'എന്താണ് പദ്മക്ക് പറ്റിയത്? 2017 ജനുവരി 23 ന് കരീമുല്‍ ഹഖ് വളരെ അസ്വസ്ഥനായിരുന്നു. തന്റെ വഴികാട്ടിയും ഊര്‍ജ്ജവുമായിരുന്ന സുഹൃത്ത് ഡോക്ടര്‍ ഖിതന്‍ ബര്‍മന്‍ ഒരു കാറപകടത്തില്‍പ്പെട്ടു ജീവനോട് പൊരുതുന്ന വിവരമറിഞ്ഞതായിരുന്നു അതിനുകാരണം. അതീവ ദുഃഖിതനായ അദ്ദേഹത്തെ തേടി കുറച്ചു സമയത്തിന് ശേഷം മറ്റൊരു ഫോണ്‍ കോള്‍ വന്നു. അത് ഇപ്രകാരമായിരുന്നു. 'ആപ് ജല്‍പായ് ഗുരി കെ ബൈക്ക് ആംബുലന്‍സ് ദാദാ ഹെ? (താങ്കള്‍ ജല്‍പായ് ഗുരിയിലെ ബൈക് ആംബുലന്‍സ് ദാദയാണോ). അതെയെന്നു പറഞ്ഞ അദ്ദേഹത്തോടായി വിളിച്ചയാള്‍ പറഞ്ഞു. ''ബധായ് ഹൊ,ആപ്‌കോ പദ്മശ്രീ മില്‍നെ വാലെ ഹെ'' (താങ്കളെ പദ്മശ്രീക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്). തന്റെ ബൈക്ക് ആംബുലന്‍സിനായി വിളിച്ച ആരോ ആണെന്ന് കരുതി അദ്ദേഹം ചോദിച്ചു. 'എന്താണ് പദ്മക്ക് പറ്റിയത്? നിങ്ങള്‍ പദ്മയുടെ ആരാണ്? രാഷ്ട്രപതി ഭവനില്‍ നിന്നും വിളിച്ച ആ ഉദ്യോഗസ്ഥന്‍ പദ്മശ്രീയെ കുറിച്ച് വിവരിക്കാന്‍ തുടങ്ങിയതും പ്രിയ സുഹൃത്തിന്റെ അപകടത്തില്‍ വ്യഥിതനായ കരീമുല്‍ അദ്ദേഹത്തെ കൂടുതല്‍ വിശദീകരണത്തിന് വിടാതെ പറഞ്ഞു 'ആ പെണ്‍കുട്ടിയെ ഇവിടെയെത്തിക്കൂ അവളുടെ മെഡിക്കല്‍ ട്രീറ്റ്‌മെന്റ് ഞാനേറ്റു'.
നിമിഷങ്ങള്‍ക്കകം നാടിന്റെ പലഭാഗത്തുനിന്നുള്ള പത്രക്കാരും ചാനലുകാരും വിളിക്കുകയും ടെലിവിഷനില്‍ തന്റെ പേരും ചിത്രങ്ങളും കണ്ടു തുടങ്ങിയതിനും ശേഷമാണ് തനിക്ക് ലഭിച്ചിരിക്കുന്നത് വലിയ അംഗീകാരവും ശ്രേഷ്ഠമായ പുരസ്‌കാര വുമാണെന്ന് കരീമുലും തിരിച്ചറിഞ്ഞത്. ആ നിമിഷം മരിച്ചുപോയ ഉമ്മയെയും മരണാസന്നനായി കിടക്കുന്ന തന്റെ സുഹൃത്തിനെയും ഓര്‍ത്ത് കരീമുലിനു കരച്ചിലടക്കാനായില്ല. വീട്ടുകാരുടെയും നാട്ടുകാരുടെയും പ്രശംസയും ആദരവും നിറഞ്ഞുനില്‍ക്കവേ തനിക്കേറെ പ്രിയപ്പെട്ടവനായിരുന്ന ഡോക്ടറുടെ മരണവാര്‍ത്ത അദ്ദേഹത്തെ തീര്‍ത്തും നിരാശനാക്കി. പ്രയത്‌നങ്ങള്‍ക്കെല്ലാം പാറപോലെ ഉറച്ച പിന്തുണയേകിയ അദ്ദേഹമായിരുന്നു ഈ അഭിമാന മുഹൂര്‍ത്തത്തില്‍ തന്നോട് ചേര്‍ന്നുനില്‍ക്കേണ്ടിയിരുന്നത് എന്ന ഉത്തമ ബോധ്യം കരീമുലിനുണ്ടായിരുന്നു. സന്തോഷാരവങ്ങള്‍ക്കിടയില്‍നിന്നും നിരന്തരം വന്നുകൊടിരിക്കുന്ന ഫോണ്‍വിളികളില്‍ നിന്നും ഒഴിഞ്ഞു മാറി അദ്ദേഹം ഡോക്ടര്‍ ഖിതന്‍ ബര്‍മന്‍ എന്ന പകരം വെക്കാനില്ലാത്ത ആത്മമിത്രത്തിന്റെ വീട്ടിലേക്ക് പോയി. എരിഞ്ഞടങ്ങുന്ന പ്രിയമിത്രത്തിന്റെ ചിതക്കരികില്‍ രാത്രി ഏറെ വൈകും വരെ നീറുന്ന ഹൃദയവുമായി അദ്ദേഹം അവിടെത്തന്നെ കഴിച്ചുകൂട്ടി.
കരീമുല്‍ ഹഖിന്റെ ബാല്യം
1965 ജൂണ്‍ 7ന് നല്‍വ മുഹമ്മദ്, ജാഫറുന്നിസ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയായി ബംഗാളിലെ ജല്‍പായ് ഗുരി ജില്ലയിലെ ക്രാന്തി ബസാറിന് സമീപത്തെ ദലബാരി ഗ്രാമത്തിലാണ് കരീമുല്‍ ഹഖിന്റെ ജനനം. തീര്‍ത്തും നിര്‍ദ്ധനായിരുന്ന കുടുംബത്തിന്റെ ഏക വരുമാനം കൗസര്‍ ആലം എന്ന ജമീന്ദാരുടെ കാവല്‍ക്കാരനായിരുന്ന ബാപ്പ നല്‍വ മുഹമ്മദിന് കിട്ടിയിരുന്ന തുച്ഛമായ പണമായിരുന്നു. അരിയും, ഗോതമ്പും ഒക്കെ എപ്പോഴെങ്കിലും വിരുന്ന് വരുന്ന വിശിഷ്ട അതിദികളെപ്പോലെയായിരുന്നു കരീമുലിന്റെ കുടുംബത്തിന്. ഒഴിഞ്ഞ വയറുമായി ദിവസങ്ങളോളം കഴിയേണ്ടിയും വന്നിരുന്നു. കരിമുലും ഉമ്മയും വരുന്നത് കണ്ട ബന്ധുവീട്ടുകാര്‍ ഭക്ഷണ സാമഗ്രികള്‍ ഒളിപ്പിച്ചു വെക്കുന്നത് പോലും കാണേണ്ടിവന്ന ഗതികേട് നന്നേ ചെറുപ്രായക്കാരനായ കരീമുലിനെ അസ്വസ്ഥനാക്കി.
എല്ലാം കൊണ്ടും ദുസ്സഹമായിരുന്നു കരീമുലിന്റെ ബാല്യം. നല്ല ഭക്ഷണമോ വസ്ത്രമോ പാര്‍പ്പിടമോ ഉണ്ടായിരുന്നില്ല. ഒരു നേരത്തെ അന്നത്തിനു വേണ്ടി സ്വന്തം കൂടപ്പിറപ്പുകളോട് പിടിയും വലിയും കൂട്ടേണ്ടി വന്നു. അന്നമില്ലാത്തവന് എന്തക്ഷരം എന്നതിനാല്‍ കരീമുല്‍ വിദ്യാഭ്യാസകാര്യത്തിലും നന്നേ പിറകിലായിരുന്നു. ചേട്ടനായ ഖലീലുര്‍, നന്നായി പഠിക്കാനായി പറഞ്ഞുകൊണ്ട് കരീമുലിനെ മിക്കപ്പോഴും ശാസിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നു.
അങ്ങിനെയിരിക്കെ ഒരുദിവസം ചേട്ടന്റെ അടിയുടെ ചൂടാറും മുമ്പേയാണ് അമ്മാവനായ അഷ്റഫുൾ കരീമുലിന്റെ വീട്ടിലേക്കെത്തിയത്. അന്നത്തെ കിഴക്കൻ പാകിസ്താനായ ഇന്നത്തെ ബംഗ്ലാദേശില്‍ നിന്നുമായിരുന്നു അമ്മാവന്റെ വരവ്. മുക്തി യുദ്ധമെന്ന ബംഗ്ലാദേശ് ലിബറേഷന്‍ വാര്‍ കൊടുമ്പിരിക്കൊണ്ട സമയമായിരുന്നു അത്. യുദ്ധത്തില്‍ പങ്കുചേര്‍ന്ന അഷ്റാഫുലിനെത്തേടി പാകിസ്താനി പട്ടാളക്കാര്‍ വീട്ടിലെത്തിയെങ്കിലും അവിടെനിന്നും രക്ഷപ്പെട്ട് അതിർത്തി കടന്ന് അഭയം തേടി വന്നതായിരുന്നു അഷ്റാഫുല്‍. അമ്മാവനുമൊത്തുള്ള കളികളിലും ചങ്ങാത്തത്തിലും കരീമുല്‍ ഏറെ സന്തോഷവാനായി സ്വന്തം കുടുംബത്തില്‍ നിന്നും പിരിഞ്ഞിരിക്കേണ്ടിവന്ന അഷ്റാഫുലിനും ഇതൊരാശ്വാസമായി. കുറച്ചുനാള്‍ കഴിഞ്ഞ് അതായത് 1971 മാര്‍ച്ച് 26 ന് കിഴക്കൻ പാകിസ്താൻ പാകിസ്താനില്‍ നിന്നും മോചിതയായി ബംഗ്ലാദേശ് എന്ന സ്വതന്ത്രരാജ്യം സ്ഥാപിക്കപ്പെട്ടു. ഈ വാര്‍ത്തയറിഞ്ഞ അഷ്റാഫുല്‍ അത്യധികം സന്തോഷിക്കുകയും ഉടനെ തന്നെ സ്വരാജ്യത്തേക്ക് തിരികെ പോകാന്‍ തയ്യാറെടുക്കുകയും ചെയ്തു.
ബംഗ്ലാദേശിലെ ജീവിതം
ബംഗ്ലാദേശിലേക്കു മടങ്ങാനായി പുറപ്പെട്ട അഷ്റാഫുലിനെ ആറുവയസ്സുകാരനായ കരീമുല്‍ ആണ് ബസ്സ് സ്റ്റോപ്പ് വരെ അനുഗമിച്ചത്. ബസ്സ്‌സ്റ്റോപ്പില്‍ നിന്നും മടങ്ങുവാനായി അഷ്റാഫുല്‍ എത്ര നിര്‍ബന്ധിച്ചിട്ടും അതിനു കൂട്ടാക്കാതെ കരീമുല്‍ എന്ന ആറുവയസ്സുകാരന്‍ അമ്മാവനോട് വാശി പിടിച്ച് ബസ്സില്‍ കയറി ബംഗ്ലാദേശെന്ന സ്വതന്ത്ര രാജ്യത്തേക്ക് യാത്രയായി. ആശയ വിനിമയ സൗകര്യങ്ങള്‍ കുറവായിരുന്ന ആ കാലത്ത് കരീമുലിനെ കാണാതെ ഉമ്മയും ചേട്ടനും ഉപ്പയുമെല്ലാം പരിഭ്രമിച്ചു അഷ്റാഫുലിന്റെ ടെലിഗ്രാം ലഭിച്ചതിനു ശേഷമാണ് ആ കുടുംബത്തിന് സമാധാനമായത്.
ബംഗ്ലാദേശ് എന്ന രാജ്യം സൃഷ്ടിക്കപ്പെട്ടെങ്കിലും അവിടുത്തെ ജീവിതവും കാഴ്ചകളും അത്ര സുഖകരമായിരുന്നില്ല. കൊലചെയ്യപ്പെട്ട മനുഷ്യരുടെ ജഡങ്ങളും യുദ്ധത്തില്‍ മൃതപ്രായരായിത്തീര്‍ന്ന മനുഷ്യരുടെ വികലമായ ശരീരങ്ങളും കാഴ്ചയെ ദുസ്സഹമാക്കി. ദാരിദ്ര്യവും പട്ടിണിയും കൊണ്ട് അശരണരായിത്തീര്‍ന്ന ഒരു ജനസമൂഹത്തിലേക്കാണ് കരീമുല്‍ എത്തിച്ചേര്‍ന്നത്. കൂടാതെ ആറു മക്കളുള്ള അഷ്റാഫുലിന്റെ കുടുംബത്തിന് കരീമുലിനെ കൂടി ഉള്‍ക്കൊള്ളുക ബുദ്ധിമുട്ടായി. അങ്ങിനെ അന്നാട്ടിലെ പണക്കാരനായ ആരിഫുല്‍ ഇസ്ലാം എന്നയാളുടെ വീട്ടില്‍ വേലക്കാരനായി. ഏതാണ്ട് പത്തു വര്‍ഷക്കാലം അവിടെ കഴിഞ്ഞു കൂടുകയും ചെയ്തു. കോളറയെന്ന മഹാമാരി പടര്‍ന്നു പിടിക്കുകയും അതിന്റെ ദൈന്യതയും ഭീകരതയും നേരില്‍ കാണുകയും ചെയ്തു. 1981 ല്‍ പ്രസിഡണ്ട് സിയാ ഉല്‍ റഹ്മാന്‍ കൊലചെയ്യപ്പെട്ടതിനു ശേഷം ഉടലെടുത്ത ആഭ്യന്തര ലഹളയും മഹാമാരിയുടെ ഭീകരതയും കരീമുലിനെ സ്വരാജ്യത്തേക്ക് തിരിച്ചു വരുവാനായി പ്രേരിപ്പിച്ചു.
തിരിച്ചുവരവ്
നാട്ടിലേക്കെത്തുവാന്‍ വെമ്പിനിന്ന കരീമുലിന് നാട്ടിലേക്കു വരൂ എന്ന സന്ദേശമുള്‍ക്കൊണ്ട ചേട്ടന്റെ ഒരു ടെലിഗ്രാം ലഭിച്ചു. ദൈവത്തോട് നന്ദി പറഞ്ഞ് അദ്ദേഹം വീണ്ടും തന്റെ പ്രിയദേശത്തേക്ക് തിരിച്ചെത്തി. നാട്ടിലെത്തിയ കരീമുല്‍ ഒരു വര്‍ഷത്തിന് ശേഷം മെയ്‌നഗുരിയിലെ അഞ്ജുവാര ബീഗത്തെ വിവാഹം ചെയ്തു. ഉമ്മയുടെ അരുമയായി മാറിയിരുന്നു കരീമുല്‍. തന്റെ വിവരദോഷം കൊണ്ട് കുറേക്കാലം ഉമ്മയെയും സ്വന്തം നാടിനെയും പിരിഞ്ഞിരിക്കേണ്ടിവന്നതില്‍ സ്വയം പഴിക്കുമായിരുന്നു അയാള്‍. ഉമ്മ അസുഖബാധിതയാവുകയും നാള്‍ക്കു നാള്‍ ഉമ്മയുടെ നില മോശമായിക്കൊണ്ടിരിക്കുകയും ചെയ്തു. 1995ലെ ഡിസംബര്‍ മാസത്തെ ശൈത്യമാര്‍ന്ന ഒരു രാത്രിയില്‍ ഉമ്മയുടെ ബോധം നശിക്കുകയും ആരോഗ്യനില വളരെ മോശമാവുകയുമുണ്ടായി. സ്ഥിതി മനസ്സിലാക്കിയ കരീമുല്‍ ഉമ്മയെ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമം തുടങ്ങി. ആംബുലന്‍സിനായുള്ള തന്റെ ശ്രമം വൃഥാവിലാണെന്നറിയാമായിരുന്നതിനാല്‍ നാട്ടിലെ ഒരു പണക്കാരന്റെ വീട്ടിലെ കാറിനായി ഓടിച്ചെന്നു. എന്നാല്‍ അതിനൊരു ഡ്രൈവര്‍ ഇല്ലാത്തതിനാല്‍ ആ ശ്രമവും നടന്നില്ല. എന്ത് ചെയ്യണമെന്നറിയാതെ റോഡരുകിലിരുന്ന് പൊട്ടിക്കരയുവാനേ കരീമുലിന് സാധിച്ചുള്ളൂ. തിരിച്ച വീട്ടിലേക്കെത്തി പ്രിയപ്പെട്ട ഉമ്മയുടെ കൈകള്‍ ചേര്‍ത്തുപിടിച്ച നിസ്സഹായത പറഞ്ഞ് തേങ്ങിക്കൊണ്ടിരിക്കവേ തന്റെ പൊന്നുമോനെ കൂടുതല്‍ വിഷമിപ്പിക്കാതെ ഹൃദയത്തില്‍ സ്‌നേഹം മാത്രം നിറച്ചുവച്ച ആ ഉമ്മ അന്ത്യശ്വാസം വലിച്ചു.
ബൈക്ക് ആംബുലന്‍സിന്റെ തുടക്കം
ഉമ്മയുടെ വിയോഗം കരീമുലിനെ നന്നേ തളര്‍ത്തിയിരുന്നു. പക്ഷെ ഇത്തരമൊരവസ്ഥ തന്റെ നാട്ടുകാര്‍ക്ക് വരാതിരിക്കുവാന്‍ എന്തെങ്കിലും ചെയ്‌തേ പറ്റൂ എന്നൊരു തിരിച്ചറിവും കരീമിനുണ്ടായി. വീട്ടിലെ സ്ഥിതിയും ദയനീയമായിരുന്നു. തേയിലത്തോട്ടത്തിലെ കൂലിപ്പണിക്കാരനായി കരീമുല്‍ വീണ്ടും ജോലിയിലേക്കിറങ്ങി. ഒരിക്കല്‍ തന്റെ സഹപ്രവര്‍ത്തകന് ഒരപകടം പിണഞ്ഞപ്പോള്‍ തന്റെ ഉമ്മയുടെ ദുര്‍വിധി ഇദ്ദേഹത്തിനും വരരുതെന്ന് കരുതി തേയിലത്തോട്ടത്തിന്റെ മാനേജരുടെ ബൈക്കില്‍ സഹപ്രവര്‍ത്തകനെ തന്റെ ശരീരത്തോട് ചേര്‍ത്തുകെട്ടി പതിനഞ്ചു കിലോമീറ്റര്‍ അകലെയുള്ള സര്‍ക്കാര്‍ ആശുപത്രിയെലിതിക്കുകയും അയാളുടെ വിലപ്പെട്ട ജീവന്‍ രക്ഷിക്കുകയും ചെയ്തു. ഇതായിരുന്നു ബൈക്ക് ആംബുലന്‍സ് എന്ന ആശയത്തിന്റെ തുടക്കം.
ഗ്രാമത്തിലെ ആളുകള്‍ക്ക് ആവശ്യമുള്ള വൈദ്യസഹായം എങ്ങിനെയെങ്കിലും എത്തിച്ചുനല്‍കുക എന്നത് കരീമുലിന്റെ ജീവിതലക്ഷ്യമായിത്തീര്‍ന്നു. ആദ്യഘട്ടത്തില്‍ തന്റെ സൈക്കിളില്‍ രോഗികളെ വഹിച്ചുകൊണ്ട് കിലോമീറ്ററുകള്‍ താണ്ടി ഹോസ്പിറ്റലില്‍ എത്തിച്ചു. തേയിലത്തോട്ടത്തിലെ സഹപ്രവര്‍ത്തകനെ ബൈക്കില്‍ കൊണ്ടുപോയതുമുതല്‍ ഒരു ബൈക്ക് എങ്ങിനെയെങ്കിലും വാങ്ങിക്കുക എന്നതായി അദ്ദേഹത്തിന്റെ ലക്ഷ്യം. കടുത്ത ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അദ്ദേഹം ബൈക്കിനായി 14000 രൂപ സംഘടിപ്പിക്കുകയും ബാക്കി തുക ലോണ്‍ എടുക്കുകയും ചെയ്തു. അങ്ങിനെ തന്റെ ബൈക്ക് ആംബുലന്‍സ് എന്ന സ്വപ്നം യാഥാര്‍ഥ്യമാവുകയും കരീമുല്‍ ഹഖ് എന്ന ഹൃദയാലുവായ മനുഷ്യന്‍ ''ബൈക്ക് ആംബുലന്‍സ് ദാദ'' എന്നറിയപ്പെടാനും തുടങ്ങി.
4000 ത്തില്‍ പരം മനുഷ്യജീവനുകള്‍
കരീമുല്‍ എന്ന നിര്‍ധനനായ ഗ്രാമീണന്റെ ഇച്ഛാശക്തിയാലും സേവനസന്നദ്ധതയാലും രക്ഷിക്കപ്പെട്ടത് 4000ത്തില്‍ പരം നിരാലംബരായ മനുഷ്യരുടെ, തന്റെ പ്രിയപ്പെട്ട നാട്ടുകാരുടെ... ജീവനാണ്. രാവും, പകലും, മഴയും, വെയിലും, മഞ്ഞും, മണല്‍ക്കാറ്റുമൊന്നും കരീമുലിന്റെ നിശ്ചയദാര്‍ഢ്യത്തില്‍ നിന്നും പിറന്ന ബൈക്ക് ആംബുലന്‍സിന്റെ കുതിപ്പിന് വിഘാതമായില്ല. ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്കും, 15 കിലോമീറ്റര്‍ ദൂരത്തുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്കും 45 കിലോമീറ്റര്‍ ദൂരത്തുള്ള ജല്‍പായ് ഗുരിയിലെ സദര്‍ ഹോസ്പിറ്റലിലേക്കും ദാദയുടെ ബൈക്ക് ആംബുലന്‍സ് നിരന്തരം ഓടിക്കൊണ്ടിരുന്നു തീര്‍ത്തും സൗജന്യമായി.
തന്റെ ഗ്രാമത്തിലൂടെ ഒഴുകുന്ന നദി കടന്നുവേണം ദാദക്ക് ബൈക്ക് ആംബുലന്‍സ് ഓടിച്ച് ആശുപത്രികളിലെത്താന്‍. മഴക്കാലത്ത് നദിക്ക് കുറുകെ കടക്കുക അസാധ്യമായിരുന്നു ആയതിനാല്‍ ദൂരക്കൂടുതലുള്ള വനാന്തര്‍ഭാഗത്തുകൂടെ കടന്നു പോകുന്ന മറ്റൊരു വഴിയിലൂടെ വേണമായിരുന്നു യാത്ര. രോഗികളെ വഹിച്ചു പോകുമ്പോഴും തിരിച്ചുള്ള വരവിലും പലപ്പോഴും വന്യമൃഗങ്ങളെ നേര്‍ക്കുനേര്‍ കാണേണ്ടി വന്നിരുന്നു. എന്നാല്‍ ഒരിക്കല്‍ പോലും മൃഗങ്ങള്‍ ദാദയെ ആക്രമിക്കുകയോ തടസ്സപ്പെടുത്തുകയോ ഉണ്ടായിട്ടില്ല. ആ മനുഷ്യനിലെ നന്മ അതീന്ദ്രിയജ്ഞാനം പോലെ വന്യമൃഗങ്ങള്‍ക്കു പോലും കിട്ടുന്നുണ്ടായിരിക്കാം.
ഒരിക്കല്‍ കാട്ടിലൂടെയുള്ള യാത്രയില്‍ ആയുധധാരികളായ കൊള്ളക്കാരുടെ മൂവര്‍ സംഘം ദാദയെ തടഞ്ഞു. ബൈക്കിനു മുകളിലെ ആംബുലന്‍സ് കണ്ട സംഘത്തിലെ ഒരാള്‍ ദാദയെ തിരിച്ചറിയുകയും മറ്റു രണ്ടുപേര്‍ക്കും ഇത് ദാദയാരാണെന്നു പറഞ്ഞു കൊടുക്കുകയും ചെയ്തു. മൂന്നുപേരും ദാദയോട് ക്ഷമാപണം നടത്തി. ഇത്തരം കൊള്ള നടത്തി ജീവിക്കുന്നതിനു പകരം മനുഷ്യനന്മക്കായി പ്രവര്‍ത്തിക്കാന്‍ പറഞ്ഞ ദാദയോട് ഒരു പ്രായശ്ചിത്തമെന്നവണ്ണം അവരുടെ കയ്യിലിരുന്ന 300 രൂപ നല്‍കി പാവപ്പെട്ടവരുടെ കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കണമെന്ന് ദാദയോട് അപേക്ഷിച്ച് ആ മൂവര്‍ സംഘം കൂരിരുട്ടിലേക്ക് കുറ്റബോധത്തോടെ മാഞ്ഞുപോയി.
മതേതരനായ ഇന്ത്യക്കാരന്‍
കരീമുല്‍ ഹഖിനെ ഏറ്റവുമധികം സ്വാധീനിച്ചത് സ്വാമി വിവേകാനന്ദന്റെ മാനവസേവയാണ് മാധവസേവ എന്ന വിശാലാര്‍ത്ഥമുള്ള വാക്യമായിരുന്നു. ജാതി മത വര്‍ണ്ണ വിവേചനമില്ലാതെ മനുഷ്യരെ സേവിക്കുക എന്നതുതന്നെയാണ് കരീമുലിന്റെയും തത്വം. നിസ്സഹായരായ മനുഷ്യരുടെ സഹനം മനുഷ്യകുലത്തിന്റെ സഹനമാണെന്നും തന്റെ ജീവിത ലക്ഷ്യം ഇത്തരക്കാരുടെ വേദനയില്‍നിന്നും ദുരിതത്തില്‍ നിന്നുമുള്ള മുക്തിക്കായി പോരാടുക എന്നതാണെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ഒരു ഡോക്ടര്‍ക്കോ എന്‍ജിനീയര്‍ക്കോ ഗവര്‍മെന്റ് ഉദ്യോഗസ്ഥനോ ഔദ്യോഗികമായി മതമോ ജാതിയോ ഇല്ലാതിരിക്കുകയും എല്ലാവര്‍ക്കും വേണ്ടി ജോലി ചെയ്യുകയും ചെയ്യുന്ന മതേതരമായ ഒരു നിലപാടിലായിരിക്കണം ഇന്ത്യയെന്ന മതേതര രാജ്യം മുന്നേറേണ്ടത് എന്നതാണ് ഇദ്ദേഹത്തിന്റെ കാഴ്ചപ്പാട്. ഇന്ത്യയുടെ മതേതര നിലപാടിന് കളങ്കം ചാര്‍ത്തിയത് മുഹമ്മദലി ജിന്ന മത രാഷ്ട്രവാദം നടത്തിയപ്പോഴാണെന്നും അതിന്റെ തിക്ത ഫലങ്ങള്‍ നമ്മള്‍ ഇപ്പോഴും അനുഭ വിച്ചുകൊണ്ടിരിക്കുകയാണെന്നും ഇദ്ദേഹം കരുതുന്നു.
നാടിന്റെ അഭിമാനവും പ്രചോദനവും
1997ല്‍ തന്റെ സൈക്കിളില്‍ തുടങ്ങിയ സന്നദ്ധസേവനം പലവിധ രൂപഭാവ മാറ്റത്തില്‍ ബൈക്ക് ആംബുലന്‍സ് എന്ന പ്രയോഗികാവസ്ഥയിലേക്ക് എത്തുകയും പരശതം മനുഷ്യ ജീവനുകളെ സൗജന്യ സേവനത്തില്‍ രക്ഷിച്ചെടുക്കുകയും ചെയ്തു വെറും മൂന്നാം ക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള കരീമുല്‍ ഹഖ് എന്ന യഥാര്‍ത്ഥ ഭാരതീയന്‍. 2017 ല്‍ രാഷ്ട്രം പദ്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു. പദ്മശ്രീ പുരസ്‌കാരം എന്താണെന്നു പോലും അറിയാതിരുന്ന കരീമുല്‍ ഹക്കിനെ പോലെയുള്ള മനുഷ്യസ്‌നേഹിക്ക് ഈ പുരസ്‌കാരം നല്‍കിയതിലൂടെ അദ്ദേഹത്തിന്റെ പ്രശസ്ഥിമാത്രമല്ല പദ്മ പുരസ്‌കാരത്തിന്റെ ഗരിമയും വര്‍ധിക്കുന്നു.
ഒരു ഗ്രാമത്തിന്റെ എന്നല്ല രാജ്യത്തിന്റെ മുഴുവന്‍ പ്രചോദനമാവുന്നു ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളും സേവന മനോഭാവവും. പദ്മ പുരസ്‌കാര ലബ്ധിക്കുശേഷവും കര്‍മ്മനിരതനായ ഇദ്ദേഹം ബൈക്ക് ആംബുലന്‍സ് കൂടാതെ നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ക്കും രൂപം നല്‍കി. ഗ്രാമനിവാസികള്‍ക്കെല്ലാം ശുദ്ധജലം ലഭ്യമാക്കാനുള്ള പദ്ധതി, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും വിവാഹ നടത്തിപ്പിനുമായുള്ള പദ്ധതികള്‍, ആരോഗ്യപരിപാലനത്തിനായുള്ള ക്ലാസുകള്‍ പെണ്‍കുട്ടികളുടെ സ്വയം രക്ഷക്കായുള്ള പരിശീലനങ്ങള്‍, മെഡിക്കല്‍ ക്യാമ്പുകള്‍ സൗജന്യ വസ്ത്ര വിതരണം കൂടാതെ തന്റെ വീടിനോട് ചേര്‍ന്ന് നൂതന ചികിത്സാ സംവിധാനങ്ങളോട് കൂടിയ ഒരാശുപത്രി തുടങ്ങിയവ.
ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രതിനിധികള്‍ കരീമുലിന്റെ സഹായം തേടിയെത്തി. ബൈക്ക് ആംബുലന്‍സ് പദ്ധതി ഇന്ത്യന്‍ സേനക്ക് എത്രമാത്രം ഉപയോഗപ്രദമായിരിക്കും എന്നറിയുവാന്‍ വേണ്ടിയായിരുന്നു അത്. നാല്ചക്ര വാഹനങ്ങള്‍ കടന്നു ചെല്ലാത്ത ഉള്‍ പ്രദേശങ്ങളിലേക്ക് സഹായമെത്തിക്കാന്‍ ഇത്തരമൊരു ആശയത്തിലൂടെ സാധ്യമാകുമെന്നവര്‍ തിരിച്ചറിഞ്ഞു. ദിവാകര്‍ ശര്‍മ്മ എന്ന ഇന്ത്യന്‍ ഡിഫെന്‍സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ പ്രതിനിധി കരീമുലിന്റെ അടുത്തെത്തുകയും അദ്ദേഹത്തില്‍ നിന്ന് ഏറെ കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. സി.ആര്‍.പി.എഫ് ന് വേണ്ടി ഡി.ആര്‍.ഡി.ഓ ബൈക്ക് ആംബുലന്‍സ് നിര്‍മ്മിക്കുകയും 2018 ല്‍ ഇത്തരത്തില്‍ നിര്‍മിക്കപ്പെട്ട നിരവധി ബൈക്ക് ആംബുലന്‍സുകള്‍ സേനയുടെ ഭാഗമാവുകയും ചെയ്തു. മുംബൈ ചണ്ഡീഗര്‍ തുടങ്ങിയ മഹാനഗരങ്ങളില്‍ പോലും ബൈക്ക് ആംബുലന്‍സുകള്‍ മനുഷ്യജീവനുകളെ രക്ഷിക്കുന്ന കൈകളായി പ്രവര്‍ത്തിക്കാന്‍ തുടങ്ങി .
ഒരു സാധാരണ മനുഷ്യന്റെ അസാധാരണമായ ജീവിതയാത്രയുടെ കഥയാണ് മാധ്യമപ്രവര്‍ത്തകനും അധ്യാപകനുമായ ബിശ്വജിത് ജാ രചിച്ച ബൈക്ക് ആംബുലന്‍സ് ദാദ എന്ന കരീമുല്‍ ഹഖിന്റെ ജീവചരിത്രം. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന മഹാത്മാഗാന്ധിയുടെ പ്രബോധനം അന്വര്‍ത്ഥമാക്കിയ ബൈക്ക് ആംബുലന്‍സ് ദാദ ഇപ്പോള്‍ താരമാണ് ജനസഹസ്രങ്ങളുടെ ഹൃദയ താരകം.
Content Highlights: Bike Ambulance Dada: The Inspiring Story of Karimul Hak