അപ്നേ ലിയേ ജിയേ തോ ക്യാ ജിയേ...
അപ്നേ ലിയേ ജിയേ തോ ക്യാ ജിയേ...
തു ജി, ആയ് ദിൽ, സമാനേ കെ ലിയേ...
അപ്നേ ലിയേ ജിയേ തൊ ക്യാ ജിയേ...

ബാദൽ എന്ന ചിത്രത്തിലെ ഈ ഗാനവും എന്റെ സർവീസ് കാലയളവിൽ ഞാൻ സാക്ഷ്യം വഹിച്ച അവസാനത്തെ വധശിക്ഷയും തമ്മിൽ അഭേദ്യമായ ബന്ധമുണ്ടെന്ന് ഞാൻ എല്ലാവരോടും പറയാറുണ്ട്. 2013 ഫെബ്രുവരി ഒൻപത് എന്റെ സർവീസ് ഹിസ്റ്ററിയിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ്. പാർലമെന്റ് ആക്രമണ കേസിൽ അഫ്സൽ ഗുരുവിന് രാജ്യദ്രോഹക്കുറ്റമാരോപിച്ച് വധശിക്ഷ നടപ്പിലാക്കിയ ദിവസം. തൂക്കുകയറിന് മുമ്പിൽ നിന്നുകൊണ്ട്, ''നിങ്ങൾ നിങ്ങൾക്കു വേണ്ടിമാത്രം ജീവിക്കരുത്, മറ്റുള്ളവർക്കുവേണ്ടിയാവണം തീർച്ചയായും അത്'' എന്ന് പാടിയ അഫ്സൽ ഗുരു. ആരാച്ചാർമാരെയൊന്നും ലഭ്യമല്ലാത്തതിനാൽ ജയിലധികാരികൾ തന്നെയാണ് ശിക്ഷ നടപ്പിലാക്കിയത്. ഭൗതികശരീരം ബന്ധുക്കൾക്ക് വിട്ടുകൊടുക്കരുതെന്ന് സർക്കാർ ഉത്തരവുള്ളതിനാൽ ജയിൽ വളപ്പിൽ തന്നെയാണ് സംസ്കരിച്ചത്. മൃതദേഹം വിട്ടുകിട്ടണമെന്ന് ഗുരുവിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നെങ്കിലും അത് കശ്മീരിലെ മറ്റൊരു സ്മാരകമായും പ്രസ്ഥാനമായും ഉയരുമെന്ന ഭീതി സർക്കാരിനുണ്ടായിരുന്നതുകൊണ്ടാണ് ആവശ്യം നിരാകരിച്ചത്. ഗുരുവായിരുന്ന മുഹ്മദ് മക്ബൂൽ ഭട്ടിന്റെ കുഴിമാടത്തിനരികെത്തന്നെയാണ് അഫ്സലിനെയും സംസ്കരിച്ചത്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ പരമാവധിശിക്ഷയായ വധശിക്ഷ ഒരു കൂട്ടർ ആഘോഷിക്കും; മറുകൂട്ടർ അനുശോചിക്കും.

ഏറ്റവും ഒടുവിലായി സുപ്രീം കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഇന്ത്യൻ ജയിലുകളിൽ വധശിക്ഷകാത്തുകിടക്കുന്നവരുടെ എണ്ണം 1107 ആണ്. അതിൽ പതിനെട്ടുമുതൽ ഇരുപത്തിയൊന്ന് വയസ്സുവരെയുള്ളവർ 47(സ്ത്രീകളില്ല), ഇരുപത്തി രണ്ട് മുതൽ മുപ്പത്തഞ്ചുവരെയുള്ളവർ 224(സ്ത്രീകൾ-4), മുപ്പത്തിയാറ് മുതൽ അൻപത്തിയൊമ്പത് വയസ്സുവരെയുള്ളവർ 622(സ്ത്രീകൾ- 50) അറുപത് വയസ്സിനുമുകളിലുള്ളവർ 152(സ്ത്രീകൾ-8) എന്നിങ്ങനെയാണ്. ഇതിൽ ആസ്സാം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങൾ സ്ത്രീ-പുരുഷന്മാരെ വേർതിരിക്കാതെയാണ് റിപ്പോർട്ട് സമർപ്പിച്ചത്. ഒഡീഷയിലെ ഒരൊറ്റ ജയിലിൽ നിന്നും അന്വേഷണസമിതിയ്ക്കാവശ്യമായ ഒരു ചോദ്യത്തിനും ഉത്തരം ലഭിച്ചിട്ടില്ല. അപ്പോൾ 1045 പുരുഷകുറ്റവാളികളും 62 വനിതാ കുറ്റവാളികളും നിലവിൽ നമ്മുടെ ജയിലുകളിൽ വധശിക്ഷയും കാത്ത് കിടക്കുന്നുണ്ട്. നിർഭയ കേസിലെ നാലുപേരെ തിഹാറിൽ തൂക്കിലേറ്റിയതാണ് കാപ്പിറ്റൽ പണിഷ്മെന്റ് റെക്കോർഡിലെ ഏറ്റവും പുതിയ അപ്ഡേറ്റ്സ്.

പഞ്ചാബിലാണ് ഏറ്റവും കൂടുതൽ പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടിട്ടുള്ളത്- 454 പേർ. അതിൽ നാല്പത്തഞ്ചുപേർ സ്ത്രീകളാണ്. മണിപ്പൂരിലാവട്ടെ ഒരേയൊരു തടവുകാരനാണ് വധശിക്ഷയും കാത്തുകഴിയുന്നത്. കേരളത്തിൽ നാല്പത് പേർ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരാണ്(സ്ത്രീകളില്ല). സെൻട്രൽ ജയിലുകളിലും ജില്ലാ ജയിലുകളിലുമായിട്ടാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. പഞ്ചാബ്. ഗുജ്റാത്ത്, മധ്യപ്രദേശ് പോലുള്ള സംസ്ഥാനങ്ങളിൽ സബ്ജയിലുകളിലും വധശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ പാർപ്പിച്ചിരിക്കുന്നു. ഏറെപ്പേരും ശിക്ഷയ്ക്കെതിരായി അപ്പീൽ സമർപ്പിച്ച് കാത്തിരിക്കുന്നുമുണ്ട്. അതിൽ കർണാടകയിലാണ് ഏറ്റവും കൂടുതൽ അപ്പീലുകൾ കെട്ടിക്കിടക്കുന്നത്-20 അപ്പീലുകൾ. മഹാരാഷ്ട്രയിൽ നിന്നും ബിഹാറിൽ നിന്നുമായി യഥാക്രമം 8, 6 എന്നീ അപ്പീലുകൾ സുപ്രീംകോടതിയിലുമുണ്ട്. അപ്പീലുകൾ പോകാത്ത ഒരു സംസ്ഥാനവുമില്ല എന്നതും കൗതുകമുള്ള ഒന്നാണ്. വധശിക്ഷയ്ക്കെതിരേ അപ്പീലുകൾ കൊടുത്ത് ശിക്ഷ ജീവപര്യന്തമാക്കിക്കുറച്ചവർ കൂടുതൽ പേർ മധ്യപ്രദേശിലാണ് ഉള്ളത്. രാജ്യത്താകമാനം 141 കേസുകൾ ജീവപര്യന്തമായപ്പോൾ അതിൽ 39 എണ്ണം മധ്യപ്രദേശിൽ നിന്നാണ്. 141 പേരിൽ 135 പുരുഷന്മാരും ആറ് സത്രീകളും ഉൾപ്പെടുന്നു.

ഇന്ത്യൻ പീനൽ കോഡിന്റെ പരിധിയിൽ വരുന്ന കുറ്റകൃത്യങ്ങളാൽ തടവിലാക്കപ്പെട്ട 1,22,441 പേരാണ് വിവിധ ജയിലുകളിൽ ഉള്ളത്. അതിൽ 84.95% പേരും ചെയ്തിരിക്കുന്ന കൃത്യം മനുഷ്യശരീരത്തിന് നേരിട്ട് ആഘാതമേൽക്കുന്നതാണ്. 1,04,017 തടവുകാരുണ്ട് ഇത്തരത്തിൽ. 10.56% പേർ(12,939) സ്വത്ത് തട്ടിപ്പ് സംബന്ധമായകേസിലകപ്പെട്ടവരാണ്. മനുഷ്യന് നേരിട്ട് ആഘാതം വരുത്തുന്ന കൃത്യത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് കൊലപാതകമാണ്-66.49%. അതായത് 69,165 പേർ കൊലപ്പുള്ളികളാണ്. തൊട്ടടുത്തായി സ്ഥാനം പിടിച്ചിരിക്കുന്നത് ബലാത്സംഗക്കേസുകളാണ്-11.61%. അതായത് 12,076 പേർ.. വധശ്രമത്തിന് അകത്തായവരും കുറവൊന്നുമല്ല-8.02%; 8,341 പേർ.

സ്ത്രീകൾക്കെതിരായ അതിക്രമത്തിൽ ബലാത്സംഗമാണ് ഒന്നാമത്-12,076(60.81%) പേർ ഐപിസി 376 പ്രകാരം തടവിലായവരാണ്. തൊട്ടടുത്തായി സ്ത്രീധന കൊലപാതകങ്ങളുണ്ട്- 28.73% അഥവാ 5,705 തടവുകാർ. സ്പെഷ്യൽ ആൻഡ് ലോക്കൽ ലോസ് പ്രകാരം രാജ്യത്തിന്റെ വിവിധ ജയിലുകളിൽ കഴിയുന്നവർ 16,777 പേരാണ്. അതിൽ 54.3% പേർ(9,113) മദ്യം-മയക്കുമരുന്ന് കേസിൽപ്പെട്ടവരും. സ്ഫോടകവസ്തുക്കൾ കൈവശം വച്ചതിന് അകത്തായവരാവട്ടെ 12.93% (2,207)ആണ്. വിസ,പാസ്പോർട്ട് തട്ടിപ്പ് കേസും പിന്നിലല്ല; 1389 കുറ്റവാളികൾ ഈയിനത്തിലുണ്ട്.

മൊത്തം തടവുപുള്ളികളുടെ 53.68% ജീവപര്യന്തം ശിക്ഷ ലഭിച്ചവരാണ്. ജീവപര്യന്തത്തെക്കുറിച്ച് എപ്പോഴും ആശയക്കുഴപ്പമുണ്ടാകാറുണ്ട്. ജീവപര്യന്തം എന്നതിനർഥം തടവുകാരന്റെ അവസാനശ്വാസം വരെ തടവിൽക്കഴിയുക എന്നതാണ്. പക്ഷേ അത് നിയമപരമായ നിർവചനമാണ്. യഥാർഥത്തിൽ സംഭവിക്കുന്നത് പതിനാല് വർഷത്തെ തടവിന് കുറ്റവാളിയെ വിധേയനാക്കുക എന്നതാണ്. അവിടെയും ഇളവുകളുണ്ട്. ജയിൽ സെന്റൻസ് റിവ്യൂ ബോർഡിന് ചില പ്രത്യേക അധികാരങ്ങളൊക്കെയുണ്ട്. ജയിൽ വകുപ്പ് ചുമതലയുള്ള മന്ത്രി അധ്യക്ഷനായിട്ടുള്ള, നിയമം,ആഭ്യന്തരം എന്നീ വകുപ്പുകളിലെ സെക്രട്ടറിമാർ ജില്ലാ-സെഷൻസ് ജഡ്ജിമാർ, പോലീസ് കമ്മീഷണർ എന്നിവരുൾപ്പെട്ട റിവ്യൂ ബോർഡ് ഗവർണർക്കു മുമ്പാകെ തടവുകാരൻ ശിക്ഷാകാലാവധിയിൽ ഇളവ് അർഹിക്കുന്നുണ്ട് എന്ന് സാക്ഷ്യപ്പെടുത്തി ഗവർണർക്കു സമർപ്പിച്ചാൽ അദ്ദേഹത്തിന് തടവുകാരനെ വിട്ടയയ്ക്കാനുള്ള സമ്മതം കൊടുക്കാവുന്നതാണ്. തടവുകാരന്റെ ജയിലിനത്തുള്ള പെരുമാറ്റമാണ് ഇത്തരം ഇളവുകളുടെ പ്രധാനപ്പെട്ട മാനദണ്ഡം. തടവുകാരന്റെ പുനരധിവാസ സാധ്യതകളും ബോർഡ് പഠിച്ച് വിലയിരുത്തുന്നുണ്ട്.

ഡൽഹിയിൽ ഇത്തരം ഇളവുകളെക്കുറിച്ച് പഠിക്കുന്ന സമിതി അതിക്രൂരമായ കൃത്യങ്ങൾ ചെയ്തവരെയൊന്നും പരിഗണിക്കാറില്ല; അവരെത്ര നല്ല പെരുമാറ്റം ജയിലിൽ കാഴ്ച വെച്ചാലും. ബലാത്സംഗക്കൊലപാതകം, കുഞ്ഞുങ്ങളുടെ കൊലപാതകം തുടങ്ങിയ കേസുകളിൽ പെട്ടവരെയൊന്നും റിവ്യൂ ബോർഡിലേക്ക് പരിഗണിക്കാറില്ല. പതിനെട്ട് -പത്തൊമ്പത് വർഷത്തോളം ജയിലിൽ അടയ്ക്കപ്പെട്ടവരെ പരിഗണിക്കാറുണ്ട്; ജീവിതത്തിന്റെ നല്ലകാലം മുഴുവൻ ജയിലിൽ ചിലവഴിക്കപ്പെട്ടല്ലോ. ഇനിയൊരു കുറ്റം ചെയ്ത് തിരിച്ച് ജയിലിലേക്ക് തന്നെ വരാനുള്ള അവസരമൊന്നും ആയുസ്സിലില്ല എന്ന ബോധ്യമാകുന്ന കേസുകളിലും നയപരമായ തീരുമാനങ്ങളെടുക്കാറുണ്ട്.

കൊലപാതകക്കേസുകളിലാണ് ജീവപര്യന്തം ചുമത്താറ്. മരണം വരെ തൂക്കിക്കൊല്ലുക, മരണം വരെ തടവിലിടുക- ഇവ രണ്ടുമാണ് നമ്മുടെ രാജ്യത്തെ പരമാവധി വലിയ ശിക്ഷകൾ. നമ്മുടെ രാജ്യത്ത് ഏറ്റവും കൂടുതൽ പേർ അകത്തായിരിക്കുന്നത് കൊലപാതകക്കേസിലാണെന്ന് പറഞ്ഞല്ലോ. പിന്നെ മോഷണം, പിടിച്ചുപറി,ആൾമാറാട്ടം, വിശ്വാസവഞ്ചന,, ബലാത്സംഗം,മയക്കുമരുന്ന് ,കള്ളക്കടത്ത്, ഗുണ്ടായിസം,സ്വർണക്കടത്ത്,തട്ടിക്കൊണ്ടുപോകൽ, ബാലപീഡനം,തീവ്രവാദം കേസുകളായ കേസുകളൊക്കെ കാലാനുസൃതമായ രൂപത്തിലും ഭാവത്തിലും വന്നുംപോയുമിരിക്കുന്നുണ്ട്.

എന്റെ സർവീസ് ചരിത്രത്തിൽ അവിശ്വസനീയമായ ഒരു കേസ് പറയട്ടെ; തന്റെ രണ്ടു കുഞ്ഞുങ്ങളെയും കൊന്നുകളയുന്നതിനായി ഗൂഢാലോചന നടത്തി എന്ന കേസിനാണ് അമ്മയായ ഇന്ദു ഒറോഡയെ തടവിലേക്കയക്കുന്നത്. ഇന്ദു ഒരാളുമായി വിവാഹേതര ബന്ധം സൂക്ഷിച്ചിരുന്നു. കാമുകന് ഇന്ദുവിന്റെ മക്കളെ ആവശ്യമില്ലായിരുന്നു. തന്റെ ബന്ധത്തിന് മക്കൾ വിഘാതം സൃഷ്ടിച്ചതിനാലാണ് അവരെ കൊല്ലാൻ ഇന്ദു തീരുമാനിക്കുന്നത്. കുഞ്ഞുങ്ങൾ കൊല്ലപ്പെട്ടു. കുറച്ചു ദിവസങ്ങൾക്കുള്ളിൽത്തന്നെ ഇന്ദുവും കാമുകനും അറസ്റ്റിലായി. കാമുകന് ഇരുപത് വർഷം തടവ് ലഭിച്ചപ്പോൾ ഇന്ദു അഞ്ചുവർഷം കൊണ്ട് ജയിൽമോചിതയായി!ഇരുപത് വർഷക്കാലവും അയാൾ തടവിൽകഴിഞ്ഞു. ശിക്ഷകളുടെ വൈരുധ്യങ്ങളോർക്കുമ്പോൾ ആദ്യം മനസ്സിൽ വരിക ഇന്ദു ഒറോഡ കേസ് ആണ്.

വിചാരണത്തടവ് എന്നത് വലിയൊരു വെല്ലുവിളിയായി ഇന്നും തുടരുകയാണ്. 3,23,537 വിചാരണത്തടവുകാർ ഇന്ത്യൻ ജയിലുകളിൽ കഴിയുന്നു. മൂന്നുമാസം മുതൽ അഞ്ചുവർഷം വരെ വിചാരണയ്ക്കായി തടവിൽ കഴിയുന്നവരുണ്ട്. 2018-ലെ കണക്കുകൾ പ്രകാരം 1,92,409 പേരാണ് ഇതുവരെ ജയിൽ മോചിതരായിരിക്കുന്നത്. അതിൽ 56.06% പേർ തങ്ങളുടെ ശിക്ഷാകാലാവധി പൂർത്തിയാക്കിയവരാണ്. ഹൈക്കോടതിയിൽ അപ്പീൽ കൊടുത്ത് മോചനം നേടിയവരുടെ എണ്ണം 9,586 ആണ്. തടവുകാലാവധി പൂർത്തിയാക്കാതെ മോചിതരായവർ 4,360 പേരുണ്ട്. 221 പേർ മാപ്പുസാക്ഷികളാക്കപ്പെട്ടു.

(തുടരും)
Co-authored by Shabitha