2012 ഡിസംബർ 16. ഇന്ത്യ ഞെട്ടിവിറങ്ങലിച്ചുപോയ ദിനം. ഡൽഹിയിൽ സുഹൃത്തിനൊപ്പം രാത്രി ബസ്സിൽ സഞ്ചരിക്കുകയായിരുന്ന ഫിസിയോതെറാപ്പി വിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി. ബസ്ഡ്രൈവറും ക്ലീനറും സുഹൃത്തുക്കളുമടങ്ങുന്ന ആറംഗസംഘത്തിന്റെ അതിനികൃഷ്ടമായ ലൈംഗിക വൈകൃതങ്ങൾക്ക് ഇരയായ പെൺകുട്ടി പന്ത്രണ്ട് ദിവസം ജീവനുമായി മല്ലിട്ടുനോക്കിയെങ്കിലും പരാജയപ്പെട്ടുപോയി. ബസ് ഡ്രൈവറായ രാംസിങ്, അയാളുടെ സഹോദരൻ മുകേഷ് സിങ്, ഒരു ജിംനേഷ്യത്തിലെ സഹായിയായ വിനയ് ശർമ, പഴക്കച്ചവടക്കാരനായ പവൻ ഗുപ്ത, പതിനേഴുകാരനായ ക്ലീനർ എന്നിവരെ സംഭവം നടന്ന് ഇരുപത്തിനാല് മണിക്കൂറുകൾക്കകം അറസ്റ്റുചെയ്തു. രാംസിങ്ങിനെ തിഹാർ ജയിലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സഹതടവുകാർ ഒരു ജയിൽ ഉദ്യോഗസ്ഥന്റെ പ്രേരണപ്രകാരം അയാളെ കൊന്നുതൂക്കിയതായിരുന്നു. എങ്കിലും ആത്മഹത്യയാണെന്ന് രേഖപ്പെടുത്തി.

സംഭവം നടക്കുമ്പോൾ ഞാൻ തിഹാറിലെ ലീഗൽ അഡ്‌വൈസറാണ്. എല്ലാ തെളിവുകളും കൊലപാതകത്തിലേക്ക് വിരൽ ചൂണ്ടിയിരുന്നെങ്കിലും കേസ് റെക്കോർഡിൽ ആത്മഹത്യയായി. പതിനേഴുകാരനെയൊഴികെ ബാക്കിയുള്ള എല്ലാവരെയും ബഹുമാനപ്പെട്ട കോടതി കുറ്റക്കാരെന്നു കണ്ടെത്തി വധശിക്ഷയ്ക്കു വിധിച്ചു. നിരവധി അപ്പീലുകൾ, ദയാഹർജികൾ... 2020 മാർച്ച് ഇരുപതിന് ബാക്കി നാലുപേരെക്കൂടി വധശിക്ഷയ്ക്കു വിധേയരാക്കി. ഇന്ത്യ മുഴുവൻ ആ വധശിക്ഷ ശരിയോ തെറ്റോ എന്ന് നവമാധ്യമങ്ങളിലൂടെ സംവദിച്ചു.

വധശിക്ഷയാണ് രാജ്യത്തെ ഏറ്റവും വലിയ ശിക്ഷ. എന്റെ അഭിപ്രായം, അതുമാറ്റി ജീവപര്യന്തമാക്കണം ഏറ്റവും വലിയ ശിക്ഷയെന്നാണ്. തൂക്കിക്കൊന്നാൽ കഴിഞ്ഞു. പക്ഷേ ജയിലിനകത്ത് ജീവിതത്തിന്റെ നല്ലകാലം മുഴുവൻ തളച്ചിടപ്പെടുക എന്നതാണ് ഒരു കുറ്റവാളിക്ക് മാനസികമായും ശാരീരികമായും ലഭിക്കുന്ന ഏറ്റവും വലിയ ആഘാതം. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ, പരോൾ പോലുമില്ലാതെ ഒരായുഷ്കാലമത്രയും താൻ ചെയ്ത കുറ്റത്തിന്റെ പേരിൽ ശിക്ഷിക്കപ്പെടുക. അതുകൊണ്ടുതന്നെ നിർഭയ കേസിലെ വധശിക്ഷകളെ ഞാൻ അനുകൂലിക്കുന്നില്ല.

രാംസിങ്ങ് സഹോദരൻ മുകേഷ് സിങ്ങിനെ വണ്ടിയോടിക്കാൻ ഏൽപ്പിക്കുകയായിരുന്നു. അപ്പോൾ അയാൾക്ക് കൃത്യത്തിലുള്ള പങ്ക് മറ്റുള്ളവരേക്കാൾ കുറവാണ്. പതിനേഴുകാരനായ ക്ലീനറാണ് നിർഭയയെ അതിക്രൂരമായി പീഡിപ്പിച്ചത്. കമ്പിപ്പാരകൊണ്ട് ഗുഹ്യഭാഗത്തൂടെ തുളച്ചുകയറ്റി ആന്തരാവയവങ്ങൾക്കുവരെ ക്ഷതമേൽപ്പിച്ചു. തന്റെ ഡ്രൈവർ സാബ് പറഞ്ഞതുപോലെ ചെയ്തു എന്നാണവൻ മൊഴികൊടുത്തത്. ഈ കേസ് അറ്റന്റ് ചെയ്ത ജസ്റ്റിസ് വർമ കമ്മീഷൻ അന്നു നിർദേശിച്ചു ജുവനൈൽ കൺവിക്ട് എന്ന പരിഗണനയിൽ വരുന്നവരുടെ പ്രായം പതിനാറ് ആക്കി കുറയ്ക്കണമെന്ന്. പതിനാറിനും അതിനുമുകളിലും ഉള്ളവരെ ഇരുപത്തൊന്നു വയസ്സുവരെ ബോർസ്റ്റലിലും അതിനുശേഷം മുതിർന്നവരെ പാർപ്പിക്കുന്ന ജയിലുകളിലും താമസിപ്പിക്കണം. അതിനിടയിൽ കേസിന്റെ ഗുരുതരാവസ്ഥയെ മാനിച്ച് വിചാരണകൾ നേരിട്ടുകൊണ്ടേയിരിക്കണം. കുറ്റക്കാരനെന്ന് കണ്ടെത്തിയാൽ കോടതി വിധിക്കുന്ന ശിക്ഷയും അനുഭവിക്കണം.

നിർഭയകേസിലെ പതിനേഴുകാരനെ സംബന്ധിച്ചിടത്തോളം അവൻ മൂന്നുവർഷം ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കീഴിൽ നല്ലനടപ്പ് പരിശീലിച്ചു. 2015-ൽ വിട്ടയച്ചു. ഇനിയങ്ങോട്ട് നിർഭയ കേസിനെ സംബന്ധിച്ച ഒരു നൂലാമാലകളുമില്ലാതെ അവന് നിർഭയം ജീവിക്കാം.

വളരെ ചെറുപ്പത്തിൽ തന്നെ തന്റെ ഗ്രാമത്തിൽ നിന്നും ഇരുനൂറ്റമ്പത് കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്ക് കുടുംബത്തിൽ നിന്നും ഓടിപ്പോയി രാംസിങ്ങിനൊപ്പം ചേർന്നതാണ് അവൻ. ഇപ്പോളവൻ ഗ്രാമത്തിനടുത്ത് ഒരു ചായക്കട നടത്തുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. തിഹാറിലായിരിക്കുമ്പോൾ ഞാനവനെ കണ്ടിട്ടുണ്ട്. അവൻ ഇടപെട്ട കൂട്ടുകെട്ടിൽ നിന്നും എല്ലാറ്റിനോടും ഒരു നിസ്സാരത അവന് വന്നു ചേർന്നിട്ടുണ്ടായിരുന്നു. ഒരു പക്ഷേ ചെയ്ത കുറ്റത്തിന്റെ ഗൗരവം അറിയാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അതൊക്കെ വിദ്യാഭ്യാസത്തിന്റെയും കൂടി കുറവായിട്ടുവേണം കരുതാൻ.

കഴിഞ്ഞ വർഷം കേരളത്തിൽ നിന്നും കേട്ട ഒരു വാർത്തയുണ്ടായിരുന്നു. ഒരമ്മയുടെ രണ്ടു പെൺകുട്ടികളുടെ മക്കൾ. അതിലൊരാൾ നല്ല മിടുക്കിയാണ്. അവൾക്ക് എൽ.എസ്.എസ്. കിട്ടിയപ്പോൾ മറ്റേ കുട്ടിയോട് കണ്ടുപഠിക്കാൻ പറഞ്ഞു. അവളുടെ കഴിവില്ലായ്മയേയും മറ്റേകുട്ടിയുടെ കഴിവിനെയും ബന്ധുക്കൾ താരതമ്യം ചെയ്തു കളിയാക്കി. വീട്ടിൽ ഈ കുട്ടികൾ തനിച്ചായ സന്ദർഭത്തിൽ അപകർഷതയും വൈരാഗ്യവും മൂലം ബന്ധുക്കളുടെ കണ്ണിലെ നല്ലകുട്ടിയെ മറ്റേകുട്ടി തലയിണകൊണ്ട് ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തി. നോക്കൂ, ഒരു ജീവൻ പൊലിഞ്ഞു, മറ്റേ ജീവിതം എന്തായിമാറിയെന്ന്! നിയമപ്രകാരം അവൾ കുറച്ചുകാലം ജുവനൈൽ ഹോമിൽ കഴിയേണ്ടി വരും. പിന്നീട് പൂർവ്വകാല കേസുകളുടെ യാതൊരുവിധ അലട്ടലുകളുമില്ലാതെ സ്വതന്ത്രയാകാം. എന്നാൽ ആ കുട്ടിയുടെ സമൂഹത്തിലെ തുടർ ജീവിതമോ?

തന്റെ സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും പുരോഗതിയ്ക്കുതകുന്ന തരത്തിലുള്ള അനുകൂലസാഹചര്യത്തിൽ വളരുക എന്നത് ഓരോ കുട്ടിയുടെയും അവകാശമാണ്. കുട്ടികളുടെ ക്ഷേമത്തിനും അവരുടെ നല്ലഭാവിയ്ക്കും വേണ്ടി നമ്മുടെ ഇന്ത്യൻ ഭരണഘടന പ്രത്യേക അധ്യായങ്ങൾ തന്നെ എഴുതിച്ചേർത്തിട്ടുണ്ട്. 2015 ലെ ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം കുട്ടികളുടെ അവകാശസംരക്ഷണത്തിന് വേണ്ടിയും അവർക്ക് ലഭിക്കേണ്ട പ്രത്യേക പരിപാലനത്തെക്കുറിച്ചും വളർച്ചയെക്കുറിച്ചും സാമൂഹികോദ്ധാരണത്തെക്കുറിച്ചും ഇന്ത്യാ ഗവൺമെന്റ് വ്യക്തമാക്കുന്നുണ്ട്.

ഓരോ കുഞ്ഞും ജനിച്ചുവീഴുന്നത് നിഷ്കളങ്കരായിട്ടാണ്. പക്ഷേ അവർ വളർന്നുവരുന്ന സാമൂഹിക, സാമ്പത്തിക, കുടുംബ സാഹചര്യങ്ങൾ അവരെ നിയമവുമായി സംഘർഷത്തിലേർപ്പെടുന്നവരാക്കി മാറ്റാനിടയാക്കുന്നുണ്ട്. വൈകാരിക വിക്ഷോഭങ്ങൾ, ചെറിയ ചെറിയ മോഷണങ്ങൾ, ശാരീരികമായി ദുരുപയോഗം ചെയ്യപ്പെടുക, ആക്രമണോത്സുകത പ്രകടിപ്പിക്കുകയോ അക്രമം പോലുള്ളവയിൽ പങ്കാളിത്തമുണ്ടാവുകയോ ചെയ്യുക തുടങ്ങി കുട്ടികളെ പ്രതിസന്ധിയിലാക്കുന്ന പ്രശ്നങ്ങൾ ധാരാളമാണ്. അവർ തങ്ങളുടെ അത്തരം സാഹചര്യത്തിൽ തുടരുക വഴി ക്രിമിനലുകളായിത്തീരാനുള്ള സാധ്യത വിദൂരവുമല്ല. വൈകാരികമായി നിയന്ത്രിക്കാൻ കഴിവില്ലാത്തവരാണ് കുട്ടികൾ. അപ്പോൾ തങ്ങൾ വളരുന്ന ചുറ്റുപാടിനാൽ അവർ വേഗത്തിൽ സ്വാധീനിക്കപ്പെടും. മാതാപിതാക്കൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർക്കാണ് കുട്ടികളുടെ ഭാവി നിർണയിക്കാനുള്ള പ്രഥമ കഴിവ് എന്നിരിക്കെ അവർ പരാജയപ്പെടുമ്പോൾ സാമൂഹ്യക്ഷേമവകുപ്പിന്റെ ജുവനൈൽ ജസ്റ്റിസ് ബോർഡ് കാര്യങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു.

കുഞ്ഞുങ്ങളെ വൈകാരികമായി പ്രതികരിക്കാൻ പ്രേരിപ്പിക്കുന്നത് അവരോട് അടുത്തുനിൽക്കുന്നവർ തന്നെയാണ്. മാതാപിതാക്കളുടെ കൃത്യമായ മാർഗനിർദേശങ്ങളിലൂടെ സാമൂഹികനിയമങ്ങൾ കുട്ടികൾ വളരെയെളുപ്പത്തിൽ ഗ്രഹിക്കുമെന്ന് പഠനങ്ങൾ എത്രയോ വട്ടം തെളിയിച്ചതാണ്. പാരമ്പര്യവും ജീവിതാന്തരീക്ഷവും തമ്മിലുള്ള പോരാട്ടത്തിൽ ജീവിതാന്തരീക്ഷമാണ് ഒരു കുട്ടിയെ ഏറ്റവും കൂടുതൽ സ്വാധീനിക്കുക എന്നാണ് ശിശുമന:ശാസ്ത്രം പറയുന്നത്.

ജുവനൈൽ ജസ്റ്റിസ് കെയർ ആൻഡ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം, നിയമവുമായി സംഘർഷത്തിലേർപ്പെട്ടിരിക്കുന്ന കുട്ടി എന്ന് പറയുന്നത് അവൻ ചെയ്ത കുറ്റകൃത്യം നിയമപരമായി രേഖപ്പെടുത്തുന്ന ദിവസം വരെ പതിനെട്ടുവയസ്സുതികയാത്തവരെയാണ്. കുട്ടിക്കുറ്റവാളികൾ എന്നത് സാഹചര്യയോഗ്യമല്ലാത്ത അന്തരീക്ഷത്തിൽ വളരുന്നവരും എന്നാൽ പുതിയൊരു ജീവിത തുടക്കത്തിന് എല്ലാം കൊണ്ടും അവർക്കുമുന്നിലേക്ക് അവസരം നമുക്ക് വെച്ചുനീട്ടാവുന്നവരുമാണ്. ചെറിയ കളവുമുതൽ കൊലപാതകം വരെ ഇതിൽപെടും. കാരണം അവരെ സംബന്ധിച്ചിടത്തോളം ചെയ്ത കുറ്റത്തിന്റെ ഗൗരവമറിയില്ല. അതവരെ പറഞ്ഞുതന്നെ പഠിപ്പിക്കേണ്ടതുണ്ട്. താൻ ചെയ്ത കുറ്റത്തിന്റെ പരിണിതഫലം അവന് തീർത്തും അജ്ഞാതമാണ്. പിന്നെ ഇങ്ങനെയൊക്കെ വന്നു ഭവിക്കും എന്നോർത്തിട്ടല്ല അപ്പോൾ കുറ്റം ചെയ്തുപോവുന്നതും. അപ്പോൾ കുട്ടി ചെയ്ത കുറ്റത്തിന്റെ ഗൗരവത്തിനനുസരിച്ചുള്ള ശിക്ഷയല്ല കൊടുക്കുന്നത്, പകരം വ്യക്തിപരമായ പരിഗണനയിലൂടെയും ശ്രദ്ധയിലൂടെയും അവന്റെയുള്ളിലെ ആ ക്രിമിനൽ സ്വഭാവത്തെ ഇല്ലായ്മചെയ്യുകയാണ് വേണ്ടത്. അവന് സ്വാഭാവികമായും ആവശ്യമുള്ളതെല്ലാം- സ്നേഹവും പരിഗണനയുമാണ് ആത്യന്തികമായും വേണ്ടിവരിക- അത് പ്രദാനം ചെയ്യണം. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം നമ്മുടെ രാജ്യത്ത് 31,396 കുട്ടികളാണ് നിയമവുമായി സംഘർഷത്തിലേർപ്പെട്ടിരിക്കുന്നത്. അഞ്ച് വർഷം മുമ്പത്തെ കണക്കാണിത്. സ്വാഭാവികമായും വർധനവ് പ്രതീക്ഷിക്കാം.

Art
വര: ശ്രീലാല്‍

കുട്ടിക്കുറ്റങ്ങൾ പലതാണെങ്കിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് പിടിച്ചുപറിയാണ്. പിന്നെ ആൾമാറാട്ടം, പീഡനം, കൊലപാതകം, അടിപിടി അങ്ങനെ ലിസ്റ്റ് നീളുന്നുണ്ട്. ശരിയായ കൗൺസിലിങും മാർഗനിർദേശങ്ങളും നൽകിയാൽ അവർ നന്നായിക്കൊള്ളും. കുട്ടിക്കുറ്റവാളികളിൽ 42.5 ശതമാനം പേർ സാമ്പത്തികമായി വളരെ പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ളവരാണ്. 11.5 ശതമാനം നിരക്ഷരരാണ്. 43.4 ശതമാനം പേർ അടിസ്ഥാന വിദ്യാഭ്യാസം മാത്രം ലഭിച്ചവരുമാണ്.

കേരളത്തിൽ ഈയിടെയാണ് ഒരമ്മയ്ക്ക് ജാമ്യം ലഭിച്ചത്. മക്കൾ രണ്ടുപേരും ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കീഴിൽ സുരക്ഷിതരാണ്. പ്രായപൂർത്തിയാവാത്ത മകൻ തന്റെ ഇളയ സഹോദരിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടു. പെൺകുട്ടി ഗർഭിണിയായി. ഇവിടെ അമ്മയെ എന്തിനാണ് അറസ്റ്റ് ചെയ്ത് മൂന്നുമാസം ജയിലിലടച്ചതെന്നാൽ ഈ കുറ്റം മറച്ചുവെച്ചു എന്നതിനാണ്. പോക്സോയും കൂടെ ചുമത്തപ്പെടുമെങ്കിലും പക്ഷേ ഇരയും പ്രതിയും പ്രായപൂർത്തിയാവാത്തവർ! ഇത്തരം സംഭവങ്ങളിൽ മാതാപിതാക്കളും ശിക്ഷിക്കപ്പെടും, കാര്യങ്ങൾ ബന്ധപ്പെട്ടവരെ അറിയിച്ചില്ലെങ്കിൽ. കാരണം കുട്ടികൾ നിങ്ങളുടെ വ്യക്തിസ്വത്ത് മാത്രമല്ല, സമൂഹത്തിന്റെയും നീതിനിർവ്വഹണ വ്യവസ്ഥയുടേതും കൂടിയാണ്. ഇങ്ങനെ ഗർഭിണികളാവുന്ന കുട്ടികളെ നിയമപരമായി ഗർഭച്ഛിദ്രത്തിന് വിധേയരാക്കാം. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ അനുവാദത്തോടെ.

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം പ്രധാനമായും മൂന്നുതരത്തിലുള്ള കുട്ടികളാണ് നിയമവുമായി സംഘർഷത്തിലേർപ്പെട്ടിരിക്കുന്നത്. അതിൽ ആദ്യത്തെ വിഭാഗം ചെറിയകൃത്യങ്ങൾ ശീലമാക്കിയവരാണ്. സാധാരണ കുറ്റവാളിക്ക് മൂന്നുവർഷം വരെ തടവുകിട്ടാവുന്ന കുറ്റം ചെയ്യുന്ന കുട്ടികളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. മോഷണമാണ് ഇവരുടെ പ്രധാന ഇനം.

രണ്ടാമത്തെ വിഭാഗം അല്പം കൂടി ശ്രദ്ധ കൊടുക്കേണ്ടവരാണ്. ഗുരുതരമായ കുറ്റങ്ങൾ ചെയ്യുന്നവരെയാണ് രണ്ടാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമപ്രകാരം മൂന്നുമുതൽ ഏഴ് വർഷം വരെ തടവുലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർ ചെയ്യുക. അതിഗുരുതരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നവരാണ് മൂന്നാമത്തെ വിഭാഗക്കാർ. ഏഴുവർഷത്തിൽ കൂടുതൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്യുന്നവരാണിവർ.

കുട്ടികളുടെ കുറ്റകൃത്യങ്ങളിലും പങ്കാളിത്തം വലിയൊരു ഘടകം തന്നെയാണ്. ചില കുറ്റകൃത്യങ്ങൾ ഒരു കുട്ടി ഒറ്റയ്ക്കാണ് ചെയ്യുന്നതെങ്കിൽ ഒരു മനശാസ്ത്രജ്ഞന്റെ അഭിപ്രായം കൂടി പരിഗണിക്കാറുണ്ട്. മാനസികമായ പ്രശ്നങ്ങളാലോ കുടുബത്തിന്റെ ഇടപെടലുകളിൽ പരാജയം സംഭവിക്കുമ്പോഴോ ആണ് ഇത്തരം കേസുകൾ കാണുക.

കൂട്ടുകാരുടെ പങ്കാളിത്തത്തോടെ കൃത്യങ്ങൾ ചെയ്യുന്നവരുണ്ട്. അവിടെ കുട്ടിയുടെ കുടുംബത്തേക്കാൾ അവന്റെ സാമൂഹിക ഇടപഴകലുകൾക്കും കൂട്ടുകെട്ടിനും പ്രാധാന്യമുണ്ട്. കൗമാരക്കാരായ മിക്ക കുട്ടികളും കുറ്റകൃത്യങ്ങളിലേർപ്പെട്ടുപോകുന്നത് അവരുടെ ചങ്ങാത്തത്തിന്റെയും ചങ്ങാതിമാരുടെ ഹീറോയിസത്തിലൂടെയുമാണ്. ഒരു ക്രിക്കറ്റ് മാച്ച് പകുതിയിൽ വച്ച് അവസാനിക്കുന്നത് എതിരാളിയെ ബാറ്റുകൊണ്ടടിച്ചുവീഴ്ത്തി കൊന്നിട്ടാണെങ്കിൽ അതൊരു സംഘംചേർന്ന ആക്രമണമാണ്. ഇങ്ങനെയുള്ള അവസരങ്ങളിൽ മാനസികാപഗ്രഥനമൊന്നുമല്ല പ്രധാനം, സംഘം ചേരുമ്പോഴുണ്ടാവുന്ന ആക്രമണോത്സുകതയെ എങ്ങനെ പരിഹരിക്കാം എന്ന അന്വേഷണമാണ്.

ഇനി മുൻകൂട്ടി ആസൂത്രണം ചെയ്ത് നടത്തുന്ന കൃത്യങ്ങൾ ഉണ്ടല്ലോ, അമേരിക്കയിലും ഓസ്ട്രേലിയയിലുമൊക്കെ സ്കൂൾ വിദ്യാർഥികൾ വംശഹത്യയ്ക്കിരയാവുന്നതും സഹപാഠിയുടെ തോക്കിനിരയാവുന്നതുമൊക്കെ വായിക്കാറുണ്ട് നാം. കരുതിക്കൂട്ടി ആസൂത്രണം ചെയ്യുന്നത് പ്രകാരം സംഭവിക്കുന്നതാണ്. തോക്ക് കുട്ടികൾ കൈകാര്യം ചെയ്യുന്നു, അവരിൽ വംശവിദ്വേഷം വളരുന്നു... ഒരു തലമുറയൊന്നാകെ കൈവിട്ടുപോവുകയാണ്. നമ്മുടെ സമൂഹത്തിനാണ് ഇതിൽ ഏറ്റവും വലിയപങ്കുള്ളത്.

മേൽപ്പറഞ്ഞ മൂന്നുതരം കൃത്യങ്ങളിലും ആഴത്തിലിറങ്ങി പരിശോധിക്കുമ്പോൾ സാമാന്യമായ ഒരു പൊതുഘടകം കാണാൻ കഴിയും. അത് മിക്കവാറും കുട്ടികളുടെ മാനസികസംഘർഷവും അവന്റെ സാഹചര്യവുമായിരിക്കും. എന്നാൽ ഇതൊന്നുമല്ലാതെ അപ്രതീക്ഷിതമായി സംഭവിക്കുന്ന ഒന്നുകൂടിയുണ്ട്. അച്ഛൻ സ്ഥിരമായി മദ്യപിച്ചുവന്ന് അമ്മയെ മർദ്ദിക്കുന്നത് കണ്ടുകൊണ്ടിരിക്കുന്ന ഒരു കുട്ടി ഒരു പ്രത്യേക സാഹചര്യത്തിൽ അച്ഛനെ തിരിച്ച് ആക്രമിച്ചിരിക്കും. അതല്പം കടുത്തുപോവുകയും ചെയ്യും. അവൻ മനസ്സാവാചാ വിചാരിക്കാതെ അച്ഛൻ മരണപ്പെട്ടെങ്കിൽ അത് സാഹചര്യ സമ്മർദ്ദംമൂലമുള്ള കൃത്യമാണ്. പക്ഷേ കേസ് കൊലപാതകമാണ്. മുൻപ് പറഞ്ഞ മൂന്നു സാഹചര്യങ്ങളിലും കുട്ടികളുടെ ഉള്ളിൽ മറഞ്ഞുകിടക്കുന്ന ക്രിമിനൽ സ്വഭാവം പുറത്തുവരികയാമെങ്കിൽ ഇവിടെ അങ്ങനെയല്ല സംഭവിക്കുന്നത്.

നമ്മുടെ കുട്ടികൾ നിയമപരമായി സംഘർഷത്തിലേർപ്പെടുന്നത് മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് പ്രത്യേകിച്ചും അമേരിക്ക, ബ്രിട്ടൻ പോലുള്ള രാജ്യങ്ങളെ അപേക്ഷിച്ച് കുറവാണെങ്കിലും നമ്മുടെ ജുവനൈൽ ഹോമുകളിലെ മുറികൾ നിറഞ്ഞുവരുന്നു എന്നത് നല്ല പ്രവണതയല്ല. കുട്ടികൾ ഹൈസ്കൂൾ തലമെത്തുമ്പോൾ മുതൽ മയക്കുമരുന്നിന് വശംവദരാവുന്നതും അത് കടത്തിക്കൊണ്ടുവരുന്ന സാഹസത്തിന് മുതിരുന്നതും വലിയൊരു വെല്ലുവിളിയാണ്. തന്നോളം വളർന്നാൽ താനെന്ന് വിളിക്കണമെന്ന് മാതാപിതാക്കളെ നേരത്തേ ഓർമിപ്പിക്കുന്ന കുട്ടികളാണ് നമ്മുടേത്. വ്യക്തിസ്വാതന്ത്ര്യം വളരെ നേരത്തേ തന്നെ അറിഞ്ഞുവയ്ക്കുന്നവർ. എന്നാൽ അവരുടെ വഴികളിൽ അഴിയാക്കുരുക്കുകൾ ഏറെയാണ്. ജാഗ്രത പാലിക്കേണ്ടത് രക്ഷിതാക്കളും സമൂഹവും നീതി-നിയമവ്യവസ്ഥയുമാണ്. കാരണം കുട്ടികളല്ലേ അവർക്കെന്തറിയാം. അവർ വായിച്ചും കണ്ടും കേട്ടും വളരുന്നത് ചതിയുടെയും വഞ്ചനയുടെയും കുതികാൽവെട്ടലിന്റെയും ചരിത്രങ്ങളാണ്. അവരുടെ പ്രായത്തിൽ ഒന്നേയുള്ളൂ, വിശപ്പ്. അത് ഭൗതികമാകാം വൈകാരികമാകാം. ഫലം അനുഭവിക്കേണ്ടത് അവർ ഒറ്റയ്ക്കല്ല ഒരു കുടുംബവും സമൂഹവും രാഷ്ട്രവും എല്ലാംകൂടിയാണ്.

കേരളത്തിൽ സമൂഹമാധ്യമങ്ങളിലൂടെ കളിയാക്കിയെന്നാരോപിച്ച് കൂട്ടുകാരനെ കൂട്ടിക്കൊണ്ടുപോയി റബർ തോട്ടത്തിൽ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തി. ഗോവയിൽ കൂട്ടുകാർക്കൊപ്പം പോയ വിദ്യാർഥിനി തൂങ്ങി മരിച്ചു. സ്കൂൾ ടോയ്ലറ്റിൽ പ്രണയത്തിന്റെ പേരിൽ സഹപാഠിയാൽ കുത്തേറ്റുമരിച്ചു, പ്രണയാഭ്യർഥന നിരസിച്ചതിന് വീട്ടിൽക്കയറി പെട്രോളൊഴിച്ചു കത്തിച്ച് കൂടെ മരിച്ചു, ഉത്തരേന്ത്യയിലേക്കു കടക്കുമ്പോൾ കൊച്ചുകുട്ടികൾ നേരിടുന്ന ആസിഡ് ആക്രമണം, കൂട്ടിക്കൊടുപ്പ്, സെക്സ് ഏജൻസി, ഭീഷണിപ്പെടുത്തി വീട്ടിൽ നിന്നും പണം വാങ്ങിക്കൊണ്ടുക്കൊടുക്കൽ... കുട്ടികളുടെ കുറ്റകൃത്യങ്ങളുടെ ലിസ്റ്റിന്റെ നീളം വളരെ വലുതാണ്.

ഇവരെയൊന്ന് നേർവഴിക്കു നടത്തുകയെന്നത് ദീർഘനിശ്വാസം പോലെ എളുപ്പമല്ല. അതുകൊണ്ട് കുട്ടികളുടെ വഴിയേയും ഒന്നുനടക്കണം രക്ഷിതാക്കൾ. നിങ്ങൾക്കറിയാത്ത അവരുടെ വഴിയിടപാടുകൾ കണ്ടെത്തണം. കാരണം ഇതൊന്നും ഒരു രാജ്യത്തിന്റെയോ നിയമത്തിന്റെയോ നീതിനിർവ്വഹണത്തിന്റെയോ മാത്രം ഉത്തരവാദിത്തമല്ല. മേൽപ്പറഞ്ഞതൊക്കെ ഇടപെടുമ്പോഴേക്കും നിങ്ങളുടെ കുട്ടിയ്ക്കുമേൽ 'അക്യൂസ്ഡ്' എന്നൊരു വിശേഷണം കൂടി വന്നു ചേരും (നിയപരമായിട്ടല്ലെങ്കിൽ പോലും)അതിനുമുമ്പേ എടുത്തുവളർത്തിയവർ അവരെ തിരിച്ചറിയുക. അതിനുവേണ്ട എല്ലാവിധ സഹായങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

നിങ്ങളുടെ കുട്ടികളെ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനം. അച്ഛന്റെ സ്വഭാവമാണ്, മുത്തശ്ശന്റെ സ്വഭാവമാണ് എന്നൊക്കെ പറഞ്ഞ് അവന്റെ സ്വഭാവവൈകൃതങ്ങളെ നിസ്സാരവല്ക്കരിക്കുയോ പാരമ്പര്യത്തിന് വിട്ടുകൊടുക്കുകയോ ചെയ്യരുത്. വെല്ലുവിളികളെ അതിജീവിക്കാൻ അവരെ പരിശീലിപ്പിക്കുക. കുറുക്കുവഴികൾ നിരുത്സാഹപ്പെടുത്തുക. കാരണം എല്ലാ പഠനങ്ങളും പറയുന്നത് കുട്ടികളിലെ കുറ്റവാസനയെ കണ്ടുപിടിക്കാനും അത് പരിഹരിക്കാനും മാതാപിതാക്കൾക്കാണ് ആദ്യം കഴിയുക എന്നാണ്. മാതാപിതാക്കളിൽ വിശ്വാസമുള്ളവരായി അവർ ആദ്യം വളരട്ടെ. കുട്ടികളുടെ സ്കൂൾ ഹാജർ നില ഇടയ്ക്ക് പരിശോധിക്കണം. അവരുടെ പ്രശ്നങ്ങൾ മാതാപിതാക്കളോട് തുറന്നു പറയാനും അതേക്കുറിച്ച് ചർച്ചചെയ്യാനും കുട്ടികൾക്ക് കുടുംബത്തിൽ വേദിയുണ്ടായിരിക്കണം. ഇത് രണ്ടും അടിസ്ഥാനപരമായി നിങ്ങൾ ഒരുക്കിക്കൊടുക്കുമെങ്കിൽ ഒരു പരിധിവരെ റിസ്ക് ഒഴിവായി എന്നു പറയാം.

ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ കീഴിലുള്ള ജുവനൈൽ ഹോമിന്റെ ഭാഗമായ ഒബ്സർവേഷൻ ഹോമിലാണ് നിയമവുമായി സംഘർഷത്തിലേർപ്പെടുന്ന കുട്ടികളെ താമസിപ്പിക്കുന്നത്. ജുവനൈൽ ഹോമിലെ മറ്റ് കുട്ടികളുമായി സമ്പർക്കത്തിലേർപ്പെടുത്തില്ല. കഴിയുന്നതും ആരെങ്കിലും വന്ന് ജാമ്യത്തിൽ എടുക്കാറാണ് പതിവ്. സാമൂഹ്യക്ഷേമ വകുപ്പിനും ജാമ്യത്തിലെടുക്കാം കുട്ടികളെ. പോക്സോ കേസുകളിൽ ചൈൽഡ് വെൽഫെയർ കമ്മറ്റിയാണ് ഇടപെടുക. ചൈൽഡ് വെൽഫെയർ കമ്മറ്റിയ്ക്ക് ചൈൽഡ്ലൈൻ പോലുള്ള നോഡൽ ഏജൻസികൾ ഉണ്ട്. ഒബ്സർവേഷൻ ഹോമിലെ കുട്ടികളെ ആരും ജാമ്യത്തിലെടുക്കാൻ വന്നില്ലെങ്കിൽ അവരുടെ തുടർ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഒരുക്കേണ്ടത് ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഉത്തരവാദിത്തമാണ്. കുട്ടികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യസംരക്ഷണവും അവരുടെ ചുമതലയാണ്.

സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായി ധാരാളം സന്നദ്ധസംഘടനകൾ നമ്മുടെ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. ശിശുക്ഷേമസമിതി, വനിതാ കമ്മീഷൻ എന്നിവയ്ക്കു പുറമേ ധാരാളം എൻ.ജി.ഒകളും കുട്ടികളുടെ അവകാശത്തിനും ക്ഷേമത്തിനും അവർ പെട്ടുപോകുന്ന കുറ്റങ്ങളിൽ ഇടപെട്ടുകൊണ്ട് കേസ് നടത്തിപ്പുകളും അത്തരം കുട്ടികളെ ഏറ്റെടുക്കലും അങ്ങനെയങ്ങനെ ധാരാളം സന്നദ്ധസേവനങ്ങൾ ഉണ്ട്. കൂണുകൾ പോലെ കൗൺസിലിങ് സെന്ററുകൾ ഉണ്ട്. ഓരോ സർക്കാർ സ്ഥാപനങ്ങളിലും കൗൺസിലിങ് സൗകര്യമുണ്ട്. എന്നിരുന്നാലും എല്ലാം രോഗം വന്നിട്ടുള്ള ചികിത്സയാണ്. രോഗപ്രതിരോധമാണ് നമുക്ക് ആവശ്യം.

Co-Authored by Shabitha

Content Highlights: Children in Conflict with Law, Sunil Gupta's Colum Part Five, Jail And Justice