1969 വരെ സോവിയറ്റ് യൂണിയനില്‍ കക്കൂസില്‍ ഉപയോഗിക്കുന്നതരം കടലാസുകള്‍ (ടോയ്​ലെറ്റ് പേപ്പര്‍) ഉണ്ടായിരുന്നില്ല. ഇതിനുപകരം എല്ലാവരും പത്രക്കടലാസുകളാണ് ഉപയോഗിച്ചിരുന്നത്. അതേസമയം, ഹാര്‍ഡ്​വെയർ ഷോപ്പുകളില്‍ കട്ടിയുള്ള മറ്റിനം കടലാസുകള്‍ ലഭ്യമായിരുന്നുതാനും. അവ രാജ്യത്താകെ പ്രശസ്തമായിരുന്നു; പ്രത്യേകിച്ചും ശരത്കാലത്ത്. വീതികുറഞ്ഞതും കട്ടികൂടിയതുമായ ഈ കടലാസുകള്‍, ജനാലകള്‍ തണുപ്പ് കയറാത്തവിധം വ്യക്തമായി അടയ്ക്കാന്‍ ഉപയോഗിച്ചിരുന്നു. ജനാലകള്‍ അടയ്ക്കുന്ന കാലം സെപ്റ്റംബര്‍ മധ്യത്തോടെയാണ് തുടങ്ങിയിരുന്നത്. വേനലിന്റെ അവസാനമാകുമ്പോഴേക്കും രാജ്യത്ത് എല്ലാവരും വൻ തോതില്‍ ഇത്തരം കടലാസുകളും പഞ്ഞിയും വാങ്ങി സൂക്ഷിക്കാറുണ്ടായിരുന്നു. 

ഹാര്‍ഡ്​വെയർ ഷോപ്പുകള്‍ക്ക് ചാകരക്കാലമാണത്. ജനാലകളിലെ ദ്വാരങ്ങളും ജനാലകള്‍ക്കും ചുമരുകള്‍ക്കുമിടയ്ക്കുള്ള ചെറിയ വിടവുകളും ആദ്യം പഞ്ഞികൊണ്ട് അടയ്ക്കും. ഇവയ്ക്കുമുകളില്‍, ഗോതമ്പുപൊടി വെള്ളത്തില്‍ കുഴച്ചെടുത്തുണ്ടാക്കുന്ന പശ ഉപയോഗിച്ച് കട്ടിക്കടലാസ് ഒട്ടിക്കും. അടുക്കള ജനാലകളില്‍ നിന്ന് തുടങ്ങി ഈ പ്രക്രിയ വീടിനുചുറ്റും നീളും. ജനാലകള്‍ക്കും ചുമരിനുമിടയ്ക്കുള്ള വിടവുകള്‍ പതിവായതിനാല്‍ തണുപ്പുകാലത്തിനു മുമ്പുള്ള ഈ ആവരണംതീര്‍ക്കല്‍ അനിവാര്യമായിരുന്നു. വേനലില്‍ ഈ വിടവുകള്‍ വീടിനുള്ളിലെ ചൂട് പുറന്തള്ളാന്‍ ഏറെ സഹായകമായിരുന്നു. തണുപ്പുകാലത്താവട്ടെ അവ ഉള്ള ചൂടിനെക്കൂടി ഇല്ലാതാക്കുകയും ചെയ്തു. അതുകൊണ്ട് ഇത്തരം ഒട്ടിക്കല്‍പണികള്‍, പുതുവത്സരാഘോഷങ്ങളും അവധിക്കാലവും പ്രതീക്ഷിച്ചുനില്‍ക്കുന്ന എന്റെ കലണ്ടറില്‍ ഇടംപിടിച്ചു.

എന്റെ കുട്ടിക്കാലത്ത് ഈ പശയുണ്ടാക്കുന്ന ചുമതല അമ്മമ്മ തെയ്സിയക്കായിരുന്നു. തണുപ്പുകാലത്ത് അമ്മയെ സഹായിക്കാന്‍ അവര്‍ ഞങ്ങളോടൊപ്പം വന്നുനില്‍ക്കാറുണ്ടായിരുന്നു. അമ്മയും ഞാനും ജ്യേഷ്ഠനും ചേര്‍ന്നാണ് പശചേര്‍ത്ത് കടലാസുകള്‍ ഒട്ടിച്ചിരുന്നത്. അച്ഛനെ വല്ലപ്പോഴുമാണ് ഞങ്ങള്‍ കണ്ടിരുന്നത്. അദ്ദേഹത്തിന് അക്കാലത്ത് രണ്ട് ജോലികളുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഏറെ വൈകിയാണ് അച്ഛന്‍ വീട്ടിലെത്തിയിരുന്നത്. തിരിച്ചെത്തിയാല്‍ അച്ഛന്‍ അടുക്കളയില്‍പ്പോയി ഇരിക്കും; ആ കൊച്ചുമുറിയിലെ നിശ്ശബ്ദതയും ഏകാന്തതയും ആസ്വദിച്ചുകൊണ്ട്. റെഫ്രിജറേറ്ററിലെ പുളിച്ച വെണ്ണയെടുത്ത് കഴിക്കും. അടുക്കള അച്ഛന് ഇഷ്ടമായിരുന്നു. പക്ഷേ, അമ്മമ്മയെ അച്ഛന് ഇഷ്ടമല്ലായിരുന്നു. പകല്‍ അടുക്കള അമ്മമ്മയുടെ സാമ്രാജ്യമായിരുന്നു; കാരണം, പാചകമെല്ലാം ചെയ്തിരുന്നത് അമ്മമ്മയായിരുന്നു. 

അമ്മമ്മ ഉറങ്ങിയശേഷം അടുക്കള അച്ഛന് സ്വന്തമായിരുന്നു. ചിലപ്പോള്‍ അച്ഛന്‍ വലിയ ശബ്ദത്തോടെ റെഫ്രിജറേറ്ററിന്റെ വാതിലടയ്ക്കും. ഇതുകേട്ട് ഉണര്‍ന്ന് അമ്മ അടുക്കളയില്‍പ്പോയി, എന്താണ് അച്ഛനവിടെ ചെയ്യുന്നതെന്ന് നോക്കും. ഇതുപോലെ ഒട്ടേറെത്തവണ അച്ഛന്‍ പുളിച്ച വെണ്ണ കഴിക്കുന്നതായി അമ്മ കണ്ടെത്തിയിരുന്നു. അച്ഛനെതിരായ ഈ ആരോപണം എന്റെ ഓര്‍മയില്‍ ഇപ്പോഴുമുണ്ട്. 'രാത്രി അച്ഛന്‍ പുളിച്ച വെണ്ണ കഴിക്കുന്നു!' അതിലെന്തെങ്കിലും തെറ്റുള്ളതായി എനിക്ക് തോന്നിയിരുന്നില്ല. പക്ഷേ, രാത്രിയില്‍മാത്രം പുളിച്ച വെണ്ണ കഴിക്കുന്നത് വിചിത്രമായി തോന്നിയിരുന്നു. പുളിച്ച വെണ്ണ കഴിച്ച് ഞങ്ങള്‍ക്കൊക്കെ മടുത്തിരുന്നു. സ്‌കൂളില്‍ എല്ലാ ദിവസവും ഞങ്ങള്‍ക്ക് 200 ഗ്രാം പുളിച്ച വെണ്ണ കിട്ടുമായിരുന്നു. ആരോഗ്യത്തിന് അത് ഏറെ നല്ലതാണെന്ന് സോവിയറ്റ് പോഷകാഹാരവിദഗ്ധര്‍ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെയാണ് എന്റെ അമ്മയും അമ്മമ്മയും അത് ദിവസേന വാങ്ങിയിരുന്നത്. ഞാനും ജ്യേഷ്ഠനും അത് വീട്ടില്‍നിന്ന് കഴിക്കുമെന്ന് കരുതിയായിരുന്നു അത്. പക്ഷേ, യഥാര്‍ഥത്തില്‍, രാത്രി എല്ലാവരും ഉറങ്ങുമ്പോള്‍ അച്ഛനാണ് അതെല്ലാം കഴിച്ചിരുന്നത്!

ജ്യേഷ്ഠന്‍ മിഷയുടെ സുഹൃത്തുക്കള്‍ അവനെ കാണാന്‍ വീട്ടില്‍ വരാറുള്ളപ്പോള്‍ അവര്‍ വാതിലടച്ച് അടുക്കളയിലാണ് ഇരിക്കാറുള്ളത്. എന്നെ അകത്തേക്ക് കയറ്റിയിരുന്നില്ല. അവിടെ അതിരഹസ്യമായി അവരെന്തെടുക്കുകയാണെന്ന് സങ്കല്പിക്കാന്‍ എനിക്ക് കഴിഞ്ഞിരുന്നുമില്ല. മാധുര്യമേറിയ എന്തോ വിഭവം അവര്‍ കഴിച്ചിരുന്നതായാണ് ഞാന്‍ കരുതിയിരുന്നത്. 'മാധുര്യം' എന്ന വാക്ക് ഞാന്‍ വലുതാവുന്നതിനൊപ്പം എന്റെ ദിനേനയുള്ള സംസാരഭാഷയില്‍ ധാരാളം വന്നുകൊണ്ടിരുന്നു. ഒട്ടേറെ ഉത്പന്നങ്ങള്‍ ദുര്‍ലഭമായിത്തുടങ്ങി. മിക്ക ദിവസങ്ങളിലും കഴിച്ചിരുന്ന ചിലത് മേശപ്പുറത്ത് കാണുന്നത് അവധിദിനങ്ങളിലും അപൂര്‍വം ചില ദിവസങ്ങളിലുമായിത്തുടങ്ങി. മാധുര്യമേറിയ വസ്തുക്കളെക്കുറിച്ച് ടെലിവിഷനിലെ തമാശക്കാര്‍വരെ കളിയായി പറഞ്ഞുതുടങ്ങി. സോവിയറ്റ് യൂണിയനില്‍ ആളുകള്‍ എന്തിനെയെങ്കിലും കുറിച്ച് തമാശ പറഞ്ഞുതുടങ്ങിയെന്നാല്‍ അത് ഗൗരവമേറിയതാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം!

സമീപവീടുകളിലുള്ളതോ കൂടെ ജോലിചെയ്യുന്നവരോ ആയ സ്ത്രീകള്‍ കാണാന്‍ വന്നാല്‍ അമ്മ അവരെ അടുക്കളയിലേക്കാണ് കൊണ്ടുപോയിരുന്നത്. എന്റെ സാന്നിധ്യം അവിടെയും വിലക്കപ്പെട്ടതായിരുന്നു. എന്തുകൊണ്ടാണ് അടുക്കളയില്‍ ജ്യേഷ്ഠന്‍ എന്നെ ഒഴിവാക്കിയിരുന്നതെന്ന് മനസ്സിലാക്കാന്‍ എനിക്ക് ഏറെ ബുദ്ധിമുട്ടായിരുന്നു. ഏറെ കഴിഞ്ഞാണ്, ജ്യേഷ്ഠനും കൂട്ടുകാരും വൈനോ ചിലപ്പോഴൊക്കെ വോഡ്കയോ കഴിച്ചുകൊണ്ടിരിക്കുമ്പോള്‍, നിരോധിത സാഹിത്യത്തെക്കുറിച്ചും രാഷ്ട്രീയ സംഭവങ്ങളെക്കുറിച്ചുമാണ് ചര്‍ച്ചനടത്തിയിരുന്നതെന്ന് എനിക്ക് മനസ്സിലായത്. ഒരിക്കല്‍, അടുക്കളയില്‍ ഇത്തരമൊരു കൂടിച്ചേരലില്‍ യാദൃച്ഛികമായി പ്രവേശിപ്പിക്കപ്പെട്ടപ്പോഴായിരുന്നു അത്. പക്ഷേ, എനിക്കവര്‍ വൈന്‍ തന്നില്ല. ആരെങ്കിലും ഒരു സുപ്രധാന രാഷ്ട്രീയകാര്യത്തെക്കുറിച്ച് പറയാന്‍ പോകുന്നതിനുമുമ്പായി ടാപ്പ് മുഴുവനായി തുറന്നുവെക്കും. അപ്പോള്‍ വാഷ്ബേസിനില്‍ വെള്ളം ഉച്ചത്തില്‍ വീഴുന്ന ശബ്ദം കേള്‍ക്കും. അക്കാലത്ത് രാഷ്ട്രീയതമാശകള്‍ പറഞ്ഞിരുന്നവരെ സുരക്ഷാ ഏജന്‍സിയായ കെ.ജി.ബി. നിരീക്ഷിക്കുകയും പിന്തുടരുകയും രഹസ്യമായി സ്ഥാപിച്ചിരുന്ന മൈക്രോഫോണിലൂടെ ശ്രദ്ധിക്കുകയും ചെയ്തിരുന്നതായി എല്ലാവരും വിശ്വസിച്ചിരുന്നു. ചിന്തിക്കുന്നവര്‍ക്കെല്ലാം ഒത്തുകൂടാനും ആശയക്കൈമാറ്റത്തിനും പറ്റിയ സ്ഥലം അടുക്കളയായതിനാല്‍ ഇത്തരം മൈക്രോഫോണുകള്‍ ഘടിപ്പിച്ചിരുന്നത് അടുക്കളയിലാണെന്നാണ് ഏറെപ്പേരും വിശ്വസിച്ചിരുന്നത്. ഇത്തരം ചര്‍ച്ചകളും സോവിയറ്റ്വിരുദ്ധ പരാമര്‍ശങ്ങളും കേള്‍ക്കുന്നതില്‍നിന്ന് മൈക്രോഫോണുകളെ അകറ്റിയിരുന്നത് ഇത്തരം വെള്ളടാപ്പുകളില്‍നിന്നുള്ള ശബ്ദമാണെന്നും ആളുകള്‍ വിശ്വസിച്ചിരുന്നു. സോവിയറ്റ് ചാരസിനിമകളില്‍നിന്നാണ് 'വെള്ളടാപ്പ്' ആശയം ഉരുത്തിരിഞ്ഞുവന്നത്. 

ജനാലകളിലെ ദ്വാരങ്ങള്‍ അടച്ചതിനുപിന്നാലെ തണുപ്പുകാലം വന്നെത്തി. 1960-കളിലെയും 1970-കളിലെയുമൊക്കെ തണുപ്പുകാലം കുളിരുള്ളതും മഞ്ഞ് നിറഞ്ഞതുമായിരുന്നു. അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ മുതല്‍ എന്റെ ഓര്‍മയില്‍ മഞ്ഞുകോരുന്ന വലിയൊരു കരണ്ടിയുണ്ട്(കോരിക). തണുപ്പുള്ള പുലര്‍കാലങ്ങളില്‍ അഞ്ചരയാകുമ്പോള്‍ വഴി വൃത്തിയാക്കുന്നവര്‍ ഇത്തരം കരണ്ടികളുപയോഗിച്ച് മഞ്ഞില്‍ വഴിവെട്ടാന്‍ തുടങ്ങും. തലേന്നുരാത്രി ഒരു മീറ്ററോ അതില്‍ക്കൂടുതലോ ഉയരത്തില്‍ മഞ്ഞ് വീണിട്ടുണ്ടാവും. തലേന്ന് വെട്ടിയ വഴിയില്‍ വീണ്ടും മഞ്ഞ് വീണിട്ടുണ്ടെങ്കില്‍ അത് നീക്കാന്‍ എളുപ്പമാണ്. വഴിയിലെ മഞ്ഞ് ഇടത്തോട്ടും വലത്തോട്ടും നീക്കിയാണ് വൃത്തിയാക്കുന്നവര്‍ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ, ഇരുവശത്തും മഞ്ഞ് ഒരു മതിലുപോലെ രൂപപ്പെട്ടിരുന്നു. ഒരു ചെറിയ കുട്ടിയെന്നനിലയില്‍ മഞ്ഞിലെ ഇത്തരം തുരങ്കപാതകള്‍ എനിക്ക് അദ്ഭുതമായിരുന്നു. കാരണം, ആ മഞ്ഞുമതിലുകള്‍ക്ക് എന്നെക്കാള്‍ ഉയരമുണ്ടായിരുന്നു. മുതിര്‍ന്നവര്‍ക്ക് ഇതൊന്നും അത്ര രസകരമായിരുന്നില്ല. അവരുടെ അരയോളമേ ആ മതിലുകള്‍ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീടിനുമുന്നിലുള്ള തുരങ്കപാത മറ്റുസ്ഥലങ്ങളില്‍നിന്നുള്ള വഴികളുമായി കൂടിച്ചേര്‍ന്ന്. മുന്നോട്ടുപോകുന്തോറും അവ വലുതായിക്കൊണ്ടിരുന്നു. പിന്നീട് അവ പ്രധാന റോഡിലേക്കും ബസ്സ്റ്റോപ്പിലേക്കും നീണ്ടു. 

ശക്തിയേറിയ ട്രാക്ടര്‍പോലുള്ള വാഹനങ്ങള്‍കൊണ്ട് രാത്രിയിലാണ് പ്രധാന റോഡുകള്‍ വൃത്തിയാക്കിയിരുന്നത്. ആളുകള്‍ക്ക് ജോലിസ്ഥലങ്ങളില്‍ തടസ്സംകൂടാതെ എത്താന്‍വേണ്ടിയായിരുന്നു അത്. സ്‌കൂള്‍ കുട്ടികള്‍ക്കായി മറ്റൊരു നിയമമുണ്ടായിരുന്നു. താപനില-25 ഡിഗ്രി സെല്‍ഷ്യസിലോ അതില്‍ താഴെയോ ആണെങ്കില്‍ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ അനുമതിയുണ്ടായിരുന്നില്ല. ചിലപ്പോള്‍, താപനില-15 ഡിഗ്രിയാണെങ്കിലും തണുപ്പുകാരണം സ്‌കൂളുണ്ടാവില്ലെന്ന് മാതാപിതാക്കളെ ബോധിപ്പിക്കാന്‍ കുട്ടികള്‍ ശ്രമിക്കാറുണ്ടായിരുന്നു. അച്ഛനമ്മമാര്‍ ജോലിക്കുപോയിക്കഴിഞ്ഞാല്‍ കുട്ടികള്‍ പുറത്തെ വഴിയിലെത്തി മഞ്ഞില്‍ സ്വന്തം നിലയില്‍ തുരങ്കവഴികളും കോട്ടകളും നഗരങ്ങളുമൊക്കെ നിര്‍മിക്കും. തണുപ്പുകാലത്തെ ഞങ്ങളുടെ കളികളിലൊന്ന്, വീടിനടുത്ത് കുറച്ച് ഉയരത്തിലുള്ള ട്രാന്‍സ്ഫോര്‍മറിനുമുകളില്‍നിന്ന് മഞ്ഞിലേക്ക് ചാടുകയെന്നതായിരുന്നു. മഞ്ഞില്‍ വാട്ടര്‍കളര്‍ പെയിന്റടിച്ചും കളിക്കാറുണ്ടായിരുന്നു. 

ഡിസംബറിന്റെ അവസാനം സ്‌കൂളുകളടയ്ക്കും. പിന്നീട് ഞാനും ജ്യേഷ്ഠനും പുതുവര്‍ഷാഘോഷങ്ങള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കും. അപ്പാര്‍ട്ട്മെന്റില്‍ ഒരു ക്രിസ്മസ് ട്രീയുടെ വരവോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായിരുന്നത്. കളിപ്പാട്ടങ്ങള്‍വെച്ച് ഞങ്ങള്‍ ആ മരം അലങ്കരിക്കും. മരത്തിന്റെ ശിഖരങ്ങളില്‍ തൂക്കിയിട്ടിരുന്ന ആ കളിപ്പാട്ടങ്ങളിലെ റോക്കറ്റുകളും ഉപഗ്രഹങ്ങളും ബഹിരാകാശസഞ്ചാരികളുമൊക്കെയാണ് ഞാന്‍ ഇഷ്ടപ്പെട്ടിരുന്നത്. കളിപ്പാട്ടങ്ങള്‍ അലങ്കരിച്ചുകഴിഞ്ഞാല്‍, മരം വൈദ്യുതദീപങ്ങള്‍കൊണ്ട് അലങ്കരിക്കും. പ്രപഞ്ചവുമായി ബന്ധപ്പെട്ട ചിത്രങ്ങളും അവയിലുണ്ടായിരുന്നു. സോവിയറ്റ് യൂണിയന്റെ ബഹിരാകാശദൗത്യങ്ങളിലെ വിജയത്തെ സൂചിപ്പിക്കുന്നവയായിരുന്നു 1980-കള്‍വരെ അഭിമാനത്തിന്റെയും ദേശസ്‌നേഹത്തിന്റെയും ചിഹ്നങ്ങളായി നിലനിന്നിരുന്നത്. 

ഡിസംബര്‍ 31-ന് രാത്രി, പുതുവര്‍ഷപ്പിറവിക്ക് പത്തു മിനിറ്റുമുമ്പ് സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പുതുവത്സരാശംസകള്‍ കേള്‍ക്കാന്‍ ഞങ്ങള്‍ ടെലിവിഷനു മുന്നിലിരിക്കും. ആശംസക്കിടെ, ലിയോനിഡ് ബ്രഷ്നേവ് സമസ്ത മേഖലകളിലുമുള്ള സോവിയറ്റ് വിജയത്തിന്റെ കണക്കുകള്‍ എണ്ണിയെണ്ണി പറയും. രാഷ്ട്രത്തലവന്മാരുടെ ഇത്തരത്തിലുള്ള പുതുവര്‍ഷാശംസകള്‍ യുക്രൈനിലും റഷ്യയിലും നിലനിര്‍ത്തിപ്പോന്നു. ഇരുരാജ്യങ്ങള്‍ക്കുമിടയ്ക്ക് പ്രശ്‌നപരിഹാരത്തിനുള്ള ശുഭപ്രതീക്ഷയുടെ സന്ദേശംകൂടിയായിരുന്നു അത്. ഇത്തരം പ്രസംഗങ്ങള്‍ അര്‍ധരാത്രിക്ക് തൊട്ടുമുമ്പ് അവസാനിക്കും. തുടര്‍ന്ന് ടെലിവിഷനിലെ ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് സ്‌ക്രീനില്‍ ഒരു ക്ലോക്ക് ഡയല്‍ തെളിയും. ആ വര്‍ഷത്തെ അവസാന സെക്കന്‍ഡുകള്‍ അതില്‍ തെളിയും. ഈ സമയം അച്ഛന്‍ ഒരു ഷാംപെയ്ന്‍ കുപ്പിയുമായി ഇരിക്കുകയായിരിക്കും; പുതുവര്‍ഷം തുടങ്ങുന്ന ആ സെക്കന്‍ഡില്‍ കുപ്പിയുടെ കോര്‍ക്ക് മുകളിലേക്ക് തെറിപ്പിക്കാന്‍ തയ്യാറെടുത്തുകൊണ്ട്. 

Content Highlights: Andrey Kurkov, Detstvo