നാഷണൽ ലീഗൽ സർവീസസ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ അതത് സ്റ്റേറ്റ് ലീഗൽ സർവീസസ് സൊസൈറ്റിയുടെയും സംസ്ഥാനങ്ങളിലെ ഉന്നതതല കമ്മറ്റികളുടെയും സംയുക്ത തീരുമാന പ്രകാരം 42,529 വിചാരണത്തടവുകാരെയും 16,391 കുറ്റവാളികളെയും കോവിഡ് മഹാമാരിക്കാലത്തെ ജയിലുകളിലെ തിരക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ പരോളിൽ വിടുകയുണ്ടായി. വിവിധ നിയമസഹായ ഏജൻസികളുടെ സഹായത്തോടെയാണ് തടവുകാരുടെ ജീവിക്കുവാനുള്ള അവകാശത്തെ സംരക്ഷിച്ചിരിക്കുന്നത്. സിആർപിസി സെക്ഷൻ 436 A പ്രകാരം നിയമവിധേയമായിട്ടുള്ള ജാമ്യം ലഭിച്ച 234 വിചാരണത്തടവുകാരെയും 9,558 റിമാൻഡ്  തടവുകാരെയും ഉൾപ്പെടുത്താതെയുള്ളതാണ് മേൽപ്പറഞ്ഞ കണക്കുകൾ.

ഏകദേശം എഴുപത് ശതമാനം വിചാരണത്തടവുകാരുള്ള ജയിലുകളാണ് ഇന്ത്യൻ ജയിലുകൾ. മതിയായ നിയമപരിരക്ഷയോ കുടുംബസഹായമോ ലഭിക്കാത്തവരാണ് ഇവർ. ഇന്ത്യയിലെ 1300 ജയിലുകളിലായി നാലുലക്ഷത്തിലധികം അന്തേവാസികളാണ് പാർപ്പിക്കപ്പെട്ടിട്ടുള്ളത്. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവരാണ് തടവുകാരിൽ എഴുപത് ശതമാനം പേരും. സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ അധ്യക്ഷൻ തന്നെ അതത് സംസ്ഥാനങ്ങളിലെ ഉന്നതാധികാര സമിതിയുടെ തലവനായിക്കൊണ്ട് കോവിഡ് പശ്ചാത്തലം കണക്കിലെടുത്ത് ജാമ്യത്തിനർഹരായ വിചാരണത്തടവുകാരെ കണ്ടെത്തുകയും സ്വന്തം ജാമ്യത്തിൽ അവരെ വിടാനുള്ള തീരുമാനം കൈക്കൊള്ളുകയും ചെയ്തത് കഴിഞ്ഞ വർഷത്തെ സുപ്രീം കോടതിയുടെ ഉത്തരവിന്റെ ആവർത്തനം തന്നെയാണ്.

ജയിലേക്ക് പുതിയ ആളുകളെ പ്രവേശിപ്പിക്കാതിരിക്കാനായി ബഹുമാനപ്പെട്ട കോടതി അറസ്റ്റ് നടപടികളും കർശനമായി നിയന്ത്രിച്ചിരിക്കുന്നു. മഹാമാരി അതിന്റെ രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിച്ചതിനാൽ പുതിയ ആളുകളെ ജയിലിലടക്കുമ്പോൾ കോവിഡ് സാധ്യത കൂടുകയും അത് അന്തേവാസികളുടെ ആരോഗ്യസുരക്ഷ എന്ന അവകാശത്തെ റദ്ദുചെയ്യുകയും ആവുന്നു. പരമാവധി ഏഴുവർഷം വരെ തടവുലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്ത ആളുകളെ മാത്രമേ തൽക്കാലം അറസ്റ്റ് ചെയ്ത് ജയിലിലേക്കയക്കേണ്ടതുള്ളൂ. സുപ്രീംകോടതി ഉത്തരവ് പ്രകാരം പതിനഞ്ചു മുതൽ ഇരുപതുശതമാനം പേരെ ജാമ്യത്തിലും പരോളിലുമായി വിട്ടിരിക്കുന്നു.1,567 ജയിൽ ഉദ്യോഗസ്ഥർക്കാണ് കോവിഡ് ബാധിച്ചത്. മെയ് വരെയുള്ള കണക്കുകൾ പ്രകാരം ആകെ 19,724 പേർക്ക് (രാജ്യത്താകമാനമുള്ള ജയിലുകളിലായി) കോവിഡ് ബാധിക്കുകയും ഇരുപത്തി രണ്ട് മരണങ്ങൾ സംഭവിക്കുകയും ചെയ്തു.

ജയിലിലെ ജനസംഖ്യ 118 ശതമാനമായതിനാൽ സാമൂഹികാകലം എന്നൊരു നിർദ്ദേശം വെറും സാങ്കല്പികം മാത്രമാണ്. മതിയായ ആളുകളെ പാർപ്പിക്കാൻ ഇടമില്ലാത്ത, നേരാംവണ്ണം വൈദ്യസഹായം ലഭ്യമല്ലാത്ത ഇന്ത്യൻ ജയിലുകളിൽ സാമൂഹികാകലം ഒരു പ്രഹസനമായി തുടരും
എന്നതിൽ തർക്കമില്ല. 2020-ലെ ഇന്ത്യാജസ്റ്റിസ് റിപ്പോർട്ടിൽ ജയിൽ ഉദ്യോഗസ്ഥർക്കും അന്തേവാസികൾക്കും വാക്സിൻ ലഭ്യമാക്കണം എന്ന് നിർദ്ദേശിക്കുന്നുണ്ട്. കോവിഡ് ബാധിതരായി ജയിൽ ഉദ്യോഗസ്ഥർ കൂട്ട അവധിയിൽ പ്രവേശിക്കുമ്പോൾ ബാക്കിയുള്ളവർക്ക് അധികം സമ്മർദമാകുന്നു. താൻ രോഗബാധിതനാണോ എന്ന ഉത്‌കണ്ഠയും ജോലിയിടങ്ങളിൽ അനുവദിച്ചിരിക്കുന്നതിലും അധികം ഉത്തരവാദിത്തവും കൂടിയാവുമ്പോൾ ജയിൽ ഉദ്യോഗസ്ഥരും സമ്മർദ്ദത്തിലാവുന്നു.

തടവുകാർക്ക് അനുവദിക്കപ്പെട്ട അവകാശങ്ങളുടെ ലംഘനം കൂടിയാവുകയാണ് ഈ മഹാമാരിക്കാലം. ബന്ധുമിത്രാദികളെ കാണാൻ കഴിയാതെയാവുക, കോടതി പ്രവർത്തനം നിർത്തിവെക്കേണ്ട സാഹചര്യം വരുമ്പോൾ വിചാരണത്തടവുകാർ കൂടുതൽ മാനസിക സമ്മർദ്ദമനുഭവിക്കുക തുടങ്ങിയ വേറെയുമുണ്ട്. തടവുകാരുടെ മനസിക സമ്മർദം കുറയ്ക്കാനായി കുടുംബാംഗങ്ങളുമായുള്ള വീഡിയോ കോൺഫറൻസ് എല്ലാ ജയിലുകളും നടപ്പാക്കേണ്ടതുണ്ട്. വീഡിയോ കോൾ എന്ന സൗകര്യം എത്രമാത്രം പരിമിതമാണെന്നും എത്രകണ്ട് വിജയിക്കുമെന്നും ഊഹിക്കാവുന്നതേയുള്ളൂ.

ജയിലുകളിൽ നൂറുശതമാനം വാക്സിനേഷൻ നടപ്പിലാക്കുക എന്നതാണ് ഒട്ടും വൈകാതെ പ്രാവർത്തികമാക്കേണ്ടത്. ജയിൽ ജീവനക്കാരിൽ ഭൂരിഭാഗവും ആദ്യഡോസ് വാക്സിൻ എടുത്തുവെന്നാണ് പറയപ്പെടുന്നത്. അതേ ഉത്സാഹം ജയിൽ അന്തേവാസികളോടും കാണിക്കേണ്ടതുണ്ട്. വാക്സിൻ ചെയ്യാനുള്ള ഔദ്യോഗികതടസ്സങ്ങൾ ഒഴിവാക്കാനായി കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദ്ദേശിക്കുന്നത് അതത് ജയിൽ അധികാരികൾ നേരിട്ടുതന്നെ തങ്ങളുടെ കീഴിലുള്ള അന്തേവാസികൾക്കായി കോവിഡ് വാക്സിൻ രജിസ്റ്റർ ചെയ്യണം എന്നതാണ്. കേരളത്തിലെ ജയിലുകളിൽ ഇരുപത് ശതമാനം അന്തവാസികൾക്കാണ് കോവിഡ് വാക്സിൻ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. അതേസമയം ഇന്ത്യയിലെ എല്ലാ ജയിലുകളിലെയും വാസ്കിൻ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ അത് പതിനഞ്ചു ശതമാനം മാത്രമേ ആകുന്നുള്ളൂ. അതത് ജില്ലകളിലെ മെഡിക്കൽ ഓഫീസർമാരുടെ നേതൃത്വത്തിലാണ് തടവുകാർക്കുള്ള വാക്സിൻ വിതരണം നടക്കുന്നത്. രജിസ്ട്രേഷൻ നടത്തുന്നതാവട്ടെ ജയിൽ സൂപ്രണ്ടിന്റെ നേതൃത്വത്തിലുമാണ്.

തടവുകാരെ വലിയതോതിൽ ഉപാധികളോടെ പരോളിലും ജാമ്യത്തിലുമായി വിടുന്നത് വലിയൊരു മാറ്റത്തിന്റെ സൂചനയാണ്. സ്ത്രീകളും വൃദ്ധരും എയ്‌ഡ്സ് രോഗികളും ക്ഷയരോഗികളും അമ്മയും കുഞ്ഞുമെല്ലാം തിങ്ങിപ്പാർക്കുന്ന ഇന്ത്യൻ ജയിലുകൾ ഈ മഹാമാരി പശ്ചാത്തലത്തിൽ അത്ര അപകടകാരികളല്ലാത്തവരെ പുറത്തേക്കു വിട്ടിരിക്കുകയാണ്. അങ്ങനെ പുറത്തുപോയവർ വിലയൊരു ജനസംഖ്യതന്നെയാണ് ഏകദേശം അറുപതിനായിരം പേർ. കഴിഞ്ഞ അമ്പതുകൊല്ലമായി ഇന്ത്യൻ ക്രിമിനൽ സംവിധാനവും ജയിലുകളും പിന്തുടരുന്ന രീതികൾ അക്ഷരാർഥത്തിൽ മാറ്റപ്പെടുന്നു. 2020-ൽ പരോളിൽ പോയവരിൽ തൊണ്ണൂറു ശതമാനം പേരും 2021 മാർച്ചോടുകൂടി തിരികെ ജയിലിൽ പ്രവേശിച്ചതും തികഞ്ഞ അച്ചടക്കത്തിന്റെ ദൃഷ്ടാന്തമാണ്. കുറ്റവും ശിക്ഷയും ഇനിയും പരിഷ്കരിക്കപ്പെട്ടേക്കാം.

Co-Authored by Shabitha

Content Highlights:Jail and Justice Sunil Gupta Writes about parole in jaila during the time of Covid 19

(തുടരും)