റെ സന്തോഷവാനായാണ് ഞാന്‍ ജനിച്ചത്. അമ്മയുടെ ഗര്‍ഭപാത്രത്തിലെന്നപോലെ, സോവിയറ്റ് യൂണിയനില്‍ പ്രത്യേക അവകാശങ്ങളുണ്ടായിരുന്ന ഒരേയൊരു വിഭാഗം കുട്ടികള്‍മാത്രമാണെന്ന് എനിക്ക് അറിയാമായിരുന്നു. ജനിക്കുന്നതിനുമുമ്പുതന്നെ, എന്റെ കുട്ടിക്കാലം പ്രസാദാത്മകവും സ്‌നേഹസുരഭിലവുമായിരിക്കുമെന്ന് ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു. മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കാനുള്ള ഭാഗ്യംസിദ്ധിച്ച ഞാന്‍ ജനിച്ച രാജ്യം, ലോകത്തിലെ ഏറ്റവും ബൃഹത്തായതും കരുത്തുറ്റതുമാണെന്ന് എനിക്കറിയാമായിരുന്നു. അതുകൊണ്ടെന്തെന്നാല്‍, വീണ്ടുമൊരു ലോകമഹായുദ്ധംകൊണ്ട് ആരും ഞങ്ങളെ ആക്രമിക്കില്ലെന്നും ആനന്ദകരമായ എന്റെ ബാല്യം ആരും ഇല്ലായ്മചെയ്യില്ലെന്നും ഞാന്‍ മനസ്സിലാക്കിയിട്ടുണ്ടായിരുന്നു.

രണ്ടാംലോകയുദ്ധം കഴിഞ്ഞ് 15 വര്‍ഷവും യൂറി ഗഗാറിന്‍ ബഹിരാകാശസഞ്ചാരത്തിനുപോയി പതിനൊന്നുദിവസവും പിന്നിട്ട വേളയിലായിരുന്നു എന്റെ ജനനം. യൂറി ഗഗാറിനോടുള്ള ആദരസൂചകമായി മാതാപിതാക്കള്‍ 'യൂറി' എന്നപേര് എനിക്ക് ചാര്‍ത്തിത്തന്നില്ല; എന്തോ ഭാഗ്യം! പ്രസവമെടുക്കുന്ന ആശുപത്രികളില്‍ പിറന്നുവീഴുന്ന ആണ്‍കുട്ടികള്‍ക്ക് യൂറി എന്ന പേര് ഇപ്പോഴും ജനപ്രിയമാണ്. തങ്ങളുടെ ആണ്‍കുട്ടികള്‍ പ്രശസ്ത ബഹിരാകാശസഞ്ചാരികളാകണമെന്ന് മാതാപിതാക്കള്‍ പ്രകടമായിത്തന്നെ ആഗ്രഹിച്ചു. പക്ഷേ, എന്റെ അച്ഛനമ്മമാര്‍ എനിക്ക് ആന്ദ്രെ എന്ന് പേരിട്ടു. സംഗതിയെന്തെന്നാല്‍, എന്റെ കുടുംബത്തില്‍ അപ്പോള്‍ത്തന്നെ ഒരു യൂറി ഉണ്ടായിരുന്നു- എന്റെ അച്ഛന്‍! അദ്ദേഹവും ഗഗന സഞ്ചാരിയായിരുന്നു; പക്ഷേ ബഹിരാകാശ സഞ്ചാരിയായിരുന്നില്ല.

തുടക്കത്തില്‍ അച്ഛന്‍ സൈന്യത്തില്‍ പൈലറ്റായിരുന്നു. പിന്നീട്, സ്വകാര്യമേഖലയിലെ പരീക്ഷണപൈലറ്റായി. ഞാന്‍ ജനിക്കുന്നതിന് ഒരുവര്‍ഷംമുമ്പ്, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന ക്രുഷോവ്  ഏകപക്ഷീയമായ നിരായുധീകരണത്തിന് തുടക്കംകുറിച്ചു; എന്റെ ഭാഗ്യം! അമേരിക്ക ആ പാത പിന്തുടരുമെന്ന പ്രതീക്ഷയില്‍, ആണവപരീക്ഷണങ്ങള്‍ പാടേ നിര്‍ത്തിവെച്ചും സൈനികരുടെ എണ്ണം വെട്ടിക്കുറച്ചുമായിരുന്നു അത്. ക്രൂഷ്ചേവ് ആ തീരുമാനമെടുത്തില്ലായിരുന്നെങ്കില്‍ ഉറപ്പായിട്ടും ഞാന്‍ ജനിക്കുക സന്തോഷം തീരേ കുറഞ്ഞായിരുന്നു. അങ്ങനെയായിരുന്നെങ്കില്‍, എന്റെ അച്ഛന്‍ ജോലിചെയ്യുന്ന ഏതെങ്കിലുമൊരു വ്യോമതാവളത്തിനുസമീപമുള്ള നഗരത്തില്‍  എനിക്ക് ബാല്യം ചെലവഴിക്കേണ്ടിവരുമായിരുന്നു.

പക്ഷേ, ഞാന്‍ നേരത്തേ പറഞ്ഞതുപോലെ, പിറന്നുവീഴുന്നതിനുമുമ്പുതന്നെ ഭാഗ്യം എന്നോടൊപ്പമുണ്ടായിരുന്നു. അതുകൊണ്ട്, എന്റെ ബാല്യം മനോഹരമായ സ്ഥലത്ത്, കീവിന്റെ(നിലവില്‍ യുക്രൈനിന്റെ തലസ്ഥാന നഗരം) അതിര്‍ത്തിപ്രദേശത്ത് എനിക്ക് ആരംഭിക്കാന്‍ കഴിഞ്ഞു. അന്നത് രണ്ടുഡസന്‍ കുട്ടികളുള്ള, പ്രായമായവരുടെയും കുട്ടികളുടെയുമൊക്കെ സാനറ്റോറിയങ്ങളുള്ള (ആരോഗ്യപരിപാലനകേന്ദ്രം), വിശ്രമകേന്ദ്രങ്ങളുള്ള, ഒരു വലിയ ആശുപത്രിയുള്ള, രണ്ട് വലിയ കുളങ്ങളോടെയുള്ള ഒരു വലിയ ഉദ്യാനമുള്ള, വാടകയ്ക്ക് ബോട്ടുകള്‍ കിട്ടുന്ന ബോട്ട്‌ജെട്ടിയുള്ള സ്ഥലമായിരുന്നു. പുഷ്ച-വൊഡീറ്റ്സ എന്നറിയപ്പെട്ടിരുന്ന ഈ സ്ഥലം ആഘോഷസമയങ്ങളില്‍, ക്രീമിയയിലെ (യുക്രൈനിന്റെ ഭാഗമെങ്കിലും നിലവില്‍ റഷ്യന്‍നിയന്ത്രിത പ്രദേശം) ഉല്ലാസകേന്ദ്രങ്ങളെ അനുസ്മരിപ്പിക്കും. സോവിയറ്റ് യൂണിയനില്‍നിന്ന് അങ്ങോളമിങ്ങോളമുള്ളയാളുകള്‍ ചികിത്സയ്ക്കും മറ്റുമായി ഇവിടെ വരാറുണ്ടായിരുന്നു. ഇവിടെ സായാഹ്നങ്ങളില്‍ എല്ലായിടത്തുനിന്നും സംഗീതം ഉയരുന്നുണ്ടാവും. അവധിയാഘോഷിക്കാനെത്തിയവര്‍ റിസോര്‍ട്ടുകളില്‍ നൃത്തംചെയ്തും പ്രേമസല്ലാപം നടത്തിയും ഉല്ലസിക്കുന്നുണ്ടാവും. സാനറ്റോറിയത്തിലെ തീന്‍മുറികളില്‍ മികച്ച ഭക്ഷണം ആസ്വദിക്കുന്നവരുണ്ടാകും; അവര്‍ക്ക് ആഹാരം വിളമ്പുന്നത് വെള്ള മെഡിക്കല്‍ ഗൗണുകളണിഞ്ഞ സ്ത്രീകളായിരിക്കും.

ഒരുമാസത്തെ അവധിയാഘോഷത്തിനൊക്കെ അവിടേക്ക് വരുന്നവരില്‍നിന്ന് വ്യത്യസ്തമായി, എന്റെ ബാല്യത്തിലെ ആദ്യ കുറച്ചുവര്‍ഷങ്ങള്‍ ഒരു സാനറ്റോറിയത്തിലാണ് ഞാന്‍ ജീവിച്ചത്; കുട്ടികള്‍ക്കായുള്ള ഒന്ന്. എന്റെ മുത്തശ്ശി(അച്ഛന്റെ അമ്മ) അലക്‌സാന്ദ്രയായിരുന്നു അവിടത്തെ ചീഫ് ഡോക്ടര്‍. അവിടത്തെ ജീവനക്കാര്‍ പേടിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അവര്‍. പക്ഷേ, അന്തേവാസികള്‍ക്ക് അവരോട് സ്‌നേഹത്തോടെയുള്ള ബഹുമാനമായിരുന്നു. കാരിരുമ്പുപോലെ ഉറച്ച നിലപാടുള്ള അവര്‍ അതിന്റെ പേരില്‍ ഏറെ പ്രശസ്തയുമായിരുന്നു. സാനറ്റോറിയത്തിലെ ജോലിക്കുപുറമേ ജില്ലാ കൗണ്‍സില്‍ അംഗമെന്നനിലയില്‍ രാഷ്ട്രീയപ്രവര്‍ത്തനത്തിനും അവര്‍ സമയം കണ്ടെത്തിയിരുന്നു.

ചെറിമരങ്ങള്‍ സമൃദ്ധമായി വളര്‍ന്നുനിന്നിരുന്ന ആ സാനറ്റോറിയത്തിനകത്തെ ഒരു കൊച്ചുവീട്ടിലാണ് ഞങ്ങള്‍ താമസിച്ചിരുന്നത്. അവിടെ വീട്ടുകാര്യങ്ങളെല്ലാം നോക്കിയിരുന്നത് സാനറ്റോറിയത്തിലെ ജീവനക്കാരായിരുന്നു. ഞങ്ങള്‍ക്കുള്ള ഭക്ഷണം കൊണ്ടുവന്നിരുന്നത് സാനറ്റോറിയത്തിലെ അടുക്കളയില്‍നിന്നായിരുന്നു. എന്റെ അമ്മയും എന്റെ ജ്യേഷ്ഠന്‍ മിഖായേലും അച്ഛനും ലെനിന്‍ഗ്രാഡ് വിടുകയും എന്റെ മുത്തശ്ശിയോടൊപ്പം ചേരുകയും ചെയ്യുമ്പോള്‍ എനിക്ക് ഒരു വയസ്സ് പിന്നിട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ചിലപ്പോഴൊക്കെ അമ്മതന്നെയാണ് ഞങ്ങള്‍ക്കുള്ള ഭക്ഷണമുണ്ടാക്കിയിരുന്നത്. പക്ഷേ, മുത്തശ്ശി പലപ്പോഴും അതിന് സമ്മതിച്ചിരുന്നില്ല. അമ്മയോട് തീര്‍ത്തും ഗൗരവം വെടിഞ്ഞും വാത്സല്യപൂര്‍ണവുമായാണ് മുത്തശ്ശി പെരുമാറിയിരുന്നത്. ഒരുപക്ഷേ അവര്‍ തന്റെ മരുമകളോട് മനസ്സാതന്നെ അനുരഞ്ജനപ്പെട്ടു കാണും. കാരണം, എന്റെ അമ്മയും ഒരു ഡോക്ടറായിരുന്നു. യുദ്ധകാലത്ത് രൂപപ്പെട്ടുവന്നതാണ് മുത്തശ്ശിയുടെ ആ കര്‍ക്കശസ്വഭാവം. യുദ്ധത്തിനുമുമ്പേ അവര്‍ ഡോക്ടര്‍പഠനം പൂര്‍ത്തിയാക്കിയതാണ്. കുട്ടികളുടെ ഡോക്ടറാവാനായിരുന്നു അത്. പക്ഷേ ജര്‍മനി, സോവിയറ്റ് യൂണിയനെ ആക്രമിച്ചതോടെ മുത്തശ്ശി സൈനികസര്‍ജന്‍ കോഴ്സിന് അയക്കപ്പെട്ടു. ആ ചെറുകോഴ്സ് പൂര്‍ത്തിയാക്കിയ ഉടന്‍ അവരെ യുദ്ധമുഖത്തേക്ക് പറഞ്ഞയച്ചു.

room

അവിടെ അവര്‍ യുദ്ധം നേരിട്ടുകണ്ടു, അനുഭവിച്ചു. തീവണ്ടിക്കുള്ളില്‍ തയ്യാറാക്കിയ ആശുപത്രിയുടെ മേധാവിയായിപ്പോലും അവര്‍ അവരോധിക്കപ്പെട്ടു. എത്രയെത്ര പടയാളികളുടെയും ഓഫീസര്‍മാരുടെയും വികലമായ കൈകാലുകള്‍ അവര്‍ വെട്ടിമാറ്റിയിട്ടുണ്ടാകുമെന്നാലോചിച്ച് ഞാന്‍ അദ്ഭുതപ്പെട്ടു! ഉറപ്പായിട്ടും അവര്‍ക്ക് പലതവണ അത് ചെയ്യേണ്ടിവന്നിട്ടുണ്ടാവും.മുത്തശ്ശിയുടെ ശേഖരത്തിലെ പാതിയോളം പുസ്തകങ്ങളും സൈനിക ശസ്ത്രക്രിയകളെക്കുറിച്ചുള്ളതായിരുന്നു. വ്യക്തവും ഭയാനകവുമായ ചിത്രങ്ങള്‍കൂടി അടങ്ങിയവയായിരുന്നു അവ. ഈ മെഡിക്കല്‍ പുസ്തകങ്ങളെല്ലാം, സാനറ്റോറിയത്തിലെ ലൈബ്രറിയില്‍നിന്ന് എനിക്കായി കൊണ്ടുവരുന്ന കുട്ടികള്‍ക്കുള്ള പുസ്തകങ്ങളേക്കാള്‍ ഏറെ ഹൃദയഹാരികളായിരുന്നു! പുഷ്‌കിന്റെ യക്ഷിക്കഥകള്‍ മാറ്റിവെച്ച് ഷെല്‍ഫിലുള്ള ഇത്തരം തടിച്ച മെഡിക്കല്‍ പുസ്തകങ്ങളെടുത്ത് അവയിലെ ചിത്രങ്ങള്‍ ഞാന്‍ നോക്കാറുണ്ടായിരുന്നു. ലൈബ്രറിയുടെ ബാക്കി ഭാഗം 'ഗ്രേറ്റ് സോവിയറ്റ് എന്‍സൈക്ലോപീഡിയ'യുടെ 55 വാല്യങ്ങള്‍, ലെനിന്റെ മുഴുവന്‍ രചനകളുടെയും സമാഹാരം, സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രപുസ്തകങ്ങള്‍, മറ്റ് രാഷ്ട്രീയരചനകള്‍ എന്നിവയാല്‍ സമ്പന്നമായിരുന്നു. പക്ഷേ, അവിടെ ഏതെങ്കിലും നോവലോ മറ്റ് സര്‍ഗാത്മകരചനകളോ ഉണ്ടായിരുന്നതായി ഞാനോര്‍ക്കുന്നേയില്ല.
 
വെള്ളിയാഴ്ചകളില്‍, മുത്തശ്ശിയുടെ സുഹൃത്തുക്കള്‍ സാനറ്റോറിയത്തിലെ വൃത്താകൃതിയിലുള്ള വരാന്തയിലെ വട്ടമേശയ്ക്കുചുറ്റും ചായ കുടിക്കാന്‍ ഒന്നിച്ചുകൂടുമായിരുന്നു. കീവ് സര്‍വകലാശാലയിലെ പ്രൊഫസര്‍മാരും മറ്റ് സാനറ്റോറിയങ്ങളുടെ മേധാവികളുമൊക്കെ അക്കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവരും കമ്യൂണിസ്റ്റുകാരായിരുന്നു. പാര്‍ട്ടി മെമ്പര്‍ഷിപ്പില്ലാതെ ആര്‍ക്കും നല്ലൊരു ജോലി സമ്പാദിക്കാന്‍ കഴിയുമായിരുന്നില്ല. വെള്ളിയാഴ്ചകളിലെ ആ ചായകുടിയില്‍ ഇനം ചായ മാത്രമായി പരിമിതപ്പെടുത്തിയിരുന്നില്ല. വിലയേറിയ അമേരിക്കന്‍ കോണ്യാക്ക്, മധുരമൂറുന്ന വീഞ്ഞ്, ഷാംപെയ്ന്‍, മത്സ്യമുട്ടകള്‍കൊണ്ടുള്ള സാന്‍വിച്ചുകള്‍, സോസുകള്‍, അപൂര്‍വമായ മറ്റുചില വിഭവങ്ങള്‍ എന്നിവയെല്ലാം മേശമേല്‍ അണിനിരക്കുമായിരുന്നു. അതിഥികള്‍ ഗഹനമായ വിഷയങ്ങള്‍ അവിടെ ചര്‍ച്ചചെയ്യുമായിരുന്നു. ചിലപ്പോള്‍ അത് രാഷ്ട്രീയമായിരിക്കും, ചിലപ്പോള്‍ ഫാഷനോ ആരോഗ്യവിഷയങ്ങളോ ആയിരിക്കും. എന്നാല്‍, അവയൊന്നും ആഴമേറിയവയായിരുന്നില്ല. സാനറ്റോറിയത്തിനുമുന്നില്‍ ഒരു രണ്ടുനില ഫാഷന്‍ സ്റ്റുഡിയോ ഉണ്ടായിരുന്നു. അവിടെ പ്രധാന വ്യക്തികള്‍ വന്ന് തുണി തയ്പിക്കാറുണ്ടായിരുന്നു. മുത്തശ്ശിക്ക് വസ്ത്രം തയ്യാറാക്കാനായി ഒരാളുണ്ടായിരുന്നു. എല്ലാ അളവുകളെക്കുറിച്ചും അവര്‍ക്ക് ഓര്‍മയുണ്ടായിരുന്നു. ഒരു പുതിയ ജാക്കറ്റിന്റെയോ ബ്ലൗസിന്റെയോ അവതരണം നടക്കുന്നത് മേല്‍പ്പറഞ്ഞ

ചായസത്കാരങ്ങള്‍ക്കിടെയായിരിക്കും. പക്ഷേ, മുത്തശ്ശിയെ ഒരു ഫാഷന്‍ഭ്രമമുള്ള ആളായി ആരും വിശേഷിപ്പിച്ചിരുന്നില്ല. സ്വഭാവത്തിലെ കാര്‍ക്കശ്യം വസ്ത്രധാരണത്തിലും മുത്തശ്ശി പുലര്‍ത്തിയിരുന്നു. എന്റെ അപ്പൂപ്പനും ഒരു കമ്യൂണിസ്റ്റായിരുന്നു; കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ സ്റ്റാലിനിസ്റ്റ്. പക്ഷേ, യുദ്ധം കഴിഞ്ഞ് ഏറെ താമസിയാതെ മുത്തശ്ശി അപ്പൂപ്പനുമായുള്ള ബന്ധം വേര്‍പെടുത്തി.

യുദ്ധസമയത്തെല്ലാം അപ്പൂപ്പന്‍, സഹായിയായ ഒരു വനിതാ ഓഫീസറുടെകൂടെ കഴിയുകയായിരുന്നു എന്ന് മനസ്സിലാക്കിയായിരുന്നു അത്. തുടര്‍ന്ന് അപ്പൂപ്പന്‍ സോവിയറ്റ് അധീന പ്രദേശമായിരുന്ന വടക്കന്‍ കോക്കസസിലേക്കുപോയി. റൊസ്‌തോവ്-ഓന്‍-ഡോണ്‍ നഗരത്തിലെ സ്‌കൂളില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ചേര്‍ന്നു. പിന്നീട്, മുത്തശ്ശിയുമായി വേറിട്ട് താമസിക്കുന്ന ഘട്ടത്തില്‍, ഞാന്‍ അപ്പൂപ്പനെ കണ്ടു. അദ്ദേഹത്തിന്റെ സ്വഭാവവും ഉരുക്കുപോലെയായിരുന്നു; എന്നാല്‍, അത് തന്റെ മുന്‍ഭാര്യയില്‍നിന്ന് ഏറെ വ്യത്യസ്തവുമായിരുന്നു!