ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.

2000 ജൂലൈ 8ന് ആയിരുന്നു ഹാരി പോട്ടര്‍ ആന്‍ഡ് ദി ഗോബ്ലെറ്റ് ഓഫ് ഫയര്‍ എന്ന ഹാരി പോട്ടര്‍ സീരീസിലെ നാലാമത്തെ പുസ്തകത്തിന്റെ റിലീസും വിതരണവും തുടങ്ങിയത്. ജോവാന്‍ കാതലീന്‍ റൗളിങ് എന്ന വിശ്വപ്രസിദ്ധ എഴുത്തുകാരിയുടെ തൂലികയില്‍ നിന്ന് അടരുന്ന വാക്കുകള്‍ക്ക് കണ്ണുംനട്ട് കാത്തിരിക്കുകയായിരുന്നു അന്ന് ലോകമെമ്പാടുമുള്ള വായനാശീലരായ കുട്ടികള്‍. ആദ്യ പുസ്തകങ്ങള്‍ക്ക് ലഭിച്ച അഭൂതപൂര്‍വ്വമായ സ്വീകരണവും പത്ര-ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളെല്ലാം അകമഴിഞ്ഞു നല്‍കിയ പ്രചാരണവും ലോക പുസ്തകചരിത്ര ത്തില്‍ തന്നെ പുതിയൊരദ്ധ്യായം രചിച്ചു.

ഒരു ട്രെയിന്‍യാത്രക്കിടെ മനസ്സിലുദിച്ച മായാജാലക്കാരനായ പയ്യന്റെ കഥയാണ് ഒരു തലമുറയുടെ ഹൃദയഹാരിയായ ഹാരിയായി അവതരിച്ചത്. 1997 മുതല്‍ 2007 വരെയുള്ള 10 വര്‍ഷക്കാലയളവിലൂടെ കൗമാരം പിന്നിട്ട വായനക്കാരായ കുട്ടികളുടെ ജീവിതത്തില്‍ ഹാരിപോട്ടര്‍ എന്ന മാന്ത്രികന്‍ ചെലുത്തിയ സ്വാധീനം ഇപ്പോള്‍ യൗവ്വനം പിന്നിട്ടുകൊണ്ടിരിക്കുന്ന അവരില്‍ മായാതെ തുടരുമെന്നുറപ്പാണ്. എഴുതിയ ജെകെ റൗളിംഗിന്റെ ജീവിതത്തില്‍ നിന്ന് ഹാരി അപ്രസക്തമായി കഴിഞ്ഞാലും.

ഓരോ തവണയും ഹാരിപോട്ടര്‍ പുസ്തകങ്ങള്‍ എത്തുമ്പോള്‍ ഞങ്ങള്‍ക്കും അത്യുത്സാഹമായിരുന്നു. സ്ഥിരം കസ്റ്റമേഴ്‌സിന് പുറമെ കുറെ പുതിയ കസ്റ്റമേഴ്സിനെ കിട്ടും. കൂടാതെ ആ മാസത്തെ ടാര്‍ഗറ്റ് വലിയ ബുദ്ധിമുട്ടില്ലാതെ എത്തിക്കാം. നാലാമത്തെ പുസ്തകത്തിന്റെ പ്രകാശനം ലണ്ടന്‍ സമയം രാത്രി പന്ത്രണ്ട് മണിക്കായിരുന്നു. അതിനാല്‍ തന്നെ പ്രസാധകര്‍ ലോകവ്യാപകമായി ഈ സമയക്രമമനുസരിച്ച് ലോകത്തിന്റെ എല്ലാസ്ഥലങ്ങളിലും പ്രകാശനം നടത്താമെന്നും അതിനു തയ്യാറുള്ളവര്‍ അറിയിച്ചാല്‍ യഥാസമയം പുസ്തകം ലഭ്യമാക്കിക്കൊള്ളാമെന്നും ഒരു വ്യവസ്ഥയുണ്ടാക്കിയിരുന്നു. അതനുസരിച്ച് പുലര്‍ച്ചെ 5.30 നായിരുന്നു കോഴിക്കോട്ടെ ഞങ്ങളുടെ പുസ്തകശാലയിലെ വിതരണം ആരംഭിക്കേണ്ടത്. പത്രമാധ്യമങ്ങളില്‍ വാര്‍ത്ത നല്‍കുകയും ഇതനുസരിച്ചുള്ള മുന്നൊരുക്കങ്ങളൊക്കെ നടത്തുകയും ചെയ്തു. ഫോണ്‍ ചെയ്ത് ബുക്ക് ചെയ്യാനുള്ള അവസരവുമുണ്ടായിരുന്നു.

കോപ്പികള്‍ ഒരു കാരണവശാലും പ്രകാശനത്തിന് മുന്‍പേ പുറത്തുപോവാതിരിക്കാന്‍ വളരെ വലിയ രീതിയിലുള്ള സുരക്ഷാക്രമീകരണങ്ങളായിരുന്നു ഇത് പ്രിന്റ് ചെയ്ത കമ്പനി ഒരുക്കിയിരുന്നത്. കോപ്പികള്‍ കൃത്യസമയത്തു തന്നെ ലഭ്യമാകും എന്ന ഒരു ഇമെയില്‍ സന്ദേശം മാത്രമേ ഓര്‍ഡര്‍ ചെയ്ത വിതരണക്കാരില്‍ നിന്നും ഞങ്ങള്‍ക്ക് ലഭിച്ചിരുന്നുള്ളു. തലേദിവസം തന്നെ ഷോറൂം ഹാരി പോട്ടറിനെ വരവേല്‍ക്കാന്‍ ഒരുങ്ങി രാത്രി കടയടച്ച് പോരുമ്പോള്‍ സഹപ്രവര്‍ത്തകരോട് പറഞ്ഞു... 'പുലര്‍ച്ചക്ക് കാണാം'.

മഴയെ പോലും തടുത്തു നിര്‍ത്തി ജൂലൈ മാസത്തിലെ നനഞ്ഞ മണ്ണിന്റെ ഗന്ധമാര്‍ന്ന എന്റെ ഇടവഴികളിലൂടെയും കറുത്ത പരവതാനി വിരിച്ച പോലെയുള്ള റോഡിലൂടെയും മഞ്ഞിനെ വകഞ്ഞു മാറ്റി ബജാജ് ചേതക് സ്‌കൂട്ടറില്‍ കൃത്യം നാലര മണിയോടെ ഹാരിപോട്ടെറെന്ന മായാജാലക്കാരന്‍ എന്നെ പുസ്തകശാലയിലെത്തിച്ചു. ആദ്യമായി രാവിന്റെ അന്ത്യയാമങ്ങളില്‍ പുസ്തകശാലക്ക് ജീവന്‍ വച്ചു. വൈദ്യുത പ്രകാശത്തിന്റെ ധവളിമയില്‍ പുസ്തകങ്ങള്‍ മിന്നിത്തിളങ്ങി തെരുവിലെ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നതിനാല്‍ പുസ്തകശാല കോടമഞ്ഞില്‍ ഉറഞ്ഞുപോയ ഒരു തീക്കനല്‍ പോലെ ദൂരക്കാഴ്ചയില്‍ തോന്നിച്ചു. 

വിശ്വോത്തര പുസ്തകശാലകളായ ലണ്ടനിലെ ഫോയ്ല്‍സ്, അമേരിക്കയിലെ സ്ട്രാന്‍ഡ് എന്നുവേണ്ട ഹാരി പോട്ടറുടെ മാന്ത്രിക ദണ്ഡിനാല്‍ ഒരേസമയം ഭൂമിയിലെ പുസ്തകശാലകളെല്ലാം ഉണര്‍ന്നെണീറ്റു. എഴുത്തു മുതല്‍ വിതരണം വരെ ഇത്രയും ബൃഹത്തായതും കുറ്റമറ്റതുമായ പുസ്തക നിര്‍മാണവും വിപണനം ലോകത്താദ്യമായിട്ടായിരുന്നു. അതില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ഒരു കുഞ്ഞു പുസ്തകശാലയിലിരുന്ന് ആ ഒഴുക്കിനൊപ്പം പങ്കുചേരാനായത് എനിക്കു കൈവന്ന ഭാഗ്യവും വലിയൊരു പ്രചോദനവുമായിരുന്നു. 

കൃത്യം നാല് നാല്‍പത്തിയഞ്ചിന് ആദ്യ കസ്റ്റമര്‍ സ്റ്റാളിലെത്തി. കുടുംബത്തോടൊപ്പം ശാരദ എന്ന പതിനാലുകാരി.. എത്തിയ ഉടനെ പുസ്തകമെത്തിയോ അങ്കിളേ എന്നായിരുന്നു ചോദ്യം. എത്തിയിട്ടില്ല എത്തുമെന്ന് പറഞ്ഞു. അഞ്ചുമണിയോട് കൂടി പത്തോളം കുട്ടികള്‍ കുടുംബസമേതം പുസ്തകശാലക്കുമുന്നില്‍ നിരന്നു. എല്ലാവര്‍ക്കും അറിയേണ്ടത് പുസ്തകം കൃത്യസമയത്തുതന്നെ വരുമല്ലോ എന്നതായിരുന്നു. വരുമെന്ന് ഉറപ്പിച്ചുപറയാന്‍ ഒരു ഇമെയില്‍ സന്ദേശത്തിന്റെ പിന്‍ബലം മാത്രമേ ഉണ്ടായിരുന്നുവെങ്കിലും എന്തായാലും വരുമെന്ന് തന്നെ പറഞ്ഞു. പലരും ധരിച്ചിരുന്നത് പുസ്തകം എത്തീട്ടുണ്ടാവുമെന്നും കൃത്യസമയത്തു ഞങ്ങള്‍ എടുത്തു കൊടുക്കുകയേയുള്ളൂ എന്നുമാണ്. 

എന്നാല്‍ പുസ്തകങ്ങള്‍ ഓര്‍ഡര്‍ പ്രകാരം എത്തിച്ചേരേണ്ടിയിരിക്കുന്നു എന്നറിഞ്ഞതുമുതല്‍ പലരും അക്ഷമരാകാന്‍ തുടങ്ങി. ഈ പുസ്തകം അതായത് അക്കാലത്തു ഏതാണ്ട് ഒരു ചാക്ക് അരിയുടെ വില നല്‍കി വാങ്ങിക്കുവാനായി പാതിരാനേരത്തും പുലര്‍കാല വേളയിലും ഒഴുകിയെത്തിയ ജനസഞ്ചയം ജെ.കെ റൗളിംഗ് ജന്മം നല്‍കിയ ഹാരിപോട്ടറെന്ന മാന്ത്രികന്‍ കുഞ്ഞുമനസ്സുകളില്‍ എത്രമാത്രം വേരോടിയിരുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാകുന്നു. 

അഞ്ചുമണി കഴിഞ്ഞതോടെ സംശയങ്ങളും കൂടി വന്നു. എവിടെനിന്നാണ് വരേണ്ടത്? എങ്ങിനെയാ വരിക? ആരാണിതിന്റെ ചുമതലക്കാര്‍? എന്ന് തുടങ്ങി പലചോദ്യങ്ങളും വന്നു. സമയം അഞ്ചേകാല്‍.... ആളുകളും അസ്വസ്ഥതകളും കൂടാന്‍ തുടങ്ങി... നേരത്തെ ഹൃദ്യമായ പുഞ്ചിരി തൂകി പുലര്‍കാലത്തിന്റെ നൈര്‍മല്യം തുളുമ്പിയ മുഖങ്ങളില്‍  ബുക്ക് സ്റ്റാളിന് പുറത്തെ ഇരുട്ട് നിഴലിക്കുന്നതായി കണ്ടു.

അഞ്ചേ ഇരുപതായപ്പോള്‍ ചിലര്‍ വന്നു വഴക്കിടുവാനും തുടങ്ങി. ഓര്‍ഡര്‍ ചെയ്ത സ്ഥലത്തു വിളിക്കണമെന്നും കിട്ടുമോ ഇല്ലേ എന്ന് പറയണമെന്നും ആവശ്യപ്പെട്ടു. ഇങ്ങനെ ആളുകളെ പറ്റിക്കരുത് എന്നുമെല്ലാമായി ആക്ഷേപങ്ങള്‍. കുട്ടികളുടെ നിര്‍ബന്ധത്തിനു വഴങ്ങി ഉറക്കം പോലും ഉപേക്ഷിച്ചു വന്ന അച്ഛനമ്മമാരോട് എന്തുപറയണമെന്നറിയാതെ ഞാന്‍ കുഴങ്ങി. അത്യുത്സാഹവതിയായി ഓടിവന്ന ശാരദ പുസ്തകമെത്തില്ലേ അങ്കിളേ എന്ന് ചോദിച്ച് ചിണുങ്ങാന്‍ തുടങ്ങി.

സഹപ്രവര്‍ത്തകനും സംശയഭാവത്തോടെ സിദ്ധേട്ടാ കുടുങ്വോ? എന്ന ചോദ്യം കൂടി വന്ന തോടെ ഉള്ള ധൈര്യവും ചോര്‍ന്നു പോയി. ഫോണില്‍ ഏതൊക്കെയോ നമ്പറില്‍ വിളിക്കുന്നതായി അഭിനയിച്ച് സ്റ്റാളിന് പുറത്ത് അക്ഷമനായി നടക്കവേ എവിടെനിന്നോ അതിവേഗതയില്‍ പറക്കുംതളിക പോലെ ഒരു വാന്‍ റോഡില്‍ വന്നു നിന്നു. രണ്ടു പേര് ചാടിയിറങ്ങി പെട്ടികള്‍ ഇറക്കാന്‍ തുടങ്ങി. സമയം അപ്പോള്‍ അഞ്ചേ ഇരുപത്തിയഞ്ച്.... കുട്ടികളുടെ ഇടയില്‍ നിന്നും ആഹ്‌ളാദാരവം മുഴങ്ങി.... എന്റെയുള്ളില്‍ എന്തെന്നറിയാത്ത ഒരനുഭൂതി പതഞ്ഞു... മിഴികള്‍ നിറഞ്ഞു....

കുറ്റപ്പെടുത്തിയവരോട് ദേഷ്യം ഉള്ളിലുണ്ടായിരുന്നുവെങ്കിലും അക്ഷരാന്നം കുഞ്ഞുങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അവര്‍ കാണിക്കുന്ന ആവേശത്തെ മാനിച്ച് ദേഷ്യം ഒന്നും പ്രകടിപ്പിക്കാതെ പുസ്തകപ്പെട്ടികള്‍ തുറന്ന് കുട്ടികളെ വരിയില്‍ നിര്‍ത്തി ആദ്യം വന്ന വര്‍ക്ക് ആദ്യം എന്ന രീതിയില്‍ നല്‍കി തുടങ്ങി. ആദ്യമെത്തിയതും ആദ്യ കോപ്പി ഏറ്റുവാങ്ങിയതും ശാരദ എന്ന് കൊച്ചുമിടുക്കിത്തന്നെയായിരുന്നു. അവള്‍ക്കിപ്പോള്‍ 30 വയസ്സിലേറെയായി കാണും. പുസ്തകം സമയത്തു തന്നെ കിട്ടാതായിപ്പോകുമോ എന്നോര്‍ത്തു കരഞ്ഞിരുന്ന പ്രിയ ശാരദാ... നിന്റെ ജീവിതത്തിലെ അത്യുത്സാഹഭരിതമായ വായനയും പുലര്‍കാലത്തെ ഒരു പുസ്തകശാലാനുഭവവും പകര്‍ന്നു നല്‍കനായത്  ഒരദൃശ്യമായ സൗന്ദര്യമായി, ആഹ്‌ളാദമായി എന്നിലിപ്പോഴും നിറഞ്ഞു നിലനില്‍ക്കുന്നു. 

Content Highlights: The Books memories by M Siddharthan Book Man Show part Seven Harry Potter