''കോടതിയുടെ ശിക്ഷാനടപടികളുടെ ഭാഗമല്ലാതെ ഒരു വ്യക്തിയെയും തടവിലിടാൻ പാടുള്ളതല്ല. തടവിൽ കഴിയുന്ന സമയത്ത് വ്യക്തി എല്ലാ മൗലികാവകാശങ്ങൾക്കും യോഗ്യതയുള്ളയാളാണ്, സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമൊഴികെ. വായിക്കാനും എഴുതാനും, വ്യായാമം, വിനോദം, ധ്യാനം, മന്ത്രം, കടുത്ത തണുപ്പിൽ നിന്നും ചൂടിൽ നിന്നും സംരക്ഷണം എന്നിവയ്ക്കുള്ള അവകാശവും തടവുകാരനുണ്ട്. നിർബന്ധിത നഗ്നത, നിർബന്ധിത സ്വവർഗ്ഗരതി, മറ്റ് അസഹനീയമായ അശ്ലീലത എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യവും ജയിൽ കാമ്പസ്സിനുള്ളിലെ സ്വതന്ത്രസഞ്ചാരവും അച്ചടക്കവും സുരക്ഷയും സ്വയം പ്രകാശനത്തിനും വിശേഷദിവസങ്ങളുടെ ആഘോഷങ്ങൾക്കും സന്തോഷങ്ങൾക്കും തടവറ ഒരു തടസ്സമാകാൻ പാടില്ല. സ്വന്തം കഴിവുകൾ ഉപകാരപ്രദമായി വിനിയോഗിക്കാനുള്ള അവസരവും സാങ്കേതികപരിശീലനം നേടിയെടുക്കുന്നതിനുള്ള സാഹചര്യങ്ങളും ജയിൽ അധികാരികൾ ഒരുക്കേണ്ടതാണ്. തടവറയുടെ പരിമിതികൾക്ക് അനുസൃതമായി മറ്റെല്ലാ മൗലികാവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്.''

സുനിൽ ബത്ര വേഴ്സസ് ഡൽഹി അഡ്മിനിസ്ട്രേഷൻ കേസിൽ (1980) ബഹുമാനപ്പെട്ട സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയാണിത്. തിഹാർ ജയിലറായി ഞാൻ സേവനം തുടങ്ങിയ കാലം മുതൽ കേൾക്കുന്നതാണ് ജയിലിലേക്ക് വരുന്നവർ നിങ്ങളുടെ അതിഥികളാണ് എന്ന്. അവർ സർക്കാരിന്റെ വിരുന്നുകാരാണ്. നിശ്ചിത കാലത്തേക്ക് വന്ന് തിരിച്ചുപോകുന്നവർ. സ്ഥിര താമസക്കാരെ നമ്മൾ പെർമനെന്റ് ഗസ്റ്റ് വിഭാഗത്തിൽ ഉൾപ്പെടുത്തി പരിചരിക്കുകയും വേണം. ജയിലിൽ അവർ താമസിക്കുന്നിടത്തോളം കാലം അവരുടെ ആരോഗ്യത്തിനോ മനസ്സിനോ യാതൊരു കേടുപാടുകളുമില്ലാതെ നിലനിർത്തേണ്ടതും ജയിലിന്റെ ഉത്തരവാദിത്തമാണ്. അത് സർക്കാരിന്റെയോ ജയിലധികാരികളുടെയോ ഔദാര്യമല്ല, മറിച്ച് തടവുകാരുടെ അവകാശമാണ്. മോഡേൺ പ്രിസൺ മാന്വലിൽ തടവുകാരുടെ അവകാശങ്ങളെക്കുറിച്ചു പറയുന്നുണ്ട്. അറിഞ്ഞിരിക്കണം അവരുടെ അവകാശങ്ങൾ.

അന്തസ്സിനുള്ള അവകാശം

* സമൂഹത്തിലും തടവറയിലും ഒരു പോലെ അന്തസ്സായി പരിഗണിക്കപ്പെടാനുള്ള അവകാശം. ഒപ്പം എല്ലാ മൗലിക അവകാശങ്ങളും അനുഭവിക്കാനുള്ള അവകാശം.
* സഹതടവുകാരുടെയും ജയിലധികാരികളുടെയും ശാരീരികവും മാനസികവുമായ പീഡനങ്ങളിൽ നിന്നും രക്ഷ നേടാനുള്ള അവകാശം.
* ക്രൂരമോ മനുഷ്യത്വരഹിതമോ അപമാനകരമോ ആയ പെരുമാറ്റത്തിനും ശിക്ഷയ്ക്കും വിധേയരാവാതിരിക്കാനുള്ള അവകാശം.

അടിസ്ഥാനാവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള അവകാശം

* മതിയായ ആഹാരം, ആരോഗ്യമുള്ള ശരീരം, വൈദ്യസഹായങ്ങളും മരുന്നുകളും, ശുദ്ധവും വേണ്ടത്രയുമായ കുടിവെള്ള ലഭ്യത, വൃത്തിയും വെടിപ്പുമുള്ള ജീവിതസാഹചര്യം, വ്യക്തിശുചിത്വത്തിനുള്ള സംവിധാനം, വൃത്തിയുള്ളതും ആവശ്യമുള്ളതുമായ വസ്ത്രങ്ങൾ, കിടക്കകൾ മറ്റു സംവിധാനങ്ങൾ തുടങ്ങിയവ തടവുകാരന്റെ അവകാശമാണ്. അത് വേണ്ടതുപോലെ ലഭ്യമാക്കിക്കൊടുക്കേണ്ടത് ജയിൽ അധികാരികളുടെ ഉത്തരവാദിത്തവുമാണ്.

വിവരവിനിമയം നടത്താനുള്ള അവകാശം

* ജയിൽ ഏതായാലും ശരി, തടവുകാരന് വേണ്ട മതിയായ സുരക്ഷ, സംരക്ഷണം, ജയിൽ അച്ചടക്കം എന്നിവ പാലിക്കാനുള്ള അവകാശം.
* പുറംലോകവുമായി (പ്രത്യേകിച്ച് തടവിൽക്കഴിയുന്നവരുടെ ബന്ധുക്കളുമായി) ബന്ധപ്പെടാനുളള സാഹചര്യം ജയിൽ നിയമങ്ങൾക്കും ഉപാധികൾക്കും അനുസൃതമായി ഒരുക്കിക്കൊടുക്കേണ്ടതുണ്ട്.
* തടവുകാരന്റെ കുടുംബാംഗങ്ങളുമായോ സുഹൃത്തുക്കളുമായോ കൂടിക്കാഴ്ച നടത്താനും നേരത്തെ നിശ്ചയിച്ച സമയപ്രകാരം സന്ദർശകരുണ്ടെങ്കിൽ അത് തടവുകാരൻ അറിഞ്ഞിരിക്കേണ്ടതുമാണ്. ജയിൽ മാനദണ്ഡങ്ങൾക്കനുസരിച്ച് വിവരമാധ്യമങ്ങൾ സ്വീകരിക്കാനുളള അവകാശവും തടവുകാരനുണ്ട്.

നിയമസഹായവും സുരക്ഷയും നേടാനുളള അവകാശം

ജയിലിൽ കഴിയുന്ന ഏത് തടവുകാരനും താഴെപ്പറയുന്ന നിയമോപാധികൾ ആശ്രയിക്കാനുള്ള അവകാശമുണ്ട്.
* ജയിലിനകത്തും പുറത്തും വച്ച് നിയമപരിഹാരങ്ങളും ഉപദേശങ്ങളും നേടാനും സ്വീകരിക്കാനുമുള്ള അവകാശം.
* നിയമവിദഗ്ധരുമായി തന്റെ കേസ് സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാനും അതേപോലെ നിയമസഹായം നിരസിക്കാനുമുള്ള അവകാശം.
* നിയമസേവനവും നിയമസഹായവും നേടാനുള്ള അവകാശം.
* മുകളിൽ പറഞ്ഞ അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെങ്കിൽ ബന്ധപ്പെട്ട ജയിൽ ഉദ്യോഗസ്ഥർക്കെതിരേ പരാതി കോടതിയിൽ ബോധിപ്പിക്കാനുള്ള അവകാശം. ഏകപക്ഷീയമായ ശിക്ഷ തന്റെ മേൽ അടിച്ചേൽപ്പിക്കുന്നു എന്ന് തടവുകാരന് ബോധ്യമായാൽ അതിനെതിരെ കേസ് നൽകാവുന്നതാണ്.

റിമാൻഡിനോ, വിചാരണയ്ക്കോ മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച തിയ്യതിയും സമയവുമുണ്ടെങ്കിൽ അന്നുതന്നെ നേരിട്ടോ ഇലക്ട്രോണിക് സംവിധാനങ്ങളുടെ സഹായത്തോടെയോ കോടതി സമക്ഷം തടവുകാരനെ ഹാജരാക്കേണ്ടതാണ്. അതിൽ ഉപേക്ഷ കാട്ടിയാൽ അത് തടവുകാരന്റെ അവകാശലംഘനമാണ്.

അനിയന്ത്രിതമായ ജയിൽശിക്ഷയ്ക്കെതിരെയുള്ള അവകാശം.

* ജയിൽ നിയമങ്ങളെക്കുറിച്ചും അവ ലംഘിച്ചാലുണ്ടാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും കൃത്യമായ അവബോധം ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും ലഭിക്കാനുള്ള അവകാശം.
* ജയിൽ അച്ചടക്ക ലംഘനത്തിലൂടെ ലഭിക്കാവുന്ന ശിക്ഷകളെക്കുറിച്ചും അനന്തരഫലങ്ങളെക്കുറിച്ചും അവബോധം ലഭിക്കാനുള്ള അവകാശം
* നിയമപ്രകാരമുള്ള ചട്ടങ്ങൾക്കെതിരേ അപ്പീൽ നല്കുവാനുള്ള അവകാശം.

അർഥവത്തായതും വരുമാനം ലഭിക്കുന്നതുമായ തൊഴിൽ ചെയ്യാനുള്ള അവകാശം

ഏതൊരു തടവുകാരനും തനിക്ക് സാമ്പത്തികമായി ഫലപ്രദമാവുന്ന തൊഴിലുകൾ ജയിലിനകത്ത് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്.
* മിനിമം വേതനവ്യവസ്ഥയനുസരിച്ച് ചെയ്ത തൊഴിലിന് കൂലി ലഭിച്ചിരിക്കേണ്ടതാണ്.
* ചെയ്ത ജോലിയുടെ കൂലിയെല്ലാം കണക്കുകൂട്ടി വെച്ച് ഇരയ്ക്കുള്ള നഷ്ടപരിഹാരത്തുകയിലേക്കോ ജയിലിലെ തടവുകാരന്റെ അധികച്ചെലവിലേക്കോ തുക ഈടാക്കാവുന്നതാണ്.

കൃത്യസമയത്ത് ജയിൽമോചിതനാവാനുളള അവകാശം

* തടവിലാക്കപ്പെട്ട വ്യക്തി കോടതി ഉത്തരവിട്ട തടവുകാലാവധി കഴിയുന്ന കൃത്യദിവസം തന്നെ ജയിൽമോചിതനാവേണ്ടതുണ്ട്. ഒരു മണിക്കൂർ പോലും അധികം ജയിലിൽ കഴിയാൻ ഇട വരരുത്.

* തടവുകാരുടെ അവകാശങ്ങളെ സംബന്ധിച്ച മേൽപ്പറഞ്ഞ വ്യവസ്ഥകൾ ബോർഡുകളിൽ എഴുതി തടവുകാർക്ക് മനസ്സിലാകുംവിധത്തിൽ പ്രാദേശിക ഭാഷകളിൽ പ്രദർശിപ്പിച്ചിരിക്കണം.

മേൽപ്പറഞ്ഞ അവകാശങ്ങളുടെ ബലത്തിലാണ് തടവുകാർ നിരന്തരം പരാതികൾ കൊടുത്തുകൊണ്ടിരിക്കുക. പക്ഷേ, ഫലത്തിൽ ജയിലും നിയമവുമൊന്നും തങ്ങൾക്കൊരു പ്രശ്നമല്ല എന്നു കരുതുന്നവരാണ് അധികവും പരാതികൾ ഉന്നയിക്കാറ്. ആദ്യമായി ജയിലിലെത്തുന്നവർ സഹതടവുകാരുടെ പീഡനങ്ങൾ സഹിച്ച് എല്ലാറ്റിനെയും ഭയപ്പെട്ട് കഴിഞ്ഞുകൂടുന്ന സ്ഥിതിവിശേഷവുമുണ്ട്. കഴിഞ്ഞ തവണ സൂചിപ്പിച്ചതുപോലെ ജയിൽ ഉദ്യോഗസ്ഥരെ കള്ളക്കേസിൽ കുടുക്കുന്നവരും ധാരാളമാണ്. അതുകൊണ്ട് തന്നെ മൗലികാവകാശങ്ങളോടൊപ്പം കടമകളും ഉണ്ട്, അത് പൗരനായാലും തടവുകാരനായാലും ഒഴിവാക്കാൻ പറ്റാത്തതാണ്.

Read More: ജയിൽ ആൻഡ് ജസ്റ്റിസ് കോളം വായിക്കാം

തടവുകാരുടെ കടമകൾ താഴെപ്പറയുന്നവയാണ്.

* അതത് ജയിൽ അധികാരികൾ പുറപ്പെടുവിക്കുന്ന നിയമ നിർദ്ദേശങ്ങളും ഉത്തരവുകളും അനുസരിക്കുക.

* എല്ലാ ജയിൽ നിയമങ്ങളും ചട്ടങ്ങളും പാലിക്കുകയും അവ നിർദേശിക്കുന്ന കടമകൾ നിർവഹിക്കുകയും ചെയ്യുക
* ശുചിത്വം, ജയിൽ അച്ചടക്കം എന്നിവയുടെ നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുക;
* അന്തേവാസികളായ തടവുകാരുടെയും ജയിൽ ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും അന്തസ്സും ജീവിക്കാനുള്ള അവകാശവും മാനിക്കുക.
* ജയിലുകളിലെ മറ്റ് അന്തേവാസികളുടെ മതവികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്ന പ്രവണത ഒഴിവാക്കുക.
* സർക്കാർ സ്വത്ത് ശ്രദ്ധാപൂർവം ഉപയോഗിക്കുക, അവ അശ്രദ്ധമായോ മനഃപൂർവമോ നശിപ്പിക്കാൻ പാടില്ല.

ആദ്യമായി ജയിലിലേക്ക് വരുന്നവരുടെ (ഹാബിച്വൽ ഒഫന്റേഴ്സ് അല്ലാത്തവർ) മാനസിക സംഘർഷങ്ങളും ജയിൽ എന്ന സംവിധാനത്തെക്കുറിച്ചുള്ള സങ്കല്പങ്ങളെയും ഭീതികളെയും അകറ്റിനിർത്തുകയാണ് വെൽഫെയർ ഓഫീസർമാർ ചെയ്യുന്നത്. അവർക്ക് ജയിലിൽ എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യാൻ പാടില്ല എന്നതിനെക്കുറിച്ച് ഒരു ബുക്​ലെറ്റ് വിതരണം ചെയ്യുന്ന കാര്യം സർക്കാർ പരിഗണനയ്ക്കു വച്ചിരിക്കുകയാണ്.

തങ്ങൾ പൊതുസമൂഹത്തിൽ നിന്നും തീർത്തും ഒറ്റപ്പെട്ടു എന്ന ചിന്തയിൽ നിന്നും മുക്തരാക്കുകയാണ് കൗൺസില്ലിങ്ങിലൂടെ ചെയ്യേണ്ടത്. ജയിൽ അനുഭവങ്ങളുടെ കടലാണ്. അപ്പോൾ മാനസികമായി ഓരോ തടവുകാരനും കൊടുക്കേണ്ട പിന്തുണ വളരെ വലുതാണ്. അയാൾ ഒരുപക്ഷേ കാത്തിരിക്കുന്നത് പ്രതികാരത്തിനാവാം. അപ്പോൾ ജയിൽ എന്ന സംവിധാനത്തെ റീഹാബിലിറ്റേഷൻ സെന്റർ എന്ന യാഥാർഥ്യത്തിലേക്ക് മാറ്റിപ്പണിയുകയാണ് വേണ്ടത്.

ജയിലിലേക്ക് ഒരാൾ ആദ്യമായി വരുമ്പോൾ അയാളെ വെൽകം കിറ്റ് നല്കി സ്വീകരിക്കേണ്ടതാണ്. ആനയും ആരവവുമൊക്കെയുള്ള സന്നാഹത്തോടെ സ്വീകരിക്കണമെന്നല്ല ഉദ്ദേശിക്കുന്നത്. അയാളെ സമാധാനപരമായ ജീവിതാന്തരീക്ഷത്തിലേക്ക് സജ്ജമാക്കുക എന്നതാണ് ലക്ഷ്യം. ജയിലിൽ വെച്ചിരിക്കുന്ന പരാതിപ്പെട്ടികൾ തുറക്കുന്നത് ജയിൽ ഉദ്യോഗസ്ഥരല്ല, മറിച്ച് മജിസ്ട്രേറ്റാണ്. മറ്റൊന്ന് തുറക്കുന്നത് ജയിൽ ഡി.ഐ.ജിയും റീജ്യണൽ വെൽഫെയർ ഓഫീസറും കൂടിയാണ്. കേരളത്തിൽ ശ്രീലത ഐ.പി.എസ് ചാർജെടുത്തപ്പോൾ ഒരു പെട്ടി ജയിൽ ഉദ്യോഗസ്ഥർ തന്നെ തുറന്ന് അടിസ്ഥാനപ്രശ്നങ്ങളെങ്കിലും  പരിഹരിക്കണമെന്നാവശ്യപ്പെട്ടിരിക്കുകയാണ്.

സുരക്ഷയാണ് മറ്റൊരു വെല്ലുവിളി. തടവുകാരൻ ആത്മഹത്യാപ്രവണതയുള്ളയാളാണെങ്കിൽ അയാളുടെ അവകാശങ്ങളിലൊന്നായ മതിയായ വസ്ത്രം, പുതപ്പ് എന്നിവയ്ക്ക് നീളക്കൂടുതലുണ്ടോ എന്നു കൂടി ജയിൽ ഉദ്യോഗസ്ഥർ പരിശോധിക്കേണ്ടതുണ്ട്. അതുപയോഗിച്ച് അയാൾ തൂങ്ങിമരിക്കാൻ പാടില്ല. അപ്പോൾ അവകാശലംഘനം നടന്നു എന്ന് ആരോപിച്ചാൽ പ്രസക്തിയില്ലാതാവും.

സാധാരണ മനുഷ്യർ നിരന്തരം കൗൺസിലിങ്ങുകളും സൈക്യാട്രിക് തെറാപ്പികളും തേടിക്കൊണ്ടിരിക്കുന്ന കാലമാണ്. മനുഷ്യൻ അനുദിനം മാനസികമായി ദുർബലപ്പെട്ടു വരുന്നു. അപ്പോൾ ക്രിമിനൽ സ്വഭാവത്തോടു കൂടി തികച്ചും ഒറ്റപ്പെട്ട് ജയിലിൽ എത്തിപ്പെടുമ്പോൾ അവരെ ഗൈഡ് ചെയ്യാൻ അത്രയും പരിചയസമ്പന്നരായവരുടെ സന്നാഹമുണ്ടായിരിക്കണം. മാനസികമായ പിന്തുണയും അതിജീവനോപാധികളും പറഞ്ഞുകൊടുക്കാൻ, മാനസികമായ പരിവർത്തനം അവരിൽ വന്നുചേരാൻ അതിനിപുണരായ കൗൺസിലർമാർ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണം. തടവുകാരനു മാത്രമല്ല, അയാളുടെ കുടുംബത്തിനും കുട്ടികൾക്കും കൂടി കൗൺസിലിങ് കൊടുക്കേണ്ടതുണ്ട്. ജയിൽ വെൽഫെയർ വകുപ്പ് പ്രതിയുടെയും കുടുംബത്തിന്റെയും കാര്യം നോക്കുമ്പോൾ സാമൂഹ്യനീതി വകുപ്പിന് മറ്റൊരു ഉത്തരവാദിത്തമുണ്ട്. ഇരയുടെ കുടുംബത്തിന് വേണ്ട എല്ലാവിധ പിന്തുണകളും സാമൂഹ്യനീതികളും നല്കേണ്ടത് സാമൂഹ്യക്ഷേമ വകുപ്പാണ്. അപ്പോൾ ഇരയും വേട്ടക്കാരനും ഒരു പോലെ സംരക്ഷിക്കപ്പെടുന്ന ഏജൻസികളുടെ കൂട്ടുത്തരവാദിത്തത്തിനാണ് കൂടുതൽ പ്രാധാന്യം കൊടുക്കേണ്ടത്.

ഹാബിച്വൽ ഒഫന്റേഴ്സ് എന്ന വിഭാഗത്തെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. പതിനഞ്ച് കോടിയോളം രൂപയുടെ ആസ്തിയുള്ള, മോഷണക്കുറ്റത്തിന് തടവിലാവുകയും ശിക്ഷാകാലാവധി കഴിഞ്ഞ് മോചിതനാവുകയും കുറച്ചുനാൾക്കുള്ളിൽ അതേപോലെ ജയിലിലേക്ക് തന്നെ വന്നു കയറുകയും ചെയ്തുകൊണ്ടിരിക്കുന്ന പ്രതിയെ കൗൺസിലിങ് ചെയ്യുമ്പോൾ അയാൾ പറയുന്നു, മരിക്കും വരെ തന്റെ തെറ്റ് തുടർന്നുകൊണ്ടേയിരിക്കും. കഴിഞ്ഞ ഇരുപത്തിനാല് വർഷമായി അയാൾ ഇതേ പല്ലവി ആവർത്തിക്കുകയാണ്- എറണാകുളം ജില്ലാജയിൽ വെൽഫെയർ ഓഫീസർ ജോർജ് ചാക്കോ തന്റെ കൗൺസിലിങ് അനുഭവം പങ്കുവെക്കുന്നു. അഞ്ചു പവനിൽ കൂടുതൽ മോഷ്ടിക്കില്ല അയാൾ. പക്ഷേ മോഷണം നിർത്താൻ ഒട്ടും ഉദ്ദേശ്യമില്ല. ഇങ്ങനെയുള്ളവർക്കായി കൂടുതൽ സമയം ചെലവഴിക്കുമ്പോൾ ഫസ്റ്റ് ടൈം ഒഫന്ററുടെ കാര്യത്തിലേക്ക് കൂടുതൽ ശ്രദ്ധകൊടുക്കാൻ പറ്റാതെയാവുന്നു.

ജയിലുകളിൽ ഇനിയും ഉയർന്നുകൊണ്ടിരിക്കുന്ന മതിലുകളേക്കാൾ ആവശ്യം പരിചയസമ്പന്നരായ, സൈക്യാട്രിക് സോഷ്യൽ വർക്കേഴ്സിനെയാണ്. അവരുടെ ഡിഗ്രിയല്ല മറിച്ച് പ്രവർത്തന പരിചയമാണ് പരിഗണിക്കേണ്ടത്. കുറ്റത്തിനുള്ള ശിക്ഷയനുഭവിക്കുന്ന ഇടം എന്ന കാഴ്ചപ്പാടിൽ നിന്നും ജയിൽ എന്ന സംവിധാനം ഏറെ ദൂരം മുന്നോട്ടു സഞ്ചരിച്ചു കഴിഞ്ഞു. ഒരു റീഹാബിലിറ്റേഷൻ സെന്റർ എന്ന നിലയിലേക്ക് ജയിൽ വളരുമ്പോൾ പരമ്പരാഗത ശിക്ഷാസംവിധാനങ്ങളെയും മാറ്റിപ്പണിയേണ്ടതുണ്ട്. ആധുനികവും നൂതനവുമായ കാഴ്ചപ്പാടുകൾ ജയിൽ സംവിധാനത്തിൽ നടപ്പിൽ വരുത്തേണ്ടതുണ്ട്. അപ്പോൾ പരിഗണിക്കേണ്ടത് വോട്ടവകാശം തടവുകാർക്ക് നിഷേധിക്കണോ വേണ്ടയോ എന്നതുകൂടിയാണ്.

നൂറ്കണക്കിന് വിചാരണത്തടവുകാർ വന്നും പോയുമിരിക്കും. അപ്പോൾ അവരെ സംബന്ധിച്ചിടത്തോളം പോസ്റ്റൽ വോട്ട് എന്ന സൗകര്യം ഉപയോഗിക്കുന്നതിൽ അർഥമില്ല. തിരഞ്ഞെടുപ്പ് ദിവസം പുറത്തും വോട്ട് അകത്തുനിന്നും ചെയത അവസ്ഥയാകും. പക്ഷേ ആറ് വർഷത്തിൽ കൂടുതൽ തടവുശിക്ഷയനുഭവിക്കുന്നവർക്ക് വോട്ടവകാശം നിഷേധിക്കേണ്ടതില്ല എന്നാണ് വ്യക്തിപരമായ അഭിപ്രായം. ജീവപര്യന്തക്കാർക്കും വധശിക്ഷയ്ക്കു കാത്തിരിക്കുന്നവർക്കും വോട്ടവകാശം നിഷേധിക്കുന്നതെന്തിന്? വ്യക്തിയുടെ മൗലികാവകാശങ്ങൾക്ക് തടസ്സം വരുത്താൻ പാടില്ല എന്ന് സുപ്രീംകോടതി ഉത്തരവിടുമ്പോൾ വോട്ടവകാശം എന്തിന് തടയണം? പോസ്റ്റൽ വോട്ടിങ് സംവിധാനം തടവുകാർക്കു പ്രയോജനപ്പെടുത്താവുന്നതല്ലേ? തടവിലിരിക്കുന്ന ഒരാൾ സ്ഥാനാർഥിയായി മത്സരിക്കേ അയാളുടെ വോട്ടവകാശം തടയുന്നതെന്തിനാണ്? ജയിലിലിരുന്നുകൊണ്ട് എം.പിയും പ്രധാനമന്ത്രിയുമൊക്കെയാവാം എന്നാൽ അയാൾക്കു വോട്ടവകാശമില്ല എന്നത് വിരോധാഭാസമല്ലേ?

Co-authored by Shabitha

ജയിൽ ആൻഡ് ജസ്റ്റിസ് കോളം വായിക്കാം

Content Highlights :Avakashangalund kadamakalund Azhikkullilaanenkilum Sunil Gupta Column Jail and Justice

(തുടരും)