• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Crime
  • Auto
  • Tech
  • Books
More
  • Buy Books
  • Book Reviews
  • News
  • Features
  • Excerpts
  • Interview
  • Memories
  • Fiction
  • Podcast
  • Kid's World
  • Bookman Show
  • Azhchapathippu
  • MBIFL

അഴികള്‍,മതിലുകള്‍,വിലക്കുകള്‍,ആകാശത്തെ പറവകള്‍... അകത്താണ് അമ്മയ്‌ക്കൊപ്പം!

Sunil Gupta sunil.legal56@gmail.com
Jail And Justice
# Sunil Gupta sunil.legal56@gmail.com
Jun 16, 2020, 03:05 PM IST
A A A

ആറ് വയസ്സിനു ശേഷം അവര്‍ അറിവായിത്തുടങ്ങുകയായി. അമ്മയോടൊപ്പം ജയില്‍വാസം സാധ്യമല്ലാതാവുന്നത് ഇനിയാണ്. ജയില്‍ എന്ന സങ്കീര്‍ണതയിലേക്ക് മാനസികമായി അവര്‍ വീണുപോകാന്‍ പാടില്ല.

# സുനില്‍ ഗുപ്ത
jail and Justice
X

കോവിഡ് കാലത്താണ് ക്രിമിനല്‍ നീതിനിര്‍വഹണത്തെക്കുറിച്ച് ഞാന്‍ മാതൃഭൂമി ഡോട്‌കോമുമായി ചര്‍ച്ചചെയ്യുന്നത്. ജയിലുകള്‍ക്കകത്തുള്ളവരെക്കുറിച്ച് ലോക്ഡൗണിലിരുന്നു തന്നെ ചിന്തിക്കണം. താക്കോല്‍ നമ്മള്‍ തന്നെ സൂക്ഷിക്കുന്ന തടവറയായി ഓരോ വീടും മാറിയ സാഹചര്യത്തില്‍, ഈയൊരു ഉദ്യമത്തില്‍ മാതൃഭൂമിയുമായി ചേരുന്നതിലുള്ള ആഹ്‌ളാദത്തിലായിരുന്നു ഞാന്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി കേള്‍ക്കുന്ന വാര്‍ത്തകളൊക്കെ മനസ്സിനെ അസ്വസ്ഥമാക്കുന്നതാണ്.

ഇത്രയും പറയാന്‍ കാരണമുണ്ട്. ഇനിയുള്ള ഓരോ കോളങ്ങളെക്കുറിച്ചും എന്റെ കോ-ഓതറുമായി ചര്‍ച്ച ചെയ്യാനും തര്‍ക്കിക്കാനും പറ്റുമോ എന്ന ആകുലതയിലാണ് ഇപ്പോള്‍. എന്റെ ഫ്‌ളാറ്റിന്റെ മുകളിലെ നിലയില്‍ കോവിഡ്-19 എത്തിയിരിക്കുന്നു. വാതിലും ജനലും എന്തിന് ചെറിയ സുഷിരങ്ങള്‍ വരെ അടച്ചുപൂട്ടി ഞാനകത്ത് ഇരിക്കുന്നു. എന്റെ മുറിയുടെ മേല്‍ക്കൂരയിലേക്ക് നോക്കാനെനിക്ക് ഭയം തോന്നുന്നത് ഇപ്പോളാണ്. ഞാന്‍ ഇടയ്ക്കിടെ തുമ്മിനോക്കും, നെറ്റിയില്‍ കൈവച്ച് നോക്കും. തിഹാര്‍ ജയിലിലെ ലീഗല്‍ അഡ്‌വൈസര്‍ എന്ന സര്‍വീസ് കാലയളവില്‍ നിരവധിതവണ ഞാന്‍ വധഭീഷണിയ്ക്കിരയായിട്ടുണ്ട്. അന്നൊക്കെ എന്റെ പ്രതിയോഗിയെ നേരിടാന്‍ എനിക്കറിയാമായിരുന്നു. ഇന്ന് ആ പ്രതിയോഗിയുടെ പേര് മാത്രമേ ഞാനറിയുകയുള്ളൂ. ഇതൊക്കെ ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം നാളെ നമ്മള്‍ ഈയിടത്തില്‍ ക്രിമിനല്‍ നീതിനിര്‍വഹണത്തെക്കുറിച്ച് സംസാരിക്കുമോ എന്ന ആശങ്കകൊണ്ടുമാത്രമാണ്. 

ദിവസവും ഞാന്‍ ഗുഡ്‌മോണിങ് പറഞ്ഞിരുന്ന, പത്രവാര്‍ത്തകള്‍ ചര്‍ച്ചചെയ്ത എന്റെ അയല്‍വാസി കോവിഡ് -19 ബാധിച്ച് ആശുപത്രിയിലേക്ക് മാറ്റപ്പെട്ടപ്പോള്‍ എന്തുകൊണ്ടോ ഞാന്‍ മറ്റുപലകാര്യങ്ങളും മന:പ്പൂര്‍വ്വം ഓര്‍മിച്ചെടുത്ത് മനസ്സിനെ കോവിഡില്‍ നിന്നും അകറ്റാനുള്ള ശ്രമത്തിലായിരുന്നു. എന്റെ മുറിയുടെ ചുവരിലെ 'തിങ്‌സ് ടു ഡു' ബോര്‍ഡ് ഒരു സ്‌ളേറ്റ് വലുപ്പമായത് ആ ഓര്‍മയിലാണ്. സ്മിതാ റെഡ്ഡി ചിരിക്കുന്ന മുഖത്തോടെ സ്‌ളേറ്റില്‍ 'മാ' എന്ന് ഹിന്ദിയിലെഴുതിയത് എന്നെ ഉയര്‍ത്തിക്കാണിക്കുകയാണ്. മടിയിലെ കുറുമ്പത്തിയെ സ്മിത വാരിപ്പിടിച്ച് അമര്‍ത്തി ഉമ്മവെക്കുന്നു. ഞാനാ അമ്മയെയും കുഞ്ഞിനെയും നോക്കി കണ്ണിറുക്കി ചിരിക്കുന്നു. 
 
 ആര്‍.ഡി ഉപാധ്യായ് വേഴ്‌സസ് സ്റ്റേറ്റ് ഓഫ് ആന്ധ്രാപ്രദേശ് കേസില്‍, 2006-ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണ് അമ്മയോടൊപ്പം അകത്തായ കുഞ്ഞിനെക്കുറിച്ചു പറയുമ്പോള്‍ ഓര്‍മ വരുന്നത്. ജയിലില്‍ അമ്മയോടൊപ്പം കഴിയുന്ന കുട്ടികളുടെ അവകാശ ലംഘനവും അവരുടെ സംരക്ഷണവും ചോദ്യംചെയ്തുകൊണ്ടാണ് സാമൂഹ്യപ്രവര്‍ത്തകനായ ഉപാധ്യായ് പൊതുതാല്പര്യഹര്‍ജി സമര്‍പ്പിച്ചത്. ഹരജി പരിഗണിച്ച വൈ.കെ സബര്‍വാള്‍, സി.കെ താക്കര്‍, പി. കെ ബാലസുബ്രഹ്മണ്യം എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് പുറപ്പെടുവിച്ച ഉത്തരവില്‍ തിഹാറിന് സുപ്രധാനമായ പങ്കുണ്ട്. ആദ്യത്തെ ക്രഷ് സ്ഥാപിച്ച ഇന്ത്യന്‍ ജയില്‍ എന്ന പ്രശംസനേടിയ തിഹാര്‍ സന്ദര്‍ശിച്ച് പഠിച്ചശേഷമാണ് ഇത്തരത്തിലൊരു വിധി പുറപ്പെടുവിച്ചത്. ഇന്ത്യയിലെ എല്ലാ വനിതാജയിലുകളിലും ക്രഷ് സംവിധാനം ഏര്‍പ്പെടുത്തുന്നതിനുള്ള മാര്‍ഗരേഖകള്‍ ഉണ്ടാക്കിയതും തിഹാര്‍ ക്രഷ് സംവിധാനത്തെ അടിസ്ഥാനമാക്കിയാണ്.

ഇന്ത്യന്‍ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ ഇരുപത്തൊന്നിനോട് കൂട്ടിച്ചേര്‍ത്ത എണ്‍പത്തിയാറാം ഭരണഘടനാഭേദഗതി ഇങ്ങനെ നിര്‍ദേശിക്കുന്നു: സൗജന്യവും സാര്‍വ്വത്രികവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ആറുമുതല്‍ പതിനാലു വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്കിയിരിക്കണം. ഇരുപത്തിനാലാം അനുഛേദത്തില്‍, പതിനാലുവയസ്സില്‍ താഴെയുള്ള കുട്ടികളെ വേലയെടുപ്പിക്കുന്നത് ശിക്ഷാര്‍ഹമാണെന്നും നിര്‍ദ്ദേശിച്ചിരിക്കുന്നു. പതിനാലാം ആര്‍ട്ടിക്കിള്‍ തുല്യനിയമപരിരക്ഷണവും നിയമത്തിനുമുന്നില്‍ എല്ലാവരും തുല്യരാണെന്നും നമ്മളെയോര്‍മിപ്പിക്കുന്നു. ആര്‍ട്ടിക്കിള്‍ ഇരുപത്തിയൊന്ന് വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ചാണ് പറയുന്നത്. ആര്‍ക്കും ആരുടെയും വ്യക്തിപരമായ കാര്യങ്ങളില്‍ കൈകടത്താന്‍ അവകാശമില്ല. ആര്‍ട്ടിക്കിള്‍ 39(e) സ്റ്റേറ്റിനോട് നിര്‍ദ്ദേശിക്കുന്നത് തൊഴിലാളികളുടെയും സ്ത്രീകളുടെയും പുരുഷന്മാരുടെയും കുട്ടികളുടെയും ആരോഗ്യം മറ്റുള്ളവരുടെ നിര്‍ബന്ധിത സാമ്പത്തിക താല്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യപ്പെടാന്‍ പാടില്ല എന്നാണ്. ആര്‍ട്ടിക്കിള്‍ 39(e) നിര്‍ദ്ദേശിക്കുന്നു-കുട്ടികള്‍ക്ക് സ്വയം വളരാനും ആരോഗ്യമുള്ളവരായിരിക്കാനും വേണ്ട സാഹചര്യങ്ങള്‍ നിര്‍ബന്ധമായും രാഷ്ട്രം ഒരുക്കിക്കൊടുക്കേണ്ടതുണ്ട്. നാല്പത്തിരണ്ടാം ആര്‍ട്ടിക്കിള്‍ സ്ത്രീകള്‍ക്ക് സ്വസ്ഥമായ പ്രസവാനന്തര പരിരക്ഷയ്ക്കാണ് പ്രാധാന്യം നല്കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 45 രാഷ്ട്രത്തോട് നിര്‍ദ്ദേശിക്കുന്നു, ആറുവയസ്സുമുതല്‍ ഔപചാരിക വിദ്യാഭ്യാസം തുടങ്ങുന്നതുവരെ ശൈശവകാലത്തെ മുഴുവന്‍ സംരക്ഷണങ്ങളും ബാലവിദ്യാഭ്യാസങ്ങളും നല്കിയിരിക്കണം. ആര്‍ട്ടിക്കിള്‍ നാല്പത്തിയേഴ് പോഷകാഹാരങ്ങള്‍ കൃത്യമായി നല്കിയിരിക്കണമെന്നാണ് അനുശാസിക്കുന്നത്. 

മേല്‍പ്പറഞ്ഞതില്‍ ഭൂരിഭാഗവും സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണമാണ്. ഇവയത്രയും അച്ഛനുമമ്മയും അപ്പൂപ്പനും അമ്മൂമ്മയും സഹോദരങ്ങളുമടങ്ങുന്ന നിങ്ങളുടെ മനസ്സിലെ മാതൃകാ കുടുംബത്തിലെ അംഗങ്ങളെ മാത്രം ഉദ്ദേശിച്ചല്ല. ഇന്ത്യാമഹാരാജ്യത്തില്‍ പിറന്നുവീഴുന്ന ഏതൊരാള്‍ക്കും അവകാശപ്പെട്ടതാണ്. അപ്പോള്‍ ജയിലില്‍ അമ്മയോടൊപ്പം കഴിയുന്ന കുഞ്ഞുങ്ങള്‍ക്കായി ഇതുവരെ നിങ്ങളെന്തു ചെയ്തു എന്ന കോടതിയുടെ ചോദ്യത്തിന് ഉത്തരം കൊടുത്തേ മതിയാകൂ. 

1993-ല്‍ തിഹാറില്‍ ക്രഷ് സംവിധാനം ഏര്‍പ്പെടുത്തിയാണ് ഞങ്ങള്‍ മറ്റു ജയിലുകള്‍ക്ക് മാതൃകയായത്. ഗര്‍ഭിണിയായ തടവുകാരിയ്ക്ക് സര്‍ക്കാര്‍ ജില്ലാ ആശുപത്രിയില്‍ ഗര്‍ഭകാല ചികിത്സകളൊക്കെ ലഭ്യമാക്കി. പ്രസവസമയത്ത് മൂന്ന് മാസത്തെ പരോള്‍(അര്‍ഹതയുള്ളവര്‍ക്ക് മാത്രം) അനുവദിച്ചു. അത് വേണ്ടാത്തവരെ ജയിലുകളില്‍ത്തന്നെ പ്രത്യേകം സജ്ജമാക്കിയ വേറെ മുറികളില്‍ അമ്മയ്ക്കും കുഞ്ഞിനും സൗകര്യമൊരുക്കി. പുതിയ തുണികള്‍ കൊടുത്തു. വൃത്തിയുള്ള സാഹചര്യമൊരുക്കി. ജയില്‍ ജോലികളില്‍ നിന്നും വിടുതല്‍ കൊടുത്തു. അമ്മയ്ക്കും കുഞ്ഞിനും പ്രത്യേക പോഷകാഹാരങ്ങള്‍ നല്കി. പാല് ഒരു നേരം നിര്‍ബന്ധമാക്കി അമ്മയ്ക്ക്. ആറുമാസത്തിനുശേഷം കുഞ്ഞിനും പശുവിന്‍ പാല്‍ കൊടുത്തു. കൃത്യമായ ഇടവേളകളില്‍ വാക്‌സിന്‍ കൊടുത്തു. കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ജയില്‍ അധികാരികളുടെ സ്വന്തം ഉത്തരവാദിത്തമാണ്. ജന്മനാ എന്തെങ്കിലും ആരോഗ്യപ്രശ്‌നമുള്ള കുഞ്ഞാണെങ്കില്‍ അതിന്റെ ചികിത്സയും ഫോളോ അപ്പും ജയില്‍ നടത്തിക്കൊള്ളണം. 

അമ്മയ്‌ക്കൊപ്പം ജയിലില്‍ കഴിയുന്നവരെ, ജയില്‍ അന്തരീക്ഷത്തില്‍ നിന്നും മാറ്റിനിര്‍ത്തേണ്ടതുണ്ട്. അത് കുഞ്ഞുങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് വേണ്ടിയാണ്. കുഞ്ഞുങ്ങള്‍ കൂട്ടുകൂടണം, പാട്ടുപാടണം, അവരുടെ പ്രായത്തിലുള്ള കളികളില്‍ ഏര്‍പ്പെടണം, വാക്കുകള്‍ കൂട്ടിപ്പറയണം, കയ്യിലെ വസ്തുക്കളെ എണ്ണിപ്പറയണം, കാക്കയെയും പൂച്ചയെയും കണ്ടാല്‍ തിരിച്ചറിയണം. തന്റേതല്ലാത്ത കുറ്റത്തിന് പുറം ലോകം കാണാന്‍ പറ്റാതായവരാണ് അവര്‍. തടവുകാരിയായ അമ്മയുടെ മാനസികാവസ്ഥ എല്ലാ സമയവും കുഞ്ഞിന്റെ ഹിതമനുസരിച്ചായിരിക്കില്ല. അവര്‍ക്ക് കുഞ്ഞുണ്ടായ സാഹചര്യം തന്നെ ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തതായിരിക്കാം. ഇത്തരം കാരണങ്ങളൊന്നും കുഞ്ഞിന്റെ മൗലികാവകാശത്തെ ബാധിക്കാന്‍ പാടുള്ളതുമല്ല. അങ്ങനെയാണ് ക്രഷ് എന്ന സങ്കല്പത്തിലേക്ക് തിഹാര്‍ എത്തിച്ചേര്‍ന്നത്. കുട്ടികള്‍ സാമൂഹികമായി ആര്‍ജിച്ചെടുക്കേണ്ട ഗുണങ്ങളെല്ലാം ക്രഷില്‍നിന്നും പരസ്പരവിനിമയങ്ങളോടെ നേടിയെടുക്കുന്നു. അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയുന്നു. നാല് വയസ്സിനുശേഷം ജയില്‍ കോംപ്‌ളക്‌സിനടുത്തായി സന്നദ്ധസേവകര്‍ നടത്തുന്ന കിന്റര്‍ഗാര്‍ട്ടനിലേക്ക് അവരെ ജയില്‍ പറഞ്ഞയക്കുന്നു. 

ആറ് വയസ്സിനു ശേഷം അവര്‍ അറിവായിത്തുടങ്ങുകയായി. അമ്മയോടൊപ്പം ജയില്‍വാസം സാധ്യമല്ലാതാവുന്നത് ഇനിയാണ്. ജയില്‍ എന്ന സങ്കീര്‍ണതയിലേക്ക് മാനസികമായി അവര്‍ വീണുപോകാന്‍ പാടില്ല. അതുകൊണ്ടുതന്നെ അമ്മയുടെ സമ്മതത്തോടെ കുഞ്ഞുങ്ങളെ അടുത്ത ബന്ധുക്കളെ ഏല്‍പ്പിക്കാം. ഏറ്റെടുക്കാന്‍ ബന്ധുക്കളില്ലെങ്കില്‍ സാമൂഹ്യക്ഷേമവകുപ്പിനാണ് ഉത്തരവാദിത്തം. കുട്ടിയുടെ തുടര്‍ വിദ്യാഭ്യാസം,ഭക്ഷണം, വസ്ത്രം, ആരോഗ്യം തുടങ്ങി എല്ലാ കാര്യങ്ങളും സാമൂഹ്യക്ഷേമവകുപ്പിന്റെ ശിശുക്ഷേമസമിതിയുടെ ഉത്തരവാദിത്തമാണ്. അമ്മയുടെ തടവുകാലാവധി കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ തിരിച്ച്‌ ഭദ്രമായി ഏല്‍പ്പിക്കുകയും വേണം. 

വിമന്‍സ് ആക്ഷന്‍ റിസര്‍ച്ച് ആന്‍ഡ് ലീഗല്‍ ആക്ഷന്‍ ഫോര്‍ വിമന്‍ (വാര്‍ലോ) നടത്തിയ പഠനപ്രകാരം എഴുപത് ശതമാനം വനിതാതടവുകാരും വിവാഹിതകളും കുഞ്ഞുങ്ങളുള്ളവരുമാണ്. കുഞ്ഞുങ്ങളുണ്ട് എന്ന കാരണത്താല്‍ ചെയ്ത കുറ്റത്തിന് ശിക്ഷിക്കാതിരിക്കാനാവില്ല. അപ്പോള്‍ അമ്മയോടൊപ്പം കുഞ്ഞും അഴിയെണ്ണുന്നു. അത് മറ്റൊരു സാമൂഹിക വിപത്തായി മാറാതിരിക്കാനുള്ള വഴികളാണ് അന്വേഷിച്ചു തുറക്കേണ്ടത്. അകത്താവുന്ന കുഞ്ഞുങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നങ്ങളെടുത്തുനോക്കാം;
1. ഒരു കുട്ടിയുടെ സ്വാഭാവിക വളര്‍ച്ചയ്ക്കും വികാസത്തിനും ജയില്‍ അന്തരീക്ഷം അനുയോജ്യമാവാത്തത്. 
2. ജനിച്ചതുമുതല്‍ നാലോ അഞ്ചോ വയസ്സുവരെ കുട്ടികള്‍ കാണുന്നതും അനുഭവിക്കുന്നതുമായ ജയില്‍ ജീവിതത്തില്‍ നിന്നും സാധാരണജീവിതത്തിലേക്ക് എത്തിച്ചേരാന്‍ കഴിയാത്തത്.
3. കുട്ടികള്‍ കാണുന്ന ആളുകള്‍ രണ്ടുവിഭാഗക്കാരാണ്-ഒന്ന് തടവുകാര്‍, മറ്റൊന്ന് ജയിലധികാരികള്‍. ആജ്ഞയുടെയും അനുസരണയുടെയും രണ്ടുഭാവങ്ങള്‍ മാത്രമേ അവര്‍ പരിചയിക്കുന്നുള്ളൂ. മനുഷ്യരെന്നാല്‍ രണ്ട് തരം യൂണിഫോമുകളാണ് അവരെ സംബന്ധിച്ചിടത്തോളം.
4. ഒരു ജയിലില്‍ നിന്നും മറ്റൊരു ജയിലിലേക്ക് അമ്മയോടൊപ്പം മാറ്റപ്പെടുമ്പോള്‍ അവിടെയവര്‍ അനുഭവിക്കുന്ന സ്ഥിരതയില്ലായ്മ കുട്ടികളുടെ മാനസികവളര്‍ച്ചയെ സാരമായി ബാധിക്കും.
5. ഒരേ തരം ജെന്‍ഡറില്‍പ്പെട്ട ആളുകളുമായുള്ള സമ്പര്‍ക്കം. പുരുഷന്മാരെന്നാല്‍ അധികാരികളാണെന്ന ചിന്ത, കുടുംബം എന്ന അടിസ്ഥാന സാമൂഹ്യജീവിതമില്ലായ്മ.
6. അക്രമവാസനയും അനുസരണയില്ലായ്മയും.

ജയില്‍വാസം ഒരു തരത്തിലും ഒഴിവാക്കാന്‍ നിവൃത്തിയില്ലാത്ത കുഞ്ഞുങ്ങളാണിവര്‍. അപ്പോള്‍ മുന്നിലുള്ളത് അവരെ മികച്ചവരാക്കി മാറ്റുക എന്നുള്ളതാണ്. അതിനായുള്ള പരിശ്രമമാണ് ഓരോ ജയിലുകളും നടത്തിക്കൊണ്ടിരിക്കുന്നത്. തിഹാറില്‍ ക്രഷ് തുടങ്ങുമ്പോള്‍ ഞാന്‍ സൂപ്രണ്ടാണ്. അന്നുമുതല്‍ ലീഗല്‍ അഡ്‌വൈസറായി പിരിയുന്നതുവരെ അന്‍പതില്‍ കുറയാത്ത കുഞ്ഞുങ്ങള്‍ തിഹാറിലെ ക്രഷിലുണ്ട്. അവരുടെ എല്ലാവിധത്തിലുമുള്ള വളര്‍ച്ചയ്ക്കനുഗുണമാകുന്ന തരത്തിലുള്ള പരിശീലനം ലഭിച്ചവരെ ജോലിക്കാരായി നിയമിച്ചു. ടീച്ചര്‍മാര്‍, ആയമാര്‍, ന്യൂട്രീഷ്യന്‍ അങ്ങനെ എല്ലാ വിധത്തിലുമുള്ള വികാസങ്ങള്‍ വിലയിരുത്തി. അങ്ങനെ സുസജ്ജമായി ക്രഷ് ആരംഭിച്ചതുകൊണ്ട് ബഹുമാനപ്പെട്ട സുപ്രീംകോടതി തിഹാറിനെ മാതൃകയാക്കാനാണ് മറ്റു ജയിലുകളോട് നിര്‍ദ്ദേശിച്ചത്. 

ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യര്‍ അധ്യക്ഷനായ'നാഷണല്‍ എക്‌സ്‌പേര്‍ട്ട് കമ്മിറ്റി ഓണ്‍ വിമന്‍ പ്രിസണേഴ്‌സ്' രൂപകല്പനചെയ്ത പ്രിസണ്‍ മാന്വലിന്റെ ഇരുപത്തിമൂന്നാം അധ്യായത്തില്‍ വനിതാതടവുകാരുടെ കുട്ടികള്‍ക്ക് അനുവദിച്ചുകൊടുക്കേണ്ടതായിട്ടുള്ള പ്രത്യേക ഇളവുകളെക്കുറിച്ച് വിശദമാക്കുന്നുണ്ട്. ഇന്ന് രാജ്യത്തെമ്പാടുമുള്ള ജയിലുകള്‍ അനുവര്‍ത്തിക്കുന്നതും കൃഷ്ണയ്യരുടെ മേല്‍നോട്ടത്തിലുള്ള ഈ പ്രിസണ്‍ മാന്വലാണ്. ഗര്‍ഭിണികളായ തടവുകാരുടെ അവകാശങ്ങളെന്തൊക്കെയാണ്, പ്രസവശേഷം അമ്മയ്ക്കും കുഞ്ഞിനും നല്‌കേണ്ടുന്ന പരിരക്ഷകളെന്തൊക്കെ,അമ്മയോടൊപ്പം എത്ര വയസ്സുവരെ കുഞ്ഞിനെ താമസിപ്പിക്കാം എന്നെല്ലാം വ്യക്തമാക്കിയിരിക്കുന്നത് ഇതിലാണ്. സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ വികാസത്തിനുതകുന്ന സൗകര്യങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് ജയില്‍ സൗകര്യമൊരുക്കണം എന്നും നിര്‍ദ്ദേശിക്കുന്നു. മാത്രമല്ല,കുഞ്ഞ് എല്ലാതരത്തിലുമുള്ള ചൂഷണങ്ങളില്‍ നിന്നും സുരക്ഷനേടിയിരിക്കേണ്ടതും ജയിലിന്റെ ചുമതലയാണ്. കുഞ്ഞുങ്ങളുടെ അവകാശങ്ങള്‍ ഫലപ്രദമായി സംരക്ഷിക്കപ്പെടുന്നു എന്ന് നിരീക്ഷിച്ച ഐക്യരാഷ്ട്രസഭ ഇന്ത്യയെ പ്രത്യേകം പ്രശംസിക്കുകയുമുണ്ടായി.

ആര്‍.ഡി ഉപാധ്യായയുടെ കേസില്‍ വിധിപറഞ്ഞ ബഹുമാനപ്പെട്ട സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവിലെ പ്രസക്തഭാഗങ്ങള്‍ നോക്കാം;
1. അമ്മയോടൊപ്പം ജയിലില്‍ കഴിയുന്ന കുട്ടിയെ ഒരിക്കലും കുറ്റവാളിയായോ,വിചാരണത്തടവുകാരനായോ കാണാന്‍ പാടില്ല. അങ്ങനെയുള്ള കുട്ടികള്‍ക്ക് ഭക്ഷണം, വസ്ത്രം, താമസം, ചികിത്സാസംവിധാനങ്ങള്‍,വിദ്യാഭ്യാസം, വിനോദം എന്നിവയ്ക്കുള്ള അവകാശമുണ്ട്.
2.ഗര്‍ഭിണിയായ ഒരു തടവുകാരിയെ പ്രവേശിപ്പിക്കുമ്പോള്‍ ജയിലില്‍ അടിസ്ഥാനസൗകര്യങ്ങള്‍ ഉണ്ടെന്ന് ബന്ധപ്പെട്ട അധികാരികള്‍ സാക്ഷ്യപ്പെടുത്തേണ്ടതാണ്. അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ വൈദ്യസഹായങ്ങളും യഥാസമയത്ത് ലഭിച്ചിരിക്കണം.
തടവുകാരി ഗര്‍ഭിണിയാണെന്ന കാര്യം ഒരു ലേഡി മെഡിക്കല്‍ ഓഫീസര്‍ ജയില്‍ സൂപ്രണ്ടിനുമുമ്പാകെ സാക്ഷ്യപ്പെടുത്തേണ്ടതാണ്. സര്‍ക്കാര്‍ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തില്‍ എത്രയും നേരത്തേ തന്നെ ചികിത്സ ഒരുക്കേണ്ടതുണ്ട്. ഗര്‍ഭകാല ആരോഗ്യാവസ്ഥ, കുഞ്ഞിന്റെ വളര്‍ച്ച, പ്രസവത്തീയതി തുടങ്ങിയ കാര്യങ്ങളും ജയില്‍ ഐ.ജിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. 
3. പ്രസവാനന്തര വിശ്രമം എവിടെ വച്ചുവേണമെന്ന കാര്യത്തില്‍ തടവുകാരിയ്ക്ക് തീരുമാനമെടുക്കാം. ഹൈ സെക്യൂരിറ്റി റിസ്‌ക് ഇല്ലാത്ത കേസുകളില്‍ പരോള്‍, വിടുതല്‍, തടവുകാലാവധി വെട്ടിക്കുറയ്ക്കല്‍ തുടങ്ങിയവയ്ക്കുള്ള സാധ്യത അതത് അധികാരികള്‍ പരിഗണിക്കേണ്ടതാണ്. 
4.കുഞ്ഞിന്റെ പേരിടല്‍, മറ്റ് ചടങ്ങുകള്‍ തുടങ്ങിയവ സാഹചര്യങ്ങള്‍ അനുകൂലമാണെങ്കില്‍ ജയിലില്‍ത്തന്നെ അനുവദിക്കാവുന്നതാണ്.
5. ആറു വയസ്സുവരെ മാത്രമേ അമ്മയ്‌ക്കൊപ്പം കുഞ്ഞിനെ താമസിപ്പിക്കാന്‍ പാടുള്ളൂ. ആറുവയസ്സു കഴിഞ്ഞാല്‍ അമ്മയ്ക്കു സമ്മതമുള്ള ബന്ധുക്കളോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ കുഞ്ഞിനെ അയക്കാവുന്നതാണ്. അങ്ങനെ ഏറ്റെടുക്കാന്‍ ആളില്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റ് സംസ്ഥാനസാമൂഹ്യക്ഷേമവകുപ്പിനോ ഉത്തരവാദിത്തമേറ്റെടുക്കാന്‍ സന്നദ്ധനായ വ്യക്തിയ്‌ക്കോ കുഞ്ഞിനെ കൈമാറാവുന്നതാണ്. അങ്ങനെ ഏറ്റെടുക്കുന്നവര്‍ ജയില്‍ സ്ഥിതിചെയ്യുന്ന ടൗണ്‍ പരിസരത്തുമാത്രമേ കുട്ടിയോടൊത്തു താമസിപ്പിക്കാന്‍ പാടുള്ളൂ. അമ്മയും കുഞ്ഞും തമ്മില്‍ അകന്നുപോകുന്നതുകൊണ്ടുള്ള മാനസികാഘാതം രണ്ടുപേര്‍ക്കും ഉണ്ടാവാന്‍ പാടില്ല.
6. വ്യക്തികളോ സ്ഥാപനങ്ങളോ ഏറ്റെടുക്കുന്ന കുട്ടികളെ അമ്മയുടെ തടവുകാലം കഴിയുന്നതുവരെ സംരക്ഷിക്കേണ്ടതാണ്. അതല്ലെങ്കില്‍ കുട്ടി പ്രായപൂര്‍ത്തിയായി, സ്വയംപര്യാപ്ത കൈവരിക്കുന്നതുവരെ സംരക്ഷണം ഒരുക്കേണ്ടതാണ്.
7. സാമൂഹ്യക്ഷേമ വകുപ്പിന്റെ ഉത്തരവാദിത്തത്തിലാണ് കുട്ടി വളരുന്നതെങ്കില്‍ ആഴ്ചയിലൊരിക്കല്‍ അമ്മയ്ക്ക് കുട്ടിയെ കാണാനുള്ള അനുവാദമുണ്ട്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കേണ്ടത് സാമൂഹ്യക്ഷേമവകുപ്പ് ഡയറക്ടറാണ്. ജയില്‍ സൂപ്രണ്ടിന്റെ അനുവാദം മുന്‍കൂട്ടി വാങ്ങിയതിനുശേഷം കുട്ടിയെ അമ്മയ്ക്കരികിലേക്ക് എത്തിക്കണം. 
8. തടവുകാലത്ത് അമ്മ ആകസ്മികമായി മരണമടഞ്ഞാല്‍ ജയില്‍ സൂപ്രണ്ട് ബന്ധപ്പെട്ട അധികാരികളെ എത്രയും പെട്ടെന്ന് അറിയിക്കുകയും കുട്ടിയുടെ തുടര്‍ സംരക്ഷണച്ചുമതല ഏറ്റെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരെ ഏര്‍പ്പാടാക്കേണ്ടതുമാണ്. അമ്മയുടെ ബന്ധുക്കള്‍ കുഞ്ഞിനെ ഏറ്റെടുക്കാന്‍ തയ്യാറല്ലെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റിന് അംഗീകാരമുള്ള സ്ഥാപനങ്ങള്‍ക്കോ സന്നദ്ധസംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ കുഞ്ഞിന്റെ സംരക്ഷണച്ചുമതല നല്കാവുന്നതാണ്.
9. ഭക്ഷണം, വസ്ത്രം, ചികിത്സ, വൃത്തിയായ താമസം തുടങ്ങിയവ അതത് ജയിലുകള്‍ അതത് കാലാവസ്ഥയ്ക്കനുസരിച്ച് നല്‌കേണ്ടതാണ്. 
10. കുട്ടികളുടെ വളര്‍ച്ചയ്ക്കനുഗുണമായ എല്ലാതരം ഭക്ഷണങ്ങളും നല്കിയിരിക്കണം. പ്രത്യക ഡയറ്റ് ചാര്‍ട്ടുകളില്‍ അതത് ദിവസം കൊടുത്തിരിക്കുന്ന ആഹാരങ്ങളുടെ പേരുവിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം.
11. പോഷകാഹാരക്കുറവുകള്‍, മറ്റ് ബാലാരിഷ്ടതകള്‍ തുടങ്ങിയവയുള്ള കുട്ടികള്‍ക്ക് ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകളും ഭക്ഷണങ്ങളും പോഷകാഹാരങ്ങളും ജയില്‍ ലഭ്യമാക്കണം.
12. മുലയൂട്ടുന്നതിനാവശ്യമായ സൗകര്യങ്ങളും മുലയൂട്ടുന്ന അമ്മയ്ക്കുള്ള പ്രത്യേക ആഹാരങ്ങളും ആവശ്യമെങ്കില്‍ അധികം തുണികളും പുതപ്പുകളും ജയില്‍ നല്കിയിരിക്കണം.
13. വൃത്തിയും അണുവിമുക്തമാക്കിയതുമായ കുടിവെള്ളം ലഭ്യമാക്കണം. ഓരോ ആഴ്ചയിലും കുടിവെള്ളം ശുദ്ധമാണെന്ന് പരിശോധിച്ച് വിലയിരുത്തണം.
14. പ്രാഥമിക വിദ്യാഭ്യാസ സൗകര്യം ജയില്‍ കോംപൗണ്ടിന് പുറത്ത് ഒരുക്കുമ്പോള്‍ ജയില്‍ ഉദ്യോഗസ്ഥരുടെയും വാര്‍ഡന്മാരുടെയും കുട്ടികളെയും കൂടി ഇവര്‍ക്കൊപ്പം ഇരുത്താവുന്നതാണ്.  
15. ക്രഷ്, നഴ്‌സറി, എന്നിവ യഥാക്രമം മൂന്ന് വരെ, മൂന്ന് മുതല്‍ ആറ് വരെ എന്നീ പ്രായത്തിലുള്ള കുട്ടികള്‍ക്ക് ഒരുക്കിക്കൊടുത്തിരിക്കണം. ജയില്‍ പരിസരത്തിന് പുറത്ത് ജയില്‍ അധികാരികളുടെ ഉത്തരവാദിത്തത്തില്‍ വേണം ഇത്തരം സ്ഥാപനങ്ങള്‍.
16. ചില സംസ്ഥാനങ്ങള്‍ ജില്ലാജയിലുകളില്‍ അമ്മമാരോടൊപ്പം കുഞ്ഞുങ്ങളെ താമസിപ്പിക്കുന്നത് കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നു. അത് കുട്ടികളും മാനസികവും ശാരീരികവും സാമൂഹികവുമായ വളര്‍ച്ചയ്ക്ക് വിഘാതം സൃഷ്ടിക്കുന്നതിനാല്‍ അത്തരം താല്കാലിക അഡ്ജസ്റ്റ്‌മെന്റുകള്‍ സംസ്ഥാനങ്ങള്‍ ഒഴിവാക്കേണ്ടതും നിശ്ചിത സമയപരിധിക്കുള്ളില്‍ അമ്മയ്‌ക്കൊപ്പം വനിതാജയിലില്‍ കഴിയുവാനുള്ള സൗകര്യം ഒരുക്കേണ്ടതുമാണ്.  
17. അതത് സംസ്ഥാനത്തെ ലീഗല്‍ സര്‍വീസസ് അതോറിറ്റി കൃത്യവും കണിശവുമായ പരിശോധനകള്‍ നടത്തി അമ്മയുടെയും കുഞ്ഞിന്റെയും ജീവിതസാഹചര്യങ്ങള്‍ രേഖപ്പെടുത്തേണ്ടതാണ്. ജയിലധികാരികള്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാവുന്നതാണ്. 
18. കുഞ്ഞുങ്ങള്‍ ഒപ്പമുള്ള അമ്മയുടെ കേസ് നടത്തിപ്പുകള്‍ക്കും മറ്റ് നിയമസംബന്ധമായകാര്യങ്ങള്‍ക്കും കോടതി മുന്‍ഗണന നല്കുന്നതാണ്.

Art: Sreelal
വര:ശ്രീലാല്‍

നിയമപ്രകാരം ആറുവയസ്സുവരെയാണ് കുട്ടികളെ അമ്മയ്‌ക്കൊപ്പം നിര്‍ത്തുന്നതെങ്കിലും പല സംസ്ഥാനങ്ങളും അത് നാല് വരെയാക്കി കുറച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഒറീസ, എന്നിവിടങ്ങളില്‍ നാലു വയസ്സുവരെയും ബിഹാര്‍, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍  അഞ്ചുവയസ്സുവരെയുമാണ് കുട്ടികളെ അമ്മയോടൊപ്പം ജയിലില്‍ പാര്‍പ്പിക്കുന്നത്. കേരളത്തില്‍ ആറുവയസ്സുവരെ അമ്മയോടൊപ്പം കുഞ്ഞിന് താമസിക്കാം. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലാണ് അമ്മയ്‌ക്കൊപ്പം ജയിലില്‍ കഴിയുന്ന കുഞ്ഞുങ്ങളില്‍ എണ്ണക്കുറവുള്ളത്. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം തിരുവനന്തപുരം, വിയ്യൂര്‍ എന്നീ വനിതാജയിലുകളില്‍ ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം കുട്ടികളില്ല. വിയ്യൂരില്‍ ഒരു കുട്ടിയുണ്ട്. കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്ന് ക്രഷുകള്‍ സ്ഥാപിക്കേണ്ടത് ജയില്‍ കോംപൗണ്ടിന് പുറത്താണെന്നതാണ്. മൂന്ന് വനിതാജയിലുകളിലും  ക്രഷിനുള്ള സൗകര്യം ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. ഒരുപാട് എന്‍.ജി.ഓകളുടെ ഇടപെടലുകള്‍ ഉണ്ടാവാറുണ്ട്. കുട്ടികളെ ജയിലിന്റെ ഭാഗമാവാതെ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. 

ഒരു കുട്ടിയും വിശന്നിരിക്കാനോ, അക്ഷരജ്ഞാനം ലഭിക്കാതെപോകാനോ ചികിത്സനിഷേധിക്കപ്പെടാനോ പാടില്ല. 2003-ലെ നാഷണല്‍ ചാര്‍ട്ടര്‍ ഫോര്‍ ചില്‍ഡ്രന്‍ സര്‍ക്കാരിന് കൊടുത്തിരിക്കുന്ന നിര്‍ദ്ദേശമാണിത്. അത് കുട്ടി അകത്തായാലും പുറത്തായാലും പാലിച്ചിരിക്കേണ്ടത് അതത് കാലത്തെ സര്‍ക്കാരുകളുടെ ചുമതലയാണ്. കുട്ടികളുടെ സമഗ്രവളര്‍ച്ചയ്ക്കു സഹായകമാവുന്ന എല്ലാ മുന്നേറ്റങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നും സമൂഹത്തില്‍ നിന്നും അവരവരുടെ കുടുംബങ്ങളില്‍ നിന്നും ഉയര്‍ന്നുവരേണ്ടതുണ്ട്. 

ചാര്‍ട്ടറില്‍ പറയുന്നു: എല്ലാ കുട്ടികളും അവരുടെ ബാല്യകാലം സന്തോഷകരമായി ചെലവഴിക്കുക എന്നത് ഒരാളും അവര്‍ക്കു വെച്ചുനീട്ടുന്ന ഔദാര്യമല്ല, മറിച്ച് അവരുടെ അവകാശമാണ്. അതിന് വിഘാതം സൃഷ്ടിക്കുന്ന തരത്തിലുള്ള എന്ത് പ്രതിസന്ധികളും മറുഭാഗത്തുണ്ടെങ്കില്‍ അത് നീക്കിക്കൊടുക്കേണ്ട ഉത്തരവാദിത്തം രാഷ്ട്രത്തിന്റേതാണ്. അപ്പോള്‍ അമ്മയ്‌ക്കൊപ്പം അകത്തിരിക്കുന്ന കുട്ടിയ്ക്കും ഇതൊന്നും വിലക്കപ്പെടുന്നില്ല. അവരും കൂടി ചേര്‍ന്നിട്ടുള്ളതാണ് നമ്മള്‍ പലവുരു ഉരുവിട്ടുകൊണ്ടിരിക്കുന്ന 'ഇന്ത്യയുടെ ഭാവി' എന്നത്. 

Co-authored by Shabitha

(തുടരും)

Content Highlights:Azhikal Mathilukal vilakkukal Akashathe Paravakal Sunil Gupta Column on Jail and Justice

PRINT
EMAIL
COMMENT

 

Related Articles

പറമ്പിലെ രണ്ട് പൊട്ടക്കിണറുകള്‍, അസുഖം മൂര്‍ഛിക്കുമ്പോള്‍ വട്ടത്തിലോടുന്ന കുട്ടി; സാഹിത്യം ജീവകാരുണ്യവുമാണ്!
Books |
Books |
ജയ്ശങ്കര്‍ പ്രസാദ്: ഇന്ത്യന്‍ കാല്പനികതയുടെ മൂര്‍ത്തഭാവം!
Books |
ഉറക്കം, ഏകാഗ്രത, ഓര്‍മശക്തി, അനുകമ്പ...വായന തരുന്ന ബോണസ്സുകള്‍! 
Books |
ജാക് ലണ്ടന്‍: മദ്യവും ദുരിതവും കീഴടക്കിയ ഒരു സാഹിത്യത്തിന്റെ ഓര്‍മ്മയ്ക്ക്...
 
  • Tags :
    • Shabitha
    • Books
    • Sunil Gupta
    • Jail And Justice
More from this section
Jail and Justice
ജയില്‍ ആരുടെ ഉത്തരവാദിത്തമാണ്?
Jail
തടവുകാര്‍ മാനസികരോഗികളാണോ, മാനസികാസ്വാസ്ഥ്യമുള്ളവരെ പാര്‍പ്പിക്കുന്നിടമാണോ ജയില്‍?
Jail
ഇന്ദിരാഗാന്ധിയ്ക്കുവേണ്ടി അറുപത് ലക്ഷം വാങ്ങിയ നാഗര്‍വാല, മരുമകളെ കൊന്ന കിഷന്‍ലാല്‍...ജയിലില്‍ മരിച്ചുമടങ്ങിയവര്‍
Jail Break
ബോഡി മസാജ് ചെയ്തുകൊടുത്ത്, പോലീസ് വേഷത്തിൽ... തിഹാറായാലും കച്ചിത്തുരുമ്പ് മതി ഇവർക്ക് രക്ഷപ്പെടാൻ
ഛര്‍ദ്ദിലിലെ ബ്രൗണ്‍ഷുഗര്‍,മലദ്വാരത്തിലെ കഞ്ചാവ്, പറന്നുവരുന്ന ഫോണുകള്‍...തീക്കട്ടയിലെ ഉറുമ്പുകള്‍!
ഛര്‍ദ്ദിലിലെ ബ്രൗണ്‍ഷുഗര്‍, മലദ്വാരത്തിലെ കഞ്ചാവ്, പറന്നുവരുന്ന ഫോണുകള്‍... തീക്കട്ടയിലെ ഉറുമ്പുകള്‍
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
           
© Copyright Mathrubhumi 2021. All rights reserved.