ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്‌സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്‍ഥന്‍
പുസ്തകശാലയിലെ എന്റെ ജോലി തുടങ്ങുന്നത് രാവിലെ ഒന്‍പത് മണിക്കാണ്. ഈ സമയത്തു തന്നെ റോഡിന്നോരത്തെ ചെറുവില്പനകളും ഭിക്ഷാടനവും നാടകുത്തലും തുടങ്ങിയിരിക്കും. ഇലകളില്ലാത്ത മുല്ലവള്ളികള്‍ കണക്കെ കെട്ടുപിണഞ്ഞ കമ്പികള്‍ തൂങ്ങിക്കിടക്കുന്ന ട്രാ ന്‌സ്‌ഫോര്‍മറിനു കീഴെ അഴുക്കുചാലിന്റെ മുകളില്‍ പാകിയ കോണ്‍ക്രീറ്റ് സ്‌ളാബുകളിലാണ് മേല്‍പറഞ്ഞ പരിപാടികള്‍ അരങ്ങേറുക.
ഭിക്ഷക്കാരി
പോയകാലത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ നിഴലിക്കുന്ന മുഖവുമായി എവിടെനിന്നോ വരുന്ന വയോധികയായ ഭിക്ഷക്കാരിയാണ് ആദ്യമെത്തുക. മണ്ണിന്റെ നിറമുള്ള പൂക്കള്‍ നിറഞ്ഞ പഴകിയ ഒരു ചേലമാത്രമാണ് അവരുടെ വേഷം. ട്രന്‍സ്ഫോമറിനടുത്തുനിന്നു മൂന്നാമത്തെ സ്‌ളാബ് ആണ് അവരുടെ സ്ഥിരമായ ഇടം. റോഡിന്റെ പടിഞ്ഞാറേ ഭാഗത്തുനിന്ന് പിടിപോയ ഒരു പഴഞ്ചന്‍ കുടയും കക്ഷത്തു വെച്ച് വേച്ച് വേചാണ് അവര്‍ വരിക. വന്ന പാടെ കുട നിലത്തേക്കിട്ട് മേല്‍പ്പോട്ടു നോക്കി സൂര്യനുനേരെ കൈകള്‍ പൊക്കി ഒരു വീഴ്ച പോലെ തോന്നിക്കുമാറ് ഇരിക്കും. ഇന്നത്തെ കച്ചവടം തുടങ്ങാം എന്ന് ചോദിക്കും പോലെ ഞങ്ങളുടെ ബുക്സ്റ്റാളിലേക്ക് ഒന്ന് നോക്കും. പിന്നീട് അതുവഴി കടന്നു പോകുന്നവരോടെല്ലാം കൈനീട്ടും. ഭിക്ഷനല്കാത്തവരെയെല്ലാം ചീത്തവിളിക്കും, കുറച്ചുനേരത്തേക്ക് പൈസയൊന്നും കിട്ടിയില്ലെങ്കില്‍ കടന്നുപോകുന്നവരുടെ കാലിലും ഉടുപ്പിലുമെല്ലാം കടന്നുപിടിക്കുകയും ചെയ്യും. ആളുകള്‍ വല്ലാത്തൊരു അറപ്പോടും അവഞ്ജയോടും തെന്നിമാറും രൂക്ഷമായി അവരെ നോക്കി വേഗം നടന്നു നീങ്ങും.
ഇവരുടെ ഒരു പ്രത്യേകത എന്താന്നു വച്ചാല്‍ ഭിക്ഷയായി കിട്ടുന്ന നാണയത്തുട്ടുകളില്‍ ഒരു രൂപയോ അതില്‍ കൂടുതലോ ഉണ്ടെങ്കില്‍ മാത്രമേ അവര്‍ എടുക്കുകയുള്ളൂ ഇരുപത്ത ഞ്ചുപൈസക്കു വരെ വിലയുള്ള കാലത്താണിതെന്നോര്‍ക്കുക. കിട്ടുന്നതിലുള്ള അമ്പതു പൈസ ഇരുപത്തഞ്ചു പൈസ എന്നിവയെല്ലാം അവരിരിക്കുന്ന സ്‌ളാബിന്റെ വിടവിനുള്ളിലൂടെ ബന്ഡടാരത്തിടുന്നതുപോലെ അഴുക്കു ചാലിലേക്ക് തള്ളിയിടും. ഇത് സ്ഥിരമായി കണ്ടുതുടങ്ങിയപ്പോള്‍ കടയുടെ സമീപം ഇരിക്കുന്ന പോര്‍ട്ടര്‍മാര്‍ ആ വിടവിലേക്ക് ഒരു പേപ്പര്‍ തിരുകി താഴേക്കു പിടിപ്പിച്ചുവെച്ചു സന്ധ്യമയങ്ങി ഭിക്ഷക്കാരി പോയ്ക്കഴിയുമ്പോള്‍ ഡ്യൂട്ടിയിലുള്ള പോര്‍ട്ടര്‍ ഒരു കമ്പുകൊണ്ടു പേപ്പറിന്റെ രണ്ടഗ്രവും പൊക്കി അന്നത്തെ നോക്കു കൂലി കൈപ്പറ്റും.
എല്ലാദിവസവും ഉച്ചക്ക് 1 മണിക്കും 2 മണിക്കും ഇടയില്‍ ഭിക്ഷക്കാരനില്‍നിന്നും അല്പം മുന്തിയ വേഷധാരിയായ താടിക്കാരനായ ഒരാള്‍ ഇവര്‍ക്ക് ഭക്ഷണമെത്തിക്കും. ഭക്ഷണത്തിനുശേഷം വയോധിക ഒരു പൊതി താടിക്കാരന് കൊടുക്കും ഇത് കുറേക്കാലത്തിനുശേഷമാണ് ഞങ്ങളുടെ ശ്രദ്ധയില്‍പെട്ടത്. ഇവര്‍ താടിക്കാരന് തിരിച്ചുനല്‍കികൊണ്ടിരുന്നത് അവരുടെ അതുവരെയുള്ള കളക്ഷന്‍ തുകയായിരുന്നു. ഇതറിഞ്ഞ അന്നുതന്നെ നമ്മുടെ പോര്‍ട്ടര്‍മാര്‍ ഇയാളെ പിടിക്കാന്‍ പരിപാടിയിട്ടു. വൈകുന്നേരം ഇതേ താടിക്കാരന്‍ വന്നാണ് അവരെ കൂട്ടികൊണ്ട് പോവുക. അന്നുവൈകുന്നേരം തന്നെ അയാളെ മണിയേട്ടനും സംഘവും പിടികൂടി അയാളോട് കാര്യങ്ങള്‍ അത്യാവശ്യം ഉറക്കെ ദേഷ്യത്തോടെ ചോദിച്ചു. അയാള്‍ മലയാളത്തിലോ ഹിന്ദിയിലോ അല്ലാത്ത മറ്റേതോ ഭാഷയില്‍ എന്തൊക്കെയോ കരഞ്ഞുകൊണ്ട് പറഞ്ഞു ഏതാണ്ട് അതെ ഭാഷയില്‍ തന്നെ ഭിക്ഷക്കാരിയും പോര്‍ട്ടര്‍മാരോട് ദേഷ്യത്തില്‍ അലറിക്കൊണ്ടിരിക്കുകയും ചെയ്തു. അപ്പോള്‍ അവിടെയെത്തിയ പോര്‍ട്ടര്‍മാരുടെ മൂപ്പന്‍ അവരെ പറഞ്ഞു വിടാന്‍ നിര്‍ദേശിച്ചു. അവര്‍ക്കിപ്പോള്‍ കിട്ടുന്ന മൂന്നുനേരത്തെ ഭക്ഷണം കൂടി ഇല്ലാണ്ടാക്കണ്ടായെന്നും ഇവരുടെയൊക്കെ ബോസ്സുമാര്‍ ഇങ്ങനെയൊക്കെ ഇവിടെ നടന്നെന്നറിഞ്ഞാല്‍ ഒരുപക്ഷെ നാളെ അവരെ ഇവിടെയെന്നല്ല എവിടെയും കണ്ടേക്കില്ലെന്നും അയാള്‍ പറഞ്ഞു. അതുകേട്ടപ്പോള്‍ എന്തെന്നില്ലാത്ത ഒരാന്തല്‍ എനിക്കനുഭവപ്പെട്ടു ഒന്നുമില്ലെങ്കിലും നിത്യവും വെറും അഞ്ചു മീറ്ററില്‍ താഴെ അകലത്തിലിരുന്നു അന്നത്തിനായി അധ്വാനിക്കുന്നവരാണല്ലോ ഞങ്ങളിരുവരും. എല്ലാവരും പിന്മാറി... അയാള്‍ അവരെയും കൂട്ടി സ്ട്രീറ്റ്ലൈറ്റിന്റെ മഞ്ഞവെളിച്ചത്തിലേക്ക് പതഞ്ഞുയര്‍ന്ന കരിമ്പുകയുടെയും പൊടിമണ്ണിന്റെയും ഇടയിലേക്ക് ഒരു ദുഃസ്വപ്നം കണക്കെ അലിഞ്ഞുപോയി.
സൗഭാഗ്യങ്ങളുടെ മൊത്തവിതരണക്കാരന്‍
ബീഹാറിലെ ഏതോ കുഗ്രാമത്തില്‍നിന്ന് വന്ന രാജുവാണ് നമ്മുടെ സൗഭാഗ്യങ്ങളുടെ മൊത്തവിതരണക്കാരന്‍. രാവിലെ ഒരു പെട്ടിയും വലിയ കുടയുമായി ഭിക്ഷക്കാരിയുടെ അരികില്‍നിന്ന് മൂന്ന് സ്ലാബുകള്‍ക്കപ്പുറം ഇരിപ്പുറപ്പിക്കും. കുട നാട്ടി താഴെ മുഷിഞ്ഞ തുണിയുടെയും അതിനു മുകളില്‍ വൃത്തിയുള്ള ഒരു ചെമ്പട്ടിന്റെ തുണിയും വിരിച്ചുവച്ച് പെട്ടി തുറക്കും പെട്ടിക്കകത്ത് മറ്റൊരു പെട്ടിയും ഒരു ബാറ്ററിയും ചെറിയ സ്പീക്കറും ഒരു ടേപ്പ് റെക്കോര്‍ഡറും അതിന്റെ വയറും ഉണ്ട്.... കൂടാതെ തന്റെ തോള്‍ സഞ്ചിയില്‍ മണിയുടെ ആകൃതിയിലുള്ള ഒരു പിച്ചള ഉപകരണവും അതിനെ ചുറ്റിയുഴിയുവാനുള്ള ഒരു ദണ്ടും മറ്റൊരു പിച്ചള പാത്രവും ചന്ദനത്തിരി സ്റ്റാന്‍ഡും ഒരു പാക്കറ്റ് തിരിയും ഉണ്ടാവും.
പെട്ടിക്കകത്തെ പെട്ടിയില്‍ പല സൈസിലുള്ള മോതിരങ്ങളാണ് ചുവന്ന വെല്‍വറ്റ് കൊണ്ട് നിരവധി മോതിരങ്ങള്‍ ഉള്‍ക്കൊള്ളാവുന്ന വിധം നിര്‍മ്മിച്ചതാണ് പെട്ടിയുടെ ഉള്‍വശം. പെട്ടി തുറന്ന് വെച്ച് അരികില്‍ സുഗന്ധത്തിരിയും എരിച്ച് അതിനടുത്ത് പിച്ചള പാത്രത്തില്‍ വെള്ളവും മോതിരമുഴിഞ്ഞ് ശക്തി വരുത്താനുള്ള പാത്രവും ഒരുക്കി കഴിഞ്ഞാല്‍ സ്പീക്കറും ടേപ്പ് റെക്കോര്‍ഡറും ബാറ്ററിയുമായി കണക്ട് ചെയ്തു പ്രവര്‍ത്തിപ്പിക്കും. മലയാളം ഒട്ടും അറിഞ്ഞുകൂടാത്ത രാജുവിന്റെ ടേപ്പ് റെക്കോര്‍ഡര്‍ നല്ല അച്ചടി മലയാളത്തില്‍ ശബ്ദിച്ച് തുടങ്ങും. ധന ലബ്ധി, ശത്രു ദോഷം, സന്താനഭാഗ്യം, ആയുരാരോഗ്യസൗഖ്യം തുടങ്ങി സര്‍വ്വവിധ സൗഭാഗ്യങ്ങള്‍ക്കും ഹിമാലയസാനുസാനുക്കളിലെ മുനിമാരുടെ അനുഗ്രഹം സിദ്ധിച്ച ദിവ്യമായ ഈ മോതിരം ധരിക്കുക ഫലം ഉറപ്പ്... ഇങ്ങനെ തുടങ്ങുന്ന കുറച്ചു വാക്യങ്ങള്‍ സ്പീക്കറിലൂടെ ഇടതടവില്ലാതെ മുഴങ്ങിക്കൊണ്ടിരിക്കും.
കുറേ പേര്‍ ഇങ്ങനെ ഒരു ഭാഗ്യം നഷ്ടപ്പെടുത്തേണ്ട എന്നുകരുതി രാജുവിന്റെ മുന്നില്‍നിന്ന് മോതിരങ്ങള്‍ നോക്കും. ഇഷ്ടപ്പെട്ടത് സെലക്ട് ചെയ്തു വിലപേശാന്‍ തുടങ്ങും. രാജു 50 നിന്നും തുടങ്ങും ചിലര്‍ 30 നും 25 നും മറ്റുചിലര്‍ 20 രൂപയ്ക്കും തങ്ങള്‍ക്കിഷ്ടപ്പെട്ട സൗഭാഗ്യവളയങ്ങള്‍ കരസ്ഥമാക്കും. വരാനിരിക്കുന്ന സൗഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് സന്തോഷത്തോടെ നടന്നു പോകും. ഇത്രയും ഫലസിദ്ധിയുള്ള മോതിരമാണിതെങ്കില്‍ നിങ്ങള്‍ക്ക് ഇതിലൊന്ന് ധരിച്ചാല്‍ പൊരെ എന്തിനാ ഈ പൊരിവെയിലത്ത് ഇങ്ങനെ ഇരിക്കുന്നതെന്ന് ഒരിക്കല്‍ ഞാന്‍ അയാളോട് ചോദിച്ചു. രാജു അപ്പോള്‍ ഒന്ന് ചിരിച്ച് എന്നോട് ഹിന്ദിയില്‍ എന്റെ മാസവരുമാനം എത്രയാണെന്ന് ചോദിച്ചു. എന്റെ വരുമാനം പറഞ്ഞപ്പോള്‍ ഇന്ന് താന്‍ എത്ര മോതിരം വില്‍ക്കുമെന്ന് വെറുതെയൊന്ന് ശ്രദ്ധിക്കാന്‍ പറഞ്ഞു.രണ്ടുമണിക്കൂറിനിടയില്‍ ഏതാണ്ട് എട്ടോളം മോതിരങ്ങള്‍ അയാള്‍ വില്‍ക്കുന്നത് ഞാന്‍ കണ്ടു.
വൈകുന്നേരം ആറു മണിയോടെ രാജു ഇന്ന് ആകെ 28 മോതിരങ്ങള്‍ വിറ്റുവെന്ന് എന്നോട് പറഞ്ഞു. തുക 640 രൂപ റൊക്കം. സാധാരണ ഒരു ദിവസം 600 നും 800 നുമിടയില്‍ ലഭിക്കും എനിക്ക് ഇത്രയും മോതിരത്തിനായി ചിലവ് 100 രൂപയില്‍ താഴയെ വരികയുള്ളൂ. അതായത് ഒരുദിവസം 700 രൂപ ആവറേജ് വരുമാനം. ഒരുമാസം 20000 ത്തില്‍ പരം. അന്നത്തെ എന്റെ വരുമാനത്തെക്കാള്‍ ഇരട്ടി. എന്നിട്ട് രാജു എന്നോട് ചോദിച്ചു. 'ഭായ് ഇത് ശരിക്കും ധനാകര്‍ഷണ യന്ത്രം തന്നെയല്ലേ...' അപ്പോഴും സ്പീക്കറില്‍നിന്ന് ധനലബ്ധി, ശത്രുദോഷം എന്നിങ്ങനെ മുഴങ്ങുന്നുണ്ടായിരുന്നു. ഞാന്‍ രാജുവിനോട് പറഞ്ഞു- 'അടുത്ത കാസ്സെറ്റ് റെക്കോര്‍ഡ് ചെയ്യുമ്പോ തുടക്കത്തില്‍ രാജുവിന് എന്നുകൂടി ചേര്‍ക്കണേ... രാജുവിന് ധനലബ്ധി, ശത്രുദോഷം'. ഇതുകേട്ട് കുലുങ്ങി ചിരിച്ച് രാജു സൗഭാഗ്യങ്ങളുടെ കലവറ പൂട്ടി ഓട്ടോ പിടിച്ച് മധുരസ്വപ്നത്തിലേക്കെന്നപോലെ നഗരത്തിന്റെ വിസ്മയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.
Content Highlights: The Books memories by M Siddharthan Book Man Show part Eleven