1971-ല്‍ എന്റെ ജ്യേഷ്ഠന്‍ മിഷ സ്‌കൂള്‍പഠനം പൂര്‍ത്തിയാക്കി. എന്നാല്‍, തുടര്‍പഠനത്തിന് യൂണിവേഴ്സിറ്റിയിലേക്കില്ലെന്നുപറഞ്ഞ് എന്റെ മാതാപിതാക്കളെ അവന്‍ നിരാശരാക്കി. സ്വന്തം കഴിവിനെക്കുറിച്ച് അവന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. തന്റെ സ്‌കൂളധ്യാപകരെക്കാള്‍ കഴിവുള്ളവനാണ് താനെന്ന് അവന്‍ പറയുമായിരുന്നു. അത് ഭാഗികമായി ശരിയുമായിരുന്നു. വിദ്യാഭ്യാസം തുടരാന്‍ അമ്മ വീണ്ടും ഉപദേശിച്ചപ്പോള്‍, ''അവരെ എനിക്ക് പഠിപ്പിക്കാനാവും'' എന്നായിരുന്നു യൂണിവേഴ്സിറ്റിയിലെ അധ്യാപകരെക്കുറിച്ച് അവന്റെ മറുപടി. 

എന്റെ സഹോദരന്റെ മനോഭാവം ചിലപ്പോള്‍ ശരിയല്ലായിരുന്നിരിക്കാം. പക്ഷേ, ഒടുവില്‍ എന്റെ അച്ഛനമ്മമാര്‍ അവനെ നിര്‍ബന്ധിക്കുന്നത് നിര്‍ത്തി. പകരം, പെട്ടെന്നെന്തെങ്കിലും ജോലി കണ്ടെത്താന്‍ അവര്‍ അവനെ ഉപദേശിച്ചു. കാരണം, സോവിയറ്റ് യൂണിയനില്‍ ഒരാള്‍ക്ക് ജോലിയില്ലാതെ മൂന്നുമാസത്തിലധികം തുടരാന്‍ കഴിയുമായിരുന്നില്ല. മൂന്നുമാസത്തിലേറെ ജോലി ചെയ്യാതെയിരിക്കുന്നവരെ 'പരാന്നഭോജിയായ കുറ്റവാളി'യായി കണക്കാക്കുമായിരുന്നു. ഇത്തരം ഇത്തിക്കണ്ണികളോടുള്ള പ്രതിരോധം അക്കാലത്ത് സജീവമായിരുന്നു. ഇതെല്ലാം നിരീക്ഷിക്കുന്നത് ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ അതതുസ്ഥലത്തിന്റെ ചുമതലയുള്ള പോലീസുകാരനായിരുന്നു. തന്റെ കീഴിലെ സ്ഥലത്തെ താമസക്കാരായ എല്ലാവരെയും അയാള്‍ക്ക് ഒറ്റനോട്ടത്തില്‍ത്തന്നെ മനസ്സിലാക്കാനാവും. സംശയകരമായ വ്യക്തിത്വമുള്ളവര്‍, മദ്യപര്‍, ലഹരിമരുന്നിന് അടിമകളായവര്‍ തുടങ്ങി എല്ലാവരും ജോലിക്കുപോകുന്നുണ്ടെന്ന് അയാള്‍ ഉറപ്പാക്കണം; തീരെ ശമ്പളം കുറഞ്ഞതോ ആവശ്യക്കാരില്ലാത്ത ജോലിക്കോ എങ്കിലും. 

1971-ലെ വേനല്‍ക്കാലം. അന്നൊരിക്കല്‍, ഒരു പോലീസുകാരന്‍ ഞങ്ങളുടെ വീട്ടിലെത്തി. എന്റെ സഹോദരന്‍ മിഷയുടെ ഭാവിപരിപാടികളെക്കുറിച്ച് അച്ഛനമ്മമാരോട് ചോദിച്ചറിയാനാണ് അയാള്‍ വന്നത്. അച്ചടക്കമുള്ള മാതാപിതാക്കളുടെ തീരെ അച്ചടക്കമില്ലാത്ത പുത്രനെന്നനിലയില്‍ മിഷയെ അയാള്‍ക്ക് മുമ്പേ അറിയാമായിരുന്നു. മിഷ മദ്യപര്‍ക്കൊപ്പം പലയിടത്തും കറങ്ങിനടക്കുമായിരുന്നു. തങ്ങളോട് മിഷ വളരെ മോശമായി പെരുമാറുന്നുവെന്ന് അയല്‍ക്കാര്‍ പരാതി പറയുമായിരുന്നു. സന്ധ്യകളില്‍, പ്രധാന സോവിയറ്റ് വാര്‍ത്താപരിപാടി കാണാന്‍ ഞങ്ങള്‍, കുടുംബമൊന്നാകെ ടെലിവിഷനുമുമ്പില്‍ ഒത്തുചേരുമായിരുന്നു. മിഷ വീട്ടിലുണ്ടെങ്കില്‍ അവനും ഈ പരിപാടി കാണാന്‍ അവിടെവന്നിരിക്കും, സോഫയില്‍. പക്ഷേ, അധികനേരമൊന്നും അവന്‍ ഇരിക്കില്ല. കുറച്ചുസമയത്തിനുശേഷം പോകും. 

ഇരുപകുതികളിലായാണ് ആ വാര്‍ത്ത അവതരിപ്പിക്കപ്പെട്ടിരുന്നത്. ആദ്യം രാജ്യത്തെക്കുറിച്ചുള്ള നല്ല വാര്‍ത്തകളാണ് അവതരിപ്പിച്ചിരുന്നത്. പിന്നീട് ലോകത്തിലെ ഇതര മുതലാളിത്ത രാജ്യങ്ങളില്‍നിന്നുള്ള സംഭ്രമജനകമായ, മോശം സംഭവങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളും. ആ സമയത്ത് എല്ലാ വിദേശവാര്‍ത്തകളും തുടങ്ങിയിരുന്നത്, യു.എസിലെ കറുത്തവര്‍ഗക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊണ്ടിരുന്ന, രാഷ്ട്രീയ ആശയഭിന്നതകാരണം തുറുങ്കിലടയ്ക്കപ്പെട്ട ആംഗെല ഡേവിസിന്റെ ദുരന്തപൂര്‍ണമായ വിധിയെ പരാമര്‍ശിച്ചുകൊണ്ടായിരുന്നു. അവരെക്കുറിച്ച് ഇത്തരത്തിലാണ് ആ വാര്‍ത്താപരിപാടികളില്‍ പരാമര്‍ശിച്ചിരുന്നത്. കാമുകന്റെ യു.എസിലെ ജയില്‍ച്ചാട്ട ശ്രമത്തോടനുബന്ധിച്ച് നാലുപേര്‍ കൊല്ലപ്പെട്ട കേസില്‍ തന്റെ പങ്കാളിത്തത്തിന്റെ പേരില്‍ അവര്‍ വിചാരണ നേരിട്ടിരുന്നുവെന്ന കാര്യമൊന്നും ഈ പരിപാടിയിലൂടെ ജനങ്ങളോട് പറഞ്ഞിരുന്നില്ല.    

സോവിയറ്റ് യൂണിയനില്‍നിന്നുള്ള നല്ല വാര്‍ത്തകള്‍ തുടങ്ങിയിരുന്നത് കാര്‍ഷിക, വ്യവസായ മേഖലകളിലെ നേട്ടങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു. രാജ്യത്തെ നിര്‍മാണമേഖലയിലെ, നൂറ്റാണ്ടിലെത്തന്നെ വലിയ പദ്ധതികളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പിന്നീട് കാണിച്ചിരുന്നത്. അത്തരം ഒരു ഡസന്‍ പദ്ധതികളെങ്കിലുമുണ്ടായിരുന്നു. മിക്കതും സൈബീരിയയിലോ രാജ്യത്തിന്റെ കിഴക്കേ അറ്റത്തോ ആയിരുന്നു. അവിടെ ആള്‍ത്താമസം തീരെ കുറവായിരുന്നു. അതുകൊണ്ടുതന്നെ ഭരണകൂടത്തിന് രാജ്യത്തെ ഇതരഭാഗങ്ങളില്‍നിന്നുള്ള തൊഴിലാളികളെ ഇവിടേക്ക് ആകര്‍ഷിക്കണമായിരുന്നു. ഈ പദ്ധതികള്‍കൊണ്ട് രാജ്യത്തിനുണ്ടാകാന്‍ പോകുന്ന നേട്ടവും ഇവിടെ പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഇതര നിര്‍മാണ മേഖലയിലെ തൊഴിലാളികളെക്കാള്‍ ഉയര്‍ന്ന ശമ്പളം നല്‍കുന്ന കാര്യവുമെല്ലാം ഈ വാര്‍ത്താപരിപാടിയിലൂടെ സംപ്രേഷണം ചെയ്തിരുന്നു. എന്നിരുന്നാലും ഈ പദ്ധതികള്‍ക്കാവശ്യമായ മതിയായ തൊഴിലാളികളെ ലഭിക്കാത്ത അവസ്ഥ നിലനിന്നു. അതുകൊണ്ടുതന്നെ, 1960-കളുടെ അന്ത്യംമുതല്‍ ഈ പദ്ധതികളെ 'യുവ കമ്യൂണിസ്റ്റുകളുടെ പദ്ധതി' എന്നര്‍ഥം വരുന്ന 'ഗ്രേറ്റ് കോംസോമോള്‍ കണ്‍സ്ട്രക്ഷന്‍ പ്രോജക്ട്' എന്ന വാക്കുകള്‍കൊണ്ടാണ് സൂചിപ്പിച്ചിരുന്നത്. ഈ ബ്രാന്‍ഡിങ്ങോടെ, യൂണിവേഴ്സിറ്റികളിലെ ഒഴിവുകാലങ്ങളില്‍ അവിടങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ യുവ സംഘടനയില്‍പ്പെട്ട വിദ്യാര്‍ഥികള്‍ ഈ പദ്ധതികളിലേക്ക് നിയോഗിക്കപ്പെട്ടു. 1971-ല്‍ ഇത്തരത്തിലുള്ള പ്രധാന പദ്ധതി ട്യുമെന്‍ സര്‍ഗട് റെയില്‍വേ പദ്ധതിയായിരുന്നു. സൈബീരിയയിലെ എണ്ണഖനനമേഖലയുടെ വികസനത്തിന് ഈ പദ്ധതി ഏറെ പ്രധാനപ്പെട്ടതായിരുന്നു. 

destova
ചിത്രീകരണം: ശ്രീലാല്‍ എ.ജി.

ഈ പദ്ധതികളുടെ നിര്‍മാണസ്ഥലത്തുനിന്നുള്ള റിപ്പോര്‍ട്ടുകള്‍ ടി.വി.യിലെ വാര്‍ത്താപരിപാടികളില്‍ കാണിക്കാറുണ്ടായിരുന്നു. അവിടെ ജോലിക്കുപോയ യുവ കമ്യൂണിസ്റ്റുകള്‍ തികച്ചും വൃത്തിയുള്ള അവരുടെ താമസസ്ഥലത്ത്, കഠിനമേറിയതെങ്കിലും രസകരമായ തങ്ങളുടെ ജോലിയെക്കുറിച്ചും അവിടത്തെ ചതുപ്പുള്ളതും പൈന്‍മരങ്ങള്‍ നിറഞ്ഞതുമായ കാടിനെക്കുറിച്ചുമൊക്കെ സന്തോഷവാന്മാരായി സംസാരിക്കുന്നതൊക്കെയാണ് കാണിച്ചിരുന്നത്. ഇതുകേട്ട എന്റെ സഹോദരന്‍ മിഷയ്ക്ക് ആ യുവ കമ്യൂണിസ്റ്റുകളോടൊപ്പം ചേരാനും സോവിയറ്റ് യൂണിയന്റെ ആ കിഴക്കന്‍ പ്രദേശത്തേക്ക് പോകാനുമുള്ള ഉത്തേജനമുണ്ടായി. തീര്‍ച്ചയായും നല്ലൊരു തുക ശമ്പളമായും അവന്‍ പ്രതീക്ഷിച്ചിരുന്നു. കൂടാതെ, മാതാപിതാക്കളില്‍നിന്നും ജില്ലാ പോലീസ് ഓഫീസറില്‍നിന്നുമുള്ള വിടുതലും ആഗ്രഹിച്ചിരുന്നു. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മിഷ സജീവമായ ഒരു യുവ കമ്യൂണിസ്റ്റുകാരനേ ആയിരുന്നില്ല. യഥാര്‍ഥത്തില്‍, യുവ കമ്യൂണിസ്റ്റുകളുടെ സംഘടനയില്‍ അവന്‍ അംഗമായിരുന്നതായിപ്പോലും ഞാന്‍ കരുതുന്നില്ല. പക്ഷേ, ഇത്തരം പദ്ധതികളുടെ ഭാഗമാകാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതൊന്നും ഒരു പ്രശ്‌നമേ ആയിരുന്നില്ല. 

വേനലിന്റെ ആരംഭത്തില്‍, കിയേവ് റെയില്‍വേ സ്റ്റേഷനില്‍, ഒരു തീവണ്ടി വന്നുനിന്നു. സൈബീരിയയിലെ ആ വലിയ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമാകാന്‍ തയ്യാറായിവന്ന യുവതീയുവാക്കളായിരുന്നു അതില്‍ നിറയെ. മിഷയും അക്കൂട്ടത്തിലൊരാളായി. അവന്റെ ചുമലില്‍ വലിയൊരു ബാഗുണ്ടായിരുന്നു. അമ്മമ്മ തെയ്സിയ സ്വന്തം കൈകൊണ്ട് തുന്നിയ, കമ്പിളികൊണ്ടുള്ള ഒരു ജോഡി സോക്‌സ് ആ ബാഗിനുള്ളില്‍ വെച്ചിരുന്നു. ആ തീവണ്ടി സ്റ്റേഷനില്‍നിന്ന് അകന്നുപോകുന്നത് അച്ഛനും അമ്മയും ഞാനും നോക്കിനിന്നു. അനന്തരം ഞങ്ങള്‍ വീട്ടിലേക്കുമടങ്ങി. മിഷയുടെ ആ തീരുമാനത്തില്‍ അച്ഛനും അമ്മയും ഏറെ സന്തുഷ്ടരായിരുന്നു. ഒരുപക്ഷേ അവര്‍ കരുതിയിട്ടുണ്ടാകും അവിടത്തെ കഠിനാധ്വാനം അവനെ ഒരു സാധാരണ സോവിയറ്റ് പൗരനാക്കുമെന്ന്. അന്ന് മൊബൈല്‍ ഫോണുകളൊന്നുമില്ലായിരുന്നു. ഏറെ ദൂരത്തേക്ക് ഫോണ്‍ചെയ്യാന്‍ പോസ്റ്റോഫീസിലെ ടെലിഫോണ്‍ ഓപ്പറേറ്ററുടെ സഹായം മാത്രമായിരുന്നു ആശ്രയം. സൈബീരിയയിലെ റെയില്‍വേ പദ്ധതിയുടെ പണി നടക്കുന്ന സ്ഥലത്തിനടുത്തൊന്നും പോസ്റ്റോഫീസുകളുമില്ലായിരുന്നു. അതുകൊണ്ടുതന്നെ മിഷയുടെ വിവരങ്ങള്‍ അറിയാത്തതിനാല്‍ ഞങ്ങള്‍ക്ക് വിഷമവുമില്ലായിരുന്നു. എഴുത്തുകള്‍ എഴുതുന്ന സ്വഭാവം അവനില്ലെന്നും ഞങ്ങള്‍ക്ക് അറിയാമായിരുന്നു. 

വേനലില്‍ വിശ്രമത്തിനായി 24 ദിവസത്തേക്ക്, അച്ഛനും അമ്മയും ഞാനും ജോര്‍ജിയയിലെ തുറമുഖ നഗരമായ ബാതുമിയിലേക്ക് പോയി. സോവിയറ്റ് സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്കായി 24 ദിവസത്തേക്കുള്ള വൗച്ചറുകളെല്ലാം സൗജന്യമായാണ് നല്‍കിയിരുന്നത്. അതായിരുന്നു അന്നത്തെ രീതി. രണ്ട് പ്രൊപ്പല്ലര്‍ എന്‍ജിനുകളുള്ള ചെറിയതരം എ.എന്‍.-24 വിമാനത്തിലായിരുന്നു ബാതുമിയിലേക്കുള്ള ഞങ്ങളുടെ യാത്ര. വിമാനത്തിന്റെ കോക്പിറ്റില്‍, കള്ളവണ്ടി കയറിയവനെപ്പോലെ ഒളിച്ചായിരുന്നു എന്റെ യാത്ര. മറ്റു പൈലറ്റുമാരുടെ കുടുംബാംഗങ്ങളെ ഇത്തരത്തില്‍ സൗജന്യമായി യാത്രചെയ്യാന്‍ പൈലറ്റുമാര്‍ സഹായിക്കുന്നത് അന്ന് സാധാരണമായിരുന്നു. കുട്ടിയായിരുന്നതിനാല്‍ ഞാന്‍ പലപ്പോഴും യാത്രചെയ്തിരുന്നത് ഇങ്ങനെയായിരുന്നു. കാരണം, എന്റെ അച്ഛന്‍ ഒരു പൈലറ്റായിരുന്നല്ലോ. അച്ഛനും ഇതുപോലെ സഹപ്രവര്‍ത്തകരുടെ ഭാര്യമാരെയും കുട്ടികളെയും സൗജന്യയാത്രയ്ക്ക് സഹായിക്കാറുണ്ടായിരുന്നു. എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഒരു സെപ്റ്റംബറിലാണ് അച്ഛനും അമ്മയ്ക്കും അപ്രതീക്ഷിതമായി മിഷയുടെ ഫോണ്‍വിളി വന്നത്. മടക്കയാത്രയ്ക്കുള്ള തീവണ്ടി ടിക്കറ്റിന് പണം അയച്ചുതരാന്‍ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്!

വൈകാതെ മിഷ വീട്ടിലെത്തി. സൈബീരിയയിലേക്കുള്ള അവന്റെ യാത്രയുടെ കഥ കേട്ടപ്പോള്‍ അതൊരു ദുരന്തമായി എനിക്കുതോന്നി. ടി.വി.യില്‍ അവിടെനിന്നുള്ള വാര്‍ത്തകളുടെ റിപ്പോര്‍ട്ടുകള്‍ക്ക് നേര്‍ വിപരീതമായിരുന്നു അത്. സൈബീരിയയില്‍ മിഷ ഉറങ്ങിയിരുന്ന മുറി 20 പേര്‍ക്ക് കിടക്കാനുള്ളതായിരുന്നു. അമ്മമ്മ തുന്നിക്കൊടുത്ത അവന്റെ കമ്പിളി സോക്‌സ് അവിടത്തെ ആദ്യദിവസംതന്നെ മോഷണംപോയി. നിര്‍മാണസ്ഥലത്തെ ആദ്യ ദിവസംതന്നെ, ഈച്ചയുടെയും കൊതുകിന്റെയും കടിയേറ്റ് അവന്റെ മുഖം വീര്‍ത്തുകെട്ടിയിരുന്നു. അവന് അനുവദിച്ച ബൂട്സ് ഏറെ തുളകളുള്ളതായിരുന്നു. തണുപ്പേറിയതും ചതുപ്പുള്ളതുമായ സ്ഥലത്തുകൂടിയാണ് അവര്‍ റെയില്‍വേ ലൈന്‍ പണിതിരുന്നത്. പണി തുടങ്ങി രണ്ടുദിവസത്തിനുള്ളില്‍ത്തന്നെ മിഷയ്ക്ക് ശക്തമായ ജലദോഷവും പനിയുമുണ്ടായി. തുടര്‍ന്ന് അവിടെനിന്ന് രക്ഷപ്പെടാന്‍ അവന്‍ തീരുമാനിച്ചു. അവിടെനിന്ന് മിഷയെപ്പോലുള്ള ജോലിക്കാര്‍ക്ക് പോകാന്‍ കഴിയുന്ന ഏക ഇടം സര്‍ഗട് നഗരമായിരുന്നു. അവന്‍ അവിടേക്കുപോയി. ചതുപ്പില്‍ വലിയ അളവില്‍ മണലുകള്‍ നിറച്ച് കെട്ടിപ്പൊക്കിയ മുഖമില്ലാത്ത നഗരമായിരുന്നു അത്. അവിടെ, ഇറച്ചിസംസ്‌കരണശാലയിലേക്ക് ജോലിക്കാരെ ആവശ്യമുണ്ടെന്നെഴുതിയ പോസ്റ്ററുകള്‍ മിഷയുടെ ശ്രദ്ധയില്‍പ്പെട്ടു. അവിടെയെത്തിയ അവനെ അവര്‍ ജോലിക്കെടുത്തു. ഇറച്ചി സംസ്‌കരണശാലയിലെ ജോലിക്കാര്‍ താമസിക്കുന്ന ഹോസ്റ്റലില്‍ അവനൊരു കിടക്കയും കിട്ടി. പുതിയ സഹപ്രവര്‍ത്തകരില്‍ കുറച്ചുപേര്‍ തന്നെപ്പോലെ സ്‌കൂള്‍ ഗ്രാജ്വേറ്റുകളാണെന്ന് മിഷ മനസ്സിലാക്കി.

പണം സമ്പാദിക്കാനും പ്രേമിക്കാനുമായി കിഴക്കന്‍ സോവിയറ്റ് യൂണിയനിലേക്ക് വണ്ടികയറിയവരാണവര്‍. ആ സംസ്‌കരണശാല വളരെ വലുതായിരുന്നു. മധ്യറഷ്യയില്‍നിന്ന് ശീതീകരിച്ച പശുക്കളുടെ ശവശരീരങ്ങള്‍ അവിടേക്ക് കൊണ്ടുവന്നിരുന്നു. ജോലിക്കാര്‍ അവയെല്ലാം വെട്ടി കഷ്ണങ്ങളാക്കും. എല്ലില്ലാത്ത മാംസക്കഷ്ണങ്ങള്‍ സോസുണ്ടാക്കുന്ന കടകളിലേക്കയക്കും. അവിടെ കെട്ടിടങ്ങളുടെയും വര്‍ക്ഷോപ്പുകളുടെയും ഉള്‍ച്ചുമരുകളില്‍ ചൂടുവെള്ളം കിട്ടുന്ന വലിയ ഇരുമ്പ് പൈപ്പുകളുണ്ടായിരുന്നു. ഇറച്ചിയിലെ തണുപ്പകറ്റാനാണ് അവ ഉപയോഗിച്ചിരുന്നത്. എങ്ങനെയാണ് താനും കൂട്ടുകാരുംകൂടി ഈ പൈപ്പുകളുടെ തുരുമ്പുപിടിച്ചതും ദുഷിച്ചതുമായ ഉപരിതലത്തില്‍ ഇറച്ചി ചുട്ടെടുത്തിരുന്നതെന്ന് മിഷ ഞങ്ങളോടു പറഞ്ഞു. ചിലപ്പോഴൊക്കെ അവര്‍, പശുക്കുട്ടിയുടെയും പന്നിയുടെയുമൊക്കെ നാക്ക് കമ്പിളികൊണ്ടുള്ള ബൂട്സിനുള്ളില്‍ ഒളിപ്പിച്ചുകടത്തി താമസസ്ഥലത്തേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. കൂടുതല്‍ ഇറച്ചി ഒളിച്ചുകടത്താനായി പലരും തങ്ങള്‍ക്ക് ആവശ്യമുള്ളതിലും എത്രയോ അധികം വലുപ്പമുള്ള ബൂട്സുകളാണ് ധരിച്ചിരുന്നത്. 


കിഴക്കന്‍ സോവിയറ്റ് യൂണിയനിലേക്കുള്ള ആ യാത്രകൊണ്ട് മിഷയ്ക്ക് ഒരു ചില്ലിക്കാശുപോലും സമ്പാദിക്കാനായില്ല. പക്ഷേ, ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ എങ്ങനെ നേരിടണമെന്ന പല വിലയേറിയ കാര്യങ്ങളും പഠിക്കാന്‍ അവനായി. 
''അടുത്തതവണ ഞാന്‍ തീര്‍ച്ചയായും കുറച്ച് പണം സമ്പാദിക്കും'' -കഥയുടെ ഒടുവില്‍ മിഷ എന്നോടുപറഞ്ഞു. 
''നീ വീണ്ടും അവിടേക്കുപോകുമോ?''- ഞാന്‍ ചോദിച്ചു.  
''ഇല്ല, അടുത്തതവണ ആപ്പിള്‍ തേടി ഞാന്‍ കസാഖ്സ്താനിലേക്ക് പോകും!''- മിഷ പറഞ്ഞു. പക്ഷേ, ആ യാത്രയുടെ വിശദാംശങ്ങള്‍ അവന്‍ വെളിപ്പെടുത്തിയില്ല. 

Content Highlights: Andrey Kurkov, Detstvo