1968 സെപ്റ്റംബര്‍ ഒന്നിന് എന്റെ ജീവിതത്തിലേക്ക് കൂടുതല്‍ വര്‍ണങ്ങള്‍ ചേര്‍ക്കപ്പെട്ടു. ഞാന്‍ സ്‌കൂളില്‍ പോയിത്തുടങ്ങി. അമ്മ എനിക്കുവേണ്ടി ഒരു യൂണിഫോം വാങ്ങിക്കൊണ്ടുവന്നു; തവിട്ടുനിറത്തിലുള്ള, മടുപ്പിക്കുന്ന ഒന്ന്. സ്‌കൂളിലെ, മരംകൊണ്ടുള്ള തറയിലും, ആകര്‍ഷകമായ തവിട്ടുനിറത്തിലുള്ള ചായമല്ല പൂശിയിരുന്നത്. സ്‌കൂളിലെ ഏറ്റവും ആകര്‍ഷകമായവ, തവിട്ടുനിറം പൂശിയ, കുട്ടികള്‍ക്കുള്ള മേശകളായിരുന്നു. വിജാഗിരികള്‍ ഘടിപ്പിച്ച മുകള്‍ഭാഗമുണ്ടായിരുന്നു അവയ്ക്ക്. കാലങ്ങള്‍ക്കിടെ, ഒരേ നിറം ഉപയോഗിച്ച് അവ ഒരുപാടുതവണ മുഖംമിനുക്കിയിരുന്നു. ആദ്യമൊക്കെ അവയ്ക്ക് തിളക്കവുമുണ്ടായിരുന്നു. 

ബെല്ല മിഖൈയ്ലോവ്നയായിരുന്നു ഞങ്ങളുടെ ആദ്യ അധ്യാപിക. മുതിര്‍ന്നവര്‍ ക്ലാസ്മുറിയിലേക്ക് കടന്നുവരുമ്പോള്‍ എങ്ങനെ പെട്ടെന്ന് എഴുന്നേല്‍ക്കണമെന്ന് അവര്‍ ഞങ്ങളെ പഠിപ്പിച്ചു. പെട്ടെന്ന് എഴുന്നേല്‍ക്കാന്‍ കഴിയാത്തവിധമുള്ള മേശയുടെ അടപ്പ് മാറ്റിക്കൊണ്ടു വേണമായിരുന്നു എഴുന്നേറ്റുനില്‍ക്കാന്‍. സ്‌കൂളിലെത്തിയാല്‍ ഓരോരുത്തരും തങ്ങളുടെ പെട്ടിയില്‍നിന്ന് ടെക്സ്റ്റ് പുസ്തകങ്ങളെടുത്ത് അവരവരുടെ മേശയ്ക്കുള്ളില്‍ നിക്ഷേപിക്കുമായിരുന്നു. ആദ്യമൊക്കെ ഞങ്ങള്‍ പെട്ടി മുഴുവനായും മേശയ്ക്കുള്ളിലേക്ക് തള്ളിക്കയറ്റാന്‍ ശ്രമിക്കുമായിരുന്നു. പക്ഷേ, ചിലര്‍ മാത്രമാണ് അതില്‍ വിജയിച്ചിരുന്നത്. കാരണം, പുസ്തകങ്ങള്‍ക്കു പുറമേ, ആവശ്യംവരുമ്പോള്‍ ഉപയോഗിക്കാനായി വസ്ത്രങ്ങള്‍, സാന്‍ഡ്വിച്ച്, മിഠായികള്‍, പഴങ്ങള്‍ എന്നിവയും അച്ഛനമ്മമാര്‍ പെട്ടിയില്‍ തിരുകുമായിരുന്നു. 

എന്തുകൊണ്ടാണ് ആ മേശകള്‍ ഇത്രയും തവണ ചായംപൂശിയിരിക്കുന്നതെന്ന് അതിന്റെ അടപ്പ് തുറന്നടയ്ക്കുന്നതിനിടെ എനിക്ക് ബോധ്യപ്പെട്ടു. പുതിയതായി പൂശിയ ചായമുണ്ടായിട്ടുപോലും ആ മേല്‍ഭാഗത്തെ മരം കണ്ടെത്താന്‍ എനിക്ക് എളുപ്പം സാധിച്ചു. നഖംകൊണ്ടോ എന്തെങ്കിലും കൂര്‍ത്ത വസ്തുക്കള്‍കൊണ്ടോ രേഖപ്പെടുത്തിയ അനേകം വാക്കുകളും ചിത്രങ്ങളും എനിക്കവിടെ കാണാനായി. സൂക്ഷ്മമായി ശ്രദ്ധിച്ചതില്‍നിന്ന്, പഴയകാല കുട്ടികളുടെ നശീകരണപ്രവണതയുടെ ലക്ഷണങ്ങളും ഞാന്‍ അവിടെ കണ്ടു. പക്ഷേ, അവയൊന്നും അത്ര ശ്രദ്ധിക്കപ്പെടുന്ന രീതിയിലായിരുന്നില്ല. കാരണം, കുട്ടികള്‍ എന്താണ് ചെയ്യുന്നതെന്നും അവരുടെ ദൃഷ്ടി പതിയുന്നത് എവിടെയാണെന്നും അധ്യാപകര്‍ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്നു. കുട്ടിയുടെ കൈകള്‍ മേശയ്ക്കടിയിലാണെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍, 'കൈകള്‍ മേശയ്ക്കു മുകളില്‍' എന്ന് അധ്യാപകര്‍ ഉച്ചത്തില്‍ വിളിച്ചുപറയുമായിരുന്നു. 

സ്‌കൂളില്‍ ചേരുന്നതിനുമുന്‍പ് 'സൗഹൃദം' എന്ന വാക്കിന്റെ അര്‍ഥം എനിക്ക് അറിയില്ലായിരുന്നു. പ്രത്യേകിച്ചും അത്, റൊട്ടിയില്ലാതെതന്നെ ഐസ്‌ക്രീം പോലെ ഒറ്റയ്ക്ക് കഴിക്കാവുന്ന സ്വാദേറിയ പാല്‍ക്കട്ടിയല്ലാത്ത സ്ഥിതിക്ക്! കുട്ടികള്‍ അനുകരിക്കാന്‍ ശ്രമിക്കുന്ന ഒന്നിന് ഉദാഹരണമായാണ് സോവിയറ്റ് കാര്‍ട്ടൂണുകളില്‍ സൗഹൃദം ചിത്രീകരിക്കപ്പെട്ടിരുന്നത്. എന്റെ അച്ഛനമ്മമാര്‍ ടി.വി.യില്‍ കണ്ടിരുന്ന ചലച്ചിത്രങ്ങളിലെ കഥാപാത്രങ്ങള്‍ എല്ലായ്പ്പോഴും പരസ്പരം അത്യധികം സൗഹൃദമുള്ളവരായിരുന്നു. പരസ്പരം ജീവന്‍ രക്ഷിക്കുന്നവരും ചെറിയ കഷണം റൊട്ടിപോലും പങ്കിടുന്നവരുമായിരുന്നു ആ കഥാപാത്രങ്ങള്‍. സ്‌കൂള്‍കാലത്തിനുമുമ്പ് എനിക്ക് ആരുമായും സൗഹൃദമുണ്ടായിരുന്നില്ല. സമീപ അപ്പാര്‍ട്ട്മെന്റുകളിലെ കുട്ടികളുമൊത്ത് ഞാന്‍ കളിക്കാറുണ്ടായിരുന്നു, മുറ്റത്ത് ഓടാറുണ്ടായിരുന്നു. പക്ഷേ, അവരെയൊന്നും എന്റെ സുഹൃത്തുക്കള്‍ എന്നെനിക്ക് പറയാനാവില്ല. 

സ്‌കൂളിലെ ആദ്യദിവസങ്ങളില്‍, ടീച്ചര്‍ ആവര്‍ത്തിച്ചു പറഞ്ഞിരുന്ന കാര്യമിതാണ്: ''നമ്മുടെ ക്ലാസ് സൗഹാര്‍ദപരമായിരിക്കണം. കാരണം, അടുത്ത പത്തുവര്‍ഷം നമ്മള്‍ ഒരുമിച്ചായിരിക്കും ചെലവഴിക്കുക!'' ആരായിരിക്കണം നമ്മുടെയടുത്ത് ഇരിക്കേണ്ടത് എന്ന ചോദ്യമായിരുന്നു അടുത്തത്. സാഷ സൊളോവ്യോവ് എന്ന കുട്ടിയെയാണ് എന്റെ അടുത്തിരിക്കാന്‍ ഞാന്‍ തിരഞ്ഞെടുത്തത്. എന്റെ അപ്പാര്‍ട്ട്മെന്റിന് അടുത്തുതന്നെയായിരുന്നു അവന്റെ വീട്. ഞങ്ങള്‍ക്ക് ഒരുമിച്ച് സ്‌കൂളിലേക്കു പോകാമല്ലോ എന്നുകരുതിയായിരുന്നു എന്റെ തിരഞ്ഞെടുപ്പ്. പോരാത്തതിന്, അവനോട് എളുപ്പം സംസാരിക്കാനാവുമായിരുന്നു. അവന്‍ എന്നോട് ഏറെ അടുപ്പത്തില്‍ പെരുമാറിയിരുന്നു. കൂടാതെ, അവന്റെ അച്ഛനമ്മമാര്‍ ആന്റൊനോവ് എയര്‍ക്രാഫ്റ്റ് ഫാക്ടറിയില്‍ എന്‍ജിനീയര്‍മാരുമായിരുന്നു. അതായത്, എന്റെ അച്ഛന്‍ പരീക്ഷണപ്പറക്കല്‍ നടത്തിയിരുന്ന അതേ വിമാനങ്ങളിലാണ് അവരും ജോലിചെയ്തിരുന്നത്. 

സോവിയറ്റ് യൂണിയന്റെ ഒരു ചെറുപതിപ്പെന്നപോലെ ഒരു 'ബഹുരാഷ്ട്ര' ക്ലാസ് ആയിരുന്നു ഞങ്ങളുടേത്! റഷ്യക്കാര്‍, യുക്രൈന്‍കാര്‍, മോള്‍ഡോവക്കാര്‍, ജൂതന്മാര്‍ എന്നിവര്‍ക്കു പുറമേ ഒരു ലിത്വാന സ്വദേശിയും ഉസ്ബെക് സ്വദേശിയായ ഒരു പെണ്‍കുട്ടിയും ഞങ്ങളുടെ ക്ലാസിലുണ്ടായിരുന്നു. ആദ്യ ക്ലാസിലെ പ്രധാനദൗത്യം കൈയെഴുത്തിനെക്കുറിച്ചു പഠിക്കുകയെന്നതാണ്. അന്ന് ബോള്‍പോയന്റ് പേനയൊന്നുമില്ലായിരുന്നു. മഷിക്കുപ്പിയും മഷിപ്പെന്നുമായാണ് ഞങ്ങള്‍ സ്‌കൂളില്‍ പോയിരുന്നത്. ക്ലാസിലായാലും വീട്ടിലായാലും മനോഹരമായി അക്ഷരങ്ങളെഴുതാന്‍ ഞാന്‍ കഠിനാധ്വാനം ചെയ്തുകൊണ്ടിരുന്നു. പക്ഷേ, അതത്ര എളുപ്പമല്ലെന്ന് എനിക്ക് ബോധ്യമായി. ഞങ്ങളില്‍ ആര്‍ക്കാണ് സുന്ദരമായി എഴുതാന്‍ കഴിയുന്നതെന്ന് ടീച്ചര്‍ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു. തീര്‍ച്ചയായും അക്കാര്യത്തില്‍ പെണ്‍കുട്ടികളായിരുന്നു മുന്നില്‍! അങ്ങനെ ക്ലാസിലെ ഞങ്ങളുടെ സ്ഥാനങ്ങള്‍ നിശ്ചയിക്കപ്പെട്ടു. 

രണ്ടാംവര്‍ഷത്തിന്റെ അവസാനത്തോടുകൂടിതന്നെ, ടീച്ചറുടെ കണ്ണില്‍ ആരെല്ലാം എന്തൊക്കെയാണെന്ന് ഞങ്ങള്‍ക്ക് ബോധ്യപ്പെട്ടു. ആരാണ് കുട്ടി, ആരാണ് ശരാശരിക്കാരന്‍, ആരാണ് അതിലും താഴെ എന്നൊക്കെ. 'കുട്ടികള്‍' എന്ന് വിലയിരുത്തപ്പെട്ടവരെ ഒരുമിച്ചുചേര്‍ത്ത് അവരുമായി ടീച്ചര്‍ കൂടുതല്‍ ആശയവിനിമയം നടത്തിയിരുന്നു. അവര്‍ക്ക് സുഹൃദ്ബന്ധമുണ്ടാക്കാനൊന്നും കൂടുതല്‍ സമയം കിട്ടിയിരുന്നില്ല. കാരണം, അവരോ അവരുടെ അച്ഛനമ്മമാരോ, നേട്ടങ്ങളുണ്ടാക്കി അതിനു പ്രശംസകിട്ടാന്‍ ആഗ്രഹിച്ചിരുന്നു. കഴിവുകുറഞ്ഞ, വളരെ ചുരുങ്ങിയ ചില കുട്ടികള്‍ അന്തര്‍മുഖരായിത്തീര്‍ന്നു. ക്ലാസ് ഒന്നടങ്കം മിക്കവാറും അവരെ അവഗണിച്ചിരുന്നു. ശരാശരിക്കാരായ കുട്ടികള്‍, അവരുടെ തൊട്ടുമുകളിലുള്ളവരും തൊട്ടുതാഴെയുള്ളവരുമായി കൂട്ടുകൂടി. അവരായിരുന്നു ക്ലാസിന്റെ നട്ടെല്ല്. 

നാലാംക്ലാസിന്റെ അവസാനംവരെ എല്ലാ പാഠങ്ങളും ഒരേ ടീച്ചര്‍ തന്നെയാണ് പഠിപ്പിച്ചിരുന്നത്. ബെല്ല മിഖൈലോവ്ന യഥാര്‍ഥത്തില്‍ റഷ്യന്‍ ഭാഷയും സാഹിത്യവും പഠിപ്പിക്കുന്ന ടീച്ചറായിരുന്നു. എന്നാല്‍, സംഗീതം ഒഴികെയുള്ള മറ്റെല്ലാം അവര്‍ ഞങ്ങളെ പഠിപ്പിച്ചു. ആഴ്ചയിലെ രണ്ടുതവണത്തെ സംഗീത ക്ലാസുകളിലായി, സന്തോഷകരമായ സോവിയറ്റ് ബാല്യത്തെക്കുറിച്ചുള്ള പാട്ടുകള്‍ പാടാന്‍ ഞങ്ങള്‍ പഠിച്ചു. ആഴ്ചയിലൊരുതവണ, കുട്ടികള്‍ക്കുള്ള കട്ടികുറഞ്ഞ ഒരുകൂട്ടം പുസ്തകങ്ങളുമായി ലൈബ്രേറിയന്‍ ക്ലാസില്‍ വരുമായിരുന്നു. മുന്‍നിരയിലെ മേശകളിലും ടീച്ചറുടെ മേശയിലുമായി അവര്‍ ആ പുസ്തകങ്ങള്‍ നിരത്തിവെക്കും. ക്ലാസിനിടെ അവര്‍ ഈ പുസ്തകങ്ങളെക്കുറിച്ച് ഞങ്ങളോടു പറയും. ക്ലാസിനൊടുവില്‍ ഓരോ കുട്ടിയും ഒന്നോ രണ്ടോ, ചിലപ്പോള്‍ മൂന്നു പുസ്തകങ്ങള്‍ വരെ വീട്ടില്‍ക്കൊണ്ടുപോയി വായിക്കാനായി എടുക്കണമായിരുന്നു. ഉലയാത്ത ആ പുസ്തകങ്ങള്‍ നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തതുകൊണ്ടുതന്നെ ഓരോന്നും ആരെല്ലാമെടുത്തെന്ന് അവര്‍ കൃത്യമായി കുറിച്ചെടുക്കുമായിരുന്നു. 

കുട്ടിയായിരിക്കുമ്പോഴുള്ള, വലുതായ ലെനിനെക്കുറിച്ചുള്ളവയ്ക്കു പുറമേ ചില കുട്ടിഹീറോകളെക്കുറിച്ചുള്ള പുസ്തകങ്ങളും അക്കൂട്ടത്തിലുണ്ടായിരുന്നു. ജീവിതത്തില്‍ ഞങ്ങള്‍ എല്ലായ്പ്പോഴും ഓര്‍ത്തിരിക്കാനെന്നവണ്ണം, ലൈബ്രേറിയന്‍ ഈ ഹീറോകളെക്കുറിച്ച് നിരന്തരം ഞങ്ങളോട് പറയുമായിരുന്നു. അത്തരം പല കുട്ടിഹീറോകളെക്കുറിച്ചുമുള്ള കഥകള്‍ ഞാനിപ്പോഴും ഓര്‍ക്കുന്നു. സോവിയറ്റ് കാലത്ത് അത്തരം 82 ഹീറോകളെക്കുറിച്ചുള്ള പട്ടികതന്നെയുണ്ടായിരുന്നു. രണ്ടാംലോകയുദ്ധത്തിനുമുന്‍പ് ഫാസിസ്റ്റുകളാലോ സോവിയറ്റ് ആശയവിരുദ്ധരാലോ വധിക്കപ്പെട്ടവരായിരുന്നു അവര്‍. സോവിയറ്റ് ആശയപ്രചാരണത്തിന്റെ ഭാഗമായ അത്തരമൊരു ഹീറോയായ പവ്ലിക് മെറോസോവിന്റെ കഥ വര്‍ഷങ്ങളോളം എന്നെ പിന്തുടര്‍ന്നിരുന്നു. ടീച്ചര്‍മാര്‍ ഇടയ്ക്കിടെ ആ കഥ പറയുമായിരുന്നു. അത് ഒരു ചലച്ചിത്രത്തിനുപോലും വിഷയമായി. അനേകം പുസ്തകങ്ങളും അതേക്കുറിച്ച് എഴുതപ്പെട്ടു. 

യുറാല്‍ പര്‍വതനിരകളില്‍നിന്ന് സോവിയറ്റ് സൈന്യത്തെ പിന്‍വലിക്കുന്ന കാലമായിരുന്നു അത്. മോസ്‌കോ ഉള്‍പ്പെടെ നഗരങ്ങളെല്ലാം ക്ഷാമത്തില്‍ മുങ്ങിയ സമയം. ഗ്രാമീണ കര്‍ഷകരില്‍നിന്ന്, വിതയ്ക്കാന്‍വെച്ച വിത്തുകള്‍വരെ സൈന്യം കണ്ടുകെട്ടി നഗരങ്ങളിലേക്ക് അയച്ചുതുടങ്ങി. വിത്ത് പിടിച്ചെടുക്കാനായി തന്റെ വീട്ടിലെത്തിയ സൈന്യത്തിന് പവ്ലിക് മെറോസോവ് എന്ന ബാലന്‍ തന്റെ അച്ഛന്‍ പത്തായപ്പുരയ്ക്കടിയില്‍ ഒളിപ്പിച്ചുവെച്ചിരുന്ന വിത്ത് കാണിച്ചുകൊടുത്തു. സൈന്യം അവ കണ്ടുകെട്ടി. തണുപ്പുകാലത്തേക്കു സൂക്ഷിച്ചുവെച്ച ധാന്യംപോലും ആ കുടുംബത്തിന് നഷ്ടപ്പെട്ടു. മകന്റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, ധാന്യങ്ങള്‍ ഒളിപ്പിച്ച കുറ്റത്തിന് പവ്ലികിന്റെ അച്ഛനെ പത്തുവര്‍ഷത്തേക്ക് സൈബീരിയയിലേക്ക് നാടുകടത്തി. ഇതില്‍ ക്രുദ്ധരായ ബന്ധുക്കള്‍, ബെറി എന്ന പഴം ശേഖരിക്കാന്‍ കാട്ടിലേക്കുപോയ പവ്ലികിനെ കൊന്നുതള്ളി. കേസന്വേഷണത്തിനൊടുവില്‍, പവ്ലികിന്റെ അമ്മയൊഴികെ, കുറ്റകൃത്യത്തില്‍ പങ്കാളികളായ മുഴുവന്‍ പേരെയും തൂക്കിലേറ്റി. അങ്ങനെ പവ്ലിക് ഒരു സോവിയറ്റ് നായകനായി. ഒരു രക്തസാക്ഷി! പവ്ലികിന്റെ അമ്മ പിന്നെയും ഏറെക്കാലം ജീവിച്ചു. തന്റെ, നായകനായ പുത്രനെക്കുറിച്ച് മറ്റു കുട്ടികളോട് പറയാന്‍ രാജ്യമൊട്ടുക്കും സഞ്ചരിക്കാനാണ് ആ അമ്മ ഏറെ സമയവും ചെലവഴിച്ചത്.  

സ്‌കൂള്‍ പാഠപുസ്തകങ്ങളുടെ ഭാഗമായിരുന്നതുകൊണ്ടുതന്നെ പവ്ലിക് മെറോസോവിനെക്കുറിച്ച് ടീച്ചര്‍മാര്‍ക്ക് സംസാരിക്കാതിരിക്കാനാവുമായിരുന്നില്ല. 'അച്ഛനമ്മമാരെക്കുറിച്ച് പരാതികൊടുക്കുന്നത് ശരിയാണോ? സ്വന്തം കുടുംബത്തെ നിങ്ങള്‍ ഒറ്റിക്കൊടുക്കുമോ?' തുടങ്ങിയ ചോദ്യങ്ങളാണ് പവ്ലികിന്റെ കഥ കേട്ടുകഴിഞ്ഞശേഷം ഓരോ കുട്ടിയും സ്വയം ചോദിച്ചുകൊണ്ടിരുന്നത്. രണ്ടു ചോദ്യങ്ങള്‍ക്കും 'അതെ' എന്ന ഉത്തരമാണ് സ്‌കൂളില്‍നിന്നു കൃത്യമായി പഠിപ്പിച്ചിരുന്നത്. സമാനകഥകളിലൂടെയും ബിംബങ്ങളിലൂടെയും രാജ്യവും പാര്‍ട്ടിയും സ്വന്തം കുടുംബത്തെക്കാള്‍ ആയിരം മടങ്ങ് പ്രധാനപ്പെട്ടതോ, കുടുംബത്തിന് പകരംവെക്കാവുന്നതോ ആണെന്ന ധാരണയുണ്ടാക്കിയിരുന്നു. പോരാത്തതിന്, കുട്ടികളുടെ നൂറുകണക്കായ സോവിയറ്റ് ചലച്ചിത്രങ്ങളില്‍ മിക്കതിലുമുണ്ടായിരുന്നത് അനാഥരായ കുട്ടികള്‍ ബോര്‍ഡിങ് സ്‌കൂളുകളിലും തൊഴിലാളികള്‍ക്കിടയ്ക്കും സന്തോഷപൂര്‍വം കഴിയുന്ന ദൃശ്യങ്ങളായിരുന്നു.

സ്‌കൂളില്‍ രണ്ടോ മൂന്നോ മാസം പിന്നിടുമ്പോഴേക്കുതന്നെ കഠിനാധ്വാനം ചെയ്യാന്‍ ഞങ്ങളെ നിര്‍ബന്ധിക്കാന്‍ തുടങ്ങിയിരുന്നു. കാരണം, അടുത്തുതന്നെ 'ഒക്ടോബ്രിസ്റ്റ്സ്' എന്ന ചെറിയകുട്ടികള്‍ക്കുള്ള കമ്യൂണിസ്റ്റ് സംഘടനയിലേക്ക് ഞങ്ങളെ ചേര്‍ക്കേണ്ടതുണ്ടായിരുന്നു. 1917-ലെ ഒക്ടോബര്‍ വിപ്ലവത്തിന്റെ ഓര്‍മയ്ക്കായി രൂപവത്കരിച്ച ആ സംഘടനയില്‍ ഏഴുവയസ്സുമുതല്‍ അംഗത്വമെടുക്കാം. ആ സംഘടനയില്‍ ഞങ്ങളെ കാത്തിരിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പക്ഷേ, ഞങ്ങളുടെ സ്‌കൂള്‍ജീവിതം കൂടുതല്‍ രസകരമാവാന്‍ പോകുന്നതായി ഞങ്ങള്‍ ഉറച്ചുവിശ്വസിച്ചിരുന്നു. 

Content Highlights: Detstvo, Andrey Kurkov