1995 ജൂലെ അഞ്ചിനാണ് തിഹാറിൽ വച്ച് ബിസ്കറ്റ് രാജാവ് രാജൻപിള്ള മരണപ്പെടുന്നത്. താൻ കരൾ രോഗിയാണെന്നും ആവശ്യമുള്ള ചികിത്സകൾ ലഭ്യമാക്കണെമെന്നും രാജൻ പിള്ള കോടതിയോട് അഭ്യർഥിക്കുകയും ജയിലിലെ റസിഡന്റ് മെഡിക്കൽ ഓഫീസർക്ക് കോടതി നിർദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ ആശയവിനിമയം മതിയായ രീതിയിൽ നടന്നില്ല. അവശ്യ ചികിത്സ ലഭിക്കാതെ രാജൻ പിള്ള തിഹാർ ജയിലിൽ വച്ച് മരണപ്പെട്ടു. രാജൻ പിള്ള മരണത്തിൽ ജയിൽ അധികൃതരുടെ അലംഭാവമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടുകയും മെഡിക്കൽ ഓഫീസറെ സസ്പെപെൻഡ് ചെയ്യുകയും ചെയ്തു. രാജൻ പിള്ളയുടെ ഭാര്യ നീനാ പിള്ളയ്ക്ക് പത്തുലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ തിഹാർ ജയിലിനോട് കോടതി ഉത്തരവിട്ടു.

രാജൻ പിള്ള ജയിലിൽ വച്ച് മരണപ്പെട്ടതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഗൂഢാലോചന നടത്തിയവരെ തനിക്കറിയാമെന്നും നീനാ പിള്ള ആരോപിച്ചതിന്റെ പശ്ചാത്തലത്തിൽ മരണത്തെക്കുറിച്ച് ജസ്റ്റിസ് ലീലാ സേഠിന്റെ അധ്യക്ഷതയിൽ ജുഡീഷ്യൽ അന്വേഷണമാരംഭിച്ചു. എന്നാൽ മതിയായ തെളിവുകൾ കണ്ടെത്താനായില്ല. പോസ്റ്റുമോർട്ടം റിപ്പോർട്ട് പ്രകാരം ശ്വാസകോശത്തിൽ രക്തം കട്ടപിടിച്ചുണ്ടായ ശ്വാസതടസ്സം മൂലമാണ് മരണം സംഭവിച്ചത്.

രാജൻ പിള്ള സംഭവത്തിനുശേഷം ജയിൽ ചട്ടങ്ങളിൽ വരുത്തിയ മാറ്റത്തിൽ പ്രധാനപ്പെട്ടത് തടവുകാരൻ രോഗിയാണെങ്കിൽ അയാൾ സ്ഥിരം ചികിത്സ തേടുന്ന ഡോക്ടർ തന്നെ പരിശോധിച്ച് മരുന്നുനല്കേണ്ടതാണ് എന്നുള്ളതാണ്. തിഹാറിലെ ഡോക്ടറുടെ സേവനം ഇരുപത്തിനാല് മണിക്കൂർ ആക്കിയതും ഈ സംഭവത്തിനു ശേഷമാണ്. ഗൂഢാലോചനക്കാരെ തനിക്കറിയാമെന്ന ആരോപണത്തിൽ നിന്നും നീന പിള്ള പിന്മാറിയതോടെ കേസിലെ ദുരൂഹതയും നീങ്ങി.

നാഗർവാല എന്ന പേര് എഴുപതുകളിലാണ് തിഹാറിൽ മുഴങ്ങിക്കേട്ടത്. തന്റെ ശബ്ദത്തിൽ മാറ്റം വരുത്തിക്കൊണ്ട് പാർലമെന്റ് സ്ട്രീറ്റിലെ സ്റ്റേറ്റ് ബാങ്ക് ശാഖയിലേക്ക് വിളിച്ചു. പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് വളരെ പെട്ടെന്നു തന്നെ അറുപത് ലക്ഷം രൂപ ആവശ്യമുണ്ടെന്നും അത് ഉടനടി തയ്യാറാക്കി വയ്ക്കാനുമായിരുന്നു പറഞ്ഞത്. ഫോൺ അറ്റന്റ് ചെയ്ത ഹെഡ് കാഷ്യർ മൽഹോത്ര ഉടൻ തന്നെ പണമൊരുക്കിവക്കാൻ കാരണമുണ്ടായിരുന്നു; ബം​ഗ്ലാദേശിനെ ഇന്ത്യ കയ്യയച്ചു സഹായിക്കുന്ന കാലമാണ്. ദേശീയ പ്രാധാന്യമുള്ള ഒരു കാര്യത്തിനാണ്, അതിരഹസ്യമാണ് എന്നൊക്കെയാണ് മൽഹോത്രയെ പറഞ്ഞു ധരിപ്പിച്ചത്. താൻ പ്രധാനമന്ത്രിയുടെ രഹസ്യ കൊറിയർ സേവകനാണെന്നും പറയാൻ നാഗർവാല മറന്നില്ല. പണമൊരുക്കിവച്ചതിനുശേഷം ഉടൻ തന്നെ പ്രധാനമന്ത്രിയുടെ ഓഫീസിൽ ചെന്ന് റസീറ്റ് കൈപ്പറ്റാനും മൽഹോത്രയോട് നിർദ്ദേശിച്ചു. ഒരു ടാക്സി വിളിച്ച് അറുപത് ലക്ഷമടങ്ങുന്ന പണപ്പെട്ടി മൽഹോത്ര കൃത്യമായി നാഗർവാല പറഞ്ഞ സ്ഥലത്തെത്തിക്കുകയും ചെയ്തു. നാഗർവാലയുടെ സഹായി പണമേറ്റുവാങ്ങി.

പ്രധാനമന്ത്രിയുടെ ഓഫീസിൽ രസീറ്റിനായി വൈകുന്നേരം മൽഹോത്ര ചെന്നപ്പോഴാണ് അറിയുന്നത് അങ്ങനെയൊരു ഫണ്ട് ഇന്ദിരാഗാന്ധി ബാങ്കിനോട് ആവശ്യപ്പെട്ടിട്ടേയില്ല എന്ന്! കബളിക്കപ്പെട്ടുവെന്ന് മനസ്സിലായ മൽഹോത്ര പോലീസിൽ പരാതിപ്പെട്ടു. ഒരു ദിവസത്തിനുള്ളിൽത്തന്നെ വിമാനത്താവളത്തിൽ നിന്നും നാഗർവാലയെ അറസ്റ്റു ചെയ്തു. പണവും പിടിച്ചെടുത്തു. നാലുവർത്തെ കഠിനതടവിന് വിധിക്കപ്പെട്ട നാഗർവാല തിഹാറിൽ തടവിലിരിക്കേ കൊല്ലപ്പെട്ടു. സ്ലോ പോയിസൺ ശരീരത്തിൽ കടന്നതു കാരണമാണ് നാഗർ വാല കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ അമ്പത് വയസ്സായിരുന്നു റുസ്തം സൊഹ്റാബ് നാഗർവാലയ്ക്ക്.

സുന്ദർ ഠാക്കൂർ കൊല്ലപ്പെടുന്നത് കോടതിയിലേക്ക് പോകുന്ന വഴിയാണ്. സഞ്ജയ് ഗാന്ധിയ്ക്കെതിരായി വധഭീഷണി മുഴക്കിയതിനാണ് സുന്ദർ ഠാക്കൂറിനെ അറസ്റ്റുചെയ്തത്. കോടതിയിലേക്ക് പോകുന്ന വഴിയ്ക്ക് അന്നത്തെ ഡൽഹി പോലീസ് കമ്മിഷണറായിരുന്ന പ്രീതം സിങ് ബിന്ദറുടെ നേതൃത്വത്തിൽ യമുനാനദിയിൽ മുക്കിക്കൊല്ലുകയായിരുന്നു.

കോടതിയിലേക്ക് പ്രതികളെ കൊണ്ടുപോകും വഴി ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ട ധാരാളം പേരുണ്ട്. രക്ഷപ്പെടാനുള്ള പഴുതുകൾ ഒരിക്കലും നഷ്ടപ്പെടുത്താൻ കുറ്റവാളികൾ തയ്യാറാവില്ല, അവിടെ ജീവന് യാതൊരു പരിഗണനയുമില്ല. തെലുങ്കാനയിൽ കൂട്ടബലാത്സംഗപ്രതികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത് ഈയടുത്താണല്ലോ.

1994-ലാണ് രാജ്കുമാർ സഹതടവുകാരാൽ കൊല്ലപ്പെട്ടത്. സെല്ലിൽ വച്ച് അടിപിടിയുണ്ടായി അത് കൊലപാതകത്തിലെത്തി. നിർഭയ കേസിലെ പ്രതി രാംസിങ് തിഹാറിൽ തൂങ്ങിയ നിലയിൽ കാണപ്പെട്ടതും ഈയവസരത്തിൽ ഓർക്കേണ്ടതുണ്ട്. സഹതടവുകാർ തല്ലിക്കൊന്ന് തൂക്കിയതാണെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലായിരുന്നു.

ജയിലുകളിലെ മരണങ്ങൾ പ്രധാനമായും രണ്ടായിട്ടാണ് തരം തിരിച്ചിരിക്കുന്നത്- സ്വാഭാവിക മരണവും അസ്വാഭാവിക മരണവും. സ്വാഭാവിക മരണത്തെ വീണ്ടും രണ്ടായി തിരിക്കാം- പ്രായാധിക്യം കൊണ്ടുള്ള മരണവും അസുഖങ്ങൾ മൂലമുള്ള മരണവും. അസുഖങ്ങളെ വീണ്ടും തരം തിരിക്കേണ്ടതുണ്ട്. ഹൃദ്രോഗം, ശ്വാസകോശസംബന്ധമായ അസുഖങ്ങൾ, കരൾ അസുഖങ്ങൾ, കിഡ്നി തകരാറുകൾ, കാൻസർ, എയ്‌ഡ്സ്, ക്ഷയം,പക്ഷാഘാതം, കോളറ,ഡയേറിയ,അപസ്മാരത്തോടുകൂടിയുള്ള സ്കീസോഫ്രീനിയ, മസ്തിഷ്കാഘാതം, കുടൽ സംബന്ധമായ അസുഖങ്ങൾ, ഡ്രഗ്സ്/ ആൽക്കഹോൾ വിത്ഡ്രോവൽ സിംപ്റ്റംസ്, മറ്റ് അസുഖങ്ങൾ എല്ലാം സ്വാഭാവിക മരണത്തിന് കാരണമാകുന്നുണ്ട്. സ്വാഭാവിക മരണങ്ങൾ ഏതിടങ്ങളിലും നടക്കുന്നതുപോലെ തന്നെ ജയിലിലും സംഭവിക്കുന്നു. എന്റെ സർവീസ് കാലയളവിൽ ഞാൻ കണ്ട തികച്ചും ശാന്തമായ സ്വാഭാവികമരണം തൊണ്ണൂറ് വയസ്സുള്ള കിഷൻ ലാലിന്റേതായിരുന്നു. മകന്റെ ഭാര്യയുടെ കൊലപാതകക്കേസിലാണ് കിഷൻ തടവിലായത്.

എന്നാൽ കോലാഹലങ്ങൾ സൃഷ്ടിക്കുന്നതും മാധ്യമശ്രദ്ധ പിടിച്ചുപറ്റുന്നതുമാണ് ജയിലിലെ അസ്വാഭാവിക മരണങ്ങൾ. ആത്മഹത്യ, സഹതടവുകാരാൽ കൊല്ലപ്പെടൽ, പുറത്തുനിന്നും എത്തപ്പെട്ട വസ്തുക്കൾ മുഖേന കൊല്ലപ്പെടുക (വിഷം, കത്തി, തുടങ്ങിയവ) വെടിവെപ്പിൽ കൊല്ലപ്പെടൽ, ജയിൽ അധികൃതരുടെ അനാസ്ഥയും അലംഭാവവും മൂലം മതിയായ പരിചരണവും ശ്രദ്ധയും കിട്ടാതെ മരണപ്പെടൽ, ജോലികൾ ചെയ്യുന്നതിനിടയിൽ അപകടം പറ്റി മരണപ്പെടുക തുടങ്ങിയവയെല്ലാം ജയിലിലെ അസ്വാഭാവിക മരണങ്ങളിൽ ഉൾപ്പെടുന്നതാണ്.

അസ്വാഭാവിക മരണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ആത്മഹത്യയെ അതിന്റെ സ്വാഭാവമനുസരിച്ച് വീണ്ടും തരം തിരിച്ചിരിക്കുന്നു. തൂങ്ങിമരണം, സ്വയം മുറിവേൽപിച്ചുള്ള മരണം, വിഷം അകത്തുചെന്നുള്ള മരണം, അമിതമായി മയക്കുമരുന്നോ മദ്യമോ അകത്തെത്തിയിട്ടുള്ള മരണം, ഷോക്കേൽപ്പിച്ചുളള മരണം തുടങ്ങിയവയാണ് ഈ വിഭാഗത്തിൽ പെടുന്നത്.

ഇരുപത്തിയൊന്നുകാരനായ സഞ്ജീവ് തന്റെ പൈജാമയെ കയറുപോലെ പിരിച്ചുകെട്ടിയാണ് തൂങ്ങിമരിച്ചത്. പ്രൈവറ്റ് ട്യൂഷൻ ക്ലാസുകൾ എടുത്തിരുന്ന സഞ്ജീവ് ഒരു കുട്ടിയെ പീഡിപ്പിച്ച കേസിലാണ് തടവിലാവുന്നത്. തൂങ്ങിമരിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ ആൾ സഞ്ജീവ് ആയിരുന്നു. മറ്റ് ആത്മഹത്യോപാധികളെ അപേക്ഷിച്ചു നോക്കുമ്പോൾ ഇട്ടിരിക്കുന്ന പൈജാമയും ഒരു ടോയ് ലറ്റുമുണ്ടെങ്കിൽ തൂങ്ങിമരണം സാധ്യമാക്കാം. അത് കൊണ്ടുതന്നെ ഇത്തരത്തിലുള്ള മരണം സംഭവിച്ചാൽ ആദ്യം ചെയ്യുന്നത് മറ്റ് തടവുകാരെ അറിയിക്കാതെ, കാണിക്കാതെ ബോഡി മാറ്റുക എന്നതാണ്. ആത്മഹത്യ ഒരു പ്രചോദനമാവാതിരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. അതിനെല്ലാം മുമ്പേ തന്നെ തന്നെ മരണപ്പെട്ടയാളുടെ ശരീരം മൊത്തത്തിൽ പരിശോധിക്കും. ജയിൽ ഉദ്യോഗസ്ഥർക്കെതിരേ വല്ല പരാതിയും എഴുതിവച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും ആ കടലാസ് പുറംലോകം കാണില്ല.

സഹതടവുകാരാൽ കൊല്ലപ്പെടുന്നതിനെയും വിവിധ വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്- വെടിവെപ്പ്, കൂട്ടമായി മർദ്ദിച്ചുകൊലപ്പെടുത്തൽ, കുത്തിക്കൊല്ലൽ, പരസ്പര സംഘട്ടനത്തിലൂടെ കൊല്ലപ്പെടൽ തുടങ്ങിയവയാണവ.
അവഗണനമൂലം മരണപ്പെടുന്നതും അസ്വാഭാവിക മരണത്തിൽ ഉൾപ്പെടുന്നു എന്നു പറഞ്ഞല്ലോ. ജയിൽ അധികൃതരുടെ അലംഭാവം മൂലം, ജയിൽ മെഡിക്കൽ സ്റ്റാഫിന്റെ അലംഭാവം മൂലം, പോലീസിന്റെയോ (കസ്റ്റഡിയിലിരിക്കേ) ജയിലിനു പുറത്തുള്ള ആശുപത്രി അധികൃതരുടെ അനാസ്ഥമൂലമോ ജയിൽ ഉദ്യോഗസ്ഥരുടെ മർദ്ദനം മൂലമോ സംഭവിക്കുന്ന മരണങ്ങളെയാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം(2018) 1,845 പേരാണ് ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കേ മരണപ്പെട്ടിട്ടുള്ളത്. അതിൽ 1,639(88.3%) എണ്ണം സ്വാഭാവിക മരണവും 149(8.08%) എണ്ണം അസ്വാഭാവിക മരണവുമാണ്. മൊത്തം അസ്വാഭാവിക മരണത്തിൽ 57 മരണങ്ങളുടെ കാരണങ്ങൾ ഇതുവരെ റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടില്ല.

1,639 സ്വാഭാവിക മരണങ്ങളിൽ 1559 മരണങ്ങളും അസുഖങ്ങൾ മൂലവും 80 മരണങ്ങൾ പ്രായാധിക്യത്താലുമുള്ളതാണ്. പശ്ചിമബംഗാളിൽ നിന്നും റിപ്പോർട്ടു ചെയ്യപ്പെട്ട 93 മരണങ്ങൾ കൂടാതെയാണ് ഈ റിപ്പോർട്ട്. അസുഖകാരണം എന്തെന്ന് വ്യക്തമാവാത്തതിലാണ് ഈ 93 മരണങ്ങൾ ഉൾപ്പെടുത്താതിരുന്നത്. അസുഖം മൂലമുള്ള മരണത്തിൽ ഒന്നാമൻ ഹൃദ്രോഗമാണ്. 411 പേരാണ് അങ്ങനെ മരണപ്പെട്ടത്. രണ്ടാമതായി ശ്വാസകോശസംബന്ധമായ അസുഖങ്ങളും (231) ക്ഷയം മൂന്നാം സ്ഥാനവും (103) കാൻസർ നാലാം സ്ഥാനവും (80) കയ്യടക്കിയിരിക്കുന്നു. കരൾ സംബന്ധമായ അസുഖങ്ങൾ കാരണം 72 പേരും മസ്തിഷ്കാഘാതത്താൽ 59 പേരും വൃക്കകൾ തകരാറിലായത് മൂലം 58 പേരും എയ്‌ഡ്സ് ബാധിച്ച് 46 പേരും മരണപ്പെട്ടു.

ജയിലുകളിലെ സ്വാഭാവിക മരണത്തിൽ ഏറ്റവും കൂടുതൽ പേർ മരണമടഞ്ഞിരിക്കുന്നത് ഉത്തർപ്രദേശിലാണ്- 426 പേർ. രണ്ടാമതായി മധ്യപ്രദേശും(133) മൂന്നാമതായി മഹാരാഷ്ട്രയും(127) നിലവിലുണ്ട്. അസ്വാഭാവിക മരണങ്ങളിൽ ഭൂരിഭാഗവും ആത്മഹത്യയാണ്. 129 പേരാണ് രാജ്യത്തെ വിവിധ ജയിലുകളിൽ 2018-ൽ മാത്രം ആത്മഹത്യ ചെയ്തിരിക്കുന്നത്. സഹതടവുകാരാൽ കൊല്ലപ്പെട്ടത് പത്തും അപകടമരണങ്ങൾ അഞ്ചും മറ്റു സംഭവങ്ങളാൽ കൊല്ലപ്പെട്ടവർ അഞ്ചുപേരുമാണ്.

ആത്മഹത്യയിൽ തൂങ്ങിമരണമാണ് മുമ്പിൽ. 111 പേർ തൂങ്ങിമരിച്ചു. സ്വയം മുറിവേൽപിച്ച് മരിച്ചവർ പതിനൊന്ന് പേരാണ്. വിഷം അകത്ത് ചെന്ന് മൂന്ന് പേരും ഷോക്കടിച്ച് മരിച്ചത് ഒരാളുമാണ്. അസ്വാഭാവിക മരണത്തിന് പേരുകേട്ടത് പഞ്ചാബ് ആണ്. 28 പേരാണ് മരണപ്പെട്ടത്. ഉത്തർപ്രദേശിൽ പതിനേഴ് പേരും തമിഴ്നാട്ടിലും വെസ്റ്റ് ബംഗാളിലും പന്ത്രണ്ട് പേർ വീതവും ജയിലുകളിൽ അസ്വാഭാവിക മരണത്തിനിരയായവരാണ്.

കേരളത്തിൽ 27 സ്വാഭാവിക മരണവും അഞ്ച് അസ്വാഭാവിക മരണവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്-മൊത്തത്തിൽ 32 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. അഞ്ചും തൂങ്ങിമരണമായിരുന്നു. സഹതടവുകാരാൽ കൊല്ലപ്പെട്ടവരുടെ എണ്ണം മിക്ക ജയിലുകളിലും ഇല്ല എന്നുതന്നെ പറയുമ്പോൾ ഉത്തർപ്രദേശിനെ മാറ്റി നിർത്തേണ്ടിവരും. സഹതടവുകാരാൽ കൊല്ലപ്പെട്ട ഒരു കേസ് അവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2013 മുതൽ 2018
വരെയുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ രാജ്യത്തെ ജയിലുകളിൽ മരിച്ചവരുടെ എണ്ണം-1,597 (2013), 1,702 (2014)1, 584 (2015) 1,655 (2016) 1,671 (2017) 1,845 (2018) എന്നിങ്ങനെയാണ്.

ജയിലിൽ വെച്ച് മരണങ്ങൾ സംഭവിക്കാതിരിക്കാനായി ജയിൽ വെൽഫെയർ ഓഫീസർമാർ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. അതിൽ ആദ്യത്തെ കാര്യം പോലീസ് പ്രതിയെ കൈമാറുമ്പോൾ പ്രതിയുടെ ഹെൽത്ത് ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൂടി ഹാജരാക്കണം എന്നതാണ്. പൊതുജനം കൈകാര്യം ചെയ്തവരൊക്കെയാണ് തടവുകാരായി വരുന്നതെങ്കിൽ ദിവസങ്ങൾക്കുള്ളിൽ അസ്വാഭാവിക മരണം സംഭവിക്കാം. അപ്പോൾ ജയിൽ ഉദ്യോഗസ്ഥർ പ്രതിയാവാതിരിക്കാൻ വേണ്ടിയാണ് ഫിറ്റ്നെസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്. കഴിഞ്ഞ വർഷം മാവേലിക്കര ജയിലിൽ വെച്ച് മരണപ്പെട്ടയാളുടെ വായിൽ നിന്നും തൂവാല കിട്ടിയിരുന്നു. തൂവാല കുത്തിത്തിരുകിയതോ, സ്വയം വിഴുങ്ങിയതോ ആയിരിക്കാം. തൂവാലയൊന്നും ഈ കൊറോണകാലത്തും ജയിലിൽ അനുവദനീയമല്ലാത്തത് ഇത്തരം റിസ്ക്ഫാക്ടറുകൾ ഉള്ളതുകൊണ്ടാണ്. മിക്കവാറും കോടതി വിധി വരുന്ന സമയമാകുമ്പോളാണ് ആത്മഹത്യാശ്രമങ്ങൾ നടക്കാറുള്ളത്. വിധി പ്രതികൂലമായിരിക്കും എന്ന മുൻധാരണയാണ് ഇതിന് കാരണമാകുന്നത്. തടവുകാരുടെ അത്തരം മാനസികസംഘർഷങ്ങൾ കുറയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കാൻ കഴിഞ്ഞാൽ ജയിൽ ഒരു പുനരധിവാസകേന്ദ്രം എന്ന നിർവചനം യാഥാർഥ്യമാകും.

Co-Authored by Shabitha

Content Highlights: Sunil Gupta, Jail And Justice