നൂറ്റാണ്ടുകള്‍ക്കു മുമ്പ് ഒരു ഗ്രാമത്തില്‍ ആറോ എന്നും ഒസാനിന്‍ എന്നും പേരുള്ള രണ്ടു സുഹൃത്തുക്കളുണ്ടായിരുന്നു. ആറോ ധനികനായിരുന്നു; ഒസാനിനാകട്ടെ പേരുകേട്ട മന്ത്രവാദിയും. 
ഒരു രാത്രി ആറോ ഒസാനിനെ വീട്ടിലേക്കു വിളിച്ചുവരുത്തി. വീട്ടില്‍വെച്ചാല്‍ തന്റെ പണം മുഴുവന്‍ കള്ളന്മാര്‍ എടുക്കാനിടയുണ്ടെന്നും അതുകൊണ്ട് അതു മുഴുവന്‍ ദൂരെയുള്ള ഒരു കാട്ടിലേക്കു കൊണ്ടുപോകാന്‍ തന്നെ സഹായിക്കണമെന്നും അയാള്‍ മന്ത്രവാദിയോടപേക്ഷിച്ചു. അങ്ങനെ രണ്ടു വലിയ മണ്‍കുടം നിറയെ പണവുമായി അവര്‍ ദൂരെയുള്ള കാട്ടിലേക്കു പോയി. അവിടെ ഒരു ഇറോക്കോമരത്തിനു ചുവട്ടില്‍ കുഴിയുണ്ടാക്കി മണ്‍കുടങ്ങള്‍ ഇറക്കിവെച്ചു. കുഴി മൂടിയിട്ട് അവര്‍ തിരിച്ചുപോയി.
മന്ത്രവാദി ചതിയനും കൂടിയായിരുന്നു. ആറോയുടെ പണം മുഴുവന്‍ കൈക്കലാക്കണമെന് അയാള്‍ തീരുമാനിച്ചു. ഒരു അര്‍ദ്ധരാത്രി അയാള്‍ മരത്തിനു ചുവട്ടില്‍ നിന്ന് പണം മുഴുവന്‍ കുഴിച്ചെടുത്ത് തന്റെ വീട്ടിലേക്കു കൊണ്ടുപോയി. എന്നിട്ട് അതുമുഴുവന്‍ മന്ത്രമൂര്‍ത്തികളെ പ്രതിഷ്ഠിച്ചതിനടിയില്‍ കുഴിച്ചിട്ടു.

കുറെനാള്‍ കഴിഞ്ഞപ്പോള്‍ ആറോയ്ക്ക് പണത്തിന് അത്യാവശ്യം വന്നു. അയാള്‍ പണം കുഴിച്ചിട്ട മരത്തിനടുത്തേക്കു പോയി. അവിടെ പക്ഷേ ഒന്നുമുണ്ടായിരുന്നില്ല.
കരഞ്ഞുകൊണ്ട് അയാള്‍ ഒസാനിന്റെ അടുത്തുചെന്നു. 'എന്റെ പണം മുഴുവന്‍ ആരോ മോഷ്ടിച്ചു കൊണ്ടുപോയി.' അയാള്‍ കരഞ്ഞു. കള്ളന്‍മന്ത്രവാദി അയാളെ സമാധാനിപ്പിച്ചു. അന്നുരാത്രി താനൊരു പൂജ ചെയ്യുന്നുണ്ടെന്നും കള്ളനാരാണെന്ന് മന്ത്രമൂര്‍ത്തികള്‍ തനിക്കു പറഞ്ഞുതരുമെന്നും അയാള്‍ സുഹൃത്തിനെ വിശ്വസിപ്പിച്ചു. 
പിറ്റേന്നു രാവിലെ ആറോ മന്ത്രവാദിയുടെയടുത്തെത്തി. ഒസാനിന്‍ അയാളോടു പറഞ്ഞു: ''ആറോ, നിന്റെ പണം മോഷ്ടിച്ചത് മറ്റാരുമല്ല നിന്റെ   മരിച്ചുപോയ അച്ഛന്‍ തന്നെയാണ്!'
ആകെ അന്ധാളിച്ചുപോയെങ്കിലും ആറോ സുഹൃത്തിനോട് തന്റെ കൂടെവരാന്‍ നിര്‍ബന്ധംപിടിച്ചു. നിധി കുഴിച്ചിട്ട മരത്തിനടുത്തെത്തിയപ്പോള്‍ അയാള്‍ ശപിക്കുന്നതു പോലെ പറഞ്ഞു:  'ഈ പണമെടുത്തതാരായാലും ഇപ്പോഴോ പിന്നീടോ എനിക്കോ എന്റെ മകനോ പേരക്കുട്ടിക്കോ അയാളത് തിരിച്ചുകൊടുക്കാനിടയാകട്ടെ.'
'അങ്ങനെതന്നെ സംഭവിക്കട്ടെ.'  മന്ത്രവാദി  മനസ്സില്ലാമനസ്സോടെ ഏറ്റുപറഞ്ഞു. 
ഏതായാലും അതോടെ ആറോ ദരിദ്രനായിത്തീര്‍ന്നു. അയാള്‍ക്കൊരു മകനുണ്ടായിരുന്നു: ജായെ. ആറോയും ജായേയും അവരുടെ സ്ഥലത്ത് കഷ്ടപ്പെട്ടു പണിയെടുത്ത് ഒരുവിധത്തില്‍ ജീവിതം തള്ളിനീക്കി.
പട്ടിണിയും പരിവട്ടവും കാരണം ആറോ നേരത്തെ മരിച്ചു. ജായെ ഒറ്റയ്ക്കായി. 'പുരുഷധനം' കൊടുത്ത് വിവാഹം കഴിക്കാനുള്ള ശേഷിയില്ലാത്തതിനാല്‍ അങ്ങേയറ്റം പാവപ്പെട്ട ഒരുവളെയാണ് അയാള്‍ വിവാഹം കഴിച്ചത്. അവളില്‍ അയാള്‍ക്ക് അജായ്യി എന്നൊരു മകന്‍ ജനിച്ചു. എന്നാല്‍ ഏറെത്താമസിയാതെ ദാരിദ്ര്യം കാരണം അയാളുടെ ഭാര്യയും മരിച്ചു.

അജായ്യിക്ക് മുപ്പതുവയസ്സായി. ഒരുദിവസം അവന്‍ അച്ഛനോടു ചോദിച്ചു: ''അച്ഛാ, എന്റെ കൂട്ടുകാരെല്ലാം വിവാഹംകഴിച്ചു. എന്റെ മാത്രം വിവാഹമെന്താ അച്ഛന്‍ നടത്തിത്തരാത്തത്?' 'പുരുഷധനം കൊടുക്കാന്‍ നമ്മുടെ കൈയില്‍ ഒന്നുമില്ല.' ജായെ ദുഃഖത്തോടെ പറഞ്ഞു: 'അതുകൊണ്ടാണ് ഞാന്‍ നിന്നെ വിവാഹം കഴിപ്പിക്കാത്തത്.'
സങ്കടം വന്നെങ്കിലും അജായ്യി ഒരു വഴി കണ്ടുപിടിച്ചു. അവന്‍ ഒരു പലിശക്കാരന് തന്നെ പണയംവെച്ചു. അങ്ങനെ കിട്ടിയ പണം പുരുഷധനമായിക്കൊടുത്ത് അവന്‍ സുന്ദരിയായ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു.  പിന്നീട് കടംവീട്ടാന്‍ വേണ്ടി പലിശക്കാരന്റെ സ്ഥലത്ത് അവന് ദിവസം നാലു മണിക്കൂര്‍ വീതം ജോലിചെയ്യേണ്ടി വന്നു.
വീട്ടിലെ സ്ഥിതി വീണ്ടും മോശമായി. വൈകാതെ ജായെയും മരിച്ചു. അച്ഛന്റെ ശവസംസ്‌കാരം നടത്തിയില്ലെങ്കില്‍ അതിലും വലിയ നാണക്കേടാവും. അതിനുവേണ്ടി പണം കണ്ടെത്താന്‍ അജായ്യി രണ്ടാമതൊരു പലിശക്കാരു കൂടി തന്നെ പണയപ്പെടുത്തി. ഇനിമുതല്‍ അവന്‍ നാലു മണിക്കൂറുകൂടി ജോലി ചെയ്യണം. അവശേഷിക്കുന്ന സമയംകൊണ്ട് തന്നെയും ഭാര്യയെയും പുലര്‍ത്താനുള്ള വക കണ്ടെത്തുകയും വേണം.

അവന്റെ അവസ്ഥ പിന്നെയും കഷ്ടമായെന്ന് പറയേണ്ടതില്ല. കൊടുംപട്ടിണികൊണ്ടു തളര്‍ന്നപ്പോള്‍ ഒരു ദിവസം ഭാര്യ അവനെ ഉപദേശിച്ചു:  'നിങ്ങള്‍പോയി ഒസാനിന്‍ എന്ന മന്ത്രവാദിയെ കാണൂ. നമ്മുടെ കഷ്ടപ്പാടു തീരാനുള്ള ഒരു വഴി അദ്ദേഹം പറഞ്ഞുതരും.'  അങ്ങനെ അജായ്യി  ഒസാനിനെ കാണാന്‍ ചെന്നു.  കാര്യങ്ങളറിഞ്ഞപ്പോള്‍ കള്ളന്‍മന്ത്രവാദി അവനൊരു വഴി പറഞ്ഞുകൊടുത്തു. 'ഒന്‍പത് മുട്ടനാടുകളെ ഒന്‍പതു ചാക്കുകളില്‍ കെട്ടി രാത്രിയില്‍  അവന്റെ അച്ഛന്റെ കുഴിമാടത്തിനു മേല്‍ വെയ്ക്കുക.  പിറ്റേദിവസം ഒഴിഞ്ഞ ചാക്കുകളാണു കാണുന്നതെങ്കില്‍ അച്ഛന്‍ അവന്റെ ബലി സ്വീകരിച്ചുവെന്നാണര്‍ത്ഥം. അങ്ങനെയെങ്കില്‍ ഒഴിഞ്ഞ ചാക്കുകള്‍ വീട്ടിലേക്കുകൊണ്ടുപോവുക' ഏതാനും ദിവസങ്ങള്‍ക്കകം ചാക്കില്‍ പണവും സ്വര്‍ണ്ണവുംനിറയും. 

ആടുകളെ വാങ്ങാനുള്ള പണമുണ്ടാക്കാന്‍വേണ്ടി അജായ്യി മൂന്നാമതൊരു പലിശക്കാരനു കൂടി തന്നെ പണയംവെച്ചു. പക്ഷേ അയാള്‍ നല്‍കിയ പണം ആറ് ആടുകളെ വാങ്ങാന്‍ മാത്രമേ തികയുമായിരുന്നുള്ളൂ. ഇക്കാര്യമറിഞ്ഞപ്പോള്‍ മന്ത്രവാദി ബലിയുടെ ആദ്യ ഗഡുവായി ആറ് ആടുകളെ നല്‍കുവാനും എത്രയും വേഗം ബാക്കി മൂന്നാടുകളെക്കൂടി ബലി നല്‍കാനും അയാള്‍ ഉപദേശിച്ചു.

ആറു ചാക്ക് നിറയെ പണം കിട്ടിയാല്‍ പിന്നെ മൂന്നാടുകളെ നല്‍കാനാണോ വിഷമം? അജായി ആറ് മുട്ടനാടുകളെ അന്നുരാത്രി തന്നെ ചാക്കില്‍ കെട്ടി അച്ഛന്റെ കുഴിമാടത്തിനുമേല്‍വെച്ചു. രാത്രിയായപ്പോള്‍ ഒസാനിന്‍ തന്റെ വേലക്കാരെ പറഞ്ഞയച്ചു. അവര്‍ ചെന്ന് ആറു ചാക്കുകെട്ടുകളും കൊണ്ടുവന്നു. ആടുകളെ കശാപ്പു ചെയ്തിട്ട് ചാക്കുകള്‍ പഴയ സ്ഥലത്തു കൊണ്ടു വെയ്ക്കാന്‍ ഒസാനിന്‍ അവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. പിറ്റേന്ന് അച്ഛന്റെ കുഴിമാടത്തിനു മുകളില്‍ ഒഴിഞ്ഞ ചാക്കുകള്‍ കണ്ട്  അജായ്യിയും ഭാര്യയും സന്തോഷിച്ചു: അച്ഛന്‍  ബലി സ്വീകരിച്ചല്ലോ; ഇനി തങ്ങള്‍ ധനികരാകും, തീര്‍ച്ച. അവര്‍ ചാക്കുകള്‍ വീട്ടില്‍ കൊണ്ടുപോയി ഭദ്രമാക്കി വെച്ചു. 

പക്ഷേ, ഏറെ നാള്‍ കഴിഞ്ഞിട്ടും ചാക്കില്‍ പണം നിറഞ്ഞില്ല  മൂന്ന് പലിശക്കാര്‍ക്കു വേണ്ടി ജോലി ചെയ്ത് അജായ്യി ചാകാറായി. അവന്‍ വീണ്ടും മന്ത്രവാദിയുടെ അടുത്തെത്തി. ഒന്‍പതാടുകളെ  തികച്ചു കൊടുക്കാത്തതുകൊണ്ടാണ് ചാക്കില്‍ സ്വര്‍ണ്ണം നിറയാത്തതെന്നായിരുന്നു ഒസാനിന്റെ അഭിപ്രായം. ഇന്നുതന്നെ ആടുകളെ കൊടുക്കാമെന്നു സമ്മതിച്ചിട്ട് കുപിതനായ അജായ്യി നേരേ വീട്ടിലേക്കു ചെന്നു. 'ഇന്നു രാത്രി ആടുകള്‍ക്കു പകരം ഞാനാണ് അച്ഛന്റെ കുഴിമാടത്തിനു മുകളില്‍ കിടക്കാന്‍ പോകുന്നത്. ബലി  സ്വീകരിക്കാന്‍ അച്ഛന്‍ വന്നാലുടനെ ഞാനങ്ങേരുടെ തല വെട്ടും.'എന്നിട്ട് മൂന്നു കാലിച്ചാക്കുകളുമായി അവന്‍ ശ്മശാനത്തിലേക്കു പോയി. രണ്ടു ചാക്കുകളില്‍ മണല്‍ നിറച്ചിട്ട് മൂന്നാമത്തേതില്‍ തന്റെ നീളന്‍ കത്തിയുമായി അവന്‍ കയറിയിരുന്നു.

രാത്രിയായപ്പോള്‍  ആടുകളെ കൊണ്ടുപോകാന്‍  ഒസാനിന്‍  വേലക്കാരെയുംകൂട്ടി വന്നു. ആദ്യത്തെ രണ്ടു ചാക്കുകളില്‍ മണലാണെന്ന് കണ്ടപ്പോള്‍ അവര്‍ക്കു നിരാശയായി. മൂന്നാമത്തെ ചാക്കു തുറന്നപ്പോള്‍ അജായ്യി നീളന്‍കത്തിയുമായി പുറത്തുചാടി:  ''എനിക്കു തരുമെന്നു പറഞ്ഞ പണമെവിടെ, അച്ഛാ?'  ഒസാനിന്റെ കൈ കടന്നുപിടിച്ചുകൊണ്ട് അവന്‍ അലറി: ' അതു തന്നില്ലെങ്കില്‍  ഞാനിപ്പോള്‍ അച്ഛന്റെ തലവെട്ടും.' താന്‍ അവന്റെ അച്ഛനല്ല, മന്ത്രവാദിയാണെന്. ഒസാനിന്‍ എത്ര തവണ പറഞ്ഞിട്ടും അജായ്യി ചെവികൊണ്ടില്ല; എതിര്‍ക്കാന്‍ വന്നവരെയൊക്കെ അവന്‍ അടിച്ചുവീഴ്ത്തി. ഒടുവില്‍ ഗത്യന്തരമില്ലാതെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി മന്ത്രവാദി താന്‍ പണ്ട് മന്ത്രമൂര്‍ത്തികളുടെ പ്രതിഷ്ഠയ്ക്കിടയില്‍ കുഴിച്ചിട്ട ആറോയുടെ പണമെടുത്ത് അവനു കൊടുത്തു. അങ്ങനെ ആറോയുടെ പണം അയാള്‍ പറഞ്ഞതുപോലെ അയാളുടെ അനന്തരാവകാശിക്കു തന്നെ കിട്ടി.

tutuola illustrations

നൈജീരിയന്‍ എഴുത്തുകാരനായ അമോസ് ടുട്ടുവോളയുടെ (Amos Tutuola)യുടെ The Village Witch Doctor എന്ന ഈ കഥ തുടങ്ങുന്നത് 'നൂറ്റാണ്ടുകള്‍ക്കു മുമ്പാ'ണെങ്കിലും അതില്‍ വിവരിക്കുന്ന ലോകം ഇപ്പോഴും അത്രയൊന്നും മാറിയിട്ടില്ല. മൂന്നാംലോകരാജ്യങ്ങളിലെ ദാരിദ്ര്യവും പട്ടിണിയും അടിമപ്പണിയുമൊക്കെ അതേപോലെതന്നെ നിലനില്‍ക്കുന്നു.  

നൈജീരിയയിലെ യൊറൂബ വംശത്തില്‍ 1920ലാണ് ടുട്ടുവോള ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പന്ത്രണ്ടാം വയസ്സു മുതല്‍ ജീവിക്കാന്‍ വേണ്ടി അദ്ദേഹത്തിന് പല ജോലികളും ചെയ്യേണ്ടിവന്നു. ഇരുപത്തിയാറാമത്തെ വയസ്സില്‍ എഴുതിയ The Palm Wine Drunkard എന്ന നോവല്‍ അദ്ദേഹത്തെ ലോകപ്രശസ്തനാക്കി.  ഗ്രാമ്യമായ ഇംഗ്ലീഷ് ഭാഷയിലെഴുതിയ ഈ നോവല്‍ പല ഭാഷകളിലേക്കും പരിഭാഷ ചെയ്യപ്പെട്ടു. ലോകം സ്വീകരിച്ചപ്പോഴും സ്വന്തം നാട്ടില്‍ ഈ നോവലിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. ആഫ്രിക്കയുടെ പിന്നോക്കാവസ്ഥയാണ് ആ മുറി ഇംഗ്ലീഷ് പ്രതിഫലിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണം. 

ജെയിംസ് ജോയ്‌സ് ഇംഗ്ലീഷ് ഭാഷയില്‍ നടത്തിയ അഭ്യാസത്തിലധികമൊന്നും ടുട്ടുവോള ചെയ്തിട്ടില്ലെന്ന് ഇതിന് അദ്ദേഹത്തിന്റെ ആരാധകര്‍ മറുപടിയും നല്‍കി. ടുട്ടുവോളയുടെ കഥകളിലെ നൈസര്‍ഗികമായ നാടോടിത്തത്തെ സാര്‍ത്ര് പോലും വാഴ്ത്തിയിട്ടുണ്ട്.  ടുട്ടുവോളയുടെ My Life in the Bush of Ghost, Simbi and the Satyr of the Dark Jungle എന്നീ പുസ്തകങ്ങളും ഏറെ വായിക്കപ്പെട്ടവയാണ്.

പ്രത്യക്ഷത്തില്‍ നാടോടിക്കഥയുടെയോ പുരാവൃത്തങ്ങളുടെയോ ഘടനയാണെങ്കിലും ഇന്നത്തെ ആഫ്രിക്കയെ സൂക്ഷ്മമായി ആവാഹിക്കുന്നവയാണ് ടുട്ടുവോളയുടെ കഥകള്‍. ആ കഥകളിലെ  ദുര്‍മന്ത്രങ്ങളിലൂടെ നടന്നകലുമ്പോള്‍ നാമെത്തിച്ചേരുന്നത് ഇന്നിന്റെ ഇരുട്ടില്‍ത്തന്നെയാണ്.  കറുത്തവര്‍ഗ്ഗക്കാരനായ കവി എമി സെസേയ്ര്‍ (Aime Cesaire) എഴുതിയ വരികള്‍ ആ കഥകള്‍ക്കും യോജിക്കും:
പട്ടിണി അവര്‍ക്ക് മേലാപ്പ് ചാര്‍ത്തുന്നു.
അവസാനത്തെ ഭീതിയിലലിയുന്ന ഒരു നിഴല്‍.
ഘോരമായ ഭയത്തില്‍
അവര്‍ പതയുടെ താളമാര്‍ന്ന
രാക്ഷസന്മാരെ പാനം ചെയ്യുന്നു.

Content Highlights: Amos Tutuola, The Village Witch Doctor , The Palm Wine Drunkard, My Life in the Bush of Ghost, Simbi and the Satyrof the Dark Jungle