ല്ലാ സോവിയറ്റുകാരുടെയും എല്ലാ സോവിയറ്റ് കുടുംബത്തിന്റെയും ഒരു പ്രധാന സ്വപ്നമായിരുന്നു സ്വന്തമായി ഒരു വീട് അഥവാ അപ്പാര്‍ട്ട്മെന്റ് എന്നത്. 1960-കളുടെ തുടക്കത്തില്‍ ഒരു കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവര്‍വരെ ഒറ്റ അപ്പാര്‍ട്ട്മെന്റിലാണ് ഒരുമിച്ച് താമസിച്ചിരുന്നത്. ചിലപ്പോള്‍ രണ്ടുമുറിയില്‍, ചില കുടുംബങ്ങളില്‍ ഒറ്റമുറിയില്‍. മക്കളും പേരക്കുട്ടികളുമായി അപ്പൂപ്പന്മാരും അമ്മൂമ്മമാരുമൊക്കെ താമസിച്ചിരുന്നത് ഇത്തരം ഒരു അപ്പാര്‍ട്ടുമെന്റിനുള്ളിലായിരുന്നു. 
 
കിയേവില്‍ (ഇന്നത്തെ യുക്രൈനിന്റെ തലസ്ഥാന നഗരം) അനേകം കുടുംബങ്ങള്‍ പല അപ്പാര്‍ട്ട്മെന്റുകളും വീതിച്ചെടുത്താണ് (കമ്യൂണല്‍ അപ്പാര്‍ട്ട്മെന്റ്) താമസിച്ചിരുന്നത്. പഴയ സോവിയറ്റ് അപ്പാര്‍ട്ട്മെന്റ് ബ്ലോക്കിലും സ്റ്റാലിന്റെ കാലത്തെ 'സ്റ്റാലിന്‍കാസ്' എന്നു വിളിക്കപ്പെട്ടിരുന്ന കെട്ടിടങ്ങളിലും ഒന്നിലധികം കുടുംബങ്ങള്‍ ഒരേ അപ്പാര്‍ട്ട്മെന്റ് വീതിച്ചെടുത്താണ് താമസിച്ചിരുന്നത്. അത്തരം അപ്പാര്‍ട്ട്മെന്റുകളില്‍ മൂന്നുമുതല്‍ എട്ടുവരെ മുറികളുണ്ടായിരുന്നു. പക്ഷേ, ഈ മുറികള്‍ക്കെല്ലാമായി ഒരു അടുക്കളയും ഒരു കുളിമുറിയും ഒരു കക്കൂസും മാത്രമാണുണ്ടായിരുന്നത്!
 
അടുക്കളയില്‍ രണ്ടോ മൂന്നോ ഗ്യാസ് സ്റ്റൗ ഉണ്ടായിരുന്നു. അവയെച്ചൊല്ലിയുള്ള ആക്ഷേപങ്ങളും 'യുദ്ധങ്ങളു'മെല്ലാം പതിവായിരുന്നു. കുളിമുറിയുടെയും കക്കൂസിന്റെയും മേല്‍ത്തട്ടുകളില്‍ 'ബള്‍ബുകളുടെ മാലകള്‍' തൂങ്ങിക്കിടന്നിരുന്നു. ഓരോ കുടുംബത്തിനും പ്രത്യേകം ബള്‍ബുകളും അവയ്ക്കെല്ലാം ചുമരുകളില്‍ പ്രത്യേകം സ്വിച്ചുകളുമുണ്ടായിരുന്നു. കാരണം, ഓരോ കുടുംബത്തിനും അവരുടേതായ വൈദ്യുതിമീറ്റര്‍ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അത്തരം അപ്പാര്‍ട്ട്മെന്റുകളുടെ ചുമരുകള്‍ മുന്തിരിവള്ളികള്‍ പോലെയുള്ള വയറിങ്ങുകളാല്‍ അലംകൃതമായിരുന്നു!
 
മറ്റുള്ളവരുടെ വൈദ്യുതി കള്ളത്തരത്തില്‍ ഉപയോഗിക്കുന്നതും അടുക്കളയില്‍നിന്ന് ഭക്ഷണം 'അപ്രത്യക്ഷ'മാകുന്നതുമെല്ലാം അവിടെ സാധാരണമായിരുന്നു. അതുകൊണ്ടുതന്നെ അത്തരം അപ്പാര്‍ട്ട്മെന്റുകള്‍ മനുഷ്യതിന്മയുടെ കേന്ദ്രങ്ങള്‍കൂടിയായിരുന്നു. അത്തരം കുടുംബങ്ങളില്‍ ഒരു മദ്യപാനിയോ കുറ്റവാളിയോ ഉണ്ടെങ്കില്‍ അവ കൂടുതല്‍ പ്രകടമായിത്തന്നെ വ്യക്തമായിരുന്നു. അത്തരം അപ്പാര്‍ട്ട്മെന്റുകളിലുള്ള ഓരോരുത്തരും സ്വന്തമായി ഒരു താമസസ്ഥലം ആഗ്രഹിക്കുന്നതില്‍ അദ്ഭുതമില്ലായിരുന്നു. പലപ്പോഴും, സര്‍ക്കാരിന്റെ സൗജന്യ അപ്പാര്‍ട്ട്മെന്റ് പദ്ധതിയുടെ വെയ്റ്റിങ് ലിസ്റ്റില്‍പ്പോലും കയറിപ്പറ്റുക അസാധ്യമായിരുന്നു. 
 
യു.എസ്.എസ്.ആറില്‍ അപ്പാര്‍ട്ട്മെന്റുകള്‍ വാങ്ങാനോ വില്‍ക്കാനോ സാധ്യമല്ലായിരുന്നു, അത് വിലക്കപ്പെട്ടിരുന്നു. സര്‍ക്കാരാണ് സൗജന്യമായി അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കിയിരുന്നത്. പക്ഷേ, അത് കിട്ടാന്‍, ആദ്യം 15 ചതുരശ്ര മീറ്ററില്‍ത്താഴെ സ്ഥലമേ നിങ്ങള്‍ക്ക് ഉള്ളൂവെന്ന് തെളിയിക്കണം. പിന്നെ, ഔദ്യോഗികമായ ഏതെങ്കിലും വെയ്റ്റിങ് ലിസ്റ്റില്‍ കയറിപ്പറ്റണം. വെയ്റ്റിങ് ലിസ്റ്റിലുള്ളവരില്‍ ഭൂരിപക്ഷത്തിനും അപ്പാര്‍ട്ട്മെന്റ് കിട്ടണമെന്നേയില്ല. എന്നാല്‍, ലിസ്റ്റില്‍ കയറിപ്പറ്റിയാല്‍ അപ്പാര്‍ട്ട്മെന്റ് കിട്ടുമെന്നുള്ള ഒരു വിദൂരപ്രതീക്ഷ ജീവിതം കൂടുതല്‍ സഹനക്ഷമമാക്കുമായിരുന്നു. ചില പ്രത്യേക വെയ്റ്റിങ് ലിസ്റ്റുകളുമുണ്ടായിരുന്നു. അതില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് യഥാര്‍ഥത്തില്‍ അപ്പാര്‍ട്ട്മെന്റുകള്‍ നല്‍കിയിരുന്നു. അവര്‍ക്കും പത്തും ഇരുപതും വര്‍ഷമൊക്കെ കാത്തിരിക്കേണ്ടിവരുമായിരുന്നു. പക്ഷേ, ഒടുവില്‍ അവര്‍ക്ക് സ്വന്തമായി ഒരു വാസസ്ഥലം കിട്ടുമായിരുന്നു. 

window

നികിറ്റ ക്രുഷോവ് നിരായുധീകരണവും സേനാംഗങ്ങളുടെ എണ്ണം വെട്ടിക്കുറയ്ക്കലും പ്രഖ്യാപിച്ചപ്പോള്‍ ജോലി നഷ്ടപ്പെട്ട സൈനികന് അവരുടെ ഇഷ്ടനഗരത്തില്‍ നാലുമാസത്തിനുള്ളില്‍ അപ്പാര്‍ട്ട്മെന്റ് കിട്ടാവുന്ന രീതിയിലുള്ള നിയമം പാസാക്കി. അന്ന്, 1960-കളുടെ തുടക്കത്തില്‍, ഒരുലക്ഷത്തോളം സൈനികര്‍ക്കാണ് ജോലിപോയത്. അതുകൊണ്ടുതന്നെ ആ വാഗ്ദാനം കൃത്യമായി പാലിക്കപ്പെട്ടില്ല. വിരമിച്ച പല ഓഫീസര്‍മാര്‍ക്കും അപ്പാര്‍ട്ട്മെന്റുകളേ കിട്ടിയില്ല. പക്ഷേ, ഞങ്ങള്‍ക്ക് ഭാഗ്യമുണ്ടായിരുന്നു. വിരമിച്ച് മൂന്നുവര്‍ഷത്തിനുശേഷം, ഞങ്ങള്‍ക്ക് അനുവദിച്ച അപ്പാര്‍ട്ട്മെന്റ് ഉള്ള കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചതായി അച്ഛന് സര്‍ക്കാരില്‍നിന്ന് അറിയിപ്പ് വന്നു. താമസിയാതെ അതിന്റെ രേഖകള്‍ നല്‍കുമെന്നും അങ്ങോട്ട് മാറാനുള്ള അനുമതി ലഭിക്കുമെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. 
 
എന്റെ മാതാപിതാക്കളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിരുന്നു അത്. എല്ലാവരും ഏറെ ആഹ്ലാദത്തിലായിരുന്നു. ഞങ്ങള്‍ക്കുണ്ടാകാന്‍ പോകുന്ന ആ നേട്ടത്തില്‍ മുത്തശ്ശിയും ഏറെ സന്തോഷവതിയായിരുന്നു. അവരുടെ വീട്ടിലെ ഒരു മുറിയിലാണ് നാലുപേരുള്ള ഞങ്ങളുടെ കുടുംബം താമസിച്ചിരുന്നത് എന്നതും ആ സന്തോഷത്തിന് കാരണമായിട്ടുണ്ടാകാം. അന്ന്, എന്തിനാണ് എല്ലാവരും സന്തോഷിച്ചിരുന്നത് എന്ന് എനിക്ക് മനസ്സിലായിട്ടില്ലായിരുന്നു. മുത്തശ്ശിയുടെ വീട്ടില്‍ ഞങ്ങള്‍ താമസിച്ചിരുന്ന മുറിയില്‍ വലിയൊരു ജനാലയുണ്ടായിരുന്നു. അതിനടിയിലായിട്ടായിരുന്നു എന്റെ കിടക്ക. സൂര്യവെളിച്ചം എന്റെ നെറ്റിയിലും കവിളുകളിലും തലയണയിലും വന്നു തഴുകുമ്പോഴാണ് ഞാന്‍ ഉണരാറുണ്ടായിരുന്നത്. എല്ലാ പ്രഭാതങ്ങളിലും ഉദിച്ചുയര്‍ന്ന സൂര്യനാണ് എന്നെ വിളിച്ചുണര്‍ത്തിയിരുന്നത്. അത് എനിക്ക് വല്ലാത്ത സന്തോഷം നല്‍കിയിരുന്നു. അപ്പോഴേക്കും മുത്തശ്ശിയുടെ വീട് എന്റെ സ്വന്തം  വീടായി മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു. അവിടത്തെ ചെറിത്തോട്ടമായിരുന്നു എന്റെ പൂന്തോട്ടം. 
 
വൈകാതെ, അപ്പാര്‍ട്ട്മെന്റ് കാണാന്‍ പോകാന്‍ ഞങ്ങള്‍ക്ക് അറിയിപ്പ് വന്നു. ഞങ്ങള്‍ അവിടേക്കു പോയി. ഒരു പുതിയ അഞ്ചുനിലക്കെട്ടിടത്തിന്റെ മുകളിലെ നിലയിലായിരുന്നു ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റ്. ക്രൂഷോവിന്റെ ഓര്‍മയ്ക്കായി ഇപ്പോള്‍ ആ കെട്ടിടങ്ങള്‍ അറിയപ്പെട്ടത് 'ക്രൂഷോവ്കാസ്' എന്നാണ്. വാസസ്ഥലം എന്ന പ്രശ്‌നം പരിഹരിക്കാനായി അത്തരം കെട്ടിടങ്ങള്‍ സോവിയറ്റ് നാട്ടിലങ്ങോളമിങ്ങോളം പണിയാന്‍ ഉത്തരവിട്ടത് ക്രൂഷോവായിരുന്നല്ലോ. എടുത്തുപറയാനൊന്നുമില്ലെങ്കിലും ആ കെട്ടിടം വളരെ ആധുനികമായിരുന്നു. അവിടെ ലിഫ്റ്റോ അതുപോലുള്ള സാധനങ്ങളോ ഒന്നുമില്ലായിരുന്നു. എളുപ്പത്തില്‍ നടന്ന് ഞങ്ങള്‍ അഞ്ചാംനിലയിലെത്തി. മുതിര്‍ന്ന ഒരാള്‍ക്ക് കൈകൊണ്ട് തൊടാവുന്ന ഉയരമേ മേല്‍ത്തട്ടിനുണ്ടായിരുന്നുള്ളൂ. അതുപോലുള്ള അഞ്ചുനില 'ക്രൂഷോവ്ക'കള്‍ സ്റ്റാലിന്റെ കാലത്ത് നിര്‍മിച്ച മൂന്നുനില കെട്ടിടങ്ങളുടെ ഉയരമേ ഉണ്ടായിരുന്നുള്ളൂ. ഇടുങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കാന്‍ ആളുകള്‍ പഠിച്ചുകഴിഞ്ഞു. ഏറ്റവും പ്രധാനമെന്തെന്നാല്‍, സ്വന്തമായി ഒരു അപ്പാര്‍ട്ട്മെന്റ് കിട്ടുന്നു എന്നതാണ്. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിന് ജനാലകളും വാതിലുകളും അപ്പോഴേക്കും ഉറപ്പിച്ചുകഴിഞ്ഞിരുന്നു. നിലത്ത്, ഉറപ്പുള്ളതെങ്കിലും മിനുസമേറിയ ഒരുതരം കൃത്രിമ പരവതാനി വിരിച്ചിട്ടുണ്ടായിരുന്നു.
 
അപ്പാര്‍ട്ട്മെന്റ് നോക്കാനായി പിന്നെയും ഒട്ടേറെ തവണ ഞങ്ങളവിടെ പോയി. ഒറ്റയോട്ടത്തിന് ഗോവണിപ്പടികള്‍ കയറി അഞ്ചാംനിലയിലെത്താന്‍ ഞാന്‍ പഠിച്ചു. അവിടെയെത്തിയാല്‍ ജനാലയിലൂടെ, പുറത്തുള്ള ആന്റൊണോവ് എയര്‍ക്രാഫ്റ്റ് ഫാക്ടറിയിലേക്ക് ഞാന്‍ കണ്ണോടിക്കും. ആ കമ്പനിയില്‍ എന്റെ അച്ഛന്‍ ഒരു ടെസ്റ്റ് പൈലറ്റായി നേരത്തേ ജോലിചെയ്തിട്ടുണ്ടായിരുന്നു. ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റില്‍നിന്നു നോക്കിയാല്‍ അവിടത്തെ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡും റണ്‍വേയും നന്നായി കാണാമായിരുന്നു. പുതിയ അപ്പാര്‍ട്ട്മെന്റില്‍ മേശ, കസേര പോലുള്ള ഗൃഹോപകരണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ക്കും അതൊന്നും സ്വന്തമായുണ്ടായിരുന്നില്ല. നല്ല ഗൃഹോപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ കീവിലുണ്ടായിരുന്നു.  
 
നേരത്തേ ഡോക്ടറായി ജോലിചെയ്തിരുന്ന എന്റെ അമ്മയുടെ ദയാലുക്കളായ ചില രോഗികള്‍ ഭാവിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് അവരുടെ ഫോണ്‍ നമ്പറുകള്‍ നല്‍കിയിരുന്നു. അത്തരത്തിലൊരു രോഗിയുടെ ഭര്‍ത്താവ് ഒരു ഫര്‍ണിച്ചര്‍ ഷോപ്പിന്റെ ഡയറക്ടറായിരുന്നു. അമ്മ സഹായത്തിനായി അവരെ വളിച്ചു. അതോടെ കിടപ്പുമുറിയിലേക്കുള്ള സാധനങ്ങള്‍ കിട്ടിയതായി അമ്മ പ്രഖ്യാപിച്ചു. അവ എത്തരത്തിലുള്ളതാണെന്ന് അച്ഛന്‍ അമ്മയോട് ചോദിച്ചപ്പോള്‍ അത് താന്‍ തന്നെ കണ്ടിട്ടില്ലെന്ന് അമ്മ മറുപടി പറഞ്ഞു. കാരണം, നല്ല ഫര്‍ണിച്ചറൊന്നും അവര്‍ കടയില്‍ പ്രദര്‍ശനത്തിനു വെക്കാറില്ലത്രേ. കിഴക്കന്‍ ജര്‍മനിയില്‍ ഉണ്ടാക്കിയ കട്ടിലാണത്രേ ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്നത്. ഗോഡൗണില്‍നിന്ന് അത് നേരിട്ട് ഞങ്ങള്‍ക്ക് അപ്പാര്‍ട്ട്മെന്റില്‍ എത്തിച്ചുതരുമത്രേ. 
 
പുഷ്ച-വൊഡിറ്റ്സയിലുള്ള മുത്തശ്ശിയുടെ വീട്ടില്‍നിന്ന് ഞങ്ങളുടെ പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് മുപ്പത് മിനിറ്റ് ബസ് യാത്രയേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ, ആ മാറ്റം എന്റെ അഭിരുചികളെയാകെ മാറ്റിമറിച്ചു. ഞങ്ങള്‍ അങ്ങോട്ട് താമസം മാറി ഏറെ കഴിയുംമുമ്പ്, ലെനിന്‍ഗ്രാഡില്‍നിന്ന് എന്റെ അമ്മമ്മ തെയ്സിയ ഞങ്ങളുടെ അപ്പാര്‍ട്ട്മെന്റിലേക്കു വന്നു. എന്നെയും സഹോദരനെയും നോക്കുന്നതും ഭക്ഷണം വെക്കുന്നതുമായ ചുമതലകള്‍ അവര്‍ ഏറ്റെടുത്തു. മുത്തശ്ശിയുടെ സാനറ്റോറിയത്തിലെ അടുക്കളയില്‍നിന്നുള്ള ഭക്ഷണം അതോടെ ഓര്‍മ മാത്രമായി. അവിടത്തെ കാരറ്റ് കട്ട്ലെറ്റുകളും പുഴുങ്ങിയുടച്ച വെള്ളംപോലെയുള്ള ഉരുളക്കിഴങ്ങ് കറിയും എല്ലാം വിസ്മൃതിയിലാണ്ടു. പകരം ഓവനില്‍ ചുട്ടെടുത്ത മധുരം ചേര്‍ത്ത രുചിയേറിയ ഇറച്ചിയും ചെറിയും പാല്‍ക്കട്ടിയും കൊണ്ട് തയ്യാറാക്കിയ കൊഴുക്കട്ട പോലുള്ള പലഹാരങ്ങളും ഇവിടെ സ്ഥാനംപിടിച്ചു. 
 
മാധുര്യമേറിയ തൈരും കുട്ടികളുടെ ഡയറി കിച്ചണില്‍നിന്ന് എല്ലാ ദിവസവും സൗജന്യമായി കിട്ടിയിരുന്ന പാലുത്പന്നങ്ങളും എനിക്ക് കിട്ടാതെയുമായി. രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കുട്ടികള്‍ക്കും അത് കിട്ടുമായിരുന്നു. നിയമപ്രകാരം, അമ്മ മാത്രമുള്ള കുട്ടികള്‍ക്കും പാവപ്പെട്ട വീടുകളിലെ കുട്ടികള്‍ക്കും മാത്രമാണ് സര്‍ക്കാര്‍ അവ നല്‍കിയിരുന്നത്. പക്ഷേ, യഥാര്‍ഥത്തില്‍ ചെറിയ കുട്ടികളുള്ള ഏതൊരു കുടുംബത്തിനും അവിടെ പേര് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമായിരുന്നു. പുതിയ അപ്പാര്‍ട്ട്മെന്റിലേക്ക് മാറുന്നതിനു മുമ്പ് ഞാന്‍ അങ്ങനെ നൂറുകണക്കിന് ലിറ്റര്‍ പാല്‍ കുടിച്ചിട്ടുണ്ട്, ഒട്ടേറെ പാല്‍ക്കട്ടിയും പുളിരസമുള്ള ക്രീമും തിന്നുതീര്‍ത്തിട്ടുണ്ട്. ഒരുപക്ഷേ, അതുെകാണ്ടൊക്കെയായിരിക്കാം എനിക്ക് അഞ്ചാംനിലയിലെ അപ്പാര്‍ട്ട്മെന്റിലേക്ക് എളുപ്പത്തില്‍ ഓടിക്കയറാന്‍ കഴിഞ്ഞിരുന്നത്!