പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് താമസം മാറിയതോടെ വായ്പകളിന്മേലായി ഞങ്ങളുടെ ജീവിതം. ആ നില അച്ഛന്റെയും അമ്മയുടെയും റിട്ടയര്‍മെന്റ്വരെ തുടര്‍ന്നു. ഫര്‍ണിച്ചറുകള്‍, ടി.വി., ഫ്രിഡ്ജ്, തുന്നല്‍ മെഷീന്‍... എല്ലാം വാങ്ങിയത് പരിചയക്കാരില്‍നിന്നോ വായ്പയായോ ആയിരുന്നു. അതിന്റെയെല്ലാം തിരിച്ചടവ് അച്ഛന്റെയും അമ്മയുടെയും ശമ്പളത്തില്‍നിന്ന് വേണമായിരുന്നു. പക്ഷേ, വായ്പകളൊന്നും എന്റെ അച്ഛനമ്മമാരെ അലട്ടിയതേയില്ല. ഓറഞ്ചുകളും ടാന്‍ഗറിനും (ഒരിനം മധുരനാരങ്ങ) പോലുള്ള ആര്‍ഭാടവസ്തുക്കളൊക്കെ ആസ്വദിച്ചിരുന്നെങ്കിലും ഒതുങ്ങിത്തന്നെയാണ് ഞങ്ങള്‍ ജീവിച്ചത്. ഓറഞ്ചൊന്നും കടകളില്‍നിന്ന് വാങ്ങുകയായിരുന്നില്ല. പൈലറ്റുമാര്‍ക്കും അതുപോലുള്ള പ്രധാന ജോലിയിലേര്‍പ്പെട്ടിരുന്നവര്‍ക്കും നിത്യേന അവ ജോലിസ്ഥലത്ത് നല്‍കിയിരുന്നു. അങ്ങനെ സ്വന്തം അപ്പാര്‍ട്ട്മെന്റില്‍ ഞങ്ങള്‍ ഉണര്‍ന്നെണീക്കാന്‍ തുടങ്ങി. അമ്മമ്മ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നിട്ടുകൂടി ഇടുങ്ങിയ സ്ഥലത്താണ് ജീവിക്കുന്നതെന്ന തോന്നല്‍ ഞങ്ങള്‍ക്കില്ലായിരുന്നു. 

ആ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ എന്റെ ആദ്യ കൂട്ടുകാരന്‍ ഡ്രുസോക് (കുഞ്ഞു കൂട്ടുകാരന്‍) എന്നുവിളിച്ചിരുന്ന ഒരു കറുത്ത സങ്കരയിനം നായയായിരുന്നു. ഞങ്ങളുടെ അഞ്ചുനിലക്കെട്ടിടത്തിന്റെ മൂന്നാംനിലയില്‍ തന്റെ യജമാനന്മാര്‍ക്കൊപ്പമായിരുന്നു അവന്റെ വാസം. ഞങ്ങളുടെ എതിരേയുള്ള അപ്പാര്‍ട്ട്മെന്റില്‍ ഓമനിച്ചുവളര്‍ത്തിയിരുന്ന ഒരു നായക്കുട്ടിയായിരുന്നു എന്റെ മറ്റൊരു കൂട്ടുകാരന്‍. ഇരുവര്‍ക്കും ഞാന്‍ നന്ദിപറയുന്നു. കാരണം, അവരിലൂടെയാണ് അവരുടെ യജമാനന്മാരെയും അവരുടെ, എന്റെ സമപ്രായക്കാരായ കുട്ടികളെയും ഞാന്‍ പരിചയപ്പെട്ടത്. 18-എ ആയിരുന്നു ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിന്റെ നമ്പര്‍. റോഡിനടുത്തായി നിരനിരയായാണ് ആ അഞ്ചുനിലക്കെട്ടിടം പണിതിരുന്നത്. റോഡിനും ഞങ്ങളുടെ കെട്ടിടത്തിനുമിടയില്‍ ഇതിലും നിര കൂടുതലുള്ള ഒരു അഞ്ചുനിലക്കെട്ടിടമുണ്ടായിരുന്നു. 18 ആയിരുന്നു അതിന്റെ നമ്പര്‍. ഏഴോ എട്ടോ പ്രവേശനകവാടങ്ങളുണ്ടായിരുന്നു അതിന്. ഞങ്ങളുടെ കെട്ടിടത്തിന് നാല് പ്രവേശനകവാടങ്ങളാണുണ്ടായിരുന്നത്. നാലാമത്തേതായിരുന്നു ഞങ്ങളുടെ 70-ാം നമ്പര്‍ അപ്പാര്‍ട്ട്മെന്റിലേക്കുള്ള വഴി. ഞങ്ങളുടെ കെട്ടിടത്തിനുപിന്നിലായി രണ്ട് 'ക്രൂഷോവ്ക'കള്‍ (ക്രൂഷോവിന്റെ കാലത്ത് നിര്‍മിച്ചുനല്‍കിയ അപ്പാര്‍ട്ട്മെന്റ് സമുച്ചയങ്ങള്‍) കൂടിയുണ്ടായിരുന്നു; 18-ബിയും 18-സിയും. ഇവിടങ്ങളിലെല്ലാമായി നൂറുകണക്കിന് ആളുകളും ഡസന്‍ കണക്കിന് കുട്ടികളുമുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി.

അപ്പാര്‍ട്ട്മെന്റിന്റെ മുറ്റത്തുനിന്നുള്ള മുഴക്കമേറിയ ശബ്ദത്തോടെ രാവിലെ ആറുമണിക്കുതന്നെ ഞങ്ങളുടെ ദിവസം ആരംഭിക്കുമായിരുന്നു. രണ്ടാംനിലയിലെ അപ്പാര്‍ട്ട്മെന്റില്‍ താമസിച്ചിരുന്ന സ്ത്രീ 'മൊളോ-കോ'(പാല്‍) എന്ന് ഉച്ചത്തില്‍ പറയും. വാല്യ എന്നായിരുന്നു ആ പാല്‍ക്കാരിയുടെ പേര്. എല്ലാ ദിവസവും പുലര്‍ച്ചെ അഞ്ചരയ്ക്കുതന്നെ അപ്പാര്‍ട്ട്മെന്റ് പതിനെട്ടിനും ഇരുപതിനുമിടയ്ക്കുള്ള കറുത്ത കീലിട്ട പാതയില്‍ പാല്‍വണ്ടിക്കായി അവര്‍ കാത്തുനില്‍ക്കും. പാലുമായി വരുന്ന ട്രക്കില്‍നിന്ന് അമ്പത് ലിറ്ററിന്റെ പാല്‍പ്പാത്രം ഡ്രൈവറും സഹായിയുംകൂടി പാതയോരത്ത് ഇറക്കിവെയ്ക്കും. ആ പാല്‍ അവിടെവെച്ച് വാല്യ വില്‍ക്കാന്‍ തുടങ്ങും. അപ്പോഴേക്കും അപ്പാര്‍ട്ട്മെന്റുകളിലുള്ളവര്‍ എല്ലാ കവാടങ്ങളിലൂടെയും പാല്‍പ്പാത്രങ്ങളുമായി അവിടേക്ക് ഇരച്ചെത്തും. ജീവിതത്തിലെ അമൃതായാണ് പാലിനെ കണക്കാക്കിയിരുന്നത്. അത് എല്ലായിടത്തും പരസ്യംചെയ്യുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഏഴുമണിക്ക് അവിടെ പാലിനുള്ള വരിയില്‍ മുപ്പതുപേരെങ്കിലുമുണ്ടാകും. എട്ടുമണിയൊക്കെ ആവുമ്പോഴേക്കും വാല്യയുടെ പാല്‍പ്പാത്രം കാലിയായിട്ടുണ്ടാവും. പാല്‍ കിട്ടാത്തവര്‍ നിരാശയോടെ അപ്പാര്‍ട്ട്മെന്റുകളിലേക്കു മടങ്ങും. ഞാന്‍ ചെറിയ കുട്ടിയായിരുന്നതിനാല്‍ എന്റെ ജ്യേഷ്ഠനാണ് പാലിനുവേണ്ടി പോയിരുന്നത്. 

പാല്‍, അരി, ബക്വീറ്റ് (ഒരിനം ധാന്യം), ഗോതമ്പ് എന്നിവയിലേതെങ്കിലും കൊണ്ടുള്ള കഞ്ഞിയായിരിക്കും മിക്കവാറും ഞങ്ങളുടെ പ്രാതല്‍. ഭക്ഷണശേഷം അമ്മ പുഷ്ച-വോഡീറ്റ്സ (മുത്തശ്ശിയുടെ ചികിത്സാലയമുള്ള സ്ഥലം)യിലെ ആശുപത്രിയില്‍ ജോലിക്കുപോകും. അച്ഛന്‍ എയര്‍ക്രാഫ്റ്റ് ഫാക്ടറിയിലേക്കോ കിയേവിലെ സുല്യാനി വിമാനത്താവളത്തിലേക്കോ പോകും. ചേട്ടന്‍ സ്‌കൂളിലേക്കും. എനിക്ക് ചേട്ടനോട് അസൂയ തോന്നിയിരുന്നു. എന്നെ കളിക്കാന്‍ കൊണ്ടുപോയിരുന്ന നഴ്സറി സ്‌കൂളിനെക്കാള്‍ ചേട്ടന്റെ സ്‌കൂള്‍ ഏറെ രസകരമായാണ് എനിക്ക് തോന്നിയിട്ടുള്ളത്. ആയമാരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ നഴ്സറിയില്‍ മണലില്‍ കളിക്കുമായിരുന്നു. കാലാവസ്ഥ പ്രതികൂലമെങ്കില്‍, വിശാലമായ മുറിക്കുള്ളില്‍ പ്ലാസ്റ്റിക് കട്ടകള്‍കൊണ്ട് മോസ്‌കോയിലെ ക്രെംലിന്‍ കൊട്ടാരം ഉണ്ടാക്കിക്കളിക്കും. ഇഷ്ടികകള്‍കൊണ്ടുതീര്‍ത്ത രണ്ടുനിലക്കെട്ടിടമായിരുന്നു ഞങ്ങളുടെ നഴ്സറി. ഉച്ചഭക്ഷണത്തിനുശേഷം ഞങ്ങള്‍ നഴ്സറിയില്‍ത്തന്നെ മയങ്ങാന്‍ കിടക്കും. രണ്ടുമണിക്കൂറുള്ള ആ ലഘുനിദ്രാസമയം 'നിശ്ശബ്ദ മണിക്കൂര്‍' എന്നാണ് അറിയപ്പെട്ടിരുന്നത്. ഉറങ്ങിയെണീക്കുമ്പോള്‍ ഞങ്ങള്‍ക്ക് ചായയും ബിസ്‌കറ്റും പുളിച്ച വെണ്ണയും തരും. തുടര്‍ന്ന് വീണ്ടും ഞങ്ങളെ കളിക്കാന്‍ വിടും. വൈകുന്നേരം അഞ്ചുമണിമുതല്‍ കുട്ടികളെ കൊണ്ടുപോകാനായി അച്ഛനമ്മമാര്‍ വന്നുതുടങ്ങും. ജോലിസ്ഥലത്തുനിന്നായിരിക്കും പലരും വരുന്നത്. ആറ്-ഏഴ് മണിയാകുമ്പോഴേക്കും കുറച്ചുകുട്ടികള്‍ മാത്രമായിരിക്കും ബാക്കിയുണ്ടാവുക. ചിലപ്പോള്‍, ചില കുട്ടികളെ കൊണ്ടുപോകാന്‍ ആരുംതന്നെ വന്നിരുന്നില്ല. അവരുടെ മാതാപിതാക്കള്‍ മദ്യപരായതുകൊണ്ടോ മറ്റോ ആയിരിക്കാം അത്. അപ്പോഴൊക്കെ അവിടത്തെ ആയമാരാണ് അത്തരം കുട്ടികളെ വീട്ടിലെത്തിച്ചിരുന്നത്. അടുത്തദിവസംതന്നെ നഴ്സറി അധികൃതര്‍ അവിടത്തെ ഡയറക്ടര്‍ക്ക് ഇതുസംബന്ധിച്ച് കത്തെഴുതും. ഉടന്‍ മാതാപിതാക്കളുമായി വിഷയം ചര്‍ച്ചചെയ്യാന്‍ ജില്ലാഭരണകൂടവുമായി ബന്ധപ്പെട്ടവര്‍ കുട്ടിയുടെ വീട്ടിലെത്തും. ആറുമണിയോടെയാണ് നഴ്സറിയില്‍നിന്ന് എന്നെ കൂട്ടിക്കൊണ്ടുവന്നിരുന്നത്. ഞങ്ങളുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടി.വി.ക്കു മുന്നില്‍ വന്നിരിക്കാനായി ഞാന്‍ അതിവേഗം വീട്ടിലേക്ക് നടക്കുമായിരുന്നു. 

russia

എല്ലാദിവസവും രാത്രി ഏഴേമുക്കാലിന് ടി.വി.യില്‍ 'ഗുഡ്നൈറ്റ്, കിഡ്സ്' എന്ന പരിപാടിയുണ്ടാകും. ആദ്യം, മീശയുള്ളൊരു അപ്പൂപ്പന്‍ വന്ന് എന്തെങ്കിലും കഥ പറയും. അല്ലെങ്കില്‍ തമാശ. പിന്നീട് ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ കാണിക്കും. ആ പരിപാടി കഴിയുന്നതോടെ എന്നെ തൊട്ടപ്പുറത്തുള്ള മുറിയിലേക്ക് കൊണ്ടുപോകും. ഞാനും ചേട്ടനും അമ്മമ്മ തെയ്സിയയ്ക്കൊപ്പം അവിടെയാണ് ഉറങ്ങാറുള്ളത്. കുടുംബത്തിലെ പ്രായംകുറഞ്ഞ അംഗമെന്നനിലയില്‍ എനിക്ക് ആദ്യം ഉറങ്ങേണ്ടിവരാറുണ്ട്. അച്ഛനും അമ്മയുമൊക്കെ അരമണിക്കൂര്‍ നീളുന്ന പ്രധാന വാര്‍ത്താപരിപാടിയായ 'ടൈം' കാണും. ഈ പരിപാടിയുടെ പകുതി ഭാഗവും സോവിയറ്റ് യൂണിയനും കമ്യൂണിസ്റ്റ് പാര്‍ട്ടിയും കൈവരിച്ച നേട്ടങ്ങളെക്കുറിച്ചുള്ള പോസിറ്റീവ് വാര്‍ത്തകളായിരിക്കും. ബാക്കി പകുതി വിദേശരാജ്യങ്ങളിലെ വലിയ സംഭവങ്ങളെക്കുറിച്ചുള്ളതായിരിക്കും. സമരം, ആഫ്രിക്കയിലെ പട്ടിണി, കൊടും ദുരന്തങ്ങള്‍, തീപ്പിടിത്തം, യുദ്ധം, അമേരിക്കയില്‍ കറുത്തവര്‍ഗക്കാര്‍ക്കെതിരായ അടിച്ചമര്‍ത്തലുകള്‍ എന്നിവയെല്ലാം അവയിലുള്‍പ്പെട്ടിരുന്നു. എന്റെ സഹോദരന്‍ മിഷയ്ക്ക് വാര്‍ത്ത കേള്‍ക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ആ പരിപാടിയുടെ സമയത്ത് മിഷയും ഞങ്ങളുടെ മുറിയിലേക്ക് വരുമായിരുന്നു. പക്ഷേ, അവന്‍ അപ്പോഴൊന്നും ഉറങ്ങില്ല. റോക്കറ്റുകളും റോക്കറ്റ് എന്‍ജിനുകളും വരച്ച് മേശയിലിരിക്കും. അന്നത്തെ പല ആണ്‍കുട്ടികള്‍ക്കും അവരുടെ 'ശാസ്ത്രീയ കണ്ടുപിടിത്തങ്ങള്‍' രേഖപ്പെടുത്താനുള്ള തടിച്ച നോട്ടുപുസ്തകങ്ങള്‍ ഉണ്ടായിരുന്നു. അത്തരത്തിലൊരു പുസ്തകം കൈവശമില്ലാത്തവരില്‍ ഒരാള്‍ ഞാനായിരുന്നു. അത്തരത്തിലൊരു പുസ്തകം കിട്ടിയപ്പോള്‍ 'ശാസ്ത്രീയവരകള്‍'ക്കുപകരം ഞാന്‍ അതില്‍ കവിതകള്‍ എഴുതാന്‍ തുടങ്ങി! 

കുട്ടികളുടെ ശാസ്ത്രം പഠിക്കാന്‍ എനിക്ക് പ്രായമായിട്ടുണ്ടായിരുന്നില്ല. എന്റെ അഞ്ചാംവയസ്സില്‍ എന്നെ സംഗീതവിദ്യാലയത്തില്‍ പിയാനോ പഠിക്കാന്‍ വിടാന്‍ അമ്മ തീരുമാനിച്ചു. അവിടെ ഒട്ടേറെ സംഗീതവിദ്യാലയങ്ങളുണ്ടായിരുന്നു. എല്ലാ കുടുംബത്തിലും ഒരു സംഗീതോപകരണം അഭ്യസിക്കുന്ന ഒരു കുട്ടിയെങ്കിലും ഉണ്ടായിരുന്നു. കൂടുതല്‍ ധനികരായവര്‍ കുട്ടികളെ പിയാനോ പഠിക്കാന്‍ വിടും. സാധാരണക്കാര്‍ വയലിന്‍, ട്രംപ്പറ്റ്, അക്കോര്‍ഡിയോണ്‍ എന്നിവയ്ക്കാണ് കുട്ടികളെ അയച്ചിരുന്നത്. അമ്മമ്മയാണ് എന്നെ പിയാനോ പഠിപ്പിക്കാന്‍ കൊണ്ടുപോയിരുന്നത്. എന്റെ ക്ലാസ് തീരുന്നതുവരെ അവര്‍ പുറത്തെ ബെഞ്ചില്‍ കാത്തിരിക്കും. ക്ലാസ് തീര്‍ന്നാല്‍ എന്നെ വീട്ടിലേക്ക് കൊണ്ടുവരും. പിയാനോയുടെ ശബ്ദംപോലെത്തന്നെ എന്റെ അധ്യാപികയെയും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. സ്വന്തമായി ഒരു പിയാനോ ഉണ്ടാകുന്ന കാലം ഞാന്‍ സ്വപ്നംകാണാന്‍ തുടങ്ങി. ഒരു പിയാനോയ്ക്ക് അന്ന് അഞ്ഞൂറ് റൂബിള്‍ വിലയുണ്ടായിരുന്നു. ഒരു ഡോക്ടറുടെയോ എന്‍ജിനീയറുടെയോ നാലുമാസത്തെ ശമ്പളം വരുമായിരുന്നു അത്. ഏറെ താമസിയാതെ അമ്മ പുതിയൊരു വായ്പയെടുത്ത് എന്റെ സ്വപ്നം സാക്ഷാത്കരിച്ചു. അതോടെ ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റ് കൂടുതല്‍ ചെറുതായി! ഞങ്ങളുടെ ചുമരുകളിലൊന്നില്‍ തിളങ്ങുന്ന, കറുത്ത, വലിയ ആ സംഗീതോപകരണം സ്ഥാനംപിടിച്ചു. അങ്ങനെ കൂടുതല്‍ നന്നായി അത് അഭ്യസിക്കാന്‍ എനിക്ക് കഴിഞ്ഞു. പിയാനോ വാങ്ങിയ ആദ്യ കുറേ നാളുകളില്‍ ഞാന്‍ ഉറങ്ങിയതേയില്ല. ആരെങ്കിലും അത് മോഷ്ടിക്കുമോ എന്നായിരുന്നു എന്റെ പേടി. രാത്രിയില്‍, ഇടയ്ക്കിടെ എഴുന്നേറ്റ് ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന്റെ ബാല്‍ക്കണിയുടെയും മറ്റും വാതിലുകളും ജനലുകളും കൃത്യമായി അടച്ചിട്ടില്ലേ എന്ന് ഞാന്‍ നോക്കും. വാതിലുകളെല്ലാം അടഞ്ഞുതന്നെയാണിരുന്നത്. എനിക്കുവേണ്ടി വാങ്ങിയ 'ഷെര്‍നിഹോവ്' പിയാനോ അപൂര്‍വ വസ്തുവൊന്നുമായിരുന്നില്ല. ഇരുന്നൂറ് കിലോമീറ്റര്‍ അകലെയുള്ള, യുക്രൈനിലെ ഏറ്റവും വലിയ ഷെര്‍നിഹോവ് പിയാനോ ഫാക്ടറിയില്‍ ഉണ്ടാക്കിയതായിരുന്നു അത്. ഈ ഫാക്ടറിക്ക് ഇപ്പോള്‍ ഒരു ഇറ്റാലിയന്‍ പാര്‍ട്ണറുണ്ട്. സംഗീതോപകരണങ്ങള്‍ ഉണ്ടാക്കുന്നതിനുപകരം അവരിപ്പോള്‍ വിലകൂടിയ ശവപ്പെട്ടികളാണ് നിര്‍മിക്കുന്നത്!

കുറച്ചുവര്‍ഷങ്ങള്‍ക്കിപ്പുറം പിയാനോയിലുള്ള എന്റെ ആവേശം കുറഞ്ഞു. അപ്പോള്‍, പിയാനോ വായിക്കാന്‍ മണിക്കൂറിന് ഒരു റൂബിള്‍തരാമെന്ന് അച്ഛന്‍ എന്നോടുപറഞ്ഞു. അദ്ദേഹത്തിന് സംഗീതത്തെക്കുറിച്ച് ഒന്നും അറിയുമായിരുന്നില്ല. അധ്യാപിക എനിക്ക് തരുന്ന പാഠങ്ങള്‍വെച്ച് ഞാന്‍ പിയാനോ വായിക്കുമെന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ, ഞാന്‍ പിയാനോയില്‍ സ്വന്തംനിലയ്ക്ക് സംഗീതം വായിച്ചുതുടങ്ങി. ഞാന്‍ പണം സമ്പാദിക്കാന്‍ തുടങ്ങി. വലുതായിട്ടൊന്നുമല്ല, കുറച്ചുകുറച്ച്. ഇരുപത് കോപെക്(റഷ്യന്‍ റൂബിളിന്റെ നൂറിലൊരു ഭാഗമായ നാണയം) മാത്രമായിരുന്നു ദിവസം എന്റെ പോക്കറ്റ് മണി. ഐസ്‌ക്രീമും മിഠായികളുമൊക്കെ വാങ്ങാന്‍ അത് ധാരാളമായിരുന്നു. അപ്പോഴാണ് പിയാനോ വായിക്കാന്‍ മണിക്കൂറിന് ഒരു റൂബിള്‍ അച്ഛന്‍ എനിക്ക് തന്നിരുന്നത്. ആദ്യമായി ഞാന്‍ സമ്പാദിക്കാന്‍ തുടങ്ങുന്നത് സംഗീതജ്ഞന്‍ എന്ന നിലയിലാണെന്ന് പറയുന്നതാവും ശരി!