ലിയാ കസാന്റെ പ്രശസ്തമായ വിവാ സപ്പാത്താ ( Viva  Zapata! ) എന്ന സിനിമ തുടങ്ങുന്നത് മെക്‌സിക്കന്‍ പ്രസിഡന്റും ഏകാധിപതിയുമായിരുന്ന പോര്‍ഫീരിയോ ദിയാസിനെ ഒരു കൂട്ടം റെഡ് ഇന്ത്യര്‍ കാണാന്‍ വരുന്ന രംഗത്തോടെയാണ്. തങ്ങള്‍ ചോളം കൃഷി ചെയ്തിരുന്ന പാടങ്ങള്‍ മുഴുവന്‍ പിടിച്ചുപറിക്കപ്പെട്ടിരിക്കുകയാണെന്നും കൃഷിചെയ്യുന്നതും കാലിമേയ്ക്കുന്നതും തടയുന്നതിനായി അവിടെ മുള്ളുവേലികള്‍ സ്ഥാപിച്ചിരിക്കുകയാണെന്നും അവര്‍ പ്രസിഡന്റിനോട് പരാതിപ്പെടുന്നു.

അവര്‍ കാണിച്ചുകൊടുത്ത രേഖകള്‍ പരിശോധിച്ച പ്രസിഡന്റ്, ഭൂമിയില്‍ തങ്ങളുടെ അതിര്‍ത്തി കാണിക്കാന്‍ നാട്ടിയ കല്ലുകള്‍ യഥാസ്ഥാനത്തുണ്ടോ എന്നു നോക്കാന്‍ അവരോടാവശ്യപ്പെടുന്നു. അങ്ങനെയെങ്കില്‍ വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിനു കഴിയും. ഇതുവിശ്വസിച്ച് പിരിഞ്ഞുപോകാന്‍ തുടങ്ങിയ റെഡ് ഇന്ത്യരുടെ ഇടയില്‍നിന്ന് ഒരാള്‍ മുന്നോട്ടുവന്നു. സപ്പാത്തയായിരുന്നു അത് 'മുള്ളുവേലി കെട്ടിത്തിരിച്ച, ആയുധധാരികള്‍ കാവല്‍നില്‍ക്കുന്ന സ്ഥലത്തുകടന്ന് അതിര്‍ത്തി പരിശോധിക്കാന്‍ ഞങ്ങള്‍ക്കാവില്ല.' അയാള്‍ പ്രസിഡന്റിനോടു പറഞ്ഞു: 'അതിന് അങ്ങയുടെ പ്രത്യേക ഉത്തരവ് ആവശ്യമാണ്.'

മറുപടിയായി പ്രസിഡന്റ് പറഞ്ഞത് തനിക്ക് ഉത്തരവല്ല, ഉപദേശം മാത്രമേ നല്‍കാനാവൂ എന്നാണ്. ഉത്തരവ് നല്‍കേണ്ടത് കോടതിയാണ്; അത് ലഭിക്കുന്നതു വരെ അവര്‍ ക്ഷമയോടെ കാത്തിരിക്കണം.
'ക്ഷമയ്ക്ക് തോര്‍ത്തിയകള്‍ (മെക്‌സിക്കന്‍ ചപ്പാത്തി) ഉണ്ടാക്കാനാവില്ല,' സപ്പാത്ത വീണ്ടും പറഞ്ഞു: ''അതിന് മുള്ളുവേലികള്‍ മുറിച്ചുകടക്കാനും കഴിയില്ല.'
പ്രസിഡന്റ് ദിയാസ് ഉടനെ തന്നെ കാണാന്‍ വന്നവരുടെ പട്ടികയിലെ'. സപ്പാത്തയുടെ പേരിനു ചുറ്റും ഒരു  വൃത്തം വരച്ചു. കാരണം, ഇന്നല്ലെങ്കില്‍ നാളെ ഇല്ലാതാക്കപ്പെടേണ്ടവനാണ് അയാള്‍.

സത്യത്തില്‍ അവരുടെ ഭൂമി മുഴുവന്‍ തട്ടിയെടുത്തത് പ്രസിഡന്റും കൂട്ടാളികളായിരുന്നു. കൗശലവും ബലപ്രയോഗവും കൊണ്ട് രാജ്യം മുഴുവന്‍ അധീനതയിലാക്കിയ ഈ ഏകാധിപതിയാണ് മെക്‌സിക്കോയിലെ മഹാസാഹിത്യകാരനായ ഹുവാന്‍ റൂള്‍ഫോയുടെ 'പെദ്രോ പരാമോ' എന്ന നോവലിലെ അതേപേരുള്ള കഥാപാത്രത്തിന്റെ ആദിരൂപം. കൊമാല എന്ന പ്രദേശത്തെ കാല്‍ക്കീഴിലാക്കാന്‍ പെദ്രോ പരാമോ നടത്തുന്ന ശ്രമങ്ങള്‍ പോര്‍ഫീരിയോ ദിയാസില്‍നിന്ന് പകര്‍ത്തിയതാണ്. മുപ്പത്തിഅഞ്ചുവര്‍ഷത്തോളം നീണ്ടു നിന്ന ദിയാസിന്റെ ഏകാധിപത്യവും 1926ല്‍ അതിനെതിരെ നടന്ന ക്രിസ്‌തെറോകലാപവും തുടര്‍ന്നുണ്ടായ മെക്‌സിക്കന്‍ വിപ്ലവവുമാണ് ഹുവാന്‍ റൂള്‍ഫോയുടെ എഴുത്തിന്റെ പശ്ചാത്തലം. നീണ്ടുനീണ്ടുപോകുന്ന ഏകാധിപത്യം മനുഷ്യന്റെ അസ്തിത്വത്തെത്തന്നെ ചോദ്യംചെയ്യുന്നു. അവന്റെ ഭൂമിയും ശരീരവും മാത്രമല്ല ആത്മാവു പോലും അന്യാധീനപ്പെട്ടുപോകുന്നു.

റൂള്‍ഫോയുടെ The Golden Cockerel and Other Writings എന്ന പുസ്തകം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിക്കുന്നത് 2017 ലാണ്. ഇതിലെ മിക്ക കഥകളും അസ്തിത്വം നഷ്ടപ്പെട്ട മനുഷ്യരെക്കുറിച്ചുള്ള മാന്ത്രികാഖ്യാനങ്ങളാണെന്ന് പറയാം. സാര്‍ത്രിന്റെയും കമ്യൂവിന്റെയും കൃതികള്‍ അസ്തിത്വദുഃഖത്തിന്റെ യാഥാത്ഥ്യമോ സ്ഥൂലീകരിക്കപ്പെട്ടതോ ആയ ആവിഷ്‌ക്കാരങ്ങളാണ്. റൂള്‍ഫോയാകട്ടെ ഈ മനുഷ്യാവസ്ഥയില്‍ നാടോടിക്കഥകളുടെയും പുരാവൃത്തങ്ങളുടെയും നിറങ്ങള്‍കൂടി ചേര്‍ക്കുന്നു. ആ കഥാപാത്രങ്ങള്‍ക്കൊന്നും പ്രതീക്ഷകളില്ല, പുനര്‍ജനത്തില്‍ വിശ്വാസവുമില്ല; പക്ഷേ പാപബോധമുണ്ട്. ഒന്നുകൊണ്ടും കഴുകിക്കളയാനാവാത്ത പാപബോധം.

പെദ്രോ പരാമോയിലേതുപോലെ  മരിച്ചവരുടെയും ജീവിച്ചിരിക്കുന്നവരുടെയും ലോകങ്ങള്‍ ഈ കഥകളിലും ഇടകലര്‍ന്നിരിക്കുന്നു.'മരണാനന്തരം' എന്ന കഥയില്‍ മരിച്ചുപോയ ഒരാള്‍ മറ്റൊരു പരേതനെ കണ്ടുമുട്ടുന്നു. മരിക്കുമ്പോള്‍ നമ്മള്‍ കരയണം എന്ന് അവര്‍ നമ്മളോട് പറയുന്നു. കാരണം കണ്ണീരിലൂടെയാണ് ആത്മാവ് പുറത്തു കടക്കുന്നത്. അല്ലാത്തപക്ഷം പുറത്തുകടക്കാന്‍ കഴിയാതെ വീര്‍പ്പുമുട്ടുന്ന ആത്മാവ് നമുക്ക് ദുസ്സഹമായ വേദനകള്‍ നല്‍കും. അതേസമയം, നമ്മള്‍ മരിക്കുമ്പോള്‍ അത് മറ്റുള്ളവരെ കരയിക്കാതെയുമാകണം. എന്തുകൊണ്ടെന്നാല്‍ ജീവിച്ചിരിക്കുന്നവര്‍ മറന്നാലും  മരിച്ചവരുടെ മനസ്സില്‍ ആ കരച്ചില്‍ ഒരു ഭാരമായിക്കിടക്കും. കാരണം, മരണം എന്നന്നേക്കുമുള്ളതാണ്‌. 

കാലത്തെ കീഴ്‌മേല്‍ മറിക്കുന്ന റൂള്‍ഫോയുടെ കരവിരുത് മിക്ക കഥകളിലും കാണാം. മരിച്ചവരുടെ സമയം നമ്മളുടേതുപോലല്ല എന്നതാവാം അതിനുള്ള കാരണം. പരേതരും അവരെക്കുറിച്ചുള്ള ദുസ്സഹമായ ഓര്‍മകളും നിറഞ്ഞ 'എന്റെ  സെസീലിയ അമ്മായി', 'ക്ലോത്തില്‍ദെ' എന്നീ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന കഥളിലും കാലത്തിന്റെ പൂര്‍വപരബന്ധമില്ലായ്മ കാണാനാകും. അനാഥനായ ഒരുവന്‍ ഈ രണ്ട് സ്ത്രീകളെയും ഓര്‍ക്കുന്നതാണ് കഥകളുടെ ഇതിവൃത്തം. 

സസീലിയ അമ്മായി മാത്രമേ അയാളെ സ്‌നേഹിച്ചിരുന്നുള്ളൂ. പത്താം വയസ്സില്‍ ഉറ്റവരെല്ലാം ഉപേക്ഷിച്ചു പോയ അയാളെ വളര്‍ത്തിയത് അവരാണ്. അവരും മരിച്ചുകഴിഞ്ഞു. എന്നാല്‍ അയാള്‍ക്കിപ്പോള്‍ അവരോട് ദേഷ്യം തോന്നാന്‍ തുടങ്ങിയിരിക്കുന്നു. കാരണം, എന്തിനാണവരിത്ര പെട്ടെന്ന് മരിച്ചത്? തന്നെ ആരെയെങ്കിലും ഏല്‍പ്പിച്ചിട്ട് മരിച്ചാല്‍ പോരായിരുന്നോ അവര്‍ക്ക്? അല്ലെങ്കില്‍ വേണ്ട; തന്നെ ആരെയുമേല്‍പ്പിക്കാതെ തനിക്കവരോട് പകതോന്നുന്ന വിധത്തില്‍ മരിച്ചാലും മതിയായിരുന്നു. പക്ഷേ, അവരിതാ മരിച്ചു കിടക്കുന്നു: തുറന്നുവെച്ച കണ്ണുകളില്‍ ജീവിച്ചിരുന്നപ്പോഴുണ്ടായിരുന അതേ സ്‌നേഹവുമായി.  ആ കണ്ണുകള്‍ തിരുമ്മിയടയ്ക്കുമ്പോള്‍ ലോകത്തിലെ മുഴുവന്‍ വെളിച്ചവും അണഞ്ഞുപോയതായി അയാള്‍ക്കു തോന്നുന്നു.

ക്ലോത്തില്‍ദെയാവട്ടെ മരിച്ചതല്ല; അയാളവളെ കൊന്നതാണ്. തന്റെ എല്ലാമായിരുന്ന സിസീലിയ അമ്മായിയെപ്പറ്റി അസഭ്യം പറഞ്ഞതുകെണ്ടാണ് അവളെ അയാള്‍ കൊന്നത്. വാതില്‍ ബന്ധിക്കാനുപയോഗിച്ചിരുന്ന സാക്ഷകൊണ്ട് പലതവണ തലയ്ക്കടിച്ച് അയാളവളെ കൊന്നു. ക്ലോത്തില്‍ദെ അയാളുടെ ഭാര്യയായിരുന്നു. അയാളവളെ  അങ്ങേയറ്റം സ്‌നേഹിച്ചു. അവള്‍ക്കാവട്ടെ അയാളോട് വെറുപ്പും. കാരണം, അയാള്‍ അറുപത് വയസ്സോടടുത്ത ഒരു കിഴവനായിരുന്നു. അവള്‍ ചെറുപ്പക്കാരിയും. അവള്‍ മറ്റു പലരുടെയും കൂടെ രാത്രി ചിലവഴിച്ചു. 

അയാള്‍ക്കതറിയാമായിരുന്നു. എന്നിട്ടും അയാള്‍ക്കവളോട് സ്‌നേഹമായിരുന്നു. തനിക്ക് വേറൊന്നും വേണ്ട. കുറച്ച് പരിഗണന കാണിച്ചാല്‍ മാത്രം മതി.  പക്ഷേ, അയാള്‍ക്കുവേണ്ടി നീക്കിവെച്ചിരുന്ന രാത്രിയുടെ ചെറിയ തുണ്ടുകള്‍പോലും അവള്‍ കാമുകന്മാര്‍ക്ക് നല്‍കാന്‍ തുടങ്ങി. പെദ്രോയുടെയോ ഫ്‌ലോറെന്‍സീയോയുടെയോ കൂടെ കഴിഞ്ഞിട്ട് നേരം പുലരുമ്പോള്‍ വന്നു കിടന്നുറങ്ങുന്ന അവളെ നോക്കി അയാളിരുന്നു. പ്രഭാതത്തിലെ നീലവെളിച്ചത്തില്‍ അവള്‍ക്കും നീലനിറമാണെന്നു തോന്നി. അവളെ തൊടാന്‍ കൈനീട്ടിയാല്‍ അവള്‍ പൊട്ടിത്തെറിക്കും: 'മാറിനില്‍ക്ക്, നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്നത് എനിക്ക് തൊണ്ട വരെകിട്ടിക്കഴിഞ്ഞു.' 

rulfoഅങ്ങനെ കുറെനാള്‍ കഴിഞ്ഞപ്പോള്‍ അയാളവളോടു പറഞ്ഞു: ഞാന്‍ നിന്റെ ഭര്‍ത്താവാണ്. നിന്റെ സ്‌നേഹത്തിനും ശരീരത്തിനും എനിക്കും അവകാശമുണ്ട്.  അതവളെ ഭ്രാന്തുപിടിപ്പിച്ചു.
''നിങ്ങള്‍ വ്യത്തികെട്ടവനാണ്; മരിച്ചവരെ പിഴപ്പിക്കുന്നവനാണ്. 'അവള്‍ അലറി: 'നിങ്ങളുടെ സെസീലിയ അമ്മായി അവരുടെ അരക്കെട്ടുകൊണ്ടായിരിക്കും നിങ്ങളെ വളര്‍ത്തിയത്.'
അതോടെ അയാളുടെ എല്ലാ നിയന്ത്രണവും പോയി. അവളെന്തിനാണ് സെസീലിയ അമ്മായിയെ ഇതിലേക്ക് വലിച്ചിഴച്ചത്? അവര്‍ അവളോടെന്തു തെറ്റുചെയ്തു? അവള്‍ക്ക് മറ്റെന്തെല്ലാം പറയാനുണ്ടായിരുന്നു?അയാള്‍ ശരിക്കും ഭ്രാന്തനായി. വാതില്‍ ബന്ധിക്കുന്ന സാക്ഷകൊണ്ട് അയാളവളുടെ തലയ്ക്കടിച്ചു; പലതവണ - അവള്‍ മരിക്കുന്നതു വരെ.

പിന്നീടയാള്‍ കുറ്റബോധംകൊണ്ട് നീറുകയാണ്. താനവളെ കൊല്ലാനുദ്ദേശിച്ചിരുന്നില്ല, അയാള്‍ സ്വയം പറയുന്നു:  അവളെന്നെക്കൊണ്ട് അതു ചെയ്യിച്ചതാണ്. എന്നിട്ടും ഞാനവളുടെ നനഞ്ഞ കണ്ണുകള്‍ തുടച്ചുകൊടുത്തു. അവളെ മരങ്ങള്‍ക്കിടയിലേക്ക് എടുത്തുകൊണ്ടുപോയി; സുഖമായുറങ്ങാന്‍ പതുപതുത്ത  പായലുകള്‍കള്‍ക്കുമേല്‍ അവളെ കിടത്തി...

റൂള്‍ഫോയുടെ കഥപറച്ചിലിന്റെ മാന്ത്രികത്വം അവസാനംവരെ വായനക്കാരനെ  വശീകരിക്കും. കഥയിലൊരിടത്ത്  അദ്ദേഹം ഇങ്ങനെ എഴുതുന്നു:
'വീടിന്റെ മേല്‍ത്തട്ടിലേക്കു നോക്കാന്‍ എനിക്കാവില്ല; ഒരു കഴുക്കോലില്‍നിന്ന് മറ്റൊന്നിലേക്ക് ആരോ നീങ്ങുന്നുണ്ട്;  ജീവനുള്ള ആരോ. രാത്രിയില്‍ മെഴുകുതിരി കൊളുത്തുമ്പോള്‍ ആ നിഴല്‍ ഇളകിയാടാന്‍ തുടങ്ങും. എനിക്കറിയാം അത് ക്ലോത്തില്‍ദെയുടെ രൂപമാണെന്ന്.' യെനസ്‌കോയുടെ 'പുതിയ വാടകക്കാരന്‍' എന്ന നാടകത്തില്‍ ആളൊഴിഞ്ഞ മുറി വീട്ടുസാധനങ്ങള്‍ കൊണ്ട് ക്രമേണ നിറയുന്നത് ചിത്രീകരിച്ചിട്ടുണ്ട്. ഒടുവില്‍ താമസക്കാരനു പോലും മുറിയില്‍ ഇടമില്ലാതാകുന്നു. മരസാമാനങ്ങള്‍കൊണ്ട് ഗതാഗതം തടസ്സപ്പെടുന്നു; നദിയിലെ ഒഴുക്കുപോലും നിലയ്ക്കുന്നു. അതുപോലെ റൂള്‍ഫോയുടെ കഥാപാത്രങ്ങളുടെ മനസ്സിലേക്കൊഴുകുന്നത് പാപബോധമാണ്; ജീവിതത്തിന്റെയും മരണത്തിന്റെയും അതിരുകള്‍ തൂര്‍ത്തുകളയുന്ന നിലയ്ക്കാത്ത  പാപബോധം.  

ഏതാണ്ട് അരനൂറ്റാണ്ടു മുമ്പ് എഴുതപ്പെട്ടിട്ടും  ഇപ്പോഴും റൂള്‍ഫോയുടെ കഥകള്‍ സമകാലികമാവുന്നത് അവയില്‍ അദ്ദേഹമുന്നയിക്കുന്ന ചോദ്യങ്ങള്‍  ജീവിതംപോലെയോ മരണംപോലെയോ എന്നെന്നും നിലനില്‍ക്കുന്നതും ഉത്തരംകിട്ടാത്തതുമായതുകൊണ്ട് മാത്രമാണ്. ഏകാധിപത്യത്തിലും ഏകാന്തതയിലും നഷ്ടപ്പെട്ടുപോകുന്ന അവരുടെ രാഷ്ട്രീയപരിസരം നമ്മുടേതുകൂടിയാണ്.

റൂള്‍ഫോയെപ്പറ്റി ഒക്താവ്യോ പാസ് ഇങ്ങനെ എഴുതി: ഞങ്ങളുടെ ഭൗതികമായ ചുറ്റുപാടുകളെ സംബന്ധിച്ച ഒരു പ്രതീകം നല്‍കാന്‍ കഴിഞ്ഞിട്ടുള്ള ഒരേയൊരു എഴുത്തുകാരന്‍ റൂള്‍ഫോ ആയിരിക്കാം. ഒരു ഇംപ്രഷനിസ്റ്റ് പെയിന്റിംഗോ  യഥാതഥ മായ ചിത്രീകരണമോ അല്ല അദ്ദേഹം നല്‍കുന്നത്. തന്റെ ഭൂതോദയങ്ങള്‍ക്കും സ്വകാര്യ വ്യാമോഹങ്ങള്‍ക്കും കല്ലിലും പൊടിയിലും മരുഭൂമിയിലെ മണലിലും അദ്ദേഹം ആകാരംകൊടുക്കുന്നു. റൂള്‍ഫോയുടെ ഈ ലോകത്തെക്കുറിച്ചുള്ള ദര്‍ശനം യഥാര്‍ത്ഥത്തില്‍ പരലോകത്തെക്കുറിച്ചുള്ളതാണ്. പാസിന്റെ  വാക്കുകള്‍ക്കുള്ള സാക്ഷ്യപത്രങ്ങളാണ് ഈ കഥകള്‍.

( കോളമിസ്റ്റും ചിത്രകാരനും കവിയുമാണ് ലേഖകന്‍. )

Content Highlights : Kadayil Oru Mashinottam, jayakrishnan, juan rulfo, pedro paramo