'സ്വന്തം ഷെല്‍വി'യെന്ന് അവസാനിക്കുന്ന എത്രയോ കത്തുകള്‍ മള്‍ബെറി പബ്‌ളിക്കേഷന്‍സ്, 25-ആര്യഭവന്‍, എസ്.എം. സ്ട്രീറ്റ്, രാധാ തിയേറ്ററിനു സമീപം, കോഴിക്കോട് എന്ന മേല്‍വിലാസത്തില്‍നിന്ന് എനിക്ക് കിട്ടിയിട്ടുണ്ട്. എഴുതി അവസാനിപ്പിക്കുന്നതിനുമുമ്പേ ഈയൊരു കുശലാന്വേഷണമുണ്ടാകും: സുഖമല്ലേ?
ഷെല്‍വി എന്നെ പ്രിയപ്പെട്ട ഒരാളായി കരുതിയിരുന്നു, ഞാനവനെ എന്റെ സ്വന്തക്കാരനായും. കരടുകളില്ലാതെ, കാലുഷ്യമില്ലാതെ ഞങ്ങള്‍ സൗഹൃദം തുടര്‍ന്നു. ഷെല്‍വി സ്വയം ഏറ്റുവാങ്ങിയ ദുരന്തത്തിനുശേഷവും അതങ്ങനെത്തന്നെ തുടരുന്നു.
പൈതൃകമൂല്യമുള്ള മിഠായിത്തെരുവിന്റെ ഏതാണ്ട് മധ്യത്തിലായി രാധാ തിയേറ്ററിനു തെക്കുഭാഗത്തായുള്ള ആര്യഭവനിലെ ഇരുപത്തിയഞ്ചാം നമ്പര്‍ മുറി താഴത്തെ നിലയിലാണ്. ആ മുറിയുടെ ഒരു ജാലകത്തിനരികെ മേശപ്പുറത്ത് അതിശയപ്പെടുത്താന്‍പോന്ന പുസ്തകങ്ങളുമായി ഷെല്‍വിയുണ്ടെന്നത് കോഴിക്കോട്ടേക്കുള്ള യാത്രകളുടെ മുഖ്യപ്രേരണയായിരുന്നു എന്നെസംബന്ധിച്ച്; ഒരു ഘട്ടംവരെ. തുറമുഖനഗരമായ മംഗലാപുരത്തുനിന്നുള്ള ഒരു തീവണ്ടി അലിവോടെ യാത്രികനെ ഇറക്കിവിടുന്നു. ഞാന്‍ തിരക്കിലൂടെ പുറത്തുകടന്ന് കാല്‍നടയായി മിഠായിത്തെരുവിലെത്തുന്നു. സുഗുന്ധമുള്ള വെയില്. അതിനു മറപിടിക്കാതെ വലത്തോട്ടു തിരിഞ്ഞ് ആര്യഭവനില്‍ ചെന്നുചേരുന്നു. ഓ, ജാലകത്തിനപ്പുറം ഷെല്‍വിയുണ്ട്!
അങ്ങേയറ്റം സൗഹൃദത്തോടെയാണ് ഷെല്‍വി വരവേല്‍ക്കുക. കാണാന്‍ കാത്തിരിക്കുകയായിരുന്നു എന്നതുപോലെ. വാ, വാ എന്നുപറഞ്ഞ് മുന്നിലെ കസേര ചൂണ്ടിക്കാട്ടുന്നു. അവിടെയിരിക്കുമ്പോള്‍ സ്‌നേഹത്തിന്റെ അലകള്‍ സ്പര്‍ശിക്കുന്നു. പല കാര്യങ്ങള്‍ പറയുന്നു.
''നമുക്കൊന്ന് പുറത്തേക്കിറങ്ങിയാലോ?''-ഷെല്‍വി ചോദിക്കുന്നു.
''ഓ.'' ഞാന്‍ എഴുന്നേല്‍ക്കുന്നു.
ഞങ്ങള്‍ പുറത്തേക്കിറങ്ങുന്നു. ഉച്ചനേരങ്ങളില്‍ ഷെല്‍വി ചില നിഷ്ഠകള്‍ പുലര്‍ത്തിയിരുന്നു. അവ എനിക്കും ആചരിക്കാന്‍ പ്രയാസമുള്ളവയല്ല, സന്തോഷകരമാണുതാനും. വെയില്‍ ഞങ്ങള്‍ക്കൊരു പ്രതിബന്ധമാകുന്നില്ല. നിഴലുകളെ ഒപ്പംചേര്‍ത്ത് ഞങ്ങള്‍ മിഠായിത്തെരുവില്‍നിന്ന് പുറത്തുകടക്കുന്നു. ഷെല്‍വിയുടെ പതിവു സങ്കേതങ്ങളിലൊന്ന് ഞങ്ങള്‍ക്കായി വാതില്‍തുറക്കുന്നു. മിന്നുന്ന മീനുകളുടെ ഗന്ധം ഞങ്ങളെ പൊതിയുന്നു.
ആരായിരുന്നു ഷെല്‍വിയെന്ന ചോദ്യം മനസ്സിലുയരുമ്പോള്‍ ആദ്യമേ പറയാവുന്ന മറുപടി എന്തെന്നാല്‍, പ്രതിഫലം ചോദിച്ചുചെല്ലാവുന്ന ഒരു പ്രസാധകനല്ലെന്നതാണ്. ഞാനൊരിക്കലും ഷെല്‍വിയോട് റോയല്‍റ്റി ആവശ്യപ്പെട്ടിട്ടില്ല. അതിലൊരു പങ്ക് ചോദിക്കാനാണ് ഇറങ്ങിത്തിരിച്ചതെങ്കിലും മുന്നിലെത്തുമ്പോള്‍, കുചേലനെപ്പോലെ ഞാനതു മറക്കും. ദ്വാരക എന്നെ അതിരറ്റ സ്‌നേഹവായ്പ്പോടെ യാത്രയാക്കും.
ഷെല്‍വി ഒരിക്കലും സമ്പന്നനായിരുന്നില്ല. സമ്പന്നനെന്ന് ഭാവിക്കുമായിരുന്നു ചിലപ്പോഴൊക്കെ. പരിജ്ഞാനത്തിന്റെ കാര്യത്തിലാണെങ്കില്‍ താന്‍ വളരെ മുന്നിലാണെന്ന് ഷെല്‍വി ഭാവിക്കാറില്ല. മലയാളി വായനസമൂഹത്തിന് എറിക് ഫ്രോമിനെയും സിമോന്‍ ദെ ബുലെയെയും സാര്‍ത്രിനെയും ഗബ്രിയേല്‍ ഗാര്‍സ്യാ മാര്‍ക്കേസിനെയും ബോര്‍ഹെസ്സിനെയും വാന്‍ഗോഗിനെയും കസന്‍ദ്സാക്കിസ്സിനെയുമൊക്കെ പരിചയപ്പെടുത്തിയ പ്രസാധകന്‍ ഷെല്‍വിയായിരുന്നു. ഷെല്‍വി രൂപകല്പനചെയ്ത ഓരോ വിവര്‍ത്തനകൃതിയും വായനക്കാര്‍ നെഞ്ചേറ്റി. അവര്‍ക്കത് ഒരു നവ്യാനുഭവമായിരുന്നു. അത്തരം കൃതികളുടെ പ്രസാധനത്തിലൂടെ ഷെല്‍വി നിറവേറ്റിയത് ഒരു പ്രവാചകദൗത്യത്തില്‍ കുറഞ്ഞ ഒന്നുമല്ല. ഷെല്‍വി ഭാഷയിലെ പ്രവാചകനായിരുന്നു. സമൂഹം ആ ദൃഢസ്വരത്തിന് കാതോര്‍ത്തിരുന്നു.
ശബ്ദം ദൃഢമായിരുന്നുവെന്നത് ശരിതന്നെ, ശരീരംകൊണ്ട് ഷെല്‍വി വളരെ ദുര്‍ബലനായിരുന്നു. കണ്ടാല്‍ ആരുമല്ലെന്നു തോന്നിക്കുന്ന ഒരു രൂപം. ആകാരസൗഷ്ഠവമൊന്നും അവകാശപ്പെടാനില്ല. വേഷത്തിലുമില്ല പ്രൗഢി. കുടുംബപശ്ചാത്തലം അഭിമാനിക്കാവുന്നതല്ല. ബന്ധുബലമില്ല. അറിവുനേടിക്കൊണ്ട് സ്വയം നിര്‍മിച്ചതാണ്.
'നൊസ്റ്റാള്‍ജിയ' എന്ന കവിതാ സമാഹാരത്തിനെഴുതിയ മുഖവുരയില്‍ ഷെല്‍വി പറയുന്നു: 'സാഹിത്യവും മറ്റുപലതുംപോലെ മറവിയാകുകയോ കാലഹരണപ്പെടുകയോ ചെയ്‌തേക്കാവുന്ന ഭീകരമായ, അഥവാ അത്രമേല്‍ നിസ്സംഗശാന്തമായ ഒരവസ്ഥയിലാണ് പുസ്തകങ്ങളെ ഞാന്‍ ജീവിതംപോലെ സ്‌നേഹിക്കാന്‍ പഠിച്ചത്. എഴുതുമ്പോള്‍ കൈ വിറയ്ക്കുകയും ചിലപ്പോള്‍ സ്വയം കണ്ണുനിറയുകയും മറ്റുചിലപ്പോള്‍ ആനന്ദത്തിന്റെ അതീവമായ സംത്രാസങ്ങളില്‍ വീര്‍പ്പുമുട്ടി പിടയുകയും ചെയ്തിട്ടുണ്ട് ഞാന്‍. സാഹിതീയ സംസ്‌കാരം തീരെ സ്പര്‍ശിച്ചിട്ടില്ലാത്ത കേരളത്തിലെ ഏറ്റവും പുരാതനമായ സുറിയാനി നസ്രാണി കുടുംബത്തിലാണ് എന്റെ ജനനം. ആരും ഒരു വഴികാട്ടിയായി
എനിക്കവിടെയുണ്ടായിട്ടില്ല... ദൈവത്തോടല്ലാതെ ആരോടാണെനിക്ക് കടപ്പാട്?'

1960 ഓഗസ്റ്റ് 8-ന് ഗുരുവായൂരിനടുത്ത ഒരുമനയൂരിലായിരുന്നു ജനനം. അച്ഛന്‍ ചെറുവത്തൂര്‍ വറീദ് മകന്‍ ദേവസ്സി. അമ്മ ഇടക്കളത്തൂര്‍ ലോനപ്പന്‍ മകള്‍ ക്‌ളാര.ഒരുമനയൂര്‍, പാവറട്ടി, പാലക്കാട് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗുരുവായൂരിലെ ടൗണ്‍ ഷിപ്പ് ലൈബ്രറിയും ദേവസ്വം മതഗ്രന്ഥശാലയും വായനയെ ഏറെ സഹായിച്ചു. ബാല്യകാലത്ത് കഥ, പെയിന്റിങ്, നാടകരചന, സംവിധാനം, ഉപന്യാസം, പ്രസംഗം എന്നിവയില്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. എങ്കിലും, സ്വന്തം മാതാപിതാക്കളുടെയോ വിദൂരബന്ധുക്കളുടെയോ പ്രോത്സാഹനം ഈവകകാര്യങ്ങളില്‍ ഒട്ടും ലഭിച്ചില്ല. പ്രതിബന്ധങ്ങളും വിലക്കുകളും ഏറെയുണ്ടായി. യൗവനാരംഭത്തിലെ അനാഥത്വത്തില്‍നിന്നും ഏകാന്തതയില്‍നിന്നും ആത്മഹത്യാവാസനകളില്‍നിന്നും രക്ഷനേടാന്‍ ഒരു ഉള്‍വിളിയാല്‍ കവിതയെഴുതി. ഏകാന്തതയ്ക്കു പുറമേ അനുഭവങ്ങളും വേദനിപ്പിക്കുന്ന കേട്ടുകേള്‍വികളും രൂപപ്പെടുത്തിയ കവിതകളെ ഷെല്‍വി തന്റെ ദിവ്യബലിയായി കരുതി.
'എങ്കിലും, കവിത വളരെ പരിമിതമായ കാര്യങ്ങളേ സാധിക്കുന്നുള്ളൂ. നെരൂദയെക്കാള്‍ വലിയ കവി ചെഗുവേര തന്നെയാണ്. രണ്ടും രണ്ടാണെന്നു പറയുന്നത് സമര്‍ഥമായ ഒഴിഞ്ഞുമാറലാണ്. സച്ചിദാനന്ദനെക്കാള്‍ എത്രയോ വലിയ കവിയാണ് 'അടിയോരുടെ പെരുമനായ വര്‍ഗീസ്!' ഈ പ്രസ്താവം 'അലൗകിക'മെന്ന രണ്ടാമത്തെ കവിതാസമാഹാരത്തിന്റെ പിന്‍കുറിപ്പിലാണ്.
ഒരു കവിയെന്നനിലയില്‍ ഷെല്‍വിയെക്കാള്‍ ലജ്ജാലുവായി മറ്റാരും ഉണ്ടായിരുന്നിരിക്കില്ല. എഴുതിയ കവിതകള്‍ ഭയംകൊണ്ടുമാത്രം ഒരു പ്രസിദ്ധീകരണത്തിനും അയച്ചുകൊടുക്കില്ലായിരുന്നു. പ്രസാധകനായി പത്തിലേറെ കൊല്ലം പണിയെടുത്തിട്ടും ആദ്യത്തെ കൃതി പുറത്തിറക്കാന്‍ ലജ്ജയോ മടിയോ ആയിരുന്നു. ആമുഖത്തില്‍ ഷെല്‍വി എഴുതുന്നു: 'ഇപ്പോള്‍ അവിശ്വസനീയമായി തോന്നാം. പക്ഷേ, സത്യം മാത്രമേ ഞാന്‍ പറഞ്ഞുള്ളൂ!'
തിരിച്ചറിയപ്പെടാതെപോയ ഒരാളെന്നോ, മനസ്സിലാക്കപ്പെടാതെപോയ ഒരാളെന്നോ, ഷെല്‍വിയെക്കുറിച്ചു പറയുന്നത് നീതിയുക്തമാവില്ല. ഷെല്‍വി തിരിച്ചറിയപ്പെട്ടിരുന്നു. അസംഖ്യം വായനക്കാര്‍ ഷെല്‍വിയുടെ വേറിട്ട പ്രവര്‍ത്തനശൈലി ഹൃദയപൂര്‍വം നോക്കിക്കണ്ടിരുന്നു. അതിന് ആവോളം പിന്തുണനല്‍കുകയും ചെയ്തിരുന്നു. സ്വതവേ നിസ്വനായ ഷെല്‍വി ഏതെങ്കിലും ഘട്ടത്തില്‍ നിസ്വതയെ മറികടന്നിട്ടുണ്ടെങ്കില്‍ അത് മുഖമില്ലാത്ത അനേകമനേകം പേരുടെ അകമഴിഞ്ഞ സ്‌നേഹവായ്പുകൊണ്ടാണ്. അവരെപ്പോഴും ഷെല്‍വിയുടെ കൂടെയുണ്ടായിരുന്നു.
എന്നിട്ടും ഒരു കയറിന്‍തുമ്പില്‍ അവന്‍ ജീവിതമൊടുക്കി. പ്രസാധനത്തെ ഒരു കലയാക്കി വളര്‍ത്തിയ ഷെല്‍വി ഒട്ടും കലാപരതയില്ലാത്ത, രുഗ്ണമായ ഒരു മരണം വരിച്ചു. അതെന്തിനായിരുന്നുവെന്ന് ഇപ്പോഴും എനിക്കറിയില്ല. അവന്റെ വിലപിടിപ്പുള്ള പുസ്തകശേഖരം മാനാഞ്ചിറ സ്‌ക്വയറിലെ ഒരു രണ്ടാംകൈ പുസ്തകവില്‍പ്പനക്കാരന്‍ ചുളുവിലയ്ക്കു കൊണ്ടുപോയി. എന്നോട് ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ ഞാനെടുക്കുമായിരുന്നു. കാരണം ഷെല്‍വിയുടെ കൈയിലെ ഓരോ പുസ്തകവും അവന്‍ തന്നെയായിരുന്നു. അവയിലേക്ക് എത്തിച്ചേര്‍ന്നത് ഏറെ അലഞ്ഞും അന്വേഷിച്ചുമാണ്.
1985-ല്‍ തുടങ്ങിയ ഷെല്‍വിയുടെ പ്രസാധനസ്ഥാപനമായ മള്‍ബെറി മലയാളത്തില്‍നിന്ന് ആദ്യമായി പ്രസിദ്ധീകരിച്ച മൗലികകൃതി എന്റെ രണ്ടാമത്തെ കഥാസമാഹാരമായ 'മറുകര'യായിരുന്നു (ജനുവരി 1987). എഴുത്തുകാരന്റെ ഫോട്ടോ കവര്‍ചിത്രമാകുന്നത് അതാദ്യമാണ്. ഷെല്‍വി ഒരു ഫോട്ടോ ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ കരുതിയത് ബ്‌ളര്‍ബിനോടൊപ്പം പിന്‍താളില്‍ ചേര്‍ക്കാനാകുമെന്നാണ്. എന്നാല്‍, കവറില്‍ മുഴുവലുപ്പത്തില്‍ ഫോട്ടോ ചേര്‍ത്ത് ഷെല്‍വി എന്നെ അതിശയിപ്പിച്ചു. പിന്നീട് എത്രയോ എഴുത്തുകാരെ ഷെല്‍വി അങ്ങനെ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും അതിനു തുടക്കം 'മറുകര'യാണ്. ഷെല്‍വിയുടെ പ്രഥമ പരിഗണന ലഭിച്ചത് എനിക്കായിരുന്നു. അതേത്തുടര്‍ന്ന് ഭൂമിയെപ്പറ്റി അധികം പറയേണ്ട, പ്രണയകാലം, കഥ എന്നീ സമാഹാരങ്ങള്‍. മരണത്തിന് ഏതാനും നാള്‍മുമ്പ് ആര്യഭവനിലിരുന്ന് ഷെല്‍വി പുതിയൊരാശയം ഉന്നയിച്ചു. ഞാനെഴുതിയ പ്രണയത്തിന്റെയും രതിയുടെയും കഥകള്‍ ചേര്‍ത്തൊരു ഗ്രന്ഥം.
''കാര്യങ്ങള് മെച്ചപ്പെട്ടിട്ടുണ്ട്. അഡ്വാന്‍സ് കൈയോടെ തന്നേക്കാം.'' ഷെല്‍വി എടുത്തപടി ചെക്ക് ബുക്ക് തുറന്നു. ഒരു തുകയെഴുതി കീഴെ നീട്ടിവലിച്ച് കൈയൊപ്പുചാര്‍ത്തി. പതിവിനു വിപരീതമായി പിന്‍തീയതിവെച്ച ചെക്കായിരുന്നില്ല. കാര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നു വ്യക്തം. അതിന്റെ പ്രസാദം ഷെല്‍വിയുടെ മുഖത്തുകാണാമായിരുന്നു. പിന്നെ ഞങ്ങള്‍ മിഠായിത്തെരുവിലൂടെ വെയിലറിയാതെ നടന്നു.
ഡെയ്സിയുടെ സഹകരണത്തോടെയാണ് മള്‍ബെറി തുടങ്ങിയതെന്ന് ഷെല്‍വിതന്നെ രേഖപ്പെടുത്തിയിട്ടുണ്ട്, തന്റെയൊരു ജീവചരിത്രക്കുറിപ്പില്‍. ഡെയ്സി ജാ ക്വലിന്‍ പെരേര അനന്തരം ഷെല്‍വിയുെട ഭാര്യയായി. അവര്‍ക്കു സുലാമിതയെന്ന മകള്‍ പിറന്നു. കൊളത്തറയില്‍ ഷെല്‍വി പണികഴിപ്പിച്ച വീടിന്റെ പേര് ഷെഹനായ് എന്നായിരുന്നു. ഒരു നാള്‍ (2003 ഓഗസ്റ്റ് 21) അതു സംഗീതമില്ലാത്തതും വിലാപത്തിന്റേതുമായ വീടായി.
ഷെല്‍വിയുടെ പ്രഥമ കവിതാ സമാഹാരത്തിലെ (നൊസ്റ്റാള്‍ജിയ, 1993) അവസാനത്തെ കവിത ആത്മഹത്യചെയ്ത ഒരു സുഹൃത്തിന്റെ ഓര്‍മയ്ക്കാണ്. അത് തീരുന്നതിങ്ങനെ: ജീവിതം, ഹാ! ഇത്രയേയുള്ളൂ!
അപമൃത്യുവില്‍ വിറങ്ങലിച്ച വീട്ടില്‍നിന്നിറങ്ങി നഗരത്തിലൂടെ നടക്ക വേ കമലാദാസ് ആത്മഹത്യയെന്ന കവിതയില്‍ പറഞ്ഞത് ഓര്‍മവന്നു.
'എനിക്കു മരിക്കുവാന്‍ വേണ്ടുവോളം ധൈര്യമുണ്ട്. എന്നാല്‍, അതില്‍ കൂടുതലില്ലതാനും.'
ഇ.എം.എസ്സും സുകുമാര്‍ അഴീക്കോടും ടി. പത്മനാഭനും കെ.പി. അപ്പനും എം.ടി.യും കാക്കനാടനും ഒ.എന്‍.വി.യും അയ്യപ്പപ്പണിക്കരും പുനത്തിലുമൊക്കെ... കൂട്ടത്തില്‍ എന്റെ പേരുകൂടി ചേര്‍ക്കാം, ഓര്‍മകള്‍ കുറിച്ച രണ്ടു വോള്യമായി പ്രസിദ്ധീകരിച്ച ഓര്‍മയെന്ന കൃതി (പുസ്തകങ്ങളുടെ പുസ്തകമെന്ന് അതിന് പ്രസാധകന്റെ വിശേഷണം) രൂപകല്പനചെയ്ത ഷെല്‍വി ഓര്‍മകളൊന്നുമില്ലാതെ ഒരു സെമിത്തേരിയില്‍ ഉറങ്ങുകയാണല്ലോ എന്നോര്‍ക്കുമ്പോള്‍ വ്യസനംതോന്നും. അതെ, പ്രിയനേ, ജീവിതം ഇത്രയേയുള്ളൂ.
കണ്ണിന്റെയുള്ളില്‍നിന്ന് അവന്‍ പറഞ്ഞേക്കാം: മരണവും ഇത്രയേയുള്ളൂ.
( മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത് )
Content Highlights: C. V. Balakrishnan remembering writer Shelvi