1976 മാർച്ച് 16. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് തിഹാറിലടയ്ക്കപ്പെട്ട പതിമൂന്ന് കുറ്റവാളികൾ ജയിൽ ചാടി. ജയിലിലെ ടണൽ 120 മീറ്ററോളം തുരന്ന് അതിലൂടെ മെയിൻ റോഡിലേക്കെത്തി രക്ഷപ്പെടുകയായിരുന്നു. തിഹാർ ജയിലിന്റെ ചരിത്രത്തിലെ പ്രമാദമായ സംഭവമായി അത് രേഖപ്പെടുത്തപ്പെട്ടു. ഒരുപക്ഷേ നമ്മുടെ രാജ്യത്തെ തന്നെ ആദ്യത്തെ സംഭവമായിരിക്കാം ഇത്രയും വലിയൊരു കൂട്ടത്തടവുചാടൽ.

ചാൾസ് ശോഭ്​രാജ് ജയിലിലെ കിരീടം വയ്ക്കാത്ത രാജാവായിരുന്നു. 1986 മാർച്ച് രണ്ടിന് ചാൾസ് ശോഭ്​രാജ് തിഹാറിലെ ഡ്യൂട്ടിയിലെ സെക്യൂരിറ്റിക്കാർക്ക് മയക്കുമരുന്നു നൽകി ജയിൽ കവാടത്തിന്റെ താക്കോൽ കരസ്ഥമാക്കി. ജയിലിലെ മെയിൻ ഗേറ്റിലൂടെ തന്നെ യാതൊരു പ്രതിസന്ധിയും കൂടാതെ ഇറങ്ങിപ്പോയി. ഏകദേശം 1400 തടവുകാർ അന്നവിടെയുണ്ട്. പ്രധാന കവാടമാണ് തുറന്നിട്ടിരിക്കുന്നത്. പതിനൊന്നോളം തടവുകാർ ഈ അവസരം ഉപയോഗപ്പെടുത്തി കടന്നുകളഞ്ഞു.

1987-ൽ തിഹാറിലെ ജയിലിൽ നിന്നും ഒരു തടവുകാരൻ രക്ഷപ്പെട്ടത് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വസ്ത്രം അടിച്ചുമാറ്റിയിട്ടാണ്. ഡെപ്യൂട്ടി സൂപ്രണ്ടിന് ബോഡി മസാജ് ചെയ്തുകൊടുത്ത് അയാളെ ഉറക്കി. പിന്നീട് അയാൾ അഴിച്ചിട്ട യൂണിഫോം എടുത്തിട്ടു. വളരെ സ്വാഭാവികമായി, യാതൊന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ പുറത്തിറങ്ങി നടന്ന് കവാടത്തിലൂടെ റോഡിലെത്തി അപ്രത്യക്ഷനായി.

2004-ൽ നടന്ന ഒരു സംഭവം പറയാം. കുപ്രസിദ്ധനായ ഷേർ സിങ് റാണയുടെ തടവുചാടലുമായി ബന്ധപ്പെട്ടാണ് ഇത്. പോലീസ് വേഷത്തിൽ ഒരാൾ എത്തി ജയിലറോട് പറഞ്ഞു, ഷേർസിങ് റാണയെ കസ്റ്റഡിയിൽ വാങ്ങാൻ വന്നതാണ് എന്ന്. ഫൂലൻ ദേവി കൊലപാതകക്കേസിലാണ് ഷേർസിങ് റാണ തടവിലായത്. പോലീസുകാരൻ വന്നപ്പോൾ അയാളുടെ നടപ്പിലും ഭാവത്തിലുമൊന്നും യാതൊരു കൃത്രിമത്വവും തോന്നിയില്ല. അതുകൊണ്ടുതന്നെ ഷേർസിങ്ങിനെ അയാൾക്ക് കൈമാറി. അബദ്ധം സംഭവിച്ചു എന്ന് മനസ്സിലായത് യഥാർഥ പോലീസുകാരൻ റാണയെ കസ്റ്റഡിയിൽ വാങ്ങാനുള്ള ഉത്തരവുമായി വന്നപ്പോഴാണ്.

നിരവധിപേർ തിഹാറിൽ നിന്നും ചാടിപ്പോയിട്ടുണ്ട്. പുറത്തുനിന്നും ജോലിക്കു വന്നവരാണെന്ന വ്യാജേന ഗേറ്റിനടുത്ത് പോയി സെക്യൂരിറ്റിയോട് ഗേറ്റ് തുറക്കാനാവശ്യപ്പെട്ട് നടന്നുപോയവരുണ്ട്. ജയിലിലെ മതിൽ പൊളിച്ച് രക്ഷപ്പെട്ടവരുണ്ട്. പുതയ്ക്കാൻ കൊടുക്കുന്ന ബ്ളാങ്കറ്റുകൾ അട്ടിയട്ടിയായി വച്ച് മതിൽ ചാടിപ്പോയവരുമുണ്ട്. വിശാലമായ പച്ചക്കറിത്തോട്ടം തിഹാറിലുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അവിടെ പണിയെടുക്കുമ്പോൾ ചാടിപ്പോയവരുടെ എണ്ണം അനവധിയാണ്. അവിടെ മതിയായ മതിലുകൾ ഇല്ലാത്തതും വിചാരിക്കാത്ത സമയത്ത് ഓടിപ്പോകുന്നതും ജയിൽ ഓഫീസർമാർക്ക് തലവേദന തന്നെയായിരുന്നു. ജയിൽ ചാടിയാൽ പിന്നെ അവരെ കണ്ടുപിടിക്കേണ്ട ഉത്തരവാദിത്തം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്കാണ്. ഇന്ത്യയിലെ ജയിൽചാട്ടങ്ങൾക്ക് കുപ്രസിദ്ധമായ ഇടം തിഹാർ തന്നെയാണെന്നതിൽ സംശയമില്ല.

തമിഴ്നാട് സ്പെഷ്യൽ പോലീസ് ബറ്റാലിയൻ രൂപീകൃതമായത് തന്നെ ഇത്തരം ജയിൽചാട്ടങ്ങളെ ചെറുക്കാൻ വേണ്ടിയാണ്. സി.ആർ.പി.എഫ്, ഐ.ടി.ബി.പി തുടങ്ങിയ സേനകളെ ജയിൽ പരിസരങ്ങളിൽ വിന്യസിക്കാറുണ്ട്. ടവറുകളിൽ പോലീസ് ഡ്യൂട്ടി ഇരുപത്തിനാല് മണിക്കൂറാക്കി ശക്തമാക്കി. ഇപ്പോൾ എല്ലാ മുക്കിലും മൂലയിലും സി.സി ക്യാമറ വന്നതോടെ തടവുകാർ കൂടുതൽ കർശനമായ നിരീക്ഷണത്തിലാണ്. ജയിൽ സ്റ്റാഫിന് നിരന്തരമായ ബോധവല്ക്കരണവും പരിശീലനങ്ങളും നൽകുന്നതു കാരണം തടവുചാടലിന്റെ മുന്നൊരുക്കങ്ങൾ കണ്ടുപിടിക്കാനാവുന്നുണ്ട്.

മുല്ലാ കമ്മിറ്റി റിപ്പോർട്ട് പ്രകാരം അഞ്ച് തടവുകാർക്ക് ഒരു സെക്യൂരിറ്റി എന്ന അനുപാതം നിർദ്ദേശിക്കുന്നു. പക്ഷേ യഥാർഥത്തിൽ സംഭവിക്കുന്നത് അമ്പത് പേർക്ക് ഒന്ന് എന്ന കണക്കിലാണ്. ഇന്ത്യയിലെ എല്ലാ ജയിലുകളിലും വിവിധ പോസ്റ്റുകളിലായി മുപ്പത് ശതമാനം ഒഴിവുകൾ കാലങ്ങളായി നികത്തപ്പെടാതെ തന്നെ കിടക്കുന്നു. ഈ ഒഴിവുകൾ നികത്തപ്പെടാത്തത് കാരണം ജയിൽ സെക്യൂരിറ്റി ജീവനക്കാർ കോംപ്രമൈസ് ചെയ്യപ്പെടേണ്ടി വരുന്നു.

അതിഭീകരരായ തടവുപുള്ളികളെ പാർപ്പിക്കുന്നതിനായി ഹൈ സെക്യൂരിറ്റി വാർഡുകൾ ഉണ്ട്. തീവ്രവാദ പ്രവർത്തനങ്ങൾ, വൻ മയക്കുമരുന്ന് സംഘങ്ങൾ, വലിയ വലിയ ഗുണ്ടാസംഘങ്ങൾ തുടങ്ങിയവരെയൊക്കെ ഹൈ സെക്യൂരിറ്റി വാർഡിലാണ് പാർപ്പിക്കാറ്. സായുധരായ കാവൽക്കാർ അവിടെയുണ്ടാകും. അവിടെയല്ലാതെ ജയിൽ പരിസരങ്ങളിൽ മറ്റൊരിടത്തും ആയുധങ്ങൾ ഉപയോഗിക്കാൻ പാടുള്ളതല്ല.

Charles Sobhraj
ചാൾസ് ശോഭ്​രാജ്. ഫോട്ടോ: AFP

നാഷണൽ ക്രെ റെക്കോർഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 673 പേരാണ് ജയിൽ ചാടിയിരിക്കുന്നത് (തടവറകളിൽ നിന്നും കസ്റ്റഡിയിൽ നിന്നുമായി). അതിൽ 113 പേർ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയവരാണ്. 560 പേർ സെൻട്രൽ, ജില്ലാ, സബ് ജയിലുകളിൽ നിന്നും തടവുചാടിയവരാണ്. 52 പേർ ജയിലിനകത്തുനിന്നും 508 പേർ ജയിലിന് പുറത്തുവച്ചും രക്ഷപ്പെട്ടു. ഗുജറാത്തിലാണ് തടവുചാടിയവരുടെ എണ്ണം കൂടുതൽ-437 പേർ. വെസ്റ്റ് ബംഗാളിൽ പതിനൊന്നും ബിഹാർ രാജസ്ഥാൻ എന്നിവിടങ്ങളിൽ പത്തെണ്ണം വീതവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 133 പേരെ കണ്ടുപിടിച്ച് തിരികെ ജയിലിലടയ്ക്കാനായി.

113 പേർ പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയവരാണ് എന്നുപറഞ്ഞല്ലോ. പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടവരുടെ എണ്ണത്തിൽ മുന്നിട്ടുനിൽക്കുന്നത് ഉത്തർപ്രദേശ് ആണ്-24 പേർ. പിറകേ പതിനഞ്ചു പേരുമായി ആന്ധ്രപ്രദേശും പത്തുപേരുമായി മഹാരാഷ്ട്രയുമുണ്ട്. നാഗാലൻഡ്, ചണ്ഡീഗഢ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾ ചാടിപ്പോയവരെ മുഴുവനും പിടികൂടി. കേരളത്തിൽ നിന്ന് പതിനഞ്ച് പേർ രക്ഷപ്പെട്ടു. അതിൽ ഒരാളെ മാത്രം റീ അറസ്റ്റ് ചെയ്യാനായി. 437 പേരിൽ നിന്നും ഗുജറാത്തിന് തിരിച്ചുപിടിക്കാനായത് 49 പേരെ മാത്രമാണ്. ഒമ്പതുപേർ രക്ഷപ്പെട്ടപ്പോൾ അതിൽ എട്ടുപേരെയും റീ അറസ്റ്റ് ചെയ്ത് തമിഴ്നാട് മാതൃകയായി. മധ്യപ്രദേശാവട്ടെ പതിനാല് പേർ രക്ഷപ്പെട്ടപ്പോൾ പതിനൊന്നുപേരെയും തിരിച്ചുപിടിച്ചു.

30 വ്യത്യസ്ത സംഭവങ്ങളിലായാണ് ഈ ജയിൽചാട്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തടവുകാർ സ്വയം മുറിവേൽപ്പിച്ച് കൊണ്ട് രക്ഷപ്പെടാൻ ശ്രമിക്കുന്ന പ്രവണതയിൽ കേരളമാണ് രാജ്യത്തെ മറ്റെല്ലാ ജയിലുകളേക്കാളും മുമ്പിൽ-16 പേർ. അതേസമയം ജയിലുകളിൽ കൂട്ടത്തല്ലുകളുണ്ടാക്കി മനപ്പൂർവം പ്രശ്നങ്ങൾ സൃഷ്ടിച്ച് ജയിൽജീവനക്കാരുടെ ശ്രദ്ധ തിരിച്ചതിനുശേഷം രക്ഷപ്പെടുന്നവരുടെ എണ്ണത്തിൽ ഡൽഹി ആണ് ഒന്നാമത്. നാൽപ്പത്തിമൂന്ന് പേരാണ് ഇങ്ങനെ രക്ഷപ്പെട്ടത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 106 സംഘട്ടനങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 153 തടവുപുള്ളികളും 13 ജയിൽ ഉദ്യോഗസ്ഥരും അടക്കം 166 പേർ ഇത്തരം സംഘട്ടനങ്ങളിൽ പരിക്കേറ്റവരാണ്. ഒരാൾ കൊല്ലപ്പെടുകയും ചെയ്തു.

വിചാരണത്തടവുകാരനായിരുന്ന അജയ് ബാബു ഏപ്രിൽ ആദ്യവാരമാണ് കണ്ണൂർ സെൻട്രൽ ജയിലിലെ കൊറോണ ഐസൊലേഷൻ വാർഡിൽനിന്നും ചാടിപ്പോയത്. ജയിൽ മതിൽ ചാടിയാണ് അയാൾ രക്ഷപ്പെട്ടത്. കാസർക്കോട്  ജില്ലയിലെ ഒരു ബാങ്ക് കവർച്ചയിൽ പ്രതിയാക്കപ്പെട്ടതിനെ തുടർന്നാണ് ഉത്തർപ്രദേശുകാരനായ അജയ് ബാബുവിനെ വിചാരണത്തടവുകാരനാക്കിയത്. കാസർക്കോട്ട് കോവിഡ് വ്യാപിച്ച സമയത്തായിരുന്നു അറസ്റ്റ് എന്നതിനാൽ നേരെ ഐസലോഷൻ വാർഡിലാക്കി. പിറ്റേന്ന് രാവിലെ ആളെ കാണാനില്ല.

മാതൃഭൂമി കണ്ണൂർ ന്യൂസ് എഡിറ്റർ വിനോദ് ചന്ദ്രനെയും ഭാര്യയെയും കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ചശേഷം കവർച്ചാശ്രമം നടത്തിയ ബംഗ്ളാ ഗ്യാങ്ങിലെ അംഗമായ മണിക് പിടിയിലായി കണ്ണൂർ സെൻട്രൽ ജയിലിലടയ്ക്കപ്പെട്ടു. സഹതടവുകാരനെ പീഡിപ്പിക്കുകയും മുറിവേൽപ്പിക്കുകയും ചെയ്തതിനാൽ അയാളെ എറണാകുളത്തേക്ക് മാറ്റാൻ തീരുമാനമായി. എറണാകുളത്തേക്ക് യാത്ര ചെയ്യുമ്പോൾ മണിക് ട്രെയിനിൽ നിന്നും ചാടി.

തീവണ്ടി ഭാരതപ്പുഴ കടക്കുമ്പോൾ വേഗത കുറച്ചതിനാൽ ആ സമയം മുതലെടുത്തുകൊണ്ട് മണിക് പുറത്തേക്ക് ചാടുകയായിരുന്നു. സംരക്ഷണച്ചുമതലയുണ്ടായിരുന്ന പോലീസുകാർ ഉടനടി അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ച് തിരച്ചിലാരംഭിച്ചു. അപ്പൊഴേയ്ക്കും മണിക് അപ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു. കയ്യിൽ വിലങ്ങുള്ളതുകൊണ്ട് തടവുപുള്ളിയാണെന്ന് തിരിച്ചറിയും എന്ന പ്രതീക്ഷ മാത്രമേ പോലീസിനുണ്ടായിരുന്നുള്ളൂ. സമയം വൈകുന്നേരം നാലുമണിയായതും തിരച്ചിൽ തുടരുന്തോറും ഇരുട്ട് മുറുകാൻ തുടങ്ങിയതും പോലീസിന് ഭീഷണിയായി.

മമ്പുറം സ്വദേശിനിയായ സുഹറയാണ് റെയിൽവേ ട്രാക്കിലൂടെ വിലങ്ങണിഞ്ഞ ഒരാൾ നടക്കുന്നത് കണ്ടത്. ബർമൂഡയ്ക്കകത്ത് കൈകൾ ഒളിപ്പിച്ചുവയ്ക്കാനുള്ള ശ്രമം മണിക് നടത്തിയിട്ടുണ്ടായിരുന്നു. സുഹറ ഉടൻ തന്നെ റെയിൽവേ പോലീസിനെ അറിയിച്ചു. അവർ തുടർന്ന് ലോക്കൽ പോലീസിനെയും അറിയിച്ചതോടെ ആ പ്രദേശത്ത് തിരച്ചിൽ ശക്തമാക്കി. എങ്കിലും കണ്ടെത്താനായില്ല. ഒടുക്കം റെയിൽവേ സ്റ്റേഷനടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ നിന്നും മണിക്കിനെ പിടികൂടി.

ripper jayanandan
റിപ്പർ ജയാനന്ദൻ ജയിൽചാട്ടത്തിനുശേഷം വീണ്ടും പിടിയിലായപ്പോൾ. ചിത്രം: മാതൃഭൂമി

റിപ്പർ ജയാനന്ദന്റെ ജയിൽചാട്ടമാണ് കേരളത്തിലെ കുപ്രസിദ്ധ ജയിൽചാട്ടങ്ങളിൽ ഒന്ന്. ജയിലിൽ വാഴകൃഷി നടത്തുന്നുണ്ടായിരുന്നു അക്കാലത്ത്. വാഴയ്ക്ക് മുട്ടുകൊടുക്കുന്ന മരക്കഷ്ണം ഉപയോഗിച്ചാണ് ജയാനന്ദൻ ചാടിയത്. പൊക്കത്തിൽ വളർന്ന വാഴയുടെ മുട്ടുപയോഗിച്ച് കുത്തിപ്പിടിച്ച് റിപ്പർ അനായാസം പുറത്തുചാടി. നല്ല മെയ്​വഴക്കമുള്ള മനുഷ്യനാണ് റിപ്പർ. എട്ട്-പത്തടിയോളം വരുന്ന മുട്ടുകഷ്ണത്തിൽ കുത്തിപ്പിടിച്ച് അനായാസം അയാൾ ചാടി. അന്ന് ഇലക്ട്രിക് വേലികളൊന്നുമില്ല. അതോടെ ജയിലിനകത്തുള്ള വാഴകൃഷി നിർത്തി. 2013 ജൂൺ മാസത്തിൽ തടവുചാടിയ റിപ്പർ പിന്നീട് പോലീസ് വലയിലാവുന്നത് അതേവർഷം സെപ്തംബറിലാണ്.

കേരളത്തിലെ ജയിലുകളിൽ ടണലുകൾ ഇല്ലാത്തതിനാൽ അതിലേ രക്ഷപ്പെടാനുള്ള സാധ്യതകളില്ല. അപ്പോൾ കുറ്റവാളികൾ കിട്ടുന്ന കച്ചിത്തുരുമ്പിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടേയിരിക്കും. രക്ഷപ്പെടാനുള്ള മുന്നൊരുക്കങ്ങൾ പടിപടിയായി അവർ സ്വരുക്കൂട്ടി വയ്ക്കും. പ്രതികൾ വളരെ മിടുക്കരാണ്. കുറ്റവാളികൾ

എക്സ്ട്രാ വിജിലന്റാണ് എല്ലാകാര്യത്തിലും. തടവുകാരെ കണ്ടാലറിയാം അവർ ചെയ്ത കൃത്യങ്ങൾ കരുതിക്കൂട്ടിചെയ്തതാണോ അബദ്ധത്തിൽ സംഭവിച്ചതാണോ എന്ന്. ക്രിമിനലുകൾ എല്ലാ സമയത്തും ജാഗരൂകരായിരിക്കും. അവർക്ക് മുന്നിൽ വീണുകിട്ടുന്ന സുവർണനിമിഷങ്ങൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് വളരെ നേരത്തേ കണക്കുകൂട്ടിവച്ചവരായിരിക്കും. ജയിൽ ആർക്കും ഇഷ്ടമില്ല. സ്വാതന്ത്ര്യം നഷ്ടപ്പെടുക എന്നത് ഭീകരമായ ഒരവസ്ഥ തന്നെയാണ്. അപ്പോൾ ജയിൽ ചാടി സ്വാതന്ത്ര്യം തിരിച്ചുനേടുക എന്നതുതന്നെയാണ് പ്രധാന ലക്ഷ്യം.

റിസ്ക് ടേക്കിങ് ബിഹേവിയർ ക്രിമിനലുകൾക്ക് അധികമായി ലഭിക്കുന്ന ഗുണങ്ങളിലൊന്നാണ്. ഏതവസരത്തിലും അവൻ റിസ്കെടുക്കും. അത് മുൻകൂട്ടി കണ്ട് പെരുമാറേണ്ടത് ജയിൽ സുരക്ഷാസംവിധാനത്തിന്റെ മുമ്പിലുള്ള വലിയ വെല്ലുവിളിയാണ്. കുറ്റവാളികൾ എക്സ്ട്രാ സ്മാർട്ട് ആയിരിക്കും. എസ്കോർട്ട് പോകുമ്പോൾ കൂടെയുള്ള പോലീസുകാരെ കബളിപ്പിച്ച് രക്ഷപ്പെടാൻ അവർക്ക് കഴിയും. കുറ്റവാളികളുടെ പൊതുസ്വഭാവങ്ങളിലൊന്നാണ് ഏകാഗ്രതയും ജാഗരൂകതയും. അതിനെ തോല്പിക്കാൻ തക്കശേഷി സുരക്ഷാഉദ്യോഗസ്ഥർക്കുമുണ്ടായിരിക്കണം.

വനിതാ ജയിലിൽ കഴിഞ്ഞവർഷം രക്ഷപ്പെടൽ ശ്രമമുണ്ടായി. മോഷണക്കുറ്റത്തിന് തടവിലാക്കപ്പെട്ട ആറ്റുകുളങ്ങര സഹോദരിമാരായ സന്ധ്യയും ശില്പയും എഴുപത്തിരണ്ട് മണിക്കൂറിന് ശേഷമാണ് പിടിയിലായത്. മാലിന്യങ്ങളെടുക്കാൻ വന്ന വണ്ടിയിലേക്ക് മാലിന്യം കൊണ്ടിടുമ്പോൾ സെക്യൂരിറ്റി ഓഫീസറെ തട്ടിമാറ്റിയാണ് രണ്ടുപേരും രക്ഷപ്പെട്ടത്. രണ്ട് പകലും രണ്ട് രാവും പോലീസ് നെട്ടോട്ടമോടി. പിന്നെ സന്ധ്യയുടെ വീടിനടുത്തുള്ള റബ്ബർതോട്ടത്തിൽ വച്ചാണ് പിടികൂടിയത്.

ജയിൽ ചാട്ടത്തിന് മൂന്നുവർഷം അധികം തടവാണ് നിലവിൽ സംസ്ഥാനത്തുള്ളത്. അത് അഞ്ചു വർഷമാക്കാനുള്ള ശുപാർശ സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്. പലപ്പോഴും ജയിലിനുപുറത്തുവച്ചാണ് രക്ഷപ്പെടൽ നടക്കാറ്. കോടതിയിൽ ഹാജരാക്കലും ജയിൽ ട്രാൻസ്‌ഫറും എല്ലാം പോലീസ് എസ്കോർട്ടോടുകൂടിയാണ് നടത്താറുള്ളത്. എന്തുകൊണ്ടാണ് പൊതുവാഹനങ്ങളെ ഇതിനായി ആശ്രയിക്കുന്നത് എന്നു ചോദിച്ചാൽ പൊതുപണം പരമാവധി കുറച്ച് ചിലവഴിക്കുക എന്നതാണ് ലക്ഷ്യം. പത്ത് പ്രതികൾ ഉണ്ടെങ്കിൽ ഒരു വണ്ടി ഏർപ്പാടാക്കാം. അല്ലാതെ ഒന്നോ രണ്ടോ പ്രതികൾക്കായി ഇത്തരം ചെലവുകൾ വഹിക്കേണ്ടതില്ല. എസ്കോർട്ടോടുകൂടി പൊതുവാഹനങ്ങളിൽ സഞ്ചരിക്കാവുന്നതേയുളളൂ. ഓർക്കേണ്ടത് ഒന്നുമാത്രമാണ് അതീവ ബുദ്ധിശക്തിയുള്ള, അത്യന്തം ഏകാഗ്രതയുള്ള ആളുകളെയാണ് കൈകാര്യം ചെയ്യുന്നത്. കാര്യസാധൂകരണത്തിനായി ഏതറ്റം വരെയും പോയി വരുന്നവരാണ്. അവരുടെ ജീവനും സ്വന്തം ജീവന്റെ സുരക്ഷയും ഓരോ എസ്കോർട്ട് ഉദ്യോഗസ്ഥന്റെയും ഉത്തരവാദിത്തമാണ്.

Co-Authored by Shabitha

(കേരളത്തിലെ ജയിൽ വിവരങ്ങൾക്ക് കടപ്പാട്: ജോർജ് ചാക്കോ, വെൽഫെയർ ഓഫീസർ, ജില്ലാജയിൽ എറണാകുളം.)