ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്‌സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.

രാജന്‍ നല്ലൊരു പുസ്തക വില്‍പനക്കാരനും വായനക്കാരനുമാണ്. ഇപ്പോള്‍ വയനാട്ടിലെ മാനന്തവാടിയില്‍ താമസം. തൊണ്ണൂറുകളുടെ ആദ്യമാണ് ഇയാളെ പരിചയപ്പെട്ടത്‌. മാവൂര്‍ റോഡിലെ പ്രഭാത് ബുക്‌സുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. പുസ്തകക്കച്ചവ ടത്തിന്റെ മറ്റു സാധ്യതകള്‍ തേടിയായിരുന്നു രാജന്റെ ഞങ്ങളുടെ പുസ്തകശാലയിലേക്കുള്ള വരവ്. സുമുഖന്‍, നല്ല ശബ്ദം, ചുരുണ്ട മുടി കവിള ത്തൊരു മറുക്‌, തോളില്‍ പുസ്തക സഞ്ചി. ആ കാലത്ത് റഷ്യന്‍ പുസ്തകങ്ങളുടെ മലയാള പരിഭാഷകള്‍ ഇഷ്ടം പോലെ ലഭ്യമായിരുന്നു. താരതമ്യേന വിലക്കുറവും ഇവക്കായിരുന്നു. ഹാര്‍ ഡ്ബൈന്‍ഡ് ചെയ്ത് നല്ല പേപ്പറില്‍ മനോഹര മായി വരച്ച ചിത്രങ്ങളടങ്ങിയ പുസ്തകങ്ങളുടെ നിര്‍മ്മാണ മികവ് എടുത്തുപറയേണ്ടതാണ്. ദസ്തയേവിസ്‌കിയുടെയും ടോള്‍സ്റ്റോയിയുടെയും തുര്‍ഗനേവിന്റെയും ഐക്മാതോവിന്റേയും പുഷ്‌കിന്റെയും ഗോര്‍ക്കിയുടെയുമെല്ലാം പുസ്തകങ്ങളുടെ ഗംഭീരവിവര്‍ത്തനങ്ങള്‍. കേരളത്തിന്റെ വായനസംസ്‌കാരത്തെ അന്ന് ഏറ്റവും അധികം സ്വാധീനിച്ചത് ഈ പുസ്തകങ്ങളായിരുന്നു എന്നു കരുതാം. രാജനും ഇതിന്റ ഒരാരാധകനും പ്രചാരകനുമായിരുന്നു. 

ചുരുങ്ങിയ കാലം കൊണ്ടുതന്നെ ഞങ്ങളുടെ ഒരു സഹായിയായി ഇദ്ദേഹം മാറി. ഒരുപാട് ആശയങ്ങളും മോഹങ്ങളുമായി എല്ലായ്‌പോഴും രാജന്‍ വന്നു. ഇതിലൊരാഗ്രഹമായിരുന്നു എഴുത്തുകാരനാവുക എന്നത്. അങ്ങിനെ എഴുതാന്‍ തുടങ്ങി. എല്ലാദിവസവും വില്‍പന കഴിഞ്ഞ് സന്ധ്യയോടെ രാജന്‍ കുറച്ചു ന്യൂസ്പ്രിന്റും പേനയുമായി എഴുത്തിനിരിക്കും. രാത്രി ഏറെ വൈകുന്നതുവരെ എഴുതും. കുറച്ചു ദിവസം ജോലി പോലും വേണ്ടാന്ന് വച്ച് എഴുത്തു തുടര്‍ന്നു. വീണ്ടും അടുത്തദിവസം സഞ്ചിയും തൂക്കി രാജന്‍ ബുക്‌സ്‌റാളില്‍ എത്തി. ഞാന്‍ ചോദിച്ചു, എഴുതി തീര്‍ന്നോ? നിരാശയോടെ രാജന്‍ പറഞ്ഞു ''മ്പക്ക് പറഞ്ഞ പണിയല്ലിഷ്ടാ'' അതെന്തേന്നു ഞാന്‍ ചോദിച്ചു. ചെറിയൊരു ജാള്യതയോടെ പറഞ്ഞു. 'എടോ എല്ലാദിവസവും എഴുതി ആര്‍ത്തിയോടെ എഴുതി... ഉറങ്ങുന്നവരെ എഴുതി... പക്ഷെ രാവിലെ എണീറ്റു വായിച്ചുനോക്കുമ്പോള്‍ അത് ഒ വി വിജയന്റെ ഖസാക്കോ മുകുന്ദന്റെ ദൈവത്തിന്റെ വികൃതികളോ ആനന്ദിന്റെ ആള്‍ക്കൂട്ടമോ ആയിപ്പോകുന്നെടാ... ഖസാക്കിലെ രവി കൂമങ്കാവില്‍ ബസ്സിറങ്ങുന്നതിനു പകരം ഭാസ്‌കരന്‍ പയ്യന്നൂരില്‍ ട്രൈനിറങ്ങുന്നതോ... ദൈവത്തിന്റെ വികൃതികളിലെ മാജിക്കുകാരനുപകരം മാനാഞ്ചിറയിലെ സൈക്കിള്‍ബാലന്‍സുകാരനോ ആവുമെന്ന് മാത്രം. ഒന്നും വായിക്കണ്ടിരുന്നാ മതിയായിരുന്നു...' രാജന്‍ നിരാശയോടെ നെടുവീര്‍പ്പിട്ടു.

വീണ്ടും വര്‍ദ്ധിത വീര്യത്തോടെ കച്ചവടത്തിനുള്ള പുസ്തകങ്ങളുമായി രാജന്‍ ഇറങ്ങും. കുറച്ചുനാള്‍ കഴിയുമ്പോള്‍ വീണ്ടും എഴുത്തിനായുള്ള മോഹമുദിക്കും നോവലെഴുത്ത് പച്ചപിടിക്കാഞ്ഞതിനാല്‍ നോവല്‍ സാഹിത്യത്തില്‍നിന്നും മാറി കവിത ഒരു കൈ നോക്കാമെന്നായി. ചുള്ളിക്കാ ടിന്റെയും, കടമ്മനിട്ടയുടെയും, കുരീപ്പുഴയുടെയും, ഒ എന്‍ വി യുടെയും കവിത വായിച്ചു നീറിപ്പുകയുന്ന ബാല്യമായിരുന്നു ഞങ്ങളുടേത്. എനിക്കും താല്‍പര്യമായി. ആഴ്ചയിലൊരിക്കല്‍ ബുക്‌സ്റ്റാളിലേക്കു പുസ്തകങ്ങള്‍ വണ്ടിയില്‍ വരും. പാതി രാത്രിയിലാണ് കെട്ടുകളി റക്കിവെക്കുക പോര്‍ട്ടര്‍മാരെ ഒഴിവാക്കാനുള്ള ഒരു സൂത്രം. അങ്ങിനെ ഞാനും രാജനും ഇത്തരത്തിലുള്ള ഒരു രാത്രി കവിതയെഴുത്തിനായി തിരഞ്ഞെടുത്തു. മഹാകവികളുടേതുള്‍പ്പെടെ കവിതാ പുസ്തകങ്ങള്‍ അടുക്കി വച്ചിരിക്കുന്ന പുസ്തകത്തട്ടുകള്‍ക്ക് താഴെയുള്ള മേശക്കിരു വശവും മുഖാമുഖം ഞാനും രാജനും കാവ്യഗുരുപരമ്പരകളെ മനസ്സില്‍ ധ്യാനിച്ച് എഴുത്തിനിരുന്നു. 

എഴുതാന്‍ തുടങ്ങി... അന്ന് ഇന്ത്യയുടെ അമ്പതാം സ്വാതന്ത്ര്യദിനം കഴിഞ്ഞ് ഏതാനും ദിവസമേ ആയിരുന്നുള്ളു. കൂടാതെ ആ സമയത്തു തന്നെ അംബേദ്കറുടെ പ്രതിമയില്‍ ചെരുപ്പ് മാല അണിയിച്ച അതിനിന്ദനീയമായ ഒരു വാര്‍ത്തയും പരന്നിരുന്നു. ആവേശത്തോടെ ഞങ്ങളെഴുതി 

ഇന്ത്യതന്‍ സ്വാതന്ത്ര്യത്തിന്‍ അമ്പതാം 
പിറന്നാളില്‍ നല്‍കിനാം അംബേദ്കര്‍ക്ക് 
അമ്പതുചെരുപ്പുകള്‍ കോര്‍ത്തൊരീ ഹാരാര്‍പ്പണം... 
വെളിച്ചമറ്റ വിളക്കുകാലുകളില്‍ 
വെളിച്ചവിപ്ലവത്തിന്റെ ധവളപത്രങ്ങള്‍ കാണ്‍മൂ ...

എന്നിങ്ങനെ തുടങ്ങുന്ന കാവ്യം രചിക്കപ്പെട്ടു. അന്യോന്യം വായിച്ചു പുളകിതരായിരിക്കെ നേരം പുലരാറായി. കുറച്ചു നേരത്തേക്ക് ഞങ്ങളിരുവരും മയങ്ങി. രാവിലെ എഴുന്നേറ്റു നോക്കുമ്പോഴുണ്ട് ഞങ്ങളുടെ മഹാകാവ്യം അരികില്‍ വച്ചിരുന്ന ടേബിള്‍ ഫാനിന്റെ ഇടയില്‍പെട്ടു ഛിന്നഭിന്നമായി പറന്നുപാറിക്കിടക്കുന്നു. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷയുടെ മുകളിലും അതിന്റെ ചെറുകഷ്ണങ്ങള്‍ പറ്റിപ്പിടിച്ചു കിടന്നിരുന്നു. 

ഒരിക്കല്‍ രാജനും ഞാനും രാജന്റെ അക്കാലത്തെ വാസസ്ഥലത്തിന് സമീപം റോഡില്‍ പ്രത്യേകിച്ച് ഒരുപരിപാടീം ഇല്ലാതെ നില്‍ക്കുകയായിരുന്നു. തിരിച്ചു പോകാന്‍വേണ്ടി സമയമെന്തായി എന്ന് ഞാന്‍ രാജനോട് ചോദിച്ചു. എന്റെകയ്യിലും രാജന്റെ കയ്യിലും വാച്ച് ഉണ്ടായിരുന്നില്ല. ഉടനെ രാജന്‍ തൊട്ടപ്പുറത്തുള്ള വാച്ചുകളും ക്ലോക്കുകളും വില്‍ക്കുകയും അതിന്റെ റിപ്പേര്‍ നടത്തുകയും ചെയ്യുന്ന മനോഹരേട്ടന്റെ കടയിലേക്ക് ചെന്ന് സമയം ചോദിച്ചു. ഭൂതക്കണ്ണാടി കണ്ണില്‍ ഇറുക്കി വാച്ചിലേക്ക് നോക്കിയിരിക്കുന്ന മനോഹരേട്ടന്‍ കണ്ണില്‍ നിന്നും അതെടുത്തുമാറ്റി തന്റെ ചുറ്റിലും ഉള്ള ക്ലോക്കുകളിലേക്ക് നോക്കി. ഏതൊക്കെയോ സമയങ്ങളില്‍ നിലച്ചുപോയ കുറെ ഘടികാരങ്ങള്‍.... ഏതാണ് സമയനിഷ്ഠ പാലിക്കുന്നതെന്നു മനസ്സിലാക്കാന്‍ സാധിക്കാതെ മനോഹരേട്ടന്‍ പറഞ്ഞു. രാജാ നിനക്കിഷ്ടപ്പെട്ട സമയം ഏതാന്ന് വച്ചാ അതെടുത്തോ. ഞാന്‍ ചിരിക്കാന്‍ തുടങ്ങുമ്പോഴേക്കും രാജന്റെ കൗണ്ടര്‍... 'ഞാന്‍ ഇതുവരെ വിചാരിച്ചിരുന്നത് ന്റെ സമയം മോശാന്നാ എന്നാ ഇപ്പൊ മനസ്സിലായി സമയത്തിന്റെ സമയവും പോക്ക്  തന്ന്യാന്ന്'.

പുസ്തക പ്രസിദ്ധീകരണമായിരുന്നു രാജന്റെ അടുത്ത ആശയം. സ്വന്തം എഴുത്തില്‍ പരാജിതനായതുകൊണ്ടും കൂടിയാണ് ഈ തീരുമാനത്തിലെത്തിയത്. വലിയ എഴുത്തുകാരുടെ പുസ്തകമൊന്നും ലഭിക്കില്ല എന്നറിയാമായിരുന്ന രാജന്‍ കച്ചവട സാധ്യത കൂടുതലുള്ള എന്തെങ്കിലും പ്രസിദ്ധീകരിക്കാമെന്നു തീരുമാനിച്ചു. അങ്ങിനെ ആലോചിച്ചു ചെന്നെത്തിയത് ആയുര്‍വേദത്തിലും പച്ചമരുന്നിലുമായിരുന്നു. അന്ന് തന്നെ ചികിത്സാമഞ്ജരിയും, ഔഷധ സസ്യങ്ങളുടെ അത്ഭുതപ്രപഞ്ചവും മറ്റു പുസ്തകങ്ങളും വാങ്ങി. തനിക്കുവേണ്ടത് മാത്രം പകര്‍ത്തി ആദ്യ ഡ്രാഫ്റ്റ് തയ്യാറാക്കി. ഞാന്‍ ചോദിച്ചു.. 'അല്ലെടോ ഇത് പകര്‍ത്തിയാല്‍ ആളുകള്‍ക്ക് മനസ്സിലാവൂലെ, അതുമാത്രല്ല കോപ്പി റൈറ്റ് പ്രശ്‌നവും ഉണ്ടാവൂലെ. അപ്പൊ രാജന്‍ പറഞ്ഞു ഇത് ഒരു പുസ്തകം അതുപോലെ പകര്‍ത്തിയതല്ലല്ലോ പലപുസ്തകങ്ങളില്‍ നിന്നുണ്ടല്ലോ. എന്നുമാത്രല്ല മരുന്നിന്റെ അളവില്‍ ചില്ലറ മാറ്റവും വരുത്തീട്ടുണ്ട്. എങ്ങനാന്നുവച്ചാ ഇപ്പൊ രണ്ട് ടീസ്പൂണ്‍ന്നു പറഞ്ഞോടത്തു ഒന്നേമുക്കാല്‍ എന്നാക്കി... കുറച്ചേ വച്ചിട്ടുള്ളൂ. അസുഖം മാറാന്‍ കുറച്ചൂടെ സമയമെടുക്കൂന്നല്ലേള്ളൂ. അളവുകൂടിപ്പോയതിന്റെ പ്രശ്‌നം വരില്ലല്ലോ. പിന്നെ ഭാഷയ്ക്ക് കോപ്പി റൈറ്റ് ഒന്നുമില്ലല്ലോ.. ഒന്നാലോചിച്ചുനോക്ക് നമ്മളെ അ ആ ഇ ഈ...യ്ക്കൊക്കെ കോപ്പി റൈറ്റ് ഉണ്ടായിരുന്നെങ്കില്‍ ആരെങ്കിലും എഴുത്തുകാരനാവ്ഓ...മ്പള് പുസ്തകകച്ചോടക്കാരൊക്കെ കഥ പറച്ചിലുകാര്‍ പറഞ്ഞുതരുന്ന കഥകള്‍ റോഡ് സൈഡില്‍ നിന്ന് പറഞ്ഞുള്ള കച്ചോടം നടത്തേണ്ടി യിരുന്നില്ലേ''.

അങ്ങിനെ രാജന്റെ പുസ്തകമിറങ്ങി. ചെടികളും ഒറ്റമൂലികളും സാമ്പാ: ആര്‍ തെക്കേതില്‍. അച്ചടിയും വിപണനവുമെല്ലാം തനിച്ചുതന്നെ നടത്തി. നല്ല വില്‍പനയും ലഭിച്ചു. വില്‍പനക്കിടെ ഒരാള്‍ രാജനോട് ചോദിച്ചു. ഈ ആര്‍ തെക്കേതി ലിന്റെ മറ്റുപുസ്തകങ്ങള്‍ ഉണ്ടോ? രാജന്‍ പറഞ്ഞു അടുത്ത പുസ്തകം ഉടനെവരും ജ്ഞാനപീഠപ്രസംഗങ്ങള്‍... (രാജന്‍ അടുത്തതായി പ്രസിദ്ധീകരിക്കാനുദ്ദേശിച്ചിരുന്ന പുസ്തകം) എനിക്കിപ്പോഴും മനസിലായിട്ടില്ല ഒറ്റമൂലിയും ജ്ഞാനപീഠവും തമ്മിലുള്ള ബന്ധം. അത് കേട്ട ആള്‍ക്ക് മനസ്സിലായി കാണുമോ എന്തോ..

Content Highlights: The Books memories by M Siddharthan Book Man Show part seven