ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.
പ്രതിഭകളെ പലപ്പോഴും നമുക്ക് ഒരു കാഴ്ച്ചകൊണ്ട് തിരിച്ചറിയാനാവും. കലാകാരന്മാര്‍, എഴുത്തുകാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങി ഏതു മേഖലയിലായാലും അവരില്‍ ഒരു തേജസ്സ് ജാതി, മത, വര്‍ണ്ണ വിവേചനമില്ലാതെ ശോഭിച്ചുനില്‍ക്കും. അവരിലെ ശാന്തതയോ കണ്ണുകളിലെ അനുകമ്പയോ വാക്കുകളിലെ ലാളിത്യമോ ചേഷ്ടകളിലെ മിതത്വമോ എന്തെങ്കിലുമൊരു പ്രത്യേകത സാധാരണക്കാരില്‍നിന്നും വിഭിന്നമായി ഉണ്ടാവും. ഇത്തരത്തിലുള്ള ചിലവ്യക്തികളുടെ ദീര്‍ഘ വീക്ഷണമോ സുകൃതമോ ഒക്കെ ആയിരിക്കാം വിജയത്തിലേക്ക് എത്തിച്ചേര്‍ന്ന പല പ്രസ്ഥാനങ്ങളുടെയും നിലനില്‍പ്പിനാധാരം. അതുപോലെ തന്നെ നമ്മുടെ സംസ്‌കൃതിയനുസരിച്ച് ഒരു സ്ഥാപനത്തിന്റെ ശിലാന്യാസം മുതല്‍ അതിന്റെ ഉദ്ഘാടന കര്‍മം നിര്‍വഹിക്കുന്ന ആളുകള്‍ക്കും വളരെ ശ്രേഷ്ഠമായ ഒരു സ്ഥാനമുണ്ട്. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ബര്‍ക്കത്തുള്ള കൈയായിരിക്കണം.
കേരളത്തിലെ ഏറ്റവും ബര്‍ക്കത്തുള്ള കൈയായി അറിയപ്പെട്ടിരുന്നത് മതത്തെയും മനുഷ്യരെയും വേര്‍തിരിവില്ലാതെ സ്‌നേഹിച്ച ജനാബ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടേതായിരുന്നു. കേരളത്തിനകത്തും പുറത്തുമുള്ള പതിനായിരക്കണക്കിന് ചെറുതും വലുതുമായ സ്ഥാപനങ്ങളാണ് ഇദ്ദേഹത്തിന്റെ കരസ്പര്‍ശത്താല്‍ പ്രവര്‍ത്തനക്ഷമമായത്. ഒറ്റമുറി ഷോപ്പുകള്‍ മുതല്‍ ഷോപ്പിംഗ് മാളുകള്‍ വരെയും, ചെറിയ ഓഫീസ് മുറികള്‍ തൊട്ട് അനേകായിരങ്ങള്‍ ജോലിചെയ്യുന്ന വന്‍കിട ഓഫീസ് കോംപ്ലെക്സുകള്‍ വരെയും എന്നുവേണ്ട പലദേശങ്ങളുടെയും മനുഷ്യരുടെയും ഉന്നമനത്തിനു പിന്നില്‍ ഒരദൃശ്യശക്തിയായി ഇന്നും അദ്ധേഹത്തിന്റെ കരങ്ങളുണ്ട്.
അന്നൊരിക്കല്‍ ഉച്ചക്ക്‌ശേഷം താരതമ്യേന തിരക്കുകുറഞ്ഞ സമയത്താണ് വെളുത്ത ഒന്നാം നമ്പര്‍ കാര്‍ പുസ്തകശാലയുടെ മുറ്റത്ത് വന്നുനിന്നത്. നിമിഷങ്ങള്‍ക്ക് ശേഷം കാറിന്റെ ഡോര്‍ പതിയെ തുറന്നു അതില്‍ നിന്നും ശുഭ്രവസ്ത്രധാരിയായി ശിരസ്സില്‍ കറുത്ത തൊപ്പിയുമണിഞ്ഞു ദീര്‍ഘകായനായ അദ്ദേഹം കയറിവന്നു. നിലാവ് പോലെ തെളിഞ്ഞ വസ്ത്രം, വെളുത്തുതുടുത്ത വട്ടമുഖം, നെറ്റിയിലേക്ക് ചാഞ്ഞു നില്‍ക്കുന്ന കറുത്ത തൊപ്പി എല്ലാംകൂടി ചേര്‍ന്ന് വാനില്‍ഉദിച്ചുയര്‍ന്നു നില്‍ക്കുന്ന അര്‍ദ്ധചന്ദ്രനെപ്പോലെ... ഹസ്തദാനം നല്‍കി വരവേറ്റപ്പോള്‍ എനിക്ക് അളവറ്റ സന്തോഷമായിരുന്നു. കാരണം ഒരു ഉദ്ഘാടന വേളയിലെ തിരക്കില്‍ പെട്ട് ദൂരെമാറിനിന്ന് അദ്ദേഹത്തെ ഒരു നോക്കു കാണുവാന്‍ മാത്രമേ എനിക്കതുവരെ സാധിച്ചിട്ടുണ്ടായിരുന്നുള്ളൂ.
പുസ്തകങ്ങള്‍ ഡിസ്‌പ്ലേ ചെയ്തിട്ടുള്ള ഷെല്‍ഫുകള്‍ക്കിടയിലൂടെ കൗതുകത്തോടെ നടന്നു നീങ്ങുന്ന അദ്ദേഹത്തിന് പുറകിലായി ഞാനും നടന്നു. ദാര്‍ശനിക പുസ്തകങ്ങളും ചില ഇസ്ലാമിക ചരിത്ര പുസ്തകങ്ങളും അദ്ദേഹത്തെ കാണിച്ചു ഉത്സാഹത്തോടെ ആ പുസ്തകങ്ങള്‍ പരിശോധിക്കുകയും ചിലത് വേണമെന്നും പറയുകയും ചെയ്തു. അറബിയും ഇംഗ്ലീഷും കൂടിച്ചേര്‍ന്ന ചില പുസ്തകങ്ങളിലൂടെ കടന്നുപോകുമ്പോള്‍ തന്റെ സ്വര്‍ണ്ണ ഫ്രെയിമുള്ള കണ്ണടയിലൂടെ വിദൂരതയിലേക്ക് നോക്കി ആലോചനനിമഗ്നനായി അദ്ദേഹം. ഒരു പക്ഷെ തന്റെ അധ്യയന കാലഘട്ടത്തില്‍ ഈജിപ്തിന്റെ തലസ്ഥാന നഗരിയായ കെയ്‌റോവിലെ പ്രസിദ്ധ സര്‍വ്വകലാശാല അല്‍ അസ്ഹരില്‍ ചിലവിട്ട നിറമുള്ള ദിനങ്ങളിലേക്കു തിരിച്ചു പോയതായിരിക്കാം.

സുഹൃത്തുക്കളോടൊപ്പം
മറ്റൊരു പുസ്തകം നല്‍കിയപ്പോള്‍ അദ്ദേഹത്തിന്റെ മുഖം കൂടുതല്‍ പ്രകാശമാനമാകുകയും സ്വതസിദ്ധമായ പുഞ്ചിരിമായാതെ ആ പുസ്തകത്തിന്റെ താളുകളോ രോന്നായി മറിച്ചു കൊണ്ടിരുന്നു. 'സ്‌നേഹിക്കുന്നവന്റെ മതവും രാജ്യവും സ്‌നേഹിക്കപ്പെടുന്നവന്‍ മാത്രം'എന്ന് ലോകത്തെ ഉദ്‌ബോധിപ്പിച്ച മഹാനായ പേര്‍ഷ്യന്‍ കവിയും സൂഫിവര്യനുമായ ജലാലുദ്ദിന്‍ റൂമിയുടെ മസ്‌നവി എന്ന വിഖ്യാത രചനയുടെ ഇംഗ്ലീഷ് പതിപ്പായിരുന്നു അത്. ഇസ്ലാമിക സാഹിത്യത്തിലെ ബിരുദാനന്തര ബിരുദ പഠനത്തിന് ശേഷം ഇതേ വിഷയത്തില്‍ ഗവേഷണം ചെയ്യവേ സൂഫി സംഗീതത്തിന്റെ ഈരടികള്‍ പോലെ പ്രസാദാത്മകമായ കെയ്റോ സര്‍വകലാശാലയുടെ ഗ്രന്ഥശാലയിലെ പേര്‍ഷ്യന്‍ ഭാഷയിലുള്ള മസ്‌നവിയുടെ ഗംഭീരമായ പതിപ്പുകളെക്കുറിച്ച് അദ്ദേഹം വാചാലനായി. റുമിയും, ജിബ്രാനും, നെയ്മിയും, ദര്‍വിഷും, ടാഗോറും രചിച്ച നിത്യവിസ്മയകാവ്യങ്ങളെ കുറിച്ചുള്ള ഇദ്ദേഹത്തിന്റെ പാണ്ഡിത്യം എത്ര അഗാധമാണെന്ന് അപ്പോള്‍ ഞാനറിയുകയായിരുന്നു.
വീണ്ടും അടുത്ത പുസ്തക ഷെല്‍ഫിനടുത്തേക്കു നീങ്ങവേ അടുക്കിവച്ചിരുന്ന പുസ്തകങ്ങളില്‍ ഒരെണ്ണം അദ്ദേഹത്തിന്റെ മുന്‍പിലേക്ക് ഊര്‍ന്നു വീണു.. ഞാന്‍ പെട്ടന്ന്തന്നെ ആ പുസ്തകമെടുക്കുകയും അത് തിരിച്ചുവെക്കാന്‍ തുടങ്ങുമ്പോഴേക്കും അതേതാ ആ പുസ്തകമെന്ന് അദ്ദേഹം ചോദിച്ചു. അത് എ.പി.ജെ അബ്ദുല്‍ കലാമിന്റെ വിങ്സ് ഓഫ് ഫയര്‍ എന്ന പുസ്തകമായിരുന്നു. അദ്ദേഹമത് വാങ്ങിച്ചുനോക്കി അതെന്തായാലും വേണമെന്ന് പറഞ്ഞു. മാനവസാഹോദര്യത്തിനും മതമൈത്രിക്കും വേണ്ടി പോരാടുന്ന യഥാര്‍ത്ഥ മനുഷ്യന് മുന്നിലേക്ക് ആ പുസ്തകം തന്നെ പതിച്ചത് ഒരു അസാധാരണ നിമിത്തമായാണ് ഇന്നും എന്റെയുള്ളിലുള്ളത്.
റോഡിലൂടെ നടന്നു നീങ്ങുന്ന ഒരു സംഘമാളുകളുടെ ഇടയില്‍ നിന്നും ഒരാള്‍ പുസ്തകശാലയുടെ മുന്‍വശത്തെ ചില്ലിനുള്ളിലൂടെ അകത്തു നില്‍ക്കുന്ന അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ഒരു നിമിഷം ആ സംഘം സ്തബ്ധരായി പെട്ടന്ന് തന്നെ ഷോപ്പിനകത്തേക്ക് കയറിവരികയും പ്രിയപ്പെട്ട 'തങ്ങളുടെ' കൈകളില്‍ ചുംബിക്കുകയും ചെയ്തുകൊണ്ടിരുന്നു. ചുംബിക്കുന്ന ഓരോരുത്തരുടെയും മുഖം സുവർണമാകുന്നതും പുഞ്ചിരിതൂകിക്കൊണ്ട് അദ്ദേഹം അവരെ ചേര്‍ത്തുനിര്‍ത്തുന്നതും കണ്ടു.
നിറഞ്ഞമനസ്സുമായി അവര്‍ ഓരോരുത്തരായി അവിടെനിന്നും ഇറങ്ങാന്‍ തുടങ്ങുമ്പോഴേക്കും റോഡിനു മറുവശത്തുനിന്നു ബാരിക്കേഡുകള്‍ പോലും ചാടിക്കടന്ന് ആളുകള്‍ പുസ്തകശാലയിലേക്ക് എത്തുവാന്‍ തുടങ്ങി. കൈകള്‍ മുത്തുന്ന ആളുകളുടെ എണ്ണവും കൂടിവന്നു. പരിചിതമല്ലാത്ത ഒരു കാഴ്ചയായിരുന്നു എനിക്കത്. യാതൊരു ഭാവഭേദവുമില്ലാതെ ശാന്തനായി ചിരിച്ചു കൊണ്ട് തന്നിലേക്കോടിയെത്തുന്ന മനുഷ്യര്‍ക്ക് ശാന്തിയുടെയും സമാധാനത്തിന്റെയും നിറപുഞ്ചിരി നല്‍കികൊണ്ട് അക്ഷോഭ്യനായി നില്‍ക്കുന്ന അദ്ധേഹത്തിന്റെ മുന്‍പില്‍ എന്റെ ശിരസ്സും കുനിഞ്ഞു തന്നെയാണ് നിന്നത്. കലുഷിതമായ കാലഘട്ടങ്ങളില്‍ പോലും ചാഞ്ചല്യമില്ലാത്ത മനസ്സും യഥാര്‍ത്ഥ വിശ്വാസിയുടെ പ്രമാണങ്ങളും മുറുകെപ്പിടിച്ചു നിന്ന് കേരളസമൂഹത്തിന്റ യശ്ശസ്സ് ഉയര്‍ത്തിയ അദ്ധേഹതോടൊപ്പം ചിലവഴിച്ച ആ നിമിഷങ്ങള്‍ എന്റെ ജീവിതത്തിലെ ധന്യ മുഹൂര്‍ത്തങ്ങളാണിന്നും.
അല്പസമയത്തിനു ശേഷം അദ്ദേഹമെന്നോട് യാത്രചോദിച്ച് തന്റെ കാറിനടുത്തേക്ക് നീങ്ങി. അപ്പോഴും കുറെ ആളുകള്‍ 'തങ്ങളുടെ' അരികിലേക്ക് വന്നുകൊണ്ടിരുന്നു. എല്ലാവരോടും യാത്രപറഞ്ഞ് ഞങ്ങളുടെ പുസ്തകശാലയെ പാദസ്പര്‍ശത്താല്‍ പവിത്ര മാക്കി അദ്ദേഹം അവിടെനിന്നിറങ്ങി. മാനവ സാഹോദര്യത്തിന്റെയും മൈത്രിയുടെയും ദൂതനായ അദ്ദേഹത്തിന്റെ വാഹനം മറ്റ് വാഹനങ്ങള്‍ക്കിടയിലൂടെ കാര്‍മേഘങ്ങള്‍ക്കിടയിലൂടെ തെളിഞ്ഞു നീങ്ങുന്ന ചാന്ദ്രബിംബം കണക്കെ റോഡിലൂടെ ഒഴുകി ഒഴുകിയകന്നു....
Content Highlights: The Books memories by M Siddharthan Book Man Show part Nine Panakkad shihab thangal