ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.

കോഴിക്കോട്ടെ പ്രശസ്തമായ കോളേജിലെ ഇംഗ്ലീഷ് വിഭാഗം തലവനായിരുന്നു ഡോ നാഗേഷ്. മുപ്പതിനായിരത്തില്‍പരം പുസ്തകങ്ങള്‍ സ്വന്തമായുള്ള സാംസ്‌കാരിക ധനികന്‍. വിവാഹം കഴിച്ചിട്ടില്ല, വിശ്വസാഹിത്യകാരന്മാര്‍ സൃഷ്ടിച്ച ആയിരക്കണക്കിന് കഥാപാത്രങ്ങളോടൊപ്പം ഉല്ലസിച്ച് ഏകാന്തവാസം. ഇദ്ദേഹം പുസ്തകശാലയിലെ നിത്യസന്ദര്‍ശകനാണ്. അന്യദേശങ്ങളില്‍നിന്നും വരുന്ന പുസ്തകക്കെട്ടുകള്‍ മിക്കവാറും പൊട്ടിക്കുന്നത് ഇദ്ദേഹത്തിന്റെ സാന്നിധ്യത്തിലായിരിക്കും. പൊട്ടിച്ച പെട്ടികളില്‍നിന്നും ഓരോ പുസ്തകവും പുറത്തെടുക്കുമ്പോള്‍ കളിപ്പാട്ടങ്ങളുടെ കലവറ തുറന്നുകാണുന്ന കുട്ടിയുടെ കൗതുകത്തോട നോക്കിനില്‍കുകയും തന്റെ വായനക്ക് ഉപയുക്തമെന്നു തോന്നുന്ന ഏതെങ്കിലും പുസ്തകം കണ്ടാല്‍ അതെടുക്കുകയും പതുക്കെ തലോടുകയും ചെയ്യുന്നത് കാണുമ്പോൾ പ്രണയിനിയുടെ കൈകള്‍ക്ക് മൃദുചുംബനമേകുന്ന കാമുകനെ പോലെ തോന്നും.. പിന്നീടുള്ള കെട്ടുകളെല്ലാം പൊട്ടിക്കാന്‍ ഞങ്ങളെ സഹായിക്കുകയും കാണുവാനായി വ്യഗ്രതപ്പെടുകയും ചെയ്യും. 

ഇദ്ദേഹം പൊതുവെ ദൂരയാത്രകള്‍ ചെയ്യാറില്ലായിരുന്നു. അഥവാ ഒഴിച്ചുകൂടാനാവാത്ത ഏതെങ്കിലും യാത്ര നടത്തിയാല്‍ അവിടുത്തെ പുസ്തകശാലകള്‍ സന്ദര്‍ശിക്കുകയും തിരിച്ചുവന്ന് അതിന്റെ സവിശേഷതകള്‍ വര്‍ണിക്കുകയും ചില പുസ്തകങ്ങള്‍ ഇവിടെ എത്താത്തനിക്കുറിച്ചു പരാതിപ്പെടുകയും ചെയ്യും. ഇംഗ്ലണ്ടിലോ അമേരിക്കയിലോ പുറത്തിറങ്ങിയ പുതിയ പുസ്തകങ്ങളെക്കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും എനിക്ക് ലഭിക്കുന്ന അറിവിന്റെ മുഖ്യസ്രോതസ്സ് ഇദ്ദേഹമാണ്. ഈ അറിവ് മറ്റു പലരിലേക്കും എത്തിച്ചു വായനക്കാരുടെ ഇടയില്‍ ഞാനൊരു പുസ്തക പണ്ഡിതനാകും.

s.nagesh

ഇദ്ദേഹത്തിന്റെ വീടിന്റെ പ്രധാന ചുമരുകളെല്ലാം പുസ്തകങ്ങളാല്‍ നിര്‍മിച്ച പോലെയാണ്. ഞങ്ങള്‍ സുഹൃത്തുക്കള്‍ ഇടയ്ക്ക് അവിടെ ഒത്തുചേരാറുണ്ട്. അതിഥികള്‍ വായനക്കാരോ പുസ്തകപ്രേമികളോ ആണെങ്കില്‍ ഇദ്ദേഹത്തിന്റെ ഉത്സാഹവും ഇരട്ടിയാകും. വീടിന്റെ മോടിയിലോ അകത്തളങ്ങളില്‍ ഒരുക്കി വച്ചിരിക്കുന്ന അനുബന്ധ സാമഗ്രികളിലോ ആയിരിക്കുമല്ലോ മിക്കവാറും ആളുകള്‍ അവരവരുടേതായ മേന്മ കാണിക്കുക. എന്നാല്‍ ജീവസ്സുറ്റ പുസ്തകങ്ങളുടെ മുന്നില്‍ അത്തരം നിര്‍ജ്ജീവനിര്‍മിതികളെല്ലാം തന്നെ നിഷ്പ്രഭമാവുന്നു. അതിഥികളായെത്തുന്നവര്‍ക്ക് വീട്ടുകാരെ പരിചയപ്പെടുത്തും പോലെയാണ് നാഗേഷ് സർ പല പുസ്തകങ്ങളെയും നമുക്ക് പരിചയപ്പെടുത്തുക. വീടിന്റെ സ്വീകരണമുറിയില്‍ കോഫി ടേബിള്‍ പുസ്തകങ്ങള്‍ എന്ന് വിശേഷിപ്പിക്കുന്ന കട്ടിയുള്ള പുറംചട്ടയോടു കൂടിയ വലിയ പുസ്തകങ്ങള്‍ കാരണവന്മാരെ പോലെ നിരന്നിരിക്കുന്നു, ഇത്രയും വൈവിദ്ധ്യമാര്‍ന്ന കോഫി ടേബിള്‍ പുസ്തകങ്ങള്‍ പുസ്തകശാല കളില്‍ പോലും ഒരുമിച്ച് കാണാറില്ല. സ്വീകരണമുറിയോട് ചേര്‍ന്ന ഇദ്ദേഹത്തിന്റെ കിടപ്പ്മുറിയിലെ ചുമരിന്റെ ഇരുവശങ്ങളിലും പുസ്തകത്തൂണുകള്‍...! കിടക്കയില്‍ പലയിടങ്ങളിലായി വായിച്ച പേജുകള്‍ അടയാളപ്പെടുത്തിയ നിലയില്‍ കുറെപുസ്തകങ്ങള്‍ അലസമായി കിടക്കുന്നു. എന്നിലേക്കെപ്പോള്‍ തിരിച്ചെത്തുമെന്നോര്‍ത്ത് ആലസ്യപ്പെട്ട് ചിതറിക്കിടക്കുന്ന അക്ഷരപുഷ്പങ്ങള്‍...! അതിനടുത്തു ള്ള മുറിയിലും ഇതുതന്നെയാണ് സ്ഥിതി എന്തിന് കുളി മുറിയില്‍ പോലും ''ബാത്രൂം റീഡേഴ്‌സ്'' എന്ന തലക്കെട്ടിലിറങ്ങിയ പുസ്തകങ്ങള്‍. തീന്‍മുറിയുടെ പാര്‍ശ്വങ്ങളില്‍ ലോകക്ലാസ്സിക്കുകളുടെ വിവിധ പതിപ്പുകള്‍ ടോള്‍സ്റ്റോയിയും തുര്‍ഗനേവും ദസ്തയേവിസ്‌കിയും ചാള്‍സ് ഡിക്കന്‍സും അലക്‌സാണ്ടര്‍ ഡുമായും മോപ്പസാങ്ങുമൊക്കെ ഞങ്ങളിലാരാണ് കേമന്മാര്‍ എന്ന് പരസ്പരം ചോദിച്ചുകൊണ്ട് തീന്‍മേശക്കു ചുറ്റും നിരനിരയായി നില്‍ക്കുന്നു. ഇവയില്‍ പല പുസ്തങ്ങളും ഞങ്ങളുടെ പുസ്തകശാലയില്‍ നിന്നും മാഷിന് ഞാന്‍ തന്നെ വിറ്റതായിരുന്നു അവയൊക്കെ ഇങ്ങിനെ അന്തസ്സോടെ ഇരിക്കുന്നത് കാണുമ്പോ ഒരുതരം മാനസികോന്മാദം എനിക്കും അനുഭവപ്പെട്ടു...

മുകളിലേക്കുള്ള കോണിപ്പടികളിലും പുസ്തകങ്ങള്‍ അക്ഷരങ്ങളാല്‍ തീര്‍ത്ത ആകാശത്തേക്കുള്ള പടവുകള്‍...! മുകളിലത്തെ നില ഒരു വലിയ ഹാള്‍ ആണ്. നിരയൊപ്പിച്ച് ഇരുമ്പ് ഷെല്‍ഫുകള്‍, ഇരുഭാഗത്തും ഗ്രന്ഥങ്ങളുടെ അതിശയിപ്പിക്കുന്ന ശേഖരം. ഒരു എഴുത്തുകാരന്റെ നിലവില്‍ ലഭ്യമായ എല്ലാപുസ്തകങ്ങളും ഒരേസ്ഥലത്ത് എന്ന രീതിയിലാണ് ക്രമീകരിച്ചിട്ടുള്ളത്. പുസ്തകങ്ങള്‍ക്ക് പുറമെ വിവിധ മാഗസിനുകള്‍ വര്‍ഷക്കണക്കിന് ബയിന്റു ചെയ്തു പുസ്തകരൂപത്തിലാക്കിയതും പുസ്തകരൂപത്തില്‍ ഇപ്പോള്‍ ലഭ്യമല്ലാത്തതും അപൂര്‍വമായതുമായ ഗ്രന്ഥങ്ങളുടെ കോപ്പിയെടുത്തതും അടുക്കിവച്ചിരിക്കുന്നു.

ഒരിക്കല്‍ ഡോ ശശി തരൂരിന്റെ ഒരു പുസ്തക പ്രകാശനം കൊച്ചിയില്‍ വച്ച് നടക്കാന്‍ പോകുന്ന വിവരം ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ഡോ തരൂരിന്റെ എഴുത്തിനെ കൃത്യമായി പിന്തുടരുന്ന ആളായ നാഗേഷ് സർ എന്റെയൊപ്പം പ്രകാശന ചടങ്ങിലേക്ക് വന്നു. ചടങ്ങിന് ശേഷം ഡോ തരൂരിന്റെ ഒരു ഓട്ടോഗ്രാഫ് വാങ്ങിക്കാനായി ചെന്നു. അന്ന് പ്രകാശനം ചെയ്യപ്പെട്ട പുസ്തകത്തോടൊപ്പം ജെ.എസ് (ജൂനിയര്‍ സ്റ്റേറ്റ്‌സ് മാന്‍) മാഗസിന്റെ ഒരു പഴയ കോപ്പിയും നാഗേഷ് സാറിന്റെ കയ്യിലുണ്ടായിരു ന്നു. ഡോ തരൂര്‍ അമേരിക്കയിലെ പഠനകാലത്ത് പാര്‍ട്ട് ടൈം ജോലിചെയ്തതിനെ കുറിച്ച് എഴുതിയ ' how i brought more sunshine into James Taylor's home' എന്ന ലേഖനം ഉള്‍കൊള്ളുന്ന 1976 ഡിസംബര്‍ നാലിലെ ജെ എസ് മാഗസിന്‍ ആയിരുന്നു അത്. തരൂരിന്റെ ശേഖരത്തില്‍ പോലും ഉണ്ടാവുമോ എന്നുറപ്പില്ലാത്ത ആ മാഗസിന്റെ കോപ്പികണ്ട് തരൂര്‍ അത്ഭുദത്തോടെ വാങ്ങി നോക്കുകയും ഇത് നിങ്ങളുടെ കയ്യിലുണ്ടോ എന്ന് കൗതുകത്തോടെ ചോദിക്കുകയും ചെയ്തു. ഡോ തരൂരിനറിയില്ലല്ലോ ലോകത്തെ ഏറ്റവും മികച്ച പല എഴുത്തുകാരുടെയും അവര് പോലും ഓര്‍മിക്കാനിടയില്ലാത്ത ആദ്യകാല രചനകള്‍ നാഗേഷ് സാറിന്റെ തട്ടിന്പുറം അലങ്കരിക്കുന്നുണ്ടെന്ന്.

nagesh
ജെ.എസ് (ജൂനിയര്‍ സ്റ്റേറ്റ്‌സ് മാന്‍) മാഗസിനില്‍
വന്ന തരൂരിന്റെ ലേഖനം

അലക്ഷ്യമായി നിലത്തു വച്ചിരിക്കുന്ന പുസ്തകങ്ങളിലേക്കു ഞാന്‍ നോക്കിയപ്പോള്‍ അദ്ദേഹമൊന്നു ചിരിച്ചു. എന്നിട്ട് പറഞ്ഞു: ഇവയൊക്കെ ഒളിച്ചുകടത്തി കൊണ്ടുവന്നതാ. ഞാന്‍ അത്ഭുതപ്പെട്ടു ഒളിച്ചുകടത്തിയതോ എന്തിന്? ടൗണിലേക്ക് ഇറങ്ങുന്ന എല്ലാ ദിവസവും ഒരു ചുമട് പുസ്തകങ്ങളുമായാണ് അദ്ദേഹം വീട്ടിലേക്കു തിരിച്ചെത്തുക. മകന്‍ കല്യാണം കഴിക്കാത്തതിന്റെ പ്രധാന കാരണം ഇതാണെന്നു അദ്ദേഹത്തിന്റെ അമ്മയ്ക്ക് തോന്നിയിരുന്നു അതിന്റെ നീരസം പ്രകടിപ്പിക്കുവാനും തുടങ്ങി. ഇദ്ദേഹത്തിന്റെ 'അമ്മ ഒരു പുസ്തക വിരോധിയാണെന്നു കരുതരുതേ അവരും ഒരു പ്രശസ്ത കോളേജിലെ മലയാള വിഭാഗം മേധാവിയായി റിട്ടയര്‍ ചെയ്ത പുസ്തകങ്ങളെ വായിക്കുകയും ഇഷ്ടപ്പെടുകയും ചെയത നല്ലൊരു ടീച്ചറായിരുന്നു. മകന്റെ അതിരുകവിഞ്ഞ പുസ്തകപ്രേമവും പുസ്തകങ്ങള്‍ക്കായുള്ള അമിത പരിശ്രമങ്ങളും അവര്‍ക്കുപോലും താങ്ങാവുന്നതിലപ്പുറമായിരുന്നു. അതിനാല്‍ത്തന്നെ വലിയകെട്ടു പുസ്തകങ്ങള്‍ അമ്മയുടെ മുന്നിലൂടെ കൊണ്ടുപോകുക ദുഷ്‌കരവുമായി. അമ്മയുടെ ഈ വേവലാതി അറിഞ്ഞതുമുതല്‍ കടയില്‍ നിന്നുവാങ്ങിച്ച പുസ്തകകെട്ടുകള്‍ കാറില്‍ത്തന്നെ വെക്കും. രാത്രി അമ്മ ഉറങ്ങി കഴിഞ്ഞാല്‍ ഒച്ചയുണ്ടാക്കാതെ വാതില്‍ തുറന്നു കാറില്‍ നിന്നും കെട്ടുകളെടുത്തു പതിയെ മുകളിലത്തെ നിലയിലേക്കെത്തിക്കും. കാമിനിയെ ആരുമറിയാതെ മണിയറയിലേക്ക് ആനയിക്കും പോലെ. ഇത്തരത്തില്‍ അകത്തുകടന്ന ഒരു കാമിനിയായിരുന്നു അന്ന് തറയില്‍ കിടന്നിരുന്നത്. വായനയിലൂടെ അന്യന്റെ അനുഭവങ്ങളില്‍, ചിന്തകളില്‍, സ്വപ്നങ്ങളില്‍, യാത്രകളില്‍, വ്യഥയില്‍, പ്രേമത്തില്‍ എന്തിനു മൃതിയിലും ആത്മാവില്‍ പോലും വ്യാപരിച്ച് ജീവിക്കുന്ന യഥാര്‍ത്ഥ അക്ഷരസ്നേഹിയുടെ സാഹസങ്ങള്‍...!

dr Nagesh
ഡോ.നാഗേഷ്

നാഗേഷ് സാറിന്റെ അക്ഷരമാളികയില്‍നിന്നും അറിവിന്റെ പടവുകളിറങ്ങി പുസ്തകങ്ങളുടെ മാസ്മരിക വലയത്തില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അക്ഷരനിധിയുടെ കാവല്‍ക്കാരനായി പൂമുഖത്തുതന്നെ അദ്ദേഹം നില്‍ക്കുന്നുണ്ടായിരുന്നു. ആ വീട് അമൂല്യമായ ഒരു വലിയ ഗ്രന്ഥംപോലെ സ്ഥായിയായി എന്റെ മുന്നില്‍ നിലകൊണ്ടു.

Content Highlights: The Books memories by M Siddharthan Book Man Show part six DR S Nagesh