സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കൂട്ടബലാത്സംഗങ്ങളും ലൈംഗികാതിക്രമങ്ങളുമുള്‍പ്പെടെയുള്ള കേസുകള്‍ വളരെ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് 2018-ല്‍ ക്രിമിനല്‍ ലോ അമെന്റ്‌മെന്റ് ആക്ട് നടപ്പിലാക്കുന്നത്. പന്ത്രണ്ട് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ നടക്കുന്ന ഒറ്റയ്ക്കും കൂട്ടവുമായിട്ടുള്ള ബലാത്സംഗങ്ങളുടെ എണ്ണം ക്രമാതീതമായി ഇന്ത്യയില്‍ വര്‍ധിച്ചതിനാലാണ് ഈ ക്രിമിനല്‍നിയമഭേദഗതി വന്നതെന്നോര്‍ക്കണം. ഇന്ത്യന്‍ പീനല്‍കോഡിനെയും ക്രിമിനല്‍ പ്രൊസീജിയര്‍കോഡിനെയും എവിഡന്‍സ് ആക്ടിനെയും പോക്‌സോയെയും അതിശക്തമാക്കുന്ന ഭേദഗതിതന്നെയാണിത്. 

അതിക്രൂരപീഡനത്തിന് അതിവേഗശിക്ഷാവിധി എന്നൊക്കെയാണ് മാധ്യമങ്ങള്‍ ഈ നിയമത്തെ കൊട്ടിഘോഷിച്ചത്. അതിക്രമത്തിനിരയായവര്‍ക്ക് വളരെ പെട്ടെന്ന് നീതിലഭ്യമാക്കാന്‍ കോടതികള്‍ അതിദ്രുതം പ്രവര്‍ത്തിക്കുക തന്നെ വേണം. ഇന്ത്യപോലുള്ള ഒരു രാജ്യത്തെ കോടതികളുടെ ദിനംപ്രതി ശരാശരി നൂറോളം കേസുകള്‍ക്ക് തീര്‍പ്പുകല്പിക്കാനുണ്ടാവും. ഇരകള്‍ക്ക് നീതിലഭിക്കുവാനുള്ള കാലതാമസം ഇവിടെ പുത്തരിയൊന്നുമല്ല. അതിനിടയില്‍ കടുത്ത സമ്മര്‍ദ്ദം പ്രതിഭാഗത്തുനിന്നും ഇരകള്‍ക്ക് നേരിടേണ്ടി വരും. വടക്കന്‍ സംസ്ഥാനങ്ങളിലൊക്കെ ഇരകളെ പ്രതികള്‍ തന്നെ ഇല്ലാതാക്കുന്ന സംഭവവും സാധാരണമാണ്. പോരാത്തതിന് തങ്ങള്‍ക്ക് നേരിട്ട അതിക്രൂരതകളെ മറന്ന് സാധാരണ ജീവിതത്തിലേക്ക് പ്രവേശിച്ചുവരവേ ആയിരിക്കും വര്‍ഷങ്ങള്‍ക്കുമുന്നേയുള്ള പീഡനകേസിന്റെ വിചാരണ തുടങ്ങുക. നാഷണല്‍ മിഷന്‍ ഫോര്‍ സേഫ്റ്റി ഓഫ് വിമന്‍ എന്ന ആശയം കേന്ദ്രആഭ്യന്തമന്ത്രാലയം രൂപം കൊടുത്തത് ഈ പശ്ചാത്തലത്തിലാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട കേസുകള്‍ക്ക് അതിവേഗം തീര്‍പ്പുകല്‍പ്പിക്കുക എന്ന ഉദ്യമം എത്തിച്ചേര്‍ന്നതാവട്ടെ ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതികളുടെ രൂപീകരണത്തിലുമാണ്. Protection of Children Against Sexual Offencse (POCSO) കേസുകളിലും അന്വേഷണം രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും ആറുമാസത്തിനുള്ളില്‍ വിചാരണ കഴിഞ്ഞിരിക്കണമെന്നും ഫാസ്റ്റ് ട്രാക്കിനോട് നിര്‍ദ്ദേശിക്കുന്നു. ഇത്രയും ദൃഢതയുള്ള നിയമമുണ്ടായിരുന്നിട്ടും ആയിരക്കണക്കിന് പോക്‌സോകേസുകളും ബലാത്സംഗക്കേസുകളും ഫാസ്റ്റ് ട്രാക്കിലും കെട്ടിക്കിടക്കുന്നു എന്നത് നിരാശാജനകം തന്നെയാണ്. 

2018-ല്‍ ഭേദഗതി വരുത്തിയ ക്രിമിനല്‍ നിയമം പ്രാബല്യത്തില്‍ വരുത്താനും അര്‍ഹതപ്പെട്ടവര്‍ക്ക് നീതി ലഭിക്കാനുമായി സുപ്രീം കോടതിയുടെ നേരിട്ടുള്ള ഇടപെടലിലൂടെയാണ് ഫാസ്റ്റ്ട്രാക് കോടതികള്‍ ഇന്ത്യയിലൊട്ടാകെ പ്രവര്‍ത്തനമാരംഭിച്ചത്. പ്രാരംഭമെന്ന നിലയില്‍ ഇന്ത്യയിലൊട്ടാകെ 1023 ഫാസ്റ്റ്ട്രാക് കോടതികള്‍ സ്ഥാപിക്കാനും നിലവില്‍ കെട്ടിക്കിടക്കുന്ന 1,66,882 കേസുകള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാനുമാണ് സുപ്രീംകോടതി ഉത്തരവിട്ടത്. 2018 മാര്‍ച്ച് മുപ്പത്തിയൊന്നുവരെ എല്ലാം ഹൈക്കോടതികളില്‍ നിന്നും ലഭിച്ച കേസുകളുടെ എണ്ണം പ്രകാരമാണ് 1,66,882 എന്ന സംഖ്യയിലേക്ക് നമ്മള്‍ എത്തിച്ചേര്‍ന്നത്. 2019 ജൂണ്‍ മാസത്തില്‍ വീണ്ടും ഹൈക്കോടതികള്‍ അവരവരുടെ കീഴിലുള്ള കോടതികളില്‍ നിന്നും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായുള്ള ലൈംഗികാതിക്രമങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കണക്കുകള്‍ ആരാഞ്ഞപ്പോള്‍ പന്ത്രണ്ട് മുതല്‍ മുതല്‍ പതിനഞ്ചു ശതമാനം വരെ കേസുകളില്‍ വര്‍ധനവുണ്ടായതായിട്ടാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

1023 ഫാസ്റ്റ് ട്രാക് കോടതികള്‍ സ്ഥാപിച്ചയുടന്‍ തന്നെ വളരെ ഗുരുതരമായ മറ്റൊരു നിരീക്ഷണം കൂടി സുപ്രീംകോടതി നടത്തുകയുണ്ടായി. ഇന്ത്യയിലെ വിവിധ ജില്ലകളില്‍ പോക്‌സോ ആക്ട് പ്രകാരം എടുത്ത കേസുകളില്‍ നൂറിലധികം കേസുകള്‍ ഒരിടത്തുമെത്താതെ കെട്ടിക്കിടക്കുന്നു. അനുവദിക്കപ്പെട്ട 1023 ഫാസ്റ്റ്ട്രാക് കോടതികളില്‍ നിന്നും 389 എണ്ണം എക്‌സ്‌ക്ലൂസീവ് പോക്‌സോ കോടതികളായി മാറ്റി. ബാക്കി വരുന്ന 634 കോടതികള്‍ എക്‌സ്‌ക്ലൂസീവ് പോക്‌സോ ഒഴികെയുള്ള ലൈംഗികാതിക്രമങ്ങള്‍ കൈകാര്യം ചെയ്യുന്ന അതിവേഗ കോടതിയായി. ഓരോ പാദവര്‍ഷം തികയുമ്പോഴും 41-42 കേസുകള്‍ക്ക് അതിവേഗകോടതികള്‍ തീര്‍പ്പ് കല്‍പ്പിച്ചിരിക്കണം എന്നാണ് നിയമം. വര്‍ഷാന്ത്യത്തോടെ മിനിമം 165 കേസുകള്‍ അതിവേഗകോടതിയില്‍ വിചാരണയ്‌ക്കെടുക്കുകയും തീര്‍പ്പുകല്‍പ്പിക്കുകയും വേണം. സംസ്ഥാനങ്ങള്‍ക്കും യൂണിയന്‍ ടെറിറ്ററികള്‍ക്കും ഈ നിയമം ഒരേപോലെ ബാധകവുമാണ്. ആകെ 718 ജില്ലകളുള്ള ഇന്ത്യയില്‍ ഒന്നില്‍ കൂടുതല്‍ അതിവേഗകോടതികള്‍ ഓരോ ജില്ലയിലും പ്രവര്‍ത്തിക്കേണ്ടി വരും. ഒരു വര്‍ഷമാണ് അതിവേഗകോടതികളുടെ പ്രവര്‍ത്തനകാലാവധി. സാമ്പത്തികവര്‍ഷത്തെ അടിസ്ഥാനമാക്കി  2019-20, 2020-21 എന്നിങ്ങനെയാണ് ഇതുവരെയുള്ള പ്രവര്‍ത്തന രീതികള്‍. അതിവേഗകോടതികളുടെ കാലവധി ഒരു വര്‍ഷത്തില്‍ നിന്നും രണ്ടോ അഞ്ചോ ആയി ഉയര്‍ത്തണമോ എന്നത് അതത് സംസ്ഥാനങ്ങളുടെ ശുപാര്‍ശപോലെ ഇരിക്കും. അതിവേഗ കോടതികളുടെ പ്രവര്‍ത്തനകാലാവധി കൂടുക എന്നതിനര്‍ഥം സ്ത്രീകളുടെയും കുട്ടികളുടെയും ജീവിതം അരക്ഷിതമാവുന്നു എന്നുതന്നെയാണല്ലോ. ഓരോ പാദവാര്‍ഷികത്തിലുമുള്ള കേസുകളുടെ വിചാരണയും തീര്‍പ്പും അടിസ്ഥാനപ്പെടുത്തിയാണ്  ഇത്തരം കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നത്.

അതിവേഗകോടതികള്‍ എന്തായിരിക്കണം, എങ്ങനെയായിരിക്കണം എന്നെല്ലാം പരിശോധിക്കോണ്ടതുണ്ട്. ഒരു വര്‍ഷത്തേക്കു മാത്രമേ അതിവേഗകോടതി പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ എന്ന് നിര്‍ദ്ദേശിക്കുമ്പോള്‍ അര്‍ഥമാക്കേണ്ടത് ഇതൊരു സ്ഥിരസംവിധാനമല്ല എന്നാണ്.  അതിവേഗകോടതികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് യോജിച്ച കെട്ടിടം അതത് ജില്ലാ കോടതികള്‍ക്ക് തിരഞ്ഞെടുക്കുകയോ ഹൈക്കോടതിക്ക് നിര്‍ദ്ദേശിക്കുകയോ ചെയ്യാം. ഓരോ കോടതിയിലും ഒരു ജുഡീഷ്യല്‍ ഓഫീസറും ഏഴ് ജീവനക്കാരും ഉണ്ടായിരിക്കണം. ജുഡീഷ്യല്‍ ഓഫീസറും ജീവനക്കാരും തങ്ങള്‍ കൈകാര്യം ചെയ്യുന്ന കേസുകളുടെ രഹസ്യസ്വഭാവത്തെ ഗൗരവത്തോടെ നോക്കിക്കാണേണ്ടതാണ്. നിലവിലുള്ള മജിസ്ട്രേറ്റുമാര്‍ക്ക് അഡീഷണല്‍ ചാര്‍ജ് എന്ന രീതിയില്‍ അതിവേഗകോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ഒരു കാരണവശാലും ഏല്‍പിച്ചുകൊടുക്കാനും പാടുള്ളതല്ല. ആവശ്യത്തിനുള്ള മജിസ്‌ട്രേറ്റുമാരോ ജീവനക്കാരോ നിയമവകുപ്പില്‍ ഇല്ലെങ്കില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഇവരെ അതിവേഗകോടതിയിലേക്ക് നിയമിക്കാവുന്നതാണ്. റിട്ടയേഡ് ജുഡീഷ്യല്‍ ഓഫീസര്‍മാരുടെ സേവനവും പ്രവൃത്തി പരിചയവും അവര്‍ തല്‍പ്പരരാണെങ്കില്‍ വാങ്ങാവുന്നതാണ്. അതിവേഗകോടതികളുടെ സ്ഥാപനം, അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍ തുടങ്ങിയവ നിവര്‍ത്തിക്കേണ്ടത് അതത് സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണപ്രദേശങ്ങളുടെ തലപ്പത്തിരിക്കുന്നവരുടെയും ഉത്തരവാദിത്തമാണ്. സഹായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും ഹൈക്കോടതിയെ സമീപിക്കാം. അതിവേഗകോടതികള്‍ പോക്‌സോയും ബലാത്സംഗകേസുകളും മാത്രമേ പരിഗണിക്കാന്‍ പാടുള്ളൂ. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള മറ്റു അതിക്രമങ്ങളൊന്നും തന്നെ അതിവേഗകോടതി പരിഗണിക്കേണ്ടതില്ല. അതിവേഗകോടതികള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനനിരതമായിരിക്കേണ്ടതാണ്. നാഷണല്‍ ജുഡീഷ്യല്‍ ഡാറ്റാ ഗ്രിഡുമായി ലിങ്ക് ചെയ്യപ്പെടേണ്ടതാണ് ഓരോ അതിവേഗകോടതിയും. കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള സാമ്പത്തിക കാര്യങ്ങള്‍ അറുപത് ശതമാനം കേന്ദ്രവും നാല്‍പത് ശതമാനം സംസ്ഥാനവും ഏറ്റെടുത്ത് നിര്‍വഹിക്കേണ്ടതാണ്.സിക്കിം, ജമ്മുകാശ്മീര്‍, ഹിമാചല്‍ പ്രദേശ്. ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങള്‍ക്ക് 90 ശതമാനം കേന്ദ്രവും പത്ത് ശതമാനം സംസ്ഥാനവും ആണ് ചെലവ് വഹിക്കേണ്ടത്. നിയമസഭയുള്ള കേന്ദ്രഭരണപ്രദേശങ്ങളില്‍ 60: 40 എന്ന നിരക്കും നിയമസഭയില്ലാത്തയിടങ്ങളില്‍ നൂറ് ശതമാനം കേന്ദ്രഫണ്ടിങ്ങുമാണ് നടപ്പാക്കുക- അതിവേഗകോടതികളെക്കുറിച്ചുള്ള മാനദണ്ഡങ്ങള്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഇങ്ങനെയാണ്

ഇത്രയും കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ അതിവേഗകോടതികളുടെ പ്രവര്‍ത്തനം കൂടി വിലയിരുത്തേണ്ടതുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമകേസുകേസുകളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഉത്തര്‍പ്രദേശ് ആണ്. 36008 കേസുകള്‍ വിവിധ ജില്ലകളിലായി രജിസ്റ്റര്‍ ചെയ്തപ്പോള്‍ അതില്‍ 218 കേസുകളാണ് അതിവേഗകോടതിയില്‍ എത്തിയത്. ബാക്കി എവിടെപ്പോയി? എന്തുകൊണ്ട് പരിഗണിക്കപ്പെട്ടില്ല? ഉത്തര്‍പ്രദേശിനുശേഷം 22775 കേസുകളുമായി മഹാരാഷ്ട്ര നിലയുറപ്പിച്ചു. അതില്‍ 138 കേസുകള്‍ അതിവേഗകോടതിയില്‍ വിചാരണ ചെയ്യപ്പെട്ടു. ബാക്കിയെവിടെ എന്ന ചോദ്യം മാത്രം ബാക്കി. 20221 കേസുകളുമായി വെസ്റ്റ് ബംഗാളും മൂന്നാമതായി. 123 കേസുകള്‍ക്ക് തീര്‍പ്പായി. 9370 കേസുകളാണ് കേരളം റിപ്പോര്‍ട്ട് ചെയ്തത്. അതിവേഗകോടതിയിലെത്തിയതാവട്ടെ അന്‍പത്തിയാറെണ്ണവും. 2049 കേസുകള്‍ തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ പതിനാലെണ്ണമാണ് അതിവേഗകോടതിയില്‍ വന്നത്. നൂറില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നാഗാലാന്റ്, ചണ്ഡീഗഢ് എന്നിവിടങ്ങളില്‍ നിന്നും ഓരോ കേസുകള്‍ അതിവേഗം കഴിഞ്ഞു!അതിവേഗ കോടതി എന്ന ആശയം നടപ്പാക്കിയ 2018-ലാണ് ഈ കണക്കുകളെങ്കില്‍ 2019- ലെ കെട്ടിക്കിടക്കുന്ന കേസുകള്‍ കൂടി പറയേണ്ടതുണ്ട്. 42379 പോക്‌സോ-ലൈംഗികാതിക്രമകേസുകളാണ് ഉത്തര്‍പ്രദേശ് കോടതികളില്‍ കെട്ടിക്കിടക്കുന്നത്. മഹാരാഷ്ട്രയില്‍ 19968 കേസുകളും മധ്യപ്രദേശില്‍ 10141 കേസുകളും ഉണ്ട്. കേരളം 6649 പുതിയ കേസുകള്‍ പോക്‌സോയിലും ലൈംഗികാതിക്രമത്തിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോവിഡ് കാലത്തെ കോടതി പ്രവര്‍ത്തനങ്ങള്‍ തകരാറിലായതിനാല്‍ 2020-21 വര്‍ഷത്തെ കണക്കുകള്‍ ലഭ്യമായിട്ടില്ല.

പോക്‌സോ കേസുകള്‍ മാത്രം കൈകാര്യം ചെയ്യാനായി എക്‌സ്‌ക്ലൂസീവ് അതിവേഗകോടതികള്‍ രൂപീകരിച്ചപ്പോള്‍ ഉത്തര്‍പ്രദേശില്‍ 74 എക്‌സ്‌ക്ലൂസീവ് കോടതികളാണ് വന്നത്. ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ മുപ്പതെണ്ണം വീതവും രൂപീകരിച്ചു. തമിഴ്‌നാട്,കേരളം എന്നിവിടങ്ങളില്‍ പതിനാല് എക്‌സ്‌ക്ലൂസീവ് കോടതികള്‍ വന്നു. അതേസമയം 56 അതിവേഗകോടതികള്‍ കേരളത്തില്‍ വന്നു. തമിഴ്‌നാട്ടില്‍ പക്ഷേ അതും പതിനാലില്‍ തന്നെ നിലനിര്‍ത്തി. ഏറ്റവും കൂടുതല്‍ അതിവേഗകോടതികള്‍ വന്നത് സ്വാഭാവികമായും ഉത്തര്‍പ്രദേശില്‍ തന്നെയാണ് 218. മഹാരാഷ്ട്രയ്ക്ക് 138, പശ്ചിമബംഗാളിന് 123 അതിവേഗകോടതികളുമാണുള്ളത്. മുപ്പത്തിയൊന്ന് അതിവേഗകോടതികളും പതിനേഴ് എക്‌സ്‌ക്ലൂസീവ് കോടതികളുമാണ് കര്‍ണാടകയ്ക്കുള്ളത്. 767.25 കോടി രൂപ ചെലവിട്ടാണ് ഇത്രയും കോടതികള്‍ ഇന്ത്യയൊട്ടാകെ സ്ഥാപിച്ചത്. അതില്‍ കേന്ദ്രത്തിന്റെ വിഹിതം 474 കോടിയാണ്. 

അതിവേഗ കോടതികളുടെ സദുദ്ദേശ്യങ്ങള്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിഞ്ഞോ? അങ്ങനെയെങ്കില്‍ അടുത്ത ഒരു വര്‍ഷത്തിനപ്പുറം അതിവേഗകോടതികള്‍ നിലനില്‍ക്കുമോ? അതോ പേരിടല്‍ കര്‍മത്തിനുശേഷം പ്രവര്‍ത്തനരഹിതമായ പദ്ധതികളില്‍ ഒന്നായിപ്പോയോ ഇതും? ഇഴഞ്ഞുനീങ്ങുന്ന കേസുകള്‍പോലെ ഉത്തരവും പതുക്കെ കണ്ടെത്തിയാല്‍ മതി. ആര്‍ക്കാണിത്ര തിടുക്കം? 

Co-Authored by Shabitha

(തുടരും)

Content Highlights : Jail And Justice Sunil Gupta  the relevance of POCSO Exclusive and Fast Track court