സോവിയറ്റ് യൂണിയന്റെ ധൈഷണികതയെയും സൗന്ദര്യബോധത്തെയും സൃഷ്ടിച്ചത് പുസ്തകങ്ങളും ജീവിതത്തിന്റെ ഭാഗമായ വായനയുമാണ്. അക്കാലത്ത് കുട്ടികളില്‍ തുടങ്ങിയിരുന്നു വായനയുടെ ശിക്ഷണം. സാധാരണ ബാലസാഹിത്യങ്ങള്‍ മാത്രമല്ല, ലെനിന്‍വരെ അവരുടെ കഥകളിലെ കഥാപാത്രങ്ങളായി. കവചിതവാഹനത്തില്‍ കയറിനിന്ന് സൈനികരെയും തൊഴിലാളികളെയും കര്‍ഷകരെയും അഭിവാദ്യംചെയ്യുന്ന ലെനിന്റെ ചിത്രം അവരുടെ ബോധത്തിന്റെ ഭാഗമായി

എന്റെ കുട്ടിക്കാലത്തെ പുസ്തകങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോള്‍, പരമ്പരാഗത ബാലസാഹിത്യകാരന്മാരായ സാമുയില്‍ മര്‍ഷാക്, കോര്‍ണീ ഷുകോവ്സ്‌കി എന്നിവരെപ്പോലെത്തന്നെ പെട്ടെന്ന് മനസ്സിലേക്കെത്തുന്ന പേരാണ് ലെനിന്‍. ആദ്യ രണ്ടുപേരും അക്ഷരാര്‍ഥത്തില്‍ ബുദ്ധിമാന്മാരായ ബാലസാഹിത്യകാരന്മാരായിരുന്നു. ലക്ഷക്കണക്കിന് സോവിയറ്റുകാര്‍ക്ക് ജീവിതത്തിന്റെ മൂല്യങ്ങള്‍ പകര്‍ന്നുനല്‍കിയവരായിരുന്നു അവര്‍. അടുത്തിടെയുണ്ടായ ഒരു സാമൂഹിക സര്‍വേയില്‍ സൂചിപ്പിക്കുന്നത് പുതിയ തലമുറയില്‍പ്പെട്ടവരും ലെനിനെ ഒരു എഴുത്തുകാരന്‍ എന്നനിലയില്‍ അറിയുന്നുവെന്നാണ്. ഒരുപക്ഷേ അവരുടെ മുത്തച്ഛന്റെയും മുത്തശ്ശിയുടെയുമൊക്കെ പുസ്തകത്തട്ടുകളില്‍ ഇപ്പോഴും കാണുന്ന, ഒരേമട്ടിലുള്ള പേപ്പറുകളില്‍ തയ്യാറാക്കിയ, 55 വാള്യങ്ങളുള്ള ലെനിന്റെ സമ്പൂര്‍ണ കൃതികളുടെ സമാഹാരങ്ങള്‍.

കണ്ടുപരിചയമുള്ളതിനാലാകാം, ഒരു കഥപറച്ചിലുകാരനെന്നും ലെനിനെ താത്ത്വികമായി വിളിക്കാം. അദ്ദേഹത്തിന്റെ കൃതികള്‍ മുതിര്‍ന്ന കുട്ടികള്‍ക്കുവേണ്ടിയുള്ളതായിരുന്നു. പക്ഷേ, കെട്ടുകഥകള്‍ ഇഷ്ടപ്പെട്ടിരുന്ന ഏതുപ്രായത്തിലുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ളതുകൂടിയായിരുന്നു. എന്റെ കുട്ടിക്കാലത്ത് ലെനിന്‍ പ്രധാനമായും കെട്ടുകഥകളിലെ നായകനായിരുന്നു. കുട്ടിക്കാലം പ്രധാനമായും ആരംഭിക്കുന്നത് കെട്ടുകഥകളിലും അവസാനിക്കുന്നത് ആ കെട്ടുകഥകളില്‍ വിശ്വസിക്കുന്നത് കുട്ടി അവസാനിപ്പിക്കുന്നതിലുമാണ്. 

leninറഷ്യന്‍ നാടോടിക്കഥയായ 'ഇവാന്‍ എന്ന വിഡ്ഢി', ലെനിനെക്കുറിച്ചുള്ള കഥകളായ ലെനിനും സ്റ്റൗമേക്കറും, ലെനിനും കുട്ടികളും, എങ്ങനെയാണ് ലെനിന്‍ പുകവലി അവസാനിപ്പിച്ചത് തുടങ്ങിയവയായിരുന്നു കുട്ടിക്കാലത്തെ എന്റെ പ്രിയപ്പെട്ട കൃതികളെന്ന് ഞാനോര്‍ക്കുന്നു. കുട്ടികളുടെ പുസ്തകങ്ങള്‍ക്ക് യു.എസ്.എസ്.ആറില്‍ തുച്ഛമായ വിലയേ ഉണ്ടായിരുന്നുള്ളൂ. അവ ബഹുവര്‍ണ ചട്ടകളിലോ അത്തരം ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയോ അല്ല ഇറങ്ങിയിരുന്നത്. അറിവിന്റെ പ്രധാന ഉറവിടം എന്നനിലയില്‍ തുടക്കംമുതല്‍തന്നെ കുട്ടികളുടെ മനസ്സില്‍ പുസ്തകങ്ങള്‍ ഇടംപിടിച്ചിരുന്നു.

വായിച്ചുമനസ്സിലാക്കാനാവാത്ത കുട്ടികള്‍ക്ക് മാതാപിതാക്കള്‍ ചിത്രകഥാപുസ്തകങ്ങള്‍ വാങ്ങിനല്‍കിയിരുന്നു. പക്ഷേ, പേജുകള്‍ കീറാതിരിക്കാന്‍ കുട്ടികള്‍ അവയില്‍ തൊടാതിരിക്കാന്‍ അച്ഛനമ്മമാര്‍ ശ്രദ്ധിച്ചിരുന്നു. പിന്നീട് കാര്‍ഡ്ബോര്‍ഡ് പുസ്തകങ്ങള്‍ വന്നു. എളുപ്പം കേടുവരുത്താനാകില്ലെന്നതുകൊണ്ടുതന്നെ അവ കുട്ടികളുടെ കൈയില്‍ കൊടുക്കാന്‍ മാതാപിതാക്കള്‍ ധൈര്യപ്പെട്ടിരുന്നു. വളരെ കൃത്യമായൊന്നുമല്ലെങ്കിലും ഭാവിജീവിതത്തിന്റെ അര്‍ഥങ്ങള്‍ കുട്ടികള്‍ ആശ്ചര്യപൂര്‍വം മനസ്സിലാക്കാന്‍ ശ്രമിക്കുമെന്ന വിശ്വാസത്തോടെയായിരുന്നു അത്. പിന്നീട് വാക്കുകള്‍ കൂട്ടിവായിക്കല്‍ എന്ന ഘട്ടം വന്നു. ഒരു വലിയ രഹസ്യം ചുരുളഴിക്കുന്നുവെന്ന മട്ടില്‍ അച്ഛനമ്മമാര്‍ കുട്ടികള്‍ക്ക് അക്ഷരങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊടുക്കും. വേഗംകുറച്ച്, ഉച്ചത്തില്‍, പാവനതയോടെ അവര്‍ അവ ഉച്ചരിക്കും. കുട്ടികള്‍ അക്ഷരങ്ങള്‍ സ്വന്തമായി ഉച്ചരിച്ചുതുടങ്ങുമ്പോള്‍, പുസ്തകങ്ങള്‍ ഒറ്റയ്ക്ക് വായിക്കാന്‍ തുടങ്ങുമ്പോള്‍ അച്ഛനമ്മമാര്‍ അതിരറ്റ് സന്തോഷിക്കും. വായിക്കാനും എഴുതാനുമുള്ള എന്റെ കഴിവ് അഭിവൃദ്ധിപ്പെട്ടപ്പോള്‍ ഞാന്‍ ആസ്വദിച്ചുകൊണ്ടുതന്നെ അവ ചെയ്തു. അത് എന്റെ മാതാപിതാക്കളില്‍ അഭിമാനമുണ്ടാക്കി. 

എല്ലാ സോവിയറ്റ് കുട്ടികളും ഈ പരീക്ഷണങ്ങളിലൂടെ കടന്നുപോയിരുന്നു.  പക്ഷേ, ലെനിന്‍ എന്ന കഥാപുസ്തകനായകന്‍ സോവിയറ്റ് കുട്ടികള്‍ക്ക് മാത്രമുള്ള ഒന്നായിരുന്നു. ആദ്യപുസ്തകങ്ങളിലൊന്നില്‍ അവര്‍ ഇങ്ങനെ പഠിച്ചു: ലെനിന്റെ മാതാപിതാക്കള്‍ അദ്ദേഹത്തെയും സഹോദരങ്ങളെയും പാത്രത്തിലെ മുഴുവന്‍ ഭക്ഷണവും കഴിക്കാന്‍ നിര്‍ബന്ധിച്ചു. 'ദി ക്ലീന്‍ പ്ലേറ്റ്‌ െസാസൈറ്റി' എന്ന ആശയംതന്നെയുണ്ടായി. അവരുടെ ആറുമക്കളെയും(എട്ട് കുട്ടികളുണ്ടായെങ്കിലും രണ്ടുപേര്‍ തുടക്കത്തിലേ മരിച്ചു) അവര്‍ സമൂഹത്തിലെ അംഗങ്ങളാക്കി. ലെനിന്റെ അച്ഛനമ്മമാര്‍ ഭക്ഷണസമയത്ത് അത്തരമൊരു നിര്‍ബന്ധംവെച്ചിരുന്നോ എന്നതൊന്നും പ്രാധാന്യമുള്ള സംഗതിയേ ആയിരുന്നില്ല. ലെനിനെക്കുറിച്ചുള്ള ബാലകഥകള്‍ എഴുതിയിരുന്ന സോവിയറ്റ് കഥാകാരന്‍ വ്‌ളാദിമിര്‍ ബോണ്‍ഷ് ബ്രൂവിച്ച് എന്താണോ എഴുതിയിരുന്നത് അത് നമ്മള്‍ വിശ്വസിച്ചുകൊള്ളണം എന്നേയുള്ളൂ. അതിന്റെ പരിണതഫലമെന്നോണം, ഞങ്ങളുടെ വീട്ടില്‍ അച്ഛനും അമ്മയും 'ക്ലീന്‍ പ്ലേറ്റ് സൊസൈറ്റി' എന്ന ആശയത്തെക്കുറിച്ച് ഭക്ഷണസമയത്ത് ഒര്‍മിപ്പിച്ചുകൊണ്ടേയിരുന്നു. ഞാനും ജ്യേഷ്ഠനും എന്താണോ കഴിക്കാന്‍ മടിച്ചിരുന്നത് അത് കഴിക്കാന്‍ അവര്‍ ഞങ്ങളെ നിര്‍ബന്ധിച്ചുകൊണ്ടേയിരുന്നു.

ഭക്ഷണം കഴിക്കുന്നതിനുമുമ്പേ ഞങ്ങള്‍ കൈകള്‍ നന്നായി വൃത്തിയാക്കുമായിരുന്നു. വ്യക്തിശുചിത്വത്തെക്കുറിച്ച് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അതിന്, കോര്‍ണി ഷുകോവ്സ്‌കിയുടെ 'മൊയ്ദോദിര്‍'(അത് പോകുന്നതുവരെ കഴുകുക) എന്ന പദ്യത്തിന് നന്ദി. ഏറെ രാഷ്ട്രീയമാനങ്ങളുള്ള ലഘു കവിതയുടെ ആ ചെറിയ പുസ്തകത്തില്‍നിന്നാണ്, ജീവിതത്തിലുടനീളം എന്നോടൊപ്പംനിന്ന ആ ചെറു ആദര്‍ശവാക്യം ഞാന്‍ പഠിച്ചത്: 'സൗരഭ്യമുള്ള സോപ്പും മൃദുവായ തൂവാലയും നീണാള്‍ വാഴട്ടെ!' ആ പുസ്തകത്തിന് ഒരിക്കല്‍ക്കൂടി നന്ദി. അക്കാലത്ത് കമ്യൂണിസ്റ്റ് പ്രകടനങ്ങളിലെ ബാനറുകളില്‍ രേഖപ്പെടുത്തിയിരുന്ന മുദ്രാവാക്യങ്ങള്‍ ഇതിനുസമാനമായിരുന്നു: 'സോവിയറ്റ് യൂണിയനിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി നീണാള്‍വാഴട്ടെ!' കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ നീണാള്‍ വാഴട്ടെ!'. അത് ശരിയായിരുന്നു, ലെനിനാണ് ആദ്യത്തെ കമ്യൂണിസ്റ്റ് മുദ്രാവാക്യങ്ങള്‍ രൂപപ്പെടുത്തിയത്. അദ്ദേഹംതന്നെയാണ് 1917-ലെ ഒക്ടോബര്‍ വിപ്ലവസമയത്ത് കവചിതവാഹനത്തില്‍ കയറിനിന്ന് അത് വിളംബരംചെയ്തതും. 

ഇത്തരത്തില്‍, കവചിതവാഹനത്തില്‍ കയറിനിന്ന് സൈനികരെയും തൊഴിലാളികളെയും കര്‍ഷകരെയും അഭിവാദ്യം ചെയ്യുന്ന ലെനിന്റെ ചിത്രമാണ് അദ്ദേഹത്തെക്കുറിച്ചുള്ള നൂറുകണക്കായ പുസ്തകങ്ങളുടെ പുറംചട്ട അലങ്കരിച്ചിരുന്നത്. കുട്ടികള്‍ക്കുള്ള ചില പുസ്തകങ്ങളില്‍ ലെനിനും അദ്ദേഹത്തിന്റെ കവചിതവാഹനവുമാണ് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ 'കുട്ടിപ്പുസ്തക'ങ്ങളില്‍നിന്ന് ആദ്യവും പിന്നീട് സ്‌കൂള്‍ ചരിത്രപുസ്തകങ്ങളില്‍നിന്നും ഞാന്‍ പഠിച്ചത് സാര്‍ നിക്കോളായിയുടെ മോശം ഭരണത്തേക്കാള്‍ ലെനിന്റെ നല്ല വിപ്ലവങ്ങളുടെ വിജയത്തെക്കുറിച്ചാണ്. പുസ്തകങ്ങള്‍ കുട്ടികള്‍ക്കുള്ളതെന്നും മുതിര്‍ന്നവര്‍ക്കുള്ളതെന്നും രണ്ടായി തിരിച്ചിട്ടുണ്ടെന്ന് തിരിച്ചറിവുണ്ടായപ്പോള്‍ സ്വാഭാവികമായും എന്റെ ശ്രദ്ധ മുതിര്‍ന്നവര്‍ക്കുള്ള പുസ്തകങ്ങളിലേക്ക് തിരിഞ്ഞു. അലക്‌സാന്ദ്ര മുത്തശ്ശിയുടെ വീട്ടില്‍ പുസ്തകങ്ങള്‍ക്കായുള്ള ഒട്ടേറെ ചില്ലലമാരകളുണ്ടായിരുന്നു. ആ ഷെല്‍ഫുകളില്‍, സമാന പുറംചട്ടകളുള്ള, വലിയ, എല്ലാതരം പുസ്തകങ്ങളുമുണ്ടായിരുന്നു. 13 വാള്യങ്ങളിലുള്ള സ്റ്റാലിന്‍ കൃതികളുടെ സമാഹാരം, 51 വാള്യങ്ങളിലുള്ള സോവിയറ്റ് എന്‍സൈക്ലോപീഡിയയും വാര്‍ഷിക സപ്ലിമെന്റുകളും സൈനികശസ്ത്രക്രിയയുടെ ചിത്രസഹിതമുള്ള കൃതി, മെഡിക്കല്‍ എന്‍സൈക്ലോപീഡിയ എന്നിവ അവയില്‍ ചിലതുമാത്രം. 

മുതിര്‍ന്നവരാരും ഇല്ലാത്തപ്പോള്‍ അലമാരയുടെ ചില്ലുതുറന്ന് ഏതെങ്കിലുമൊരു പുസ്തകം ഞാന്‍ തിരഞ്ഞെടുക്കും. വരകളോ ചിത്രങ്ങളോ ഇല്ലാതെ അക്ഷരങ്ങള്‍മാത്രം അടുക്കിപ്പെറുക്കിവെച്ച പുസ്തകങ്ങള്‍ എന്റെ ജിജ്ഞാസകളെ തല്ലിക്കെടുത്തി. പക്ഷേ, എന്റെ നോട്ടം എനിക്ക് എത്തിപ്പിടിക്കാന്‍ പറ്റാത്ത, അലമാരകളുടെ മുകള്‍ത്തട്ടുകളിലേക്ക് നീണ്ടു. അങ്ങനെയാണ്, മുതിര്‍ന്നവര്‍ക്കുള്ള ഏറ്റവും രസകരമായ പുസ്തകങ്ങള്‍ അലമാരയുടെ മുകള്‍നിരയിലാണെന്ന് ഞാന്‍ കണ്ടെത്തിയത്. കുട്ടികള്‍ക്ക് കിട്ടാതിരിക്കാന്‍ വേണ്ടിയാണ് അവ ഉയരത്തില്‍ വെച്ചിരുന്നത്. സ്റ്റൂളെടുത്ത് അതിന്മേല്‍ കയറിനിന്ന്, ഷെല്‍ഫിലെ മുകള്‍നിരയില്‍നിന്ന് കനമേറിയ സൈനികശസ്ത്രക്രിയാപുസ്തകം ഞാന്‍ പുറത്തെടുത്തു. താഴെയിറങ്ങുമ്പോള്‍ വീഴാതിരിക്കാന്‍ പുസ്തകം ഞാന്‍ മുറുകെപ്പിടിച്ചിരുന്നു. ഇറങ്ങിയ ഉടന്‍ ഞാനാ പുസ്തകം തുറന്നു. അത്രയും തെളിച്ചമുള്ള ചിത്രങ്ങള്‍ ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ലായിരുന്നു! ആന്തരികാവയവങ്ങളുടെ, ശസ്ത്രക്രിയകളുടെ, മുഖംമൂടിയും ഗ്ലൗവും ധരിച്ചുകൊണ്ട് ഡോക്ടര്‍മാര്‍ മനുഷ്യശരീരം കീറിമുറിക്കുന്നതിന്റെ ദൃശ്യങ്ങളായിരുന്നു അവ. ഒരു ചിത്രംകണ്ട് ഞാന്‍ തരിച്ചിരുന്നുപോയി. അതിന്റെ അടിക്കുറിപ്പ് ഞാനിപ്പോഴും ഓര്‍ക്കുന്നു: 'വെടിയുണ്ടയേറ്റ പുരുഷലിംഗത്തിലെ മുറിവ്'! കുട്ടികളുടെ പുസ്തകങ്ങളിലുള്ള കാല്പനികലോകവും മുതിര്‍ന്നവരുടെ പുസ്തകങ്ങളിലുള്ള തിളക്കമാര്‍ന്ന, ഭയാനകമായ, വശീകരിക്കുന്ന ലോകവും തമ്മിലുള്ള വലിയ അന്തരം അപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. 

പതുക്കെപ്പതുക്കെ മെഡിക്കല്‍ എന്‍സൈക്ലോപീഡിയയുടെ 13 വാള്യങ്ങളും ഞാന്‍ നോക്കിത്തീര്‍ത്തു. സൈനിക ശസ്ത്രക്രിയാപുസ്തകവും നിരന്തരം ഞാന്‍ നോക്കാറുണ്ടായിരുന്നു. പിന്നീട്, 'സോവിയറ്റ് എന്‍സൈക്ലോപീഡിയ'യിലായി എന്റെ ശ്രദ്ധ. അതിലെ പല പേജുകളും നശിച്ചതുകണ്ട് ഞാന്‍ അദ്ഭുതപ്പെട്ടു. പല ചിത്രങ്ങളിലും മഷിവീണ് നിറഞ്ഞിരുന്നു. ചില പേജുകളുടെ ഭാഗങ്ങള്‍ വൃത്തിയായി മുറിച്ചെടുത്തിരുന്നു. എന്‍സൈക്ലോപീഡിയകളേക്കാള്‍ മരുന്നുപുസ്തകങ്ങളാണ് മുത്തശ്ശിക്ക് ഇഷ്ടമുണ്ടായിരുന്നതെന്ന് എനിക്കുതോന്നുന്നു. എന്തുകൊണ്ടെന്നാല്‍, അവര്‍ ഒരു സൈനിക ശസ്ത്രക്രിയാ വിദഗ്ധയായിരുന്നല്ലോ. എന്‍സൈക്ലോപീഡിയകളിലെ ചിത്രങ്ങള്‍ അവയ്ക്കരികിലുള്ള വാചകങ്ങളെ നോക്കാന്‍ എന്നെ പ്രേരിപ്പിച്ചിരുന്നെങ്കിലും ആരോഗ്യസംബന്ധിയായ പുസ്തകങ്ങളാണ് ആകര്‍ഷകമെന്ന് ഞാന്‍ മനസ്സിലാക്കി. 

എന്‍സൈക്ലോപീഡിയകളിലെ പേജുകള്‍ വെട്ടിയെടുക്കപ്പെട്ടതും ചിത്രങ്ങളില്‍ മഷിവീണതും എങ്ങനെയെന്ന രഹസ്യം ഞാന്‍ മനസ്സിലാക്കിയത് വളരെ കാലം കഴിഞ്ഞാണ്. ഞാന്‍ ഒരു അറിയപ്പെടുന്ന എഴുത്തുകാരനായി മാറിക്കഴിഞ്ഞ്, എന്റെ മുത്തശ്ശിയുടെ മരണശേഷം വര്‍ഷങ്ങള്‍കഴിഞ്ഞ് ഒരിക്കല്‍ എന്റെ അമ്മായി(അച്ഛന്റെ സഹോദരി) എനിക്ക് സോവിയറ്റ് എന്‍സൈക്ലോപീഡിയയുടെ മുഴുവന്‍ വാള്യങ്ങളും വാഗ്ദാനംചെയ്തപ്പോഴായിരുന്നു അത്. ഈ രഹസ്യത്തെക്കുറിച്ച് ഞാന്‍ പിന്നീട് പറയാം! ഭര്‍ത്താവും രണ്ട് ആണ്‍മക്കളുമൊത്ത് താമസിക്കുന്ന വീട്ടില്‍ കൂടുതല്‍ സ്ഥലം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു അമ്മായി. അവരുടെ പുസ്തകവാഗ്ദാനം തീര്‍ച്ചയായും സന്തോഷത്തോടെ ഞാന്‍ സ്വീകരിച്ചു. അവയെല്ലാം ഇപ്പോള്‍ എന്റെ വീട്ടിലുണ്ട്. ഒരിക്കല്‍, ആ 51 വാള്യങ്ങളിലായി സോവിയറ്റ് ശാസ്ത്രകാരന്മാരും ചരിത്രകാരന്മാരും പറഞ്ഞുവെച്ചതെല്ലാം ഗൂഗിളില്‍ കിട്ടുമോ എന്ന് ഞാന്‍ പരിശോധിച്ചു. അദ്ഭുതമെന്നുപറയട്ടെ, അതില്‍ വലിയൊരു ഭാഗവും എനിക്കവിടെ കണ്ടെത്താനായില്ല! അതുകൊണ്ടുതന്നെ, ഇന്നും സോവിയറ്റ് യൂണിയനെ സംബന്ധിച്ച് ഗൂഗിളിനെക്കാള്‍ വിലപ്പെട്ട വിവരശേഖരമാണ് ഈ പുസ്തകങ്ങള്‍. വ്യത്യാസമെന്തെന്നാല്‍, ആര്‍ക്കും വേണ്ടാത്ത വിവരശേഖരമാണ് സോവിയറ്റ് എന്‍സൈക്ലോപീഡിയ എന്നുമാത്രം.