉദ്യോഗത്തിന്റെ ഭാഗമായി പല ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലുമായി അദ്ദേഹത്തിന് ബാല്യകാലം ചെലവഴിക്കേണ്ടി വന്നു. ഇത് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെയെല്ലാം പുറത്തു നിന്നുള്ള ഒരാളായി നോക്കിക്കാണാന്‍ തന്നെ സഹായിച്ചെന്ന് പിന്നീടദ്ദേഹം പറയുകയുണ്ടായി.

1940ല്‍ ഫുവെന്തെസിന്റെ കുടുംബം ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലേക്ക് താമസം മാറി. അവിടെ വെച്ചാണ് അദ്ദേഹം സോഷ്യലിസത്തിലും പാബ്ലോ നെരൂദയുടെ കവിതകളിലും ആകൃഷ്ടനാകുന്നത്. പതിനാറാം വയസ്സില്‍ മെക്‌സിക്കോയില്‍ മടങ്ങിയെത്തിയ അദ്ദേഹം നയതന്ത്രരംഗത്ത് ജോലി ലഭിക്കാനാവശ്യമായ പഠനം നടത്തുകയും 1957ല്‍ മെക്‌സിക്കോയുടെ വിദേശകാര്യ സെക്രട്ടറിയേറ്റില്‍ നിയമിതനാവുകയും ചെയ്തു. അടുത്ത വര്‍ഷം പ്രസിദ്ധീകരിച്ച Where the Air is Clear എന്ന നോവല്‍ അദ്ദേഹത്തെ രാജ്യമെങ്ങും പ്രശസ്തനാക്കി.  

1959ല്‍ ക്യൂബന്‍ വിപ്ലവത്താടനുബന്ധിച്ച് അദ്ദേഹം ഹവാനയിലേക്ക് പോവുകയും വിപ്ലവഗവണ്മെന്റിനു വേണ്ടി പ്രബന്ധങ്ങള്‍ രചിക്കുകയും ചെയ്തു.   അതേവര്‍ഷം അദ്ദേഹം നടിയായ റീത്താ മച്ചെദോയെ വിവാഹം കഴിച്ചു. അതിസുന്ദരനായിരുന്ന ഫുവെന്തെസിന് മറ്റു പല നടിമാരുമായും ബന്ധമുണ്ടായിരുന്നതായി പറയപ്പെടുന്നു.

1975 മുതല്‍ 77 വരെ അദ്ദേഹം ഫ്രാന്‍സിലെ മെക്‌സിക്കന്‍ അംബാസിഡറായി സേവനമനുഷ്ഠിച്ചു. അതിനു ശേഷം കേംബ്രിഡ്ജ് പോലുള്ള പല പ്രശസ്ത സര്‍വകലാശാലകളിലും അദ്ദേഹം അധ്യാപകനായി ജോലിചെയ്തു. നൊബേല്‍ സമ്മാന ജേതാവായ മെക്‌സിക്കന്‍ കവി ഒക്ടേവിയോ പാസുമായി ആദ്യകാലത്ത് സൗഹൃദത്തിലായിരുന്നെങ്കിലും പിന്നീട് ഫുവെന്തെസ് അദ്ദേഹത്തില്‍ നിന്നകന്നു. ഫുവെന്തെസ് അനുകൂലിച്ചിരുന്ന നിക്കരാഗ്വയിലെ സാന്‍ദിനിസ്ത വിപ്ലവകാരികളോടുള്ള പാസിന്റെ എതിര്‍പ്പായിരുന്നു കാരണം. 

ഒരു ആധുനികപൂര്‍വ എഴുത്തുകാരനെന്നാണ് ഫുവെന്തെസ് സ്വയം വിശേഷിപ്പിച്ചിരുന്നത്. അദ്ദേഹം എഴുതാന്‍ പേനയും മഷിയും കടലാസ്സും മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ! 

1962ല്‍ പ്രസിദ്ധീകരിച്ച The Death of Artemio Cruz എന്ന നോവലാണ് ഫുവെന്തെസിനെ ലോകപ്രശസ്തനാക്കിയത്. ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ ഒരു ക്ലാസ്സിക്കാണ് പ്രസ്തുത പുസ്തകം. തുടര്‍ന്ന് പതിനാറാം നൂറ്റാണ്ടു മുതല്‍ ഇരുപതാം നൂറ്റാണ്ടുവരെയുള്ള ലാറ്റിനമേരിക്കയുടെയും മെക്‌സിക്കോയുടെയും ചരിത്രത്തെ ആസ്പദമാക്കുന്ന Terra Nostra എന്ന മഹത്തായ നോവലും അദ്ദേഹം രചിച്ചു.

ഫുവെന്തെസ്സിന്റെ രാഷ്ട്രീയ നിലപാടുകള്‍ പ്രശസ്തമാണ്. ഇടതുപക്ഷാഭിമുഖ്യം പുലര്‍ത്തുമ്പോള്‍ തന്നെ ഹെബെര്‍ത്തോ പാദിയ എന്ന കവിയെ തടവിലാക്കിയതിന്റെ പേരില്‍ അദ്ദേഹം ഫിദെല്‍ കാസ്‌ത്രോയെ വിമര്‍ശിക്കുകയുണ്ടായി. (ഇതേ കാരണം കൊണ്ടാണ് മാരിയോ വര്‍ഗാസ് യോസയും കാസ്‌ത്രോയില്‍ നിന്നകന്നത്.)  യു.എസ് പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗനെയും ജോര്‍ജ് ബുഷിനെയും എതിര്‍ത്തതിന് അദ്ദേഹത്തിന് അമേരിക്കയില്‍ യാത്രാനുമതി നിഷേധിക്കപ്പെട്ടു. അങ്ങനെ ന്യൂയോര്‍ക്ക് പുസ്തകമേളയില്‍ പങ്കെടുക്കാനാവാതെ വന്നപ്പോള്‍ അദ്ദേഹം  ഇങ്ങനെ പറഞ്ഞുവത്രേ: 'യഥാര്‍ഥ ബോംബ് ഞാനല്ല; എന്റെ പുസ്തകങ്ങളാണ്.'
2012 മെയ് 15ന് ഈ മഹാസാഹിത്യകാരന്‍ അന്തരിച്ചു.

fuentes illustrations


       
നോവലുകള്‍ക്കു പുറമെ മനോഹരങ്ങളായ അനേകം കഥകളും ഫുവെന്തെസ് രചിച്ചിട്ടുണ്ട്. ആഖ്യാനത്തിന്റെയും ഭാഷയുടെയും കാര്യത്തില്‍ അവ വളരെയേറെ വ്യത്യസ്തങ്ങളാണ്. Happy Families എന്ന സമാഹാരത്തിലെ കഥകള്‍ എല്ലാക്കാലവും പ്രസക്തമായവ കൂടിയാണ്. ആചാരങ്ങളും അവയുടെ നിഷേധവും പ്രതിപാദിക്കുന്ന ഒന്നാണ് The Disobidient Son എന്ന കഥ. കേരളത്തില്‍ ഇന്നു നടക്കുന്ന ആചാര - ആചാരനിഷേധങ്ങളുടെ വെളിച്ചത്തില്‍ ഈ കഥ വായിക്കുന്നത് രസകരമായിരിക്കും.

ബ്യൂനാവെഞ്ച്യൂറ കുടുംബത്തിന്റെ ഇപ്പോഴത്തെ നാഥനും വിഭാര്യനുമായ ഇസാക്ക് തന്റെ കുലമഹിമയില്‍ അങ്ങേയറ്റം ഊറ്റം കൊള്ളുന്നയാളാണ്. മെക്‌സിക്കന്‍ ഗവണ്മെന്റ് കത്തോലിക ആചാരങ്ങളെ നിയന്ത്രിക്കാന്‍ കൊണ്ടുവന്ന നിയമങ്ങള്‍ക്കെതിരെ വിശ്വാസികള്‍ നടത്തിയ ക്രിസ്‌തെറോസ് വിപ്ലവത്തിലെ മുന്നണിപ്പോരാളിയും ധീരരക്തസാക്ഷിയുമായിരുന്നു അയാളുടെ പിതാവായ അബ്രഹാം. പിതാവിന്റെ വിശ്വാസങ്ങള്‍ക്കപ്പുറം ഇസാക്കിന് മറ്റൊരു ലോകമില്ല. വല്ലപ്പോഴും അയാള്‍ മദ്യപിക്കും; എന്നിട്ട് ക്രിസ്‌തെറോ വിപ്ലവഗാനങ്ങള്‍ പാടും.

തന്റെ കാലമെത്തുന്നതിനു മുമ്പേ വിപ്ലവം അവസാനിച്ചുപോയതില്‍ ഇസാക്കിന് കുണ്ഠിതമുണ്ടായിരുന്നു. വിപ്ലവത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നതിന് അയാള്‍ക്കൊരുതരം കുറ്റബോധം പോലും തോന്നി.  എപ്പോഴും വലിയ അഞ്ചു താക്കോലുകള്‍ കൊണ്ടു നടക്കുമായിരുന്നു അയാള്‍. നിഗൂഢമായ നിലവറയുടെ താക്കോലുകളായിരുന്നു അവ. അവിടേക്ക് മറ്റാര്‍ക്കും പ്രവേശനമില്ലായിരുന്നു; അയാളുടെ നാല് ആണ്‍മക്കള്‍ക്കുപോലും.  

തന്റെ നാല് ആണ്‍മക്കള്‍ക്കും അയാള്‍ ബൈബിള്‍ പുതിയനിയമത്തിലെ അപ്പോസ്തലന്മാരുടെ പേരാണ് നല്‍കിയിരുന്നത്- ഹുവാന്‍, ലൂക്കാസ്, മാത്തെയോ, മാര്‍ക്കോസ്. അയാള്‍ നടത്തിയ ഒരേയൊരു ആചാരലംഘനം അതുമാത്രമായിരുന്നു- കാരണം അയാള്‍ക്കും പൂര്‍വികര്‍ക്കും പഴയനിയമത്തിലെ പ്രവാചകരുടെ പേരുകളായിരുന്നു  ഉണ്ടായിരുന്നത്.

നാലു മക്കളും പതിനെട്ടുവയസ്സു തികഞ്ഞാലുടനെ പുരോഹിതപരിശീലനത്തിന് സെമിനാരിയില്‍ ചേരണമെന്നായിരുന്നു ഇസാക്കിന്റെ ആഗ്രഹം.   ഇളയമകനായ മാത്തെയോയെ പ്രസവിച്ചയുടന്‍ മരിച്ച തന്റെ ഭാര്യയുടെ മാറിടത്തില്‍ പ്രസവരക്തംകൊണ്ട് കുരിശു വരച്ച ശേഷം അയാളെടുത്ത പ്രതിജ്ഞയായിരുന്നു അത്.

''നിങ്ങളുടെ മുത്തച്ഛനായ അബ്രഹാം ബ്യൂനാവെഞ്ച്യൂറയെ അവര്‍ തടവുകാരനാക്കി വെടിവെച്ചു കൊല്ലാന്‍ കൊണ്ടുവന്നു. അവസാനത്തെ ആഗ്രഹമെന്താണെന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതെന്താണെന്നറിയാമോ? അദ്ദേഹം പറഞ്ഞു: മരണദിവസം എനിക്ക് ഒന്നുംതന്നെ കുടിക്കാന്‍ തരരുത്; അങ്ങനെയെങ്കില്‍ നിങ്ങളെന്നെ വെടിവെക്കാന്‍ തുടങ്ങുമ്പോള്‍ ഞാന്‍ പേടിച്ച് മൂത്രമൊഴിക്കുകയില്ലല്ലോ - മതാചാരങ്ങള്‍ക്കുവേണ്ടി ജീവന്‍ നല്‍കിയ ആ മുത്തച്ഛന്റെ സ്മരണ നിലനിര്‍ത്താന്‍ നിങ്ങളെല്ലാം പാതിരിമാരായിത്തീര്‍ന്നേ മതിയാകൂ.'

അങ്ങനെ പതിനെട്ടു വയസ്സായപ്പോള്‍ മൂത്ത മകനായ മാര്‍ക്കോസ് സെമിനാരിയില്‍ ചേരാന്‍പോയി. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം തന്റെ ജന്മദിനം പിതാവിനും സഹോദരന്മാര്‍ക്കുമൊപ്പം ആഘോഷിക്കാന്‍ വേണ്ടി അയാള്‍ വീട്ടിലെത്തി. മക്കളെല്ലാം പള്ളീലച്ചന്മാരായാല്‍ തങ്ങളുടെ കൈവശമുള്ള അളവറ്റ ഭൂസ്വത്ത് എന്തു ചെയ്യുമെന്ന് ഭക്ഷണത്തിനിടയില്‍ മാര്‍ക്കോസ് അച്ഛനോടു ചോദിച്ചു.
'അതു മുഴുവന്‍ ഞാന്‍ പള്ളിക്ക് ദാനം ചെയ്യും.' ഇസാക്ക് പറഞ്ഞു.
' അപ്പോള്‍ ഞങ്ങളുടെ കാര്യമോ?' മാര്‍ക്കോസ് വീണ്ടും ചോദിച്ചു.
'നിങ്ങള്‍ക്ക് ചെലവുകഴിക്കാന്‍ വേണ്ടത് ഞാന്‍ തരുന്നുണ്ട്.' ദേഷ്യത്തോടെ ഇങ്ങനെ പറഞ്ഞിട്ട് ഇസാക്ക് മുറിവിട്ടുപോയി.

അച്ഛന്‍ പോയിക്കഴിഞ്ഞപ്പോള്‍ മാര്‍ക്കോസ് അയാളുടെ രഹസ്യം വെളിപ്പെടുത്തി: അയാള്‍ പോയത് സെമിനാരിയില്‍ ചേരാനായിരുന്നില്ല; നിയമം പഠിച്ച് വക്കീലാകാനായിരുന്നു. മറ്റു സഹോദരന്മാരും അവരുടെ ആഗ്രഹങ്ങള്‍ വെളിപ്പെടുത്തി - അവര്‍ക്കാര്‍ക്കും പാതിരിമാരാകാനാഗ്രഹമില്ല; ഒരാള്‍ക്ക് കൃഷി വിദഗ്ദ്ധനാകണം; മറ്റേയാള്‍ക്ക് സാമ്പത്തികശാസ്ത്രത്തിലാണ് താല്‍പര്യം. ഏറ്റവും ഇളയ സഹോദരനാകട്ടെ തത്ക്കാലം പെണ്ണുപിടിച്ചു നടന്നിട്ട് കല്യാണം കഴിക്കണമെന്നാണ് ആഗ്രഹം.
അവരുടെ ആഗ്രഹങ്ങള്‍ സഫലമാകാന്‍ ആവശ്യമായത് ചെയ്യാമെന്ന് മാര്‍ക്കോസ് ഉറപ്പുകൊടുത്തു.  അങ്ങനെ അവര്‍  പിരിഞ്ഞു.

കഥാന്ത്യത്തില്‍ ഇസാക്ക് അഞ്ചു താക്കോലുകള്‍കൊണ്ട് നിഗൂഢമായ നിലവറ തുറന്ന് പ്രാര്‍ത്ഥിക്കുകയാണ്. അയാളുടെ മരിച്ചു പോയ ഭാര്യയുടെയും പിതാവായ അബ്രഹാമിന്റെയും ഛായാചിത്രങ്ങളായിരുന്നു അതിനകത്ത്.  'എന്റെ മക്കളാരും പള്ളീലച്ചന്മാരായില്ല. ഗവണ്മെന്റിനെതിരെ നിലകൊണ്ട എന്റെ പിതാവിനെപ്പോലെ അവരും മറ്റൊരു തരത്തില്‍ നിഷേധികളായിത്തീര്‍ന്നിരിക്കുന്നു..... അവരെയോര്‍ത്ത് ഞാന്‍ അഭിമാനം കൊള്ളുന്നു. അല്‍പ്പം മദ്യം കഴിച്ചശേഷം ഞാനിതാ ഒരു ക്രിസ്‌തെറോസ് വിപ്ലവഗാനം പാടാന്‍ പോവുകയാണ്.'

ആചാരങ്ങളെ മുറുകെപ്പിടിക്കുന്നവരെ പരിഹസിക്കുകയാണ് ഫുവെന്തെസ്. പക്ഷേ ആ കഥനത്തില്‍ അഗാധമായ അനുകമ്പയുടെ അംശങ്ങളുമുണ്ട്. മെക്‌സിക്കന്‍ കവിയായ മാന്വല്‍ ഗുട്ടിറെസ് നാഹേറ എഴുതിയതു പോലെ 'മനുഷ്യവേദനകള്‍ അടിത്തട്ടുകാണാത്ത ഒരു പാതാളമാണെ'ന്ന് അവ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കും.       

Content highlights: Carlos Fuentes, Happy Families, Where the Air is Clear ,  The Death of Artemio Cruz, Terra Nostra