സ്‌കൂള്‍ജീവിതം എനിക്ക് സമൂഹത്തിലേക്കുള്ള ഒരു പുതിയ വാതില്‍ തുറന്നുതന്നു. അപ്പാര്‍ട്ട്മെന്റിന്റെ മുറ്റത്ത് കൂട്ടുകാരുമായുള്ള എന്റെ കണ്ടുമുട്ടലുകള്‍ കുറഞ്ഞുവന്നു. കൂടുതല്‍ സമയവും ഞാന്‍ കളിച്ചിരുന്നത് എന്റെ സഹപാഠികള്‍ക്കൊപ്പമായിരുന്നു. അതിനുകാരണം, ഒന്നാംക്ലാസിലെത്തിയപ്പോള്‍ത്തന്നെ ഞങ്ങളില്‍ കുറേപ്പേര്‍ക്ക് 'ശേഖരണക്കമ്പം' പിടിപെട്ടതായിരുന്നു. സ്റ്റാമ്പ് ശേഖരണത്തിലാണ് ഞങ്ങള്‍ തുടക്കമിട്ടത്. ആ വിനോദം എന്റെ അക്കാദമിക വിജയത്തില്‍ എത്രത്തോളം പ്രധാനമായിരുന്നുവെന്ന് ഇപ്പോള്‍ ഞാനോര്‍ക്കുന്നു. ആദ്യംതന്നെ സ്റ്റാമ്പിന്റെ ഒരു ആല്‍ബം വാങ്ങിത്തരാന്‍ ഞാന്‍ അമ്മയോട് ആവശ്യപ്പെട്ടു. അത് കൈയില്‍ക്കിട്ടിയതില്‍പ്പിന്നെ കത്തുപെട്ടി ദിവസവും ഒട്ടേറെതവണ ഞാന്‍ പരിശോധിക്കാന്‍ തുടങ്ങി. അന്നൊക്കെ എന്റെ മാതാപിതാക്കള്‍ ഇതര നഗരങ്ങളില്‍ താമസിച്ചിരുന്ന കുടുംബാംഗങ്ങളുമായി വിവരങ്ങള്‍ കൈമാറിയിരുന്നത് കത്തുകളിലൂടെയായിരുന്നു. ഞങ്ങള്‍ക്കും വിവരങ്ങള്‍ ലഭിച്ചിരുന്നത് ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന കത്തുകളിലൂടെയും പോസ്റ്റ് കാര്‍ഡുകളിലൂടെയുമായിരുന്നു. നവംബര്‍ ഏഴിന്റെ ഒക്ടോബര്‍വിപ്ലവദിനം, മേയ് ഒമ്പതിന്റെ വിജയദിനം എന്നിവയോടനുബന്ധിച്ച് ഇത്തരം പോസ്റ്റ്കാര്‍ഡുകള്‍ ലഭിക്കുക പതിവായിരുന്നു.
 
കത്തുകളും പോസ്റ്റ്കാര്‍ഡുകളുമൊക്കെ വീട്ടിനുള്ളിലേക്ക് കൊണ്ടുവന്നിരുന്നത് ഞാനാണ്. കവറിലെ സ്റ്റാമ്പില്‍ ചൂട് തട്ടത്തക്ക വിധത്തില്‍ ഗ്യാസ്ലൈറ്റര്‍ കത്തിച്ചുപിടിക്കും. ചൂടുതട്ടി പശയുരുകി സ്റ്റാമ്പ് വേര്‍പെടുന്നതുവരെ അത് തുടരും. പിന്നീട് സ്റ്റാമ്പ് ഉണങ്ങാന്‍വെയ്ക്കും. ചിലപ്പോള്‍ ശരിയാക്കിയെടുക്കാന്‍ സ്റ്റാമ്പ് ഇസ്തിരിയിടുകപോലും ചെയ്യുമായിരുന്നു. എന്റെ താത്പര്യം കണ്ടറിഞ്ഞ അച്ഛന്‍ പോസ്റ്റോഫീസുകളില്‍നിന്നും സ്റ്റാമ്പ് ശേഖകരില്‍നിന്നും സ്റ്റാമ്പുകള്‍ വാങ്ങിനല്‍കാമെന്ന് വാഗ്ദാനംചെയ്തു. പഠനവിഷയങ്ങളില്‍ ഉയര്‍ന്ന ഗ്രേഡ് വാങ്ങണമെന്ന നിബന്ധനയോടെയായിരുന്നു അത്. ഇത്തരത്തില്‍ പ്രോത്സാഹനം കിട്ടിയിരുന്നതിനാല്‍ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ ഞാന്‍ അത്യധ്വാനം ചെയ്യാന്‍ തുടങ്ങി. 

വല്ലപ്പോഴുമൊക്കെ സ്റ്റാമ്പ് ശേഖരം ഞങ്ങള്‍ സ്‌കൂളില്‍ കൊണ്ടുപോകാറുണ്ടായിരുന്നു. ചിലതിന്റെയൊക്കെ പകര്‍പ്പുകള്‍ പരസ്പരം കൈമാറാറുമുണ്ട്. അന്നൊക്കെ സ്റ്റാമ്പ് വില തീരേ ചെറുതായിരുന്നില്ല. അതുകൊണ്ടുതന്നെ ചിലയിനം സ്റ്റാമ്പുകള്‍ വാങ്ങുക എല്ലാവര്‍ക്കും എളുപ്പമായിരുന്നില്ല. അപൂര്‍വമായി ലഭിക്കുന്ന സ്റ്റാമ്പുകള്‍, പ്രത്യേകിച്ചും പോസ്റ്റോഫീസുകള്‍വഴി വിതരണംചെയ്യാത്തവയും ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സ്റ്റാമ്പുകളും വില്‍ക്കുന്ന കരിഞ്ചന്തയുണ്ടെന്ന് എനിക്ക് മനസ്സിലായി. ആന്റിഗ്വ, ബാര്‍ബഡോസ് എന്നിവിടങ്ങളിലെ സ്റ്റാമ്പുകളായിരുന്നു ഏറെ പ്രശസ്തം. എങ്ങനെയാണ് ഇവയൊക്കെ സോവിയറ്റ് യൂണിയനില്‍ എത്തിയിരുന്നതെന്ന് എനിക്കിതുവരെ മനസ്സിലായിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പ്, സോവിയറ്റ് ചാരസംഘടനയായ കെ.ജി.ബി.യുമായി ബന്ധപ്പെട്ട, ഈ രാജ്യങ്ങളിലൊക്കെ യാത്രാനുമതിയുണ്ടായിരുന്ന ചില സോവിയറ്റുകാര്‍തന്നെ ഇത് കള്ളക്കടത്തുവഴി എത്തിക്കുകയായിരുന്നു. ഇത്തരം സ്റ്റാമ്പുകളാണ് കരഞ്ചന്തവഴി വിറ്റഴിക്കപ്പെട്ടിരുന്നത്. ഒരു സ്റ്റാമ്പിന് 50 കോപെക്(റൂബിളിന്റെ നൂറിലൊന്ന്, ഇന്നത്തെ 1.07 രൂപയ്ക്കുതുല്യം) ആയിരുന്നു വില. ചിലപ്പോള്‍ ഞാനും അച്ഛനുംകൂടി ഇത്തരം കരിഞ്ചന്തകളില്‍ പോകാറുണ്ടായിരുന്നു. ഒന്നോ, ചിലപ്പോള്‍ രണ്ടോ സ്റ്റാമ്പ് അച്ഛന്‍ എനിക്ക് വാങ്ങിത്തരാറുണ്ടായിരുന്നു. വലിയ അദ്ഭുതത്തോടെയാണ് എന്റെ കൂട്ടുകാര്‍ ഈ സ്റ്റാമ്പുകള്‍ നോക്കിയിരുന്നത്. ഞങ്ങളെ സംബന്ധിച്ച്, സോവിയറ്റ് യൂണിയന് പുറത്തുള്ള ലോകം ഉത്തരമില്ലാത്തൊരു സമസ്യയായിരുന്നു. വിവിധ സ്റ്റാമ്പുകളിലൂടെയാണ് ഞങ്ങള്‍ മറ്റു രാജ്യങ്ങളെക്കുറിച്ചുള്ള ധാരണയുണ്ടാക്കിയിരുന്നതും അവിടേക്കുള്ള യാത്രകള്‍ സ്വപ്നംകാണുകയും ചെയ്തിരുന്നത്.  

ക്ലാസിലെ സമ്പന്നരായ കുട്ടികള്‍ സ്റ്റാമ്പ് ശേഖരണത്തിലേര്‍പ്പെട്ടപ്പോള്‍, പാവപ്പെട്ട കുട്ടികള്‍ പുതിയൊരു വിനോദപരിപാടി ചെയ്തുകൊണ്ടിരുന്നു- മിഠായിക്കടലാസ് ശേഖരണം. മിഠായിയുടെ പേരും അതിന്റെ പ്രധാന വിവരണവും മുകളില്‍ വരുന്ന രീതിയിലാണ് അവ മടക്കിയിരുന്നത്. ഇത്തരം മിഠായിക്കടലാസുകള്‍ പണമായിപ്പോലും കരുതിയിരുന്നു. കൂടുതല്‍ വിലയുള്ള മിഠായിയുടെ കവറുകള്‍ കൂടുതല്‍ മൂല്യമുള്ള കറന്‍സിയായി കരുതിപ്പോന്നു. ഇതിലെ ഏറ്റവും മൂല്യമേറിയ കറന്‍സി 'ഗള്ളിവര്‍' എന്ന ചോക്കലേറ്റിന്റെ കവറായിരുന്നു; സോവിയറ്റ് യൂണിയനിലെ വിലയേറിയ മിഠായിയായിരുന്നു അത്. ഈ കവര്‍ 'തുസിക്', 'പൈനാപ്പിള്‍' എന്നീ മിഠായികളുടെ മൂന്ന് കവറുകള്‍ക്ക് തുല്യമായിരുന്നു. ഒരു നായയുടെ ചിത്രമുള്ള കവറായിരുന്നു തുസിക്കിന്റേത്. 

ആകാംക്ഷയും ജിജ്ഞാസയുമൊക്കെ എന്താണെന്ന് ഞങ്ങളെ അക്ഷരാര്‍ഥത്തില്‍ പഠിപ്പിച്ചത് ആ മിഠായിക്കടലാസുകളാണ്. സോവിയറ്റ് യൂണിയനില്‍ അന്ന് അത്രയൊന്നും വ്യത്യസ്തങ്ങളായ മിഠായികളുണ്ടായിരുന്നില്ല. വെറും മിഠായിക്കടലാസ് ശേഖരണം മാത്രമല്ല ഞങ്ങള്‍ ചെയ്തിരുന്നത്. അതുകൊണ്ട് ഞങ്ങളൊരു കളികളിക്കുമായിരുന്നു; എവിടെയും ആര്‍ക്കും കളിക്കാവുന്ന ഒന്ന്. ക്ലാസ് നടക്കുന്ന സമയത്ത് പിന്‍ബെഞ്ചിലിരുന്നുപോലും ആ കളി സാധ്യമായിരുന്നു. രണ്ടുപേര്‍ ചേര്‍ന്നാണ് ആ കളി കളിച്ചിരുന്നത്. തുല്യമൂല്യമുള്ള മിഠായിക്കടലാസ് അതിലെ ചിത്രം മുകളില്‍ വരുന്ന രീതിയില്‍ ഓരോ കളിക്കാരനും ഇടും. ഉദാഹരണത്തിന്, ഒരാള്‍ ഗള്ളിവറിന്റെ ഒരു കവര്‍ ഇട്ടാല്‍ അടുത്തയാള്‍ സമാനമായ കവറോ അല്ലെങ്കില്‍ മൂന്ന് തുസിക് കവറുകളോ അതുമല്ലെങ്കില്‍ അഞ്ച് ഡച്ചസ്(കുറഞ്ഞ വിലയുള്ള മിഠായി) കവറുകളോ ഇടണം. അടുത്ത പടി നാണയം ടോസ് ചെയ്യലാണ്. ആരുടേതാണ് ആദ്യ ഊഴം എന്നറിയാനാണിത്. ഊഴം ലഭിക്കുന്നയാള്‍, കൈത്തലത്തിന്റെ പുറംഭാഗം മുകളില്‍ വരത്തക്കവിധം തലകീഴായ ബോട്ടിന്റെ രൂപത്തില്‍ മിഠായിക്കടലാസുകളുടെ മുകളില്‍ കൈ വെയ്ക്കണം. തുടര്‍ന്ന് പെട്ടെന്ന് കൈ മുകളിലേക്കുയര്‍ത്തണം. ആ ശക്തിയില്‍ ഏതെങ്കിലും മിഠായിക്കടലാസ് തല തിരിച്ചിടാന്‍ കഴിഞ്ഞാല്‍ അത് അയാളുടെ സ്വന്തമാകും. ഇത് ഓരോരുത്തരും മാറിമാറി ചെയ്ത് മിഠായിക്കടലാസുകള്‍ സ്വന്തമാക്കും. ഒരു ശ്രമത്തില്‍ ഒരു കടലാസുപോലും സ്വന്തമാക്കാനാവാത്തവര്‍ മുകളിലുള്ള മിഠായിക്കടലാസിന് തുല്യമായതൊന്ന് കൈയില്‍നിന്നിടണം. ഇതേകളി ഞങ്ങള്‍ പിന്നീട് സ്റ്റാമ്പ് ഉപയോഗിച്ചും കളിക്കാന്‍ തുടങ്ങി. പക്ഷേ, സാധാരണസ്റ്റാമ്പുകള്‍ മാത്രമാണ് ഇതിനായി ഉപയോഗിച്ചിരുന്നത്; വിലകൂടിയതോ അപൂര്‍വമായതോ ഉപയോഗിച്ചിരുന്നില്ല. 

ഇത്തരത്തിലുള്ള വിവിധ ശേഖരണങ്ങള്‍, സംഗീതോപകരണങ്ങള്‍ വായിക്കല്‍, സ്‌പോര്‍ട്സ് -ഇതൊക്കെയായിരുന്നു ഞങ്ങളെപ്പോലുള്ള സ്‌കൂള്‍ കുട്ടികളുടെ പ്രധാന വിനോദങ്ങള്‍. കുട്ടികള്‍ക്ക് ഉചിതമായ 'ജോലികള്‍ നല്‍കി അവരെ രാവിലെ മുതല്‍ രാത്രിവരെ 'ബിസി' ആക്കി നിര്‍ത്താന്‍ രക്ഷാകര്‍ത്താക്കളുടെ എല്ലാ യോഗങ്ങളിലും അധ്യാപകര്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. കുട്ടികള്‍ തെരുവിലിറങ്ങാതിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അത്. 'തെരുവ്' എന്നതുകൊണ്ട് ഉദ്ദേശിച്ചിരുന്നത് ഹൂളിഗന്‍സും (തെരുവുതെമ്മാടികള്‍) അലസന്മാരും മോശം സ്വഭാവവുമുള്ള കുട്ടികള്‍ കൂടിച്ചേരുന്ന ഇടമെന്നാണ്. അവിടെ ചില കുട്ടികള്‍ ആറ്-ഏഴ് വയസ്സൊക്കെ ആകുമ്പോഴേക്കും പുകവലിക്കാനും മദ്യപിക്കാനുമൊക്കെ തുടങ്ങുമായിരുന്നു. 

ഞങ്ങളുടെ പ്രദേശത്ത്, അപ്പാര്‍ട്ട്മെന്റുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ഇടയിലുള്ള തെരുവുകളില്‍ മദ്യപിക്കുന്ന കുട്ടികളൊന്നും ഉണ്ടായിരുന്നില്ല. പ്രശ്‌നങ്ങളുള്ളതോ മദ്യപരായ മാതാപിതാക്കളുള്ളതോ ആയ കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ അവിടെയുണ്ടായിരുന്നു. എന്നാല്‍, അവരധികവും പുറത്തേക്കിറങ്ങിയിരുന്നില്ല. പുറത്തേക്കിറങ്ങുന്നവരാകട്ടെ മറ്റുകുട്ടികളെപ്പോെലത്തന്നെ സാധാരണമായി പെരുമാറാന്‍ ശ്രമിക്കുന്നവരായിരുന്നു. ആകെയുള്ള വ്യത്യാസമെന്തെന്നാല്‍, അവര്‍ കൂടുതല്‍ വിശപ്പുള്ളവരായിരുന്നു. മറ്റു കുട്ടികളോട് തങ്ങളെ അവരുടെ അപ്പാര്‍ട്ട്മെന്റുകളിലേക്ക് ക്ഷണിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെത്തുന്ന അവര്‍ക്ക് ആ വീട്ടിലെ കുട്ടികള്‍ ഭക്ഷണം നല്‍കുമായിരുന്നു. അങ്ങനെ വരുന്ന കുട്ടികള്‍ ചില ശേഖരണങ്ങളിലേര്‍പ്പെടാനും ശ്രദ്ധിച്ചിരുന്നു. തീപ്പെട്ടിക്കൂടുകള്‍, വിലകുറഞ്ഞ സിഗരറ്റിന്റെ കൂടുകള്‍, ബിയര്‍-വോഡ്ക കുപ്പികളിലെ ലേബലുകള്‍ തുടങ്ങിയവയാണ് അവര്‍ പ്രധാനമായും ശേഖരിച്ചിരുന്നത്. ഇത്തരം വിനോദങ്ങള്‍ കൂട്ടുകാരെ അദ്ഭുതപ്പെടുത്താനും കുടുംബപ്രശ്‌നങ്ങളെ മറികടക്കാനും അവരെ സഹായിച്ചിരുന്നു. 

ഒരിക്കല്‍, എന്റെ മൂത്ത ജ്യേഷ്ഠനും സിഗരറ്റ് കൂടുകള്‍ ശേഖരിക്കാന്‍ തുടങ്ങിയതായി എന്റെ ശ്രദ്ധയില്‍പ്പെട്ടു. വിദേശസിഗരറ്റിന്റെ കൂടുകളായിരുന്നു കൂടുതലും. സോവിയറ്റ് യൂണിയനില്‍ അവ കിട്ടുക പ്രയാസമായിരുന്നു. 'മള്‍ബറോ'യുടെയും 'കാമെല്‍'-ന്റെയും കൂടുകള്‍ കണ്ടപ്പോഴുണ്ടായ ജിജ്ഞാസ ഞാനിപ്പോഴുമോര്‍ക്കുന്നു. എന്റെ സഹോദരന്‍ മിഷ പതിനഞ്ചാം വയസ്സില്‍ സിഗരറ്റ് വലിക്കാന്‍ തുടങ്ങിയിരുന്നു. നേരത്തേ പറഞ്ഞ 'തെരുവി'ന്റെ സ്വാധീനമായിരുന്നു കാരണം. അവനെ സംഗീതത്തിലോ സ്‌പോര്‍ട്സിലോ തത്പരനാക്കാന്‍ അമ്മയ്ക്ക് കഴിഞ്ഞിരുന്നുമില്ല. നന്നായി വായിക്കുന്ന ആളായിരുന്നു മിഷ; പ്രത്യേകിച്ചും സോവിയറ്റ് യൂണിയനില്‍ നിരോധിച്ച പുസ്തകങ്ങള്‍. രാജ്യത്തെ നിയമവ്യവസ്ഥ ഇഷ്ടപ്പെടാത്ത, വിമര്‍ശനാത്മകമായി ചിന്തിക്കുന്നവരുടെകൂടി ഇടമായ 'തെരുവി'ന്റെ സ്വാധീനം അതിലും പ്രകടമായിരുന്നു. 

മറ്റുകുട്ടികളുടെ മുന്നില്‍ വ്യത്യസ്തനാവാന്‍ ഓരോ കുട്ടിയും ആഗ്രഹിച്ചിരുന്നു. ഞാനും അങ്ങനെത്തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, സ്റ്റാമ്പ്, ബാഡ്ജ്, നാണയ ശേഖരണങ്ങള്‍ക്കുശേഷം ഞാന്‍ കള്ളിമുള്‍ച്ചെടികള്‍ ശേഖരിക്കാന്‍ തുടങ്ങി. കള്ളിച്ചെടിപ്രേമികള്‍ക്കായുള്ള കിയേവിലെ ക്ലബ്ബില്‍ ഞാന്‍ അംഗമാവുകപോലും ചെയ്തു. അവയുടെ വൈവിധ്യവും പരദേശത്വവും എന്നെ ഭ്രമിപ്പിച്ചിരുന്നു. ഇക്കാര്യത്തിലും മാതാപിതാക്കള്‍ എനിക്ക് എല്ലാ പിന്തുണയും നല്‍കി. അതുകൊണ്ടുതന്നെ, പുതിയ ചെടികളുടെ വിത്തുകള്‍ വാങ്ങാന്‍ അവരെനിക്ക് നിശ്ചിത പോക്കറ്റ് മണി നല്‍കാറുണ്ടായിരുന്നു. ഭാവിയില്‍ ഞാനൊരു സസ്യശാസ്ത്രജ്ഞനാവുമെന്നുപോലും അവര്‍ പറഞ്ഞിരുന്നു! ഓരോ കള്ളിച്ചെടിയുടെയും പേര് ലാറ്റിന്‍ ഭാഷയിലായിരുന്നതിനാല്‍ എന്തുകൊണ്ട് അതിന് ആ പേര് വന്നുവെന്ന് മനസ്സിലാക്കാനായി ഏറെ താമസിയാതെ ഞാന്‍ ലാറ്റിന്‍ പഠിക്കാന്‍ തുടങ്ങി. കള്ളിച്ചെടികളുടെ എന്റെ ശേഖരം പെട്ടെന്നുതന്നെ എഴുന്നൂറിലേക്കെത്തി. ചെടികള്‍ക്കായി കുടങ്ങള്‍ക്കുപകരം, കുട്ടികള്‍ക്ക് കളിക്കാനായി നല്‍കിയിരുന്ന ക്യൂബിന്റെ ഒരു വശം മുറിച്ചാണ് ഞാന്‍ ഉപയോഗിച്ചിരുന്നത്. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍ അടുക്കളയുടേതൊഴികെയുള്ള ജനാലകള്‍ക്കു സമീപം പ്രത്യേകം തട്ടുകളുണ്ടാക്കിയാണ് ചെടികള്‍ സൂക്ഷിച്ചിരുന്നത്. എളുപ്പം സൂര്യവെളിച്ചം കിട്ടാന്‍കൂടി ഉദ്ദേശിച്ചായിരുന്നു അത്. ചെടികളുടെ തടസ്സംകാരണം അപ്പാര്‍ട്ട്മെന്റിനുള്‍വശം കൂടുതല്‍ ഇരുട്ട് നിറഞ്ഞതായി. ചെടികള്‍ ഇല്ലാത്തതുകൊണ്ടുതന്നെ, ഏറ്റവും പ്രകാശമാനമായ ഭാഗം അടുക്കളയായിരുന്നു. അന്നത്തെ സോവിയറ്റ് അടുക്കളകള്‍ മറ്റൊരു കാരണംകൊണ്ടുകൂടി പവിത്രമായിരുന്നു; എന്റെ സഹോദരനെ സംബന്ധിച്ച് പ്രത്യേകിച്ചും. അതേക്കുറിച്ച് ഞാന്‍ പിന്നീടു പറയാം...

Content Highlights:  Andrey Kurkov, Detstvo