ര്‍ഷത്തില്‍ മൂന്നോ നാലോ തവണയെങ്കിലും മദ്രാസില്‍ പോകുക പതിവായിരുന്നു. ഈ യാത്രകള്‍ പൊതുവെ വൈകീട്ടത്തെ മദ്രാസ് മെയിലാണ് നടത്താറുള്ളത്. എന്നാല്‍ ഒരിക്കല്‍ ഞങ്ങളുടെ പുസ്തകശാലയിലേക്ക് കുറെയേറെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ ആവശ്യമായതിനാല്‍ അന്ന് പെട്ടെന്നൊരു പോക്ക് തരപ്പെടുത്തേണ്ടി വന്നു. മദ്രാസ് മെയിലില്‍ ടിക്കറ്റ് കിട്ടിയില്ല കോയമ്പത്തൂരില്‍ നിന്നും പോകുന്ന ഒരു വണ്ടിയിലാണ് റിസര്‍വേഷന്‍ കിട്ടിയത് കോഴിക്കോട്ടുനിന്നും പോകുന്ന കോയമ്പത്തൂര്‍ പാസ്സഞ്ചറിന്റെ കണക്ഷന്‍ ട്രെയിന്‍ ആയിരുന്നു അത്. ഉപ്പും മുളകുപൊടിയും വിതറി നീളത്തില്‍ മുറിച്ച കൈതച്ചക്കയും കക്കിരിയും തിന്ന് കരിയിലയുടെ മണമുള്ള പാലക്കാടന്‍ കാറ്റും കൊണ്ട് ഉച്ചയോടെ കോയമ്പത്തൂരിലെത്തി.

വണ്ടി ഇരുപത് മിനുട്ടോളം വൈകിയായിരുന്നു കോയമ്പത്തൂരെത്തിയത്. ഇറങ്ങിയ ഉടനെ തന്നെ മദ്രാസ്സിലേക്കുള്ള വണ്ടിയന്വേഷിച്ച് നടന്നു. പക്ഷെ കൂട്ടുകെട്ട് വണ്ടിയെ കാത്തുനില്‍ക്കാതെ എക്‌സ്പ്രസ്സ് വണ്ടി പോയിക്കഴിഞ്ഞിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ ബാഗും തോളില്‍ തൂക്കി അങ്ങോട്ടുമിങ്ങോട്ടും നടന്നു. പലതവണ മദ്രാസില്‍ പോയിട്ടുണ്ടെങ്കിലും ഇത്തരമൊരവസ്ഥ ആദ്യമായിട്ടായിരുന്നു. ഞാനും മറ്റൊരാളും മാത്രമേ ആ പ്ലാറ്റ്ഫോമില്‍ അപ്പോള്‍ ബാക്കിയായിരുന്നുള്ളൂ.. ആപ്പുകളോ വൈഫൈ സംവിധാനങ്ങളോ എന്തിന് മൊബൈല്‍ ഫോണ്‍ പോലുമില്ലാത്ത കാലം. ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ലക്ഷ്യമാക്കി നടന്നു തുടങ്ങവേ പ്ലാറ്റ്ഫോമില്‍ ഉണ്ടായിരുന്ന മറ്റെയാള്‍ എന്റെ അടുത്തേക്ക് വന്ന് 'ഇങ്ങള് മദ്രാസ്സിലേക്കാ' എന്ന് ചോദിച്ചു. അതെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അദ്ദേഹവും അങ്ങോട്ടുതന്നെയാണെന്നു പറഞ്ഞു.
കണക്ഷന്‍ വണ്ടിയെ വിശ്വസിക്കരുതെന്നും നിശ്ചിത സമയത്തിനപ്പുറം അതിനെ കാത്തു നില്‍ക്കാന്‍ ബാധ്യതയില്ലാത്ത തിരക്കുപിടിച്ച, അകല്‍ച്ചയിലുള്ള ബന്ധുവാണ് എക്‌സ്പ്രസ്സ് വണ്ടിയെന്നും തമാശരൂപേണ അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തോടൊപ്പം ഞാനും നടന്നു സ്റ്റേഷന്‍ മാസ്റ്ററുടെ അരികിലേക്കാണ് പോയത്. സ്റ്റേഷന്‍ മാസ്റ്ററും ഇതേകാര്യം തന്നെയാണ് റയില്‍വെയുടെ നിയമാനുസൃത ഭാഷയില്‍ ഞങ്ങളോട് പറഞ്ഞത്. കൊച്ചിയില്‍നിന്നും മദ്രാസ് വഴിപോകുന്ന മറ്റൊരു വണ്ടി കുറച്ചുസമയത്തിനു ശേഷം വരാനുണ്ടെന്നും ഞങ്ങളുടെ പക്കലുള്ള അതെ ടിക്കറ്റ് വച്ച് യാത്രചെയ്യാമെന്നും വലിയ തിരക്കില്ലാത്ത ട്രെയിനായതിനാല്‍ ബര്‍ത്തും അനുവദിച്ചു കിട്ടുമെന്നും നന്മയുള്ള ആ മനുഷ്യന്‍ ഞങ്ങളോടു പറഞ്ഞു.  

വന്നുപെട്ട ഗതികേടിനെക്കുറിച്ചോർത്ത് പരിതപിച്ചും റെയില്‍വേയെ പഴിച്ചും ഞങ്ങളിരുവരും പ്ലാറ്റുഫോമിലെ ചൂടുള്ള സിമന്റ് ബഞ്ചില്‍ ഇരുന്നു. ഇരുനിറവും അധികം ഉയരമില്ലാത്തതുമായ പ്രകൃതക്കാരനായിരുന്നു അദ്ദേഹം. ഒത്ത അളവിലുള്ള ഒരു പാന്റും ഷര്‍ട്ടും ആയിരുന്നു വേഷം. കയ്യില്‍ ബ്രൗണ്‍ നിറത്തിലുള്ള ഒരു സ്യൂട്ട്കെയ്‌സും ഉണ്ടായിരുന്നു. കുറച്ചുനേരത്തെ സംസാരംകൊണ്ട് അദ്ദേഹമെന്റെ വിവരങ്ങളൊക്കെ ചോദിച്ചുമനസ്സിലാക്കി. അദ്ദേഹം എടരിക്കോട് (മലപ്പുറം) കാരനാണെന്നും മദ്രാസ്സില്‍ അദ്ദേഹത്തിന്റെ ചേട്ടനൊപ്പം ഹോട്ടല്‍ നടത്തുകയാണെന്നും എന്നോട് പറഞ്ഞു. അദ്ദേഹം ചായ വാങ്ങിച്ചു തന്നു സംസാരവും തുടര്‍ന്നു. ഇടയ്‌ക്കെപ്പോഴോ എനിക്കെന്തോ മനസ്സില്‍ ചില സംശയങ്ങള്‍ വന്നു തുടങ്ങി. ട്രെയിന്‍ വന്നു ഞാനും അദ്ദേഹവും ഒരുമിച്ച് ട്രെയിനില്‍ കയറി. കാര്യങ്ങളൊക്കെ ടി.ടിയോട് അദ്ദേഹം തന്നെ വിശദീകരിക്കുകയും ഞങ്ങള്‍ക്കിരുവര്‍ക്കുമുള്ള ബെര്‍ത്ത് ഒപ്പിച്ചെടുക്കുകയും ചെയ്തു.

വീണ്ടും ചായയും സംസാരവും കൂടാതെ കയ്യിലുള്ള ബാഗ് സൂക്ഷിച്ചുവെക്കാനുള്ള നിര്‍ദ്ദേശവും കൂടെ കേട്ടപ്പോള്‍ എന്റെ സംശയം വീണ്ടും കൂടാന്‍ തുടങ്ങി. വണ്ടി രാത്രി പന്ത്രണ്ടു മണിക്ക് ശേഷമേ മദ്രാസ്സിലെത്തുകയുള്ളു എന്നും അതിനാല്‍ ഇപ്പൊ ഉറങ്ങിക്കൊള്ളു എന്നുള്ള ഉപദേശവും കൂടിയായപ്പോള്‍ എന്റെ മനസ്സ് ചിലകാര്യങ്ങള്‍ ഉറപ്പിച്ചു കഴിഞ്ഞിരുന്നു. ഉറങ്ങണമെന്നാഗ്രഹിച്ചാല്‍ പോലും ഉറങ്ങാന്‍ പറ്റാത്ത അവസ്ഥയിലുമായി ഞാന്‍. ഈറോഡും സേലവും ആര്‍ക്കോണവും താണ്ടി പുലര്‍കാലവേളകളിലെ മനംമടുപ്പിക്കുന്ന പതിവുകാഴ്ചകള്‍ക്ക് വിപരീതമായി ഇരുട്ടെന്ന മൂടുപടം കാഴ്ചയെ മറച്ചുകൊണ്ട് പെരംബൂരും ബേസിന്‍ ബ്രിഡ്ജ് സ്റ്റേഷനും കടന്ന് മുന്നോട്ടുപോയി. രാത്രി പന്ത്രണ്ടര മണിയോടെ മദ്രാസ് സെന്‍ട്രല്‍ സ്റ്റേഷന്റെ പത്താം നമ്പര്‍ പ്ലാറ്റ്ഫോമില്‍ തീവണ്ടി എന്‍ജിന്‍ പതിഞ്ഞ താളത്തില്‍ പ്ലാറ്റ് ഫോമിന്റെ മുന്‍വശത്തെ ഉരുക്കു ദണ്ഡില്‍ അമര്‍ന്നു നിന്നു. 
 
ഉറങ്ങാത്ത ഞാന്‍ ശ്രദ്ധയോടെ ബാഗും താങ്ങി വണ്ടിയില്‍ നിന്നും ഇറങ്ങി തൊട്ടു പിന്നില്‍ അദ്ദേഹവും. സെന്‍ട്രല്‍ സ്റ്റേഷന്റെ വിശാലമായ ഹാളില്‍ എത്തിയപ്പോള്‍ അദ്ദേഹമെന്നോട് പറഞ്ഞു 'ഈ അസമയത്ത് ഓട്ടോ മാത്രമേ കാണൂ.. അതിലുള്ള യാത്ര അപകടമാണ്. നമുക്ക് ഇവിടെയിരിക്കാം അഞ്ചുമണിക്ക് ബസ്സ് സര്‍വീസ് തുടങ്ങും എന്നിട്ട് പോകുന്നതാണ് സേഫ്' എന്റെയുള്ളില്‍ വീണ്ടും സംശയങ്ങള്‍... അപ്പോഴേക്കും അദ്ദേഹം അരികിലെ കടയില്‍ നിന്നും കാപ്പിയും വാങ്ങി വന്നു കഴിഞ്ഞിരുന്നു. രണ്ട് കസേരകളില്‍ ഞങ്ങള്‍ ഇരിപ്പുറപ്പിച്ചു. സംശയങ്ങളും ഉറക്കക്ഷീണവും കാരണം വല്ലാതെ അവശനായിരുന്നു ഞാന്‍. എന്തായാലും വരുന്നിടത്ത് വച്ചുകാണാം എന്നുറപ്പിച്ചു.

ഞങ്ങളിരിക്കുന്നതിനു മുന്‍പില്‍ മുഷിഞ്ഞ വേഷധാരിയായ ഒരു പയ്യനും അവന്റെ അടുത്തായി ഒരു പട്ടിയും കിടപ്പുണ്ടായിരുന്നു. നേരം ഏതാണ്ട് നാലുമണിയായി അപ്പോഴേക്കും ഞങ്ങള്‍ക്കിരുവശമുള്ള എല്ലാ സീറ്റുകളും ആളുകളെ കൊണ്ട് നിറഞ്ഞിരുന്നു. മുല്ലപ്പൂവിന്റെയും കനകാംബരപ്പൂക്കളുടെയും ഗന്ധം ഹാളില്‍ നിറഞ്ഞു. നിറം മങ്ങിയ നിലാവുപോലെ ഇടയ്ക്ക് വന്നുപോകുന്ന ട്രെയിനുകളുടെ ഹെഡ് ലാംപ് മിന്നി തെളിയുകയും വിദൂരതയിലേക്ക് മാഞ്ഞുപോവുകയും ചെയ്തുകൊണ്ടിരുന്നു. ഞങ്ങളിരുന്ന കസേരക്ക് അടുത്തുള്ള ഒരു കസേരയില്‍ മാത്രം ആളുകളിരുന്നില്ല. ആ കസേരയില്‍ മറിഞ്ഞ നിലയില്‍ ഒരു ചായ ഗ്‌ളാസ്സും അതില്‍നിന്നും പുറത്തേക്കൊഴുകിയ ചായയും ഉണ്ടായിരുന്നു.

നാലരമണിയോടെ ഖദര്‍ധാരിയായ വലിയശരീരമുള്ള ഒരു മനുഷ്യന്‍ ആ കസേരക്കടുത്തേക്ക് വരികയും എന്നാല്‍ കസേരയില്‍ ചായ മറിഞ്ഞത് കണ്ടപ്പോള്‍ അതിലിരിക്കാതെ തറയില്‍ കിടക്കുന്ന പയ്യനോട് ആജ്ഞാപിക്കും വിധം കസേര തുടക്കാന്‍ കല്പിക്കുകയും ചെയ്തു. പാവം പയ്യന്‍ മുഷിഞ്ഞു കീറിയ തന്റെ ഷര്‍ട്ട് ഊരി ആ കസേര തുടച്ചു വൃത്തിയാക്കി അയാള്‍ക്കുനേരെ കൈനീട്ടി നിന്നു. നീട്ടിയ കയ്യിലേക്ക് ഒരു നാണയ തുട്ട് നല്‍കുന്നതിന് പകരം ആ മനുഷ്യന്‍ തമിഴില്‍ എന്തോ തെറിവിളിച്ച് ആ പയ്യനെ നിഷ്‌കരുണം ആട്ടിയകറ്റി. എനിക്കൊട്ടും സഹിക്കാന്‍ പറ്റാത്തതായിരുന്നു അത്. ആ മനുഷ്യനെ അടിക്കുവാനാണ് എനിക്കപ്പോള്‍ തോന്നിപ്പോയത്. എന്റെ കൂടെയുണ്ടായിരുന്ന അദ്ദേഹവും ഇതെല്ലം കാണുന്നുണ്ടായിരുന്നു. അദ്ദേഹം ആ പയ്യനെ വിളിച്ച് പോക്കറ്റില്‍ നിന്നും പത്തുരൂപ നോട്ടെടുത്ത് അവനു കൊടുത്തു. അവന്റെ കണ്ണുകള്‍ തിളങ്ങി പത്തു രൂപയും വച്ച് അവനോടി കാപ്പിക്കടയില്‍ നിന്നും കാപ്പിയും ഒരു ബണ്ണും വാങ്ങി സന്തോഷത്തോടെ തിരിച്ചുവന്നു. തന്റെ അരികില്‍ കിടന്നിരുന്ന പട്ടിക്ക് കയ്യിലിരുന്ന ബണ്ണില്‍ നിന്നും ഒരു കഷ്ണം മുറിച്ചുകൊടുത്തു. പട്ടി വാലാട്ടിക്കൊണ്ട് ബണ്ണും തിന്ന് വീണ്ടും ഉറങ്ങാന്‍ തുടങ്ങി. മനുഷ്യത്വമുള്ള ആളാണ് താന്‍ സംശയത്തോടെ കാണുന്ന കഥാപാത്രം എന്നു മനസ്സിലായി.

നേരം അഞ്ചുമണിയായി അദ്ദേഹമെന്നോട് പറഞ്ഞു ഇനി നമുക്ക് പോകാം. എന്നിട്ടെന്നോട്  ചോദിച്ചു നിങ്ങള്‍ റൂം ബുക്ക് ചെയ്തിട്ടുണ്ടോ? ഞാന്‍ പറഞ്ഞു ''ഇവിടെ രാമകൃഷ്ണ ലോഡ്ജിലാണ് താമസിക്കാറ്. പരിചയമുള്ളതോണ്ട് ബുക്ക് ചെയ്യണ്ടാ ഞാന്‍ പൊയ്‌ക്കൊള്ളാം''. അദ്ദേഹം പറഞ്ഞു ''എന്നാ ഒരു കാര്യം ചെയ്യ് ഇങ്ങള് ന്റെ കൂടെ വാ അവിടെ വന്നു ഫ്രഷ് ആയിട്ട് പോകാം''. വീണ്ടും സംശയം തോന്നിയെങ്കിലും അദ്ദേഹത്തെ അവഗണിക്കാന്‍ എനിക്ക് തോന്നിയില്ല. അപ്പോഴേക്കും ഞങ്ങള്‍ സെന്‍ട്രല്‍ സ്റ്റേഷന്റെ മറുവശത്തെ ബസ്റ്റോപ്പില്‍ എത്തിയിരുന്നു. അദ്ദേഹം തന്നെ ടിക്കറ്റെടുത്ത് ഞങ്ങള്‍ ചെപ്പോക് സ്റ്റേഡിയത്തിനടുത്തെ വിടെയോ ഇറങ്ങി കുറച്ചുദൂരം നടന്ന് അദ്ദേഹത്തിന്റെ ഹോട്ടലിന്റെ മുന്‍വശത്തെത്തി.

ഹോട്ടലില്‍ പ്രവൃത്തികള്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.എന്നെക്കൂട്ടി അദ്ദേഹം മുകള്‍ നിലയിലേക്ക് കയറി അവിടെനിന്നും മറ്റൊരു കോണിപ്പടി കയറി ഒരുമുറിയുടെ മുന്‍വശത്തെത്തി. മുറി തുറന്നു അകത്തേക്ക് വന്നുകൊള്ളാന്‍ പറഞ്ഞു. മുറിയിലേക്കു കയറിയതും എന്റെ എല്ലാ സംശയങ്ങളും അസ്ഥാനത്താണെന്നും ഞാന്‍ മനസ്സുകൊണ്ട് അവിശ്വസിച്ചു പോയ മുഹമ്മദിക്കയോട് എന്തെന്നില്ലാത്ത സ്‌നേഹവും കടപ്പാടും ഇഷ്ടവും തോന്നി. മറ്റൊന്നുംകൊണ്ടുമല്ല ഞാന്‍ കയറിയ ആ മുറിയിലെ ഒരു ഷെല്‍ഫ് നിറയെ പുസ്തകങ്ങളായിരുന്നു. ബഷീറിന്റെ സമ്പൂര്‍ണ കൃതികളും എസ്.കെയുടെ സഞ്ചാര സാഹിത്യവും കെ.പി കേശവമേനോനോന്റെ നാം മുന്നോട്ടും നെഹ്രുവിന്റെ ഇന്ത്യയെ കണ്ടെത്തലും ഗാന്ധിയുടെ പുസ്തകങ്ങളും എന്നുവേണ്ട മലയാളത്തിലെ ഒട്ടുമിക്ക മികച്ച കൃതികളും അവിടെയുണ്ടായിരുന്നു.
എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി തളര്‍ന്നു. എനിക്കൊന്നും പറയാനും പറ്റാതായി. കുളിച്ച് വസ്ത്രം മാറി വീണ്ടും പുസ്തകങ്ങളിലേക്ക് ഒന്ന് കൂടി നോക്കി മനസ്താപത്തോടെ പടികളിറങ്ങി. താഴെ ഹോട്ടലില്‍ എത്തുമ്പോള്‍ മുഹമ്മദിക്കയും അദ്ദേഹത്തിന്റെ ചേട്ടനും എനിക്കായി നല്ല ചൂട് അപ്പവും കറിയും ചായയും തയ്യാറാക്കി കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ഉള്ളില്‍ വേദനയോടെയാണെങ്കിലും ഇഷ്ടത്തോടെ ഞാനത് മനസ്സ് നിറഞ്ഞു കഴിച്ചു. മുഹമ്മദിക്ക തന്നെ അവരുടെ സ്ഥിരം ഓട്ടോക്കാരനെ വിളിച്ച് എന്നെ രാമകൃഷ്ണ ലോഡ്ജില്‍ എത്തിക്കാന്‍ പറഞ്ഞ് യാത്രയാകുമ്പോള്‍ ഒരു കാര്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ 'മുമ്മദിക്കാ നാട്ടില്‍ വരുമ്പോ കോഴിക്കോട്ടേക്ക് വരണേ...' തീര്‍ച്ചയായും വരുമെന്ന് പറയുകയും പിന്നീടൊരിക്കല്‍ വരികയും ചെയ്തു.

റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആ പയ്യനോട് മുഹമ്മദിക്ക മനുഷ്യത്വം കാണിച്ചപ്പോള്‍ പയ്യനോടാജ്ഞാപിച്ച മനുഷ്യനോട് എതിര്‍ക്കാനാണ് എനിക്കുതോന്നിയത്. അപ്പോഴെങ്കിലും ഞാന്‍ നിങ്ങളിലെ യഥാര്‍ത്ഥ മനുഷ്യനെ തിരിച്ചറിയേണ്ടതായിരുന്നു എന്നാല്‍ ഓരോ സമയത്തും നിങ്ങളെന്നോട് കാണിച്ച സഹജീവി സ്‌നേഹത്തെ ഞാന്‍ സംശയത്തോടെ ദര്‍ശിച്ചു. നിങ്ങളുടെ ഉള്ളിലെ നന്മ തിരിച്ചറിയുന്നതില്‍ ഞാന്‍ പരാജിതനായി. എന്റെയോര്‍മ്മകളിലെ എക്കാലവും തങ്ങി നില്‍ക്കുന്ന മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃകയുമാണ് പ്രിയ മുഹമ്മദിക്ക നിങ്ങള്‍..

Content Highlights: Book Man show column by M Sidharthan