മാര്‍ച്ച് എട്ട്-അന്താരാഷ്ട്ര വനിതാദിനം. അന്ന് ഞങ്ങളുടെ നഴ്സറി സ്‌കൂള്‍ ഏറെ നിശ്ശബ്ദമായിരിക്കും. കുട്ടികള്‍ കുറച്ചുമാത്രമേ കളിക്കാറുള്ളൂ. പക്ഷേ, അമ്മയുടെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപികയില്‍നിന്ന് ഏറെ കാര്യങ്ങള്‍ പഠിക്കും. അവര്‍ക്കായി ആശംസാ കാര്‍ഡുകള്‍ തയ്യാറാക്കും. ചിത്രം വരയ്ക്കാനറിയാത്തവര്‍ വര്‍ണക്കടലാസുകളിലെ അക്കങ്ങളും അക്ഷരങ്ങളും വെട്ടിയെടുക്കുന്ന ജോലിയിലേര്‍പ്പെടും. ഇവ കാര്‍ഡ്ബോര്‍ഡ് കഷണത്തില്‍ ഒട്ടിച്ച് വര്‍ണപ്പകിട്ടാര്‍ന്ന ആശംസാകാര്‍ഡുകള്‍ തയ്യാറാക്കും. എല്ലാ കാര്‍ഡുകളിലും പ്രാധാന്യത്തോടെ നല്‍കിയിരുന്നത് 'മാര്‍ച്ച് എട്ട്' എന്ന തീയതിയായിരുന്നു. യഥാര്‍ഥത്തില്‍, ഈ അവധിദിവസത്തിനായി കാത്തിരുന്നത് നഴ്സറിക്കുട്ടികളുള്ള അമ്മമാരായിരുന്നില്ല. അവിടത്തെ അധ്യാപികമാരായിരുന്നു. കാരണം, അന്ന്, വനിതകളായ എല്ലാ നഴ്സറി സ്‌കൂള്‍ ജീവനക്കാര്‍ക്കും കുട്ടികളുടെ അച്ഛനമ്മമാര്‍ പൂക്കള്‍കൊണ്ടുള്ള ബൊക്കെകളും ഷാംപെയ്നുകളും ചോക്കലേറ്റ് പെട്ടികളും നല്‍കുമായിരുന്നു. 

എനിക്ക് നന്നായി വരയ്ക്കാനറിയില്ലായിരുന്നു. അതുകൊണ്ടുതന്നെ, അക്കങ്ങളും അക്ഷരങ്ങളുമൊക്കെ വെട്ടുന്ന പണിയാണ് ഞാന്‍ ചെയ്തിരുന്നത്. കാര്‍ഡുകള്‍ മൃദുലമാക്കാന്‍ ഞാന്‍ കമ്പിളിനൂലുകള്‍ അതിലേക്ക് ഒട്ടിക്കുമായിരുന്നു. അന്ന് വൈകുന്നേരം ഞങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ എല്ലാവരുടെയും അച്ഛന്മാരാണ് വന്നിരുന്നത്. അവര്‍ അധ്യാപികമാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. എന്റെ അച്ഛന് സമ്മാനങ്ങള്‍ നല്‍കാന്‍ വളരെ താത്പര്യമായിരുന്നു. പലപ്പോഴും ആവശ്യത്തില്‍ കൂടുതല്‍ പണം അച്ഛന്‍ അതിനായി ചെലവഴിക്കുമായിരുന്നു. അക്കാര്യത്തില്‍ അമ്മ അച്ഛനെ സ്ഥിരമായി കുറ്റപ്പെടുത്തിയിരുന്നു. ''മറ്റുള്ളവരെക്കാള്‍ ധനികനാണെന്നു തോന്നിപ്പിക്കാനാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?''- അമ്മ അച്ഛനോടു ചോദിക്കും. സോവിയറ്റ് പാരമ്പര്യമനുസരിച്ച്, ഭര്‍ത്താക്കന്മാര്‍ എല്ലാ മാസവും ശമ്പളം മുഴുവനായും വീട്ടിലേക്കു കൊണ്ടുവരികയാണു പതിവ്. സിഗരറ്റ്, ഭക്ഷണം, യാത്രാച്ചെലവുകള്‍ എന്നിവയ്ക്കുള്ള പണം എല്ലാ മാസവും അഞ്ചിനും ഇരുപതിനുമായി ഭാര്യയില്‍നിന്ന് തിരിച്ചുവാങ്ങും. യു.എസ്.എസ്.ആറില്‍ കുടുംബത്തിലെ കണക്കപ്പിള്ള എപ്പോഴും പെണ്ണായിരാന്നു. പക്ഷേ, എന്റെ അച്ഛന്‍ തീര്‍ച്ചയായും ശമ്പളം മുഴുവനായി അമ്മയ്ക്ക് നല്‍കിയിരുന്നില്ല. ഏറെക്കാലം അച്ഛന്റെ ശമ്പളം കൃത്യമായി എത്രയാണെന്നുപോലും അമ്മയ്ക്ക് അറിയുമായിരുന്നില്ല. 

അച്ഛന് അന്ന് രണ്ടു ജോലികളുണ്ടായിരുന്നു. ഒന്ന് കിയേവ് വിമാനത്താവളത്തില്‍ പൈലറ്റ്. സഹപ്രവര്‍ത്തകരോടൊപ്പം അച്ഛന്‍ ചെറിയ, എ.എന്‍.-24 പ്രൊപ്പല്ലര്‍ വിമാനങ്ങളില്‍ യാത്രക്കാരുമായി സോവിയറ്റ് യൂണിയനിലുടനീളം പറക്കും. മറ്റൊന്ന്, ആന്റൊനോവ് ഏവിയേഷന്‍ പ്ലാന്റിലെ ടെസ്റ്റ് പൈലറ്റ്. അവിടെ പുതിയ വിമാനങ്ങളുടെ പരീക്ഷണപ്പറക്കല്‍ നടത്തും. ചിലപ്പോഴൊക്കെ ആ വിമാനങ്ങള്‍ പറത്തി, അവ വാങ്ങിയ ഇറാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, യൂഗോസ്ലാവിയ എന്നിവിടങ്ങളിലേക്കു പോകും. രണ്ടു ജോലിക്കും അച്ഛന് നല്ല ശമ്പളം കിട്ടിയിരുന്നു. പല ശമ്പളദിവസങ്ങളിലും അച്ഛന്‍ വിശിഷ്ട ഭക്ഷണപദാര്‍ഥങ്ങളും കോന്യാക് പോലുള്ള വിലകൂടിയ മദ്യവും വാങ്ങുമായിരുന്നു. പലപ്പോഴും കൂട്ടുകാര്‍ക്കായി അച്ഛന്‍ ഞങ്ങളുടെ പുതിയ അപ്പാര്‍ട്ട്മെന്റില്‍ വിരുന്നുസത്കാരവും നല്‍കിയിരുന്നു. കൂട്ടുകാര്‍ക്ക് അച്ഛനെ ഏറെ ഇഷ്ടമായിരുന്നു. അച്ഛന്റെ ഉദാരമനസ്‌കതയെ അവര്‍ പലപ്പോഴും വാഴ്ത്തുകയും ചെയ്തിരുന്നു. ആ ഉദാരമനസ്‌കത സത്യത്തില്‍ ധാരാളിത്തവും പൊങ്ങച്ചപ്രകടനങ്ങളുമായിരുന്നു. സ്വാഭാവികമായും അത് അമ്മയെ ഏറെ അസ്വസ്ഥയാക്കി. അമ്മയ്ക്ക് താരതമ്യേന കുറഞ്ഞ ശമ്പളമാണ് ലഭിച്ചിരുന്നത്. അതുകൊണ്ടുതന്നെ, എനിക്കും ചേട്ടനും പുതിയ വസ്ത്രങ്ങള്‍ വാങ്ങാനും അടുത്ത വേനലവധി ആഘോഷത്തിനുമായൊക്കെ അമ്മയ്ക്ക് ഓരോ പൈസയും കരുതിവെയ്‌ക്കേണ്ടതുണ്ടായിരുന്നു. 

ഒരിക്കല്‍ അമ്മ അച്ഛനെക്കുറിച്ച് വിമാനത്താവളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കമ്മിറ്റിയോട് പരാതിപ്പെട്ടു. എല്ലാ സോവിയറ്റ് സ്ഥാപനങ്ങളിലും അക്കാലത്ത് പാര്‍ട്ടി കമ്മിറ്റികളുണ്ടായിരുന്നു. ഓരോ സ്ഥാപനത്തിന്റെയും സമാന്തര നേതൃത്വമായാണ് അവ നിലകൊണ്ടിരുന്നത്. ചെറുതും വലുതുമായ തസ്തികകളില്‍ ജോലിചെയ്തിരുന്ന ഒട്ടുമിക്ക ആളുകളും പാര്‍ട്ടി അംഗങ്ങളായിരുന്നു. അവര്‍ ഒരേസമയം സ്ഥാപനമേധാവികള്‍ക്കും പാര്‍ട്ടി കമ്മിറ്റികള്‍ക്കും കീഴ്പ്പെട്ടാണ് പ്രവര്‍ത്തിച്ചിരുന്നത്. പാര്‍ട്ടി അംഗങ്ങളുടെ സ്വഭാവകാര്യങ്ങള്‍ നിരീക്ഷിക്കുകയെന്നത് ഇത്തരം കമ്മിറ്റികളുടെ പ്രധാന ചുമതലകളിലൊന്നായിരുന്നു. അംഗങ്ങളുടെ തെറ്റായ ശീലങ്ങള്‍, കുടുംബത്തിലെ അവരുടെ മോശം പെരുമാറ്റങ്ങള്‍ എന്നിവയെല്ലാം പാര്‍ട്ടി കമ്മിറ്റികള്‍ നിരീക്ഷിച്ചിരുന്നു. 

ഭര്‍ത്താക്കന്മാരുടെ അമിത മദ്യപാനത്തെക്കുറിച്ചും വിശ്വാസവഞ്ചനയെക്കുറിച്ചുമൊക്കെയുള്ള പരാതികള്‍ ഭാര്യമാര്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് എഴുതിനല്‍കിയിരുന്നു. ഇത്തരം ഭര്‍ത്താക്കന്മാരെ പ്രത്യേക പാര്‍ട്ടി കമ്മിറ്റികള്‍ക്ക് ക്ഷണിക്കും. കമ്മിറ്റികളില്‍ അവരുടെ മോശം സ്വഭാവങ്ങളെക്കുറിച്ച് തുറന്നചര്‍ച്ച നടത്തുകയും വിമര്‍ശിക്കുകയും ചെയ്യും. ഇതില്‍ അനുസരണയില്ലാത്ത 'പ്രതികള്‍'ക്കെതിരേ ഏതെങ്കിലുമൊരു വിമര്‍ശനം പേഴ്സണല്‍ ഫയലില്‍ രേഖപ്പെടുത്തിയാല്‍ പിന്നെ അയാളുടെ ഭാവി അത്ര ശോഭനമായിരിക്കില്ല. തെറ്റുതിരുത്താന്‍ തുടര്‍ന്നും അയാള്‍ തയ്യാറായില്ലെങ്കില്‍ അടുത്ത നടപടി 'സഖാക്കളുടെ കോടതി' (കോമ്രേഡ്സ് കോര്‍ട്ട്-അഭിഭാഷകരൊന്നുമില്ലെങ്കിലും കോടതിക്കു സമാനമായ പാര്‍ട്ടി സംവിധാനം) ചേരലാണ്. അംഗത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍വരെ ആ കോടതിക്ക് അധികാരമുണ്ട്. പാര്‍ട്ടി പുറത്താക്കിയവരെ ജോലിയില്‍നിന്നും പിരിച്ചുവിടാനുള്ള സാധ്യത ഏറെ കൂടുതലാണ്. 

ഒന്നിലധികം തവണ അമ്മ അച്ഛനെക്കുറിച്ചുള്ള പരാതികള്‍ പാര്‍ട്ടി കമ്മിറ്റികള്‍ക്ക് എഴുതിയെന്നാണെന്റെ ഓര്‍മ. പക്ഷേ, ശരിയായ രീതിയില്‍ അച്ഛന്‍ ഒരിക്കല്‍പ്പോലും ശിക്ഷിക്കപ്പെട്ടില്ല. അച്ഛന്റെ ധാരാളിത്തവും സുഹൃത്തുക്കളെ വിരുന്നൂട്ടലും പോലുള്ള ഗൗരവമല്ലാത്ത കാര്യങ്ങളായതുകൊണ്ടായിരിക്കാം അത്. അച്ഛന്‍ വളരെ കുറച്ചുമാത്രമേ മദ്യപിക്കാറുണ്ടായിരുന്നുള്ളൂ, പ്രത്യേകിച്ചും കോന്യാക് പോലുള്ള വിലകൂടിയവ.
 
ഒരുദിവസം ഞങ്ങളുടെ വീട്ടില്‍ വലിയൊരു സംഭവം നടന്നു. അച്ഛന്റെ ശമ്പളത്തിലെ കള്ളക്കളി അമ്മ 'പിടിച്ചു'. അച്ഛന്റെ പാര്‍ട്ടി അംഗത്വത്തിന്റെ കാര്‍ഡ് അമ്മയ്ക്കു കിട്ടി. പാര്‍ട്ടിക്കു നല്‍കുന്ന തുകയുടെ വിശദാംശങ്ങളും അതോടൊപ്പമുണ്ടായിരുന്നു. ഉയര്‍ന്ന ശമ്പളം വാങ്ങുന്നവര്‍ പാര്‍ട്ടിക്കു നല്‍കേണ്ട അംഗത്വ ഫീസ് ശമ്പളത്തിന്റെ മൂന്ന് ശതമാനമായിരുന്നു. ഇതില്‍നിന്ന് അച്ഛന്റെ യഥാര്‍ഥ ശമ്പളം കണക്കാക്കിയെടുക്കാന്‍ അമ്മയ്ക്ക് പ്രയാസമുണ്ടായില്ല. ശമ്പളത്തിന്റെ പകുതിയില്‍ താഴെ പണമേ അച്ഛന്‍ കുടുംബത്തിന് നല്‍കിയിരുന്നുള്ളൂ എന്ന് അമ്മയ്ക്ക് മനസ്സിലായി. ഈ 'അഴിമതി കണ്ടെത്തല്‍' സ്വാഭാവികമായും കുടുംബ ബജറ്റ് തുക കൂട്ടാനിടയാക്കി! അതോടെ കൂടുതല്‍ പഴവര്‍ഗങ്ങളും ഇറച്ചിയുമൊക്കെ മേശമേല്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി! ആ സംഭവത്തിനു ശേഷം അച്ഛന്‍ അമ്മയ്ക്ക് സമ്മാനങ്ങള്‍ നല്‍കാനും തുടങ്ങി. സുഹൃത്തുക്കളുടെയും കുടുംബസുഹൃത്തുക്കളുടെയുമൊക്കെ സാന്നിധ്യത്തിലായിരുന്നു അത്തരം സമ്മാനക്കൈമാറ്റങ്ങള്‍. മറ്റുള്ളവര്‍ക്കുമുന്നില്‍ മികച്ച കുടുംബനാഥന്‍ എന്ന പേര് സമ്പാദിക്കാന്‍ കൂടിയായിരുന്നു ഇതെല്ലാം. 

കുടുംബത്തില്‍നിന്ന് കുറച്ചു ദിവസങ്ങള്‍ വിട്ടുനിന്ന് മടങ്ങിവരുമ്പോഴൊക്കെ അച്ഛന്‍ എനിക്കും ചേട്ടനും സമ്മാനങ്ങളുമായാണ് വന്നിരുന്നത്. അച്ഛന്‍  കൊണ്ടുവന്നിരുന്ന മാര്‍ഷ്മല്ലോ (ഒരുതരം പഞ്ഞി മിഠായി)കളും കുറുക്കിയ പഴച്ചാറുകളും എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ചോക്കലേറ്റ് മിഠായികളായിരുന്നു ചേട്ടന് ഇഷ്ടം. വളരെ കുറച്ചുസമയം മാത്രമാണ് അച്ഛന്‍ ഞങ്ങള്‍ക്കൊപ്പം ചെലവഴിച്ചിരുന്നത്. അതുകൊണ്ടായിരിക്കണം ഞങ്ങള്‍ക്ക് മിഠായികള്‍ വാങ്ങിക്കൊണ്ടു തന്നിരുന്നത്. വാര്‍ഷികാവധി വരുന്ന മാസം മാത്രമാണ് ഞങ്ങള്‍ കുടുംബമായി ഒരുമിച്ചു ചെലവഴിച്ചിരുന്നത്. ആ മാസം ഞങ്ങള്‍ മിക്കവാറും പോയിരുന്നത് കരിങ്കടലിനു സമീപമുള്ള ക്രിമിയയിലേക്കാണ്.
 
എന്റെ ബാല്യത്തിലെ കരിങ്കടല്‍ തീരെ ആഴം കുറഞ്ഞതായിരുന്നു. കുട്ടികള്‍ക്ക് അവിടെ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ കരിങ്കടലിനു സമീപമുള്ള എവ്പാറ്റോറിയ നഗരത്തിലേക്ക് തുടര്‍ച്ചയായി പത്തുപന്ത്രണ്ടു വര്‍ഷം ഞങ്ങള്‍ അവധിയാഘോഷിക്കാന്‍ പോയിരുന്നു. വാന്യയമ്മാവനും ല്യുബ അമ്മായിക്കുമൊപ്പം ഞങ്ങള്‍ അവിടെ ഒരുമുറി വാടകയ്‌ക്കെടുക്കും. മുന്തിരിവള്ളികള്‍ പന്തലിച്ചുനില്‍ക്കുന്ന വിശാലമായ മുറ്റമുള്ള വലിയ ഒറ്റനില വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്. വാന്യയമ്മാവനും ല്യുബ അമ്മായിയും സ്റ്റാലിന്റെ കാലത്ത് മധ്യ റഷ്യയില്‍നിന്ന് ക്രിമിയയിലേക്ക് പറഞ്ഞയക്കപ്പെട്ടവരായിരുന്നു. വലുതായപ്പോള്‍ മാത്രമാണ് ഞാന്‍ അക്കാര്യം അറിഞ്ഞത്. ഹിറ്റ്ലറുമായി ചങ്ങാത്തമുണ്ടെന്നാരോപിച്ച് ക്രിമിയന്‍ ടാര്‍ടാറുകളെ (ക്രിമിയയിലെ ഗോത്രവര്‍ഗവിഭാഗം) മുഴുവന്‍ നാടുകടത്തിയ ശേഷമാണ് അമ്മാവനെയും അമ്മായിയെയും സ്റ്റാലിന്‍ അങ്ങോട്ടു പറഞ്ഞയച്ചത്. ആ വീട് അവര്‍ക്ക് സോവിയറ്റ് സര്‍ക്കാര്‍ നല്‍കിയതാണ്. ക്രിമിയന്‍ ടാര്‍ടാറുകളില്‍നിന്ന് സകലതും പിടിച്ചുപറിച്ച അതേ സര്‍ക്കാര്‍ അമ്മാവനും അമ്മായിക്കും വീട്ടുസാമാനങ്ങള്‍ ഉള്‍പ്പെടെ നല്‍കി; കാര്‍പ്പെറ്റ് പോലും! 

പഴയ നഗരകേന്ദ്രത്തിലെ ഒരു തെരുവിലായിരുന്നു ആ വീട്. പര്‍വതമുകളില്‍നിന്ന് താഴേക്കുപതിക്കുന്ന നദി പര്‍വതത്തെ ചുറ്റുന്നതുപോലെ നഗരഹൃദയത്തെ ചുറ്റിയുള്ളതായിരുന്നു ആ തെരുവ്. നഗരത്തിലെ തെരുവുകളെല്ലാം പരസ്പരം കെട്ടുപിണഞ്ഞ് ഏറെ സങ്കീര്‍ണമായിരുന്നു. അവയിലൂടെയായിരുന്നു എന്റെ എവ്പാറ്റോറിയയിലെ സാഹസിക സഞ്ചാരങ്ങളേറെയും. എനിക്ക് മൂന്നോ നാലോ വയസ്സുള്ളപ്പോള്‍, ഒരിക്കല്‍ ആ വീടിന്റെ മുറ്റത്ത് ഞാന്‍ ഒറ്റയ്ക്കായ സമയത്ത് പുറത്തുപോയി നഗരംചുറ്റാന്‍ തീരുമാനിച്ചു. ഗേറ്റിനു പുറത്തെത്തി നടക്കാന്‍ തുടങ്ങി. മതിലുകളും വേലികളും അവയ്ക്കുപിന്നിലെ ജീവിതവും നോക്കിക്കണ്ടായിരുന്നു യാത്ര. തിരികെയുള്ള വഴി എളുപ്പത്തില്‍ ഓര്‍ക്കാനാവുമെന്ന ചിന്തയിലായിരുന്നു നടത്തം. പക്ഷേ, അതിനുകഴിയാതെ ഞാന്‍ കുഴങ്ങി. ആദ്യമായാണ് വീട്ടില്‍നിന്ന് ഏറെയകലെ, തിരക്കുള്ള തെരുവില്‍ ഞാന്‍ ഒറ്റയ്ക്ക് അകപ്പെടുന്നത്. സ്വന്തം നിലയില്‍ വീട്ടിലേക്കു മടങ്ങാനാവില്ലെന്നു ഞാന്‍ തിരിച്ചറിഞ്ഞു. എന്തു ചെയ്യണമെന്നറിയാതെ നിലത്തിരുന്ന് ഞാന്‍ കരഞ്ഞു. ദയാലുവായ ഒരു സ്ത്രീ എന്നെ പോലീസ് സ്റ്റേഷനിലെത്തിച്ചു.

പേടിച്ചരണ്ട് കണ്ണീരുമായി എന്റെ അമ്മ വരുന്നതുവരെ മണിക്കൂറുകളോളം എനിക്കവിടെ നില്‍ക്കേണ്ടിവന്നു. ആഴംകുറഞ്ഞ കടലും വിശാലമായ കടല്‍ത്തീരവുമുള്ള എവ്പാറ്റോറിയ ചെറിയ കുട്ടികളുമായി വരുന്ന അച്ഛനമ്മമാര്‍ക്ക് പറ്റിയ മികച്ച സ്ഥലമായിരുന്നു. അവിടെ കുട്ടികള്‍ കൂട്ടംതെറ്റിപ്പോകുന്നത് പതിവായിരുന്നു. കണ്ടുകിട്ടുന്ന കുട്ടികളെ സ്വാഭാവികമായും പോലീസ് സ്റ്റേഷനിലാണ് എത്തിച്ചിരുന്നത്. കുട്ടികളെ കൈവിട്ട അച്ഛനമ്മമാര്‍ സഹായത്തിനായി എത്തിയിരുന്നതും പോലീസ് സ്റ്റേഷനില്‍ത്തന്നെ. നഗരത്തിരക്കില്‍ പിന്നീടൊരുതവണ കൂട്ടംതെറ്റിപ്പോയപ്പോള്‍ ഞാന്‍ സ്വന്തം നിലയ്ക്ക് കാര്യംപറയാന്‍ ഒരു പോലീസുകാരനെ തിരഞ്ഞുനടന്നു. ഇത്തരം അനുഭവങ്ങള്‍ കൊണ്ടായിരിക്കാം, പോലീസുകാരെയും അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരെയും എനിക്ക് ഏറെ വിശ്വാസമായിരുന്നു. കൂട്ടംതെറ്റിപ്പോയപ്പോഴൊക്കെ പോലീസുകാര്‍ എന്നെ തിരികെയെത്തിച്ചു. പുഷ്ച-വോഡിറ്റ്സയില്‍ മുത്തശ്ശിയുടെ വീട്ടില്‍ താമസിക്കവേ അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരാണ് എല്ലായ്പ്പോഴും എന്റെ മുച്ചക്ര സൈക്കിള്‍ നന്നാക്കിത്തന്നിരുന്നത്.