ചില മനുഷ്യര്‍ അങ്ങിനെയാണ് കാലത്തിനു മായ്ക്കാന്‍ കഴിയാത്ത ഓര്‍മ്മകളേകി നമ്മളില്‍നിന്ന് അകന്നുപോകും. കടലാസും മഷിയും എന്ന രണ്ടേരണ്ടു വസ്തുക്കള്‍ കൊണ്ട് മാത്രം നിര്‍മ്മിക്കപ്പെട്ട് ഉള്ളടക്കത്താല്‍ തികച്ചും വ്യത്യസ്തമായ അനേകമായിരം ഉല്പന്നമായി മാറുന്ന അദ്ഭുത പ്രതിഭാസമാണ് പുസ്തകങ്ങള്‍. ആയതിനാല്‍ മറ്റൊരു വില്പനക്കും കൈവരിക്കാനാവാത്ത ഒരു സവിശേഷ മാനം പുസ്തകവില്പനക്ക് ലഭിക്കുന്നു. ലോകത്ത് മറ്റൊരു ഉല്പന്നവും ഇങ്ങനെ ഉണ്ടാവാനിടയില്ല. അതുകൊണ്ട് വില്പനയുടെ രീതിശാസ്ത്രമനുസരിച്ച്  പുസ്തകവില്പനക്കാരന്‍ എന്നും ഒരു വിദ്യാര്‍ത്ഥിയാണ്. മുന്നില്‍ വരുന്ന ഏതൊരു പുസ്തകവും കസ്റ്റമറും ഗുരുക്കന്മാര്‍ക്ക് തുല്യരാണ് എന്തെങ്കിലും പുതിയത് ഓരോ ആളില്‍നിന്നും പുസ്തകത്തില്‍ നിന്നും പഠിക്കാനുണ്ടാകും. 

നല്ല വായനക്കാരും പുസ്തകപ്രേമികളുമായ ആളുകളുടെ, പുസ്തകങ്ങളില്‍ താല്പര്യമില്ലാത്ത വീട്ടുകാര്‍ എന്നെപ്പോലുള്ളവരെ ഒരു ലഹരിമരുന്ന് കച്ചവടക്കാരനെപ്പോലെയായിരിക്കും കരുതുന്നത്. കാരണം അവരുടെ എന്തൊക്കെയോ ആഗ്രഹങ്ങളും അഭിലാഷങ്ങളുമാണ് പുസ്തകങ്ങളാല്‍ വീട്ടിലെ ഷെല്‍ഫുകളില്‍ നിശ്ചലമാവുന്നത്. എന്നിരുന്നാലും തലമുറകളിലേക്കുള്ള അക്ഷരലഹരി പകര്‍ന്നു കൊടുക്കുന്നതില്‍ ഇന്നും എനിക്കഭിമാനം മാത്രമേയുള്ളൂ. 

എന്നെ ഏറെ അത്ഭുതപ്പെടുത്തിയ ഒരാളായിരുന്നു ഐ.ജി ഭാസ്‌കരപ്പണിക്കര്‍ എന്ന ഐ.ജി.ബി സാര്‍. ഒരു പോലീസ് ഉദ്യോഗസ്ഥനാണെന്ന് പലരും തെറ്റിദ്ധരിച്ച വലിയ മീശയുള്ള ഒരു ചെറിയ മനുഷ്യനായിരുന്നു അദ്ദേഹം. പരന്നവായനയും ബൃഹത്തായ ഒരു ഗ്രന്ഥപ്പുരയുടെ ഉടമയുമായിരുന്നു. ഏതെല്ലാം വിഷയങ്ങളിലാണ് അദ്ദേഹത്തിന്റെ വായനയും താല്പര്യവുമെന്ന് കണ്ടെത്താന്‍ പ്രയാസവുമായിരുന്നു. ഒരേ സമയം ഫ്രിജോഫ് കാപ്രയെയും ജയന്ത് നാര്‍ലികറേയും ഉംബെര്‍ട്ടോ എക്കോയെയും പ്ലേറ്റോയെയും ബെര്‍ട്രാന്‍ഡ് റസ്സലിനെയും സിമോണ്‍ ദി ബുവെയെയും ആര്‍.കെ നാരായണനെയും സല്‍മാന്‍ റുഷ്ദിയെയും എന്തിന് ഹാരിപോട്ടേറെ പോലും ഇദ്ദേഹം വാങ്ങി വായിച്ചു. മലയാളത്തിലെയും നോവലുകളും കവിതകളും ലേഖനങ്ങളും എല്ലാം... 

ബുദ്ധിജീവികള്‍ യഥേഷ്ടം വരികയും വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന് ഒരിടമായിരുന്ന ഞങ്ങളുടെ പുസ്തകശാല. പലപ്പോഴും ഇങ്ങനെ നടക്കുന്ന ചര്‍ച്ചാവേളകളില്‍ പാവം ഐ.ജി.ബി പുസ്തകം തിരഞ്ഞുകൊണ്ട് എവിടെയെങ്കിലും നില്പുണ്ടാവും. ഒരു അഭിപ്രായപ്രകടനത്തിനും മുതിരാതെ ബുദ്ധിജീവികള്‍ തള്ളിത്തീര്‍ന്നു സ്ഥലം വിടുമ്പോള്‍ ഐ.ജി.ബി എന്റെയരികില്‍ വന്ന് അവരുടെ ചര്‍ച്ചയിലെ ബുദ്ധിശൂന്യതയെകുറിച്ച് പറഞ്ഞുതരുമായിരുന്നു. ഒപ്പം ആ വിഷയത്തിലെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ അടങ്ങിയ പുസ്തകത്തെക്കുറിച്ചും. ഈ പുസ്തകങ്ങള്‍ വരുത്തി ബുദ്ധിരാക്ഷസന്മാരെന്നു നടിക്കുന്ന ബുദ്ധിജീവികള്‍ക്ക് വില്‍ക്കാമെന്ന് ഞാന്‍ കരുതി യാലോ... അത് വാങ്ങിക്കാതിരിക്കാനുള്ള ബുദ്ധി അവര്‍ക്കധികമായിരുന്നു താനും.

പൊതുവെ അല്‍പസംസാരപ്രിയനായ സാറിനോട് എന്തെങ്കിലും സംസാരിക്കാന്‍ പറ്റിയാല്‍ അത് കേവലജ്ഞാനമല്ല പ്രദാനം ചെയ്യുക, മറിച്ച് ആധികാരികമായ, മഹത്തായ ഒരു അറിവായിരിക്കും. ഇത്തരമാളുകള്‍ തന്ന് അനുഗ്രഹിച്ച അറിവുകള്‍ വെറും വില്പനയുടെ തന്ത്രമാക്കാനുള്ള ശുഷ്‌കമായ ബോധമല്ല എന്നിലുണ്ടാക്കിയത്. ജീവിതത്തിലുടനീളം ആ അറിവിന്റെ പ്രസരിപ്പുകള്‍ എന്റെ വ്യക്തി ജീവിതത്തിനും ഏറെ സഹായകമാവുന്നു. അറിവിന്റെ കേദാരമാകുന്ന ഇത്തരം വായനക്കാര്‍ മണ്ണിലുദിക്കുന്നതും മാഞ്ഞുപോകുന്നതും രേഖപ്പെടുത്തുന്നത് അവരുടെ അടങ്ങാത്ത ദാഹത്തിന്റെ തിരുശേഷിപ്പുകളായ പുസ്തകക്കൂമ്പാരങ്ങളിലൂടെ മാത്രമാകുന്നു. അര്‍ഹിക്കുന്ന പരിഗണനപോലും കിട്ടാതെ... ഞങ്ങളെപ്പോലുള്ള പുസ്തക വില്പനക്കാരുടെ ഉള്ളിലെ ഒരു നോവു മാത്രമായി ഇവര്‍ കാലത്തിന്റെ നേര്‍ത്ത സ്മൃതിയായിത്തീരുന്നു.

ഒരിക്കല്‍ ബിഗ്ബാങ് തിയറിയിലെ ഒരു പുതിയപുസ്തകം അമേരിക്കയില്‍ ഇറങ്ങീട്ടുണ്ടെന്നും അത് വരുത്തിക്കൊടുക്കാനും ഐ.ജി.ബി സാറെന്നോട് പറഞ്ഞു. അക്കാലത്ത് അമേരിക്കയില്‍നിന്ന് ഒരു പുസ്തകം ലഭ്യമാക്കാന്‍ ഒന്നര മാസക്കാലമോ അതിലേറെയോ ആവശ്യമായിരുന്നു. ഞാന്‍ അന്ന് തന്നെ ഡല്‍ഹിയിലെ ഡിസ്ട്രിബ്യുട്ടറെ വിളിച്ച് ആ പുസ്തകം ഓര്‍ഡര്‍ ചെയ്തു. ഏതാണ്ട് രണ്ടാഴ്ചക്കുശേഷം ഒരുദിവസം പതിവുപോലെ പുതിയ പുസ്തകങ്ങളുടെ കുറച്ചു ബോക്‌സുകൾ വന്നു. വെകുന്നേരം ഷോപ്പിനു പുറത്ത് വച്ച് തുറന്നു പരിശോധിച്ചപ്പോള്‍ അതില്‍ അദ്ദേഹം ഓര്‍ഡര്‍ ചെയ്ത പുസ്തകവും ഭാഗ്യവശാല്‍ ഉണ്ടായിരുന്നു. 

അതെടുത്തു നോക്കി നില്‍ക്കെ കയ്യില്‍ ഒരു സഞ്ചിയും തൂക്കി സാറുണ്ട് ഫുട്പാത്തിലൂടെ നടന്നു വരുന്നു. അത്യുത്സാഹത്തോടെ ഞാന്‍ സാറിനെ വിളിച്ചു പുസ്തകം കാണിച്ചു. വിടര്‍ന്ന പുഞ്ചിരിയുമായി (സാര്‍ ചിരിക്കുമ്പോള്‍ മീശ മേലോട്ടുയരുകയും കണ്ണുകള്‍ ഇറുകുകയും ചെയ്യും) കണ്ണടയുടെ കട്ടി ചില്ലുകള്‍ക്കിടയിലൂടെ നോക്കി പുസ്തകത്തിന്റെ താളുകള്‍ മറിച്ചു നോക്കിക്കൊണ്ടിരുന്നു. 

പുസ്തകം എന്റെ കയ്യില്‍ തന്നു. ഞാന്‍ ബില്ലിങ്ങിനായി കൗണ്ടറിലേക്കുനീങ്ങി. വലിയ വിലയുള്ള പുസ്തകമായിരുന്നു അത്. ബില്ല് ചെയ്തുകൊണ്ടിരിക്കെ അദ്ദേഹം പറഞ്ഞു. 'ഞാന്‍ അരിയും പച്ചക്കറികളും വാങ്ങാനിറങ്ങീതാ.. ഈ പുസ്തകം ഇത്ര പെട്ടന്ന് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അരിയും സാധനങ്ങളും നാളെ വാങ്ങാം ഇതെനിക്കിന്നുതന്നെ വേണം'. സ്തബ്ധനായ ഞാന്‍ ഒരുനിമിഷം അദ്ദേഹത്തിന്റെ വീടിനെയും വീട്ടുകാരെയും കുറിച്ചോര്‍ത്തു. അവിടെ നടക്കാനിടയുള്ള സംഭവങ്ങളും എന്നിലേക്കുള്ള ശാപവചനങ്ങളും ഒരശരീരി പോലെ എന്നില്‍ മുഴങ്ങി. അരിക്കും പച്ചക്കറികള്‍ക്കും പകരം ബിഗ് ബാങ് തിയറി....! 

ഒരു കച്ചവടക്കാരനാണെങ്കിലും എനിക്കത് മനസ്സുകൊണ്ട് അംഗീകരിക്കാന്‍ പറ്റുമായിരുന്നില്ല. ഞാനദ്ദേഹത്തോട് പുസ്തകം കൊണ്ടുപോയിക്കൊള്ളാനും പൈസ പിന്നീട് തന്നാല്‍ മതിയെന്നും പറഞ്ഞു. പുസ്തകം കാശുകൊടുത്തുതന്നെ വാങ്ങിക്കണം എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അരിയില്ലെങ്കിലും അക്ഷരം മതിയെന്ന അദ്ദേഹത്തിന്റെ നിലപാടിനെ ഒരുവിധം എതിര്‍ത്തു തോല്പിച്ഛ് ഞാനാപുസ്തകം പൈസ വാങ്ങിക്കാതെ അദ്ദേഹത്തിന് നല്‍കി. മനസ്സില്ലാമനസ്സോടെ ആ പുസ്തകം ഏറ്റുവാങ്ങി അരിയും പച്ചക്കറികളും വാങ്ങിക്കാനായി കയ്യില്‍ കരുതിയ സഞ്ചിയില്‍ ബിഗ്ബാങ് തിയറിയെന്ന അക്ഷരാന്നം നിറച്ചുകൊണ്ട് ആകാശഗംഗയിലെ ഒരു ചെറുനക്ഷത്രം കണക്കെ ഐ.ജി.ബി സാര്‍ നഗരത്തിന്റെ തിരക്കിനിടയിലേക്ക് മിന്നി മാഞ്ഞു.

Content Highlights: The Books memories by M Siddharthan Book Man Show part fourteen