ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്‌സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍.

കൃഷ്ണന്‍ നായരുടെ സാഹിത്യവാരഫലത്തില്‍ ആകൃഷ്ടനായ ഒരു ചെറുപ്പക്കാരന്‍. പേര് ജയകൃഷ്ണന്‍, സ്വദേശം കോഴിക്കോട് നന്മണ്ട. ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകാരുടെ കടുത്ത ആരാധകന്‍. നല്ല ചിത്രകാരന്‍. വരയ്ക്കുന്ന ചിത്രങ്ങളില്‍ പോലും ലാറ്റിന്‍ അമേരിക്കന്‍ ഭാവുകത്വം. ജയകൃഷ്ണന്‍ പുസ്തകശാലയില്‍ വരുന്നത് കാണുമ്പോള്‍ ഹുവാന്‍ റൂള്‍ഫോയുടെ പെദ്രോ പാരമോയിലെ പ്രെസ്യാദോയെപ്പോലെ തോന്നും. മുണ്ടുടുത്ത ഹുവാന്‍ പ്രെസ്യാദോ...! 

ഞാനുമായി അടുത്ത സൗഹൃദം സ്ഥാപിക്കുംമുമ്പൊരിക്കല്‍ ഇദ്ദേഹം കടയില്‍ വന്നു മാര്‍കേസിന്റെയും, യോസയുടെയും, കുന്ദേരയുടെയും മറ്റും പുസ്തകങ്ങള്‍ ഡിസ്‌പ്ലേ ചെയ്ത ഷെല്‍ഫിന്റെ മുന്നില്‍ ആര്‍ത്തിപൂണ്ട് നിന്നു. ഇടക്ക് എന്നെ ഒളികണ്ണാല്‍ നോക്കുന്നുമുണ്ടായിരുന്നു. എനിക്കും വേണ്ടരീതിയില്‍ ജയകൃഷ്ണനെ ശ്രദ്ധിക്കാന്‍ കഴിഞ്ഞില്ല. കുറച്ചുനേരത്തെ പരതലുകള്‍ കഴിഞ്ഞ് താഴ്ന്ന സ്വരത്തില്‍ എന്നോട് ബോര്‍ഹേസിന്റെ പുസ്തകം കിട്ടുമോ എന്ന് ചോദിച്ചു. ഏതു പുസ്തകവും കിട്ടുമെന്നു പറയാന്‍ ശീലിച്ച ഞാന്‍ അതും കിട്ടുമെന്ന് പറഞ്ഞപ്പോള്‍ ഋഷി വര്യന്റെ വരം ലഭിച്ച താപസ്സനെ പോലെ ജയകൃഷ്ണന്‍ എന്നെ വണങ്ങി നിന്നു. എത്രസമയം വേണ്ടിവരുമെന്ന് ചോദിച്ചു. രണ്ടാഴ്ച എടുക്കുമെന്ന് പറഞ്ഞു. ബോര്‍ഹേസിന്റ പബ്ലിഷെറേയോ ഡിസ്ട്രിബ്യുട്ടെറയോ പോലും അപ്പോള്‍ എനിക്ക് അറിയില്ലായിരുന്നു. സെര്‍ച്ച് എന്‍ജിനുകള്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും മാത്രമായിരുന്ന കാലം. ആ സമയത്ത് ന്യൂഡല്‍ഹിയില്‍ നടക്കുന്ന ലോകപുസ്തകോത്സവത്തില്‍ പങ്കെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു ഞാന്‍. പ്രിയപ്പെട്ട സുഹൃത്തുക്കള്‍ പറഞ്ഞേല്‍പ്പിച്ച പുസ്തകങ്ങളുടെ ഒരു നീണ്ട ലിസ്റ്റും കൊണ്ടാണ് ഡല്‍ഹിയിലേക്ക് പോയത്. അക്കൂട്ടത്തില്‍ ബോര്‍ഹേസിന്റ പുസ്തകവും ഉള്‍പ്പെട്ടു. 

ആയിരത്തില്‍പരം പ്രസാധകരും, വില്‍പ്പനക്കാരും ഉണ്ടായിരുന്ന ലോകപുസ്തകോത്സവത്തിലെ സ്റ്റാളുകള്‍ തോറും കയറിയിറങ്ങി ലിസ്റ്റില്‍ ഉള്ളതും ഇല്ലാത്തതുമായ കുറെ പുസ്തകങ്ങള്‍ സംഘടിപ്പിച്ചു എന്നാല്‍ ബോര്‍ഹേസിനെ കിട്ടിയില്ല. അങ്ങിനെ ബോര്‍ഹേസിനെ തേടി ഇന്ത്യയുടെ പുസ്തക തലസ്ഥാനമായ പുരാതന ഡല്‍ഹിയിലെ ദരിയാഗഞ്ച് എന്ന സ്ഥലത്തെത്തി.

ദരിയാഗഞ്ച് 

രാവിലെ പത്തുമണിക്കാണ് ഞാനവിടെ എത്തിയത്. നല്ല മഞ്ഞും തണുപ്പുമുള്ള ഡല്‍ഹിയിലെ ജനുവരി മാസം. ജുമാമസ്ജിദിലേക്ക് പോകുന്ന റോഡിന്റെ ഓരം ചേര്‍ത്ത് ഓട്ടോ നിര്‍ത്തി ഓട്ടോ ഡ്രൈവര്‍ ദരിയാഗഞ്ജിന്റെ ഊടുവഴികളിലൊന്ന് കാണിച്ചു. തീര്‍ത്തും വിജനമായി കിടക്കുന്ന ദരിയാഗഞജ് ഹര്‍ത്താല്‍ ദിനത്തിലെ മൊയ്തീന്‍ പള്ളി റോഡ് (കോഴിക്കോട്) പോലെ തോന്നിച്ചു.  റോഡിലൂടെ നടത്തം തുടങ്ങി. വലത് വശത്ത് അദിതി പാലസ് എന്ന ടൂറിസ്റ്റ് ഹോമിനു മുന്നില്‍ ഉന്തുവണ്ടിക്കാരന്‍ മധുരക്കിഴങ്ങു ചുട്ടതും ചെറുനാരങ്ങയും ചാട്ട് മസാലയുമായി സാമ്പ്രാണി പുകയുടെ ഇടയില്‍ കരിമ്പടം പുതച്ചു ഏതോ പ്രേതസിനിമയിലെ കഥാപാത്രം കണക്കെ നില്‍ക്കുന്നുണ്ടായിരുന്നു. മുന്നോട്ട് നടന്നപ്പോള്‍ നിരയായി നിര്‍ത്തിയ സൈക്കിള്‍ റിക്ഷകള്‍ അതിന്റ സാരഥികള്‍ ഒരിടത്തു മൂടിപുതച്ചു കുത്തിയിരുന്ന് ബീഡി പുകയ്ക്കുന്നുമുണ്ടായിരുന്നു. ഇരുവശങ്ങളിലും അനേകം പ്രസിദ്ധീകരണ ശാലകളുടെ ബോര്‍ഡുകള്‍. ഇടയില്‍ ഒരു ചെറിയ ചായപ്പീടിക അവിടെ കയറി ചായ പറഞ്ഞു. ആ പീടികക്ക് ചേരും വിധം ചെറിയ പ്ലാസ്റ്റിക് ഗ്ലാസില്‍ ചായതന്നു. ആദ്യ സിപ്പില്‍ തന്നെ ചുണ്ട് പൊള്ളി, കുറച്ചേ ഉള്ളൂ എങ്കിലും നല്ല ചായ. തിളയ്ക്കുന്ന പാലിലേക്കു പച്ച ഇഞ്ചി ചതച്ചു ചേര്‍ത്ത് ചായപ്പൊടിയും പഞ്ചസാരയമിട്ടു നന്നായി വീണ്ടും തിളപ്പിച്ചാണ് ഈ ചായ ഉണ്ടാക്കുന്നത്. 

അവിടെ നിന്നും വീണ്ടും നടന്നു. അപ്പോഴേക്കും കടകളെല്ലാം തുറക്കാന്‍ തുടങ്ങിയിരുന്നു ഒപ്പം തിരക്കും വര്‍ധിച്ചു വന്നു. പ്രത്യേകതരത്തിലുള്ള ശബ്ദം പുറപ്പെടുവിക്കുന്ന ഓട്ടോ റിക്ഷകളും, കൊലുന്നനെയുള്ള വലിയമനുഷ്യര്‍ മുന്നോട്ടാഞ്ഞു ചവിട്ടുന്ന സൈക്കിള്‍ റിക്ഷകളും, തെരുവ് പട്ടികളും, ഇടയ്ക്കു കുതിരവണ്ടികളും ചേര്‍ന്ന് ഒരു സര്‍ക്കസ് കൂടാരം പോലെ തെരുവുണര്‍ന്നു. ബോര്‍ഹേസിന്റെ  ലാബിറിന്ത് കണക്കെ. പുസ്തകങ്ങളുടെ കാലപ്പഴക്കത്തിനനുസരിച്ഛ് നിര്‍മിച്ചത് പോലെയാണ് ഇവിടുത്തെ കെട്ടിടങ്ങള്‍. എണ്ണിയാലൊടുങ്ങാത്തത്ര പ്രസിദ്ധീകരണശാലകള്‍. ഓരങ്ങളില്‍ അച്ചടക്കമില്ലാതെ നിര്‍ത്തിയിട്ടുള്ള വണ്ടികള്‍ ഇവക്കുള്ളിലൂടെ ഞെങ്ങി ഞെരുങ്ങി ഞാന്‍ ബോര്‍ഹെസിനെ തേടി അലഞ്ഞു. വൈകീട്ട് നാലുമണിയോടെ ഇന്ത്യ ബുക്ക്ഹൌസ് എന്ന വിതരണക്കാരന്റെ കെട്ടിടത്തിലെത്തി തിരച്ചിലാരംഭിച്ചു. ഞാന്‍ തിരയുന്ന പുസ്തകത്തെപ്പറ്റി യാതൊന്നും അറിയാത്തവരായിരുന്നു അവിടെയുണ്ടായിരുന്നത്. മാത്രവുമല്ല ഞാനവരെ ബുദ്ധിമുട്ടിക്കുകയാണ് എന്ന രീതിക്കാണ് അവരെന്നോട് പെരുമാറിയത്. തിരച്ചിലിനൊടുവില്‍ പൊടിനിറഞ്ഞ ഒരു ഷെല്‍ഫിന്റെ താഴത്തെ തട്ടില്‍ ബോര്‍ഹേസിന്റെ കളക്ടഡ് ഫിക്ഷന്റെ ഒരേ ഒരു കോപ്പി എന്നെ മാടിവിളിച്ചുകൊണ്ടു നിന്നു. അതും അണ്‍കട്ട് എഡിഷന്‍...! തിരിച്ചു നാട്ടിലേക്ക് വരുമ്പോള്‍ ബോര്‍ഹേസിന് കയ്യോടെ കൊണ്ടുവന്നു. 

ജനുവരി അവസാന വാരം ഡല്‍ഹിയില്‍ നിന്നും തിരിച്ചെത്തിയ ഉടനെ ജയകൃഷ്ണനെ വിവരമറിയിച്ചു. അന്നുതന്നെ വൈകീട്ട് ജയകൃഷ്ണന്‍ കടയിലെത്തി. തെല്ലൊരഹങ്കാരത്തോടെ ഇതൊക്കെയെന്ത് എന്നമട്ടില്‍ 'ജെ.കെ'ക്ക് പുസ്തകം കൊടുത്തു. കയ്യില്‍ കിട്ടിയ പുസ്തകത്തെ വിടര്‍ന്ന കണ്ണുകളോടെ നോക്കുന്നതും എന്തോ ഒരവാച്യമായ ആനന്ദത്തോടെ അതിന്റെ ഇരുപുറവും തലോടുന്നതും മിഴികളടച്ചുകൊണ്ട് പുസ്തകത്തിന്റെ ഗന്ധം തന്നിലേക്കാവാഹിക്കുന്നതും കണ്ടപ്പോള്‍ എന്റെ കയ്യില്‍ കൊണ്ടുവന്ന വസ്തുവിന്റെ യഥാര്‍ത്ഥ മൂല്യം ഞാനറിയുകയായിരുന്നു. കുറച്ചു നേരത്തെ പരിലാളനകള്‍ക്കു ശേഷം പുസ്തകം എനിക്ക് തിരിച്ചു തന്നു. ആയിരങ്ങള്‍ വിലയുള്ളതിനാല്‍ രണ്ടു ദിവസത്തെ സാവകാശം അനുവദിക്കണമെന്നും ഒരുകാരണവശാലും മറ്റാര്‍ക്കും കൊടുക്കരുതെന്നും എന്നോടു പറഞ്ഞു. ഒരു കവറിലിട്ട് ജയകൃഷ്ണന്‍ എന്നെഴുതി പുസ്തകം മാറ്റിവെക്കുന്ന സ്ഥലം ഉറപ്പുവരുത്തിയശേഷം എന്തോ ഒരു നഷ്ടബോധം നിഴലിക്കുന്ന മുഖവുമായാണ് ജയകൃഷ്ണന്‍ അന്നവിടെനിന്ന് ഇറങ്ങിയത്. പിറ്റേന്ന് ജയകൃഷ്ണനെ കണികണ്ടാണ് കടതുറന്നത്. എന്താ നേരത്തെ വന്നതെന്ന് ചോദിച്ചപ്പോള്‍ ഇതായിരുന്നു മറുപടി 'എന്നെപ്പോലുള്ള മറ്റാരെങ്കിലും വന്നുചോദിച്ചാല്‍ നിങ്ങളിത് വിറ്റാലോ'. അക്ഷരങ്ങളോടുള്ള ഒരാളുടെ അടങ്ങാത്ത ആവേശത്തെ അതിന്റെ മൂര്‍ദ്ധന്യത്തില്‍ അറിയുകയായിരുന്നു ഞാന്‍. അന്ന് മുതല്‍ ജയകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്.

മലപ്പുറത്തെ ഒരു സര്‍ക്കാര്‍ ഓഫീസിലായിരുന്നു ജയകൃഷ്ണന്‍ ജോലി ചെയ്തിരുന്നത്.  കൈക്കൂലിക്കാരുടെ പ്രലോഭനങ്ങള്‍ വേണ്ടുംവിധം ഉണ്ടായിരുന്നു. കൈക്കൂലി വിരോധിയായ ജയകൃഷ്ണനെ സ്വാധീനിക്കാന്‍ ഇക്കൂട്ടര്‍ക്കായതുമില്ല. അവിടുത്തെ ഒരു കോണ്‍ട്രാക്ടര്‍ ജയകൃഷ്ണനെ എങ്ങിനെയെങ്കിലും സ്വാധീനിക്കാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. സഹികെട്ട ജയകൃഷ്ണന്‍ പുസ്തങ്ങളുടെ ഒരു ലിസ്റ്റ് അയാള്‍ക്ക് കൊടുത്തിട്ട് പറഞ്ഞു ഇവ എനിക്ക് വാങ്ങിച്ചു തരാന്‍ ആവശ്യപ്പെട്ടു. കേട്ടപാതി അയാള്‍ ലിസ്റ്റ് വാങ്ങി നോക്കി ഇത് മാത്രാക്കണ്ടെന്നും വേറെയും കുറെ മേടിച്ചു തരാം എന്നും പറഞ്ഞു. വേണ്ട ഇതുമാത്രമേ വേണ്ടൂ എന്ന് ചിരിച്ചുകൊണ്ട് അയാളോട് ജയകൃഷ്ണന്‍ മറുപടി പറഞ്ഞു. പുസ്തകലിസ്റ്റു ബാഗില്‍ വെച്ച് ജയകൃഷ്ണനെ നോക്കി ലിസ്റ്റിന്റെ ചെറുപ്പവും ലഭിക്കാന്‍ പോകുന്ന വര്‍ക്കിന്റെ വലിപ്പവുമോര്‍ത്ത് സന്തുഷ്ടനായി അയാള്‍ ഓഫീസില്‍ നിന്നുമിറങ്ങി. ലെജന്‍ഡ്‌സ് ഓഫ് ഗ്വാട്ടിമാലയും, ബേര്‍ണിങ് പ്ലെയിന്‍ ആന്‍ഡ് അദര്‍ സ്റ്റോറീസും, ഐ ദി സുപ്രീമും, തേര്‍ഡ് ബാങ്ക് ഓഫ് ദി റിവെറും, പെദ്രോ പാരമോയും അടങ്ങുന്ന വലിയ പുസ്തകങ്ങളുടെ ഒരു ചെറിയ ലിസ്റ്റായിരുന്നു അത്. ഒരാഴ്ച കഴിഞ്ഞ് കോണ്‍ട്രാക്ടര്‍ തിരിച്ചെത്തി. പുസ്തകങ്ങള്‍ മലപ്പുറത്തും, കോഴിക്കോട്ടങ്ങാടീലും, കൊച്ചിയിലും ഇല്ലന്നും പക്ഷെ ഈ ആഴ്ച ദുബായില്‍ പോയിവരുമ്പോള്‍ എന്തായാലും എത്തിക്കാമെന്നും പറഞ്ഞു. പിന്നെ സംശയഭാവത്തില്‍ ഒരന്വേഷണവും.. 'അല്ലാ ഇതൊക്കെ ഉള്ള പുസ്തകം തന്നെയല്ലേ'. 

എല്ലാം പബ്ലിഷ് ചെയ്യപ്പെട്ട പുസ്തകങ്ങളാണെന്ന് അവയെക്കുറിച്ചുള്ള വിവരണത്തിലൂടെ അയാളെ ബോധ്യപ്പെ ടുത്തി. എന്നാപ്പിന്നെ അടുത്താഴ്ച എന്തായാലും എന്നുപറഞ്ഞ് ചെറിയൊരങ്കലാപ്പോടെ അയാളിറങ്ങി. കുറച്ചുദിവസങ്ങള്‍ക്ക് ശേഷം നിരാശയോടെ അയാള്‍ വന്ന് പറഞ്ഞു. 'ദുബൈയിലല്ല ഈ ദുനിയാവിലെങ്ങും ഇത് കിട്ടില്ല. ഇങ്ങനത്തെ പുസ്തകങ്ങളില്ല. നിങ്ങളെന്നെ പറ്റിക്കാന്‍ ചെയ്തതാണ്. ഞാന്‍ കലുങ്കിന്റെ പണി വേണ്ടാന്ന് വെച്ചോളാ സാര്‍.'  ജയകൃഷ്ണന്‍ തന്റെ ബാഗില്‍ നിന്ന് ഐ ദി സുപ്രീമിന്റെ കോപ്പി എടുത്തു അയാള്‍ക്ക് കാണിച്ചു കൊടുത്തു. പുസ്തകം വാങ്ങി നോക്കി അക്ഷരങ്ങളുടെ യഥാര്‍ത്ഥ വലിപ്പം മനസ്സിലാക്കിയ അദ്ദേഹം വലിയലോകത്തെ ചെറിയമനുഷ്യനായി എങ്ങോ പോയ്മറഞ്ഞു.  

സംസാരത്തിനിടയില്‍ ഒരിക്കല്‍ ഹുവാന്‍ റൂള്‍ഫോയുടെ പെദ്രോ പാരമോ സംഘടിപ്പിച്ചു തരാമോ എന്നും തരാന്‍ പറ്റിയാല്‍ നിന്റെ അടിമയായിക്കൊള്ളാം എന്നൊരു പ്രഖ്യാപനവും ജെ.കെ നടത്തി. അന്ന് എവിടെയും ലഭ്യമല്ലാ തിരുന്ന ആ പുസ്തകം എനിക്ക് സംഘടി പ്പിക്കാന്‍ പറ്റില്ല എന്ന ഉറച്ച ബോധ്യത്തിലായിരുന്നു ഈ പ്രഖ്യാപനം. ഞാന്‍ അന്വേഷണമാരംഭിച്ചു. കരുതിയപോലെ തന്നെ എങ്ങും ആ പുസ്തകം ലഭ്യമായിരുന്നില്ല. കിട്ടില്ലാ എന്നുപറയാന്‍ ഞാനൊരുക്കമല്ലായിരുന്നു അന്വേഷണം സുഹൃത്തുക്കളുടെ ഇടയിലേക്കും നീണ്ടു. ചോദിക്കുന്ന പലസുഹൃത്തുക്കള്‍ക്കും ഈ പുസ്തകം വേണമായിരുന്നു. അങ്ങിനെ അപ്രാപ്യമായ അക്ഷരശില്‍പമായി പെദ്രോ പാരമോ. ഹുവാന്‍ റൂള്‍ഫോ എന്ന അക്ഷര മാന്ത്രികന്‍ ഭാവനകൊണ്ട് തീര്‍ത്ത കൊമാലയെന്ന മാസ്മരിക ദേശത്ത് അച്ഛനെ തേടുംപോലെ ജീവിച്ചിരിക്കുന്ന ആത്മാവുമായി ഞാനും വായനക്കാരാകുന്ന മറ്റു കഥാപാത്രങ്ങളിലൂടെ പെദ്രോയെ തേടിനടന്നു. 

നിനച്ചിരിക്കാതെ ഒരുനാള്‍ പെദ്രോയെക്കിട്ടി. പുസ്തകരൂപത്തിലല്ലെന്നു മാത്രം ഫോട്ടോസ്റ്റാറ്റ്ടുത്ത് ബൈന്‍ഡ്‌ചെയ്ത കള്ളക്കോപ്പി. പുസ്തകങ്ങളുടെ കള്ളകോപ്പികളുടെ വിരോധിയാണ് എന്നും ഞാന്‍. പക്ഷെ എവിടെയും ലഭ്യമല്ലാത്തതിനാലും വായനക്കാരന്റെ മനസ്സ് അറിയാവുന്നതുകൊണ്ടും ഞാനത് സ്വീകരിച്ചു. ജെ.കെ അന്ന് വൈകീട്ട് തന്നെ വന്നു. കടയിലേക്ക് കയറിയതും കറണ്ട് പോയി മങ്ങിയ മെഴുകു തിരി വെളിച്ചത്തില്‍ പൂക്കള്‍ നിറഞ്ഞ വര്‍ണ്ണക്കടലാസൊട്ടിച്ച ചട്ടയുള്ള പെദ്രോയെ നല്‍കി, ഞാന്‍ എന്റെ അടിമയെ സ്വന്തമാക്കി. അമ്പ...! എന്നുപറഞ്ഞുകൊണ്ട് പേജുകള്‍ മറിച്ചുനോക്കുമ്പോള്‍ ജെ.കെയുടെ കണ്ണുകളില്‍ മെഴുകുതിരി നാളത്തിന്റെ പ്രതിബിംബം വെട്ടിത്തിളങ്ങുന്നത് ഞാന്‍ കണ്ടു. ചെറുപുഞ്ചിരിയാര്‍ന്ന വിജയീഭാവത്തോടെ പെദ്രോയെയും കൂട്ടി ജെ കെ ഇരുട്ടിലേക്ക് കയറിപ്പോയി.

Content Highlights: The Books memories by M Siddharthan Book Man Show part Five