ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്‌സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.
ഹേമന്തകാലത്തിന്റെ വരവറിയിച്ചുകൊണ്ട് തുടങ്ങുന്നു വംഗനാട്ടിലെ പൗഷ് മാസം... മഞ്ഞിന്റെ നൈര്‍മല്യവും വിശുദ്ധിയും പേറുന്ന പൗഷാലി... രബീന്ദ്ര നാഥ് ടാഗോറിന്റെ ഗീതാഞ്ജലിയോടുള്ള പ്രേമം മൂത്ത് ബംഗാളി പഠിച്ച് ബംഗാളികളെ പോലും അസൂയപെടുത്തും വിധം ഗീതാഞ്ജലി ചൊല്ലുന്ന പ്രൊഫ. ജയേന്ദ്രന്‍ എന്ന ഞങ്ങളുടെ പ്രിയ ജയേന്ദ്രന്‍ സാര്‍. അദ്ധേഹത്തിന്റെ വീടിന്റെ പേര് പൗഷാലി എന്നാണ്. സര്‍പ്പക്കാവിലെ വടവൃക്ഷങ്ങളുടെയും വള്ളിപ്പടര്‍പ്പിന്റെയും കീഴെ എപ്പോഴും ഈറന്‍ മുറ്റി നില്‍ക്കുന്ന, പുസ്തകങ്ങളുടെ ഗന്ധമാര്‍ന്ന ഞങ്ങളുടെ ശരണാലയമാണ് പൗഷാലി.
മലയാള ഭാഷാവ്യാകരണത്തിന്റെയും ആദ്യകാല മലയാളം ഇംഗ്ലീഷ് നിഘണ്ടുവിന്റെ രചയിതാവും നോബല്‍ സമ്മാന ജേതാവ് ഹെര്‍മന്‍ ഹെസ്സെയുടെ പിതാമഹനുമായ ഡോക്ടര്‍ ഹെര്‍മന്‍ ഗുണ്ടര്‍ട്ടിനെ മലയാളവും സംസ്‌കൃതവും പഠിപ്പിച്ച ഊരാച്ചേരി ഗുരുക്കന്മാരുടെ താവഴിയിലെ അംഗമായ ജയേന്ദ്രന്‍ സാര്‍ കോഴിക്കോട് ദേവഗിരി കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു. പൗഷാലി ഞങ്ങള്‍ സുഹൃത്തുക്കള്‍ക്കെല്ലാം ഒരാശ്രയവും അഭയകേന്ദ്രവുമാണ് മിക്കപ്പോഴും ഞങ്ങളെല്ലാം ഒത്തുകൂടുന്ന ഒരിടം. വിശ്വവിഖ്യാതനായ ചിത്രകാരന്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ ജീവചരിത്ര നോവലായ 'Lust for life' ന്റെ അതിമനോഹരമായ പരിഭാഷ മലയാളത്തിന് നല്‍കിയത് ഇദ്ദേഹമാണ്. ആത്മപീഡകനായ വാന്‍ഗോഗിന്റെ കരളലിയിപ്പിക്കുന്ന ജീവിതം പരിഭാഷപ്പെടുത്തുമ്പോള്‍ മാഷനുഭവിച്ച മനോവിഷമം ജീവിതാസക്തി എന്ന പുസ്തകം വായിക്കുമ്പോള്‍ നമുക്കും അനുഭവപ്പെടുന്നു. എല്ലാറ്റിലും നന്മ മാത്രം കാണുന്ന കലയിലും സാഹിത്യത്തിലും ആഴത്തിലുള്ള അറിവും നിറഞ്ഞു നില്‍ക്കുന്ന അനുഭവസാക്ഷ്യമാണ് എനിക്ക് മാഷ്. പേര്‍ഷ്യന്‍ ഭാഷ പഠിച്ച് റുബയ്യാത് ഓഫ് ഒമര്‍ ഖയ്യാമും ബംഗാളി പഠിച്ച് ടാഗോറിന്റ ഗീതാ ഞ്ജലിയും ഇംഗ്ലീഷില്‍ ഷെല്ലിയുടെയും കീറ്റ്‌സിന്റെയും മലയാളത്തില്‍ ആശാന്റേയും വള്ളത്തോളിന്റെയുംചങ്ങമ്പുഴയുടെയും തുടങ്ങി ഒട്ടനവധി കവികളുടെയും കാവ്യങ്ങള്‍ വള്ളി പുള്ളി വിടാതെ മണിക്കൂറുകളോളം ചൊല്ലാന്‍ കഴിയുന്ന മാഷെപ്പോലെയുള്ള മറ്റൊരദ്ധ്യാപകനെ ഇക്കാലമത്രയും ഞാന്‍ കണ്ടിട്ടില്ല.
മാഷെ വീടെത്തുമ്പോള്‍ ഗേറ്റിനോട് ചേര്‍ന്ന് നില്‍ക്കുന്ന സ്വര്‍ണചെമ്പകമരത്തിനു കീഴെ കിളികള്‍ക്ക് നീരാടുവാനായി പരന്ന മണ്‍പാത്രത്തില്‍ വെള്ളം ഒഴിച്ചുവെച്ചത് കാണാം. ഒഴിച്ചു വെച്ച വെള്ളത്തില്‍ കാക്കയും, കുയിലും, കുരുവികളുമെല്ലാം കലപില കൂട്ടി കുളിച്ച് ഉന്മേഷവാന്മാരും ഉന്മേഷവതികളുമായി പറന്നുപോകുന്നതും. വീടിന്റെ ഉമ്മറത്ത് തന്നെ പുസ്തകങ്ങള്‍ തിങ്ങിനിറഞ്ഞ ഷെല്‍ഫുകളാണ് നമ്മെവരവേല്‍ക്കുക. വീടിന്റെ പ്രധാന കവാടവും കിടപ്പുമുറിയുടെ വാതിലും ചേര്‍ത്ത് രണ്ടേ രണ്ടു വാതിലുകള്‍ മാത്രമേ സാറിന്റെ വീടിനുള്ളു. വീടിനകത്ത് കണ്ണോടിച്ചാല്‍ എങ്ങും പുസ്തകങ്ങള്‍ മാത്രം. ഏതോ ഒരു വലിയ നോവല്‍ പോലെ പൗഷാലിയും ആ നോവലിലെ വ്യത്യസ്തമായ അനേകം കഥാപാത്രങ്ങളെപ്പോലെ മലയാളത്തിലും ഇംഗ്ലീഷിലും ബംഗാളിയിലും ഹിന്ദിയിലും ഉര്‍ദുവിലും ഉള്ള പുസ്തകങ്ങള്‍ ഷെല്‍ഫുകളിലും, മേശമേലും, കട്ടിലിലും, തിങ്ങി നിറഞ്ഞു പരന്നു കിടക്കുന്നു. വാന്‍ ഗോഗിന്റെ ചിത്രങ്ങളുടെ പകര്‍പ്പുകളും ബുദ്ധന്റെ കലണ്ടറും ബേലൂര്‍ ക്ഷേത്രത്തിലെ മദനികയുടെ ഫോട്ടോയും ഉള്ള ചെറിയ സ്വീകരണമുറിയില്‍ മരത്തില്‍ തീര്‍ത്ത ഒത്ത ഒരു ചാരുകസേര ഉണ്ട്. സാക്ഷാല്‍ ശ്രീനാരായണഗുരു ആസനസ്ഥനായ മാഷിന്റെ തറവാട്ടില്‍ നിന്നും കൊണ്ടുവന്ന ഈ കസേരയില്‍ ഗാന്ധിയുടെയും ശ്രീരാമകൃഷ്ണ പരമഹംസരുടെയും, സ്വാമി വിവേകാനന്ദന്റെയും പുസ്തകങ്ങളാണ് ഇരിപ്പുറപ്പിച്ചിട്ടുള്ളത്.
ഒരു മനുഷ്യന് ഇത്രേം ശുദ്ധ മനസ്സ് കൊടുക്കരുതെന്ന് മാഷിന്റെ കാര്യത്തില്‍ മാത്രമേ എനിക്ക് തോന്നീട്ടുള്ളു. ഈ ഒരു കാര്യം കൊണ്ടുതന്നെ നിങ്ങള്‍ക്കും അത് മനസ്സിലാകും. കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ്അടുത്തുള്ള പറമ്പില്‍ നിന്ന് ഒരു പടുകൂറ്റന്‍ മരം മാഷിന്റെ വീടിന്റെ മുകളിലേക്ക് ചാഞ്ഞു വീഴാന്‍ തുടങ്ങി. രാത്രി വൈകിയാണ് സംഭവം തികച്ചും വന്യമായി കിടക്കുന്ന ആ പറമ്പിന്റെ ഉടമസ്ഥരാണെങ്കില്‍ കുറച്ചു മാറി എവിടെയോ ആണ് താമസം. അവരെബുദ്ധിമുട്ടിക്കണ്ടല്ലോഎന്ന് കരുതി മാഷ് അവരെ അറിയിക്കാതെ നേരം വെളുക്കു വോളം വീടിനു പുറത്ത് ഒരു കസേരയിട്ട് അതിലിരുന്ന് ചായുന്നമരത്തിന് കാവലിരുന്നു. ഒരുപക്ഷെ വീണുകൊണ്ടിരിക്കുന്ന ആ മരം പുറത്തിരിക്കുന്ന തന്നെക്കാള്‍ എടുപ്പുള്ള മാഷെന്ന വടവൃക്ഷത്തെ കണ്ടതിനാലാവാം വീടിന്റെ ഉച്ചിയില്‍നിന്ന് മാറി മാഷിന്റെ കിടപ്പു മുറിയുടെ സണ്‍ ഷേയ്ഡ് മാത്രം തകര്‍ത്ത് ചാരിനിന്നത്. പിറ്റേന്ന് ഉടമസ്തരെ വിവരമറിയിച്ചെങ്കിലും മാഷ് തന്നെ ഒരു മരം വെട്ടുകാരനെ ഏര്‍പ്പാടാക്കി ചാരിനിന്നവനെ വീട്ടിയൊതുക്കി മില്ലിലേക്ക് എടുക്കാന്‍ പാകത്തില്‍ അപ്പുറത്തെപ്പറമ്പില്‍ ഒരുക്കിനിര്‍ത്തി. ഇതെല്ലാം കഴിഞ്ഞപ്പോഴാണ് ഞങ്ങള്‍ അവിടെയെത്തിയത്. മരം വീണതോ, വീടിന് കെടുപാടുകള്‍ സംഭവിച്ചതോ, ഉടമസ്ഥരുടെ ഇടപെടല്‍ ഇല്ലാത്തതോ ഒന്നുമല്ലായിരുന്നു അദ്ദ്‌ദേഹത്തിന് പറയാനുണ്ടായിരുന്നത്. മാഷ് പറഞ്ഞതിതായിരുന്നു.. 'പൈസ കൊടുത്താലെന്താ മുറിക്കാരന്റെ മിടുക്ക് അപാരം തന്നെ, അയാളാ ചാഞ്ഞമരത്തിലേക്ക് പാഞ്ഞു കേറണത് കണ്ടാലുണ്ടല്ലോ'....! മരത്തിന്റെ ഓരോ കൊമ്പും മുറിച്ചു വീഴ്ത്തുന്നത് എത്ര കണിശതയോടെയാന്നറിയോ... കയറുപോലും വേണ്ടാ... ഹെമിങ് വേ യുടെ ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീയിലെ സാന്റിയാഗോ കിഴവന്‍ മെര്‍ലിന്‍ എന്ന മത്സ്യത്തിന്റെ കഴിവുകള്‍ വിവരിക്കുമ്പോലെ മാഷ് മരംവെട്ടുകാരന്റെ സിദ്ധികളെ വാഴ്ത്തിക്കൊണ്ടിരുന്നു. മാഷ് പറയണത് കേട്ടാല്‍ തോന്നും മരംമുറി കാണാനായിട്ട് മാഷിനു വേണ്ടി ആ മരം വീടുമ്മലേക്ക് ചാഞ്ഞു കൊടുത്തതാന്ന്. ഞങ്ങളവിടെ എത്തിയ ആ ദിവസം വരെ ഉടമസ്ഥര്‍ അവിടെ എത്തിയിട്ടുമില്ലായിരുന്നു.
മനസ്സില്‍ എന്നെന്നും ഓര്‍ത്തുവെക്കാനുള്ള ഒരുപാട് നല്ല ഓര്‍മ്മകള്‍ മാഷിന്റെ പൗഷാലി എനിക്കും സുഹൃത്തുക്കള്‍ക്കും നല്‍കിവരുന്നു. ഇടയ്ക്ക് ഞങ്ങളുടെ പ്രിയപ്പെട്ട സുഹൃത്ത് കല്‍ക്കട്ടയിലെ വേണുവേട്ടന്‍ നാട്ടില്‍ വരും. വന്നാല്‍ ഒരു തവണയെങ്കിലും പൗഷാലിയില്‍ ഞങ്ങളൊത്തുകൂടും. പുസ്തകങ്ങളുടെ ഇടയില്‍ എവിടെയെങ്കിലുമായി ഞങ്ങളിരിക്കും. പൗഷാലിയില്‍ എവിടെ ഇരുന്നാലും കയ്യെത്തും ദൂരത്തു പുസ്തകങ്ങളുണ്ടാകും. മലയാള സാഹിത്യത്തിലെ പുതുരചനകളെ കുറിച്ചോ ലോകക്ലാസിക്കുകളെ കുറിച്ചോ സാഹിത്യ സംബന്ധിയായ ഏതെങ്കിലും വിഷയത്തിലുള്ള ചര്‍ച്ചയായിരിക്കും. ആദ്യഘട്ടം ചര്‍ച്ചചെയ്യുന്ന വിഷയമേതായാലും അതുമായി ബന്ധപ്പെട്ട പുസ്തകങ്ങള്‍ അപ്പപ്പോള്‍ മാഷ് അവിടെ പ്രദര്‍ശിപ്പിക്കുകയും. അതില്‍ നിന്ന് ഏതാനും ഭാഗങ്ങള്‍ ഉദ്ധരിക്കുകയും ചെയ്യും. ചര്‍ച്ചകഴിഞ്ഞാല്‍ മാഷിന്റെ കിടപ്പുമുറിയിലേക്കാണ് എല്ലാവരും പോവുക അവിടെ കട്ടിലില്‍ ഒരുക്കി വച്ചിരിക്കുന്ന ഹാര്‍മോണിയത്തിന് അഭിമുഖമായി വേണുവേട്ടനും ചുറ്റും ഞങ്ങളും ഇരിക്കും.'താനേ തിരിഞ്ഞും മറിഞ്ഞും താന്‍ താമരമെത്തയിലുരുണ്ടും'.... വേണുവേട്ടന്റെ ചുണ്ടുകളും വിരലുകളും ഒരേ സമയം ചലിക്കാന്‍ തുടങ്ങും, മധുരമൂറുന്ന വരികള്‍ ഹാര്‍മോണിയത്തിന്റെ അകമ്പടിയോടെ പൗഷാലിയില്‍ നിറയും. വയലാറും ദേവരാജന്‍ മാഷും ബാബുക്കയും. നെയ്‌തെടുത്ത, പ്രണയവും വിരഹവും വിഷാദവും കുത്തിയൊലിക്കുന്ന വരികളിലൂടെ ഞങ്ങള്‍ മായികമായ ഒരുലോകത്തെത്തും.
ആനൊന്‍ധോ ധാര ബോഹെ ഛെബുബോനെ... ഇടയില്‍ രബീന്ദ്ര സംഗീതത്തിന്റെ വരികള്‍ മാഷ് പാടാന്‍ തുടങ്ങും.. അതിമനോഹരമായ ഈ ഗാനം ഞങ്ങളെ ബംഗാളിലെ ശാന്തിനികേതനത്തില്‍ കൊണ്ടുചെല്ലും. അതും കഴിഞ്ഞ് വംഗനാടിന്റെ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പായ ബാവുല്‍ സംഗീതത്തിലേക്കും ഒഴുകിപ്പരക്കും. ഈ രാവ് തീരരുതേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു പോകും. ആരവങ്ങളൊടുങ്ങി അറിവിന്റെ കൊട്ടാരമായ, എല്ലാവര്‍ക്കും, എല്ലാറ്റിനും ഇടം നല്‍കാന്‍ കഴിയുന്ന പൗഷാലിയിലെ മായക്കാഴ്ചകള്‍ക്കുശേഷം പാതിരാവിന്റെ കനംവെച്ച ഇരുട്ടിലേക്ക് ഞങ്ങള്‍ ചിതറിപ്പിരിയും.
Content Highlights: The Books memories by M Siddharthan Book Man Show part six Jayendran sir