2020 മെയ് മാസത്തിലാണ് മനുശര്‍മ്മ തന്റെ ജീവപര്യന്തം തടവിന്റെ ആദ്യത്തെ പതിനഞ്ച് വര്‍ഷം തികച്ചുവെന്ന പരിഗണനയില്‍ പ്രിമെച്വര്‍ റിലീസ് ഗണത്തില്‍പ്പെടുത്തി ജയില്‍ മോചിതനാവുന്നത്. പ്രമാദമായ ജസീക്കാലാല്‍ വധക്കേസ് പ്രതിയായ മനുശര്‍മ്മയ ആരും മറന്നുകാണില്ല. ജസീക്കയുടെ സഹോദരി സബ്രീനാലാല്‍ ആയിരുന്നു തന്റെ സഹോദരിയ്ക്ക് നീതി ലഭിക്കാന്‍ വേണ്ടി ഭീഷണികളോ വാഗ്ദാനങ്ങളോ വകവെക്കാതെ കേസ് നടത്തിയിരുന്നത്. സബ്രീനാലാല്‍ ഇന്നലെ മരണപ്പെട്ടു. വളരെക്കാലമായി കരള്‍ സംബന്ധമായ അസുഖങ്ങളാല്‍ ചികിത്സയിലായിരുന്നു അവര്‍. ബാര്‍ഡാന്‍സറായിരുന്ന ജസീക്കയെ 1999-ലാണ് ഡെല്‍ഹിയിലെ ഒരു ഉന്നത റെസ്റ്റോറന്റില്‍ വെച്ച് മനുശര്‍മ്മ വെടിവെച്ചു കൊലപ്പെടുത്തിയത്. കോണ്‍ഗ്രസ് നേതാവ് വിനോദ് ശര്‍മ്മയുടെ മകനായതിനാലും യുവവ്യാപാരിയായതിനാലും കേസ് നടത്തിപ്പുകള്‍ വളരെ സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു ജസീക്കയുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം. എന്നിരുന്നാലും പതിനഞ്ച് വര്‍ഷക്കാലം മനുവിനെ ജയിലില്‍ തളച്ചിട്ടു സബ്രീനാ ലാല്‍. മനുവിന്റെ ജയില്‍മോചനം പരിഗണനയില്‍ വന്നപ്പോള്‍ ഉന്നതാധികാരികള്‍ ചര്‍ച്ചചെയ്ത ഒരു സംഭവമായിരുന്നു സബ്രീനാലാല്‍ മനുവിന് മാപ്പു നല്‍കിയത്. പ്രിമെച്വര്‍ റിലീസാണ് മനുശര്‍മ്മയ്ക്ക് നല്‍കിയത്.   

പ്രിമെച്വര്‍ റിലീസ് എന്ന വാക്ക് ഏറെ തലവേദനയുണ്ടാക്കുന്ന ഒന്നാണ് ഒരു ജയില്‍ അധികാരിയെ സംബന്ധിച്ചിടത്തോളം. ശിക്ഷാകാലവാവധി തികയും മുമ്പേ തന്നെ തടവുകാരെ വിട്ടയക്കല്‍ എന്നാണ് പ്രിമെച്വര്‍ റിലീസ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. കോടതി വിധിക്കുമ്പോള്‍ ജീവപര്യന്തം, പത്തുവര്‍ഷം, ഏഴുവര്‍ഷം എന്നൊക്കെ ഉത്തരവിടുമെങ്കിലും ഒരു വര്‍ഷത്തിലെ മൂന്നുമാസം തടവുകാര്‍ക്ക് ലാഭിക്കാം- നല്ല മര്യാദയും നല്ല സ്വഭാവവും നല്ല അധ്വാനവും അയാള്‍ തന്റെ ശിക്ഷാകാലയളവില്‍ നല്‍കുന്നുവെങ്കില്‍. അതായത് ഒരു വര്‍ഷത്തേക്കാണ് ശിക്ഷിക്കുന്നതെങ്കില്‍ ഒമ്പത് മാസം തടവില്‍ കിടന്നാല്‍ മതി- നല്ല സ്വഭാവമാണെങ്കില്‍. ഇനി മികച്ച അധ്വാനവും വളരെ നല്ല സ്വഭാവവും വ്യക്തിത്വവും ആണ് അയാള്‍ പ്രകടിപ്പിക്കുന്നതെങ്കില്‍ ശിക്ഷാകാലാവധിയില്‍ നിന്നും ഒരു മാസം കൂടി കുറയും; എട്ടുമാസം അകത്തുകിടന്നാല്‍ മതി. എട്ടും പത്തും വര്‍ഷം ശിക്ഷ വിധിക്കപ്പെട്ടവര്‍ക്ക് ഇങ്ങനെ വര്‍ഷത്തില്‍ മൂന്നും നാലും മാസം ലാഭിച്ചുകിട്ടുമ്പോള്‍ മൊത്തത്തിലുള്ള ശിക്ഷാ കാലാവധി കുറയുന്നു.

ജീവപര്യന്തം തടവ് എന്നാല്‍ ജീവിതകാലം മുഴുവന്‍ തടവില്‍ കഴിയുക എന്നാണ് അര്‍ഥം. ശ്വാസം ശരീരത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം ജയിലില്‍ കഴിയണം. എന്നാല്‍ അങ്ങനെ ശിക്ഷിക്കപ്പെട്ട ഒരാളെ മരണം വരെ തടവിലിടുക എന്നത് നമ്മുടെ ക്രിമിനല്‍ നീതിന്യായസംവിധാനത്തിന് യോജിച്ചതല്ല. തടവുകാരെ മാനസികപരിവര്‍ത്തനത്തിന് വിധേയരാക്കുക, പുനരധിവസിപ്പിക്കുക, സമൂഹത്തോട് വീണ്ടും കൂട്ടിയോജിപ്പിക്കുക തുടങ്ങിയവയാണ്. അതുകൊണ്ടു തന്നെ തടവുകാരന്റെ ശ്വാസം നിലയ്ക്കുന്നതും കാത്ത് ഒരു ജയിലും പ്രവര്‍ത്തിക്കുകയില്ല. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നിയമം ഒരു ഔദാര്യം നല്‍കുന്നത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട ഒരാള്‍ തന്റെ ശിക്ഷകാലയളവിലെ ആദ്യത്തെ പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ജയില്‍ റിവ്യൂകമ്മറ്റി അയാളുടെ വിടുതല്‍ കാര്യങ്ങള്‍ പരിശോധയ്ക്കുവെക്കും. ഉദാഹരണത്തിന് 2011 ഓഗസ്റ്റ് പതിനൊന്നിന് ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടയാള്‍ പ്രിമെച്വര്‍ റിലീസിനായി പരിഗണിക്കപ്പെടുക 2035 ആഗസ്റ്റ് പത്തിനാണ്. 

സംസ്ഥാന ജയില്‍ വകുപ്പ് മന്ത്രി അദ്ധ്യക്ഷനായിട്ടുള്ള, ആഭ്യന്തര സെക്രട്ടറിയും ജില്ലാസെഷന്‍സ് ജഡ്ജിയും ജയില്‍ ഡിജിപിയും സംസ്ഥാന പ്രിസണ്‍ ഓഫീസറും ജയില്‍ സൂപ്രണ്ടും അടങ്ങുന്നസമിതിയാണ് വിടുതല്‍ കാര്യങ്ങള്‍ ചര്‍ച്ചചെയ്തു തീരുമാനിക്കുന്നത്. യോഗ്യരായ തടവുകാരുടെ ലിസ്റ്റെടുത്ത് മുന്‍ഗണനാക്രമത്തില്‍ വെച്ചശേഷം അയാള്‍ ജയിലിലേക്ക് എത്തിച്ചേരാനുണ്ടായ സാഹചര്യത്തെയാണ് ആദ്യം വിശകലനം ചെയ്യുക. തടവുകാരന്റെ സാമൂഹികവും സാമ്പത്തികവും കുടുംബപരവുമായ അവസ്ഥകള്‍ വിലയിരുത്തും. അയാള്‍ മോചിക്കപ്പെട്ടാല്‍ കുടുംബത്തിനും സമൂഹത്തിനും സ്വീകാര്യനാണോ എന്നന്വേഷിച്ചു വ്യക്തത വരുത്തണം. ഇനിയും കുറ്റകൃത്യങ്ങളിലേക്കു പോകാനുള്ള സാധ്യതയും വിശദമായി പരിശോധിക്കും. ഇതിനൊക്കെ പുറമേ ഇത്രയും നാള്‍ അയാള്‍ ജയിലില്‍ എങ്ങനെയുള്ള അന്തരീക്ഷമാണ് സൃഷ്ടിച്ചത് എന്നതും പരമപ്രധാനമാണ്. പുറത്തിറങ്ങിയാല്‍ അയാള്‍ക്ക് പുനരധിവാസം സാധ്യമാണോ എന്നതാണ് വിഷയം. വിവാഹിതനും കുടുംബവുമായി നല്ല ബന്ധം പുലര്‍ത്തുന്നയാളുമാണെങ്കില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ പകുതി തലവേദന മാറിക്കിട്ടും. പിന്നെ ജയില്‍മോചിതനാവുള്ള സഹായങ്ങള്‍ ചെയ്തുകൊടുക്കുകയേ വേണ്ടൂ. ഇതിനൊക്കെ പുറമേ പോലീസ് റിപ്പോര്‍ട്ടും പ്രധാനമാണ്. പുറത്തിറങ്ങിയാല്‍ ഇയാള്‍ ക്രമസമാധാനം തകര്‍ക്കുമോ ഇല്ലയോ എന്നന്വേഷിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത് അതത് ലോക്കല്‍ പോലീസ് സറ്റേഷനുകളാണ്. സ്വാഭാവികമായും ജയില്‍മോചനം പോലീസ് എതിര്‍ക്കും. എന്റെ ഔദ്യോഗികാനുഭവത്തില്‍ അങ്ങനെയേ സംഭവിച്ചിട്ടുള്ളൂ. പക്ഷേ ഈ ജയില്‍ റിപ്പോര്‍ട്ടിനെ പലപ്പോഴും അതിജീവിക്കുന്നത് ജയിലിലെ അയാളുടെ സ്വഭാവസര്‍ട്ടിഫിക്കറ്റാണ്. അതേ സമയം ഹാബിച്വല്‍ ഒഫന്റര്‍മാരുടെ കാര്യത്തില്‍ പോലീസ് റിപ്പോര്‍ട്ടാണ് അവസാനവാക്ക്.  

സാംസ്‌കാരികസമ്പന്നതയുള്ള സമൂഹത്തിന് പരിക്ക് പറ്റില്ലെന്നും ഇനിയങ്ങോട്ടുള്ള കാലം തന്നാലാവുന്ന ഉപകാരം സമൂഹത്തിന് ലഭിക്കും എന്നും ഓരോ തടവുകാരനും ജയില്‍ റിവ്യു കമ്മറ്റിയ്ക്കുമുമ്പാകെ ഉറപ്പുനല്‍കിയാണ് കാലം തികയുംമുന്നേ ജയില്‍മോചിതനാവുന്നത്. പ്രിമെച്വര്‍ റിലീസിനായി സ്റ്റേറ്റ് സെന്റന്‍സ് റിവ്യൂബോര്‍ഡിനുമുമ്പാകെ പരിഗണിക്കപ്പെടേണ്ടവര്‍ ആരൊക്കെയാണ് എന്ന് നോക്കാം.

ശിശുഹത്യാകേസുകളില്‍ ജീവപര്യന്തമനുഭവിക്കുന്ന അമ്മമാരുടെ/ വനിതാ തടവുകാരുടെ കേസുകള്‍ എത്ര നേരത്തെ ജയില്‍റിവ്യൂകമ്മറ്റിയിക്കുമുമ്പാകെ വെക്കാന്‍ പറ്റുമോ അത്രയും നേരത്തെ പരിഗണിച്ചിരിക്കണം എന്നാണ് മോഡല്‍ പ്രിസണ്‍ മാന്വല്‍ നിര്‍ദ്ദേശിക്കുന്നത്. സന്നദ്ധസംഘടനകളിലേക്ക് അവരെ അയക്കുകയും കുറച്ചുകാലം മാതൃകാപരമായ ജീവിതം നയിക്കുവാന്‍ പ്രേരിപ്പിക്കുകയും വേണം. വിട്ടയക്കുക എന്നാല്‍ ജയിലില്‍ നിന്നും ഒഴിവാക്കുക എന്നല്ല അര്‍ഥം. തുടര്‍ച്ചയായി അവരെ നിരീക്ഷിച്ചുകൊണ്ടേയിരിക്കണം. പരപ്രേരണയാലോ സാമൂഹികവും സാംസ്‌കാരികവും ആശയപരവുമായ സമ്മര്‍ദ്ദങ്ങളാല്‍ കൊലപാതകകൃത്യങ്ങള്‍ ചെയ്ത സ്ത്രീകള്‍ക്കാണ് അടുത്ത പരിഗണന. റീഹാബിലിറ്റേഷന്‍ എന്നത് ജയിലിനെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ കാര്യമാണ്. ഇത്തരം സ്ത്രീകളെ റീഹാബിലിറ്റേറ്റ് ചെയ്യാനുള്ള നല്ലയിടങ്ങള്‍ കണ്ടെത്തി കൈമാറേണ്ടും അവരുടെ പ്രവൃത്തികളെ പിന്തുടരേണ്ടതും ജയിലിന്റെ ഉത്തരവാദിത്തമാണ്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട വനിതാ തടവുകാര്‍ അവരുടെ ശിക്ഷയുെട ആദ്യത്തെ ഏഴുവര്‍ഷം പൂര്‍ത്തിയാക്കിയെങ്കില്‍ പ്രിമെച്വര്‍ റിലീസിനായി ഉപാധികളോടെ പരിഗണിക്കേണ്ടതാണ്. (സെക്ഷന്‍ 433-അ ീള ഇൃജഇ പ്രകാരം പതിനാല് വര്‍ഷം നിര്‍ബന്ധിത തടവിനു വിധിക്കപ്പെട്ടവരൊഴികെ) പത്തുവര്‍ഷം തടവുപൂര്‍ത്തിയാക്കിയ പുരുഷ ജീവപര്യന്തം തടവുകാരും പ്രിമെച്വര്‍ റിലീസിന് യോഗ്യതയുള്ളവരാണ്. ഹാബിച്വല്‍ ഒഫന്റര്‍മാരല്ലാത്തവരും കൗമാരക്കാരുമായ തടവുകാര്‍ (ജീവപര്യന്തമല്ല) ഒരു വര്‍ഷത്തിലധികം ശിക്ഷയനുഭവിച്ചുവെങ്കില്‍, തടവുശിക്ഷയുടെ പകുതികാലം കഴിഞ്ഞുവെങ്കില്‍ കുറ്റത്തിന്റെ കാഠിന്യമനുസരിച്ച് പ്രിമെച്വര്‍ അനുവദിക്കാം. വനിതാ തടവുകാരുടെ കാര്യത്തിലും ഇതു തന്നെയാണ് പോളിസി. 

പോലീസിനും ജയിലിനും ഒരുപോലെ തലവേദനയാവുന്ന ഹാബിച്വല്‍ ഒഫന്റര്‍മാരുടെ കാര്യത്തിലും പ്രിമെച്വര്‍ റിലീസ് പരിഗണനകള്‍ ഉണ്ട്. ജീവപര്യന്തമല്ലാത്ത തടവുശിക്ഷ ലഭിച്ച ഹാബിച്വല്‍ ഒഫന്റര്‍മാര്‍ തങ്ങളുടെ ശിക്ഷാകാലയളവിന്റെ മൂന്നില്‍ രണ്ടും അനുഭവിച്ചെങ്കില്‍ റിലീസിന് പരിഗണിക്കാവുന്നതാണ്. അതേസമയം ബലാത്സംഗം, തീവ്രവാദം, തട്ടിക്കൊണ്ടുപോകല്‍, കള്ളക്കടത്ത്, മയക്കുമരുന്ന്, കൈക്കൂലി, ദേശവിരുദ്ധപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളില്‍ അകത്താകുന്നവര്‍ തടവുകാലാവധി പൂര്‍ത്തിയാക്കിയേ മതിയാകൂ. അറുപത്തിയഞ്ച് വയസ്സിനു മുകളിലുള്ളവരാണ് തടവുകാരെങ്കില്‍ (ജീവപര്യന്തമൊഴികെ) ശിക്ഷയുടെ മൂന്നില്‍ ഒന്ന് അനുഭവിച്ചാല്‍ പ്രിമെച്വര്‍ റിലീസിന് പരിഗണിക്കാം. അല്ലാത്തപക്ഷം അംഗീകൃത മെഡിക്കല്‍ ബോര്‍ഡ് മാറാവ്യാധിയുണ്ടെന്ന് സര്‍ട്ടിഫൈ ചെയ്താലും പ്രിമെച്വര്‍ റിലീസിന് പരിഗണിക്കേണ്ടതാണ്.

Co- Authored by Shabitha

(തുടരും)

Content Highlights :Jail and Justice Sunil Gupta Writes about terms and conditions of Premature Release