പൈശാചികകുറ്റാന്വേഷകര്‍ ( The Savage Detectives) എന്ന നോവല്‍ വായിക്കുമ്പോള്‍ അയുക്തികയാഥാര്‍ത്ഥ്യം (visceral realism) എന്ന വാക്ക് ബൊളാനോയുടെ രചനാരീതിയെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് നമുക്കു തോന്നിപ്പോകും. മാര്‍ക്കേസിന്റെയും യോസയുടെയും 'മാജിക് റിയലിസ' കാലഘട്ടത്തില്‍ നിന്ന് ലാറ്റിനമേരിക്ക ഒരുപാട് മാറിപ്പോയിരിക്കുന്നു. അല്ലെങ്കില്‍ ഈ കാലഘട്ടത്തിലെ മാജിക് റിയലിസം മറ്റൊരു തരത്തിലുള്ളതാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണങ്ങളാണ് ബൊളാനോയുടെ കൃതികള്‍.

ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍ മാന്ത്രിക യാഥാര്‍ത്ഥ്യമുണ്ടെങ്കില്‍ അത് മാര്‍ക്കേസിന്റയും അസ്തൂര്യാസിന്റെയും കൃതികളിലേതുപോലെ നാട്ടിന്‍പുറത്തോ വനങ്ങളിലോ അല്ല സംഭവിക്കുന്നത്. വൈദ്യുതവെളിച്ചം രാത്രിയെപ്പോലും പകലാക്കി മാറ്റുന്ന നഗരങ്ങളിലാണ് - ബൊളാനോയുടെ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന മോയ്ജയുടെ (Horacio Castellanos Moya)  'സര്‍പ്പങ്ങളോടൊത്തുള്ള  നൃത്തം' (Dance with Snakes) എന്ന പുസ്തകത്തില്‍ സംഭവിക്കുന്നതുപോലെ. അതില്‍ കഥാനായകന്‍ സര്‍പ്പങ്ങളുടെകൂടെ ഷെവര്‍ലെ കാറില്‍ സഞ്ചരിക്കുന്നു; ഷോപ്പിംഗ് മാളുകളില്‍ കയറിയിറങ്ങുന്നു ; സര്‍പ്പങ്ങളോടൊത്ത് മദ്യപിക്കുന്നു; നൃത്തം ചെയ്യുന്നു; സര്‍പ്പങ്ങളുമായി ഇണചേരുന്നു.

മാജിക് റിയലിസ്റ്റിക് നോവലുകളില്‍ തെളിയുന്ന ലാറ്റിനമേരിക്കയുടെ ചിത്രം യാഥാര്‍ത്ഥ്യത്തെ വരച്ചു കാണിക്കുനില്ലെന്ന് പറഞ്ഞത് പെറുവിലെ യുവ എഴുത്തുകാരനായ ദാനിയേല്‍ അലാര്‍കോണാണ്. (Daniel Alarcon). അദ്ദേഹത്തിന്റെ വാക്കുകളെ ശരിവെക്കുന്നതാണ് ചിലിയിലെ ഇന്ന് ഏറ്റവും യശസ്സാര്‍ജ്ജിച്ച എഴുത്തുകാരനായ  അലെഹന്ദ്രോ സാംബ്രയുടെ രചനകള്‍.

'വൃക്ഷങ്ങളുടെ സ്വകാര്യജീവിതം ' (The Private Life of Trees) എന്ന നോവലാണ് സാംബ്രയെ പ്രശസ്തനാക്കിയത്. ഭാര്യയായ വെറോനിക്കയുടെയും വെറോനിക്കയുടെ മകളായ ദനിയേലയുടെയും കൂടെ കഴിയുന്ന സാഹിത്യാധ്യാപകനും എഴുത്തുകാരനുമായ ഹുലിയാന്റെ ഒരു രാത്രിയുടെ കഥയാണീ നോവല്‍. ആ രാത്രിയില്‍ ചിത്രകല പഠിക്കാന്‍ പോയ വെറോനിക്ക തിരിച്ചുവരുന്നില്ല. എല്ലാ രാത്രിയിലുമെന്നപോലെ മരങ്ങളുടെ സ്വകാര്യജീവിതത്തെപ്പറ്റിയുള്ള ഒരു കഥപറഞ്ഞ് ദനിയേലയെ ഉറക്കിയിട്ട് ഹുലിയാന്‍ ഭാര്യ വരുന്നതും കാത്ത് ഉറക്കമിളച്ചിരിക്കുന്നു. വെറോനിക്ക തിരിച്ചുവരുമ്പോള്‍ നോവല്‍ അവസാനിക്കുമെന്ന് നോവലിസ്റ്റ് പറയുന്നു.  വെറോനിക്ക തിരിച്ചുവരുന്നതായി നമ്മള്‍ കാണുന്നില്ല;  ആ നിലയ്ക്ക് നോവലും അവസാനിക്കുന്നില്ല. my document

കാലത്തിന്റെ ഘടനയെ മാറ്റിമറിക്കുകയാണ് സാംബ്ര ഈ പുസ്തകത്തില്‍ ചെയ്തിരിക്കുന്നത്. വെറോനിക്ക തിരിച്ചുവരാത്ത ആ രാത്രിയില്‍ ഹുലിയാന്‍ ഭൂതകാലത്തെയും ഭാവിയെയും പറ്റി ചിന്തിക്കുന്നു. തന്റെ മാത്രമല്ല ദനിയേലയുടെയും ഭാവിയും അയാള്‍ സ്വപ്നം കാണുകയാണ്. കുറച്ചുകഴിയുമ്പോള്‍ അത് ഹുലിയാന്റെ  സ്വപ്നമാണോ അതോ ദനിയേലയുടെ യഥാര്‍ത്ഥഭാവിജീവിതമാണോ എന്ന് നമുക്ക് മനസ്സിലാകാതെവരുന്നു.  ഹുലിയാന്‍ കഥയില്‍നിന്ന് അപ്രത്യക്ഷനാവുകയും ചെയ്യുന്നു.

സത്യത്തില്‍ മാര്‍കേസിന്റെയും റൂള്‍ഫോയുടെയും കാലഘട്ടത്തില്‍നിന്ന് ലാറ്റിനമേരിക്ക വളരെയൊന്നും മാറിയിട്ടില്ല; ഏകാധിപത്യവഴ്ചയും പട്ടാള അട്ടിമറികളും തട്ടിക്കൊണ്ടുപോകലും ജനകീയപ്രക്ഷോഭങ്ങളുമൊക്കെ ഇപ്പോഴും ഏറെക്കുറെ അതേപോലെ തുടരുന്നു. എന്നാല്‍ അതോടൊപ്പം ആധുനികതയും ആഗോളവത്കരണവും നഗരജീവിതത്തിന്റെ സങ്കീര്‍ണ്ണതകളും കൂടി ജനങ്ങളിലേക്ക് കടന്നുവന്നു. യാഥാര്‍ത്ഥ്യം മാന്ത്രികതയില്‍നിന്ന്  അയുക്തികതയിലേക്ക് മാറി. ആവിഷ്‌ക്കാരത്തിലെ ഈ വെല്ലുവിളിയാണ് ബൊളാനോയും അദ്ദേഹത്തിനുശേഷം സാംബ്രയെപ്പോലുള്ള യുവഎഴുത്തുകാരും ഏറ്റെടുത്തത്. നോവലുകള്‍ പോലെ സാoബ്രയുടെ കഥകളും പുതിയകാലത്തിന്റെ കടങ്കഥകളുടെ ഉത്തരം കണ്ടെത്താനുള്ള ശ്രമങ്ങളാണെന്ന്  മനസ്സിലാകും.

സ്വിസ്സ്ചിത്രകാരനായ പോള്‍ ക്ലേയുടെ (Paul Clee) യുടെ 'സര്‍പ്പദേവതയും അവളുടെ എതിരാളി'യും (The Snake Goddess and Her Enemy) എന്ന അമൂര്‍ത്തരചനപോലെയാണ് സാംബ്രയുടെ കഥകള്‍. ഒരര്‍ത്ഥത്തില്‍ വളരെ ലളിതമാണ് ഈ ചിത്രം. ഒരു സര്‍പ്പം, ഒരു വേലി, ഭൂതക്കണ്ണാടിയുടെ പകുതിപോലുള്ള മറ്റൊരുരൂപം  ഇത്രയുമാണ് ചിത്രത്തിലുള്ളത്.  പക്ഷേ, മന:ശാസ്ത്രപരമായും രാഷ്ട്രീയവീക്ഷണകോണിലൂടെയും ചിത്രത്തെ നോക്കുമ്പോള്‍ അതിന്റെ അര്‍ത്ഥതലങ്ങള്‍ പടര്‍ന്നുപന്തലിക്കുന്നതു കാണാം. ഇതുപോലെയാണ് സാംബ്രയുടെ 'എന്റെ പ്രമാണരേഖകള്‍' (My Documents) എന്ന പുസ്തകത്തിലെ മിക്കകഥകളും.  ലളിതമായ കഥപറച്ചിലിനകത്ത് അവ ജീവിതസമസ്യകളെ വിദഗ്ദ്ധമായി ഒളിപ്പിച്ചുവെയ്ക്കുന്നു.

കവിയും കഥാകൃത്തുമായ അലെഹാന്ദ്രോ സാംബ്ര 1975ല്‍ ചിലിയിലെ സാന്‍തിയാഗോ നഗരത്തിലാണ് ജനിച്ചത്.  അദ്ദേഹം ജനിക്കുന്നതിന് രണ്ടു വര്‍ഷം മുമ്പ് സാല്‍വദോര്‍ അയെന്ദെയുടെ (Salvador Allende) യുടെ ഇടതുപക്ഷ ജനാധിപത്യഗവണ്മെന്റിനെ പട്ടാളഅട്ടിമറിയിലൂടെ പുറത്താക്കി ജനറല്‍ പിനോഷെ (Augesto pinochet)  ചിലിയുടെ ഏകാധിപതിയായി മാറിയിരുന്നു. 1998 വരെ നീണ്ട ആ ദുര്‍ഭരണത്തിന്റെ അനുരണനങ്ങള്‍ സാംബ്രയുടെ കഥകളിലും കേള്‍ക്കാന്‍ കഴിയും. അക്കാലത്തെ രാഷ്ടീയാവസ്ഥയെ സാംബ്രയുടെ ഒര കഥയില്‍ കൃത്യമായി ചിത്രീകരിച്ചിട്ടുണ്ട്:

' 1986 സെപ്റ്റംബറില്‍ ജനറല്‍ പിനോഷെയ്ക്കു നേരെയുണ്ടായ വധശ്രമത്തിനു ശേഷം ദാന്തെ അയല്‍ക്കാരോടെല്ലാം അവര്‍ ഇടതുപക്ഷക്കാരാണോ അതോ വലതുപക്ഷക്കാരാണോ എന്ന് ചോദിക്കാന്‍ തുടങ്ങി.  ചിലര്‍ അസ്വസ്ഥയോടെ പ്രതികരിച്ചു. മറ്റുചിലരാകട്ടെ ചിരിച്ചുകൊണ്ട് നടത്തത്തിന്റെ വേഗത കൂട്ടി.  ബാക്കിയുള്ളവര്‍ ഇടതുപക്ഷമെന്നും വലതുപക്ഷമെന്നുംകൊണ്ട് അവനെന്താണ് ഉദ്ദേശിക്കുന്നതെന്ന് തിരിച്ചു ചോദിച്ചു.'

Alejandro Zambra
Alejandro Zambra. Photo: Youtube/UNIVESP ( screen grabbed ) 

രാഷ്ട്രീയ നിലപാടെടുക്കാന്‍ കഴിയാതെ വിഷണ്ണരാവുന്ന ഒരു ജനതയുടെ അസ്തിത്വത്തെയാണ് സാംബ്ര തന്റെ കഥകളില്‍ ഫലിതരൂപേണ പ്രതിഫലിപ്പിക്കുന്നത്. ആ അസ്തിത്വപ്രശ്‌നങ്ങളോടൊപ്പം സാങ്കേതികതയുടെ കടന്നുവരവുകൊണ്ടുണ്ടാകുന്ന സങ്കീര്‍ണ്ണതകളും കൂടി അവരുടെ ജീവിതത്തെ ദുരൂഹമാക്കുന്നു. 'എന്റെ അച്ഛന്‍ ഒരു കമ്പ്യൂട്ടര്‍ വിദഗ്ധനായിരുന്നു. അമ്മ പക്ഷേ,  കമ്പ്യൂട്ടറുകളേക്കാള്‍ ടൈപ്പ്‌റൈറ്ററുകളെയാണ് ഇഷ്ടപ്പെട്ടിരുന്നത്.' ഇങ്ങനെയാണ്  My Documents എന്ന കഥ തുടങ്ങുന്നത്. കഥ അവസാനിക്കുന്നതാകട്ടെ ഇങ്ങനെയും:

'രാത്രിയില്‍ എഴുതിയതെല്ലാം ഞാന്‍ വീണ്ടുംവീണ്ടും വായിച്ചുനോക്കും. ഞാന്‍ ലിപികള്‍ വലുതാക്കും: കട്ടു ചെയ്യുകയും പേസ്റ്റ് ചെയ്യുകയും ചെയ്യും. എഴുതിയതെല്ലാം കമ്പ്യൂട്ടറിലെ മൈ ഡോക്യുമെന്റ് എന്ന ഫോള്‍ഡറില്‍ എന്നെന്നേക്കുമായി ഉപേക്ഷിക്കണമെന്ന് തോന്നും. പക്ഷേ, ഇല്ല - ഞാനതെല്ലാം പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്.- ഞാനത് പൂര്‍ത്തിയാക്കിയിട്ടില്ലയെങ്കില്‍കൂടി, ഒരിക്കലും എനിക്കത് പൂര്‍ത്തിയാക്കാനാവില്ല എങ്കില്‍കൂടി.
എന്റെ അച്ഛന്‍ ഒരു കമ്പ്യൂട്ടറായിരുന്നു; അമ്മ ടൈപ്പ്റൈറ്ററും. ഞാനാകട്ടെ ഒരു ഒഴിഞ്ഞ പേജായിരുന്നു., ഇപ്പോള്‍ ഒരു പുസ്തകമാണ് ഞാന്‍.'
സാങ്കേതികത്വവും ഏകാധിപത്യവും നിശ്ശൂന്യമാക്കുന്ന മനുഷ്യാവസ്ഥയെ ഇതിലും നന്നായി ആര്‍ക്കു ചിത്രീകരിക്കാനാകും?
ഈ കഥാസമാഹാരത്തിലെ 'ശരിയോ തെറ്റോ' (True or False) എന്ന കഥ അതിന്റെ രചനാരീതിയും  ലാളിത്യവുംകൊണ്ട് എടുത്തുപറയേണ്ട ഒന്നാണ്. നഗരവത്കരണത്തിന്  ഇരയാകുന്ന മനുഷ്യരുടെ ഏകാന്തതയെ  പ്രതിഫലിപ്പിക്കുന്നതില്‍ സാംബ്രയ്ക്കുള്ള വൈദഗ്ദ്ധ്യം ഈ കഥയില്‍ നമുക്ക് കാണാന്‍ കഴിയും:

ദനിയേലും മാരുവും പരസ്പരം പിരിഞ്ഞ ദമ്പതിമാരാണ്.  ഒരേയൊരു മകനായ ലൂക്കാസ് അവരിരുവരുടെയും കൂടെ  മാറിമാറി താമസിക്കുന്നു. മാരുവിന്റെ  വീട്ടുവളപ്പില്‍ ഒരു പൂച്ചയ്ക്കും നായയ്ക്കും സുഖമായി താമസിക്കാം. പക്ഷേ അവളതിന് സമ്മതിക്കില്ല. അതുകൊണ്ട് ലൂക്കാസ് അച്ഛനായ ദനിയേലിന്റെ ഫ്‌ലാറ്റില്‍ ഒരു പൂച്ചയെ വളര്‍ത്തി. അമ്മയുടെ വീട് 'ശരിയായ' വീടാണെന്നും അച്ഛന്റേത് ' തെറ്റായ' വീടാണെന്നും ലൂക്കാസിനറിയാം. ഈ 'ശരിയും തെറ്റും' സ്‌കൂള്‍പാഠങ്ങളില്‍നിന്ന് കിട്ടിയതാണ്. ശരിയോ തെറ്റോ എന്ന സ്‌കൂള്‍ എക്‌സര്‍സൈസ് അവന്‍ എല്ലാ കാര്യങ്ങളിലേക്കും വ്യാപിപ്പിച്ചു. അങ്ങനെ, മുരുവിന്റെ വീട് യഥാര്‍ത്ഥ വീടായി. പക്ഷേ, അതിലെ ലിവിങ് റൂം തെറ്റായതാണ്;  ലിവിങ് റൂമിലെ ചാരുകസേരയാകട്ടെ ശരിയായതും. അവന്റെ ചില കളിപ്പാട്ടങ്ങള്‍ ശരിയായതാണ്; പക്ഷേ, അവനേറ്റവും ഇഷ്ടപ്പെടുന്നവയല്ല അവ. തെറ്റായതാണ് എന്നതുകൊണ്ടുമാത്രം അവനാ സാധനത്തിനെ ഇഷ്ടമില്ല എന്നു കരുതരുത്.

ഈ ശരിയും തെറ്റും ക്രമേണ അവരുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലേക്കും കടന്നുവരുന്നു. ആണ്‍പൂച്ചയാണെന്ന്  അവര്‍ കരുതിയത് യഥാര്‍ത്ഥത്തില്‍ ഒരു പെണ്‍പൂച്ചയാണെന്നും അവള്‍ ഗര്‍ഭിണിയാണെന്നും ദനിയേലും മകനും മനപ്പിലാക്കുന്നു. അതിന്റെ പേര് പെദ്രോ എന്നതില്‍ നിന്ന് പെദ്രാ എന്നാക്കി അവര്‍ക്ക് മാറ്റേണ്ടിവരുന്നു. ഈ ശരിയും തെറ്റും ഏറ്റവും കൂടുതല്‍ ആഘാതമേല്‍പ്പിക്കുന്നത് ദനിയേലിന്റെ ജീവിതത്തിലാണ്. പെണ്‍പൂച്ച പ്രസവിക്കുമ്പോള്‍ കുഞ്ഞുങ്ങളെ ക്ലോസറ്റിലൂടെ ഒഴുക്കിക്കളയാമെന്നും  ലൂക്കാസ് സ്‌കൂള്‍ വിട്ടു വരുമ്പോള്‍ അവയെ കാണാനില്ലെന്നു പറയാമെന്നും അയാള്‍ കരുതിയത് തെറ്റി. സ്‌കൂളില്ലാത്ത ഒരു ദിവസമാണ് അവള്‍ പ്രസവിച്ചത്.  കുഞ്ഞുങ്ങളെ ഉപേക്ഷിക്കാന്‍ ലൂക്കാസൊട്ട് സമ്മതിച്ചതുമില്ല.

catഒടുവില്‍ പൂച്ചക്കുഞ്ഞുങ്ങളെ വളര്‍ത്താന്‍കൊടുക്കാനുണ്ടെന്ന് പരസ്യംചെയ്യാന്‍ അയാള്‍ തീരുമാനിച്ചു. അതുകണ്ട് ആരെങ്കിലുമൊക്കെ വരുമെന്ന അയാളുടെ ഊഹം ശരിയായി. ഒരു സ്ത്രീ അയാളെ കാണാന്‍ വന്നു. ലൂക്കാസില്ലാതിരുന്ന ആ രാത്രിയില്‍ അവളയാളുമായി കിടക്കപങ്കിട്ടു. പൂച്ചക്കുഞ്ഞിനെ പിന്നീട് കൊണ്ടുപൊയ്‌ക്കോളമെന്ന് പറഞ്ഞ് പിറ്റേന്നവള്‍ സ്ഥലംവിടുകയാണ്.  'പൂച്ചക്കുഞ്ഞിനെ വാങ്ങാനെന്ന നാട്യത്തില്‍ അവള്‍ എല്ലാ രാത്രിയും വരുമെന്ന അയാളുടെ കണക്കുകൂട്ടല്‍ പക്ഷേ തെറ്റി. അവള്‍ പിന്നെ വന്നതേയില്ല.

മാരുവിന്റെ  ജീവിതത്തെയും ഈ ശരിതെറ്റുകള്‍ ബാധിച്ചപ്പോള്‍ അവര്‍ തമ്മിലുള്ള അകല്‍ച്ച പിന്നെയും വര്‍ദ്ധിക്കുന്നു. അവരുടെ വഴക്കുകള്‍ക്കിടയില്‍ ലൂക്കാസ് നിശ്ശബ്ദനാകുന്നു. തള്ളപ്പൂച്ചയെയും രണ്ടു കുഞ്ഞുങ്ങളെയും മാരു അവളുടെ വീട്ടിലേക്ക് കൊണ്ടു പോകുന്നു. അവശേഷിച്ച ഒരു പൂച്ചക്കുഞ്ഞിന്റെ കൂടെ ദനിയേലിന്റെ ജീവിതം വിരസമായി നീങ്ങി. ഒടുവില്‍ കുളിമുറിയിലെ കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ നോക്കി സ്വയംഭോഗം ചെയ്യുന്ന ദനിയേലില്‍ കഥ അവസാനിക്കുന്നു.

ശരി - തെറ്റ് എന്നീ രണ്ടു കള്ളികളില്‍ ഒതുക്കിയിടാവുന്നതല്ല മനുഷ്യജീവിതമെന്നും അങ്ങനെ ചുരുക്കുമ്പോള്‍ അസ്തിത്വം തന്നെ പ്രതിസന്ധിയിലാകുന്നുമെന്നും സൂചിപ്പിക്കുകയാണ് സാംബ്ര. ഈ പുസ്തകത്തിലെ ഒരു കഥയില്‍ കഥപറയുന്നയാള്‍ ആദ്യകുര്‍ബാന കൈക്കൊള്ളാതെ അള്‍ത്താരേബാലനാകുന്നതിനെപ്പറ്റി പറയുന്നുണ്ട്. കടുത്ത മതനിന്ദ! രണ്ടു കഥാപാത്രങ്ങള്‍ തമ്മിലുള്ള സംഭാഷണം അsര്‍ത്തിയെടുത്ത് മതദ്രോഹവിചാരണനടത്തി എഴുത്തുകാരനെ നിശ്ശബ്ദനാക്കുന്ന സമീപകാല സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഇതിലെ ശരിതെറ്റുകള്‍ നമ്മള്‍ക്ക് മനസ്സിലാവുന്നതിലും അപ്പുറമാണെന്ന് സാംബ്ര പറയാതെ പറയുന്നു.