ര്‍മകളില്‍ ചിലത് നോവും. ചിലത് കയ്ക്കും. ചിലതുമാത്രം മധുരിക്കും. നോവുണര്‍ത്തുന്നതും കയ്പുറ്റവയുമായ സ്മൃതിപരമ്പരയ്ക്കിടയില്‍ പി. കുഞ്ഞിരാമന്‍ നായര്‍ ഒരു മധുരസ്മരണ രേഖപ്പെടുത്തിയിട്ടുണ്ട്. അത് കേരളത്തിന്റെ വടക്കേ കോണിലെ പഞ്ചാരമണല്‍വിരിച്ച പയ്യന്നൂരുമായി ബന്ധപ്പെട്ടതാണ്. അവിടെയൊരു മഹാസമ്മേളനം. അതില്‍ അധ്യക്ഷതവഹിക്കാന്‍ പണ്ഡിറ്റ് ജവാഹര്‍ലാല്‍ നെഹ്രു വരുന്നു. ദേശം ആഹ്‌ളാദവായ്പില്‍ പീലിവിടര്‍ത്തിയാടുന്ന മയിലായി.

'തലേദിവസം സാഹിത്യസദസ്സ്. മൈതാനത്തിലെ അറ്റംകാണാത്ത സമ്മേളനപ്പന്തല്‍. ഉയര്‍ന്ന മണ്ഡപം. നക്ഷത്രം നിരന്ന നീലാകാശം. അധ്യക്ഷന്‍ മഹാകവി വള്ളത്തോള്‍. ചന്ദ്രമണ്ഡലം തൊട്ടിരിക്കുന്ന നക്ഷത്രമായ പുഞ്ചിരിവറ്റാത്ത നാലപ്പാടന്‍. പുറത്ത് നിലാവൊളി. പന്തല്‍പ്പന്തിയില്‍ മഹാകവിയുടെ പ്രസംഗപ്പാലട കവിതയായിപ്പിറന്നു. കവിഹൃദയമുള്ള മഹാകവി കുട്ടമത്തിന്റെ കവിതാപാരായണം. മുഖരശംഖനാദം.

പല യുവകവികളും കവിതവായിച്ചു. ഒടുക്കം മഹാകവി വിളിച്ചു: കുഞ്ഞിരാമന്‍ നായര്‍. പനിനീര്‍ തളിച്ച നാലഞ്ചു പരിമളപദങ്ങള്‍. സദസ്സ് ഉറ്റുനോക്കി. ആദ്യത്തെ മഹാസദസ്സിലുള്ള കവിതാവതരണം. പതിനെട്ടു വയസ്സുകാരന്റെ തീപ്പൊരിയും നിലാവും പനിനീരും കൂട്ടിച്ചാലിച്ച കവിത. കവിതയെക്കുറിച്ച് മഹാകവി അന്വേഷിച്ചു. നാലപ്പാടന്‍ കവിതാസാരം വിരല്‍ത്തുമ്പില്‍ക്കൂടി പകര്‍ന്നുകൊടുത്തു. ഉപസംഹാര പുഷ്പവൃഷ്ടിയില്‍ ഒരു മുല്ലപ്പൂ ബാലകവിശിരസ്സില്‍ വീണു. ആ പ്രസാദപരിമളം തലയോട്ടില്‍ ഏറെനാള്‍ തങ്ങിനിന്നു'.

എത്രയോ വര്‍ഷങ്ങള്‍ക്കുശേഷം കവി ഉള്‍പ്പുളകത്തോടെ ഓര്‍ത്തെടുത്തത് 1928 മേയ് 25, 26, 27 തീയതികളിലായി പയ്യന്നൂരില്‍നടന്ന ചരിത്രപ്രധാനമായ അഖിലേന്ത്യാ കോണ്‍ഗ്രസ് മഹാസമ്മേളനമാണ്. ദേശീയപ്രസ്ഥാനം ഇദംപ്രഥമമായി പൂര്‍ണസ്വാതന്ത്ര്യപ്രമേയം അവതരിപ്പിച്ചത് ആ സമ്മേളനത്തിലായിരുന്നു. അതിന്റെ ഭാഗമായി സംഘടിപ്പിച്ച അതിവിപുലമായ സാഹിത്യസദസ്സില്‍ മഹാകവി വള്ളത്തോളിനും നാലാപ്പാട്ട് നാരായണമേനോനുമൊപ്പം പങ്കെടുത്ത പ്രമുഖരില്‍ ഒരാള്‍ എന്റെ മുത്തച്ഛനായ കരിപ്പത്ത് കമ്മാരന്‍ എഴുത്തച്ഛനാണ്. സംസ്‌കൃതം, ജ്യോതിഷം, വ്യാകരണം, വേദാന്തം, ആയുര്‍വേദം, കഥകളിസംഗീതം, പാചകം, സാഹിത്യം, ന്യായം എന്നിങ്ങനെ പലമേഖലകളില്‍ നിഷ്ണാതനായിരുന്ന മുത്തച്ഛന് ഒട്ടേറെ ശിഷ്യരുണ്ടായിരുന്നു. അവരിലൊരാള്‍ പി. കുഞ്ഞിരാമന്‍ നായരുടെ പിതാവ് പുറവങ്കര കുഞ്ഞമ്പുനായരാണ്. 

കേരളപാണിനി എ.ആര്‍. രാജരാജവര്‍മ, കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍, ആറ്റൂര്‍ കൃഷ്ണപിഷാരടി, പുന്നുശ്ശേരി നീലകണ്ഠശര്‍മ, മഹാകവി വള്ളത്തോള്‍, സഞ്ജയന്‍ എന്നുവേണ്ട അക്കാലത്തെ മഹാരഥന്മാരൊക്കെ ഉള്‍പ്പെട്ടതായിരുന്നു മുത്തച്ഛന്റെ സുഹൃദ്വലയം. ഓരോ കാലത്തായി അവരൊക്കെയും മുത്തച്ഛന്റെ പടിപ്പുരയില്‍ വരുകയും സൗഹൃദം പങ്കിടുകയും ചെയ്തിട്ടുണ്ട്്. ശിഷ്യന്റെ മകനായ കുഞ്ഞിരാമനെയും മുത്തച്ഛന്‍ ഏതോ ഘട്ടംതൊട്ട് സുഹൃത്തുക്കളുടെ ഗണത്തില്‍ ചേര്‍ത്തു. ഞാന്‍, വിനീതനായ പിന്മുറക്കാരന്‍, ഇരുവരെയും കാണുന്നു: ലോലപീതാംബരച്ചാര്‍ത്തുകള്‍ക്കപ്പുറം രണ്ടു ജ്യോതിസ്വരൂപങ്ങള്‍.

പുറവങ്കര കുഞ്ഞമ്പുനായര്‍ പനയന്തട്ട കുഞ്ഞമ്മയമ്മയില്‍ ആദ്യം പിറന്ന മകനെ മടിയിലിരുത്തി രാമനെന്ന് പേരുവിളിച്ചു. രാമന്‍ രഞ്ജിപ്പിക്കുന്നവനാണ്. ആനന്ദിപ്പിക്കുന്നവനാണ്. നിത്യാനന്ദം വാരിവിതറിക്കൊടുക്കുന്നവനാണ്. പക്ഷേ, പിന്നീടെപ്പോഴോ മകന്‍ കുപ്പമാന്തിക്കാക്കയെന്ന് സ്വയം വിളിച്ചു. ചിലപ്പോള്‍ അങ്ങാടിക്കാക്കയെന്നും. പറന്നുപറന്ന് എങ്ങനെയോ കോഴിക്കോട്ടെത്തി. പിന്നെ ജീവിതം കോഴിക്കോടുമായി കെട്ടുപിണഞ്ഞു.
പഴയ തീവണ്ടിയാപ്പീസിന്റെ പ്‌ളാറ്റ്ഫോം ഈ അലഞ്ഞുനടപ്പുകാരനെ എത്രവട്ടം കനിവോടെ വരവേറ്റുകാണുമെന്ന് ഊഹിക്കാന്‍പോലുമാവില്ല; എത്രതവണ അനുതാപത്തോടെ യാത്രയയച്ചുവെന്നും. ഇങ്ങനെയുണ്ടോ ഒരു 'അലശല്'!

കോഴിക്കോടിനു വടക്ക് എഴുത്തുകാരന് അനുകൂലമായ സാഹചര്യമല്ലെന്ന് കുഞ്ഞിരാമന്‍ നായര്‍ ആത്മാര്‍ഥമായും വിശ്വസിച്ചിരുന്നു. ഏതോ സന്ധ്യയ്ക്ക് അച്ഛനറിയാതെ, അമ്മയറിയാതെ, വീട്ടുകാരും നാട്ടുകാരുമറിയാതെ സന്ധ്യാനേരത്തുള്ള ഒരു തീവണ്ടിയില്‍ ചാടിക്കയറി. അതിനുമുമ്പായി കള്ളത്താക്കോലിട്ട് അച്ഛന്റെ മണിക്കിലുക്കമുള്ള വലിയ അലമാരതുറന്ന് ഇരുനൂറ് ഉറുപ്പിക കട്ടെടുത്തിരുന്നു. തീവണ്ടി കോഴിക്കോട്ടെത്തി നിന്നു. കുഞ്ഞിരാമന്‍ നായര്‍ അവിടെയിറങ്ങി ഖാദിവാങ്ങി. ഷര്‍ട്ടും മുണ്ടും വേഷ്ടിയും വാങ്ങി. നേതാക്കന്മാരുടെ പടങ്ങള്‍ വാങ്ങി. ഗാന്ധിജിയുടെയും ടാഗോറിന്റെയും വലിയ പടങ്ങള്‍ വാങ്ങി. പെട്ടി, കിടക്ക, മറ്റുപകരണങ്ങള്‍, വീട്ടിച്ചാരുകസേര മറ്റും മറ്റും വാങ്ങി...

ചിതറിക്കിടക്കുന്ന മുടിയും കണ്‍മഷിയിട്ട കണ്ണുകളുമുള്ള, ബീഡിപ്പൊരി വീണങ്ങിങ്ങോട്ടപ്പെട്ടു കീറിയ ജുബ്ബയും നീളന്‍ വേഷ്ടിയും ധരിച്ച ഉലകംചുറ്റിടുമന്ധനെ' ഞാന്‍ പലേടത്തും കണ്ടിട്ടുണ്ട്. അക്കാലത്ത് പി-യെ എവിടെയും കാണാമായിരുന്നു. കവി ഏതുപാതയിലും പ്രത്യക്ഷനാകാമായിരുന്നു. മുഴുവന്‍ പേര് കവി ഒരിക്കലും പറയില്ല. വെറും കുഞ്ഞിരാമനെന്നേ പറയൂ. കണ്ടുമുട്ടുന്നവരില്‍ ആഭിമുഖ്യം തോന്നുന്ന ആള്‍ക്കാരോട് അവര്‍ പ്രായത്തില്‍ ചെറിയവരോ വലിയവരോ ആകട്ടെ, വിനയാന്വിതനായി കൈപിടിച്ച് തന്റെ നെറുകയില്‍വെച്ച് ഈ പാവം കുഞ്ഞിരാമനെ അനുഗ്രഹിക്കണമെന്ന് അപേക്ഷിക്കുന്ന കവിരൂപം എന്റെ മനസ്സില്‍ ഒട്ടും മങ്ങലേല്ക്കാതെ ഇപ്പോഴുമുണ്ട്. അത് പി-യുടെ സവിശേഷമായ പെരുമാറ്റരീതിയായിരുന്നു. കന്നുപൂട്ട് കഴിഞ്ഞ് കണ്ടത്തില്‍നിന്ന് കാലികളെയും തെളിച്ചുവരുന്ന കൃഷീവലനായാലും വിയര്‍ത്തുവിവശനായ റിക്ഷവലിക്കുന്നവനായാലും ഓട്ടുകമ്പനിയിലെ തൊഴിലാളിയായാലും തെരുവുവേശ്യയായാലും പി അനുഗ്രഹം തേടും. എല്ലാവരുടെയും അനുഗ്രഹം ആഗ്രഹിക്കാന്‍പോന്ന അപാരമായ എളിമ എങ്ങുനിന്നോ പുറപ്പെട്ട് എന്തിനെന്നില്ലാതെ അലയുന്നതിനിടയില്‍ പി. കൈവരിച്ചിരുന്നു. ഞാനത് അനുഭവിച്ചറിഞ്ഞതാണ്.

''ഈ പാവം കുഞ്ഞിരാമനോട് എന്തും ആവാലോ'' എന്ന് ഒരു സമ്മേളനവേദിയില്‍ മൈക്കിനുമുന്നില്‍നിന്നുകൊണ്ട് എല്ലാവര്‍ക്കും കേള്‍ക്കാന്‍ പാകത്തില്‍ കവി പരിതപിക്കുന്ന ഒരു സന്ദര്‍ഭം എന്റെ ഓര്‍മയില്‍ അതേപടി ഇപ്പോഴുമുണ്ട്. കാസര്‍കോടുവെച്ചായിരുന്നു അത്. സ്വതസ്സിദ്ധശൈലിയിലുള്ള അയഞ്ഞുനീണ്ട പ്രസംഗം അവസാനിപ്പിക്കാനുള്ള സംഘാടകപക്ഷത്തുനിന്നുണ്ടായ നിര്‍ദേശത്തെത്തുടര്‍ന്നാണ് വേദിയുടെ ഒരു ഭാഗത്തുണ്ടായിരുന്ന സി.പി. ശ്രീധരന്‍ കൈയാംഗ്യം കാണിച്ചപ്പോള്‍ കവിവാക്യം അങ്ങനെയായി. അമ്മയോടു പിണങ്ങിയ ഒരു ചെറുബാലകന്റെ മുഖവുമായി കവി നിന്നു. സി.പി. ശ്രീധരന്‍ അടുത്തെത്തി അനുനയിപ്പിച്ചതോടെ കവിയുടെ ഭാവം പകര്‍ന്നു. പിന്നെ കെട്ടിപ്പിടിത്തമായി. മുഖം തെളിഞ്ഞ് വാത്സല്യം ചുരന്നൊഴുകുകയായി.

കാലം കവിയോട് ചോദിച്ചു: തന്റെ രാജ്യം; സ്വരാജ്യമേതാണ്. കവി അപാരതയിലേക്ക് വിരല്‍ചൂണ്ടി -എന്റെ രാജ്യം പുഴയ്ക്കക്കരെ; മരണത്തിനക്കരെ.
'മലനാടിന്റെ നെടുവീര്‍പ്പ്' എന്ന കവിത എഴുതിയത് കോഴിക്കോട്ടെ പഴയ ഒരു ഹോട്ടല്‍മുറിയിലിരുന്നാണ്. മൂട്ടകളേറെയുള്ള കട്ടില്‍. പാതിരാനേരം. ജാലകപ്പഴുതില്‍ അകലെ കടല്‍ക്കരയിലായി ഒറ്റത്താരക. കവിതയുടെ ആമുഖക്കുറിപ്പ് ഇങ്ങനെ തുടങ്ങുന്നു: നാല്‍പ്പത് നാല്‍പ്പത്തിയഞ്ച് പ്രായം - കാപ്പിക്ക് കാശില്ലാതെ വിഷമിച്ച ദിവസം - അന്നത്തെ മലനാടിന്റെ പ്രതിച്ഛായ കരിനിഴല്‍വീശിയ ദിവസം - 
'ആത്മപ്രകാശം വിതറി
മൂടല്‍ നീങ്ങുമഹര്‍ന്മുഖം
കലയെക്കണികാണുന്ന 
കവി തന്‍ പ്രാണമിത്രമായ്!'

കൂടാളിയില്‍നിന്ന് പുറപ്പെട്ട് കോഴിക്കോട്ടെത്തുംമുമ്പ് തിരക്കുള്ള തീവണ്ടിമുറിയിലിരുന്നെഴുതിയ കവിതയാണ് 'പ്രപഞ്ചം'. കോഴിക്കോട് ആകാശവാണിയില്‍ അടുത്തനാളിലെ കവിസമ്മേളനത്തില്‍ അത് വായിച്ചു. 
'നിഴലിക്കുന്നിതു നിശ്ചലമെന്‍ ചുടു-
മിഴിനീര്‍ച്ചില്ലിലൊരാകാശം!'

വണ്ടിയിലും ബസിലും തീവണ്ടിയാപ്പീസിലുമൊക്കെയിരുന്ന് നൂറുകണക്കിന് കവിതകള്‍ എഴുതിയ കാലം കവിയുടെ തീവ്രമായ ഗൃഹാതുരത്വമാണ്. ബാങ്ക് പൊളിഞ്ഞ് പാപ്പരായവന്‍ പഴയകാലം ഓര്‍ക്കുന്നതുപോലെയാണ് അതെന്ന് കവി 'പ്രപഞ്ച'ത്തിന് ആമുഖമായി കുറിച്ചുവെച്ചിട്ടുണ്ട്. അനായാസേന കവിതകളെഴുതിയിരുന്ന പുഷ്‌കലമായ ഒരു കാലം തനിക്കു നഷ്ടപ്പെട്ടുവെന്ന് നീളുകയും വളയുകയും ചെയ്യുന്ന, ആദിയും അന്തവുമില്ലാത്ത വഴിയിലൂടെ പൊന്‍ചിലമ്പണിഞ്ഞ കാവ്യാംഗനയെത്തേടിയുള്ള നിത്യയാത്രയ്ക്കിടയില്‍ എന്നോ കവിക്ക് തോന്നിയപ്പോഴാവാം ഈ മുഖവുര. കഷ്ടം കുഞ്ഞിരാമാ!
'താന്‍താനേറ്റേണ്ടതാം ഭാണ്ഡം
ഭേസും യാത്രികര്‍ പോവതായ്
എങ്ങുനിന്നെവിടേക്കെന്നൊ-
രന്തം കിട്ടാത്ത പാതയില്‍'

ഭിക്ഷാപാത്രം പോലെയായ കൈപ്പടവുമായി നടക്കുന്ന കവിയാണ് യാത്രികരില്‍ ഒരാള്‍. നിശ്ശബ്ദനിഴലുകളെ ഒപ്പംകൂട്ടി ആരൊക്കെയോ അങ്ങോട്ടുമിങ്ങോട്ടും ചലിക്കുന്നു. അവരിലൊരാളെ കവിയുടെ കണ്ണുകള്‍ തിരിച്ചറിഞ്ഞു. ഒരു പുസ്തകപ്രസാധകനാണ്. പിന്നെ ഒട്ടും അമാന്തിച്ചില്ല. പ്രസാധകനെ സംഭ്രമിപ്പിച്ചുകൊണ്ട് സാഷ്ടാംഗം നമസ്‌കരിച്ച് പാദാരവിന്ദങ്ങളില്‍ മുറുകെപ്പിടിച്ചു. 
''വിട്, വിട്'' എന്ന് പാദാരവിന്ദങ്ങളുടെ ഉടമ. 

കവി അതിനു തയ്യാറാണ്. പക്ഷേ, കുറച്ച് കാശുവേണം. കാശ് തരാമെന്നേല്ക്കാതെ പിടിവിടില്ല. 
വഴിപോക്കര്‍ അമ്പരപ്പോടെ കാഴ്ചകാണുകയാണ്. അവര്‍ കാണുമെന്നോ, അന്ധാളിക്കുമെന്നോ, അപഹസിക്കുമെന്നോ കവി ആലോചിക്കുന്നതേയില്ല. ഗത്യന്തരമില്ലാതെ പ്രസാധകന്‍ സമ്മതം മൂളിയതും കവി എഴുന്നേല്ക്കുകയായി. 
'വരും വസന്തമാസത്തെ
വിരുന്നൂട്ടിയവനിക്കവി
പിച്ചവെയ്ക്കും പ്രപഞ്ചത്തെ-
ച്ചാഞ്ചാടിച്ചവനിക്കവി'

ഒരല്ലലുമില്ലാത്ത നല്ലൊരു ജന്മം കിട്ടി. അത് തുലച്ചു. ഒരു മുട്ടുമറിയാതെ ജീവിക്കാന്‍ ദൈവം ധാരാളം തന്നു. എല്ലാം കളഞ്ഞു. ഇപ്പോള്‍ എന്തിനും എങ്ങും മുട്ടായി. 
'എന്തിനുവന്നു ഞാന്‍? ഏതു
വഴിയീ നാട്ടിലെത്തി ഞാന്‍?
തിരിച്ചു ചെല്ലുമെമ്മട്ട്?'

ഈയൊരു സന്ദേഹാകുലത കവിയെ എപ്പോഴും മഥിച്ചിരുന്നു. ഓട്ടക്കീശയുള്ള ജുബ്ബയുമിട്ട് കോഴിക്കോടിന്റെ പാതകളിലൂടെ തലങ്ങും വിലങ്ങും ഉഴറിനടന്നു. 

ഹജൂര്‍ റോഡിലെ മേഡേണ്‍ ഹോട്ടലിന്റെ കാവിത്തിണ്ണയിലിരിക്കുമ്പോഴാണ് തമിഴ് നോവലുകള്‍ മാറ്റി എഴുതിത്തള്ളി അരക്കാശിന് അന്തിവരെ പുസ്തകക്കടയില്‍ കാത്തിരിക്കുന്ന ശീലമുള്ള, കൊല്ലം ആര്യവൈദ്യശാലാ കാറ്റലോഗ് വിദഗ്ധനായ എം.ആര്‍. നാരായണപിള്ള മുന്നിലെത്തിയത്. സാറ് ഊണുകഴിച്ചോ? ഇല്ലെന്നു പറഞ്ഞില്ല. സുഖമില്ല. കാപ്പി കഴിച്ചു. കണ്ടതു നന്നായി. നമുക്ക് ഒരു സ്ഥലംവരെ പോകാം. അടുത്ത കട. വരണം. കൂടെപ്പോയി. 
ചെറുപുസ്തകക്കട. കേറി. പരിചയപ്പെടുത്തി. ഉടമസ്ഥനും മാനേജരുമാണ് ഈ മാന്യന്‍. തമ്മില്‍ കണ്ടു. സൂക്ഷിച്ചുനോക്കി. മാനേജര്‍. കൊഴുത്തുമിനുത്ത് അഴകുള്ള ഉടല്‍. മിനുത്ത തലമുടി. പരന്ന നെറ്റി. വശ്യപ്രയോഗകലയുള്ള ചിരി. മധുരമൂറുന്ന ചോക്കലേറ്റ് സംഭാഷണപ്പൊതി. 
നാരായണപിള്ള പറഞ്ഞു: ''ഇവിടെ ആദ്യമായി കാലുവെച്ചു. ഇവരുടെ കാലോം തെളിഞ്ഞു. ആദ്യമായി ഇവിടെന്നെഴുതിയ ഒരു പുസ്തകം ഈ ചെറുപ്പക്കാരന്റെ കൈയില്‍ കൊടുക്കണം''. 
''കൊടുക്കാം''. 
മാനേജരുടെ കണ്ണും കരളും നിറയുംപോലെ തോന്നി. കൈ പിടിച്ചു. ഭാഗ്യരേഖ തെളിഞ്ഞ കരുത്തും കഴിവുമുള്ള കൈ!
ഒരു നിമിഷമാലോചിച്ചു. പെന്‍സിലും ബൗണ്ടും വാങ്ങി. 
നാളെ എത്രമണിക്ക് കട തുറക്കും?
ഒമ്പതുമണിക്ക്. 
കൃത്യം ഒമ്പതരയ്ക്കു വരാം. പുസ്തകം തരാം. ഇവിടെയുണ്ടാകണം. 
ഞാനിവിടെത്തന്നെയുണ്ടാകും. കാത്തിരിക്കാം. 
കടയില്‍നിന്നിറങ്ങി. നാരായണപിള്ള യാത്രപറഞ്ഞ് പിരിഞ്ഞപ്പോള്‍ കവി കീശയില്‍ തപ്പിനോക്കി. രണ്ടണ. മതി, ധാരാളമായി. കാലത്ത് കൃത്യം ഒമ്പതുമണിക്ക് പുസ്തകം കൊടുക്കണം. പുതുമയുള്ള പുതിയ പുസ്തകം. 

ഒരു രാത്രി. നീണ്ട യാമങ്ങളുള്ള, മിന്നലൊളിയുള്ള രാത്രി. സമയമുണ്ട്. പതിനാറു നാഴിക. നൂറുനൂറു വിനാഴികകളുണ്ട്. പുസ്തകം പൂര്‍ത്തിയാക്കാന്‍ സമയമുണ്ട്. എഴുതാന്‍ സ്ഥലമെവിടെ? മുറിവാടകയ്ക്ക് കാശില്ല. നേരെ തീവണ്ടിയാപ്പീസിലേക്ക് നടന്നു. പിച്ചക്കാരനും തെണ്ടിക്കും പോക്കറ്റടിക്കാരനും പ്രകൃതിവിരുദ്ധനും എഴുത്തുകാരനും അഭയംനല്‍കുന്ന വണ്ടിയാപ്പീസ്. മൂന്നാം ക്ലാസ് യാത്രാമുറി. അത് ഒരുതുണ്ട് സ്വര്‍ഗമല്ല. ആകെ വൃത്തിഹീനമാണ്. കടിച്ചുതുപ്പിയ കരിമ്പിന്‍ചണ്ടി. മധുരനാരങ്ങകളുടെ തോട്, കുരു. രക്തലഹരിയില്‍ മൂളിപ്പറക്കുന്ന കൊതുകുകള്‍. പഠിക്കാന്‍ ഉത്സുകരായ മൂട്ടവിദ്യാര്‍ഥികള്‍. അസഹനീയമായ നാറ്റം മുറിക്കുള്ളില്‍ കുമിഞ്ഞുനിന്നിരുന്നു. കവി കാലൊടിഞ്ഞ ഒരു പഴയ ബെഞ്ച് കണ്ടെത്തി. അതിന്മേല്‍ വേഷ്ടി വിരിച്ചിരുന്നു. 

എഴുതാന്‍ പേനയില്ല. പെന്‍സിലുണ്ട്. ബൗണ്ട് പുസ്തകം താളുകള്‍ മറിച്ച് പേജ് നമ്പറിട്ടു. ചിലര്‍ സൂക്ഷിച്ചുനോക്കുന്നത് കണ്ടപ്പോള്‍ ചുമരുനോക്കി തിരിഞ്ഞിരുന്നു. റെയില്‍വേ പരസ്യചിത്രം കണ്ടു. കാശി സ്‌നാനഘട്ടം. അകലെ വിശ്വനാഥക്ഷേത്രം. അവിടെയിരുന്ന് ഭ്രാന്തുപിടിച്ചതുപോലെ എഴുതുകയായി. ഇടയ്‌ക്കൊരു കടുംചായ. ഒരണ. കുറേയെഴുതി വീണ്ടും ചെന്ന് ഒരു റൊട്ടി തിന്നു. അരയണ. അണ ഒന്നര പോയി. അരയണ കൈയിലിരിപ്പ്. 
'ഓ, മനസ്സ്; മനസ്സ്; മനസ്സ്. മഹാപ്രപഞ്ചമാണത്. കവിതാ നദിയാണത്. കലാമണ്ഡലമാണത്. ഈ അര്‍ധരാത്രി. കടുംചായ കുടിച്ചു. നീ എനിക്കുവേണ്ടി ഉണര്‍ന്നിരിക്കുന്നു. ഉയര്‍ത്തിരിക്കുന്നു. എന്റെ വഴിത്തുണ സഹയാത്രികന്‍ നീ. നീ മാത്രം എന്റെ മനസ്സേ!'
മുഖത്തു പാണ്ടുള്ള പഴയ ക്ലോക്ക് വിരല്‍ചൂണ്ടിപ്പറഞ്ഞു. നാലുമണി. നാലേകാല്‍, നാലര, നാലേമുക്കാല്‍, അഞ്ച്, അഞ്ചര... നെഞ്ചിടിപ്പ് കിതച്ചുപറഞ്ഞു: എടോ കുഞ്ഞിരാമാ! നാറുന്ന തീവണ്ടിയാപ്പീസ് എഴുത്തുമുറിയാക്കി എന്നെ അപമാനിച്ച തെണ്ടി! മതിയോ? 
ഇരുളില്‍ പിറന്നുവീണ കുഞ്ഞിന് പുലരിയില്‍ ഒരു പേരുവിളിച്ചു: ഉദയരാഗം. 
അതുകഴിഞ്ഞ് നഗരത്തിന്റെ ഹൃദയഭാഗത്തായി ഒരു കാത്തുനില്‍പ്പാണ്. രാത്രി മുഴുവനും ഉറക്കമിളച്ചതിനാല്‍ കാഴ്ചയ്ക്കു മങ്ങലുണ്ട്. 
'വണ്ടികള്‍ ചൂളംകുത്തി-
ക്കിതച്ചോടിപ്പോയ്, ശൂന്യം
പിന്നെയും നീണ്ടുനീണ്ടു-
കിടപ്പൂ റെയില്‍പ്പാളം'

തന്നെ പെറ്റ് കണ്ണീരുകുടിച്ച അമ്മയോട് മാപ്പിരക്കുന്ന കവി പാതയോരത്തുനിന്ന് കടുത്ത ആത്മനിന്ദയോടെ സ്വയം ചോദിക്കുന്നു. എടോ കുഞ്ഞിരാമാ, താന്‍ എവിടെയെത്തി? എന്തുനേടി?
അങ്ങാടിക്കാക്കകള്‍ കരയുന്നു. ആകാശവും ഭൂമിയും നെടുവീര്‍പ്പിടുന്നു. പൊന്‍ചിലമ്പിട്ട കാവ്യാംഗന, നിത്യകന്യക, കണ്ണുനീര്‍വാര്‍ത്ത് സഗദ്ഗദം തിരിച്ചുപോകുന്നു. മുക്കാല്‍ കാശിനു കൈമാറാനുള്ള കൈയെഴുത്തുപ്രതിയുമായി പാവം കുഞ്ഞിരാമന്‍ കാത്തുനില്‍ക്കുന്നു. പ്രസാധകന്‍ വൈകിയേക്കില്ല. 

Content Highlights: p kunjananthan nair, c v balakrishnan