ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്‌സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.

കോഴിക്കോട് നഗരം ഇന്ന് കാണുന്നപോലെ ന്യൂജെന്‍ ആവുംമുമ്പ് മാനാഞ്ചിറ മൈതാനം പൊതുപരിപാടികളുടെ പ്രധാനകേന്ദ്രമായിരുന്നു. വേലിക്കെട്ടുകളുടെ പ്രതിബന്ധമോ അലങ്കാരങ്ങളുടെ കൃത്രിമ പകിട്ടോ ഇല്ലാത്ത നാടന്‍പുല്ലും പൊടിമണ്ണും നിറഞ്ഞ നഗരമധ്യത്തിലെ പ്രദക്ഷിണഭൂമി. പഴകിയ ചെങ്കല്‍ പടവുകളുള്ള മാനാഞ്ചിറ എന്ന ജലാശയം മൈതാനത്തിന്റെ വടക്കുപടിഞ്ഞാറേമൂലയില്‍ ഇന്നും അതുപോലെ മാറ്റങ്ങളുടെ മൂകസാക്ഷിയായി നിലകൊളളുന്നു. 

ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളുടെ ആദ്യത്തില്‍ ഈ മൈതാനത്ത് ഒരു അന്താരാഷ്ട്രപുസ്തകോത്സവം നടന്നു. ഞാന്‍ കണ്ട ആദ്യത്തെ വലിയ പുസ്തകോത്സവം അതായിരുന്നു. കുറച്ചു മലയാളനോവലുകള്‍ വായിച്ചതല്ലാതെ പുസ്തകങ്ങളെ കുറിച്ച് വലിയ ധാരണയൊന്നും എനിക്കന്ന് ഉണ്ടായിരുന്നില്ല. പുസ്തകോത്സവത്തിന് കറന്റ് ബുക്‌സിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ ആളുകളെ ജോലിക്ക് എടുക്കുന്നുണ്ടെന്ന സുഹൃത്തിന്റെ അറിയിപ്പ് കിട്ടിയിട്ടാണ് ഞാനും അവിടെയെത്തിയത്. അപ്രതീക്ഷിതമെങ്കിലും ആ ജോലി എനിയ്ക്ക് കിട്ടി. 

നാട്ടിലെ ലൈബ്രറിയില്‍ നിന്നും നരച്ചു മുഷിഞ്ഞ പുസ്തകങ്ങള്‍ മാത്രം കണ്ടിരുന്ന എനിക്ക് വൃത്തിയുള്ള പുതിയ പുസ്തകങ്ങള്‍ കണ്ടപ്പോള്‍ വലിയ അത്ഭുതമായിരുന്നു. ഇംഗ്ലീഷ് പള്‍പ്പ് ഫിക്ഷന്‍ പുസ്തകങ്ങളായിരുന്നു എന്നെ വല്ലാതെ ആകര്‍ഷിച്ചിരുന്നത്. അതിമനോഹരങ്ങളായ പുറംചട്ടയോടുകൂടി ഒരേ വലിപ്പത്തില്‍ തിളങ്ങി നില്‍ക്കുന്ന ഭാരം കുറഞ്ഞ അക്ഷര സുന്ദരികള്‍...! പെട്ടികള്‍ ഒന്നിന് പുറകെ ഒന്നൊന്നായി പൊട്ടിച്ചു കടലാസ് വിരിച്ച ഇരുമ്പ് മേശകളില്‍ ഞാന്‍ ആവേശ ത്തോടെ പുസ്തകങ്ങള്‍ അടുക്കി. സിഡ്നി ഷെല്‍ഡണ്‍, ജോണ്‍ ഗ്രിഷാം, ഡാനിയല്‍ സ്റ്റീല്‍, ജെഫ്രി ആര്‍ച്ചര്‍ തുടങ്ങിയ എഴുത്തുകാരുടെ ഒട്ടനവധി പുസ്തകങ്ങള്‍ ഇത്തരത്തില്‍ നിരയൊപ്പിച്ച് ചെരിച്ച് ഞാന്‍ അടുക്കിവച്ചു. അധികം ഇംഗ്ലീഷ് എഴുത്തുകാരെയോ അവരുടെ പുസ്തകങ്ങള്‍ ഏതെല്ലാമെന്നോ എനിക്ക് അറിയില്ലായിരുന്നു. ഒരേവലിപ്പത്തിലും മട്ടിലുമുള്ള ഇത്തരം പുസ്തകങ്ങള്‍ അടുക്കി വച്ചതുകാണാന്‍ നല്ലഭംഗിയുള്ളതിനാല്‍ ചെയ്തജോലിയില്‍ ആത്മസംതൃപ്തിയും തെല്ലൊരഹങ്കാരവുമൊക്കെ തോന്നി. 

പുസ്തകോത്സവത്തിനു നിരവധി സ്റ്റാളുകളുണ്ടായിരുന്നു. പ്രധാന കവാടത്തിന് സമീപത്തെ പുസ്തകോത്സവ കമ്മറ്റി ഓഫീസ് കഴിഞ്ഞാല്‍ തുടങ്ങുന്ന വരിയിലായിരുന്നു ഞങ്ങളുടെ സ്റ്റാളുകള്‍. ഒന്ന് രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ കുറച്ചൊക്കെ എഴുത്തുകാരെയും അവരുടെ പുസ്തകങ്ങളെയും പഠിച്ചു. നേരെ എതിര്‍വശത്തു പ്രഭാത് ബുക്‌സിന്റെയും എന്‍.ബി.എസ്സിന്റെയും സ്റ്റാളുകളായിരുന്നു. പുസ്തകോത്സവത്തിന്റെ രക്ഷാധികാരികളായി ഡി.സി കിഴക്കേമുറി, സുകുമാര്‍ അഴീക്കോട്, തിക്കോടിയന്‍, പി.എം ശ്രീധരന്‍, എം.എന്‍ കാരശ്ശേരി തുടങ്ങി പ്രശസ്തരായ കുറേപേരുണ്ടായിരുന്നു. ഷീറ്റുകൊണ്ടു കെട്ടിയുണ്ടാക്കിയ താല്‍ക്കാലിക പന്തലിലായിരുന്നു പ്രദര്‍ശനം. സ്റ്റാളുകളുടെ പുറകുവശം ഒരാള്‍ പൊക്കത്തിലുള്ള വെള്ളത്തുണികൊണ്ടു മറച്ചിരുന്നു.

ഞങ്ങളുടെ സ്റ്റാളിന്റെ കവാടത്തോട് ചേര്‍ന്ന് പട്ടുതുണിയാല്‍ അലങ്കരിച്ച ടേബിളില്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്ക എന്ന ഇരുപത്തയ്യായിരത്തില്‍പരം വിലവരുന്ന റഫറന്‍സ് ഗ്രന്ഥം പ്രത്യേകമായി പ്രദര്‍ശിപ്പിച്ചിരുന്നു. മുപ്പത്തിരണ്ട് വാള്യങ്ങളോടെ കടും നീല ബൈന്‍ഡിങ്ങില്‍ തിളങ്ങി നിന്ന പുസ്തകരാജാവ്. അടുത്ത മേശകളില്‍ ഇംഗ്ലീഷ് പുസ്തകങ്ങളും സമാന്തരനിരയില്‍ മലയാള പുസ്തകങ്ങളും ആണ് പ്രദര്‍ശിപ്പിച്ചത്. പൊടിതട്ടലും മിനുക്കളുമെല്ലാം ചെയ്തുകൊണ്ട് എന്റെ വിഭാഗം ഞാന്‍ ഒരുവിധം തരക്കേടില്ലാതെ കൈകാര്യം ചെയ്തു. കുറച്ചു മാറി നിന്ന് ഞാന്‍ നിരയായി അടുക്കിയ പുസ്തകങ്ങള്‍ നോക്കി അഭിമാനത്തോടെ നെടുവീര്‍പ്പിടുമായിരുന്നു. അടുത്ത സ്റ്റാളുകളിലെ ആളുകളുമായി അടുപ്പമായി തുടങ്ങി. പ്രഭാത് ബുക്‌സിലെ വിജയേട്ടന്‍, എന്‍.ബി.എസ്സിലെ കൃഷ്‌ണേട്ടന്‍, പൂര്‍ണ്ണയിലെ വേണുവേട്ടന്‍ അങ്ങനെതുടങ്ങി കുറേപേര്‍.

ഒരുദിവസം ഉച്ചകഴിഞ്ഞ് പ്രഭാതിലെ വിജയേട്ടന്‍ ഓടിവന്നു എന്നോട് പറഞ്ഞു എടാ നിന്റെ സ്റ്റാളില്‍നിന്ന് ഒരുത്തന്‍ പുസ്തകം മോഷ്ടിക്കുന്നു. എവിടുന്ന് എന്ന് ചോദിച്ചു ഞാനും വിജയേട്ടന്റെ കൂടെ ചെന്നു. സ്റ്റാളിന്റെ പുറകിലെക്കാണ് ഞങ്ങള്‍ പോയത്. അവിടെവച്ചു മോഷ്ടാവിനെ പിടികൂടി. പത്തു പതിനേഴു വയസ്സുമാത്രമുള്ള ഒരു പയ്യന്‍. കൊള്ളാവുന്ന വേഷം. മോഷ്ടിച്ച പുസ്തകം അരയിലേക്കു തിരുകുമ്പോഴാണ് അവനെ പിടികൂടിയത്. അവനാകെ വിളറി ചുറ്റുപാടും നോക്കി വിജയേട്ടന്‍ അവന്റെ കൈക്കു പിടിച്ചു നടക്കാന്‍ പറഞ്ഞു. കുത്തിവെപ്പിനായി കൊണ്ടുപോകുന്ന പശുവിനെപ്പോലെ അവന്‍ പുറകോട്ടും വിജയേട്ടന്‍ മുന്നോട്ടും വലിക്കാന്‍ തുടങ്ങി അവന്റെ പുറകില്‍ നിന്ന് തള്ളിക്കൊണ്ട് ഞാനും. 'വേണ്ട ഏട്ടാ... വേണ്ട ഏട്ടാ...' അവന്‍ കരയാന്‍ തുടങ്ങി. നടക്കടാ അങ്ങോട്ട് അന്നെ ഞാന്‍ ശര്യാക്കിത്തരാന്ന് വിജയേട്ടനും. കുറച്ചു നേരത്തെ മല്‍പ്പിടുത്തതിന് ശേഷം അവനെ കമ്മറ്റി ഓഫീസിലെത്തിച്ചു.

DC Kizhakkemuri
ഡി.സി കിഴക്കേമുറി| 
ഫോട്ടോ: എ.കെ ബാബുരാജ്‌

ഡി.സി സാറും തിക്കോടിയന്‍ മാഷും ശ്രീധരേട്ടനും അവിടെയുണ്ടായിരുന്നു. ഡി.സിസാറിനോട് കാര്യം പറഞ്ഞു മോഷ്ടാവിനെ മുന്നില്‍ ഹാജരാക്കി. അവന്‍ ഭയഭക്തി ബഹുമാനത്തോടെ വിറച്ചുകൊണ്ട് നിന്നു. ഒരു വശത്തു ഞങ്ങളും. അവനോടിരിക്കാന്‍ ഡി.സി സാര്‍ പറഞ്ഞു. 'വേണ്ട സാര്‍ എനിക്ക് പറ്റിപ്പോയതാണ് സാര്‍...' അവന്‍ കരയാന്‍ തുടങ്ങി. അതിനെന്താ നീയിരിക്ക് എന്ന് പറഞ്ഞുകൊണ്ട് മറ്റെന്തോകാര്യത്തെകുറിച്ച് കമ്മറ്റിക്കാര്‍ ചര്‍ച്ച തുടര്‍ന്നു. ഞങ്ങള്‍ക്കും അതൊരു പുതിയ അനുഭവമായി. അവന്‍ അവരുടെ മുന്നിലിരിക്കുന്നു ഞങ്ങള്‍ നില്‍ക്കുന്നു ഒരു പ്രശ്‌നവുമില്ലാതെ, പ്രത്യേകിച്ചൊന്നും സംഭവിക്കാതെ... ഇനി ഞങ്ങള്‍ ചെയ്തത് വല്ലതും തെറ്റായിപ്പോയോ എന്നു വരെ ചിന്തിച്ചുപോയി. പിന്നീട് ഡി.സി സാര്‍ അവന്റെ കയ്യില്‍ നിന്നും ആ പുസ്തകം വാങ്ങി നോക്കി. ഇന്ത്യയിലെ പക്ഷികളുടെ വര്‍ണചിത്രങ്ങളടങ്ങിയ ഒരു പുസ്തകമായിരുന്നു അത്. പുസ്തകം മറിച്ചുനോക്കി അവനോടു ചോദിച്ചു. 'ഇത് നിനക്കിതെന്തിനാ?' അവന്‍ വീണ്ടും പറഞ്ഞു. 'പറ്റിപ്പോയതാണ് സാര്‍'. 'അതല്ലല്ലോ ഞാന്‍ ചോദിച്ചത് ഇതെന്തിനാ നിനക്ക് എന്നല്ലേ'. അവന്‍ പറഞ്ഞു. 'ഇതിലെ ചിത്രങ്ങള്‍ എനിക്കിഷ്ടായി.' 'ഓ അതാണോ... നിന്റെ കയ്യില്‍ കാശില്ലേ?' എന്ന് ചോദിച്ചു. അവന്‍ തലകുലുക്കിക്കൊണ്ട് ഇല്ലെന്നു പറഞ്ഞു. അപ്പൊ എന്താ ചെയ്യാ കൂടെ ആരെങ്കിലും വന്നിട്ടുണ്ടോ എന്നും ചോദിച്ചു. ഇല്ലെന്നും ഇനി ഇങ്ങനെ ചെയ്യില്ലാ മാപ്പാക്കണമെന്നും അവന്‍ പറഞ്ഞു. അവന് കുടിക്കാന്‍ വെള്ളം കൊടുക്കാന്‍ പറഞ്ഞു. വെള്ളം കൊടുത്തു അവനത് മനോവേദനയുടെ കയ്പുനീരായി കുടിച്ചു. ഡി.സി സാര്‍ പുസ്തകം കയ്യിലെടുത്ത അതിന്റെ പ്രധാന തലക്കെട്ടെഴുതിയ പേജ് നിവര്‍ത്തി ആ പുസ്തകവും ഒരു പേനയും അവന്റെ കയ്യില്‍ കൊടുത്തു. അവനോടതില്‍ ഇങ്ങനെ എഴുതാന്‍ പറഞ്ഞു.'ഇന്നേദിവസം (തീയ്യതി) ഞാന്‍ മാനാഞ്ചിറ മൈതാനത്തെ പുസ്തകോത്സവത്തില്‍ നിന്നും എടുത്തത്'. 

ഇതെഴുതുമ്പോള്‍ അവന്റെ കൈകള്‍ വിറക്കുകയും കണ്ണുനീര്‍ വീണുകൊണ്ടിരിക്കുകയുമായിരുന്നു. അവനോട് ഡി സി സാര്‍ പറഞ്ഞു. 'ഈ പുസ്തകം നിനക്ക് തരികയാണ് കാശ് ഒന്നും തരേണ്ട. പക്ഷെ നീ ഒരു കാര്യം ചെയ്യണം ഈ പുസ്തകം നീ കിടക്കുന്ന മുറിയില്‍ വെക്കണം. എല്ലാദിവസവും കാണുകയും വേണം, എങ്കില്‍ ഇങ്ങനൊരബദ്ധം നീയൊരിക്കലും കാണിക്കില്ല. നീ നല്ല കുട്ടിയാണ്.' എന്നോട് പുസ്തകം കവറിലിട്ടുകൊടുക്കാനും പുസ്തകത്തിന്റെ വില സാറിന്റെ അക്കൗണ്ടില്‍ ചേര്‍ക്കാനും പറഞ്ഞു. വൈകുന്നേരത്തെ വാടിയ വെയിലില്‍   പുസ്തകസഞ്ചിയുമായി തലകുനിച്ചു മൈതാനത്തൂടെ അവന്‍ നടന്നു നീങ്ങുമ്പോള്‍ കോമ്മണ്‍വെല്‍ത് കമ്പനിയിലെ സൈറണ്‍ മുഴങ്ങുകയും ഒരു കൂട്ടം പക്ഷികള്‍ പട്ടാളപ്പള്ളിയുടെ സമീപത്തെ മെയ്ഫ്‌ളവര്‍ മരത്തില്‍ നിന്ന് ചിറകടിച്ചുയരുകയും ചെയ്തു.

Content Highlights: The Books memories by M Siddharthan Book Man Show part two