ഡല്‍ഹി ജയിലില്‍ ഒരു തടവുകാരന് സഹതടവുകാരനാല്‍ മൃഗീയ കൊലപാതകത്തിനിരയായത് രണ്ടാഴ്ചമുമ്പാണ്. ചത്തീസ്ഗഡ്ഢ് ജയിലില്‍ നിന്നും നക്സലൈറ്റുകള്‍ കൂട്ടത്തോടെ തടവുചാടിയിട്ട് ഓരാഴ്ച് ആവുന്നുള്ളൂ. ഈ മാസം പഞ്ചാബ് ജയില്‍ ആക്രമിക്കപ്പെടുകയും തടവില്‍ പാര്‍പ്പിക്കപ്പെട്ട തീവ്രവാദികളില്‍ കുറച്ചുപേര്‍ രക്ഷപ്പെടുകയും ചെയ്തു. ജയിലുകള്‍ അപ്രതീക്ഷിതമായി ആക്രമിക്കപ്പെടുമ്പോള്‍ ചെറുത്ത് നില്പ് പലപ്പോഴും ദുര്‍ബലമായിരിക്കും. ഇന്ത്യന്‍ ജയിലുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണവും അന്തേവാസികളുടെ എണ്ണവും താരതമ്യപ്പെടുത്തുമ്പോള്‍ വലിയ അന്തരമാണ് കാണാന്‍ കഴിയുക. അതുകൊണ്ടു തന്നെ ഇത്തരം സംഭവങ്ങളില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നിസ്സഹായരാവുന്നു.
ജയിലുകളിലെ മരണനിരക്കുകള്‍ ഗൗരവമായി പരിഗണിക്കുമ്പോള്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യകള്‍ കാണാം. വര്‍ഷാവര്‍ഷം നൂറിലധികം പേരാണ് വിവിധ ജയിലുകളിലായി ആത്മഹത്യ ചെയ്തു കൊണ്ടിരിക്കുന്നത്. അതിനര്‍ഥം ജുഡീഷ്യല്‍ കസ്റ്റഡിയിലേക്ക് ഒരാളെ അയക്കുമ്പോള്‍ അയാള്‍ക്ക് വേണ്ട ശാരീരിക-മാനസിക പിന്തുണകളും മറ്റ് സംരക്ഷണങ്ങളും നല്കുന്നതില് തീര്‍ത്തും പരാജയപ്പെടുന്നുവെന്നാണ്. എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന് വിശദമാക്കേണ്ടതുണ്ട്. ജയിലിനെ പുനരധിവാസകേന്ദ്രമായി നമ്മള് പ്രഖ്യാപിക്കുമ്പോള്‍ അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഭരണകൂടം ഒരുക്കിക്കൊടുക്കുന്നുണ്ടോ എന്നും വിലയിരുത്തേണ്ടതുണ്ട്.
കുറ്റം ചെയ്തവരെയും കുറ്റമാരോപിക്കപ്പെട്ടവരെയും പാര്‍പ്പിക്കുന്ന ഇടം എന്ന നിലയില്‍ ജയില്‍ ഒരു സ്ഥാപനമാണ്. അവിടെ എത്തിപ്പെടുന്നവരെ മാനസികമായും ശാരീരികമായും ബൗദ്ധികമായും പുനഃസംഘടിപ്പിക്കേണ്ടുന്ന ഉത്തരവാദിത്തം ജയിലില്‍ നിക്ഷിപിതമാണ്. തങ്ങളുടെ അത്രയും കാലത്തെ ചെയ്തികളില്‍ നിന്നും മാറ്റി ചിന്തിപ്പിച്ചുകൊണ്ട് 'റീഹാബിലിറ്റേഷന്‍' എന്ന വിശാലാര്ഥത്തിലേക്ക് കൈപിടിച്ചു നടത്തുകയും അവരെ സമൂഹത്തിലേക്ക് വീണ്ടും തുറന്നുവിടുകയും ചെയ്യേണ്ടത് ജയിലാണ്. പൊതുബോധത്തില്‍ ജയില്‍ എന്നാല്‍ കുറ്റവാളികള്‍ അടയ്ക്കപ്പെടുന്ന ഇടമാണ്-ഒരു പൗരന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും റദ്ദു ചെയ്യപ്പെട്ടുകൊണ്ട് അവന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജീവിക്കാന്‍ ശിക്ഷിക്കപ്പെടുന്ന ഇടം.
ഏറ്റവും ഒടുവിലായി പ്രസിദ്ധീകരിക്കപ്പെട്ട പ്രിസണ്‍ സ്റ്റാറ്റിസ്റ്റിക്സ് പ്രകാരം ഇന്ത്യന്‍ ജയിലുകളില്‍ പാര്പ്പിക്കാവുന്നതിലും വളരെയധികം അന്തേവാസികളുണ്ട്. മൊത്തം തടവുകാരില്‍ എഴുപത് ശതമാനവും വിചാരണക്കാരാണ്. മുപ്പത് ശതമാനം മാത്രമാണ് ശിക്ഷിക്കപ്പെട്ടവര്‍. എഴുപത് ശതമാനം വിചാരണത്തടവുകാര്‍ നമ്മുടെ രാജ്യത്തെ ജയിലുകളില്‍ കഴിയുന്നുണ്ടെങ്കില്‍ ആലോചിച്ചുനോക്കൂ നമ്മുടെ നീതിന്യായ വ്യവസ്ഥ എത്ര പതുക്കെയാണ് മുന്നോട്ടുപോയ്ക്കൊണ്ടിരിക്കുന്നതെന്ന്! പകരം കുറ്റവാളികളായിരുന്നു ആ എഴുപത് ശതമാനമെങ്കില്‍ നമ്മുടെ നീതിന്യായ വ്യവസ്ഥ വളരെ കണിശമായും കൃത്യതയോടെയുമാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാം. നമ്മുടെ ക്രിമിനല്നീതിന്യായ വ്യവസ്ഥയുടെ കാര്യക്ഷമതയെയാണ് ഇത് ചോദ്യം ചെയ്യുന്നത്.
ജയില്‍ കാര്യനിര്‍വഹണത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനവും ഉത്തരവാദിത്തവും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ അല്ലെങ്കില്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ ആയിരിക്കും. ഐപിഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥരെയാണ് ഈ സ്ഥാനങ്ങളിലേക്ക് നിയമിക്കുക. അവര്‍ക്കു തൊട്ടുതാഴെയായി അഡീഷണല്‍ ഐ.ജിയുണ്ടാവും. ജയില്‍ ഡിപ്പാര്ട്ടുമെന്റില് നിന്നോ സിവില്‍ സര്‍വീസ് കാഡറില്‍ നിന്നോ ഇവരെ അഡീഷണല്‍ ഐ.ജി മാരെ നിയമിക്കാം. അഡീഷണല്‍ ഐ.ജിയ്ക്കു താഴെയായി ഡിഐജിയുണ്ടാവും. മിക്ക സംസ്ഥാനങ്ങളിലും ജയില്‍ കേഡറുകളില്‍ നിന്നു തന്നെയാണ് ഡിഐജിമാരെ നിയമിക്കാറ്. ഡിഐജിയ്ക്കു താഴെ സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, അസിസ്റ്റന്‍ഡ് സൂപ്രണ്ട്, ഹെഡ് വാര്ഡന്, വാര്ഡന്മാര്, ക്ളറിക്കല്‍ ജോലിക്കാര്‍, സെക്യൂരിറ്റിമാര്‍ അങ്ങനെ നീളുന്നു സ്റ്റാഫിങ് പാറ്റേണ്‍.
വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ഥികളെ സംബന്ധിച്ചിടത്തോളം ജയില്‍ ഉദ്യോഗം അവസാനത്തെ ചോയ്സ് മാത്രമാണ്. ജയില്‍ കാത്തുസൂക്ഷിക്കേണ്ടിയിരിക്കുന്ന സ്വകാര്യതയും പുറംലോകവുമായി ബന്ധമില്ലായ്മയും ഉദ്യോഗസ്ഥര്‍ പലതരം മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയമാകേണ്ടി വരുന്നതും ജയില്‍ നിയമനങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ നിന്നും ഉദ്യോഗാര്‍ഥികളെ പിന്തിരിപ്പിക്കുന്നുണ്ട്. തടവിലകപ്പെട്ടവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ജയില്‍ ഉദ്യോഗസ്ഥരെ സ്വാധീനിക്കാന്‍ പലവഴികളിലൂടെയും ശ്രമിക്കും. അതിലയാള്‍ വഴങ്ങിയില്ലെങ്കില്‍ പിന്നെ ജയിലറുടെ കുടുംബത്തിനു നേരെയാകും ഭീഷണിയുണ്ടാകുക. ഔദ്യോഗിക ജീവിതവും സ്വകാര്യജീവിതവും സൈ്വര്യമില്ലാതായി മാറും. രാഷ്ട്രീയമായി പിടിപാടുള്ളവരോ ഉന്നതരോ ജയിലിലകപ്പട്ടാല് കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുക ജയിലര്‍മാരാണ്. എങ്ങനെ കൈകാര്യം ചെയ്താലും അപ്രിയത്തിന് പാത്രമാകും. അത് വന്ന് ഭവിക്കുക ട്രാന്‍സ്ഫര്‍, സസ്പെന്ഷന് തുടങ്ങിയ രൂപങ്ങളിലായിരിക്കും. പോരാത്തതിന് വേണ്ടത്ര വേതനം ലഭിക്കാത്തതും ജയില്‍ സര്‍വീസിന് ക്ഷീണം വരുത്തുന്നുണ്ട്.
ഇതൊക്കെയും പോരാഞ്ഞ് ജയില്‍ സംവിധാനത്തില്‍ സൃഷ്ടിക്കപ്പെട്ട പോസ്റ്റുകളില്‍ മൂന്നിലൊന്നും ഇന്നേവരെ നികത്താന്‍ കഴിയാതെ ഒഴിഞ്ഞുകിടക്കുകയുമാണ്. തിഹാറില്‍ തമിഴ്നാട് സെപ്ഷ്യല്‍ പോലീസിന്റെ സേവനമുള്ളതിനാലാണ് യഥാര്‍ഥത്തിലുള്ള ജീവനക്കാരുടെ ക്ഷാമം അറിയാതെ പോകുന്നത്. തമിഴ്നാട് സ്പെഷ്യല്‍ പോലീസിനെ കൂടാതെ ഡല്‍ഹി പോലീസ്, സിആര്‍പിഎഫ് ഐടിബിപി തുടങ്ങി എല്ലാ വകുപ്പുകളില്‍ നിന്നും തിഹാര്‍ ജയിലിന് സേവനങ്ങള്‍ ലഭിക്കുന്നുണ്ട്.
അഞ്ച് തടവുകാര്‍ക്ക് ഒരു ജയില്‍ ഉദ്യോഗസ്ഥന് (5:1) എന്നാണ് കണക്കെങ്കിലും 20:1 എന്ന അനുപാതത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ ജയിലുകള്‍ ഓടിക്കൊണ്ടിരിക്കുന്നത്. മിക്ക സംസ്ഥാനങ്ങളിലും എല്ലാം കഴിഞ്ഞുള്ള അവസാന പരിഗണനയാണ് ജയിലുകള്‍ക്ക് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ ആളില്ലെങ്കിലുയുള്ള പോംവഴി മറ്റു ഡിപ്പാര്‍ട്ടുമെന്റുകളില്‍ നിന്നുമുള്ള ഡെപ്യൂട്ടേഷന് നിയനമാണ്. വ്യക്തിത്വവികാസ നവീകരണ കേന്ദ്രം എന്ന നിലയില്‍ ജയില്‍ കാലത്തിനൊപ്പം സഞ്ചരിക്കേണ്ടതുണ്ട്. പരമ്പരാഗതമായ ജോലികള്‍ പരിശീലിപ്പിക്കുന്നതുകൊണ്ട് അന്തേവാസിക്ക് ഭാവിയില്‍ ഗുണമുണ്ടായിക്കൊള്ളണമെന്നില്ല. പുരോഗമനചിന്താഗതിയുള്ള ചില സംസ്ഥാനങ്ങള്‍ ജയിലുകളില്‍ കമ്പ്യൂട്ടര്‍ ഹാര്ഡ്വെയര് സോഫ്റ്റ് വെയര്‍ കോഴ്സുകളും ഫാഷന്‍ ഡിസൈനിങ് പോലുള്ള ന്യൂജനറേഷന് കോഴ്സുകളും നല്‍കിത്തുടങ്ങിയിട്ടുണ്ട്. തടവുകാര്‍ക്ക് അര്‍ഹമായ ജോലി നല്കി അത് പൂര്‍ത്തിയാക്കാന്‍ പ്രോത്സാഹിപ്പിക്കണ്ടേ ഉത്തരവാദിത്തം ജയില്‍ ഓഫീസര്‍മാര്‍ക്കാണ്.
തികച്ചും സാമാന്യബുദ്ധിയോടെയും സഹകരണ മനോഭാവത്തോടെയുമാണ് ഓരോ തടവുകാരനോടും പെരുമാറേണ്ടത്. ജയില്‍ ഉദ്യോഗസ്ഥരുടെ മാന്യമായ സമീപനത്തില്‍ നിന്നാണ് ഓരോ തടവുകാരനും സ്വയം തിരുത്തല്‍ പാഠങ്ങള്‍ ഒന്നൊന്നായി പഠിക്കേണ്ടത്. അര്‍ഹിക്കുന്ന ബഹുമാനം ഓരോ തടവുകാരനും കൊടുത്തിരിക്കണം. മാന്യമായ ജോലി നല്കി അത് പൂര്‍ത്തിയാക്കാന്‍ പ്രോത്സാഹിപ്പിക്കണം. ഇതൊക്കയാണ് കറക്ഷണല്‍ സെന്റര്‍ എന്ന രീതിയില്‍ ജയിലിന്റെ ഉത്തരവാദിത്തം. ജീവിക്കാനുള്ള അവകാശം ഒഴികെ ഒരു പൗരന്റെ എല്ലാ അവകാശങ്ങളും റദ്ദു ചെയ്യപ്പെട്ടതാണ്. അപ്പോള്‍ അത്തരമാളുകളെ കൂടുതല്‍ മുറിവേല്‍പ്പിക്കാന്‍ പാടില്ല.
ജയിലിന് റീഹാബിലിറ്റേഷന്‍ സെന്റര്‍ എന്ന മാനം കൈവരുമ്പോള്‍ ആദ്യം നമ്മള് ആശ്രയിക്കേണ്ടത് അതത് സംസ്ഥാനത്തെ സാമൂഹികക്ഷേമവകുപ്പുകളെയാണ്. ജയില്‍ വകുപ്പും സാമൂഹ്യ ക്ഷേമവകുപ്പും ഈയൊരുദ്യമത്തില്‍ പരസ്പരം കൈകോര്‍ത്തു മുന്നേറേണ്ടതാണ്. പക്ഷേ അതെത്രകണ്ട് പ്രാവര്‍ത്തികമാവുന്നു എന്നതാണ് അവശേഷിക്കുന്ന ചോദ്യം.
കൃത്യമായ സാങ്കേതികപരിശീലനവും മറ്റ് തൊഴില്‍ പരിശീലനവും നല്കുന്നതിനാല് വിദേശരാജ്യങ്ങളിലെ തടവുകാര്‍ തടവുകാലം കഴിഞ്ഞാല്‍ എവിടെവേണമെങ്കിലും ജോലില്‍ പ്രവേശിക്കുന്നുന്നതായി കാണാന്‍ കഴിയുന്നു. എന്നാല്‍ ഇന്ത്യയില്‍ നമ്മൾ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കുകളില്‍ ഒന്നാണ് തടവുശിക്ഷയനുഭവിച്ചവര് സര്‍ക്കാര്‍ സര്‍വീസ് ചെയ്യാന്‍ പാടില്ല എന്നത്. അതുകൊണ്ടു തന്നെ പൊതുസമൂഹത്തില്‍ തടവുകാര്‍ അവഗണിക്കപ്പെടുന്നു. വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ തടവുകാരുടെ പുനരധിവാസ പദ്ധതികള്‍ക്കായി വലിയ ബജറ്റുകള്‍ തന്നെ നീക്കിവെക്കപ്പെടുന്നുണ്ട്. കാലഘട്ടത്തിനനുസരിച്ചുള്ള തൊഴില്‍ പരിശീലനങ്ങളാണ് അവിടെ നല്‍കുന്നത്. എന്നാല്‍ ഇന്ത്യന്‍ ജയിലുകള്‍ പരമ്പരാഗത തൊഴില്പരിശീലനങ്ങളില് നിന്നും ഇനിയും മുക്തമാവേണ്ടിയിരിക്കുന്നു.
ജയിലുകളെ ഭരണഘടനയുടെ കണ്‍കറന്റ് കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയാല്‍ കേന്ദ്രസര്‍ക്കാരിന് ജയിലുകളുടെ നടത്തിപ്പില്‍ രാജ്യത്താകമാനം ഏകീകരണസ്വഭാവം കൊണ്ടുവരാന്‍ കഴിയും. ജയില്‍ നടത്തിപ്പിനാവശ്യമായ ഫണ്ട് കേന്ദ്രത്തില്‍ നിന്നും ലഭിക്കും. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അര്‍ഹതപ്പെട്ട വേതനം കിട്ടും. മികച്ച തൊഴില്‍ പരിശീലനങ്ങള്‍, സ്വഭാവരൂപീകരണം തുടങ്ങിയവ ലഭിക്കുന്നതിലൂടെ പുനരധിവാസമെന്ന സംജ്ഞയെ യാഥാര്‍ഥ്യമാക്കാന്‍ ഇതുമൂലം കഴിയും. തടവുകാരുടെയും ജീവനക്കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കുകയും നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. അവകാശങ്ങള്‍ ഹനിക്കപ്പെടുമ്പോഴാണ് നമ്മള് വ്യക്തിത്വമില്ലാതെ പെരുമാറുന്ന സാഹചര്യമുണ്ടാവുന്നത്.
ഇന്ത്യന്‍ ജയിലുകളില്‍ അന്തേവാസികളായ എണ്‍പത് ശതമാനം പേരും പ്രഥമിക വിദ്യാഭ്യാസം മാത്രമുള്ളവരോ നിരക്ഷരരോ ആണ്. അവിടെയാണ് വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ സേവനം ആവശ്യമായിരിക്കുന്നത്. ഇന്ത്യയെന്ന ജനാധിപത്യരാഷ്ട്രത്തില്‍ ജീവിക്കുമ്പോള്‍ നമ്മള് പാലിക്കേണ്ടതായ നിയമങ്ങളും അവ ലംഘിച്ചാലുണ്ടാവുന്ന ഭവിഷത്തുകളും അറിയാതെയാണ് ജയിലില്‍ എത്തിപ്പെടുന്നത്. ശിക്ഷാകാലയളവിനുള്ളില്‍ തന്നെ അവരെ നേര്‍വഴിയ്ക്ക് നയിക്കേണ്ട ഉത്തരവാദിത്തം വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്കാണ്. കാലാകാലങ്ങളായുള്ള പ്രമോഷന് പദ്ധതിയിലൂടെയല്ല വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടത്. സൈക്കോളജിയും സൈക്യാട്രിയും ഒന്നുപോലെ കൈകാര്യം ചെയ്യാനറിയാവുന്ന, സോഷ്യല്‍വര്‍ക്ക് പോലെയുള്ള കോഴ്സുകളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും എടുത്തവരായിരിക്കണം അവര്‍. ക്രിമിനല്‍ സൈക്കോളജിയില്‍ അവഗാഹമുണ്ടായിരിക്കണം. നിശ്ചിതകാലയളവിനുള്ളില്‍ ഡിപ്പാര്‍ട്ടുമെന്റല്‍ ട്രെയിനിങ് നല്‍കിക്കൊണ്ട് അവരെ കൂടുതല്‍ സേവനസജ്ജമാക്കണം. തോറ്റ കുട്ടിയെ പഠിപ്പിച്ചെടുത്ത് ഉയര്‍ന്ന വിജയം കരസ്ഥമാക്കിക്കൊടുക്കുന്ന അധ്യാപകന്റെ ക്ഷമയും അര്‍പ്പണമനോഭാവവും അവര്‍ക്കുണ്ടായിരിക്കണം.
ഓരോ തടവുകാരന്റെയും ചരിത്രവും വര്‍ത്തമാനവും കുടുംബവിശേഷങ്ങളും തൊഴിലിന്റെ സ്വഭാവങ്ങളും തുടങ്ങി ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങള്‍ വരെ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. അതിനാല്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരെ നിയമിക്കേണ്ടത് അതത് ജയിലുകളിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിലായിരിക്കണം. സെന്‍ട്രല്‍ ജയിലുകളില്‍ ഒരുപക്ഷേ കൂടുതല്‍ പോസ്റ്റുകള്‍ സൃഷ്ടിക്കേണ്ടി വരും. ഇതേ നയമാണ് ജയിലിലെ മെഡിക്കല്‍, നോണ്‍ മെഡിക്കല്‍ പോസ്റ്റുകളിലും അനുവര്‍ത്തിക്കേണ്ടത്. ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ ഇടവേളകളില്‍ പരിശീലനം നല്‍കുകയും രാജ്യത്തെ ജയിലുകളിലെ പൊതുവേയുള്ള പ്രശ്നങ്ങളെക്കുറിച്ചും പ്രവണതകളെക്കുറിച്ചും അവ എങ്ങനെ മറികടക്കാം എന്നതിനെക്കുറിച്ചുമെല്ലാം വിശദമായ ചര്‍ച്ചകളും പഠനങ്ങളും നടത്തുകയും വേണം. നിയമനം ലഭിച്ചതിനുശേഷം എത്ര ഡിപ്പാര്‍ട്ടുമെന്റല്‍ പരിശീലനങ്ങള്‍ ലഭിച്ചിട്ടുണ്ട് എന്ന് ഒരു ജയില്‍ ഉദ്യോഗസ്ഥനോട് നിങ്ങള്‍ അന്വേഷിച്ചു നോക്കൂ. പരിശീലനകാലത്ത് ലഭിച്ച അറിവുകള്‍ വച്ചിട്ടായിരിക്കും അയാള്‍ പോസ്റ്റ് മോഡേണ്‍ കാലഘട്ടത്തിലെ, ഹൈടെക്നോളജി വാഴുന്ന കാലത്തെ തടവുകാരനെ വരുതിയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത്. പൂര്‍ണ പരാജയമായിരിക്കും ഫലം. തടവുകാരോട് അനുവര്‍ത്തിക്കേണ്ടതായ, കാലനുസൃതമായ നയങ്ങളൊന്നും തന്നെ അയാള്‍ അറിഞ്ഞിട്ടുപോലുമുണ്ടാവില്ല. പ്രിസണ്‍ മാനേജ്മെന്റ് എന്ന വലിയൊരു ഉത്തരവാദിത്തം അവിടെ റദ്ദുചെയ്യപ്പെടുന്നു.
ജയിലില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ സൂപ്രണ്ടിനും വെല്‍ഫെയര്‍ ഓഫീസര്‍ക്കും തുല്യ ഉത്തരവാദിത്തമാണ് വന്നുചേരുന്നത്. ആര് ആരോട് റിപ്പോര്‍ട്ട് ചെയ്യണം എന്ന 'ഈഗോ' അവിടെയുണ്ടായാല്‍ കറക്ഷനും റീഹാബിലിറ്റേഷനും പ്രിസണ്‍ മാനേജുമെന്റും എല്ലാം പ്രസ്താവനകളില്‍ മാത്രമൊതുങ്ങിപ്പോവും. ഒരു വ്യക്തിയുടെ ശാരീരിക- മാനസികാരോഗ്യം എങ്ങനെ നിലനിര്‍ത്തുന്നുവോ അങ്ങനെയായിരിക്കണം ജയില്ഭരണസംവിധാനങ്ങളും തടവുകാരുടെ മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം.
കോടതിയുമായി ഓരോ ജയില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ക്കും നേരിട്ട് ബന്ധമുണ്ടായിരിക്കണം. ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കുന്നയാളിന്റെ മുഴുവന്‍ വിവരങ്ങളും രണ്ടുകൂട്ടരും ചര്‍ച്ചചെയ്യണം. ജയില്‍ സംബന്ധമായ കാര്യങ്ങളില്‍, അന്തേവാസികളുടെ കാര്യത്തില്‍ വെല്‍ഫെയര്‍ ഓഫീസര്‍മാരുടെ അഭിപ്രായങ്ങള്‍ കൂടി കേള്‍ക്കാന്‍ കോടതിയ്ക്ക് മനസ്സുണ്ടാവണം. വെല്‍ഫെയര്‍ ഓഫീസര്‍മാരെ എങ്ങനെയാണ് തങ്ങളുടെ ജോലിയില്‍ ഉള്‍പ്പെടുത്തേണ്ടത് എന്ന സൂപ്രണ്ട് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടാകേണ്ടതില്ല. വെല്‍ഫെയര്‍ ഓഫീസര്‍മാര്‍ തടവുകാര്‍ക്കുവേണ്ടി നിലകൊള്ളുന്നവരാണ്. തടവുകാരുടെ ക്ഷേമമാണ് അവരുടെ പ്രധാനലക്ഷ്യം. ചില ഘട്ടങ്ങളില്‍ സുപ്രധാന തീരുമാനങ്ങള്‍ അവര്‍ക്ക് കൈക്കൊള്ളേണ്ടി വരും. തികച്ചും സ്വതന്ത്രമായ ഒരു യൂണിറ്റായി അവര്‍ ജയിലുകളില്‍ സേവനം ചെയ്യേണ്ടതുണ്ട്. റീജ്യണല്‍ വെല്‍ഫെയര്‍ ഓഫീസര്‍, ചീഫ് വെല്‍ഫെയര്‍ ഓഫീസര്‍ തുടങ്ങിയ പോസ്റ്റുകളും വെല്‍ഫെയര്‍ ഓഫീസര്‍ക്കു മുകളിലുണ്ടാവേണ്ടതുണ്ട്. നിര്‍ണ്ണായകഘട്ടങ്ങളില്‍ അവര്‍ കൂടിയിരുന്നു വേണം തീരുമാനങ്ങളെടുക്കാന്‍.
പ്രമോഷനിലൂടെ വെല്‍ഫെയര്‍ ഓഫീസര്‍ പോസ്റ്റിലെത്താന്‍ കഴിയുന്നവര്‍ നിര്‍ബന്ധമായും താൻ ഏറ്റെടുക്കുന്ന ഉത്തരവാദിത്തത്തിന്റെ ഗൗരവം മനസ്സിലാക്കി ഒരു നിശ്ചിത കാലയളവിനുള്ളില്‍ പോസ്റ്റിനനുയോജ്യമായ അംഗീകൃത കോഴ്സുകള്‍ ചെയ്യാന്‍ തയ്യാറാവണം. സൈക്കോളജി, മെഡിക്കല്‍ ആന്‍ഡ് സോഷ്യല്‍ സൈക്യാട്രി പോലുള്ള കോഴ്സുകള്‍ കഴിഞ്ഞുവരുമ്പോള്‍ മെച്ചപ്പെട്ട സേവനം കാഴ്ചവെക്കാന്‍ അവര്‍ക്ക് സാധിക്കും. പ്രമോഷനിലൂടെ വെല്‍ഫെയര്‍ ഓഫീസര്‍ എന്ന ഗസറ്റഡ് പോസ്റ്റിലേക്ക് ശുപാര്‍ശ ചെയ്യേണ്ടതില്ല.
തടവുകാരെ സുരക്ഷിതരായി പാര്‍പ്പിക്കുന്ന ഇടം എന്ന എളുപ്പത്തിലുള്ള സങ്കല്പമാണ് നമുക്ക് ജയില്‍. തടവുകാരുടെ മാനസികാരോഗ്യ സംരക്ഷണം എന്ന യാഥാര്‍ഥ്യത്തിലേക്ക് നമ്മള് എത്തിച്ചേര്‍ന്നിട്ട് വളരെ കുറച്ച് വര്‍ഷങ്ങളായിട്ടേയുള്ളൂ. അതിനാല്‍ത്തന്നെ ആയിനത്തിലുള്ള ഇന്ത്യന്‍ ജയിലുകളുടെ വളര്‍ച്ച കഷ്ടി ഇരുപത്തിയഞ്ച് ശതമാനം എത്തിനില്‍ക്കുന്നു. അതില്‍ നിന്നും നമ്മള് നൂറിലേക്ക്-അല്ല-അമ്പതിലേക്കെങ്കിലുമെത്തണമെങ്കില് പ്രയത്നമാണാവശ്യം. സാമൂഹികക്ഷേമ വകുപ്പിനെ ജയില്‍ വകുപ്പുമായി ചേര്‍ക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇ-പ്രിസണ്‍സ് ആധാര്‍കാര്‍ഡുമായി ലിങ്ക് ചെയ്താല്‍ തടവുകാരുടെ സ്വകാര്യതയെ എത്രമാത്രം ബാധിക്കുമെന്ന പഠനവും ഒപ്പം നടത്തേണ്ടതുണ്ട്.
പൊതുജനത്തിന്റെ നികുതികൊണ്ടാണ് ജയില്‍ സംവിധാനത്തെ ഇത്രയൊക്കെ മഹത്വമുള്ളതാക്കിമാറ്റുന്നത്. വന്‍മതിലിനകത്ത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാനും അന്വേഷിക്കാനുമുള്ള സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഓരോ പൗരനുമുണ്ട്. ജയില്‍ സംവിധാനങ്ങളില്‍ ജനങ്ങളും ജാഗരൂകരായിരിക്കണം. അഴിമതിയുണ്ടോ, തടവുകാര്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ, ആവശ്യത്തിന് ഭക്ഷണം നല്കുന്നുണ്ടോ, ആരൊക്കെയാണ് ജയില്‍ മോചിതരായിട്ടുള്ളത്, ആരൊക്കെ വീണ്ടും അകത്തായി തുടങ്ങിയവയെല്ലാം തന്നെ അന്വേഷിച്ചറിയേണ്ടത് പൊതുജനമാണ്. എന്‍.ജി.ഒകള്‍ രൂപീകരിച്ചുകൊണ്ട് ജയില്‍ സംവിധാനത്തില്‍ അവരും ഇടപെടല്‍ നടത്തട്ടെ.
(Co-Authored by Shabitha)
Content Highlights: Sunil Gupta Column Jail and Justice Who is Responsible for jail as a rehabilitation centre