ഗരമധ്യത്തിലെ വീതിയേറിയ തിരക്കുള്ള റോഡ് മുറിച്ചുകടന്ന് അയാള്‍ വരുമ്പോള്‍ ഞാന്‍ പുസ്തകപ്രദര്‍ശന ഹാളില്‍ പുസ്തകങ്ങള്‍ അടുക്കിക്കൊണ്ടിരിക്കുകയായിരുന്നു. പ്രവേശനകവാടത്തിനരികിലെ ബില്ലിംഗ് കൗണ്ടറില്‍ സഹപ്രവര്‍ത്തകരിലൊരാള്‍ ഇരിക്കുന്നുമുണ്ടായിരുന്നു. പുസ്തകപ്രദര്ശനം ലക്ഷ്യമാക്കിയാണ് അദ്ദേഹത്തിന്റെ വരവ് എന്ന് മനസ്സിലാക്കിയ സഹപ്രവര്‍ത്തകന്‍ എന്നോട് പറഞ്ഞു. 'നിങ്ങള് തന്നെ ഒന്ന് ഡീല്‍ ചെയ്യൂ'. ഞാന്‍ നോക്കുമ്പോഴുണ്ട് ആറടിയോളം പൊക്കം വരുന്ന, വെളുത്തു തുടുത്തു അരോഗദൃഢഗാത്രനായ ഒരു സായിപ്പ് പുസ്തകോത്സവത്തിലേക്ക് നടന്നടുക്കുന്നു. സഹപ്രവര്‍ത്തകന്‍ ബില്ലിംഗ് കൗണ്ടറില്‍ നിന്നും എഴുന്നേറ്റ് ഒരുവശത്തേക്ക് മാറി നിന്നു.
 
മനസ്സില്‍ ഇംഗ്ലീഷ് വാക്കുകളൊക്കെ പരതിക്കൊണ്ട് സധൈര്യം ഞാനദ്ദേഹത്തെ വരവേറ്റു. ഹലോ സര്‍ വെല്‍ക്കം... ഹൌ ആര്‍ യു സര്‍ എന്നൊക്കെ പറയാന്‍ തുടങ്ങും മുന്‍പേ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. 'ഞാനീ ബാഗ് ഒന്നിവിടെ വെച്ചോട്ടെ' നല്ല പച്ചമലയാളത്തില്‍...! മലയാളം എവിടെയോ മാറ്റിവെച്ച് ഇംഗ്ലീഷിനായി പരതുന്ന എന്റെയുള്ളില്‍ നിന്നുള്ള മറുപടി 'യെസ് സര്‍ പ്‌ളീസ്' എന്നായിരുന്നു. അമ്പരന്ന് നിന്നുപോയി ഞാന്‍... മനസ്സില്‍നിന്ന് ഇംഗ്ലീഷ് മാഞ്ഞുതുടങ്ങും മുന്‍പേ സഹപ്ര വര്‍ത്തകന്റെ അദ്ദേഹത്തോടായുള്ള 'ഏത് ബുക്കാണ് സാര്‍ വേണ്ടത്' എന്ന ചോദ്യവും 'ഞാനൊന്നു നോക്കിക്കോട്ടെ' എന്ന ഉത്തരം കൂടികേട്ടപ്പോള്‍ ശരിക്കും പകച്ചുപോയി ഞാന്‍...

പിന്നീടങ്ങോട്ട് ഞങ്ങളുടെ പുസ്തകശാലയിലെ സ്ഥിരം സന്ദര്ശകനും ഒരു നല്ല സുഹൃത്തുമാവുകയായിരുന്നു അമേരിക്കക്കാരനായ ശ്രീ ഡൊണാള്‍ഡ് ആര്‍ ഡേവിസ് ജൂനിയര്‍ എന്ന പ്രിയ ഡോണ്‍. ഇന്നദ്ദേഹം ടെക്‌സാസ് യൂണിവേഴ്‌സിറ്റിയുടെ ഓസ്റ്റിനിലെ ഏഷ്യന്‍ സ്റ്റഡീസിന്റെ പ്രൊഫെസ്സര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. കേരളം വിട്ടുപോകുന്നത് വരെയും അതിനു ശേഷവും കുറെക്കാലം ബന്ധമുണ്ടായിരുന്നു. കാഴ്ച പരിമിതിയുള്ള അമേരിക്കയിലെ തന്റെ അധ്യാപകനെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹമാണ് സംസ്‌കൃതവും മലയാളവും ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ചും പഠിക്കാനായി പ്രേരിപ്പിച്ചതെന്നും ഡോണ്‍ പറഞ്ഞതായോര്‍ക്കുന്നു. കേരളത്തില്‍ നിന്ന് പോയ ശേഷം ഇദ്ദേഹം വിസ്‌കോണ്‍ സിന്‍ യൂണിവേഴ്‌സിറ്റിയിലും, മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലും ബക്ക്‌നെല്‍ യൂണിവേഴ്‌സിറ്റിയിലും പ്രവര്‍ത്തിച്ചു.

ഒരു ദിവസം പുസ്തകശാലയിലെത്തിയ ഇദ്ദേഹം മലയാളത്തിലെ പ്രധാന എഴുത്തുകാരെയും അവരുടെ എഴുത്തിനെപ്പറ്റിയും ചോദിച്ചറിഞ്ഞു. കുറച്ചു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുവാനും പറഞ്ഞു. അതനുസരിച്ച് മലയാളത്തിലെ പ്രഗത്ഭരായ എഴുത്തുകാരെക്കുറിച്ചും അവരുടെ കൃതികളെ കുറിച്ചും ഞാനദ്ദേഹത്തോട് സംസാരിക്കുകയും കുറച്ചു പുസ്തകങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ബഷീറും, എം ടി യും, തകഴിയും, പൊറ്റെക്കാടും, ഒ വി വിജയനും, ടി പദ്മനാഭനും, ആനന്ദും, എം മുകുന്ദനും തുടങ്ങി നമ്മുടെ പ്രിയ എഴുത്തുകാരെല്ലാം അതിലുള്‍പ്പെട്ടിരുന്നു. അന്നദ്ദേഹം മൂന്നോ നാലോ പുസ്തകങ്ങള്‍ വാങ്ങിക്കുകയും ചെയ്തു. 

അന്യദേശക്കാര്‍ മലയാള സാഹിത്യത്തെയും എഴുത്തിനെയും കുറിച്ച്  ചോദിച്ചറിയുമ്പോള്‍ എന്തോ വല്ലാത്തൊരു ആവേശമാണ്... പ്രത്യേകിച്ചും എന്തുകൊണ്ടും ലോകസാഹിത്യത്തില്‍ നിലവിലുള്ളതിനേക്കാള്‍ മലയാള സാഹിത്യം ശ്രദ്ധിക്കപ്പെടേണ്ടതാണെന്നും അതിനായി ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍കേസിന്റെയും മരിയോ വര്‍ഗാസ് യോസയുടേയുമെല്ലാം പുസ്തകങ്ങള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത ഗ്രിഗറി റബാസ്സയെയോ ഇഡിത് ഗ്രോസ്സ്മാനെയോ പോലുള്ള വിവര്‍ത്തകരുണ്ടാവേണ്ടതാണെന്നും എനിക്ക് തോന്നിപ്പോവാറുണ്ട്.

ഇങ്ങനെ ഒരു കുറിപ്പെഴുതുന്നു എന്നറിയിക്കുവാനായി ഡോണിനെ ബദ്ധപ്പെടാനാവുമോ എന്ന് ഇന്റര്‍നെറ്റില്‍ പരതവേ ഇദ്ദേഹം എം മുകുന്ദന്റെ ചെറുകഥകള്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തതായി കണ്ടെത്തുവാന്‍ കഴിഞ്ഞു. ദി ട്രെയിന്‍ ദാറ്റ് ഹാഡ് വിങ്സ് (The train that had wings) എന്ന പേരില്‍ അമേരിക്കയിലെ സെന്റേഴ്‌സ് ഫോര്‍ സൗത്ത് ആന്‍ഡ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ സ്റ്റഡീസ് ആണ് ഈ പുസ്തകം 2005 ല്‍ പബ്ലിഷ് ചെയ്തത്. അതിന്റെ മുഖവുരയില്‍ ഡോണ്‍ എഴുതിവച്ചിരിക്കുന്നത് ഇങ്ങിനെയാണ് I first began to read Mukundan's short stories in 1995 on a recommendation from a local bookseller in Calicut...! കോഴിക്കോട്ടെ പുസ്തകശാലയില്‍ നിന്നും മുകുന്ദന്റെ പുസ്തകങ്ങളെ പരിചയപ്പെടുത്തിയതും വാങ്ങിപ്പിച്ചതും ഈ കുറിപ്പെഴുതുന്ന ഞാന്‍ തന്നെയാണ് പ്രിയ ഡോണ്‍.
  
ഡോണ്‍ പണ്ടെനിക്കൊരു കത്തുയച്ചിരുന്നു. നല്ല തെളിഞ്ഞ മലയാളത്തില്‍. കെ.കെ.എന്‍ കുറുപ്പിന്റെ കൂടാളി ഗ്രന്ഥവരി എന്ന കോഴിക്കോട് സര്‍വകലാശാല പ്രസിദ്ധീകരിച്ച പുസ്തകവും മറ്റൊരു പുസ്തകവും കിട്ടുമോ എന്നന്വേഷിക്കാനും പറ്റുമെങ്കില്‍ അയച്ചുകൊടുക്കാനും അഭ്യര്‍ഥിക്കുന്നതായിരുന്നു ആ കത്ത്. കുറേക്കാലം ഒരു അപൂര്‍വ വസ്തുവിനെ പോലെ എന്റെ പേഴ്‌സിനകത്ത് ആ കത്ത് ഞാന്‍ കൊണ്ടുനടക്കുകയും പലരെയും കാണിക്കുകയും ചെയ്യുമായിരുന്നു. ആ പേഴ്സ് ഒരു മുംബൈ സന്ദര്‍ശനവേളയില്‍ ആരോ തട്ടിയെടുത്തു. അതിനകത്തുണ്ടായിരുന്നത് ഒരു ചെറിയതുകയും എനിക്കേറെ പ്രിയപ്പെട്ട ആ കത്തുമായിരുന്നു. എന്നോടൊപ്പം ഏറെ സഞ്ചരിച്ചിരുന്ന ആ പേഴ്സും പ്രിയപ്പെട്ട ഡോണിന്റെ കൈപ്പടയിലുള്ള, ആത്മ ബന്ധം കൊണ്ട് കനംവെച്ച ആ കത്തും മുംബൈയുടെ തെരുവോരങ്ങളിലെവിടെയോ അനാഥമായി കിടപ്പുണ്ടാവും. ക്ഷമിക്കണം പ്രിയ ഡോണ്‍ എനിക്കൊരു കത്തുകൂടിവേണം കാത്തുവെക്കാന്‍ മലയാളിയാണെന്നഭിമാനിക്കാന്‍.

Content Highlights: Book Man show column by M Sidharthan