ഒരു വെറും കടയല്ല, കടലാണ് ഓരോ പുസ്തകശാലയും. താളുകളില്‍ അനേകായിരം കഥകളെയും കഥാപാത്രങ്ങളെയും ഒളിപ്പിച്ചുവച്ച അതിരുകളില്ലാത്ത കടല്‍. ചിലപ്പോഴെങ്കിലും കഥകളില്‍ ഒളിച്ച ഈ കഥപാത്രങ്ങളെ വെല്ലുന്ന ചിലര്‍ മുങ്ങാങ്കുഴിയിട്ടെത്തും ഓരോ പുസ്തകശാലയിലും. സ്വയം വലിയ കഥകളോ കടങ്കഥകളോ ആയിമാറിയവര്‍. കൗണ്ടറിനപ്പുറത്തിരിക്കുന്ന ഒരു പുസ്തകശാലക്കാരന് മാത്രം കാണാവുന്ന കഥാപാത്രങ്ങള്‍. അവര്‍ പുസ്തകങ്ങളിലുള്ളതിലും വലിയ കഥാപ്രപഞ്ചമൊരുക്കും അയാള്‍ക്ക് ചുറ്റും. വായനക്കാരന്റെ പ്രച്ഛനവേഷത്തിലെത്തുന്ന ഈ അമൂല്യ കഥാപാത്രങ്ങളെയും അവരുടെ കൗതുകം നിറഞ്ഞ കഥകളെയും വാക്കുകളില്‍ വരച്ചിടുകയാണ് മാതൃഭൂമി ബുക്ക്സ് സെയില്‍സ് മാനേജര്‍ എം.സിദ്ധാര്ഥന്.
ബുധനാഴ്ചകളില്‍ 4 മണിയോടുകൂടി ഞങ്ങളുടെ പുസ്തകശാലയിലേക്ക് മോഫ്യൂസില്‍ ബസ്റ്റാന്റില്‍ നിന്നും അദ്ദേഹം നടന്നുവരും. ഖദര്‍ ഷര്‍ട്ടും പാന്റും ധരിച്ച് വശ്യമനോഹര പുഞ്ചിരിയുമായി ഞങ്ങളുടെ പ്രിയ ഡോക്ടര്‍ ശ്രീധരനുണ്ണി എന്ന ഉണ്ണി സാര്‍. ആദ്യമാദ്യം ഇദ്ദേഹം ഒരു ഡോക്ടര്‍ ആണെന്ന് എനിക്കറിയില്ലായിരുന്നു. കാഴ്ച്ചയില്‍ സുമുഖനും ഐശ്വര്യവുമുള്ള ഇദ്ദേഹമൊരു യൂണിവേഴ്സിറ്റി പ്രൊഫസറോ സയ്ന്റിസ്റ്റോ ആണെന്നാണ് ഞാന്‍ കരുതിയത്. അതിനൊരു കാരണവും ഉണ്ടായിരുന്നു അദ്ദേഹം വാങ്ങിച്ചിരുന്ന പുസ്തകങ്ങളില്‍ ഒന്ന് പോലും മെഡിക്കല്‍ പുസ്തകങ്ങളോ അനുബന്ധ ശാസ്ത്ര പുസ്തകങ്ങളോ അല്ലായിരുന്നു. എന്നാല്‍ ചെടികളെയോസംഗീതത്തെയോ കുറിച്ചുള്ള പുസ്തകങ്ങളും ചരിത്രസംബന്ധിയായ ആയ പുസ്തകങ്ങളും ഒപ്പം മലയാളത്തിലെ മികച്ച സാഹിത്യ പുസ്തകങ്ങളും ആയിരുന്നു. കുറച്ചു കാലത്തെ ഇടപെടലിനു ശേഷമാണ് ഉണ്ണി സാര്‍ ഡോക്ടറാണെന്ന് മനസ്സിലായത് അപ്പോഴും സംശയമുണ്ടായിരുന്നു സാഹിത്യത്തിലോ സയന്‍സിലോ ഡോക്ടറേറ്റ് നേടിയതായിരിക്കുമോ എന്ന് അല്ലെങ്കില്‍ ആയുര്‍വേദ ഡോക്ടര്ആയിരിക്കും. കാരണം ഇദ്ദേഹം ചെടികളെ പറ്റിയുള്ള പുസ്തകങ്ങള്‍ ധാരാളം വാങ്ങിക്കാറുണ്ട്. എപ്പോഴും പ്രസന്ന വദനനാണ് സ്വതവേ അലോപ്പതി ഡോക്ടര്‍മാര്‍ കാണിക്കാറുള്ള ബദ്ധപ്പാടൊ സമ്മര്‍ദമോ ഒന്നും തന്നെ പ്രകടിപ്പിക്കാത്ത ശാന്തസ്വരൂപന്‍.
പുസ്തകശാലയില്‍ മിക്കവാറും പുസ്തകങ്ങളുടെ പ്രീപബ്ലിക്കേഷന്‍ ബുക്കിങ് ഉണ്ടാവാറുണ്ട് അതിനായി നിശ്ചിതഫോറത്തില്‍ പേരും വിലാസവും എഴുതിവാങ്ങിക്കും. അങ്ങനെ എഴുതി തന്ന ഫോറത്തില്‍ നിന്നാണ് ഇദ്ദേഹം ഒരു അലോപ്പതി ഡോക്ടരാണെന്നും എത് ഹോസ്പിറ്റലിലാണ് പ്രാക്ടീസ് ചെയ്യുന്നത് എന്നുമെല്ലാം മനസ്സിലായത്. കൂടുതല്‍ ചോദിച്ചപ്പോഴാണ് ഇദ്ദേഹം കോഴിക്കോട് മെഡിക്കല്‍കോളേജിലെ ആദ്യകാല ബാച്ചില്‍ എം.ബി.ബി.എസ് കഴിഞ്ഞതാണെന്നും യൂറോളജിയില്‍ സ്പെഷ്യലയിസ് ചെയ്ത യൂറോളജിസ്റ്റും ട്രാന്‍സ്പ്ലാന്റ് സര്ജന് ആണെന്നുമൊക്കെ മനസ്സിലായത്. ഒരു അലോപ്പതി ഡോക്ടറെ കുറിച്ചുള്ള എന്റെ ധാരണകള്‍ക്ക് കടക വിരുദ്ധമായിരുന്നു എല്ലാം കൊണ്ടും ഉണ്ണിസര്‍. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ആഢ്യത്തങ്ങളില് അമര്ന്നുപോവാതെ സ്വന്തം യാത്രക്കായി ബസ്സുകളെ ആശ്രയിക്കുന്ന അതില്‍ ആനന്ദം കണ്ടെത്തുന്ന റോഡരികിലെ ചായപ്പീടികയില്‍ നിന്ന്ചായകുടിക്കുന്ന പഴകിയ സ്കൂട്ടറില്‍ എന്നോടൊപ്പം യാത്ര ചെയ്യുന്ന ഞങ്ങള്‍ സുഹൃത്തുക്കളോടൊപ്പം നേരമ്പോക്ക് പറയുന്ന വിചിത്ര ഡോക്ടര്‍.
എന്തുകൊണ്ടാണ് ബുധനാഴ്ചകളില്‍ ഇദ്ദേഹമെത്തുന്നതെന്ന് പറയാം. കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ഹോസ്പിറ്റലിലാണ് സാറിന്റെ പ്രാക്ടീസ്. ബുധനാഴ്ച ഫറോക്കിലുള്ള മറ്റൊരു ഹോസ്പിറ്റലിലും ഇദ്ദേഹം കണ്‍സള്‍ട്ട് ചെയ്യുന്നുണ്ട്. എരഞ്ഞിപ്പാലത്തുനിന്നും സിറ്റി ബസ്സ് കയറി മാവൂര്‍ റോഡിലിറങ്ങി നടന്ന് ഞങ്ങളുടെ ബുക്ക്സ്റ്റാളില് വരും. പുസ്തകങ്ങള്‍ നോക്കിക്കഴിഞ്ഞ് ബുക്ക്സ്റ്റാളിന് സമീപത്തെ അനന്തേട്ടന്റെ ചായപ്പീടികയില്‍ നിന്നും ചായയും ഉണ്ണിയപ്പവും കഴിക്കും. അവിടനിന്ന് പുതിയ ബസ് സ്റ്റാന്‍ഡില്‍ പോയി ബസ്സില്‍ ഫറോക്കിലെ ഹോസ്പിറ്റലിലേക്ക്. ഇതാണ് ഡോക്ടറുടെ പതിവ് രീതി. തന്റെ തൊഴിലിലുള്ള തികഞ്ഞ ആത്മാര്‍ത്ഥതയും സത്യസന്ധതയും അശരണരോടുള്ള ദീനാനുകമ്പയും ധനാസക്തി ഇല്ലായ്മയുമാണ് ഉണ്ണി സാറില്‍ ഞാന്‍ കണ്ട സ്ഥായീഭാവം. യഥാര്‍ത്ഥ വായനയും പുസ്തകങ്ങളോടുള്ള അഭിനിവേശവും ഒരാള്‍ക്ക് നല്കുന്ന തിരിച്ചറിവുകളായിരിക്കാം ഇത്രയും ശാന്തവും സമാധാനപരവുമായ ലളിത ജീവിതത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
ഒരിക്കല്‍ ഉണ്ണി സാര്‍ കടയില്‍ നില്ക്കവേ ഒരു വിദേശ വനിത ഷോറൂമിന്റെ പുറത്ത് നിന്ന് എന്തോ വിളിച്ച് ചോദിച്ച് നിന്നു. ഷോറൂമില്‍ ഞാനും രാജേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞാനാണെങ്കില്‍ ഒരു കോണിയുടെ പുറത്ത് കേറി നിന്ന് ഏതോ പുസ്തകമെടുക്കുകയായിരുന്നു. രാജേഷ് ആണെങ്കില്‍ ലോറിക്ക് പുറകോട്ടെടുക്കാന്‍ സിഗ്നല്‍ നല്‍കും പോലെ അകത്തിരുന്ന് കൈമുട്ട് മടക്കി പിറകോട്ടും മുന്നോട്ടും ആട്ടി അവരെ അകത്തേക്ക് വിളിക്കുന്നുമുണ്ടായിരുന്നു. പക്ഷെ അവര്‍ അകത്തേക്ക് കയറാതെ പുറത്ത്നിന്ന് പകുതി വാതില്‍ തള്ളിത്തുറന്ന് 'ആര് യു എപെന്... ആര് യു എപെന്' എന്നിങ്ങനെ വിളിച്ചു ചോദിച്ചുകൊണ്ടിരുന്നു. ഇത് കേട്ട ഉണ്ണിസാര്‍ യെസ് എന്ന് പറഞ്ഞപ്പോഴാണ് അവര്‍ കടയിലേക്ക് കയറിയത്. കടയുടെ വാതിലിന്റെ പിടിയില്‍ ഓപ്പണ്‍ എന്നും അതിന്റെ മറുവശത്ത് സോറി വീ ആര് ക്ലോസ്ഡ് എന്നും എഴുതിയ ഒരു ബോര്‍ഡ് തൂക്കിയിട്ടുണ്ടായിരുന്നു. അബദ്ധവശാല്‍ ആരുടെയോ കൈ തട്ടി ബോര്‍ഡ് നേരെ തിരിഞ്ഞ് സോറി വീ ആര് ക്ലോസ്ഡ് എന്ന ഭാഗമായിരുന്ന പുറത്തേക്ക് കണ്ടുകൊണ്ടിരുന്നത്. അതിനാലാണ് അവര്‍ പുറത്ത് നിന്ന് ഈ പുകിലൊക്കെ ഉണ്ടാക്കിയത്. അവര്‍ ചോദിച്ചുകൊണ്ടിരുന്നത് ആര് യു ഓപ്പണ്‍ എന്നായിരുന്നു.
പുസ്തകശാലയില്‍ കയറിയാല്‍ ഇടത് വശത്ത് റാക്കില്‍ ഗ്രീറ്റിംഗ് കാര്‍ഡുകളും ഓഡിയോ കാസറ്റുകളും വില്പനയ്ക്കുണ്ടായിരുന്നു. ഈ വിദേശ വനിത കയറിവന്നപാടെ രാജേഷിനോട് ചോദിച്ചു. 'യു ആക്സെപ്റ്റ് ക്രെഡിറ്റ് കാര്‍ഡ്?'. അന്ന് ക്രെഡിറ്റ് കാര്‍ഡ് പോയിട്ട് ബാങ്ക് അക്കൗണ്ട് പോലുമില്ലാത്ത കാലം. രാജേഷ് ആകെ അങ്കലാപ്പിലായി. എന്തോ ഒരു കാര്‍ഡ് ആണല്ലോന്ന് കരുതി ഗ്രീറ്റിംഗ് കാര്‍ഡ് ഡിസ്പ്ലേ ചെയ്ത റാക്കില്‍ പരതാന്‍ തുടങ്ങി... കിട്ടില്ലാന്ന് ഉറപ്പായതോടെ അവരോടായി പറഞ്ഞു. 'വീ ഹാവ് ബര്‍ത്ത് ഡേ കാര്‍ഡ്, ന്യൂ ഇയര്‍ കാര്‍ഡ്, ക്രിസ്മസ് കാര്‍ഡ്. ബട്ട് നോ ദാറ്റ് കാര്‍ഡ്'... ഇത് കേട്ട് മിഴിച്ചു നിന്ന അവരോട് ഉണ്ണിസാറാണ് ആ ഫെസിലിറ്റി ഇവിടെ ഇല്ലാ എന്ന് പറഞ്ഞു ഞങ്ങളുടെ മാനം കാത്തത്.
ഒരു ഡോക്ടര്‍ എങ്ങിനെയായിരിക്കണമെന്നതിന് ഉദാത്ത മാതൃകയാണ് ഉണ്ണിസാര്‍. അദ്ദേഹം ലളിതജീവിതം നയിക്കുന്നു, രോഗികളോട് സഹനുഭൂതി കാണിക്കുന്നു, പണത്തിനോടുള്ള ആര്‍ത്തിയില്ല എന്നീ കാര്യങ്ങള്‍ക്കൊണ്ട് മാത്രമല്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഡോക്ടര്‍മാര്‍ ആരുംതന്നെ ഏതെങ്കിലും സമരത്തില്‍ പങ്കെടുക്കുകയോ തന്റെ ജോലി ചെയ്യാതിരിക്കുകയോ ചെയ്യരുതെന്നും ഒരു ഡോക്ടറുടെ മുന്നിലെത്തുന്ന ഏതൊരു വ്യക്തിയും സ്വതന്ത്രനായ വ്യക്തിയാണെന്നും താല്ക്കാലികമായ എന്തോ വൈഷമ്യം കൊണ്ടാണ് ആ വ്യക്തി തങ്ങളുടെ മുന്പിലിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ മനുഷ്യത്വമെന്ന മഹാസംസ്കൃതിയിലുംപ്രകൃതിയിലും പരിസ്ഥിതിയിലുമാണ് വിശ്വസിക്കേണ്ടതെന്നതുമെന്നുള്ള അദ്ദേഹത്തിന്റെ ബോധ്യം കൊണ്ടുകൂടിയാണ്.
നഗരത്തിലെ വളരെ പ്രശസ്തയായ ഒരു ഡോക്ടറെ കാണാനായി ഒരിക്കല്‍ ഞാനും എന്റെ ഭാര്യയും കൂടി പോയി. ഡോക്ടറെകണ്ടു തിരിച്ചുപോരുംവഴി ബുക്സ്റ്റാളില്‍ കയറിയിട്ട് പോകാമെന്നു കരുതി ഞങ്ങള്‍ രണ്ടുപേരും ബുക്ക് സ്റ്റാളിലെത്തി. ബുക്ക് സ്റ്റാളില്‍ ഉണ്ണിസാറുണ്ടായിരുന്നു. അതുമൊരു ബുധനാഴ്ച തന്നെയായിരുന്നു. വിശേഷങ്ങള്‍ തിരക്കുന്നതിനിടയില്‍ ഭാര്യയെ ഡോക്ടറെ കാണിച്ച വിവരവും എത് ഡോക്ടറെയാണ് കാണിച്ചതെന്നും ഉണ്ണിസാറിനോട് പറഞ്ഞു കേട്ടമാത്രയില്‍ തന്നെ അര്‍ത്ഥഗര്‍ഭമായൊന്ന് ഒന്ന് ചിരിച്ച് അദ്ദേഹം ആ പ്രശസ്ത ഡോക്ടര്‍ തന്ന 'ലിസ്റ്റ്' സാറിനെ ഒന്ന് കാണിക്കാന്‍ പറഞ്ഞു. അത് ശരിക്കും ഒരു ലിസ്റ്റ് തന്നെ ആയിരുന്നു സ്കാനിങ്ങും പലതരത്തിലുള്ള ടെസ്റ്റുകളും ടാബ്ലെറ്റുകളും ടോണിക്കും പ്രോട്ടീന്‍ പൗഡറും എന്തിന് കൗണ്‍സിലിംഗിന് പോലുമുള്ള നിര്‍ദേശം അതിലുണ്ടായിരുന്നു. അതെല്ലാംവായിച്ച് നോക്കി അദ്ദേഹം ഒന്നുകൂടി എന്നെ നോക്കി ചിരിച്ച് അതില്‍ അവശ്യം ചെയ്യേണ്ടിയിരുന്ന രക്തപരിശോധന മാത്രം നടത്താന്‍ നിര്‍ദ്ദേശിക്കുകയും കൂടാതെ ഗര്‍ഭം ധരിക്കുകയെന്നത് ഒരസുഖമല്ലെന്നും ഒരനുഗ്രഹമാണെന്നും സന്തോഷമായിരിക്കാനും പറഞ്ഞ് ഒരു സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ നിര്ദ്ദേ ശിച്ചത്തിനുശേഷമാണ് ഞങ്ങളെ വിട്ടത്. അദ്ദേഹം ധരിച്ച ഖദറിന്റെ ലാളിത്യവും പൊരുളും എന്റെയുള്ളില്‍ നിറയുന്നതായെനിക്കന്ന് തോന്നി.

ഒരിക്കലിദ്ദേഹം വളരെ അത്യാവശ്യമായി ഒരുകാര്യം പറയാനുണ്ടെന്ന് പറഞ്ഞു വിളിച്ചു. എന്താണെന്ന് അറിയാനായി എനിക്കും ആകാംക്ഷയായി. വളരെ ഗൗരവത്തോടെ അദ്ദേഹം പറഞ്ഞു 'എനിക്ക് കുറെ വൃക്ഷതൈകള്‍ വേണം എത്രയും പെട്ടന്ന്'. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ 'ഒരു കാട് ഉണ്ടാക്കാനാ' എന്നായിരുന്നു മറുപടി. ഞാന്‍ ചോദിച്ചു 'കാടോ എവിടെ?'. ഡോക്ടര്‍ക്ക് തലശ്ശേരിയില്‍ ദേശീയ പാതയോട് ചേര്‍ന്ന് സ്ഥലമുണ്ട് നല്ല വിലമതിക്കുന്ന സ്ഥലം. ഇത് ചില സ്ഥലകച്ചവടക്കാര് കണ്ണുവെക്കുകയും വില്‍ക്കുവാനായി പ്രേരിപ്പിക്കുകയും വില്‍ക്കില്ല എന്നറിഞ്ഞപ്പോള്‍ വാടകക്ക് കൊടുക്കുവാനും അതെല്ലെങ്കില്‍ ഫ്ളാറ്റ് നിര്‍മ്മാണത്തിന് നല്കുവാനുമായൊക്കെ നിരന്തരം വന്നുകാണുകയും ഫോണില്‍ വിളിച്ച് ബുദ്ധിമുട്ടിക്കുകയും ചെയ്തു. അപ്പൊ പിന്നെ കുറച്ച്ചുകാലത്തിനുശേഷം ചെയ്യാമെന്ന് കരുതിയ വനസ്ഥലി എന്ന ആശയം നേരത്തെയാകാമെന്നു കരുതി. ഒരു വലിയ പ്രകൃതി സ്നേഹിയായ മനുഷ്യസ്നേഹിക്ക് മാത്രമായുള്ള മാനസികാവസ്ഥ. ഈ സംസാരത്തിനിടയില്‍ ഒരു പ്രത്യേക മരത്തിന്റെ തൈ ഡോക്ടറുടെ വീട്ടില്‍ നാടുവാനായി കിട്ടുമോ എന്നും ചോദിച്ചു. കടും വയലറ്റ് നിറത്തില്‍ കുലകളായി തിങ്ങി നിറഞ്ഞു പൂക്കുന്ന ആ മരം 'പല പുസ്തകങ്ങളില്‍ നിന്നെക്കുറിച്ചുള്ള പരമാര്ത്ഥമെ ഞാന്‍ തിരഞ്ഞു'എന്ന് കവി വര്‍ണ്ണിച്ചതുപോലെ ഇന്നും ഞാന്‍ തിരഞ്ഞു കൊണ്ടിരിക്കുകയാണ്.
വീട്ടില്‍ പരിശോധനയില്ലാത്ത ഉണ്ണിസാറ് ജോലി സമയത്തിന് ശേഷം വായനയും, സംഗീതസ്വാദനവും, ചെടി പരിപാലനവുമാണ് പരിപാടി. പുല്ലും പുല്‍ച്ചാടിയും പൂക്കളും നിറഞ്ഞ, കപ്പയും വാഴയും വിളഞ്ഞു നില്ക്കുന്ന, ഇലഞ്ഞിയും ചെമ്പകവും പൂത്തുലഞ്ഞ നഗരത്തിലെ പച്ചതുരുത്തായ പറമ്പില്‍ 'സിന്ദൂര'മെന്ന വീട്ടിനകത്ത് എം ടി യുടെയും ബഷീറിന്റെയും തകഴിയുടെയും തുടങ്ങി മലയാളത്തിലെയും ഇംഗ്ലീഷിലെയും പുസ്തകങ്ങളും കര്‍ണാടക സംഗീതത്തിലെയും ഹിന്ദുസ്ഥാനി സംഗീതത്തിലെയും കലാതിവര്‍ത്തിയായ രാഗങ്ങളും ചേര്‍ന്ന് വീടിന്നകവും പുറവും ഒരുപോലെ നിത്യഹരിതമായി നിലകൊള്ളുന്നു.
Content Hghlights: The Books Memories by M Siddharthan Book Man Show part Eight Harry Potter