ഇന്ത്യയിലെ ഇരുപത്തിയാറ് ജയിലുകളിൽ കഴിയുന്ന തടവുകാർ അർഹിക്കുന്ന പരിഗണനകൾ അതാത് സമയത്ത് അനുഭവിച്ചുവരുന്നുണ്ട്. ആരാണാ തടവുകാർ? എന്താണവർക്കിത്ര പ്രത്യേകത? ക്രിമിനൽനീതിനിർവഹണത്തെക്കുറിച്ചും ജയിൽ സർവീസ് അനുഭവങ്ങളെക്കുറിച്ചും സംവദിക്കുന്ന സുനിൽ ഗുപ്തയുടെ പംക്തി തുടരുന്നു.

തിഹാർ ജയിലിൽ ജോലിചെയ്തുകൊണ്ടിരിക്കേ ഒരു അപ്രതീക്ഷിത സംഭവമുണ്ടായി. വനിതാജയിലിലെ തടവുകാരിൽ ഒരാൾ ഗർഭിണിയായി. അവരുടെ ഭർത്താവും തടവുശിക്ഷ അനുഭവിക്കുന്നുണ്ടായിരുന്നു. അയാൾ ആരോപിച്ചത് ജയിൽ സൂപ്രണ്ടാണ് തന്റെ ഭാര്യയെ ഗർഭിണിയാക്കിയതെന്നാണ്. ആ സംഭവത്തിൽ കോടതി അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. തിരിച്ചറിയൽ പരേഡിൽ ജയിൽ സൂപ്രണ്ടിനെ തിരിച്ചറിയുന്നതിൽ അവർ പരാജയപ്പെട്ടു. പിന്നെ കേസിനെന്ത് ബലം! സൂപ്രണ്ട് കുറ്റവിമുക്തനായി. പക്ഷേ അന്വേഷണം പുരോഗമിച്ചു. അപ്പോൾ കണ്ടെത്താനായത് ഈ സ്ത്രീ മറ്റൊരു സുഹൃത്തുമായി ശാരീരിക ബന്ധത്തിലേർപ്പെട്ടിരുന്നു എന്നാണ്. അത് സംഭവിച്ചത് വിചാരണയ്ക്കായി കോടതിയിൽ പോകുന്ന വേളയിലാണ്!

രണ്ടാമതും ഇതേ സംഭവം ആവർത്തിച്ചു. അന്വേഷണത്തിൽ കണ്ടെത്തിയത് ശുചീകരണത്തിനായി വനിതാജയിലിൽ സ്ഥിരമായി പോകുന്ന ജോലിക്കാരൻ ഒരു തടവുകാരിയുമായി പരിചയത്തിലായി, ശാരീരികബന്ധത്തിലേർപ്പെട്ടു, അവർ ഗർഭിണിയായി എന്നാണ്. മേൽപ്പറഞ്ഞ രണ്ടുകേസിലും കൃത്യമായ അന്വേഷണം നടന്നു, വേണ്ട നടപടികൾ സ്വീകരിച്ചു. പലപ്പോഴും വനിതാതടവുകാർ തലവേദനയാവാറുണ്ട്. മയക്കുമരുന്ന് സംബന്ധമായ കേസുകളിൽ പിടിക്കപ്പെടുന്നവരും തടവിൽ കഴിയുന്നവരുമാണ് ഏറെ പ്രശ്നക്കാർ. അവരെ ഒതുക്കാനായി ഞങ്ങൾക്കിടയിൽ ഒരു പ്രത്യേക ടീം തന്നെയുണ്ട്.

നിങ്ങൾ സിനിമയിലും മറ്റ് ഭാവനകളിലുമൊക്കെ കാണുന്നതുപോലെ ജയിൽ അധികാരികൾ വനിതാതടവുകാരെ ലൈംഗിക പീഡനത്തിനിരയാക്കാറില്ല. വനിതാജയിലുകൾ വനിതാ ഉദ്യോഗസ്ഥരുടെ അധികാരത്തിലാണ്. അവർക്കാണ് ഇത്തരം ജയിലുകളുടെ നടത്തിപ്പുചുമതല. അല്ലാത്ത മർദ്ദനങ്ങളും മാനസികപീഡനങ്ങളുമൊക്കെ ഇവിടെയും റിപ്പോർട്ട് ചെയ്യാറുണ്ട്. തടവുകാർ കോടതിയിൽ പരാതിപ്പെടും. അപ്പോൾ അന്വേഷണത്തിന് ഉത്തരവിടും. പലപ്പോഴും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. അന്വേഷണങ്ങൾ എപ്പോഴും ആത്മാർഥമായിട്ടുതന്നെയാണ് നടക്കുക. കാരണം അകത്തായവർക്കും അവകാശങ്ങളുണ്ടെന്ന ഉത്തമബോധ്യം അന്വേഷണോദ്യോഗസ്ഥർക്കുണ്ട്.

ചന്ദ്രിശർമയെ ഈയവസരത്തിൽ ഓർമവരുന്നു. കൊലപാതകക്കേസിലാണ് അവർ അകത്തായത്. 1981-ൽ ഞാൻ തിഹാറിൽ ജോലിയിൽ പ്രവേശിച്ച സമയത്താണ് അവരുമായി പരിചയപ്പെട്ടത്. പ്രശസ്ത നേത്രരോഗസർജനായ ഡോ. ജയന്റെ ഭാര്യയുടെ കൊലപാതകക്കേസിലാണ് ചന്ദ്രിശർമ അകത്തായത്. ഡോ.ജയന്റെ ഗൂഢാലോചനപ്രകാരമായിരുന്നു അവർ ഈ കൃത്യം നടത്തിയത്. മറ്റു രണ്ടുപേരും ഈകൃത്യത്തിൽ പങ്കാളികളായിരുന്നു. അവരെ പിന്നീട് വധശിക്ഷയ്ക്ക് വിധേയരാക്കി. ചന്ദ്രിശർമയ്ക്ക് എട്ടുവർഷത്തെ തടവാണ് വിധിച്ചത്. അവർ ജയിൽമോചിതയായ ശേഷം എനിക്ക് സ്ഥിരമായി കത്തുകളെഴുതുമായിരുന്നു. അതിമനോഹരമായി അതിലും തീവ്രമായ ഭാഷയിൽ അവർ എഴുതി. ആ കത്തുകളിലൊക്കെ സുഗന്ധലേപനത്തിന്റെ മണമുണ്ടാകാറുണ്ടായിരുന്നു. ''സുനിൽ സർ, ഞാൻ താങ്കളുടെ പെരുമാറ്റം ഏറെ ഇഷ്ടപ്പെടുന്നു'' എന്ന് ഒരിക്കൽ എഴുതി. ചില കത്തുകൾ ഞാൻ ഏറെക്കാലം സൂക്ഷിച്ചുവച്ചു. കഴിഞ്ഞ വർഷമാണ് അതെല്ലാം ഒഴിവാക്കിയത്.

ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും സ്വന്തമായി വനിതാജയിലുകളില്ല. എന്നിരുന്നാലും ജയിൽ നിയമപ്രകാരം പുരുഷതടവുകാരുമായി യാതൊരു ബന്ധവും സാധ്യമല്ലാത്ത രീതിയിലായിരിക്കണം വനിതാതടവുകാരെ പാർപ്പിക്കേണ്ടത്. നമ്മുടെ രാജ്യത്തെ ചില മുന്നോക്ക സംസ്ഥാനങ്ങൾ വനിതാതടവുകാരെ പ്രത്യേകം പാർപ്പിക്കുന്നുണ്ട്. എന്നാൽ ചില സംസ്ഥാനങ്ങളിൽ സ്ത്രീ-പുരുഷ തടവുകാർ ഒരേ ജയിലിലാണ് കഴിയുന്നത്. ഒരേ സെല്ലിലല്ല, വനിതാതടവുകാരെ പാർപ്പിക്കാനായി ജയിലിന്റെ ഏതെങ്കിലുമൊരു ഭാഗം സജ്ജമാക്കുകയാണ് ഇവിടങ്ങളിലെ പതിവ്.

ഇന്ത്യയിൽ ആകെ ഇരുപത്തിയാറ് വനിതാ ജയിലുകളാണ് ഉള്ളത്. അഞ്ച് എണ്ണം സ്ഥിതി ചെയ്യുന്നത് തമിഴ്നാട്ടിലാണ്. രണ്ടാം സ്ഥാനം കേരളത്തിലാണ്- തിരുവനന്തപുരം, വിയ്യൂർ, കണ്ണൂർ എന്നിവിടങ്ങളിലായി മൂന്ന് വനിതാജയിലുകൾ കേരളത്തിലുണ്ട്. രണ്ടെണ്ണം വീതം ബിഹാർ, ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്നു. ആന്ധ്രപ്രദേശ്, കർണാടക, മഹാരാഷ്ട്ര, മിസോറാം, ഒഡീഷ, പഞ്ചാബ്, തെലങ്കാന, ത്രിപുര, യു.പി, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലായി ഓരോന്ന് വീതവും. ഇന്ത്യയിലെ മൊത്തം ജയിലുകളിൽ (1341)രണ്ടു ശതമാനം (26) വനിതാജയിലുകളാണ്. കഴിഞ്ഞ പതിനഞ്ചു വർഷത്തിനിടയിൽ വനിതാ കുറ്റവാളികളുടെ എണ്ണത്തിൽ 61 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം പുരുഷകുറ്റവാളികളുടേത് 33 ശതമാനമാണ്.

1991 മെയ് 21 സംഭവം എന്ന് ലോകമൊട്ടാകെ രേഖപ്പെടുത്തിയ രാജീവ്ഗാന്ധി കൊലപാതകത്തിൽ മനുഷ്യബോംബായി വർത്തിച്ചത് തേൻമൊഴി രാജരത്നം (തനു) എന്ന പതിനേഴുകാരിയാണെന്നോർക്കണം. ജീവിതം എന്ന് കൂട്ടിയെഴുതാൻ പോലും മാനസിക വളർച്ചയെത്താത്ത കാലത്താണ് എൽ.ടി.ടി ഇ യുടെ മനുഷ്യബോംബായി ധനുമാറിയത്. രാജീവി ഗാന്ധി കൊലയോടനുബന്ധമായി നമ്മൾ വായിക്കുന്ന മറ്റൊരു പേരാണ് എസ്.നളിനി ശ്രീഹരൻ- സുപ്രീം കോടതി വധശിക്ഷവിധിച്ച നാലുപേരിൽ ഒരാൾ. എൽ.ടി.ടിഇ പോരാളിയായ വി. ശ്രീഹരന്റെ പങ്കാളിയായ നളിനി വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത് തടവിലിരിക്കേ ഒരു കുഞ്ഞിന് ജന്മം നൽകിയതിനാലാണ്. കുഞ്ഞിന്റെ സുരക്ഷയെക്കരുതി സോണിയാഗാന്ധി സ്വീകരിച്ച മനുഷ്യത്വപരമായ ഇടപെടലാണ് നളിനിയുടെ വധശിക്ഷജീവപര്യന്തമായി കുറയ്ക്കാനിടയായത്. ജയിലിലെ ക്ളാസ് എ കുറ്റവാളിയായി 1999 വരെ നളിനി പരിഗണിക്കപ്പെട്ടിരുന്നു.

കുറ്റവാളി, വരുമാന നികുതി അടയ്ക്കുന്നയോളോ ബിരുദധാരിയായോ ആണെങ്കിൽ തമിഴിനാട്ടിൽ എ ക്ളാസ് ജയിലുകളിലാണ് പാർപ്പിക്കുക. തിഹാറിൽ അങ്ങനെയുള്ള തരംതിരിവുകൾ ഇല്ല. എല്ലാവരെയും സി ക്ളാസിലാണ് ഉൾപ്പെടുത്തുക. നളിനിയുടെ പക്കൽ നിന്നും മിന്നൽ പരിശോധനയിൽ ഒരു മൊബൈൽഫോൺ കണ്ടെത്തുകയുണ്ടായി. പിന്നെയവർ തരം താഴ്ത്തപ്പെട്ടു. പുഴൽ ജയിലിൽ നിന്നും വെല്ലൂരിലേക്ക് അവരെ മാറ്റി. താൻ തടവിലായിട്ട് ഇരുപത് വർഷമായെന്നും പതിനാലുവർഷത്തെ ജീവപര്യന്തം കഴിഞ്ഞ് പിന്നെയും വർഷങ്ങൾ കഴിഞ്ഞു എന്നും മദ്രാസ് ഹൈക്കോടതിയിൽ പരാതിപ്പെട്ടു. എന്നിരുന്നാലും സംസ്ഥാന സർക്കാർ ആ അപേക്ഷ തള്ളി. നളിനിയോടൊപ്പമുണ്ടായിരുന്ന മുരുഗൻ, പേരറിവാളൻ, ശാന്തൻ എന്നിവരെ തൂക്കിലേറ്റാന്‍ വിധിക്കുകയും പിന്നീട് ജീവപര്യന്തമാക്കുകയും ചെയ്തു. 

നാസിക് സഹോദരിമാരായ സീമാ മോഹൻ ഗാവിത്, രേണുകാ കിരൺ ഷിൻഡെ എന്നിവരാണ് വധശിക്ഷയും കാത്ത് കഴിയുന്ന മറ്റ് രണ്ട് വനിതകൾ. അവരുടെ അമ്മ അഞ്ജനയും പെൺമക്കളുടെ കൂടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടതാണ്. തടവുകാലത്ത് ജയിലിൽ വച്ച് മരണമടഞ്ഞു. അമ്മയും പെൺമക്കളും ഉൾപ്പെട്ട കേസ് ഏഴ് മാസം മുതൽ ആറുവയസ്സുവരെയുള്ള കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനും തട്ടിപ്പിനും ഉപയോഗിക്കുകയും പിന്നെ ആ കുട്ടികൾ ബാധ്യതയാവുമ്പോൾ, അതായത് വളരുമ്പോൾ തലയ്ക്കടിച്ച് കൊലപ്പെടുത്തി ആളൊഴിഞ്ഞയിടങ്ങളിൽ ഉപേക്ഷിച്ചു എന്നതായിരുന്നു, പതിമൂന്ന് കേസുകളാണ് സമാനമായത് അവരുടെമേൽ ചുമത്തപ്പെട്ടത്. നാല്പതോളം കുട്ടികളെയാണ് പലയിടങ്ങളിൽ നിന്നായി തട്ടിയെടുത്തത്. ഒമ്പത് കേസുകളിൽ പ്രോസിക്യൂഷന് ജയിക്കാനായി. അതിൽ അഞ്ച് കൊലപാതകങ്ങളാണ് വധശിക്ഷയ്ക്കു കാരണമായത്. ഇന്ത്യയെ നടുക്കിയ ഈ കൊലപാതക പരമ്പര വലിയ കോളിളക്കമായിരുന്നു സൃഷ്ടിച്ചത്.

സീമാ- രേണുക, അഞ്ജനമാരെ കഥാപാത്രങ്ങളാക്കിക്കൊണ്ട് പോഷം പാ എന്ന ഡോക്യുമെന്ററിയും ചിത്രീകരിക്കപ്പെട്ടു. 1966 നവംബർ 19നാണ് ഈ സ്ത്രീകളെ അറസ്റ്റുചെയ്യുന്നത്. പിറ്റെ വർഷം അഞ്ജന ജയിലിൽ വച്ച് മരണമടഞ്ഞു. 2001, 2006 എന്നീ വർഷങ്ങളിൽ വിചാരണ തുടർന്നു. 2006 -ൽ സുപ്രീം കോടതി വധശിക്ഷ വിധിച്ചു. 2014-ൽ രാഷ്ട്രപതിയ്ക്കു മുമ്പാകെ ദയാഹരജി സമർപ്പിക്കപ്പെട്ടെങ്കിലും നിരുപാധികം തള്ളി. വധശിക്ഷ നടപ്പായാൽ സീമാ-രേണുക സഹോദരിമാരായിരിക്കും ഇന്ത്യയിൽ തൂക്കിലേറ്റപ്പെടുന്ന ആദ്യത്തെ വനിതകൾ. കുട്ടികളെ തട്ടിക്കൊണ്ടുപോകൽ, കൊലപാതക പരമ്പരകൾ, ഗാർഹികപീഡനമരണങ്ങൾ, പെൺവാണിഭം, ആൾമാറാട്ടം, വിശ്വാസവഞ്ചന, സാമ്പത്തികതട്ടിപ്പുകൾ... സ്ത്രീകൾ ഉൾപ്പെടുന്ന ക്രിമിനൽ കുറ്റങ്ങൾ അത്ര ചെറുതൊന്നുമല്ല.

വനിതകളെ അറസ്റ്റുചെയ്യുന്നതിലും ചില നിയമങ്ങളൊക്കെ പാലിക്കേണ്ടതുണ്ട്. സൂര്യോദയത്തിന് മുൻപോ സൂര്യാസ്തമയത്തിന് ശേഷമോ വനിതകളെ അറസ്റ്റ് ചെയ്യാൻ പാടുള്ളതല്ല. എന്നാൽ ഫസ്റ്റ് ക്ളാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി ഈ സമയത്തിനുശേഷവും അറസ്റ്റുചെയ്യാവുന്നതാണ്. വനിതകളെ അറസ്റ്റ് ചെയ്യേണ്ടത് വനിതാപോലീസ് ഓഫീസർ ആയിരിക്കണം. പോലീസ് യൂണിഫോമിൽ വന്ന് ചുറ്റുപാടും 'സീൻ' ഉണ്ടാക്കിക്കൊണ്ട് വനിതകളെ അറസ്റ്റ് ചെയ്യാൻ പാടില്ല. പ്രായപൂർത്തിയാവാത്ത കുട്ടികളുള്ള അമ്മയാണ് അറസ്റ്റിലാവുന്നതെങ്കിൽ കുട്ടികളുടെ ഉത്തരവാദിത്തം അമ്മയുടെ ഇഷ്ടപ്രകാരമാണ് നടപ്പിലാക്കേണ്ടത്. അവർ നിർദേശിക്കുന്ന ആളിനെ വേണം കുട്ടികളെ ഏൽപിക്കാൻ. ഇനി കുട്ടികളെ ഏറ്റെടുക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ലെങ്കിൽ അവരെ ശിശുമന്ദിരങ്ങളിൽ ആക്കേണ്ട ഉത്തരവാദിത്തവും അറസ്റ്റ് ചെയ്യുന്നവർക്കാണ്.

2016-ലെ മോഡൽ പ്രിസൺ മാന്വലിലെ ഇരുപത്തിയാറാം അധ്യായത്തിൽ ഇങ്ങനെ പറയുന്നു: ഏതെങ്കിലും തരത്തിലുള്ള ചൂഷണം, പീഡനം തുടങ്ങിയവയിൽ നിന്നും വനിതാതടവുകാരെ സംരക്ഷിക്കുക എന്നത് വലിയൊരു ഉത്തരവാദിത്തമാണ്. അതുകൊണ്ടുതന്നെ ഓരോ സംസ്ഥാനവും എല്ലാ അടിസ്ഥാനസൗകര്യങ്ങളുമുള്ള വനിതാജയിൽ സ്ഥാപിച്ചിരിക്കേണ്ടതാണ്. ഇന്നേവരെ അത് പ്രാവർത്തികമായിട്ടില്ല. ഉള്ള ജയിലുകളിൽ വനിതാതടവുകാരുടെ അംഗസംഖ്യ അനുവദനീയമായതിലും കൂടുതലുള്ളത് ഉത്തരാഖണ്ഡിലും തെലങ്കാനയിലുമാണ്. പരിമിതമായ ജയിൽ സൗകര്യം എന്ന് പറഞ്ഞുതളളുമ്പോൾ ക്രിമിനൽ കുറ്റങ്ങളിലേർപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തിലെ വർധനയും പരിഗണിക്കേണ്ടതാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകൾ പ്രകാരം മൂന്നുലക്ഷത്തിലധികം വനിതകൾ ഇന്ത്യൻ ജയിലുകളിൽ തടവിലാക്കപ്പെട്ടിട്ടുണ്ട്. വനിതാതടവുകാർ എല്ലാ രാജ്യങ്ങളിലും പുരുഷതടവുകാരെ അപേക്ഷിച്ച് എണ്ണത്തിൽ കുറവാണെങ്കിലും വനിതാതടവുകാരുടെ സംഖ്യാനുപാതത്തിൽ പുരുഷതടവുകാരേക്കാൾ വേഗത്തിലുള്ള വർധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മുപ്പതിനും അമ്പതിനും ഇടയിൽ പ്രായമുള്ളവരാണ് കൂടുതലും വനിതാ തടവുകാർ. 50.5 ശതമാനം. 18-30 പ്രായത്തിനിടയിൽ 31.3 ശതമാനം വനിതാതടവുകാരുമാണുള്ളത്.

jail
വര: ശ്രീലാൽ

ഉത്തർപ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വനിതാസെല്ലുകളുടെ എണ്ണം കൂടുതലുള്ളത്-2667. തമിഴ്നാട്, പഞ്ചാബ്,മധ്യപ്രദേശ്, മഹാരാഷ്ട്ര, വെസ്റ്റ്ബംഗാൾ എന്നിവയാണ് യഥാക്രമം വനിതാജയിലുകളിലെ സ്ഥലപരിമിതിയിൽ ഉത്തർപ്രദേശിന് പിറകേയുള്ളത്. 2017-ലെ തായ്ലൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജസ്റ്റിസ് നടത്തിയ പഠനപ്രകാരം ലോകത്തിലെ മൊത്തം വനിതാതടവുകാരുടെ എണ്ണം പുരുഷതടവുകാരേക്കാൾ കുറവാണെങ്കിലും ഓരോ ഭൂഖണ്ഡത്തിലും വനിതാതടവുകാരുടെ എണ്ണം അതിവേഗത്തിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്.

തിഹാർ ജയിലിലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ സ്ത്രീകൾ കൂടുതലായും അകപ്പെടുന്ന കേസുകൾ കൊലപാതകം, മയക്കുമരുന്ന്, പെൺവാണിഭം എന്നിവയാണ്. ഇതിൽ കൂടുതൽ കേസുകൾ കൊലപാതകമാണ്. അവരിൽ ജയിലിടയ്ക്കപ്പെടുമ്പോൾ ഗർഭിണിയായവരുണ്ടാകും. വളരെ സൂക്ഷിച്ചാണ് അവരെ കൈകാര്യം ചെയ്യുക. എല്ലാ ചികിത്സകളും ജയിൽമേൽനോട്ടത്തിലായിരിക്കണം. വനിതാ ഡോക്ടർമാർ ഗർഭകാല-പ്രസവാനന്തര ചികിത്സകളൊക്കെ കൃത്യമായി ചെയ്തിരിക്കണം. പ്രസവ തീയതി അടുത്തുകഴിഞ്ഞാൽ തടവുകാരിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കും. ജയിലിനകത്ത് പ്രസവിക്കുന്നതൊക്കെ സർഗശേഷിയുള്ളവരുടെ ഭാവനയാണ്. തികച്ചും സുരക്ഷിതമായ പ്രസവത്തിനുവേണ്ട എല്ലാ സൗകര്യങ്ങളും ആശുപത്രി അധികൃതരുമായി മുൻകൂട്ടി സംസാരിച്ച് തയ്യാറാക്കിയിരിക്കും.

ജയിൽനിയമപ്രകാരം കുട്ടി ജനിക്കുമ്പോൾ ജയിൽ കസ്റ്റഡിയിൽ ആയിരിക്കരുത് അമ്മ. കുഞ്ഞിന്റെ ജനനസർട്ടിഫിക്കറ്റിൽ ജയിൽ ഒരിടത്തും സൂചിപ്പിക്കാൻ പാടില്ല. കസ്റ്റഡിയിലിരിക്കേ പ്രസവിച്ചു എന്നു പറയാൻ പാടില്ല. ആശുപത്രിയിൽ പ്രസവിച്ചു എന്നേ രേഖകളിൽ കാണുകയുള്ളൂ. താൻ കസ്റ്റഡിയിലിരിക്കേ കുഞ്ഞിനെ പ്രസവിച്ചു എന്ന മാനസികാപകർഷത തടവുകാരിയ്ക്കോ തന്നെ പ്രസവിച്ചത് അമ്മ ജയിലിലായിരിക്കുമ്പോളാണ് എന്ന മാനസികസംഘർഷം കുഞ്ഞിനോ ഭാവിയിൽ ഉണ്ടാകാൻ പാടില്ല. ആറ് വയസ്സുവരെ കുഞ്ഞിന് അമ്മയോടൊപ്പം കഴിയാം. കുഞ്ഞുങ്ങൾക്കായി ക്രഷുകൾ ഉണ്ട് തിഹാറിൽ. മുലയൂട്ടുന്ന അമ്മമാർക്ക് പ്രത്യേകം ആഹാരങ്ങളാണ് കൊടുക്കുക. കുഞ്ഞിനുമുണ്ട് അതേ പരിഗണന. ജയിൽ നിയമിക്കുന്ന സ്റ്റാഫിനെക്കൂടാതെ പ്രസവസമയത്ത് ബന്ധുക്കളിൽ ഒരാൾക്ക് ആശുപത്രി വിടുന്നതുവരെ കൂടെ നിൽക്കാം.

യൂറിൻ പ്രഗ്നൻസി കിറ്റുകൾ സൗജന്യമായി വനിതാജയിലുകളിൽ നല്കണമെന്നും ഗർഭച്ഛിദ്രം ആഗ്രഹിക്കുന്നുവെങ്കിൽ അതിനുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കണമെന്നും നാഷണൽ മോഡൽപ്രിസൺ മാന്വലിൽ പറയുന്നുണ്ട്. ഗർഭിണിയായ തടവുകാരിയ്ക്കും മുലയുട്ടുന്ന അമ്മയ്ക്കും ജയിലിലെ ജോലിയിൽ ഇളവുകളുണ്ട്. ആധാർ കാർഡുകൾ അമ്മയ്ക്കും കുഞ്ഞിനും ഇല്ലെങ്കിൽ അത് ലഭ്യമാക്കാനുള്ള സൗകര്യം ജയിൽ അധികൃതർ ചെയ്തുകൊടുക്കേണ്ടതാണ്. സർക്കാർ പ്രഖ്യാപിക്കുന്ന എല്ലാ തരം ഇളവുകളും ക്ഷേമപദ്ധതികളും ഇവർക്കും കൂടി അനുഭവയോഗ്യമാക്കേണ്ടതുമാണ്.

പപ്പട നിർമാണം, അച്ചാറുണ്ടാക്കൽ, മറ്റു ബേക്കറി പലഹാരങ്ങൾ ഉണ്ടാക്കൽ, കംപ്യൂട്ടർ റിപ്പയറിങ്, പാത്രങ്ങൾ,കിടക്കകൾ നിർമിക്കൽ തുടങ്ങിയവയാണ് വനിതാജയിലുകളിൽ പഠിപ്പിക്കുന്നത്. വെറുതെയിരിക്കുന്ന മനുഷ്യന്റെ തലയിൽ ചെകുത്താൻ കയറിയിരിക്കും എന്നാണല്ലോ ചൊല്ല്. അതുകൊണ്ട് ആരെയും വെറുതെ ഇരുത്താറില്ല. തിഹാറിൽ ഞങ്ങൾ ജയിലിനകത്ത് ഒരു എഫ്.എം റേഡിയോ സ്ഥാപിച്ചു. വനിതകൾക്ക് അവരുടെ ഇഷ്ടമുള്ള പാട്ടുകൾ തിരഞ്ഞെടുക്കാനുള്ള അവസരം കൊടുത്തു. കൂടാതെ ടെയിലറിങ്, എംബ്രോയിഡറി വർക്കുകൾ തുടങ്ങിയവയിലേക്കും അവരുടെ ശ്രദ്ധ തിരിച്ചുവിടും. സാധാരണയായി ചെറിയകേസുകളിൽ പെടുന്ന വനിതകളെ ജാമ്യത്തിനായി പരിഗണിക്കാറുണ്ട്. മിക്ക ചെറിയ കേസുകളിലും ജാമ്യം അനുവദിക്കപ്പെടും. അതിഗുരുതരമായ കുറ്റങ്ങളിൽ മാത്രമേ അവരെ തടവിലിടാറുള്ളൂ. അതേസമയം പുരുഷന്മാരുടെ കേസിൽ അതല്ല, ജാമ്യം കിട്ടാവുന്ന വകുപ്പുകൾ, കിട്ടാത്ത വകുപ്പുകൾ തുടങ്ങിയവയൊക്കെ അവർക്കുമേൽ ചുമത്തപ്പെടും.

മേൽപ്പറഞ്ഞതൊക്കെ രാഷ്ട്രീയമായും സാമ്പത്തികമായും ഉന്നതപിടിപാടുകളില്ലാത്തവരുടെ കാര്യങ്ങളാണ്.
ഇനി മറ്റൊരു വിഭാഗം കൂടിയുണ്ടല്ലോ. സമൂഹത്തിലും രാഷ്ട്രീയത്തിലും ഉന്നതസ്ഥാനങ്ങളിലിരിക്കുകയും അഴിമതിക്കേസിൽ അകപ്പെടുകയും ചെയ്യുന്നവർ. അഴിമതി, വിശ്വാസവഞ്ചന, ടാക്സ് തട്ടിപ്പ് തുടങ്ങിയ കേസുകളുടെ അകമ്പടിയോടെ എത്തുന്നവർ. അവർക്ക് ഈ പറഞ്ഞതൊന്നും ബാധകമല്ല. പുറത്തെങ്ങനെയായിരുന്നോ ജീവിച്ചത് അതേ സൗകര്യം തന്നെ ഒരു പടികൂടി മുന്തിയത് ഏർപ്പെടുത്തിക്കൊടുക്കാൻ ജയിലുകളിൽ മത്സരമായിരിക്കും. നിലനിൽപാണല്ലോ എല്ലാം. പണത്തിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും സ്വാധീനമുള്ളവർ ഒന്നുകൊണ്ടും ഇവിടെ അസ്വസ്ഥരായിരിക്കില്ല. ശശികല ബെംഗളൂരു ജയിലിൽ കഴിയുമ്പോൾ ജയിലിലെ ഡി.ഐ.ജി, ഡി.രൂപ ഐ.പി.എസ് ആയിരുന്നു. അവർ പരാതിപ്പെട്ടത് ജയിൽ സൂപ്രണ്ട് തടവുകാരിയെ രാത്രിയിൽ വീട്ടിൽപോകാനനുവദിക്കുകയും അതിരാവിലെ ജയിൽമുറിയിൽ എത്തിക്കുകയും ചെയ്യുന്നു എന്നാണ്. മാത്രമല്ല അനധികൃതമായി ശശികലയെ പരിചരിക്കുന്നു എന്നും രൂപ പരാതിപ്പെടുകയുണ്ടായി.

വനിതാതടവുകാർ അക്രമാസക്തരാവാറുണ്ട്. ജയിൽവാർഡന്മാർ അവരെ മർദിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുമ്പോളാണ് അത് സംഭവിക്കുന്നത്. ITPആക്ടിൽ അകത്താവുന്നവരാണ് ഇങ്ങനെ അക്രമാസക്തരാവുക പതിവായിട്ട്. പ്രിവൻഷൻ ഓഫ് ഇമ്മോറൽ ട്രാഫിക്കിങ് ആക്ട് പ്രകാരം ധാരാളം  ലൈംഗികത്തൊളിലാളികൾ മതിയായ രേഖകളില്ലാതെ തടവിലാക്കപ്പെടും. അവർ നാടകീയമായ സംഭവങ്ങൾ സൃഷ്ടിക്കുന്നതിൽ അതിനിപുണരാണ്. ജയിൽ നിയമങ്ങൾ പാലിക്കാനോ അച്ചടക്കത്തോടെ കഴിയാനോ അവർ തയ്യാറാവില്ല. അപ്പോൾ കൈകാര്യം ചെയ്യുന്നത് അല്പം കടുത്ത രീതിയിലാകും. അത് പ്രശ്നമാകും.

എന്റെ ജയിൽ ഉദ്യോഗകാലയളവിൽ ഞാൻ കണ്ടതത്രയും തികഞ്ഞ അച്ചടക്കത്തോടെ ജയിൽ നിയമങ്ങൾ പാലിക്കുന്ന വനിതകളെയാണ്. വിദേശത്തുള്ള ജയിലുകൾ ഞാൻ സന്ദർശിച്ചത് അവരുടെ രീതികൾ നമുക്ക് എത്രമാത്രം പ്രായോഗികമാക്കാൻ കഴിയും എന്ന ഗവേഷണത്തിനായാണ്. ഒന്ന് രണ്ട് വിദേശരാജ്യങ്ങളിലെ വനിതാ ജയിലുകൾ സന്ദർശിച്ചപ്പോൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത് അവരുടെ ആഹാരരീതികളാണ്. നമ്മൾ മെച്ചപ്പെടുത്തേണ്ടതും ജയിൽ ആഹാരങ്ങളാണ്. എന്നാൽ അവരുടെ ജീവിതസാഹചര്യം അതിദാരുണമാണ്. ജയിലെന്നാൽ തികച്ചും തടവറതന്നെ. വെള്ളവും വെളിച്ചവും ആകാശവും കാണാൻ കഴിയില്ല. എന്നാൽ നമ്മുടെ ജയിലുകൾ എത്രയോ വിശാലമാണ്. തടവുകാർക്ക് കളിക്കാം, വ്യായാമം ചെയ്യാം, യോഗ ചെയ്യാം, ഫിസിക്കൽ ട്രെയിനിങ്ങിനായി പ്രത്യേക ഷെഡ്യൂൾ തന്നെയുണ്ട് നമുക്ക്. സിങ്കപ്പൂർ ജയിൽ സന്ദർശിക്കാൻ അവസരമുണ്ടായി. അവിടെ എല്ലാം പൂർണമായും അടച്ചിട്ടിരിക്കുകയാണ്. അവർക്ക് തുറന്ന ആകാശ വിശാലതപോലും കാണാൻ കഴിയില്ല. നമ്മുടെ ജയിലുകളിൽ തടവുകാർ നിലത്താണ് ഉറങ്ങുക. അവിടെ സിങ്കപ്പൂരിൽ നമ്മുടെ റെയിൽവേ പ്ലാറ്റ്ഫോം നമ്പർ പോലെയാണ് ഉറങ്ങാനുള്ള സൗകര്യം. കൂടിനകത്തേക്ക് പക്ഷികളെ തള്ളിക്കയറ്റുന്നതുപോലെ ഓരോ പ്ളാറ്റ്ഫോമിലേക്കും തള്ളിവിടും. ഭാഗ്യമുള്ളവന് സ്ഥലം കിട്ടും. അവന് ഉറങ്ങാം. ഇംഗ്ളണ്ടിലും സമാനമായ അവസ്ഥയാണ്. ഭക്ഷണം ഗംഭീരമാണ് ബാക്കിയെല്ലാം സിങ്കപ്പൂരിന് സമാനമാണ്. എല്ലായിടവും അടച്ചുകെട്ടിപ്പൂട്ടിയിരിക്കുന്നു.

തടവിലടയ്ക്കപ്പെടുന്ന ഏതൊരാളും മാനസികമായി തകർന്നിട്ടുണ്ടാവും. അവിടെ ആൺ-പെൺ വ്യത്യാസമില്ല. എങ്കിലും കൂടുതൽ വൈകാരിക സമ്മർദം സ്ത്രീകളിൽ കാണാം. അതുകൊണ്ടുതന്നെ മുഴുവൻ സമയ സൈക്യാട്രിസ്റ്റ്, കൗൺസിലർ, സൈക്യാട്രിസ്റ്റ് സോഷ്യൽ വർക്കർ തുടങ്ങിയവരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. എന്നിരുന്നാലും വനിതാജയിലുകൾ പയ്യെപ്പയ്യെ അടച്ചുപൂട്ടേണ്ടതുണ്ട്. അതിനർഥം രണ്ടുജയിലും ഒന്നാക്കണമെന്നല്ല. കുറ്റവാളികളുടെ എണ്ണം കുറയ്ക്കേണ്ടത് സമൂഹത്തിന്റെകൂടി ഉത്തരവാദിത്തമാണ്. നിയമമെവിടെയുണ്ടോ അവിടെ തടവറയുണ്ടാകുമെന്നത് പൊതുതത്വമാണ്. അതിനെ നമ്മൾ മാറ്റേണ്ടതുണ്ട്, നിയമവിടെയുള്ളതുകൊണ്ട് ജയിൽ അവിടെയില്ല എന്ന ബോധ്യത്തിലേക്ക് ഓരോ പൗരനും അവനവനെത്തന്നെ നയിക്കണം.

Content Highlights: Exclusive Column by Sunil Guptao n Jail and Justice Tihar Jail Women Prisoners

Co-authored by Shabitha
(തുടരും)