വര്‍ഷാരംഭത്തിലെ അവധിക്കാലത്തിനുശേഷം വേനലവധിക്കുവേണ്ടിയുള്ള ഞങ്ങളുടെ കാത്തിരിപ്പ് തുടങ്ങും. കാലം അതിദ്രുതം മുന്നോട്ടുകുതിച്ചുകൊണ്ടിരുന്നു. മാര്‍ച്ച് അവസാനത്തോടെ വസന്തകാലത്തിന് സ്വാഗതമോതി ശിശിരം പിന്‍വാങ്ങിത്തുടങ്ങും. പകലിന് നീളം കൂടും. കൂടുതല്‍ സമയവും വീടിനുപുറത്ത് ചെലവഴിക്കാനായിരിക്കും ഞങ്ങളുടെ ശ്രമം. ഇക്കാലത്ത് മുറ്റത്തെ കളി ഞങ്ങള്‍ ഉപേക്ഷിക്കാറാണ് പതിവ്. ഒത്തുചേരാന്‍ കുറച്ചുകൂടി നല്ലൊരു സ്ഥലം ഞങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു. കെട്ടിടങ്ങള്‍ക്കുപിറകിലായിട്ടായിരുന്നു അത്. ആപ്പിള്‍മരങ്ങള്‍ തലയുയര്‍ത്തിനിന്നിരുന്ന ഒരു വലിയ പൂന്തോട്ടപ്പാര്‍ക്ക് ഉണ്ടായിരുന്നു അവിടെ. അവിടെവെച്ചാണ് ഞങ്ങള്‍ ആശയങ്ങള്‍ കൈമാറിയിരുന്നത്, സാഹസികതകള്‍ക്ക് പദ്ധതിയിട്ടിരുന്നത്. ഈ സമയത്താണ് അമ്മമാര്‍ ജനാലയിലൂടെ പുറത്തേക്കുനോക്കിയോ ബാല്‍ക്കണിയില്‍ വന്ന് എത്തിനോക്കിയോ ഉറക്കെ വീട്ടിലേക്ക് ഞങ്ങളെ തിരികെവിളിച്ചിരുന്നത്. 'ദിമാ... ശ്വേതാ... വീട്ടിലേക്കു വരൂ..., ആന്ദ്രെ പെട്ടെന്ന് വരൂ...' പക്ഷേ, ആരും ആ വിളികള്‍ക്ക് ചെവികൊടുത്തിരുന്നില്ല. മൈതാനത്തെ മണല്‍പ്പെട്ടിയില്‍ മുത്തശ്ശിമാരുടെ മേല്‍നോട്ടത്തിലാണ് കൊച്ചുകുട്ടികള്‍ കളിച്ചിരുന്നത്. സ്‌കൂളില്‍ പോകാന്‍ തുടങ്ങിയവര്‍ പിന്നെയും ദൂരെയാണ് കളിച്ചിരുന്നത്.
പൂന്തോട്ടപ്പാര്‍ക്കിന് പിന്നിലായി, ഷെര്‍ബകോവ തെരുവിലെ ജില്ലാ അങ്ങാടിക്ക് സമീപത്തായാണ് മെഷീന്‍ ടൂള്‍ പ്ലാന്റിലെ സ്ത്രീകള്‍ക്കായുള്ള അഞ്ചുനില ഹോസ്റ്റല്‍ക്കെട്ടിടം നിലയുറപ്പിച്ചിരുന്നത്. വൈകുന്നേരങ്ങളില്‍ ഹോസ്റ്റല്‍ക്കെട്ടിടത്തിന് സമീപത്തുനിന്ന് ചില മുരളലുകളും പാട്ടുകളും ചില അപവാദങ്ങളുമൊക്കെ ഉയരുക പതിവായിരുന്നു. ഇതേ പ്ലാന്റിലെ പുരുഷന്മാരുടെ ഹോസ്റ്റലില്‍നിന്നുള്ളവര്‍ വനിതാഹോസ്റ്റലിലേക്ക് കയറാന്‍ ആവുംവിധം ശ്രമിച്ചുകൊണ്ടിരുന്നു. തെരുവില്‍നിന്നുള്ള മറ്റുപുരുഷന്മാരും ഇതേ ശ്രമം നടത്താറുണ്ടായിരുന്നു. ഇക്കാര്യത്തില്‍ ആരെങ്കിലും വിജയിച്ചിട്ടുണ്ടെങ്കില്‍ അത് താഴെനിലയിലെ ഏതെങ്കിലും മുറിയുടെ ജനാലവഴിയായിരിക്കുമെന്നുറപ്പാണ്. പ്രധാന ഗേറ്റിലൂടെ ഇത്തരക്കാര്‍ക്ക് അകത്തുകയറുക അസാധ്യമാണ്. അവിടെ 'അധികാരപ്പെട്ടവരല്ലാത്തവര്‍ക്ക് പ്രവേശനമില്ല' എന്ന് എഴുതിവെച്ചിട്ടുണ്ടായിരുന്നു. മാത്രവുമല്ല, വാതിലിനരികെ കാവലിരുന്ന സ്ത്രീ വളരെ കര്‍ക്കശക്കാരിയുമായിരുന്നു.
രാത്രി ഞങ്ങള്‍ ആ ഹോസ്റ്റലിനരികിലേക്ക് തിരിക്കും, പ്രകാശമാനമായ അതിന്റെ ജനാലകളിലേക്ക് നോക്കും. രാത്രി വൈകിയും ജനാലയിലൂടെ പ്രകാശം വരുന്നുണ്ടെങ്കില്‍ മിക്കവാറും ആ മുറിയില്‍ അനധികൃത ആണതിഥികള്‍ ഉണ്ടെന്നര്‍ഥം. പ്ലാന്റിലെ നാലുസ്ത്രീകള്‍ക്കായാണ് ഒരു മുറി അനുവദിച്ചിരുന്നത്. അല്പവസ്ത്രധാരിയായ ഏതെങ്കിലും യുവതി ഹോസ്റ്റലിലെ ജനാലയ്ക്കല്‍ വരുന്നതുംകാത്ത് ഞങ്ങള്‍ പൂന്തോട്ടത്തിന്റെ അതിരിലിരിക്കും. ചില സമയങ്ങളില്‍ ഏതെങ്കിലുമൊരു യുവതി ഒരു പുരുഷനൊപ്പം ജനാല്‍ക്കല്‍ വരും. ജനാലയ്ക്കല്‍ തുറന്ന് അവര്‍ പുകവലിക്കും. അവരവിടെ എന്തെടുക്കുകയായിരുന്നുവെന്ന് അതോടെ വ്യക്തമാകും. കാരണം, സാധാരണനിലയില്‍ അവര്‍ അല്പവസ്ത്രധാരികളായിരിക്കും. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, പകുതി വസ്ത്രങ്ങള്‍ അഴിച്ചനിലയിലായിരിക്കും.
അവര്‍ സംസാരിച്ചുകൊണ്ടാണ് പുകവലിക്കുന്നതെങ്കില്‍ ആ സംഭാഷണങ്ങള്‍ ഞങ്ങള്‍ക്ക് കേള്‍ക്കാം. ശരിയാണ്, ആ സമയത്തൊക്കെ മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ അനാരോഗ്യകരമാംവിധമുള്ളൊരു താത്പര്യം ഞങ്ങള്‍ പുലര്‍ത്തിയിരുന്നു. ചിലപ്പോള്‍ ആ കെട്ടിടം കാവല്‍ക്കാരിയുടെ നിതാന്ത നിരീക്ഷണത്തിലായിരിക്കും. പുരുഷന്മാരായ കടന്നുകയറ്റക്കാരെ പിടികൂടാന്‍ അവരൊരു വേട്ടക്കാരിയെപ്പോലെ ശ്രമിച്ചുകൊണ്ടിരിക്കും. ജനാലയ്ക്കല്‍ ഞങ്ങള്‍ കണ്ട കാര്യം അവര്‍ കണ്ടാല്‍ അവരുടെ മുറിയിലേക്കുപോയി അവിടെ നടക്കുന്ന 'അധാര്‍മിക'മായ കാര്യം പോലീസിനെ വിളിച്ചറിയിക്കും. തുടര്‍ന്ന് പോലീസ് സ്ഥിരം സൈറണ്‍ മുഴക്കിക്കൊണ്ട് അവരുടെ ജീപ്പിലെത്തും. ആ ശബ്ദം കേട്ടയുടന്‍ ആ മുറിയിലെ വെളിച്ചമണയും. തുടര്‍ന്ന് ബഹളം തുടങ്ങുകയായി. ആ മുറി ഏറ്റവും താഴെയോ ഒന്നാംനിലയിലോ ആണെങ്കില്‍ ഉള്ളിലുള്ള പുരുഷന്‍ ജനാലവഴി എളുപ്പം പുറത്തുചാടും. തുടര്‍ന്ന്, കൈയിലുള്ള ഷര്‍ട്ടും ജാക്കറ്റും ധരിക്കുന്നതിനിടെത്തന്നെ ഞങ്ങളിരിക്കുന്ന പൂന്തോട്ടപ്പാര്‍ക്കിന്റെ ഭാഗത്തേക്ക് ഓടും.
ആ മുറി മൂന്നാംനിലയിലോ അതിനു മുകളിലോ ആണെങ്കില്‍ കാര്യങ്ങള്‍ കുഴഞ്ഞുമറിയും. ചിലപ്പോള്‍ ആ പുരുഷന്‍, കൂട്ടുകാരിയെ സഹായിക്കാന്‍ തയ്യാറുള്ള താഴെനിലയിലെ ഏതെങ്കിലും സ്ത്രീയുടെ മുറിയില്‍കയറി ജനാലവഴി പുറത്തുചാടും. പക്ഷേ, ചിലപ്പോള്‍ പോലീസ് ഇത്തരം വലിഞ്ഞുകയറ്റക്കാരെ പിടികൂടും. തുടര്‍ന്ന് അവരെ ജില്ലാ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി നിയമലംഘനക്കുറ്റം ചുമത്തും. ആരെങ്കിലും എതിര്‍ത്താല്‍ അവര്‍ക്ക് 10 മുതല്‍ 15 ദിവസത്തേക്ക് സാമൂഹികസേവനം വിധിക്കും. തെരുവുകള്‍ അടിച്ചുവാരല്‍ ഉള്‍പ്പെടെയുള്ളവയാണ് ചെയ്യേണ്ടിയിരുന്നത്. ചിലപ്പോള്‍ അവര്‍ പോലീസ് സ്റ്റേഷനിലെ ഇടുങ്ങിയ സെല്ലില്‍ രാത്രി മുഴുവന്‍ കഴിച്ചുകൂട്ടേണ്ടിവരും.
ആ സമയത്ത് പോലീസുകാരെക്കുറിച്ചുള്ള എന്റെ മനോഭാവം തികച്ചും നല്ലതായിരുന്നു. എനിക്ക് അവരെ പേടിയേ ഇല്ലായിരുന്നു. സോവിയറ്റ് യൂണിയന്റെയും പില്‍ക്കാല റഷ്യയുടെയും ഗീതമെഴുതിയ സെര്‍ജി മിഖാല്‍കോവ് കുട്ടികള്‍ക്കായി എഴുതിയ 'അങ്കിള്‍ സ്റ്റെപാ-മിലിഷ്യാമാന്‍' എന്ന പുസ്തകം വായിച്ചതില്‍നിന്ന്, കുട്ടിക്കാലത്ത് ക്രീമിയയില്‍ തെരുവില്‍ വഴിയറിയാതെ ഒറ്റപ്പെട്ടപ്പോഴുണ്ടായ അനുഭവത്തില്‍നിന്നാണ് പോലീസുകാരെക്കുറിച്ചുള്ള എന്റെ മനോഭാവം രൂപപ്പെട്ടത്. താത്ത്വികമായി പറഞ്ഞാല്‍, പോലീസുകാര്‍ക്കെതിരേ ഒരു പ്രതിരോധം സൃഷ്ടിക്കേണ്ടത് നല്ലതാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍, ആപത്ഘട്ടങ്ങളില്‍ ജനങ്ങള്‍ സഹായംതേടുന്നവരെന്നനിലയില്‍ അവരോട് എനിക്കൊരു വിശ്വാസവുമുണ്ടായിരുന്നു.
ഒരിക്കല്‍ ഞാനും സുഹൃത്തുക്കളും വനിതാഹോസ്റ്റലിനരികെ ഇരിക്കുകയായിരുന്നു. ഞങ്ങള്‍ക്ക് മുഷിഞ്ഞുതുടങ്ങിയിരുന്നു. ഒരു ജനാല്‍ക്കലും ആവേശമുണര്‍ത്തുന്ന ഒന്നുമുണ്ടായിരുന്നില്ല. കൂട്ടുകാരിലൊരാളായ ഇഗോര്‍ മെല്‍നിചെങ്കോ ഒരു ചാരനെപ്പോലെ ആ കെട്ടിടം വലംവെയ്ക്കാന്‍ തുടങ്ങി. ഏകദേശം പത്തുമിനിറ്റിനുശേഷം ആവേശഭരിതനായി തിരിച്ചെത്തി. ''വരൂ... സ്ത്രീകള്‍ വസ്ത്രംമാറുന്ന മുറിയുടെ ജനാല ഞാന്‍ കണ്ടെത്തി!'' -അവന്‍ പറഞ്ഞു.
''ഏതു മുറിയുടെ?'' -കൂട്ടത്തിലൊരാള്‍ സംശയത്തോടെ ചോദിച്ചു.
''അവര്‍ ഷവര്‍ ഉപയോഗിക്കുന്ന മുറിയാണത്'' - കെട്ടിടത്തിന്റെ ഇടതുമൂലയിലേക്ക് ചൂണ്ടി അവന്‍ പറഞ്ഞു.
ഞങ്ങള്‍ കെട്ടിടത്തിന്റെ ചുമരിനടുത്തേക്ക് നീങ്ങി. രണ്ടരമീറ്റര്‍ ഉയരത്തില്‍, വെളിച്ചംവരുന്ന ആ ജനാല ഞങ്ങള്‍ കണ്ടു. താഴെ, ചുമരിനോടു ചേര്‍ന്ന് അവിടെ മരംകൊണ്ടുള്ള ഒരു കോണി വെച്ചിരിക്കുന്നത് കണ്ടു. ഇത്, നേരത്തേ മറ്റൊരാള്‍ക്ക് അറിയാവുന്ന, 'പെണ്‍ ലോകത്തേക്കുള്ള ജനാല'യാണെന്ന് ഉറപ്പായിരുന്നു. ഇഗോര്‍ ആ കോണിയിലേക്കു കയറി. തിരിഞ്ഞ് ഞങ്ങളെ നോക്കി മുഷ്ടിചുരുട്ടി തള്ളവിരല്‍ ഉയര്‍ത്തി 'സൂപ്പര്‍' എന്നമട്ടില്‍ കാണിച്ചു. ശബ്ദമുണ്ടാക്കാതെ, ജനാലവഴി ഉള്ളിലേക്കുനോക്കാന്‍ ഓരോരുത്തരായാണ് ആ കോണിയിലേക്ക് കയറിയത്. വസ്ത്രംമാറുന്ന മുറിയുടെ മേല്‍ത്തട്ടിനോടുചേര്‍ന്നായിരുന്നു ആ ജനാല. അതുകൊണ്ടുതന്നെ കോണിയില്‍ കയറി താഴോട്ടാണ് ഞങ്ങള്‍ നോക്കിയിരുന്നത്. ആ കാഴ്ചയെക്കുറിച്ച് എനിക്കിപ്പോള്‍ വ്യക്തമായൊന്നും ഓര്‍ക്കാനാവുന്നില്ല. ഇടയ്ക്ക് ആരോ 'പുറത്തേക്കുനോക്ക്' എന്ന് ഉറക്കെ പറഞ്ഞതുമാത്രമാണ് ഞാനോര്‍ക്കുന്നത്. അതോടെ എല്ലാവരും ചാടിയിറങ്ങി ഓടി. കോണിയില്‍ നില്‍ക്കുകയായിരുന്ന ഞാനും ചാടിയോടി. പക്ഷേ, ആരുടെയോ കരുത്തുറ്റ കരങ്ങള്‍ എന്നെ ചുമലില്‍ പിടിച്ചുനിര്‍ത്തി. 20 മിനിറ്റിനുള്ളില്‍, ഞങ്ങളിലെ ആറുപേരില്‍ ഞാനുള്‍പ്പെടെയുള്ള മൂന്നുപേര്‍ പോലീസ് സ്റ്റേഷനിലെത്തിയെന്ന് ഞങ്ങള്‍ തിരിച്ചറിഞ്ഞു. ഒരു യുവ പോലീസുകാരന്‍ ഞങ്ങളെ ചോദ്യംചെയ്യുകയായിരുന്നു. ഞങ്ങളുടെ വിലാസവും മാതാപിതാക്കളുടെ പേരും അവര്‍ എഴുതിയെടുത്തു.
''ഇതുപോലെ നിങ്ങളുടെ സഹോദരിയെയും നിങ്ങള്‍ നോക്കുമോ?'' -അയാള്‍ സുഖകരമല്ലാത്ത ശബ്ദത്തില്‍ ചോദിച്ചു.
''എനിക്ക് സഹോദരിയില്ല, ഒരു സഹോദരന്‍ മാത്രമാണുള്ളത്'' -ഞാന്‍ പറഞ്ഞു.
''അപ്പോള്‍, നിങ്ങളുടെ അമ്മയെയോ മുത്തശ്ശിയെയോ?'' - ദേഷ്യത്തോടെ അയാള്‍ ചോദിച്ചു.
''ദയവുചെയ്ത് ഇക്കാര്യം സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യരുത്. നിങ്ങള്‍ അങ്ങനെ ചെയ്താല്‍ അവരെന്നെ ഒരു മാര്‍ഗദര്‍ശിയായി കാണില്ല'' - ഞാനയാളോട് കെഞ്ചി. ചുണ്ടുകള്‍ കോട്ടി, ഞാനൊരു കൊടും കുറ്റവാളിയെന്ന മട്ടില്‍ അയാളെന്നെ നോക്കി. എനിക്ക് ലജ്ജതോന്നി. പിന്നീട് ഞാനൊന്നും പറഞ്ഞില്ല.
പിടിക്കപ്പെട്ട മൂന്നുപേരില്‍ എന്റെ വീട്ടില്‍ മാത്രമാണ് ഫോണുണ്ടായിരുന്നത്. അക്കാലത്ത് ഫോണ്‍ ഒരു അപൂര്‍വതയായിരുന്നു. അതുകൊണ്ടുതന്നെ മറ്റുള്ളവരേക്കാള്‍ ഭാഗ്യംകുറഞ്ഞവനായിരുന്നു ഞാന്‍. വീടിനടുത്തുള്ള, സ്ഥലത്തിന്റെ ചുമതലയുള്ള ഒരു പോലീസുകാരന്‍ മാതാപിതാക്കളെ കണ്ട് സംസാരിക്കാനെത്തുമെന്ന മുന്നറിയിപ്പോടെ അവര്‍ രണ്ടുപേരെയും വിട്ടയച്ചു. യഥാര്‍ഥത്തില്‍ അവരെ കാണാന്‍ പിന്നീട് ആരുമെത്തിയില്ല. എന്റെ വീട്ടിലേക്ക് അവര്‍ ഫോണ്‍ ചെയ്തു. എന്നെ കൊണ്ടുപോകാന്‍ അമ്മ ഓടിയെത്തി.
അതിന് എനിക്ക് വീട്ടില്‍ കിട്ടിയ ശിക്ഷ ഏറെ ദിവസം നീണ്ടുനിന്നു. ആ സംഭവത്തിനുശേഷം ആ ഹോസ്റ്റലിന്റെ ഏഴയലത്തേക്ക് ഞാന്‍ പോയിട്ടില്ല. പക്ഷേ, ആ പൂന്തോട്ടപ്പാര്‍ക്ക് എന്റെയും സുഹൃത്തുക്കളുടെയും ഒത്തുചേരല്‍ സ്ഥലമായി തുടര്‍ന്നു. ശരിയാണ്, പെട്ടെന്നുതന്നെ ആ സ്ഥലം അപകടംപിടിച്ചതായി മാറി. പൂന്തോട്ടപ്പാര്‍ക്കിനും പതിനാറാം നമ്പര്‍ ബ്ലോക്കിനുമിടയ്ക്ക് ഒഴിഞ്ഞ ഒരു സ്ഥലമുണ്ടായിരുന്നു. ആളുകള്‍ മാലിന്യമൊക്കെ തള്ളിയിരുന്ന ഒന്ന്. അതിന്റെ അവസാനം, പതിനാറാം നമ്പര്‍ ബ്ലോക്കിലെ ചിലര്‍ അനധികൃതമായി ചില നിലവറകളുണ്ടാക്കിയിരുന്നു; ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ സൂക്ഷിക്കാന്‍. അവിടെയുള്ള, അധികം കണ്ണില്‍പ്പെടാത്ത ചെറു കുന്നിലായിരുന്നു ഈ നിലവറകളെല്ലാം. ചെറിയ ചതുരങ്ങളായുള്ള ഈ അറകളെല്ലാം താഴിട്ട് പൂട്ടിയിരുന്നു. പക്ഷേ, ഇപ്പോള്‍, ആ ഒഴിഞ്ഞ സ്ഥലത്തിനടുത്തായി, പതിനാറാം നമ്പര്‍ ബ്ലോക്കിലെ കുട്ടികളും ഷെര്‍ബകോവ തെരുവിലെ അവരുടെ ചങ്ങാതികളും തമ്മില്‍ ഇടയ്ക്കിടെ കശപിശയുണ്ടാകാറുണ്ട്.
ഷെര്‍ബകോവ ഞങ്ങളുടെ ജില്ലയിലെത്തന്നെ പ്രധാന തെരുവാണ്. അവിടത്തെ കുട്ടികളും കൗമാരക്കാരും കടുപ്പക്കാരും ജില്ലയിലെ 'രാജാക്കന്മാരു'മായി അറിയപ്പെടാന്‍ ആഗ്രഹിച്ചിരുന്നു. ചിലപ്പോള്‍ അവര്‍ ഞങ്ങളുടെ തെരുവായ ടുപൊലേവയില്‍നിന്നുള്ളവരെ പിടികൂടി ക്രൂരമായി മര്‍ദിക്കുമായിരുന്നു. ഇപ്പോഴെനിക്ക് തോന്നുന്നത്, അതെല്ലാം പൂന്തോട്ടപ്പാര്‍ക്കിന്റെ നിയന്ത്രണത്തിനുവേ ണ്ടിയുള്ളതായിരുന്നുവെന്നാണ്. ടുപൊലേവ തെരുവിന്റെ അതിര്‍ത്തിയില്‍ തുടങ്ങി ഷെര്‍ബകോവ തെരുവിലെ വനിതാ ഹോസ്റ്റല്‍വരെ നീളുന്നതായിരുന്നു പാര്‍ക്ക്.
ഒരിക്കല്‍, ടുപൊലേവ തെരുവിലെ കുട്ടികളുടെ നേതാക്കള്‍ 50 പേരെ സംഘടിപ്പിച്ചു. ഷെര്‍ബകോവ തെരുവിലെ കുട്ടികളുമായി ഏറ്റുമുട്ടാന്‍ തയ്യാറാണെന്ന് സമ്മതിച്ചവരായിരുന്നു അവര്‍. ആ 'യുദ്ധ'ത്തിന് ഒരു സ്ഥലവും സമയവും കുറിക്കപ്പെട്ടു. ആ സംഘത്തില്‍ ഞാനും എന്റെ ഉറ്റചങ്ങാതി സാഷ സൊളോവീവും അംഗങ്ങളായിരുന്നു. കുറച്ചുദിവസംമുമ്പ് ആ പൂന്തോട്ടപ്പാര്‍ക്കില്‍വെച്ച് ഷെര്‍ബകോവയില്‍നിന്നുള്ളവര്‍ സാഷയെ മര്‍ദിച്ചിരുന്നു. സൂര്യാസ്തമയമായിരുന്നു നിശ്ചയിച്ച സമയം. അത് ഏറെ സംശയകരമായി എനിക്ക് തോന്നി. പാതിവെളിച്ചത്തിലോ ഇരുട്ടിലോ ഏറ്റുമുട്ടുന്നത് ഏറെ അപകടംപിടിച്ചതാണ്.
നിശ്ചയിച്ച സമയത്തിനും ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ പൂന്തോട്ടപാര്‍ക്കിലെത്തി. ഒരരികിലൂടെ മരങ്ങളുടെ മറപറ്റി ഞാന്‍ ഷെര്‍ബകോവ ലക്ഷ്യമാക്കി നീങ്ങി. പാര്‍ക്കിന്റെ അറ്റത്തായി ഞങ്ങളോട് ഏറ്റുമുട്ടാന്‍ തയ്യാറായി നില്‍ക്കുന്ന ഒരുകൂട്ടം കുട്ടികളെ ഞാന്‍ കണ്ടു. ചിലരുടെ കൈയില്‍ ഇരുമ്പുചങ്ങലകളും മറ്റുള്ളവരുടെ കൈയില്‍ വടികളുമുണ്ടായിരുന്നു. അത്തരമൊരു ഏറ്റുമുട്ടലിന്റെ വരുംവരായ്കകളെക്കുറിച്ച് എത്രത്തോളം പേടിയുണ്ടായിരുന്നുവെന്ന് ഇന്ന് ഞാന്‍ ഓര്‍ക്കുന്നു. കൈകൊണ്ട് മാത്രമുള്ള, നിഷ്‌കപടമായ ഏറ്റുമുട്ടലിനാണ് ഞങ്ങള്‍ പദ്ധതിയിട്ടിരുന്നത്.
രണ്ടാമതൊന്നാേലാചിക്കാതെ ഞാന്‍ ഷെര്‍ബകോവ തെരുവിലെ പ്രാദേശിക കച്ചവട കേന്ദ്രത്തിലേക്കോടി. അവിടെ ഒട്ടേറെ പൊതു ടെലിഫോണ്‍ ബൂത്തുകളുണ്ടായിരുന്നു. അതിലേറ്റവും അടുത്തുള്ള ഒന്നിലെത്തി ഞാന്‍ '02' എന്ന പോലീസിന്റെ നമ്പര്‍ ഡയല്‍ചെയ്തു. പൂന്തോട്ടപ്പാര്‍ക്കില്‍ ഒരു വലിയ അടിപിടി നടക്കാന്‍ പോകുന്നതായി അവരോട് പറഞ്ഞു. തുടര്‍ന്ന്, എന്റെ കൂട്ടുകാര്‍ ഒത്തുചേര്‍ന്ന സ്ഥലത്തേക്ക് ഞാന്‍ തിരിച്ചെത്തി. അപ്പോഴേക്കും ഷെര്‍ബകോവയിലെ 'സൈന്യ'ത്തിന്റെ ആരവം കേട്ടുതുടങ്ങിയിരുന്നു; കൂടെ, അവരുടെ കൈകളിലെ കറങ്ങുന്ന ചങ്ങലകളില്‍നിന്നുള്ള ശബ്ദവും. പൊടുന്നനെ പോലീസ് വണ്ടിയുടെ സൈറണില്‍ ഈ ആരവങ്ങള്‍ നിലച്ചു. ആ 'സൈന്യ'ത്തെ പോലീസ് വളഞ്ഞു. വടികളും ചങ്ങലകളുമായി വന്നവരെ അവര്‍ അറസ്റ്റ് ചെയ്തു. ആ സമയംകൊണ്ട് ഞങ്ങള്‍ സ്ഥലംകാലിയാക്കി. ആ 'യുദ്ധം' അതോടെ ഇല്ലാതായി; ദൈവത്തിന് നന്ദി! ആ കഥയില്‍ എന്റെ റോളിനെക്കുറിച്ച് ഞാനാരോടും പറഞ്ഞില്ല. ജീവിതത്തില്‍ ആദ്യമായാണ് അക്കാര്യം ഞാനിവിടെ എഴുതുന്നത്. അതിലെനിക്ക് അഭിമാനമോ കുറ്റബോധമോ തോന്നുന്നുമില്ല.
Content Highlights: Andrey Kurkov, Detstvo