ക്ഷിണാഫ്രിക്കന്‍ നോവലിസ്റ്റ് ജെ. എം. ക്വറ്റ്‌സി യുടെ ദി ചൈല്‍ഡ്ഹുഡ് ഓഫ് ജീസസ് (  The childhood of jesus )എന്ന നോവല്‍ വായിച്ചത് 2013 ലാണ്. നൊവിസ് എന്ന ഒരു സങ്കല്‍പ്പിക സ്ഥലത്താണ് കഥ നടക്കുന്നത്. സ്പാനിഷ് സംസാരിക്കുന്ന ഒരു യുറോപ്യന്‍ പ്രദേശം എന്ന് മാത്രം സൂചനയുണ്ട്. അവിടെ എത്തിച്ചേര്‍ന്നിട്ടുള്ള ആര്‍ക്കും തന്നെ അവരുടെ ഭൂതകാലത്തെപ്പറ്റി ഒരു ഓര്‍മ്മയും ഇല്ല. സ്വന്തം പേരുകള്‍ പോലും ആരും ഓര്‍ക്കുന്നില്ല. അവര്‍ക്ക് ഇന്നലെകളില്ല എന്നര്‍ത്ഥം.

അതൊരു പുനരധിവാസ കേന്ദ്രം ആയിരുന്നു. അവിടെക്ക് എവിടെ നിന്നോ എത്തിച്ചേരുന്ന സൈമണ്‍ എന്ന ഒരാളിന്റെയും ഡേവിഡ് എന്ന ഒരു കൊച്ചു കുട്ടിയുടെയും കഥയാണ് നോവലിസ്റ്റ് പറയുന്നത്. അവര്‍ അവിടെക്കുള്ള ബോട്ട് യാത്രയില്‍ വെച്ച് കണ്ടു മുട്ടിയതാണ്. ഓര്‍മയില്‍ ഭൂതകാലമോ സ്വന്തം പേരോ അറിയാത്ത രണ്ടു പേര്‍. എന്തോ ഒരു അടുപ്പം തോന്നി ആ കുട്ടിയുടെ സംരക്ഷണം അയാള്‍ ഏറ്റെടുക്കുകയായിരുന്നു. അവരിലൂടെ നൊവിസിലെ ജീവിതത്തെ അടയാളപ്പെടുത്തുകയാണ് ക്വറ്റ്‌സി ഈ നോവലിലൂടെ. 

അതൊരു അസാധാരണ ജീവിതമാണ്. ആര്‍ക്കും ആരെയും അറിയാത്ത, ശൂന്യമായ മനസോടെ തുടങ്ങുന്ന ഒരു ജീവിതം. അവിടെവെച്ച്  ഒരു സായാഹ്ന സവാരിക്കിടെ സൈമണും ഡേവിഡും എയ്‌നസ് എന്ന ഒരു യുവതിയെ കണ്ടു മുട്ടുന്നു. ഡേവിഡിന്റെറ അമ്മയാണ് അവരെന്ന് സൈമണിന് ഒരു തോന്നലുണ്ടാവുന്നു. അവര്‍ അത് അംഗീകരിക്കുകയും ചെയ്യുന്നു. സത്യത്തില്‍ അവര്‍ക്കും ഒന്നും ഓര്‍മയില്ല. അവര്‍ ഒരു കുഞ്ഞിനെ പ്രസവിച്ചിരുന്നു എന്നോ, അതൊരു ആണ്‍ കുഞ്ഞായിരുന്നോ എന്നോ അവര്‍ ഓര്‍ക്കുന്നില്ല. പക്ഷെ ഡേവിഡ് തന്റെ മകനാണെന്ന് അവര്‍ക്ക് തോന്നുന്നു. അങ്ങനെ അവരും മകനും കൂടി പുതിയ ഒരു ജീവിതം തുടങ്ങുന്നു. 

സൈമണെ അവര്‍ ആ ജീവിതത്തിലേക്ക് സ്വീകരിക്കുന്നുമില്ല. എന്നാല്‍ കുറച്ചു കാലം കഴിഞ്ഞപ്പോള്‍ നോവില്ലയിലെ ജീവിതം മടുക്കുന്നതോടെ അവര്‍ സൈമണെ തേടിയെത്തുന്നു. നോവലിന്റെ അവസാനം ഡേവിഡും ഐനസും  സൈമണും പുതിയൊരു ജീവിതം തേടി മറ്റൊരിടം കണ്ടെത്താനായി നോവല്ലയില്‍ നിന്നും യാത്രയാവുകയാണ്. അതൊരു പുതിയ ലോകം തേടിയുള്ള യാത്രയായിരിക്കും എന്ന ഒരു തോന്നല്‍ വായനക്കാരില്‍ ഉണ്ടാക്കി കഥ അവസാനിക്കുന്നു. 

ആധുനിക ജീവിതത്തിന്റെ ക്രൂരമായ സ്ഥാപനവല്‍ക്കരണത്തെ പിച്ചിചീന്തുകയാണ് നോവലിസ്റ്റ് ഈ കൃതിയിലൂടെ. ക്വറ്റ്‌സിയിലെ ചിന്തകന്‍ നോവലിസ്റ്റിനെ മറി കടന്നു കൊണ്ട് പല ചോദ്യങ്ങളും മുന്നോട്ടു വെക്കുന്നു. ഇന്നലെകളില്ലാതെ, ഭൂതകാലത്തിന്റെ ഓര്‍മകളില്ലാതെ ജീവിക്കാന്‍ വിധിക്കപെട്ട ഒരു കൂട്ടം കഥാപത്രങ്ങളെയാണ് അദ്ദേഹം സൃഷ്ടിച്ചത്. പ്രത്യക്ഷത്തില്‍ ഇല്ലാത്ത ഒരു ലോകത്തിന്റെറ കാഴ്ച അവതരിപ്പിക്കാന്‍ ക്വറ്റ്‌സി ശ്രമിക്കുന്നു. ഭാവിയിലെ മനുഷ്യന്റെ പ്രശ്‌ന പരിസരത്തെ ഉള്‍ക്കാഴ്ചയോടെ നോക്കി കാണുന്ന ഈ കൃതി ദുഷിച്ചു പോയൊരു കാലത്തില്‍ നിന്നും പ്രതീക്ഷാനിര്‍ഭരമൊന്നുമല്ലെങ്കിലും മറ്റാരു ലോകം എന്ന ആശയത്തെ വായനക്കാരന്റെ മുന്നില്‍ വെക്കുന്നു. 

ക്വറ്റ്‌സി ഈ നോവലിന്റെ തുടര്‍ച്ചയായി മറ്റൊന്ന് കൂടി എഴുതും എന്ന് അപ്പോള്‍ തോന്നിയതെ ഇല്ല. കാത്തിരിപ്പിന്റെ ഒരു സുഖം തന്ന് കഥ അവസാനിപ്പിക്കുന്നു എന്നേ അന്ന് തോന്നിയുള്ളൂ. ഇപ്പോള്‍ ഈ വര്‍ഷത്തെ  മാന്‍ ബുക്കര്‍ സമ്മാനത്തിന്റെ ആദ്യ പട്ടിക പുറത്തു വന്നപ്പോള്‍ ക്വറ്റ്‌സിയുടെ പുതിയ കൃതിയായ ദി സ്‌കൂള്‍ ഡേയ്‌സ് ഓഫ് ജീസസ് ( The schooldays of jesus)അതില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. അത് ദി ചൈല്‍ഡ്ഹുഡ് ഓഫ് ജീസസ്  ( The childhood of jesus )എന്ന കൃതിയുടെ തുടര്‍ച്ചയാണത്രേ. 

ബുക്കര്‍ സമ്മാനവും ക്വറ്റ്‌സിയുമായുള്ള ബന്ധം അത്ഭുതപ്പെടുത്തുന്നു. ഇതിനകം രണ്ടു തവണ അദ്ദേഹം ഈ പുരസ്‌കാരം നേടിക്കഴിഞ്ഞു. 1983 ല്‍ ദി ലൈഫ് ആന്റ് ടൈം ഓഫ് മൈക്കിൾകെ ( The Life & Times of Michael K ) എന്ന നോവലിനും 1999 ല്‍ ഡിസ്ഗ്രെയ്സ് ( Disgrace ) എന്ന നോവലിനുമാണ്  ക്വറ്റ്‌സിക്ക് മാന്‍ ബുക്കര്‍ സമ്മാനം ലഭിച്ചത്. 2003 ല്‍ അദ്ദേഹം നോബല്‍ സമ്മാനവും നേടി. രണ്ടു തവണ ബുക്കര്‍  ലഭിക്കുന്ന ആദ്യത്തെ എഴുത്തുകാരന്‍ എന്ന സ്ഥാനവും ക്വറ്റ്‌സിക്കുള്ളതാണ്. അദ്ദേഹത്തിന്റെ അഞ്ചു നോവലുകള്‍ ബുക്കര്‍ സമ്മാനത്തിനു പല തവണയായി പരിഗണിക്കപ്പെട്ടു.  പുതിയ നോവലിന് ബുക്കര്‍ കിട്ടുകയാണെങ്കില്‍ അതൊരു ചരിത്ര വിജയമാകും. 

മൂന്ന് തവണ ആ പുരസ്‌കാരം നേടുന്ന എഴുത്തുകാരന്‍ എന്ന അപൂര്‍വ സ്ഥാനം ക്വറ്റ്‌സിക്കു മാത്രമാവും. നോബല്‍ സമ്മാനത്തിനു ശേഷം ബുക്കര്‍ നേടുന്നു എന്ന പ്രത്യകത വേറെയും. എന്നാല്‍ ഒരിക്കല്‍ പോലും സമ്മാനം നേരില്‍ വാങ്ങാന്‍ അദ്ദേഹം തയ്യാറായതുമില്ല. പൊതുവേ പൊതു വേദികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്ന ഒരു രീതിയാണ് ഈ എഴുത്തുകാരന്. 

ഈ പുതിയ നോവലില്‍ നമ്മുടെ കഥാപാത്രങ്ങള്‍ നോവില്ല വിട്ട് എസ്‌ട്രെല്ല എന്ന ഒരു പ്രദേശത്ത് എത്തിയിരിക്കയാണ്. ഡേവിഡിന് ഏഴു വയസ്സ് പ്രായമായി. ആ പശ്ചാത്തലത്തില്‍ ക്വറ്റ്‌സി പുതിയ ചോദ്യങ്ങള്‍ മുന്നോട്ടു വെക്കുന്നു. മാതാപിതാക്കള്‍ എന്ന സംവിധാനത്തിന്റെ അര്‍ത്ഥ തലങ്ങള്‍ കണ്ടെത്താന്‍ ഇതില്‍ ഒരു ശ്രമം ഉണ്ടത്രേ. ബുദ്ധിയും വികാരവും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ക്കും നോവലിസ്റ്റ് വഴിയൊരുക്കുന്നുണ്ട്. 

നോവല്‍ എന്ന രൂപത്തെ നിരന്തരം പുതുക്കി പണിയുന്നതില്‍ ഈ എഴുത്തുകാരന്‍ കാണിക്കുന്ന മിടുക്ക് എപ്പോഴും ശ്രദ്ധിക്കപെട്ടിട്ടുണ്ട്. വെയ്റ്റിങ് ഫോർ ദി ബാർബേറിയൻസ് ( Waiting For the Barbarians ), ദി ലൈഫ് ആന്റ് ടൈം ഓഫ് മൈക്കിൾകെ ( Life & Times of Michael K ), ഡിസ്ഗ്രെയ്സ് ( Disgrace ), എന്നീ പ്രശസ്ഥ രചനകളെല്ലാം വേറിട്ട അനുഭവങ്ങള്‍ ആയിരുന്നു. പുതിയ നോവല്‍ വായിക്കാന്‍ കുറച്ചു ദിവസങ്ങള്‍ കൂടി കാത്തിരിക്കണം. ഇഗ്ലിഷില്‍ എഴുതപെട്ട നോവലിനുള്ള ലോകത്തിലെ ഏറ്റവും പ്രധാനപെട്ട വാര്‍ഷിക പുരസ്‌കാരമായ മാന്‍ ബുക്കര്‍ മൂന്നാമതും ജോണ്‍ മാക്‌സ്വെല്‍ ക്വറ്റ്‌സി നേടുമോ എന്നും അധികം വൈകാതെ അറിയാം.

ഡേവിഡും ഏയ്നസും സൈമണും പുതിയ സ്ഥലത്ത് എന്ത് തരം ജീവിതമാണ് നയിക്കുന്നത് എന്നറിയാന്‍ ഒരു വായനക്കാരന്‍ എന്ന നിലയില്‍ എനിക്കേറെ ആകാംക്ഷയുണ്ട്. അവരെ കാത്തിരിക്കുന്ന പുതിയ ജീവിത പ്രതിസന്ധികള്‍ എന്തോക്കെയാവാം ? മനുഷ്യന്‍ നേരിടുന്ന ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും ഈ കൃതിയിലും ക്വറ്റ്‌സി നിറച്ചിട്ടുണ്ടാവും. ആസ്‌ട്രേലിയയില്‍ താമസമാക്കിയ ഈ ആഫ്രിക്കന്‍ എഴുത്തുകാരന്‍ പൊതുവേ വായനക്കാരെ നിരാശപ്പെടുത്താറില്ല.