പതിമൂന്ന് മാർച്ച് 2020-ൽ ലോകാരോഗ്യസംഘടന കോവിഡ്-19 നെ മഹാമാരിയായി പ്രഖ്യാപിച്ചു. മാർച്ച് പതിനാറ് 2020-ൽ നമ്മുടെ രാജ്യത്ത് 107 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. അനുവദിക്കപ്പെട്ടതിലും അധികം തടവുകാരെ പാർപ്പിക്കപ്പെട്ട ജയിലുകളിൽ കോവിഡ് ബാധ തടയുക എന്ന സദുദ്ദേശ്യത്തോടെ ചീഫ് സെക്രട്ടറിമാരോടും അധികാരികളോടും ആഭ്യന്തര സെക്രട്ടറിമാരോടും ജയിൽ ഡി.ജി.പിമാരോടും വെൽഫെയർ ഓഫീസർമാരോടും അടിയന്തര നടപടികളെപ്പറ്റി ആലോചിക്കാൻ ഉത്തരവിടുകയും സംസ്ഥാനങ്ങളിലെയും യൂണിയൻ ടെറിട്ടറികളിലെയും ജയിലുകളിൽ സത്വരനടപടികളിൽ കൈക്കൊള്ളാൻ ഉത്തരവിടുകയും ചെയ്യുകയുണ്ടായി. തടവുകാരെയും ജുവനൈൽ ഹോമിലെ അന്തേവാസികളെയും വിചാരണത്തടവുകാരെയും എങ്ങനെയാണ് സുരക്ഷിതരാക്കുക എന്നും അന്വേഷിച്ചു.

ഇരുപത്തിമൂന്ന് മാർച്ച്  2020-ൽ ഈ കോടതി സംസ്ഥാനസർക്കാരുകൾക്കും യൂണിയൻ ടെറിട്ടറി ഭരണാധികാരികൾക്കും ഉന്നതതല കമ്മറ്റിയെ നിയോഗപ്പെടുത്തിക്കൊണ്ട് ഒരുവിഭാഗം തടവുകാർക്ക് ഒന്നുകിൽ പരോൾ അല്ലെങ്കിൽ ഉപാധികളുടെ അടിസ്ഥാനത്തിലുള്ള ജാമ്യം അനുവദിക്കാൻ നിർദ്ദേശിച്ചിരുന്നു. തടവുകാരിൽ ചുമത്തപ്പെട്ട കുറ്റകൃത്യത്തിന്റെ ഗാഢത അനുസരിച്ചായിരിക്കണം കോവിഡ് മഹാമാരി പരിഗണിച്ചുകൊണ്ടുള്ള ശിക്ഷാ ഇളവ് എന്നും പ്രത്യേകം നിർദേ​ശം നൽകിയിരിക്കുന്നു. അന്തേവാസിയുടെ ശിക്ഷാകാലാവധി, അതിൽ എത്രവർഷം കഴിഞ്ഞു, കുറ്റകൃത്യത്തിന്റെ ഗൗരവം തുടങ്ങിയവയെല്ലാം തന്നെ കമ്മറ്റി വിലയിരുത്തേണ്ടതുണ്ട്. ഉന്നതാധികാര കമ്മറ്റിയുടെ തീരുമാനപ്രകാരം തടവുകാരിൽ വലിയൊരു വിഭാഗത്തിന് മഹാമാരിയെത്തുടർന്നുള്ള പരോൾ, ഉപാധികളോടെയുള്ള ജാമ്യം എന്നിവ അനുവദിച്ചുകാടുക്കണ്ടതാണ്.

കോവിഡ് കേസുകളുടെ എണ്ണം അതത് സംസ്ഥാനത്ത് കുറയുന്നതിനനുസരിച്ച് പുറത്തിറങ്ങിയ പ്രതികൾ തിരികെ ജയിലിൽ പ്രവേശിക്കേണ്ടതാണ്. 2020 സെപ്തംബർ 20-ന് പുറപ്പെടുവിച്ച സുപ്രീംകോടതി ഉത്തരവുപ്രകാരം വിട്ടയക്കപ്പെട്ട പ്രതികളിൽ തൊണ്ണൂറുശതമാനവും തങ്ങളുടെ പരോൾ കാലാവധി കഴിഞ്ഞപ്പോൾ 2021 ഫെബ്രുവരി, മാർച്ച് എന്നീ മാസങ്ങളിലായി തിരികെ ജയിലിൽ പ്രവേശിച്ചു എന്നതും കോടതി നിരീക്ഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കോവിഡ്-19 ബാധിക്കുന്നവരുടെ എണ്ണത്തിൽ അഭൂതപൂർവമായ വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഈയൊരവസ്ഥയിൽ അനുവദിക്കപ്പെട്ടതിലും അധികം തടവുകാർ തിങ്ങിപ്പാർക്കുന്ന ജയിലുകളിൽ മതിയായ ശുചിത്വത്തിന്റെയും അണുനശീകരണത്തിന്റെയും ചികിത്സാസൗകര്യങ്ങളുടെയും അഭാവം തീർച്ചയായും വന്നുചേരുന്നുണ്ട്.

നാല് ലക്ഷത്തിലധികം തടവുകാരാണ് വിവിധ ജയിലുകളിലായി ഇന്ത്യയിലുള്ളതെന്ന് ഈ കോടതിയുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. അതിൽ ചില ജയിലുകൾക്ക് താങ്ങാവുന്നതിലും അപ്പുറം തടവുകാരെ പാർപ്പിക്കേണ്ടിവരികയും അത് ഓരോ ജയിൽ ഓഫീസർക്കും അധികചുമതലയായി മാറുകയും ചെയ്യുന്ന അവസ്ഥയാണ് ഉള്ളത്. ഈ സാഹചര്യം പരിഗണിച്ചുകൊണ്ട് ജയിലുകളിലെ ജനസാന്ദ്രത കുറയ്ക്കുക എന്നത് തടവുകാരുടെയും അതുപോലെതന്നെ ജയിൽ ഉദ്യോഗസ്ഥരുടെയും ആരോഗ്യത്തെയും ജീവിക്കാനുള്ള അവകാശത്തെയും സംരക്ഷിക്കുക എന്നതാണ് അർഥമാക്കുന്നത്. കോവിഡ്-19 കൊണ്ടുണ്ടാകുന്ന ആഘാതം കുറയ്​ക്കുക എന്ന ഉദ്ദേശ്യത്തോടെ ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തെ അതിന്റെ പരമപ്രധാനമായ കാര്യക്ഷമതയോടുകൂടി പരിഗണിച്ചുകൊണ്ട് ശിക്ഷിക്കപ്പെട്ടവരുടെ അവകാശവും ആരോഗ്യവും ഈ കോടതി അതീവതാത്പര്യത്തോടെ പരിഗണനയിലെടുക്കുന്നു. ജയിലിൽ വെച്ച് കോവിഡ് ബാധയേൽക്കുന്നത് പരമാവധി​ തടയുന്നതോടൊപ്പം ജയിൽ മതിലിനകത്തു തന്നെ വച്ച് പരിഹരിക്കപ്പെടാവുന്ന രീതിയിൽ മരണം വിതയ്ക്കുന്ന മഹാമാരി വ്യാപനത്തെ ഫലപ്രദമായി തടയേണ്ടതാണ്.

മേൽപ്പറഞ്ഞതിലേക്കുള്ള പ്രഥമ നടപടിയെന്നവണ്ണം, മൗലികാവകാശ സംരക്ഷണത്തിന്റെ ഭാഗമായി കുറ്റാരോപിതരെ അറസ്റ്റ് ചെയ്ത് ജയിലില​ടക്കുന്നത് കർശനമായി നിയന്ത്രിച്ചിരിക്കുകയും അധികാരികളെ പരിമിതപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഈ വിധിന്യായത്തിലൂടെ കോടതി ഉറപ്പാക്കാൻ ശ്രമിക്കുന്നത് പോലീസ് ഓഫീസർമാർ അകാരണമായും അനാവശ്യമായും ആളുകളെ അറസ്റ്റ് ചെയ്യുകയോ അവരെ തടങ്കലിൽ വെക്കാൻ മജിസ്ട്രേറ്റ് യാന്ത്രികമായോ നിരുത്തരവാദിത്തപരമായോ ഉത്തരവിടാൻ പാടുള്ളതല്ല എന്നുമാണ്.

തടവുകാർ തിങ്ങിപ്പാർക്കുന്ന ജയിലുകളിൽ കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനെക്കുറിച്ച് അതത് സർക്കാരുകൾ ഗൗരവമായി പരിഗണിക്കേണ്ടതുണ്ട്. ഉന്നതാധികാര സമിതികളുടെ മേൽനോട്ടത്തിൽ സംസ്ഥാനസർക്കാരുകൾക്കും യൂണിയൻ ടെറിട്ടറികൾക്കും തടവുകാർക്ക് വിടുതൽ നൽകുന്നതിനെക്കുറിച്ച് പുറപ്പെടുവിച്ച കഴിഞ്ഞവർഷത്തെ മാർഗരേഖകൾ എത്രയും പെട്ടെന്ന് തന്നെ സ്വീകരിക്കേണ്ടതാണ്. ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ട് ഉന്നതാധികാരസമിതി രൂപീകരിക്കാത്ത സംസ്ഥാനങ്ങൾ ഉടൻതന്നെ അത് രൂപീകരിക്കേണ്ടതാണ്. ഡൽഹി പോലീസ് കമ്മീഷണർ ഡൽഹിയിലെ ഉന്നതാധികാരസമിതി അംഗമായിരിക്കും.

മഹാമാരി അതിവേഗത്തിൽ പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഈ കോടതിയുടെ പരിഗണനയിൽ ഉള്ളത് ജനത്തിരക്ക് പരിഹരിക്കുക എന്നതുമാത്രമാണ്. തടവുകാർക്ക് ആദ്യമായി പരോൾ അനുവദിക്കുന്നതോടൊപ്പം തന്നെ ഇരുപത്തി മൂന്ന് മാർച്ച് 2020-ലെ ഉത്തരവ് പ്രകാരം നേരത്തെ പരോൾ അനുവദിച്ച എല്ലാ തടവുകാർക്കും ഉടൻ തന്നെ ഉപാധികളോടെ പരോൾ അനുവദിക്കേണ്ടതാണെന്ന് കോടതി ഉത്തരവിടുന്നു. പരോൾ നടപടികൾക്ക് കാലതാമസം വരുത്താൻ പാടുള്ളതല്ല.

മഹാമാരിയോടുള്ള യുദ്ധം വളരെ സുതാര്യമായിരിക്കട്ടെ. ജയിലിലെ തടവുകാരുടെ എണ്ണവും ആരോഗ്യവിവരങ്ങളും അതാത് സമയത്തുതന്നെ ജയിൽ വൈബ്സെറ്റിൽ രേഖപ്പെടുത്തേണ്ടതാണ്. മറ്റു സംസ്ഥാനങ്ങളിലെ നല്ല മാതൃകകൾ ഇതിനായി ഉപയോഗപ്പെടുത്താവുന്നതാണ്. എല്ലാറ്റിനും പുറമേ ഉന്നതാധികാരസമിതിയുടെ എല്ലാ തീരുമാനങ്ങളും സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റി, സംസ്ഥാനസർക്കാർ, ഹൈക്കോടതി​ എന്നിവയുടെ വെബ്സൈറ്റുകളിൽ രേഖപ്പെടുത്തേണ്ടതുമാണ്. വിവരങ്ങൾ ഫലപ്രദമായി ആളുകളുടെ പൊതുബോധത്തിലേക്കെത്തുംവണ്ണമായിരിക്കണം അത്തരം ചുമതലകൾ നിർവ്വഹിക്കേണ്ടത്.

ഇന്ത്യയുൾപ്പെടെയുള്ള മിക്ക രാജ്യങ്ങളിലും അധികതടവുകാർ എന്നത് ഒരുപ്രതിഭാസം തന്നെയാണ്. തങ്ങളുടെ സാമൂഹിക ചുറ്റുപാടുകൾ വളരെ മോശമായതിനാലും പുറത്തിറങ്ങിയാൽ മഹാമാരിമൂലം മരണം വരെ സംഭവിക്കും എന്നുമുള്ള ഭയത്താലും ചില തടവുകാർ പരോളിൽ പോകാൻ തയ്യാറാവാത്ത സാഹചര്യവും കണക്കിലെടുക്കണ്ടതുണ്ട്. അത്തരം അസാധാരണമായ കേസുകളിൽ അധികാരികൾ ജയിൽ അന്തേവാസികളുടെ മാനസികാവസ്ഥകൂടി പരിഗണിക്കേണ്ടതുണ്ട്. തടവറയിൽ തുടരുന്നവർക്ക് കൃത്യമായ ചികിത്സാസംവിധാനങ്ങളും വൃത്തിയായ ജീവിതാന്തരീക്ഷവും നൽകുക. കൃത്യവും നിരന്തരവുമായ പരിശോധനകൾ കൊണ്ട് കോവിഡ് വ്യാപനം തടയുക തന്നെ വേണം. അത് തടവുകാർക്ക് മാത്രമല്ല, ജയിൽ ഉദ്യോഗസ്ഥരുടെ ആരോഗ്യസുരക്ഷിതത്വത്തിനും ബാധകമാണ്. രോഗം സ്ഥിരീകരിച്ചാൽ വളരെ പെട്ടെന്നു തന്നെ ചികിത്സാനടപടി​കൾ കൈക്കൊള്ളേണ്ടതാണ്. ദിനേനയുള്ള ശുചീകരണവും അണുനശീകരണവും ഊർജിതമായി തുടരുകയും ഭേദപ്പെട്ട സംവിധാനങ്ങൾ ഉപയോഗിക്കുകയും ചെയ്യണം. തടവുകാർക്കിടയിൽ കോവിഡ് വ്യാപിക്കാതിരിക്കാൻ സാമൂഹിക അകലം പോലുള്ള നടപടികളും സ്വീകരിക്കണം. ആവശ്യമെങ്കിൽ ജയിൽ മോചിതരായവരെ സുരക്ഷാവാഹനങ്ങളിൽ കയറ്റി അവരുടെ കുടുംബത്തിലെത്തിക്കാം, ചില സംസ്ഥാനങ്ങളിലെ യാത്രാവിലക്കുകളെയും കർഫ്യൂവിനെയും മാനിച്ചായിരിക്കണം അത്തരം നടപടികൾ ചെയ്യേണ്ടത്.

2021 മെയ് ഏഴിന് ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ സാരാംശമാണിത്. നാലു ലക്ഷത്തോളം വരുന്ന ജയിൽ അന്തേവാസികളിൽ അർഹതപ്പെട്ടവരെ മുഴുവൻ ഉപാധികളോടെ പരോളിൽ വിടേണ്ടതിന്റെ ആവശ്യകതയെ മഹാമാരിയുടെ പശ്ചാത്തലത്തിൽ സർക്കാരിനും പൊതുസമൂഹത്തിനും ബോധ്യപ്പെടുത്തിക്കൊടുക്കുക വഴി തടവുകാരുടെ ജീവിക്കാനുള്ള അവകാശത്തെയാണ് കോടതി സംരക്ഷിച്ചിരിക്കുന്നത്. അതിൽ എടുത്തുപറയുന്ന മറ്റൊരു കാര്യം കൂടി ശ്രദ്ധിക്കൂ- തങ്ങളുടെ സാമൂഹിക ചുറ്റുപാട് മൂലം പരോൾ ആഗ്രഹിക്കാത്ത തടവുകാർക്ക് എല്ലാവിധ ആരോഗ്യപരിരക്ഷകളും നൽകുന്നതിൽ ജയിൽ അധികാരികൾക്ക് ഉത്തരവാദിത്തമുണ്ടായിരിക്കണം. ജയിൽ ഒരു സുരക്ഷിതതാവളമായി കരുതുന്നവരും കുറവല്ല എന്ന് സുപ്രീംകോടതി പറയാതെ പറയുന്നു. അവരുടെ ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കേണ്ടത് ജയിൽ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം തന്നെയാണ്.

പരോളിൽ വിടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പരോൾ കാലാവധി കഴിഞ്ഞാൽ അനുവദിക്കപ്പെട്ടയാൾ തിരികെ വരണം. പിന്നെയും പരോൾ നീട്ടിക്കൊടുക്കുകയാണ് മഹാമാരിക്കാലത്ത് നടപ്പിൽ വരുന്ന രീതികളിൽ ഒന്ന്. വിചാരണത്തടവുകാർക്ക് പരോൾ അനുവദിക്കാൻ പാടില്ലാത്തതിനാൽ അവരെ സ്വന്തം ജാമ്യത്തിൽ കോടതി വിടുകയാണ് ചെയ്യാറ്. പരോളിലോ സ്വന്തം ജാമ്യത്തിലോ പോയിക്കഴിഞ്ഞാൽ അവർ തിരികെ വരുന്നതുവരെയുള്ള ഉത്തരവാദിത്തം അതത് ലോക്കൽ പോലീസിനാണ്. പരോൾ അനുവദിക്കണമെങ്കിൽ കോടതി വിധിച്ചിട്ടുള്ള ശിക്ഷാകാലയളവിന്റെ മൂന്നിലൊന്ന് അനുഭവിച്ചിരിക്കണം. അല്ലാത്ത പക്ഷം കൊടുക്കാൻ പറ്റുന്നത് താൽക്കാലിക ജാമ്യമാണ്. മോഷണം( പിടിച്ചുപറി ഉൾപ്പെടില്ല) പോലുള്ള കേസുകളിലെ തടവുകാർക്കാണ് പ്രധാനമായും പരോൾ കൊടുക്കാറ്. പത്തുവർഷത്തിൽ താഴെ ശിക്ഷ വിധിച്ചിട്ടുള്ളവർക്കു മാത്രമേ പരോൾ സ്വാഭാവികമായും അനുവദിക്കുകയുള്ളൂ. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം മുമ്പ് പരോൾ അനുവദിച്ചവർക്കും ഇപ്പോൾ പരോൾ കൊടുക്കേണ്ടതുണ്ട്. സ്വതവേ ആദ്യത്തെ കുറ്റത്തിന് തടവിലാക്കപ്പെട്ടവർക്കാണ് പരോൾ അനുവദിക്കുക. ഒന്നിൽ കൂടുതൽ കുറ്റങ്ങൾക്ക് തടവനുഭവിക്കുന്നവർക്ക് സ്വാഭാവികമായും പരോൾ വിലക്കപ്പെട്ടതാണ്. അപ്പോൾ നാലുലക്ഷത്തിലധികമുള്ള ഇന്ത്യൻ തടവുകാരെ എങ്ങനെ ഡീകൺജസ്റ്റ് ചെയ്യും എന്നതും ആലോചിക്കേണ്ടതാണ്. ഇതിൽ ഹാബിച്വൽ ഓഫന്റേഴ്സ് എന്ന വിഭാഗത്തിൽ പെട്ടവരെ മാത്രം ജയിലിൽ നിലനിർത്തി ബാക്കിയുള്ളവരെ പരോളിൽ വിട്ടാൽ പ്രശ്നം പരിഹരിക്കപ്പെടുമോ? നാലുലക്ഷത്തിന്റെ ഭൂരിഭാഗവും വിചാരണത്തടവുകാരായിരിക്കെ സ്വന്തം ജാമ്യം എന്ന കാഴ്ചപ്പാട് പ്രാവർത്തികമാക്കുകയല്ലാതെ നിവൃത്തിയില്ല.

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരം 568 തടവുകാരെയാണ് കേരളത്തിലെ വിവിധ ജയിലുകളിൽ നിന്ന് കോവിഡ്-19 പശ്ചാത്തലത്തിൽ പരോളിൽ വിട്ടിരിക്കുന്നത്. അവരെക്കൂടാതെ 932 വിചാരണത്തടവുകാരെയും 350 റിമാന്റ് പ്രതികളെയും സ്വന്തംജാമ്യത്തിലും വിട്ടയച്ചു. കലണ്ടർ വർഷത്തിലെ അറുപത് ദിനമാണ് കേരളത്തിലെ തടവുകാർക്ക് പരോൾ അനുവദിക്കപ്പെട്ടിരിക്കുന്നത്. വർഷത്തിൽ നാലുതവണയായിട്ടാണ് ഈ അറുപത് ദിവസത്തെ വിഭജിക്കുക. ഓപ്പൺജയിലുകാർക്ക് ഹോംലീവ് ഉൾപ്പെടെ അഞ്ചുതവണയും. പരോൾ കാവാവധി പതിനഞ്ച് ദിവസത്തിൽ കുറയാനോ മുപ്പത് ദിവസത്തിൽ കൂടാനോ പാടുള്ളതുമല്ല. അപ്പോൾ മഹാമാരിക്കാലത്തെ പരോൾ മുപ്പത് ദിവസത്തിൽ നിൽക്കാതെ വരുമ്പോൾ തിരികെ ജയിലിൽ പ്രവേശിച്ച് വീണ്ടും പതിനഞ്ച് ദിവസം കൂടി പരോൾ അനുവദിച്ചുകൊടുക്കേണ്ടതായി വരും.

എല്ലാ തടവുകാർക്കും പരോൾ അനുവദിക്കാൻ പറ്റില്ല എന്നു വ്യക്തമാക്കിയ സാഹചര്യത്തിൽ പരോളിന് അർഹതപ്പെട്ടവരുടെ ലിസ്റ്റ് തയ്യാറാക്കുമ്പോൾ പോലീസ് സൂപ്രണ്ടും പ്രൊബേഷൻ ഓഫീസറും ശുപാർശ ചെയ്യേണ്ടതുണ്ട്. ജയിൽ മതിലിനകത്തെ വ്യക്തിയായിരിക്കണമെന്നില്ല പുറത്തിറങ്ങിയാൽ. അപ്പോൾ ആള് പ്രശ്നക്കാരനാണോ, പരോളിൽ ഇറങ്ങിയാൽ കൂടുതൽ കുഴപ്പങ്ങൾ സൃഷ്ടിക്കുമോ, ജനങ്ങളുടെ ദൈനംദിന ജീവിതത്തിന് ഭംഗം വരുത്തുമോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ പഠനറിപ്പോർട്ടുകൾ നൽകേണ്ടതുണ്ട്. പോരാത്തതിന് പരോളിൽ ഇറങ്ങിയവരെക്കുറിച്ചുള്ള കൃത്യമായ മോണിറ്ററിങ് അതത് പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിൽ നിന്നും നടത്തേണ്ടതുമാണ്. പരോളിൽ ഇറങ്ങി തിരികെ വരാത്ത കേസുകളും ഉണ്ടാവാം. പക്ഷേ അധികകാലം ഇരുട്ടിൽ തപ്പാൻ കഴിയില്ലല്ലോ. പിടിക്കപ്പെട്ടാൽ ഇനിയുള്ള ശിക്ഷാകാലയളവ് തീരുംവരെ പുറംലോകം കാണുകയുമില്ല.

2020-ലെ സുപ്രീംകോടതി ഉത്തരവ് പ്രകാരം തിഹാർ ജയിലിൽ 1,184 തടവുകാർക്കാണ് പരോൾ അനുവദിച്ചുകൊടുത്തത്. അതിൽ 1,072 പേർ തിരികെയെത്തി. ബാക്കി 112 പേരെ തിരികെയെത്തിക്കാൻ പോലീസ് സഹായം തേടേണ്ടി വന്നെങ്കിലും ഫലമുണ്ടായില്ല. 5,556 വിചാരണത്തടവുകാരെ സ്വന്തം ജാമ്യത്തിൽ വിട്ടയച്ചപ്പോൾ 2,200 പേരാണ് തിരികെ എത്തിയത്. 3,300 പേരെ ഇനിയും കണ്ടെത്തേണ്ടതുണ്ട്. സ്വന്തം ജാമ്യത്തിൽ പോയ വിചാരണത്തടവുകാരെ വീണ്ടെടുക്കാനുള്ള ശ്രമം ഡൽഹി പോലീസ് തുടർന്നുകൊണ്ടേയിരിക്കുന്നു. തിരികെ വരാനുള്ളവരിൽ കുറേപ്പേർക്ക് കോടതി ജാമ്യം ലഭിച്ചുവെന്നുമാണ് പോലീസ്ഭാഷ്യം.

Co-Authored by Shabitha

(തുടരും)

Content Highlights:  Jail and Justice, Books, Sunil Gupta