ല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങുമ്പോള്‍ മരംകോച്ചുന്ന തണുപ്പായിരുന്നു. റെയില്‍വേ സ്റ്റേഷന് പുറത്തു മഞ്ഞയും കറുപ്പും പെയിന്റടിച്ച പ്രീമിയര്‍ പദ്മിനി ടാക്‌സികളും, ഓട്ടോ റിക്ഷകളും, സൈക്കിള്‍ റിക്ഷകളും പലവിധ വര്‍ണ്ണ വേഷ ധാരികളായ മനുഷ്യരും പശുക്കളും നായ്ക്കളും എല്ലാം എങ്ങോട്ടൊക്കെയോ നീങ്ങിക്കൊണ്ടിരുന്നു. ഇവക്കെല്ലാം മൂകസാക്ഷിയായി സ്റ്റേജിന്റെ പുറകില്‍ വരച്ചുതൂക്കിയ പോലെ റെയില്‍വേ സ്റ്റേഷന്‍ കെട്ടിടം. 1999 ലെ ലോക പുസ്തകോത്സവത്തില്‍ പങ്കെടുക്കാനായി കറന്റ് ബുക്‌സില്‍നിന്നും പോയതായിരുന്നു ഞാനും എറണാകുളത്തെ എന്റെ സഹപ്രവര്‍ത്തകന്‍ പ്രേമേട്ടനും. പരിചിതമല്ലാത്ത കാലാവസ്ഥയാണെങ്കിലും അവിടെയിറങ്ങിയപ്പോള്‍ ഒരു സന്തോഷവും ഉത്സാഹവുമൊക്കെ തോന്നി. 

'ബഡിയാ റൂം' ശരിയാക്കിത്തരാമെന്നും, 'കഹാം ജാനാ ഹെ സാബ്' എന്നുമെല്ലാം ചോദിച്ചുകൊണ്ട് ഒരുപറ്റം ആളുകള്‍ ഞങ്ങള്‍ക്ക് ചുറ്റിലും നിരന്നു. എന്തുചെയ്യണമെയെന്നറിയാതെ നില്‍ക്കുന്നത് കൊണ്ടാവാം അവര്‍ക്ക് ആവേശം കൂടി. അവര്‍ക്കിടയില്‍ തന്നെ ഒരു മുറുമുറുപ്പ് തുടങ്ങി. ഇതെന്റെ സവാരിയാണെന്നും ഞാനാണ് ഇവരെ ആദ്യം വരവേറ്റതെന്നുമെല്ലാം പറഞ്ഞ് ഞങ്ങളുടെ ബാഗുകളില്‍ പിടിച്ചു വലിക്കാനും തുടങ്ങി. ബാഗില്‍ പിടിച്ചുവലിക്കുന്നവനോട് പ്രേമേട്ടന്‍ വിടൂ വിടൂ എന്ന് പറഞ്ഞുകൊണ്ട് തോള്‍സഞ്ചി ഒരുകൈകൊണ്ടും ബാഗ് മറ്റേ കൈകൊണ്ടും പുറകോട്ട് വലിച്ചുകൊണ്ടു നിന്നു. കുറച്ചുനേരത്തെ മല്‍പിടുത്തതിന് ശേഷം ഞങ്ങള്‍ പുറത്ത്‌ റോഡിലേക്കെത്തി. 

നാഷണല്‍ ബുക്ക് ട്രസ്റ്റിന്റെ വക ചാണക്യപുരിയിലെ വിശ്വയുവ കേന്ദ്രയിലായിരുന്നു ഞങ്ങള്‍ക്ക് താമസം ഒരുക്കിയിരുന്നത്. ഒരു ചായകുടിക്ക്‌ ശേഷം ബഹളങ്ങളില്‍ നിന്നൊഴിഞ്ഞ ഭാഗത്ത് ഒരു വയസ്സന്‍ സര്‍ദാര്‍ജിയുടെ ഓട്ടോ കണ്ടു. മുറിഹിന്ദിയില്‍ ഞങ്ങളില്‍ കേമനായ ഞാന്‍ സര്‍ദാര്‍ജിയോട് പോകേണ്ട സ്ഥലം പറഞ്ഞൊപ്പിച്ചു. തിരിച്ച് അദ്ദേഹം ചാണക്യപുരിയില്‍ എവിടെയാണെന്ന് ചോദിച്ചു. എന്ത് മറുപടി പറയുമെന്നോര്‍ത്തിരിക്കെ പ്രേമേട്ടന്‍ 'പൂച്ചോ പൂച്ചോ' എന്ന് പറഞ്ഞുകൊണ്ടിരുന്നു. മറ്റാരോടെങ്കിലും ചോദിക്കൂ എന്നാണ് ഉദ്ദേശിച്ചത്. എന്നാല്‍ ഇതിനു മറുപടിയായി സര്‍ദാര്‍ജി എന്നോട് 'ഹാ ബതായിയെ ബതായിയെ' എന്നും പറഞ്ഞുകൊണ്ടിരുന്നു. രണ്ടും കല്‍പ്പിച്ച് ഞാന്‍ ചോദിച്ചു. 'ചാണക്യപുരി കിത്‌നാ?' അദ്ദേഹം എന്നോട് പറഞ്ഞു. 'വോ തോ ബഹുത് ദൂര്‍ ഹെ ദസ് പന്ദ്രാ കിലോമീറ്റര്‍...' ഞാന്‍ ചോദിച്ചത് പൈസയായിരുന്നു പക്ഷെ മറുപടി ദൂരക്കാണക്കയിട്ടാണ് കിട്ടിയത്. ഞാനും വിട്ടുകൊടുത്തില്ല. 'ദൂര്‍ നഹി പൈസ'. അദ്ദേഹം വീണ്ടും പറഞ്ഞു. 'ഭായ് സാബ്, സച് ഹെ വോ തോ ബഹുത് ദൂര്‍ ഹെ...' പിന്നെയൊന്നും നോക്കീല പ്രേമേട്ടനോട് ഓട്ടോയില്‍ കേറാന്‍ പറഞ്ഞു. 'ഭായ് ചലിയെ...'

'അസ്സി ഹോഗാ ഭായ്' സര്‍ദാര്‍ജി പറഞ്ഞു. ഞങ്ങള്‍ പരസ്പരം നോക്കി ഈ അസ്സി എത്രായിരുന്നൂന്ന് ഒരു പിടിയും കിട്ടുന്നില്ല. ഞാന്‍ പ്രേമേട്ടനോട് ചോദിച്ചു, 'ഈ അസ്സി എത്രന്നറിയോ?' എന്തായാലും നൂറിന് മുകളില്‍ വരില്ല കാരണം 'ഏക് സൗ' എന്ന് ചേര്‍ക്കുമല്ലോ എന്ന് പറഞ്ഞ് പ്രേമേട്ടന്‍ സമാധാനിപ്പിച്ചു. ശരി എന്തായാലും വരുന്നോടത്തുവച്ച് കാണാം. നാട്ടിലെ നാരാണേട്ടനെയാണ് അപ്പോള്‍ ഓര്‍മ്മ വന്നത്. നാരാണേട്ടന്‍ ഒരിക്കല്‍ രാമനാട്ടുകരയില്‍ നിന്ന് ബേപ്പൂരിലേക്ക് ഓട്ടോ പിടിച്ചു. ബേപ്പൂരിലെത്തി എത്രയായെന്നു ചോദിച്ചപ്പോള്‍ 'ങ്ങളൊരു ട്വന്റി ഫൈവ് തന്നേക്കിയെന്ന്' ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. 
'ട്വന്റി ഫൈവും കിന്റി ഫൈവ് ഒന്നും തരൂല വേണെങ്കി ഒരു മുപ്പതുറുപ്പ്യങ്ങോട്ടു തരും അതെന്നെ ജാസ്ത്യാ...' നാരാണേട്ടന്റെ മറുപടി.
  
തീര്‍ത്തും വിജനമായ ഇരുവശങ്ങളിലും മരങ്ങള്‍ നിറഞ്ഞതുമായ റോഡുകള്‍ താണ്ടി വിശ്വ യുവകേന്ദ്രയുടെ മുന്നില്‍ ഓട്ടോ നിന്നു. പോക്കറ്റില്‍ നിന്ന് 100 രൂപ കൊടുത്തു ബാക്കി ഇരുപത് സര്‍ദാര്‍ജി മടക്കിത്തന്നു അങ്ങിനെ അസ്സി അസ്സലായി മനസ്സിലായി. തണുപ്പ് കൂടിവന്നു റൂമില്‍ റൂം ഹീറ്ററോ നെരിപ്പോടോ ഇല്ലെങ്കിലും വൃത്തിയുള്ള  കരിമ്പടവും രാജായിയുമുണ്ടായിരുന്നു. പിറ്റേന്ന് രാവിലെ പ്രഗതി മൈതാനത്തേക്ക് പോവാനായി റോഡിലേക്കിറങ്ങി. ഒരുവണ്ടിയോ മനുഷ്യനേയോ റോഡില്‍ കാണാനില്ലായിരുന്നു ഞങ്ങള്‍ നടത്തം തുടങ്ങി എങ്ങോട്ടാണ് പോകേണ്ടതെന്ന് ഒരുപിടിയുമില്ലായിരുന്നു. തണുത്തുറഞ്ഞ ഏകാന്ത വീഥിയുടെ വശങ്ങളില്‍ ചെമ്മണ്ണിന്റെ നിറം പൂശിയ മതിലുകളും അതിനു മുകളില്‍ പച്ചനിറത്തില്‍ മുളകൊണ്ട് മെടഞ്ഞ മറ്റൊരുമതിലും  ഇരുമ്പിന്റെ മുള്ളുവേലികളും കൊണ്ട് സംരക്ഷിക്കപ്പെട്ട കുറെ ഒറ്റനില ഭവനങ്ങള്‍. ഇവയുടെ പ്രവേശന കവാടങ്ങളില്‍ തോക്കുകളേന്തിയ പട്ടാളക്കാരും ഉണ്ടായിരുന്നു. പാര്‍ലമെന്റിനെ ശബ്ദായമാനമാക്കുന്ന ഉന്നത രാഷ്ട്രീയക്കാരുടെ നിശ്ശബ്ദഭവനകളായിരുന്നു അവ. കുറച്ചുദൂരം നടന്നതിന് ശേഷം ഞങ്ങള്‍ തിരുച്ചു നടന്നു. നാല് ദിക്കിലേക്കും തിരിഞ്ഞു പോകുന്ന റോഡുകള്‍ എല്ലാം ഒരുപോലെ ഇതിനിടയില്‍ തോക്കേന്തിയ ഒരു പട്ടാളക്കാരന്‍ ഞങളുടെ അടുത്തേക്ക് ഓടിവന്ന് പറഞ്ഞു. 'അരെ കഹാം ജാ രഹാ ഹേ...' ശരിക്കും അമ്പര ന്നു പോയി. പ്രഗതി മൈദാന്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കിയ അദ്ദേഹത്തിന്റെ 'മലയാളികളാണോ' എന്ന ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വി.വി.ഐ.പികളുടെ വാഹന വ്യൂഹം കടന്നു പോകുന്ന സമയമാണിതെന്നും ഇങ്ങനെ ഇതുവഴി നടക്കരുതെന്നും ഓട്ടോ കിട്ടണമെങ്കില്‍ എവിടെപ്പോണമെന്നും പറഞ്ഞു തന്നു.

ഗേറ്റ് നമ്പര്‍ ഒന്നിലൂടെ ഞങ്ങള്‍ ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്‌പോ സെന്റ്‌ററായ പ്രഗതി മൈദാന്‍ എന്ന 150 ഏക്കര്‍ വിസ്തീര്‍ണ്ണവും 6 ലക്ഷത്തില്‍പരം ചതുരശ്ര മീറ്റര്‍ പ്രദര്‍ശനസ്ഥല വുമുള്ള നഗരിയിലേക്ക് നടന്നു കയറി. വിവിധ സംസ്ഥാനങ്ങളുടെ സ്ഥിരം പവലിയനുകള്‍ താണ്ടി പുസ്തക പ്രദര്‍ശന ഹാളുകളുടെ അടുത്തെത്തി. പിരമിഡ്ഡുകളുടെ മാതൃകയില്‍ പണിത ഭീമാകാരമായ കെട്ടിടങ്ങളിലൊന്നിലായിരുന്നു ഞങ്ങളുടെ സ്റ്റാള്‍. ചുവന്ന പരവതാനി വിരിച്ച വഴിയിലൂടെ ഞങ്ങള്‍ ഹാളിലേക്ക് കടന്നു. പല സ്റ്റാളുകളും സ്ഥിരമായുള്ള പുസ്തകശാലകളെ പ്പോലെ തോന്നിക്കും വിധം കമനീയമായി നിര്‍മിക്കപ്പെട്ടവയായിരുന്നു. ഞങ്ങളുടെ സ്റ്റാള്‍ മുകളിലത്തെ നിലയിലായിരുന്നു. മുകളില്‍ നിന്ന് നോക്കുമ്പോള്‍ വൈവിധ്യമാര്‍ന്ന അറകളോടുകൂടിയ ഒരു ഖനിപോലെ ഹാളിനുള്‍വശം തോന്നിച്ചു. അക്ഷരങ്ങളുടെ ഖനിയിലേക്കു അരിച്ചിറങ്ങുന്ന ഒരു പറ്റം മനുഷ്യരും. പ്രദര്‍ശനം കഴിഞ്ഞ് ഹാളിനു പുറത്തേക്കിറങ്ങുമ്പോഴാണ് തണുപ്പിന്റെ കാഠിന്യം ശരിക്കും അനുഭവപ്പെടാറ്. മധുരക്കിഴങ്ങ് ചുട്ടത്, ചാട്ട് മസാലയും ചെറുനാരങ്ങാ നീരും ചേര്‍ത്തത്, ചോളം ചുട്ടത്, നിലക്കടല പുഴുങ്ങിയതും വറുത്തതും, ചായയും സമോസയും, ബ്രെഡ്ഡും ഓംലെറ്റും തുടങ്ങി നിരവധി ഉന്തുവണ്ടി തട്ടുകടകള്‍ പുറത്ത് നിരന്നിരുന്നു. ഈ ബഹളങ്ങള്‍ക്കിടയില്‍ ചെറിയ മരത്തട്ടിന്മേല്‍  പുസ്തകങ്ങളുടെ കള്ളകോപ്പികള്‍ വില്‍ക്കുന്ന വിരുതന്മാരെയും കണ്ടു. അരുന്ധതീ റോയിയുടെ ഗോഡ് ഓഫ് സ്മാള്‍ തിങ്സിന്റെ ഇത്തരത്തിലുള്ള കോപ്പികളും അവയിലുണ്ടായിരുന്നു.

ഓട്ടോ റിക്ഷയിലായിരുന്നു ഞങ്ങളുടെ വരവും പോക്കുമെല്ലാം. അറുപത് രൂപയായിരുന്നു ഓട്ടോ കൂലി. അവസാന ദിവസം ഞങ്ങളിരുവരും പതിവുപോലെ തിരിച്ചു ഓട്ടോയില്‍ ചാണക്യപുരിയെലെത്തി. ഓട്ടോഡ്രൈവര്‍ക്ക് ഞാന്‍ 100 രൂപ കൊടുത്തു അയാള്‍ 10 രൂപ ചില്ലറ തരുമോ എന്ന് ചോദിച്ചു എന്റെപക്കല്‍ ഇല്ലാത്തതുകൊണ്ട് പ്രേമേട്ടന്റെ കൈയില്‍നിന്നും പത്തുരൂപ മേടിച്ച ഡ്രൈവര്‍ക്കുനല്‍കി. ബാക്കി ആവശ്യപ്പെട്ടു. ആ പത്തുരൂപയും കയ്യില്‍ വച്ചുകൊണ്ടു ഡ്രൈവര്‍ പറഞ്ഞു 'ബാക്കി പചാസ് ദേദോ സാബ്'. ഞാനറിയാവുന്ന ഹിന്ദിയിലെല്ലാം അദ്ദേഹത്തോട് നൂറുരൂപ ആദ്യം കൊടുത്തതിനെ പറ്റി  പറഞ്ഞുകൊണ്ടിരുന്നു. പ്രേമേട്ടന് ദേഷ്യം വന്നു. ഹിന്ദിയില്‍ മനസ്സറിഞ്ഞു ചീത്തവിളിക്കാന്‍ അറിയതോണ്ട് നല്ല മലയാളത്തില്‍ ചീത്തവിളിച്ചു. ഒരു രക്ഷയുമില്ല. എന്റെ കയ്യിലോ ഈ ഓട്ടോയിലോ എവിടെയെങ്കിലും ഒരു നൂറു രൂപ നോട്ട് കണ്ടെത്തിയാല്‍ നിങ്ങള്‍ പൈസയെ തരേണ്ടെന്ന് അയാള്‍ പറഞ്ഞു.  പ്രേമേട്ടന്‍ അയാളുടെ പോക്കറ്റിലും, കൈമടക്കിലും എല്ലാം പരിശോധിച്ചു ഞാന്‍ ഓട്ടോയുടെ ബോക്‌സിലും നിലത്തുമെല്ലാം പരതി എങ്ങും നൂറിന്റെ നോട്ടില്ലായിരുന്നു. ഇളിഭ്യരായി ഞങ്ങള്‍ പരസ്പരം മുഖത്തോടു മുഖം നോക്കി കയ്യില്‍ നിന്ന് അമ്പത് രൂപകൂടി നല്‍കി. കഴുത്തിലെ ഷാള്‍ ഒന്നുകൂടി മുറുക്കി ചാണക്യനെ വെല്ലുന്ന ധനാകര്‍ഷണ ശാസ്ത്രം ഞങ്ങള്‍ക്കുമുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് ചാണക്യപുരിയിലെ പുകമഞ്ഞു നിറഞ്ഞ ഏകാന്ത വീഥിയിലേക്കൊന്നില്‍ ആയാളും ആ ഓട്ടോയും മാഞ്ഞുപോയി.

ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു. കാശുപോയതിന്റെ ദേഷ്യത്തെക്കാളുപരി ഇത്ര നിസാരമായി പറ്റിക്കപ്പെടാം എന്നോര്‍ത്താണ് ചിരിച്ചിരുന്നത്. വിശ്വയുവകേന്ദ്രയുടെ കാന്റീനിലെത്തിയിട്ടും ഇതും പറഞ്ഞു ഞങ്ങള്‍ ചിരിച്ചു. ക്യാന്റീനിന്റെ മാനേജര്‍ നായരേട്ടന്‍ ഞങ്ങളോട് കാര്യം തിരക്കി. ഞാന്‍ ഈ കഥ അങ്ങേരോട് പറഞ്ഞു. അപ്പോള്‍ നായരേട്ടന്‍ പറഞ്ഞു. 'നിങ്ങള്‍ക്കിതല്ലേ സംഭവിച്ചുള്ളൂ. ഞാന്‍ വന്നു പതിന്നാലു വര്‍ഷം കഴിഞ്ഞതിന് ശേഷം നടന്ന കാര്യം കേള്‍ക്കണോ..' നായരേട്ടന്‍ കഥ പറഞ്ഞു തുടങ്ങി. ഒരു ദിവസം പതിവുപോലെ ഇവിടുത്തെ പണിയെല്ലാം കഴിഞ്ഞു നായരേട്ടന്‍ തന്റെ താമസ സ്ഥലത്തേക്ക് പോകുമ്പോള്‍ ഈ റോഡില്‍ കുറച്ചപ്പുറം ഒരു പാമ്പാട്ടി മുന്നില്‍ ഒരു മുണ്ടു വിരിച്ച് അതില്‍ തന്റെ പാമ്പിന്റെ കൂടയും മകുടിയും വച്ച് ഒരു സുഗന്ധത്തിരിയും കത്തിച്ചുവച്ചിരുപ്പുണ്ടായിരുന്നു. ഈ വിജനമായ വഴിയില്‍ ഇയ്യാളെന്തിനാ ഇങ്ങനെയിരിക്കുന്നെതെന്നു നായരേട്ടന് കൗതുകം തോന്നി. ഇവിടെയിങ്ങനെയിരുന്നിട്ട് പ്രത്യേകിച്ചൊരു ഗുണവുമുണ്ടാവില്ലന്നും ആളുകള്‍ കൂടുതലുള്ള സ്ഥലം കുറച്ചുദൂരെമാറിയാണെന്നും നായരേട്ടന്‍ അദ്ദേഹത്തോട് പറഞ്ഞു. തനിക്ക് നല്ല സുഖമില്ലെന്നും തിരക്കിലും ബഹളത്തിലും ഇരിക്കാന്‍ ഇപ്പോള്‍ പറ്റില്ലെന്നും ഇന്നത്തെ അന്നത്തിന് ഒന്നോ രണ്ടോ ആളുകള്‍ സഹായിച്ചാല്‍ മതിയെന്നും പാമ്പാട്ടി പറഞ്ഞു. ഇതുകേട്ട് പാവം തോന്നിയ നമ്മുടെ നായരേട്ടന്‍ തന്റ കയ്യില്‍ നിന്നും പത്തുരൂപയെടുത്ത് അദ്ദേഹത്തിന് നല്‍കി. പോവാനായി ഭാവിച്ചപ്പോള്‍ പാമ്പാട്ടി പറഞ്ഞു. 'എന്റെ പ്രകടനം കണ്ടിട്ടേ എനിക്ക് കാശു തരേണ്ടൂ. അല്ലെങ്കില്‍ ഞാന്‍ വെറുമൊരു ഭിക്ഷക്കാരനായിപ്പോവും.'

കര്‍മ്മത്തില്‍ ഇത്രമാത്രം ശ്രദ്ധാലുവായ ഒരാളെ നിരാശപ്പെടുത്തേണ്ടന്നു കരുതി നയരേട്ടന്‍ അയാളുടെ മുന്‍പില്‍ കാഴ്ചക്കാരനായി ഇരുന്നു. കുറച്ചുനേരത്തെ പ്രദര്‍ശനത്തിന് ശേഷം പത്തുരൂപ നല്‍കുവാന്‍ പാമ്പാട്ടി പറഞ്ഞു ഉടന്‍ തന്നെ സുഗന്ധതിരികൊണ്ട് നയരേട്ടനെ ഉഴിഞ്ഞതിനു ശേഷം കുറച്ചു വെളുത്ത പൊടിയെടുത്ത് നയരേട്ടന്റെ മുഖത്തേക്ക് ഊതി. പിന്നീടങ്ങോട്ട് പാമ്പാട്ടിയുടെ പാമ്പിനെക്കളും അനുസരണയുള്ള ഒരു പാവയെപ്പോലെനായരേട്ടന്‍ പാമ്പാട്ടിപറയുന്ന കാര്യങ്ങള്‍ ചെയ്തുകൊണ്ടിരുന്നു. അന്നത്തെ കളക്ഷന്‍ തുക മുഴുവനും നയരേട്ടന്റെ പക്കലുണ്ടായിരുന്നു. പാമ്പാട്ടി പറയുന്ന മുറയ്ക്ക് നയരേട്ടന്‍ പൈസ നല്‍കി കൊണ്ടിരുന്നു. എന്തോ ഭാഗ്യം കൊണ്ട് ക്യാന്റീനിലെ മറ്റൊരു തൊഴിലാളി അതുവഴി വരികയും പാമ്പാട്ടിക്കു മുന്നിലിരിക്കുന്ന നയരേട്ടന്റെ അടുത്തെത്തുകയും നയരേട്ടന്‍ അബോധാവസ്ഥയില്‍ വീഴുകയും ചെയ്തത് ഒരുമിച്ചായിരുന്നു. പാമ്പാട്ടി തന്റെ സാധനസാമഗ്രികളെല്ലാം പെറുക്കിയെടുത്തു വേഗത്തില്‍ അവിടെനിന്നും രക്ഷപ്പെട്ടു. നയരേട്ടന് ബോധം വന്നത് നീണ്ട 12 മണിക്കൂറുകള്‍ക്കു ശേഷം മാത്രമാണ്. ഞാനും പ്രേമേട്ടനും പരസ്പരം വീണ്ടും നോക്കി... ഹാ നമ്മളെത്ര ഭാഗ്യവാന്മാര്‍.

ഡല്‍ഹിയും സമീപ പ്രദേശങ്ങളും ചുറ്റിക്കാണുവാന്‍ വേണ്ടി പിറ്റേന്ന് കാലത്തു തന്നെ ഞങ്ങളിരുവരും ഇറങ്ങി. ഖുത്ബ് മീനാര്‍ എന്ന യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ ഇന്ത്യയുടെ പുരാതന മിനാരത്തിലേക്കായിരുന്നു നേരെ പുറപ്പെട്ടത്. എല്ലാം ചുറ്റിനടന്നു കണ്ട് പുറത്തേക്കിറങ്ങി. പുറത്തെ റോഡിലെത്തിയതും പ്രേമേട്ടന്‍ ദേ ഒരു പാമ്പാട്ടി എന്ന് പറഞ്ഞു. ഒരു ഞെട്ടലോടെയാണ് അത് ഞാന്‍ കേട്ടത്. എവിടെ എന്ന് ചോദിച്ച് ചുറ്റിലും കണ്ണോടിച്ചു. കുറച്ചു ദൂരെ മാറി ഒരു മരത്തിനു ചുവട്ടില്‍ ഇരിക്കുകയായിരുന്നു അയാള്‍. കാഴ്ചക്കാരുടെ മുന്നില്‍ തന്റെ തൊഴിലില്‍ അയാള്‍ വ്യാപൃതനായിരുന്നു. അടുത്തേക്ക് പോവണ്ട ദൂരെനിന്നു നോക്കാമെന്ന് പ്രേമേട്ടന്‍ പറഞ്ഞു. ഞങ്ങളിരുവരും പത്തു മീറ്ററോളം 'സാമൂഹിക അകലം' പാലിച്ചു കൊണ്ട് മറ്റൊരു മരത്തിനു കീഴെ നിന്ന് പാമ്പാട്ടിയെയും കാഴ്ചക്കാരെയും വീക്ഷിച്ചുകൊണ്ടിരുന്നു. പ്രദര്‍ശനം അവസാനിച്ചു കാഴ്ചക്കാര്‍ നാണയത്തുട്ടുകളും നോട്ടുകളും പാമ്പാട്ടിക്കു നല്‍കി. അയാള്‍ എല്ലാവരെയും വണങ്ങി അടുത്ത കാഴ്ചക്കാര്‍ക്കായി കാത്തിരിപ്പ് തുടങ്ങി. 'ഇത് ആ ടൈപ്പ് അല്ലാട്ടോ ഇത് ഒറിജിനല്‍ പാമ്പാട്ടി തന്ന്യാ' എന്ന് പറഞ്ഞുകൊണ്ട് ഞങ്ങള്‍ ഒരു  ഓട്ടോക്കാരന്റെ അടുത്തേക്ക് നീങ്ങി പോകേണ്ട സ്ഥലം പറഞ്ഞ് എത്ര പൈസയാവുമെന്നു തിരക്കി.  അയാള്‍ പറഞ്ഞു 'അസ്സി'....  അന്തസ്സോടെ ഓട്ടോയില്‍ കയറി കൃത്യം എണ്‍പതു രൂപ  മാത്രം ഷര്‍ട്ടിന്റെ മുന്‍പോക്കറ്റില്‍ തിരുകി ഞങ്ങള്‍ യാത്ര തുടര്‍ന്നു.

Content Highlights: The Books memories by M Siddharthan Book Man Show part Four