സുനിൽ ഗുപ്ത തന്റെ ആദ്യത്തെ പുസ്തകമായ ബ്ലാക്ക് വാറണ്ടിലൂടെ പറഞ്ഞതു മുഴുവൻ തിഹാർ ജയിലറായിരിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങളാണ്. പ്രതികളായി ആരോപിക്കപ്പെടുന്നവരുടെ വിചാരണ നീണ്ടുപോവുന്നതുമൂലം നമ്മുടെ ക്രിമിനൽ നീതിനിർവഹണം കാര്യക്ഷമമമാണോ എന്ന് നിരീക്ഷിക്കുകയാണ് തിഹാർ ജയിൽ മുൻ ലീഗൽ അഡ്വൈസർ കൂടിയായ സുനിൽ ഗുപ്ത.

യക്കുമരുന്ന് കള്ളക്കടത്തുകേസിലാണ് നൈജീരിയക്കാരനായ റിച്ചാർഡ് ജൂഡ് അറസ്റ്റിലാവുന്നത്. തിഹാർ ജയിലിലേക്കയക്കപ്പെട്ട ജൂഡ് ആറ് വർഷമാണ് വിചാരണയും കാത്ത് തടവിൽ കഴിയേണ്ടി വന്നത്. അത് സംഭവിച്ചത് നമ്മുടെ ക്രിമിനൽ നീതിനിർവഹണത്തിന്റെ പിടിപ്പുകേട് കൊണ്ടുമാത്രമാണ്. മതിയായ തെളിവുകൾ നിരത്താൻ പ്രോസിക്യൂഷന് കഴിയാത്തതിനാൽ കോടതി അയാളെ പിന്നീട് കുറ്റവിമുക്തനാക്കി. നിരപരാധിയാണെന്ന് കോടതി വിധിച്ചപ്പോൾ അയാൾ കരയുകയായിരുന്നു. തന്റെ ഇരുപത്തിമൂന്നാമത്തെ വയസിലാണ് റിച്ചാർഡ് ജയിലിലാവുന്നത്. ഒരു വിദേശിയാണെന്നോർക്കണം. കുറ്റവിമുക്തനായപ്പോൾ പ്രായം മുപ്പതിനോടടുത്തു. ഒരു നൈജീരിയക്കാരന്റെ ജീവിതത്തിലെ അതിപ്രധാനമായ ആറ് വർഷമാണ് നമ്മുടെ പിടിപ്പുകേട്കൊണ്ട് നഷ്ടമായത്. നമുക്കത് ഒരിക്കലും തിരിച്ചുകൊടുക്കാൻ കഴിയുകയില്ല. റിച്ചാർഡ് ജൂഡിനെ അത്രയും കാലം ജയിലിൽ അടയ്ക്കേണ്ട കാര്യമുണ്ടായിരുന്നോ?

ചരൺജിത്ത് എന്നൊരു യുവാവിനെ നിങ്ങൾ അറിയേണ്ടതുണ്ട്. ഒരു കൊലപാതകക്കേസിലാണ് ചരൺജിത്തിനെ പോലീസ് അറസ്റ്റു ചെയ്യുന്നത്. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾതന്നെ അയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചു തുടങ്ങി. അയാളുടെ മാനസികാസ്വാസ്ഥ്യം കാരണം പന്ത്രണ്ട് വർഷം വിചാരണനടപടികൾ നീട്ടിവെച്ചു. ജയിൽ ഉദ്യോഗസ്ഥർ അയാളെ ചികിത്സയ്‍ക്കു വിധേയനാക്കി. ഒരു മാനസികരോഗിയെ അനിശ്ചിതകാലത്തേയ്‍ക്ക് തടവിലിടാൻ അനുവാദമില്ലാത്തതിനാൽ കേസ് ഹൈക്കോടതിയുടെ പരിഗണനയിലേക്ക് മാറ്റി.അയാൾക്ക് ജയിലിൽത്തന്നെ തുടരേണ്ടി വന്നു. മാനസികരോഗം കാരണം മറ്റൊരാളും അയാളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു. പന്ത്രണ്ടുവർഷത്തിനു ശേഷമാണ് അയാളുടെ കേസ് പിന്നെ പരിഗണിച്ചത്! പതിനാലുവർഷത്തെ ജീവപര്യന്തം വിധിച്ചിരുന്നെങ്കിൽ ഈ പന്ത്രണ്ട് വർഷം അങ്ങനെ കഴിയുമായിരുന്നു. ഇത്തരം കേസുകളിൽ കോടതിയ്‍ക്ക് എന്തുതീരുമാനമെടുക്കണമെന്ന പ്രതിസന്ധിയുണ്ടാവാറുണ്ട്. ജയിലേയ്‍ക്ക് തിരിച്ചയക്കാനല്ലാതെ കോടതിയ്‍ക്ക് മറ്റൊരു ഓപ്ഷനുണ്ടായിരുന്നില്ല. ജയിലധികൃതർ മുൻകൈയെടുത്ത് എൻ.ജി.ഒയായ ഹെൽപേജ് ഇന്ത്യയ്‍ക്ക് ചരൺജിത്തിന്റെ കസ്റ്റഡി നല്കി. പിന്നീട് അവിടെവച്ച് അയാൾ മരണമടയുകയായിരുന്നു. നമ്മുടെ ക്രിമിനൽ നീതിനിർവഹണ സംവിധാനം കാര്യക്ഷമമായിരുന്നെങ്കിൽ ചരൺജിത്തിന്റെ കേസ് വളരെക്കാലം മുന്നേ തീരുമാനമാകുമായിരുന്നു.

മിനു തൽവാറിനെക്കൂടി നിങ്ങൾക്കു പരിചയപ്പെടുത്തട്ടെ. സ്വന്തം ഭർത്താവിന്റെ കൊലപാതകത്തെത്തുടർന്നാണ് മിനു തൽവാർ ജയിലിലടയ്‍ക്കപ്പെടുന്നത്. ഏഴുവർഷത്തെ വിചാരണയ്‍ക്ക് ശേഷം മിനുതൽവാറിനെ കോടതി കുറ്റവിമുക്തയാക്കി. ജയിൽമോചിതയായപ്പോൾ ഏറ്റെടുക്കാൻ ആരും വന്നില്ല. ഞങ്ങൾക്കാണെങ്കിൽ അവൾക്ക് ജയിലിൽ നിന്നും വിടുതൽ കൊടുക്കേണ്ടതുണ്ട്. പിന്നെ സാമൂഹ്യക്ഷേമവകുപ്പിന്റെ വിമൻ റസ്ക്യൂ ഹോമിലേക്ക് മിനുവിനെ മാറ്റേണ്ടിവന്നു. അവളുടെ മാതാപിതാക്കൾ മകളുടെ ചെയ്തിയിൽ മനംനൊന്ത് നേരത്തേ മരണമടഞ്ഞു. പിന്നെയുണ്ടായിരുന്നത് സഹോദരനാണ്. അയാൾ ഏറ്റെടുക്കാൻ തയ്യാറായില്ല. ജയിൽമോചിതരാവുന്നവർ സുരക്ഷിതരാണോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. വനിതാകുറ്റവാളികളുടെ കാര്യത്തിൽ ഇതൊരു വലിയ പ്രശ്നമാണ്. അവർ തടവുകഴിഞ്ഞ് ഇറങ്ങുമ്പോൾ ബന്ധുമിത്രാദികൾ ഏറ്റെടുക്കാൻ തയ്യാറാവില്ല. പുരുഷന്മാരെ വിട്ടയക്കുന്നതുപോലെ അത്ര ലാഘവത്തോടെ വനിതാതടവുകാരെ വിട്ടയക്കാൻ പറ്റില്ല. യുവതികളാണെങ്കിൽ തീർച്ചയായും ബന്ധുക്കൾക്കോ അല്ലെങ്കിൽ സർക്കാർ ഉടമസ്ഥതയിലുള്ള വിമൻഹോമുകളിലോ അവരെ ഏൽപിക്കേണ്ടതുണ്ട്.

1339 ജയിലുകള്‍ 4,66,084 തടവുകാര്‍...എങ്ങനെയുണ്ട് നമ്മുടെ ക്രിമിനല്‍നീതിനിര്‍വഹണം!
വര: ശ്രീലാൽ

മേൽപ്പറഞ്ഞ മൂന്നുകേസുകളും വിചാരണ നീണ്ടുപോയതിനാൽ പ്രായത്തിന്റെ നല്ലകാലം ജയിലുകളിൽ കഴിയാൻ നിർബന്ധിതരായവരുടേതാണ്. നമ്മുടെ കാര്യക്ഷമമല്ലാത്ത ക്രിമിനൽനിയമനിർവഹണ സംവിധാനമാണ് ഇത്തരത്തിലുള്ളവരുടെ ജീവിതകാലത്തെ കവർന്നെടുക്കുന്നത്. ജുഡീഷ്യറിയെ മാത്രം ഈ വിഷയത്തിൽ കുറ്റപ്പെടുത്താനാകില്ല. മറിച്ച് കോടതിയും പോലീസും പ്രോസിക്യൂഷനും ജയിലുകളും അടങ്ങുന്നതാണ് ക്രിമിനൽ നിയമവ്യവസ്ഥാ നിർവഹണ സംവിധാനം എന്നത്. ഇപ്പറഞ്ഞവയെല്ലാം ഒരേപോലെ കാര്യക്ഷമമായെങ്കിൽ മാത്രമേ നമ്മുടെ ക്രിമിനൽ ജസ്റ്റിസ് അഡ്മിനിസ്ട്രേഷൻ സാധ്യമാവുകയുള്ളൂ. ഒരുപാട് കേസുകളിൽ വിചാരണ നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഇനിയും നടക്കേണ്ടതായ വിചാരണകളുണ്ട്.

ഒരു കോടതിയ്‍ക്കും കുറ്റക്കാരാണെന്ന് കണ്ടെത്താൻ കഴിയാതെ, ആയിരക്കണക്കിന് ആളുകളാണ് ഇന്ത്യൻ ജയിലുകളിൽ വർഷങ്ങളായി കുടുങ്ങിക്കിടക്കുന്നത്. ജാമ്യത്തുക കെട്ടിവെക്കാൻ ശേഷിയില്ലാത്ത, നിരക്ഷരരോ നിയമനടപടികൾ ശരിയായ രീതിയിൽ മനസ്സിലാക്കാൻ കഴിയാത്തവരോ ആയ നിർധനരായ യുവാക്കളാണ് അവരിൽ ഭൂരിഭാഗവും. അവർക്ക് മികച്ച അഭിഭാഷകരുമായി കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കാൻ കഴിയണമെന്നില്ല. കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ത്യൻ ജയിലുകളിൽ അടയ്‍ക്കപ്പെട്ട എഴുപത് ശതമാനം ആളുകളും കുറ്റക്കാരാണെന്ന് തെളിയിക്കാൻ ഒരു കോടതിയ്‍ക്കും കഴിഞ്ഞിട്ടില്ല എന്നാണ്. ഭൂരിഭാഗം ആളുകളും ഇനിയും തുടങ്ങേണ്ടതായ തങ്ങളുടെ കോടതി വിചാരണയ്‍ക്കായി വർഷങ്ങളോളമുള്ള കാത്തിരിപ്പ് തുടരുന്നവരാണ്. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യൻ ജയിലുകളിൽ നിറഞ്ഞിരിക്കുന്നത് നിരക്ഷരരോ, പ്രാഥമിക വിദ്യാഭ്യാസം മാത്രം നേടിയിട്ടുള്ളവരോ ആയ യുവാക്കളായ സ്ത്രീ-പുരുഷന്മാരെക്കൊണ്ടാണ്. സാമൂഹികമായും സാമ്പത്തികമായും ഏറ്റവും ദുർബലപ്പെട്ട വിഭാഗങ്ങളിൽപെട്ടവരാണ് ഇവർ. അതിനാൽത്തന്നെ ജാമ്യത്തുക കെട്ടിവെക്കാനും ശേഷിയില്ല.

ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ സമയാസമയത്ത് നടത്തപ്പെട്ട കണക്കെടുപ്പുകൾ പ്രകാരം വിചാരണത്തടവുകാരായി കഴിയുന്ന ആളുകളുടെ എണ്ണം നീതിനിർവഹണ വ്യവസ്ഥയെ ലജ്ജിപ്പിക്കുംവിധം ഉയർന്നിരിക്കുന്നു എന്നതാണ്. 'നിർഭാഗ്യവശാൽ വിസ്മരിക്കപ്പെട്ട മനുശ്യരാശിയുടെ മാതൃക' എന്നാണ് ഈ തടവുകാരെ വിശേഷിപ്പിച്ചിരിക്കുന്നത്. നാൽപത് വർഷം  മുൻപ് ബഹുമാനപ്പെട്ട സുപ്രീം കോടതി സുനിൽ ബത്രയുടെ കേസിൽ ഒരു വിധി പുറപ്പെടുവിക്കുകയുണ്ടായി. ''നമ്മുടെ ജയിലുകളിലെ ഇരുണ്ട തടവറകളിൽ ക്ഷമയോടെ സ്ത്രീകളും പുരുഷന്മാരും കാത്തിരിക്കുകയാണ്. ഒരുപക്ഷേ അവർ അക്ഷമരായിരിക്കാം. അവരുടെ വ്യർഥമായ കാത്തിരിപ്പ് നീതിയ്‍ക്കുവേണ്ടിയാണ് എന്ന് സർക്കാരും നിയമവ്യവസ്ഥയും തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ നിർഭാഗ്യവാന്മാരെ സംബന്ധിച്ചിടത്തോളം നിയമമെന്നത് അനീതിയുടെ ഉപകരണങ്ങൾ മാത്രമാണെന്നും കോടതി നിരീക്ഷിക്കുന്നു.'' ക്രിമിനൽ നീതിനിർവഹണത്തിന്റെ അലംഭാവം മൂലം നിസ്സഹായരായ ഇരകളാണ് ഈ തടവറയിൽകഴിയുന്നവർ.

ഇങ്ങനെ പറഞ്ഞിട്ട് നാലു ദശാബ്ദങ്ങൾ കഴിഞ്ഞെങ്കിലും വിചാരണയുടെ കനിവും കാത്ത് കഴിയുന്നവരുടെ എണ്ണം കൂടുകയല്ലാതെ മറ്റു പുരോഗതിയൊന്നുമുണ്ടായിട്ടില്ല. 1978-ലെ ജയിൽ കണക്കെടുപ്പുകൾ പ്രകാരം അമ്പത്തിനാല് ശതമാനം പേർ വിചാരണത്തടവുകാരായിരുന്നു. 2014 ആയപ്പോളേക്കും അത് അറുപത്തിയഞ്ച് ശതമാനമായി, 2017-ൽ അറുപത്തിയെട്ടും 2018ൽ എഴുപത് ശതമാനമായും ഉയർന്നു. ഇന്ത്യൻ നിയമവ്യവസ്ഥയുടെ അലസതയാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. വിചാരണത്തടവുകാരുടെ എണ്ണം വർധിക്കുന്ന സാഹചര്യം ജയിലുകളിൽ ഉണ്ടാവുക എന്നതിനർഥം നമ്മുടെ വ്യവസ്ഥകൾ തളരുന്നു എന്നാണ്. മറിച്ച് കുറ്റവാളികളാണ് ജയിലുകളിൽ കൂടുതലുള്ളത് എന്നതിനർഥം നമ്മുടെ വ്യവസ്ഥകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുമാണ്.

പാശ്ചാത്യനാടുകളിലെ ജയിലുകളിലേക്ക് എത്തിനോക്കിയാൽ, ഒരുതരത്തിൽപോലും സമൂഹത്തിന് വെച്ചുപൊറുപ്പിക്കാനാവാത്ത, അതിഗുരുതരമായ കൃത്യങ്ങൾ ചെയ്തവരെയാണ് അവർ ജയിലിലടയ്‍ക്കുന്നത് എന്നു നമുക്ക് കാണാനാകും. പക്ഷേ, ഇന്ത്യയിൽ ആരെയും എപ്പോൾ വേണമെങ്കിലും അറസ്റ്റ് ചെയ്ത് ജയിലിലടയ്‍ക്കാം. അതിന് കാരണം വിവേചനരഹിതമായ അറസ്റ്റുകളും ജയിൽ നിറയ്‍ക്കലുകളും കോടതിയുടെ അധികാരപരിധിയിൽ നിന്നും കൈവിട്ടുപോകുന്നതാണ്. ഇന്ത്യയിൽ 1339 ജയിലുകളാണ് ഉള്ളത്. അതിന്റെ യഥാർഥ ശേഷിയനുസരിച്ച് 3,96,223 പേരെ തടവുകാരയി പാർപ്പിക്കാം. അതേസമയം നമ്മുടെ ജയിലുകളിൽ കുത്തിനിറച്ചിരിക്കുന്നവരുടെ എണ്ണം അറിയേണ്ടേ? 4,66,084 തടവുകാർ!117.6% പേരെ നമ്മൾ അടച്ചിട്ടിരിക്കുന്നു!

മാസത്തിൽ എട്ടായിരം രൂപയിൽ കുറഞ്ഞ,ദിവസക്കണക്കിൽ 266 രൂപ വരുമാനമുള്ളവരാണ് തടവുകാരിൽ ഏറെപ്പേരും. സമൂഹത്തിലെ ജാതീയാടിസ്ഥാനത്തിൽ താഴെത്തട്ടിലുള്ള പട്ടികജാതി-പട്ടികവർഗക്കാരും മറ്റ് പിന്നോക്ക വിഭാഗക്കാരുമാണ് ഇവരിൽ ബഹുഭൂരിപക്ഷവും എന്ന വസ്തുതയും പഠനവിധേയമാക്കേണ്ടതുതന്നെയാണ്.

നിയമപ്രക്രിയകളുടെ അതിസങ്കീർണമായ പ്രവർത്തനങ്ങൾ മനസ്സിലാക്കിയെടുക്കാനുള്ള വിദ്യാഭ്യാസശേഷിയും ഇവർക്കില്ല എന്നതും വെല്ലുവിളിയാണ്. അവർക്കുമേൽ ചുമത്തപ്പെട്ടിരിക്കുന്ന കുറ്റത്തിന്റെ ഗൗരവം ഉൾക്കൊള്ളാൻ തൻമൂലം കഴിയാതെ പോകുന്നു. ഇന്ത്യൻ നീതിന്യായവ്യവസ്ഥയിൽ അരുതാത്തതെന്ത് അല്ലാത്തതെന്ത് എന്ന് അവർക്കറിയില്ല. വിചാരണവേളയിൽ കോടതി ഭാഷയിലുള്ള അജ്ഞതനിമിത്തം എന്താണ് നടക്കുന്നതെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിയുന്നുമില്ല.

തടവുകാരായവരുടെ എണ്ണത്തിൽ 45 ശതമാനം പേർ പതിനെട്ടിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. അത് ചൂണ്ടിക്കാണിക്കുന്നത് ദാരിദ്ര്യവും കുറ്റകൃത്യങ്ങളും തമ്മിലുള്ള അസാന്മാർഗിക ബന്ധത്തെയാണ്. തെറ്റായ പ്രോസിക്യൂഷൻ രീതികളെയും നിയമപരിഹാരങ്ങളെയും കുറിച്ച് പഠിച്ച 2018 ലെ നിയമകമ്മീഷൻ റിപ്പോർട്ട് പ്രകാരം നിർദേശിക്കുന്നത് കുറ്റവാളികളുടെ കുറ്റത്തിന്റെ വ്യാപ്തിയനുസരിച്ച് സാമ്പത്തികപരമായതും അല്ലാത്തതുമായ പരിഹാരങ്ങൾ നിർദേശിക്കണമെന്നാണ്. കൗൺസിലിംഗ്, മാനസികാരോഗ്യസേവനങ്ങൾ, തൊഴിലധിഷ്ഠിത പദ്ധതികൾ തുടങ്ങിയവ പ്രോത്സാഹിപ്പിക്കാനും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. ''നഷ്ടപ്പെട്ട വർഷങ്ങൾക്ക് പരിഹാരം നൽകിയേ തീരൂ. അവർ നേരിട്ട സാമൂഹികകളങ്കം, മാനസികവും ശാരീരികവും വൈകാരികവുമായ പീഡനങ്ങൾ, അവർ വഹിക്കേണ്ടിവന്ന ചെലവുകൾ എന്നിവയ്‍ക്ക് പ്രതിഫലം നല്കിയെ മതിയാകൂ' എന്നും റിപ്പോർട്ടിൽ നിർദേശിക്കുന്നു.

ബഹുമാനപ്പെട്ട സുപ്രീം കോടതി നിരീക്ഷിക്കുന്നു: ഒരു തടവുപുള്ളിയുടെ വിചാരണത്തടവ് എന്നത് ഒരു കുറ്റവാളിയുടെ ജയിൽവാസംപോലെത്തന്നെ അപമാനകരമാണ്. കാരണം സമൂഹത്തിന്റെ ചൂണ്ടുവിരലും ദോഷൈകദൃക്കുകളും ഈ രണ്ടുകൂട്ടരെയും വേർതിരിച്ചുകാണുകയില്ല. വിചാരണ വെച്ചുനീട്ടാതെ കൃത്യമായ കാലയളവ് കൊണ്ട് ചെയ്തുതീർക്കുക എന്നതാണ് ഇതിനുള്ള ഏക പരിഹാരം. ക്രിമിനൽ നീതിനിർവഹണം കാര്യക്ഷമമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കുറ്റാരോപിതൻ നിയമവ്യസ്ഥയുടെ ഇരയായിമാറുന്ന സാഹചര്യമുണ്ടായാൽ സർക്കാർ നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാകണം. കേസുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്നും പിടിച്ചെടുത്തിട്ടുവേണം നഷ്ടപരിഹാരം കൊടുക്കാൻ. അങ്ങനെ മാത്രമേ സാധാരണക്കാരും നിസ്സഹായരുമായവരെ തകർന്നടിഞ്ഞ ക്രിമിനൽ നിയമവ്യവസ്ഥയുടെ കടന്നാക്രമണത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കുകയുളളൂ.
(തുടരും)

മൊഴിമാറ്റം: ഷബിത

Content Highlights: Tihar Jail , Sunil Gupta, Black Warrant, Jail AndJ Juscitce