തിഹാറിലെ രോഹിണി ജയിലിൽ സഞ്ജീവ് എന്ന തടവുകാരൻ വളരെ പെട്ടെന്നാണ് മരണപ്പെട്ടത്. മരണകാരണം വളരെ വിചിത്രമായിരുന്നു. പ്ളാസ്റ്റിക് കവറിൽ പൊതിഞ്ഞ ബ്രൗൺ ഷുഗർ വയറിനകത്ത് വച്ച് പൊട്ടിയായിരുന്നു മരണം സംഭവിച്ചത്. ആശുപത്രിയിൽ കൊണ്ടുപോകാനൊന്നും സമയം കിട്ടിയില്ല. നിമിഷങ്ങൾക്കുള്ളിൽ മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോർട്ടം നടത്തിയപ്പോളാണ് മരണകാരണം വ്യക്തമായത്. പ്ലാസ്റ്റിക് കവറിൽ ഭദ്രമായി പൊതിഞ്ഞ് ബ്രൗൺഷുഗർ വിഴുങ്ങിയതാണ് സഞ്ജീവ്. സൗകര്യം പോലെ എടുക്കാമെന്ന് കരുതിയിട്ടുണ്ടാവും. പക്ഷേ അബദ്ധം സംഭവിച്ചു. വിചാരിച്ചതുപോലെ കവർ പുറത്തേക്ക് വന്നില്ല, പകരം നല്കേണ്ടിവന്നത് ജീവൻ തന്നെയാണ്.

ലല്ലാരയെ എന്റെ സർവീസ് ജീവിതത്തിനിടയിൽ ഒരിക്കലും മറക്കാൻ കഴിയില്ല. അയാൾ പരോൾ കഴിഞ്ഞ് വരുമ്പോൾ കുറച്ച് ഞാവൽപഴങ്ങൾ കൊണ്ടുവന്നു. അയാൾ പ്രമേഹരോഗിയാണെന്നും അതിനാൽ നിത്യവും ഞാവൽ കഴിച്ചാൽ പ്രമേഹം മാറുമെന്ന് വൈദ്യൻ പറഞ്ഞതുകൊണ്ട് ചികിത്സാർഥം ഉപയോഗിക്കുന്നതാണെന്നും പറഞ്ഞു. മനോഹരമായ ഞാവൽപ്പഴങ്ങൾ കണ്ടപ്പോൾ ഞാൻ ഒന്നടർത്തിയെടുത്തു. അപ്പോളാണ് കള്ളി പൊളിഞ്ഞത്. ഒറിജിനലിനെ വെല്ലുന്ന പ്ളാസ്റ്റിക് ഞാവലുകളായിരുന്നു അത്. മുറിച്ചുനോക്കിയപ്പോൾ ബ്രൗൺഷുഗർ നിറച്ചുവച്ചിരിക്കുകയാണ് ഓരോന്നിലും! ലല്ലാരയെ പിന്നെന്തു ചെയ്യണം? എത്ര നിസ്സാരമായാണ് അയാൾ ഞാവലിൽ മയക്കുമരുന്ന് കടത്തിയത്! ഇത്രയും ഒറിജിനലായ ഞാവൽ മോഡൽ അയാൾക്കെവിടുന്നു കിട്ടി? തിഹാർ ജയിലിൽ ലല്ലാരയ്ക്ക് ഒരു ബിസിനസ് സാമ്രാജ്യം തന്നെയുണ്ടായിരുന്നോ? അന്വേഷണത്തിനായുളള പരക്കം പാച്ചിലായിരുന്നു പിന്നെ ഞങ്ങൾ.

നൈജീരിയക്കാരിയായ അഡീസ് പിടിക്കപ്പെട്ടത് തന്റെ രഹസ്യഭാഗത്ത് മൊബൈൽ ഫോൺ സൂക്ഷിച്ചതിനായിരുന്നു. വനിതാജയിലിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അഡീസിന്റെ ഫോൺ കണ്ടത്. സ്ത്രീകൾക്ക് തങ്ങളുടെ രഹസ്യഭാഗങ്ങളിൽ മൊബൈൽഫോൺ പോലുള്ള വസ്തുക്കൾ ഒളിപ്പിച്ചുവെക്കാൻ പുരുഷന്മാരേക്കാൾ എളുപ്പമാണ് എന്ന വസ്തുത തിരിച്ചറിയപ്പെട്ടപ്പോൾ പിന്നെ വനിതാജയിലുകളിൽ തുടർച്ചയായി പരിശോധനകൾ നടത്തിക്കൊണ്ടേയിരുന്നു.

കോടതി വരാന്തകളിൽ തടവുകാരുടെ ബന്ധുക്കളോ സുഹൃത്തുക്കളോ കാണാനും സംസാരിക്കാനും കാത്തു നിൽക്കുന്നത് പതിവാണ്. ആദ്യമൊക്കെ പ്രിയപ്പെട്ടവർ കൊണ്ടുക്കൊടുക്കുന്ന ആഹാരങ്ങൾ വാങ്ങാൻ അനുവദിക്കാറുണ്ടായിരുന്നു. റൊട്ടിയുടെ പാളിയിൽ അടക്കം ചെയ്ത് ജയിലിലേക്ക് കഞ്ചാവ് കടത്തിയ സംഭവം പിടിക്കപ്പെട്ടു. സമാനസംഭവങ്ങൾ പതിവാണെന്നത് അടുക്കള രഹസ്യം അങ്ങാടിപ്പാട്ടെന്നപോലെ എല്ലാവർക്കുമറിയാം. തുടർച്ചയായി ഇത്തരം സംഭവങ്ങൾ അരങ്ങേറിയപ്പോൾ ജയിൽ നിയമം ഒന്നുകൂടി പരിഷ്കരിക്കപ്പെട്ടു.അവയെക്കുറിച്ച് വിശദീകരിക്കേണ്ടതുണ്ട്.

കള്ളക്കടത്തുകൾ ജയിൽ റെക്കോർഡിൽ സാധാരണമാണ്. പിടിക്കപ്പെട്ടാൽ അവർ ഉടൻ തന്നെ കൈമലർത്തും ആരോ ചെയ്തതാണ്, തനിക്കൊന്നുമറിയില്ല എന്നതാണ് ആദ്യത്തെ ക്ളീഷേ പ്രസ്താവന. ഇനി ഇത്തരം സാധനങ്ങൾ വിഴുങ്ങിയത് കണ്ടെത്തിയതാണെങ്കിൽ (എക്സ്റേ നിത്യപരിശോധനകളിൽ ഒന്നാണ്) സമ്മതിക്കാതെ തരമില്ല. എന്നാൽ നിയമനടപടികളുമായി കോടതിയിലെത്തുമ്പോൾ അവർ എല്ലാം നിരാകരിക്കും. പിന്നെ നിയമ സംരക്ഷണമില്ലെന്നും പറഞ്ഞാണ് വാദിക്കുക.

മയക്കുമരുന്ന്, മൊബൈൽ ഫോൺ മുതലായവ പിടിക്കപ്പെട്ടാൽ പിന്നെ തടവുകാരന് സഹതടവുകാരുമായുള്ള സമ്പർക്കം വിലക്കുകയും അയാളെ ഒറ്റയ്ക്ക് പാർപ്പിക്കുകയും ചെയ്യും. അതുവരെ അനുഭവിച്ചിരുന്ന പരിമിതമായ സ്വാതന്ത്ര്യങ്ങളും നിലയ്ക്കും. ജയിൽ കമ്യൂണിറ്റി എന്ന സങ്കല്പത്തിൽ നിന്നും അയാളെ ഒറ്റപ്പെടുത്തും. അതാണ് പ്രാഥമിക ശിക്ഷ.

ഏറ്റവും ശക്തമായ സുരക്ഷാസംവിധാനങ്ങളുള്ള ഇടങ്ങളാണ് ജയിലുകൾ. അങ്ങനെയുള്ള തീക്കട്ടയിലാണ് ഉറുമ്പരിക്കുന്നത്. തീക്കട്ടയുടെ ജ്വലനശേഷി കുറഞ്ഞുപോവുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.കുറ്റം ചെയ്തവനും കുറ്റം ആരോപിക്കപ്പെട്ടവനും സമൂഹത്തിൽ നിന്നും മാറ്റിനിർത്തപ്പെടുമ്പോൾ അവനെ നേർവഴിയ്ക്ക് കൊണ്ടുവരാനാണ് ജയിൽ സംവിധാനങ്ങളുള്ളത്. അപ്പോൾ അവന്റെ മാനസികാരോഗ്യത്തെയും അക്രമണ പ്രവണതകളെയും മാറ്റിയെടുക്കുന്ന പുനരധിവാസ സ്ഥാപനങ്ങളാണ് ജയിലുകൾ. പരമ്പരാഗത ജയിൽ കാഴ്ചപ്പാടുകളിൽ നിന്നും ആധുനിക ഇന്ത്യ വളരെ മുന്നോട്ടു സഞ്ചരിച്ചു എന്ന തെളിയേക്കേണ്ടതിൽ ജയിൽ സംവിധാനങ്ങൾക്ക് വളരെ വലിയ പങ്ക് ഉണ്ട്.

മദ്യം, മയക്കുമരുന്ന് പോലുള്ളവയ്ക്ക് അടിമപ്പെട്ടവരെ അതിൽ നിന്നും കരകയറ്റാൻ പരിശ്രമിക്കേണ്ടത്-അവർ ജയിൽ സംരക്ഷണത്തിലാണെങ്കിൽ-ജയിൽ സംവിധാനത്തിന്റെ ഉത്തരവാദിത്തമാണ്. നാളെ താൻ പുറത്തിറങ്ങി ഇതിലും വലിയത് ചെയ്യും എന്ന ഉറച്ച വിശ്വാസത്തോടെ ജീവിക്കുന്നവനെ തിരികെ കൊണ്ടുവന്ന് സാധാരണ ജനങ്ങൾ നയിക്കുന്നതുപോലുള്ള ജീവിതസാഹചര്യത്തിലേക്ക് കൊണ്ടുവരേണ്ടത് ജയിൽ എന്ന റീഹാബിലിറ്റേഷൻ സെന്ററിന്റെ ഉത്തരവാദിത്തവുമാണ്.

ഒരു തടവുകാരനെ നല്ലതും ചീത്തയും പഠിപ്പിക്കുക, ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങൾ, ജയിൽ നിയമങ്ങൾ തുടങ്ങിയവ നടപ്പിൽ വരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എല്ലാം സംസ്ഥാനങ്ങൾക്കും അവരവരുടേതായ ജയിൽ നിയമങ്ങളുണ്ട്. നിയമപരവും ധാർമികവുമായ നിബന്ധനകൾ തടവുകാർക്കുമേൽ ചുമത്താറുണ്ട്. പക്ഷേ അടിസ്ഥാനപരമായി എല്ലാ ജയിലുകളും ഒരേ നിയമങ്ങൾ തന്നെയാണ് പിന്തുടരാറ്.

അതിൽ പ്രധാനപ്പെട്ടത് ചില വസ്തുക്കൾ ജയിലിനകത്തേക്ക് കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക എന്നതാണ്. ജയിലിൽ അനുവദിക്കപ്പെടാത്തതായ സാധനസാമഗ്രികളുടെ ലിസ്റ്റ് നെടുനീളെ നോട്ടീസ്ബോർഡിൽ ഒട്ടിച്ചു വയ്ക്കണമെന്നൊന്നുമില്ല. ജയിലിലേക്ക് കൊണ്ടുവരാൻ പാടില്ലാത്തവ കൊണ്ടുവന്നാൽ അത് പ്രിസൺമാനുവലിന് എതിരാണ്. ജയിൽ കുറ്റകൃത്യമായിട്ടുമാത്രമേ അതിനെ കാണുകയുള്ളൂ. തക്കതായ ശിക്ഷ അർഹിക്കുന്നതാണ് അത്തരം കുറ്റകൃത്യങ്ങൾക്ക്. ജയിൽ അച്ചടക്കലംഘനമായിട്ടാണ് അത്തരം കൃത്യങ്ങളെ കാണുക. എന്നീ കാര്യങ്ങൾ തടവുകാരെ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ടതുണ്ട്.

ജയിലിലേക്ക് ഒരു കാരണവശാലും കടത്താൻ അനുവദനീയമില്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് പറയാം.

  • പാകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണപദാർഥങ്ങൾ.
  • എല്ലാവിധ പുകയില ഉത്‌പന്നങ്ങളും പാൻ മസാലകളും.
  • സ്പോർട്സ് ഷൂസുകൾ(ഷൂസിന്റെ സ്പോഞ്ചുള്ള ഭാഗത്ത് വസ്തുക്കൾ കടത്തിക്കൊണ്ട് വരാറുണ്ട്)
  • മദ്യം, ലഹരികൾ, കഞ്ചാവ്, ഭാംഗ്, കറുപ്പ്, ബ്രൗൺ ഷുഗർ തുടങ്ങിയവ.
  • ആയുധങ്ങൾ, ലോഹങ്ങൾ, ബ്ളേഡുകൾ, നാണയങ്ങൾ, സ്വർണം, കറൻസികൾ, കണ്ണട, വെടിമരുന്നുകൾ,ചരടുകൾ, കയറുകൾ, ചങ്ങലകൾ തുടങ്ങിയവ.
  • ലാപ്ടോപ്, ഡെസക്ടോപ്പ്,ഐപാഡുകൾ,ടാബുകൾ, ഫാബുകൾ,സെൽഫോണുകൾ, ചാർജറുകൾ, ബാറ്ററി, സിം കാർഡ്, ഡാറ്റാ കാർഡ്, വയർലെസ്സ് മറ്റ് വിവരവിനിമയോപാധികൾ.
  • ടേപ് റെക്കോർഡറുകൾ, ടൈപ് റൈറ്ററുകൾ.
  • ഡെനിം പോലുള്ള കട്ടിയുള്ള വസ്ത്രങ്ങൾ, പാക്കറ്റ് ഫുഡുകൾ, അച്ചാറുകൾ, ജയിൽ ഡി.ജിയുടെയോ ഐ.ജിയുടെയോ അറിവോ, അനുവാദമില്ലാതെ മറ്റ് സാധനസാമഗ്രികൾ.

ജയിൽ അച്ചടക്കത്തെ മാത്രമല്ല, ജയിൽ ജീവനക്കാരുടെയും സഹതടവുകാരുടെയും ജീവനുവരെ ഭീഷണിയാവുന്ന പ്രവർത്തനങ്ങൾ തടയുകയാണ് മേൽപ്പറഞ്ഞതിലൂടെ ലക്ഷ്യമിട്ടിരിക്കുന്നത്. ആദ്യമായാണ് തടവുകാരിൽ നിന്ന് ഇതിലേതെങ്കിലും കണ്ടെടുക്കുന്നതെങ്കിൽ അയാൾക്ക് വാണിങ് കൊടുക്കുകയാണ് പതിവ്. പക്ഷേ അയാൾ നോട്ടപ്പുള്ളിയായിക്കഴിഞ്ഞു. മാത്രമല്ല എപ്പോൾ വേണണെങ്കിലും ജയിലിൽ നിരോധിക്കപ്പെട്ടവ അയാളുടെ പക്കൽ നിന്നും കണ്ടെത്താം. ജയിലിലെ വിനോദപരിപാടികളിൽ നിന്നും മാറ്റി നിർത്തിയും സഹതടവുകാരിൽ നിന്നും മാറ്റി പാർപ്പിച്ചും ആറുമാസംവരെയൊക്കെ ഇത്തരത്തിലുള്ള ശിക്ഷകൾ കൊടുക്കാറുണ്ട്.

വിരോധാഭാസമെന്നു പറയട്ടെ, ജയിൽ കൂടുതൽ കണിശമാകുന്നതിനനുസരിച്ച് നിയമങ്ങൾ ലംഘിക്കപ്പെടാനുള്ള സാധ്യതയാണ് ഉണ്ടാവുക. അപ്പോൾ തടവുകാരന്റെ ശിക്ഷ കഠിനമാവുക മാത്രമല്ല, അയാളുടെ ആരോഗ്യത്തിനും കൂടിയാണ് ഇത്തരം കള്ളക്കടത്തുകളിലൂടെ ദോഷം സംഭവിക്കുക.

jail

നിരോധിക്കപ്പെട്ട സാധനങ്ങൾ ഒരിക്കലും കയ്യിൽ പിടിച്ച് കൊണ്ടുവരാൻ പറ്റില്ല. പിന്നെ സുരക്ഷിതമായ മാർഗം ഒന്നുകിൽ വിഴുങ്ങുക അല്ലെങ്കിൽ മലദ്വാരത്തിൽ തിരുകിക്കയറ്റുക, മുടിക്കിടയിൽ ഒളിപ്പിച്ചു കടത്തുക എന്നതൊക്കെയാണ്. പിന്നെ അതിലൊക്കെ എളുപ്പമുള്ള മാർഗം സുരക്ഷാജീവനക്കാർക്ക് എന്തെങ്കിലും കൈക്കൂലി കൊടുത്ത് അവരുടെ മൗനാനുവാദത്തോടെ കൊണ്ടുവരിക എന്നതാണ്.

ഭക്ഷണവും വസ്ത്രവും മറ്റും ജയിൽ കോമ്പൗണ്ടിലേക്ക് പുറമേ നിന്നും എറിഞ്ഞുകൊടുക്കുന്നത് കേരളത്തിലെ ജയിലുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ബീഡി മുതൽ കഞ്ചാവും മൊബൈൽ ഫോണും വരെ ഉൾപ്പെട്ടു എന്നതാണ് വസ്തുത.

അടുത്ത കാലത്തുണ്ടായ മറ്റൊരു സംഭവം നാല് വളരെ ചെറിയ ചൈനീസ് ഫോണുകൾ ഒന്നാക്കി കെട്ടിയിട്ട് വിഴുങ്ങിയതാണ്. ജയിലിനകത്തെത്തി മലത്തിലൂടെ പുറത്തെടുക്കാമെന്നാണ് കരുതിയത്. നാലാമത്തേത് മലദ്വാരത്തിൽ കുടുങ്ങിപ്പോയി. അയാളെയും കൊണ്ട് ആശുപത്രിയിൽ പോവേണ്ടി വന്നു. ഇത്തരം കള്ളക്കടത്തുകൾക്കായി ജീവൻ പണയം വച്ചുള്ള പരീക്ഷണങ്ങൾക്കാണ് അവർ മുതിരുന്നത് എന്നാണ് മറ്റൊരു വസ്തുത.

നിരോധിക്കപ്പെട്ടവ ജയിലിനകത്തേക്ക് കടത്തിക്കൊണ്ടുവരുന്നതിൽ ഒരു സംസ്ഥാനത്തെ ജയിൽപ്പുള്ളികളും മോശക്കരല്ല. അത് എല്ലാ ജയിലുകളിലും സാധാരണവും സാർവത്രികവുമാണ്. അമൃത്സർ, ലുധിയാന, ഗോവ, ഡൽഹി, ബിഹാർ തുടങ്ങിയ ഇടങ്ങളിൽ നിന്നും മിന്നൽ പരിശോധനകളിൽ നിന്നും പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ചാർജറുകൾ, ബാറ്ററികൾ, സിംകാർഡുകൾ, പുകയില, കറൻസികൾ, സിഗരറ്റുകൾ
തുടങ്ങിയവയുടെ തൂക്കം നോക്കിയാൽ അമ്പരന്നുപോകുന്നതായിരുന്നു.

രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷയിൽ കഴിയുന്ന നളിനി തമിഴ്നാട്ടിലെ ജയിലിൽ എ ക്ളാസ് ട്രീറ്റ്മെന്റിൽ കഴിഞ്ഞതായിരുന്നു. ബിരുദധാരിയാണെന്ന കാരണത്താൽ തമിഴ്നാട് ജയിൽ അനുവദിച്ചിരുന്നതായിരുന്നു എ ക്ളാസ് പ്രിവിലേജ്. ഒരു മിന്നൽ പരിശോധനയിൽ നളിനിയുടെ പക്കൽ നിന്നും മൊബൈൽ ഫോൺ കണ്ടെടുക്കുകയുണ്ടായി. അതോടെ അവരുടെ എല്ലാ പ്രത്യേകപരിഗണനകളും റദ്ദ് ചെയ്ത് മറ്റൊരു ജയിലിലേക്ക് മാറ്റി. പിന്നീട് നളിനി തന്നെ മനഃപൂർവം കേസിൽ കുടുക്കിയെന്നാരോപിച്ച് മദ്രാസ് ഹൈക്കോടതിയിൽ പോവുകയും എ ക്ലാസ് പ്രിവിലേജ് തിരിച്ചുപിടിക്കുകയും ചെയ്തു.

മുൻ ഹരിയാന മുഖ്യമന്ത്രി ഒ.പി ചൗതാലയുടെ പക്കൽ നിന്നും ഒരു ഐഫോൺ ചാർജർ പിടിച്ചെടുത്തു എന്ന് ദിനപത്രങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു. സത്യത്തിൽ രണ്ട് ചാർജറുകളാണ് ചൗതാലയുടെ പക്കൽ നിന്നും കണ്ടെടുത്തത്. ബിഹാർ മുൻ എംഎൽഎ ഷഹാബുദ്ദീൻ, കുപ്രസിദ്ധ ഗുണ്ടാനേതാവ് നീരജ് ബവാനാ എന്നിവരുടെ പക്കൽ നിന്നും മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയുണ്ടായി.

വളരെ രസകരമായ സംഭവങ്ങളായിരുന്നു തടവുകാരറിയാതെ തിഹാറിൽ സ്ഥാപിച്ച ഒളിക്യാമറയിൽ കണ്ടത്. ചില വാർഡുകളിൽ തടവുകാർ തന്നെ പാചകം ചെയ്ത് ഭക്ഷണം കഴിക്കുന്നു. ചിലർ വ്യത്യസ്ത ഭാവങ്ങളിലുള്ള സെൽഫികൾ പകർത്തുന്നു! പിടിക്കപ്പെട്ടപ്പോൾ അവർ പറഞ്ഞത് ജയിൽ അധികൃതരുടെ അനാസ്ഥ ലോകമറിയാനാണ് ഇങ്ങനെ ചെയ്തതെന്നാണ്. കള്ളക്കടത്തുകാർ അവരുടെ ജീവനെയോ ആരോഗ്യത്തെയോ മാനിക്കുകയില്ല. ലക്ഷ്യമാണ് അവർക്ക് പ്രധാനം മാർഗമല്ല. അതിനിടയിൽ ജീവൻ പോലും പോയാൽ പോകട്ടെ എന്നാണ് നിലപാട്.ജയിൽ റിപ്പോർട്ടുകൾ പ്രകാരം കുറ്റവാളികൾ അവരുടെ ആയുധങ്ങൾ തങ്ങളുടെ തടവറയിൽ സൂക്ഷിക്കുകയും അവരുടെ ക്വട്ടേഷനുകൾ കൃത്യമായി നടത്തുകയും ചെയ്യുന്നുണ്ട്. പിടിക്കപ്പെടുമ്പോൾ ജയിൽ അധികാരികളുടെ അറിവോടെയും സമ്മതത്തോടെയുമാണ് ഇതൊക്കെ സംഭവിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് അവർ ജയിൽ ജീവനക്കാരെ കൂടി പ്രതികളാക്കിക്കളയുകയാണ് പതിവ്.

1993-95 വരെ കിരൺ ബേദി ജയിൽ ഐജിയായി ചുമതലയേറ്റ കാലത്ത് ലൈംഗിക സുരക്ഷാമാർഗങ്ങളായ ഉറകൾ അഡോളസെന്റ് ജയിലുകളിലും വനിതാ ജയിലുകളിലും അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് പ്രൊപ്പോസൽ വച്ചു. എയ്‌ഡ്സ്, മറ്റ് ലൈംഗിക രോഗങ്ങൾ എന്നിവ തടയുകയും തയവുകാർക്കിടയിൽ അത്തരം കാര്യങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. ഇത് എനിക്ക് അനുവദിച്ചുകൊടുക്കാൻ തോന്നിയില്ല. കാരണം സ്വവർഗരതിയും അത് സംബന്ധിച്ചുള്ള മറ്റ് പ്രശ്നങ്ങളും ജയിലുകളിൽ വർധിക്കുമെന്ന് ഞാൻ വാദിച്ചു. ഡൽഹി ഹൈക്കോടതിയിൽ പിന്നീട് ഹർജി സമർപ്പിക്കുകയുണ്ടായി ഇതു സംബന്ധിച്ച്. കേസ് പഠിച്ച ഡൽഹി ഹൈക്കോടതി എന്റെ നിരീക്ഷണം ശരിവയ്ക്കുകയും കോണ്ടം പോലുള്ള വസ്തുക്കൾ ജയിലിൽ നിരോധിക്കുകയും ചെയ്തു.

നിരോധിത വസ്തുക്കളുടെ കള്ളക്കടത്ത് ഒരു ജയിലിന്റെയോ സംസ്ഥാനത്തിന്റെയോ പ്രശ്നമല്ല. അതൊരിക്കലും പൂർണമായും തുടച്ചു നീക്കപ്പെടാത്തതും ലോകത്തിലെ എല്ലാ ജയിലുകളിലും വ്യാപകമായതുമാണ്. ജയിൽ ഓഫീസർമാർക്കിടയിൽ വിനീത വിധേയരായ നിസ്സാര കുറ്റങ്ങൾക്ക് തടവിലാക്കപ്പെട്ടവർക്ക് ഇത്തരം കള്ളക്കടത്തിന്റെ ഉറവിടങ്ങളെ അതിവിദഗ്ധമായി കൈകാര്യം ചെയ്യാൻ കഴിയും. അതിനിപുണരായ അത്തരം തടവുകാരെ ഡൽഹിൽ പിടികൂടിയപ്പോൾ വളരെ മയത്തിൽ ചോദിച്ചു മനസ്സിലാക്കിയതിൽ നിന്നും അറിയാൻ കഴിഞ്ഞത് ജയിലിലെ കൊള്ളയും കൊലപാതകവും കുതികാൽവെട്ടിന്റെയും കഥകളായിരുന്നു.

ഇതിനൊക്കെ ഒരു പരിഹാരമുണ്ടോ എന്നു ചോദിച്ചാൽ നൂറു ശതമാനം ഇല്ല എന്നു തന്നെ പറയാം. പകരം വളരെ കണിശമായ, കടുകിട ഇളവനുവദിക്കാത്ത ജയിൽ നിയമങ്ങൾ ബന്ധപ്പെട്ട അധികാരികൾ നടപ്പിൽ വരുത്തുക മാത്രമേ വഴിയുള്ളൂ.

വളരെ സങ്കീർണമായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരാണ് ജയിൽ അധികൃതരും ജീവനക്കാരും. അപ്പോൾ അവർ കൈകാര്യം ചെയ്യുന്നവരുടെ ചെയ്തികളിൽ ഭക്ഷണത്തിലെ ഉപ്പെന്നപോലെ അവർ അലിഞ്ഞുചേരപ്പെട്ടിട്ടുണ്ട്. അത് നേരിട്ടോ അല്ലാതെയോ ആയിരിക്കാം. നിരുത്തരവാദിത്തമോ നിസ്സംഗതയോ അശ്രദ്ധയോ അഴിമതിയോ അതിൽ അടങ്ങിയിരിക്കാം.

ആവർത്തനമാണ്, എങ്കിലും പറയാതെ വയ്യ. ജയിൽ സംവിധാനങ്ങൾ നിരന്തരവും തുടർച്ചയായതുമായ നിരീക്ഷണങ്ങൾക്ക് വിധേയമാവേണ്ടതുണ്ട്. നൂതന സാങ്കേതികവിദ്യകളുടെ സഹായങ്ങൾ അതിനായി ഉപയോഗിക്കണം. തടവുകാർക്കെതിരേ മാത്രം കുറ്റപത്രങ്ങൾ സമർപ്പിച്ചാൽ മതിയാവില്ല ഇതിന്. കള്ളന് ചൂട്ടുപിടിച്ചുകൊടുക്കുന്നവർ സർവീസിലുണ്ടെങ്കിൽ അവർക്കു നേരെയാവണം ആദ്യത്തെ നടപടികൾ.

കേരളത്തിലെ ജയിലുകളിൽ പ്രധാനമായും നിരോധിക്കപ്പെട്ട വസ്തുക്കൾ എത്തുന്നത് വായുവിലൂടെ പറന്നാണ്. അത് മദ്യമാവാം, കഞ്ചാവാകാം, സിഗരറ്റാവാം, ഒരുപക്ഷേ ഇഷ്ടപ്പെട്ട ഭക്ഷണമാവാം. പുറത്തുനിന്നും ചൂളമടിയിലൂടെയും മറ്റും സിഗ്നൽ കിട്ടുമ്പോൾ മൂന്നുനാലു തടവുകാർ സംഘം ചേർന്ന് പറന്നുവരുന്ന വസ്തുക്കളെ പിടിക്കാറാണ് പതിവ്. പണ്ട് ഈ പ്രതിഭാസം സാധാരണയായി കണ്ടുവന്നിരുന്നത് കണ്ണൂർ ജയിലിലായിരുന്നു. ഇപ്പോൾ പുറത്തുനിന്നും എറിയുന്നവനും അകത്താവുമെന്നതിനാൽ കേസുകൾ പൊതുവിൽ കുറവാണ്.

മലദ്വാരത്തിലൂടെ ഒന്നരകിലോ കഞ്ചാവ് വരെ തള്ളിക്കയറ്റി ജയിലിൽ എത്തിച്ച കേസ് കേരളത്തിലുണ്ട്. കോടതിയിൽ നിന്നും തിരിച്ചു വന്നാൽ സിറ്റ് അപ്പിന് വിധേയരാക്കാറുണ്ട് ഇവരെ. എന്നാലും അതിവിദഗ്ധമായി അത് ഒളിപ്പിച്ചുവെക്കാൻ കഴിയുന്ന തടവുകാരുണ്ട്. കോടതിൽ പോകുമ്പോൾ അവിടെയുള്ള ടോയ്ലറ്റുകളിൽ വേണ്ടപ്പെട്ടവർ നിക്ഷേപിക്കുന്നതാണിത്. അങ്ങനെയുള്ള വിവര കൈമാറ്റങ്ങളൊക്കെ നിമിഷങ്ങൾ കൊണ്ട്
നടന്നുകഴിഞ്ഞിട്ടുണ്ടാകും.

ജയിലിലെ മറ്റൊരു പ്രധാന ഐറ്റമാണ് ബ്ളേഡ്. കോവിഡ് കാലത്ത് ഏറ്റവും പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നാണ് കട്ടിങ്ങും ഷേവിങും. ബാർബർമാർക്ക് കരാറടിസ്ഥാനത്തിൽ കൊടുക്കുകയാണ് പതിവ്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ ബ്ളേഡ് കൊടുക്കാൻ നിർബന്ധിതരാണ് ജയിലധികൃതർ. ഒരു ബ്ളേഡ് രണ്ടാക്കി പൊട്ടിച്ച് വിതരണം ചെയ്ത് ആവശ്യം കഴിഞ്ഞ് നിശ്ചിത സമയത്ത് തന്നെ തിരിച്ചു വാങ്ങുകയാണ് ചെയ്യുന്നത്. ബ്ളേഡ് കൊടുക്കുമ്പോൾ എണ്ണി തിട്ടപ്പെടുത്തുന്നു, തിരിച്ചുവാങ്ങുമ്പോളും എണ്ണിതിട്ടപ്പെടുത്തുന്നു. ഒരു കഷ്ണം കുറഞ്ഞുപോയാൽ പിന്നെ പരിശോധന തുടങ്ങുകയായി.

ജയിലിലെ പ്രധാന ഉപകരണമായി ബ്ളേഡ് പലപ്പോഴും മാറാറുണ്ട്. നാക്കിനിടയിൽ ബ്ലേഡ് ഭദ്രമായി വച്ച് ആവശ്യമുള്ളപ്പോൾ എടുക്കാൻ കഴിവുള്ള മിടുക്കന്മാർ ഉണ്ട്. എത്ര ദിവസം വേണമെങ്കിലും അവർക്ക് യാതൊരു പരിക്കും കൂടാതെ വായിൽ ബ്ളേഡ് സൂക്ഷിക്കാൻ കഴിയും. സംശയം തോന്നിയാൽ പിടിച്ചുകെട്ടി വായിൽ കയ്യിട്ടെടുക്കുകയേ നിവൃത്തിയുള്ളൂ. ബ്ളേഡും ഇതുപോലെ കൈമാറ്റം ചെയ്യപ്പെടുന്ന ആയുധമാണ്. ഒന്നുകിൽ അവനവനെ വേദനിപ്പിച്ച് സുഖം കണ്ടെത്താൻ, അല്ലെങ്കിൽ മറ്റാർക്കെങ്കിലും പണി കൊടുക്കാൻ!

ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ വിചാരണത്തടവുകാരായവർ ജയിലിൽ നിന്നും സെൽഫി എടുത്ത് സമൂഹമാധ്യമത്തിലിട്ടത് വിവാദമായിരുന്നല്ലോ. നിയമലംഘനം നടത്തുന്നവർക്ക് അതിന്റെ ഗൗരവം ഉൾക്കൊള്ളാനുള്ള ശേഷിയില്ല. ജയിലിൽ തടവുകാരെ സന്ദർശിക്കാൻ വരുന്നവർക്ക് ഒരു ജോഡി വസ്ത്രം കൊടുക്കാൻ മാത്രമേ കേരളത്തിൽ നിലവിൽ അനുവാദമുള്ളൂ. അതും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്ന വസ്ത്രങ്ങൾ മാത്രമേ കൊടുക്കാൻ പാടുള്ളൂ. ജയിൽ സെക്യൂരിറ്റി ഓഫീസർ പരിശോധിച്ചതിനു ശേഷമാണ് വസ്ത്രങ്ങൾ തടവുകാരന് കൈമാറുക. മുൻപ് ഒരു പ്രമുഖ പാർട്ടി നേതാവ് ജയിലിൽ കഴിഞ്ഞപ്പോൾ അയാൾ ഷാംപൂവിന് വേണ്ടി കെഞ്ചിയിട്ടുണ്ടായിരുന്നു. താരൻ കാരണം അയാൾ തേക്കുന്ന ഷാംപൂ തന്നെ വേണമെന്നായിരുന്നു ആവശ്യം. പക്ഷേ അനുവദിച്ചു കൊടുത്തില്ല. എണ്ണ, ഷാംപൂ എന്നിവ ജയിലിൽ നിന്ന് കൊടുക്കുന്നതേ ഉപയോഗിക്കാവൂ. ഒടുക്കം പ്രത്യേകാനുമതിയോടെ ഒരു പാക്കറ്റ് ഷാംപൂ അനുവദിച്ചു. അതേസമയം സോപ്പ്, പോക്കറ്റില്ലാത്ത വസ്ത്രങ്ങൾ എന്നിവ അവർക്ക് ബന്ധുക്കളിൽ നിന്നും കൈപ്പറ്റാം. സ്ഥിരം മരുന്നുകളും വാങ്ങാം. സെപ്ഷ്യൽ ഡയറ്റ് ഡോക്ടർ നിർദ്ദേശിച്ചവർക്ക് മാത്രം അനുവദിക്കും. അല്ലാതെ മറ്റൊരു ലക്ഷ്വറിയും ജയിലിൽ അനുവദിക്കുന്നില്ല.

കള്ളക്കടത്ത് വസ്തുക്കൾ തടവുകാർക്ക് ലഭിക്കുന്നത് കോടതി പരിസരത്ത് വച്ചാണ്. അവിടെ ഉറ്റവർ കാത്തുനിൽക്കുന്നുണ്ടാകും അത്യാവശ്യമായത് എത്തിച്ചുകൊടുക്കാൻ. ആരും കാണുന്നില്ല എന്ന് ഉറപ്പ് വരുത്തി കിട്ടിയപാടെ അത് വിഴുങ്ങിക്കളയുകയാണ് പതിവ്. ജയിലിലെത്തിയ ശേഷം കൈയിട്ട് ഛർദ്ദിച്ച് പുറത്തെടുക്കും. ഇങ്ങനെയുള്ളവ ഒഴിവാക്കാനായി ആദ്യം ചെയ്യേണ്ടത് ജയിൽ പ്രവേശനകവാടത്തിൽ സ്കാനർ സ്ഥാപിക്കുക എന്നതാണ്. എയർപോർട്ടിലൊക്കെ വച്ചിരിക്കുന്ന അത്രതന്നെ ക്വാളിറ്റിയുള്ള സ്കാനർ വേണം സ്ഥാപിക്കാൻ. അകത്തുള്ളതും പുറത്തുള്ളതുമെല്ലാം സ്കാനർ പറഞ്ഞുതരും. ജയിലുകൾ ഹൈടെക് ആവണം, ചിന്തയിലും പ്രവൃത്തിയിലും.

(കേരളത്തിലെ ജയിലുകളെക്കുറിച്ചുള്ള വിവരങ്ങൾക്ക് കടപ്പാട്:ജോർജ് ചാക്കോ, വെൽഫെയർ ഓഫീസർ, ജില്ലാ ജയിൽ എറണാകുളം.)

Co-Authored by shabitha

(തുടരും)