പണ്ട് ഫ്രഞ്ചുകാരുടേതായിരുന്ന ചെറിയതും പഴയതുമായ ഒരു കെട്ടിടത്തിലാണ് ആകാശവാണിയുടെ കോഴിക്കോട് നിലയം പ്രവര്‍ത്തിച്ചതെന്ന് ചരിത്രം പറയുന്നു. ഒരുകാലത്ത് ബ്രിട്ടീഷ് പോലീസില്‍നിന്നു രക്ഷപ്പെടാന്‍ കുറ്റവാളികള്‍ ആ കെട്ടിടത്തിലേക്ക് കയറിപ്പറ്റുമായിരുന്നു. ഫ്രഞ്ച് അധികാരികളില്‍നിന്ന് അനുവാദം വാങ്ങിയേ പോലീസിന് അങ്ങോട്ട് പ്രവേശിക്കാനാവൂ. അപ്പോഴേക്കും കുറ്റവാളികള്‍ക്ക് രക്ഷപ്പെടാം.
ഇരുപത്തിമൂന്നു വര്‍ഷം കോഴിക്കോട് നിലയത്തില്‍ ഉറൂബ് ഉണ്ടായിരുന്നു. ഉറൂബ് ഓര്മിക്കുന്നതുപ്രകാരം വേനല്‍ക്കാലത്ത് ഓഫീസ്മുറികള്‍ സണ്‍ബാത്ത് കേന്ദ്രങ്ങളും വര്‍ഷകാലത്ത് ഷവര്‍ബാത്ത് കേന്ദ്രങ്ങളുമായിരുന്നു. ആ പരാധീനതകളിലും ഒട്ടും അലോസരപ്പെടാതെ അവിടെ സഹപ്രവര്‍ത്തകരായുണ്ടായിരുന്നത് കെ. രാഘവനും പി. ഭാസ്കരനും കെ. പത്മനാഭന് നായരും ശാന്ത പി. നായരും കെ. ബാലകൃഷ്ണ മേനോനുമൊക്കെയാണ്. പിന്നീട്, ഉറൂബുതന്നെ എഴുതിയതുപോലെ, രസികനായ തിക്കോടിയനും വന്നുചേര്‍ന്നു.
അക്കാലത്ത് ഒരു ദിവസം, കടല്‍ക്കാറ്റുകള്‍ പതിവുപോലെ വീശിക്കൊണ്ടിരിക്കെ, ഒരു കുതിരവണ്ടി റേഡിയോ നിലയത്തിനുമുന്നില്‍ ചെന്നുനിന്നു. രണ്ടുപേരിറങ്ങി. ഒരാള്‍ ആജാനുബാഹുവാണ്. മറ്റേ ആള് മെലിഞ്ഞ ഒരു ഫോട്ടോഗ്രാഫര്‍. അവര്‍ക്ക് ഉറൂബിനെ കാണണമായിരുന്നു. അകത്തേക്കുകടന്നു.
ഡ്യൂട്ടിയിലായിരുന്ന ഉറൂബ് സന്ദര്‍ശകരോടു പറഞ്ഞു:
''ഇവിടെയിരുന്ന് സംസാരിക്കാന്‍പറ്റില്ല. വളരെ തിരക്കാണ്. വൈകീട്ട് സ്വസ്ഥമായി കാണാം. അഞ്ചുമണിയാകുമ്പോ ബീച്ചിലെത്തിയാല്‍ മതി.''
സന്ദര്‍ശകര്‍ പിന്‍വാങ്ങി. കടലിനു സമാന്തരമായുള്ള പാതയില്‍നിന്നും അവര്‍ നേരം തികയ്ക്കാനായി നഗരത്തിലേക്കുനീങ്ങി. പല പാതകള്‍. എണ്ണിയാല്‍ ഒടുങ്ങാത്തത്രയും നിഴലുകള്‍. പരസ്പരം കലര്‍ന്ന ഒരു ഇരമ്പമായിത്തീരുന്ന ആരവങ്ങള്‍. കുതിരകള്‍ കേള്‍പ്പിക്കുന്ന താളാത്മക മണിക്കിലുക്കങ്ങള്‍.
അങ്ങുമിങ്ങും ചുറ്റിത്തിരിഞ്ഞ്, ഇടയ്ക്ക് ഊണും കഴിച്ച്, അക്ഷമരായ സന്ദര്‍ശകര്‍ വീണ്ടും ഒരു കുതിരവണ്ടിയില്‍ കടല്ക്കരയിലെ റേഡിയോനിലയത്തിലെത്തി. അവിടെ ചെന്നപ്പോള്‍ അക്കിത്തത്തെയും കെ. രാഘവനെയും മറ്റും കണ്ടുമുട്ടി. അവരുമായി സംസാരിച്ചു. അങ്ങനെ വൈകുന്നേരമായി. അഞ്ചുമണിക്കുതന്നെ ഉറൂബ് ഇറങ്ങി. സന്ദര്‍ശകരായ രണ്ടുപേരെയും ഒപ്പംകൂട്ടി കടല്‍ക്കരയിലേക്കു നടന്നു. വെയിലാറുന്നതേയുള്ളൂ, പൂഴിയുടെ ചൂട് അടങ്ങിയിട്ടില്ല. അതു സാരമാക്കാതെ മൂവരും പൂഴിയിലിരുന്നു. ദൂരചക്രവാളത്തില് സൂര്യന് പതുക്കെപ്പതുക്കെ ഒരു രാത്രിയുടെ വാഗ്ദാനത്തോടെ ചാഞ്ഞുകൊണ്ടിരുന്നു. അനേകമനേകം കണ്ണുകള്‍ സൂര്യനെ സാകൂതം നോക്കിക്കണ്ടു.
സൂര്യനും കടലും മനുഷ്യരുടെ എത്രയോ കഥകള്‍ കേട്ടിട്ടുണ്ട്. ഓരോ ജന്മവും അനേകം കഥകള്‍ ചേര്‍ന്നതാണെന്ന് അവയ്ക്കറിയാം. ജീവിതങ്ങള്‍ കഥകളായിമാറുന്നതും മനുഷ്യര്‍ കഥകള്‍ സങ്കല്പിക്കുന്നതും അവ കാണാറുള്ളതാണ്. അങ്ങനെയൊരു കാഴ്ച അന്ന് കടല്ത്തീരത്തുണ്ടായി.
ഉറൂബ് കഥപറയാനിരുന്നു. കേള്‍വിക്കാരായി രാമു കാര്യാട്ടും ശോഭന പരമേശ്വരന് നായരും. വഴിക്കുവഴിയായി മൂന്നു കഥ ഉറൂബ് അവരെ കേള്‍പ്പിച്ചു. ഒന്നിനൊന്ന് വ്യത്യസ്തമായിരുന്നു മൂന്നും. ഏതു വേണമെങ്കിലും തിരക്കഥയായി എഴുതാം. ഏതാണ് വേണ്ടതെന്ന് തീരുമാനിക്കുകയേ വേണ്ടൂ.
തീരുമാനം വൈകിയില്ല. ആദ്യം പറഞ്ഞ കഥമതി.
''ശരി.'' -ഉറൂബ് പറഞ്ഞു.
പിന്നെ 'നീലക്കുയില്‍' ചിറകടിച്ച് പറക്കുകയായി. തിരക്കഥയ്ക്ക് നീലക്കുയിലെന്ന് പേരിട്ടത് പി. ഭാസ്കരനായിരുന്നു. അത്രയുംകൊണ്ട് മാഷ്ടെ പങ്കാളിത്തം തീര്‍ന്നില്ല. എട്ട് പാട്ടെഴുതി. രാമു കാര്യാട്ടിനൊപ്പം സംവിധായകനായി. പ്രധാനപ്പെട്ട ഒരു റോളില്‍ അഭിനയിക്കുകയും ചെയ്തു. അതിനോടടുപ്പിച്ചായിരുന്നു പഴയ കമ്യൂണിസ്റ്റ് ബന്ധത്തിന്റെ പേരില്‍ പിരിച്ചുവിടല്‍ നോട്ടീസ് കിട്ടി ആകാശവാണിയില്‍നിന്നുള്ള പടിയിറക്കം. അപ്പീലിന് അവകാശമുണ്ടായിരുന്നില്ല. അതു നന്നായി. ഉര്‍വശീശാപം പി. ഭാസ്കരനെ സംബന്ധിച്ച് വലിയ ഉപകാരമായി. അതല്ലെങ്കില്‍ ഒട്ടും അസൂയാര്ഹമല്ലാത്ത സ്റ്റാഫ് ആര്‍ട്ടിസ്റ്റ് തസ്തികയിലിരുന്ന് അനുദിനം മുരടിച്ചുപോയേനെ. അല്പമതികളായ ചില മേലുദ്യോഗസ്ഥരെ സഹിക്കുക തുലോം പ്രയാസകരവുമായിരുന്നു.
''ബെടക്ക് രാജ്യാപ്പാ കോയിക്കോട്!'' ഈറ സഹിക്കാനാവാതെ കാരണവര്‍.
വി.കെ.എന്‍. ചിരി മുഴങ്ങുന്നു. ചിരിക്കാതെയുണ്ടാക്വോ വടക്കേ കൂട്ടാലെ നാരായണന്‍കുട്ടി നായര്‍? എന്തു ചൊദ്യാണാവേ ഇത്?
അതെന്തായാലും കോഴിക്കോട്ടുണ്ടായ ആദ്യത്തെ സന്ധിപ്പില്‍ ആ ചിരി കേള്‍ക്കാനായില്ല. ഏതാണ്ട് ഹൃദയഭാഗത്തായുള്ള ഒരു ടൂറിസ്റ്റ് ഹോമിലുണ്ടെന്നറിഞ്ഞ് 'മൊകത്ത് മൊകം നോക്കി കൂട്ടംകൂടാന്‍' ചെന്നതായിരുന്നു ഞാന്‍.
മുക്കാലും അടഞ്ഞുകിടന്നിരുന്ന വാതിലില്‍ മര്യാദപാലിച്ച് മുട്ടിയപ്പോള്‍ അകത്തുനിന്ന് പ്രതികരണമുണ്ടായി:
''വന്നോളൂ.''
വാതില്‍ പതുക്കെ തുറന്നതോടെ അതികായന് കണ്ണുകളില്‍ നിറഞ്ഞു. ശയ്യാവലംബിയാണെന്ന് ആലങ്കാരികമായി പറയാം. എന്നാല്‍, കിടക്കുകയല്ല, എഴുന്നേറ്റിട്ടുമല്ല. രണ്ടിനുമിടയിലുള്ള സന്ദിഗ്ധതയില്‍ കൊടുംകൈ കുത്തി ഫ്രീസ് ചെയ്തപോലെ സ്ഥിതിചെയ്യുകയാണ്. ഷേവ് ചെയ്തിട്ടില്ല.
'ഏഴു മണി ബ്ലേഡുകൊണ്ട് ഷേവ് ചെയ്തിട്ടുണ്ടെന്നാലും
ഏഴു കുറ്റിരോമമെന്റെ മുഖത്തു ബാക്കി
എത്ര മണി ബ്ലേഡുകൊണ്ട് ഷേവ് ചെയ്തിട്ടുണ്ടെന്നാകില്
എല്ലാ രോമവും പോമെന്റെ മുഖപദ്മത്തില്‍'
എന്ന കവിത എനിക്കോര്മയായി. അതെഴുതിയത് മറ്റാരുമല്ല, നേരെമുന്നിലുള്ള വി.കെ.എന്‍. തന്നെ. കവിത? ഓ, തരാവും.
അന്ന് മൂപ്പര് അധികമൊന്നും സംസാരിച്ചില്ല. ഇരിപ്പും കിടപ്പുമല്ലാത്ത അവസ്ഥയില്‍നിന്ന് ഒരിഞ്ചുപോലും വ്യതിചലിച്ചുമില്ല. അചഞ്ചലനായി അങ്ങനെ നിലകൊണ്ടു. തികഞ്ഞ വശക്കേടില്‍.
എനിക്ക് ഉള്ളില്‍ മറ്റൊരു കവിതതോന്നി. മൂപ്പരുടെതന്നെ വാഗ്വിലാസം.
''സ്മരിക്കുന്നേന്‍ ഒഗ്ഡന്‍ നാഷിനെ
വരകവിവരനുശിരന് മാഷിനെ.''
തിര്ലാമലേന്നു വന്ന വി.കെ.എന്‍. കോഴിക്കോട്ട് രൂപപ്പെടുത്തിയ കഥകള്‍ ഒട്ടേറെയാണ്. ഈയിടെ ഒരു സന്ധ്യയ്ക്ക് പഴയകാലത്തെ സുന്ദരകഥകളില് ചിലത് എം.ടി. വാസുദേവന്‍ നായര്‍ രസകരമായി പറഞ്ഞുകേള്പ്പിക്കുകയുണ്ടായി. കോഴിക്കോട്ടെ വി.കെ.എന്‍. പ്രഭാവം എന്തായിരുന്നുവെന്ന് അവ വ്യക്തമാക്കിത്തന്നു.
തിരുവില്വാമലയില്‍ തന്നെ കാണാനെത്തിയ ഒരു യുവകഥാകൃത്തിനോട്, മുന്നിലുള്ള ഒരു പ്രസിദ്ധീകരണത്തിലെ കഥ നിവര്‍ത്തിക്കാട്ടി അതുപോലെയെഴുത് എന്നുപദേശിച്ച ഒരു കഥയുമുണ്ട്. യുവകഥാകൃത്ത് അസൂയനിമിത്തം അക്കഥ എന്നോടു പറയുന്നത് നാലഞ്ചുവര്‍ഷം കഴിഞ്ഞാണ്. എന്തെന്നാല്‍, വി.കെ.എന്‍. ചൂണ്ടിക്കാട്ടിയ കഥ എന്റേതായിരുന്നു. കഥയുടെ പേര് 'പുകയിലക്കള്ളന്‍' ഊശ്!
ബാലകൃഷ്ണനെ അയ്മദെന്ന ചായക്കടക്കാരന്, ഒരു ദേശീയ മാപ്ള, ബാലസ്സനായി തെറ്റിദ്ധരിക്കുന്ന വി.കെ.എന്‍. കഥ 'മാനാഞ്ചിറ ടെസ്റ്റ്' എന്ന സമാഹാരത്തിലുണ്ട്. തെയ്യുണ്യാരും രാംദാസ്ഠണ്ടന്റെ മകന് ബാലകൃഷ്ണനുംകൂടി ഒരു ദിവസം കാലത്ത് ഒറ്റപ്പാലത്തേക്ക് പദയാത്ര പുറപ്പെട്ടു. നല്ല നാല് തോര്‍ത്തുമുണ്ട് കിട്ടുമെങ്കില്‍ വാങ്ങാനായിരുന്നു യാത്ര. മകരച്ചൂടില്‍ മണി പതിനൊന്നായി. ചായ കുടിക്കാനായി ദേശീയ മാപ്ളയുടെ കടയില്‍ക്കയറി.
ചായ പാരുന്നതിനിടയില് അയ്മദ് പറഞ്ഞു:
''എത്ര കാലായി തെയ്യുണ്ണ്യാരെ കാങ്ങാഞ്ഞിട്ട്? കുടീല്ണ്ടാര്ന്നില്ലേ?''
ഇടയ്ക്കൊന്ന് ശീമവരെ പോയെന്നു തെയ്യുണ്യാര് പറഞ്ഞു.
''അത് പറയിന്‍. എന്നാ അതാ എടക്ക് കാങ്ങാഞ്ഞ്.''
''അയ്മദിന് വിശേഷിച്ചൊന്നൂല്ലല്ലോ.''
''ഒരാട് ചത്തു.''
''ത്ര്യല്ലേള്ളൂ? വേറെ വിശേഷിച്ചൊന്നൂല്ലല്ലോ.'' അയ്മദ് പറഞ്ഞു:
''സുകം.''
''അതു മതി.''
തെയ്യുണ്യാര് ചായക്കാശ് കൊടുക്കുമ്പോള്‍ അയ്മദ് ചോദിച്ചു:
''ദാരാ കൂടെ?''
''അയല്‍ക്കാരനാണ്... ബാലകൃഷ്ണന്.''
''അക്കരെ ഏത് ഏയ്ശന്റെ കുടീലാ?..
''ബാലേഴ്ശനല്ല. ബാലകൃഷ്ണന്.''
വിടര്‍ന്ന കണ്ണോടെ അഹമ്മദുണ്ണി പറഞ്ഞു:
''ഒറ്റനോട്ടത്തിന് ഞമ്മടെ കൂട്ടരാന്ന് തോന്നൂല്ലാ, ട്ട്യോ.''
''ആര്?''
''ഇങ്ങടെ ചങ്ങായ് ബാലസ്സന്‍.''
ഭാസ്കരന് മാസ്റ്റര്‍ ഒരു കൊല്ലത്തോളമേ കോഴിക്കോട് നിലയത്തില്‍ ഉണ്ടായിരുന്നുള്ളൂ. ഉറൂബും തിക്കോടിയനും അക്കിത്തവുമൊക്കെ അവിടെ തുടര്‍ന്നു. വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഭാസ്കരന്മാഷ് ഒരുദിവസം കോഴിക്കോട്ടേക്കു വന്നെത്തിയത് 'നീലക്കുയിലി'ന്റെ അമ്പതാം വാര്‍ഷികവുമായി ബന്ധപ്പെട്ട ഒരു ഒത്തുചേരലിനായിരുന്നു. അതിനുമുമ്പ് മാഷെ കാണാറുണ്ടായിരുന്നത് തിരുവനന്തപുരത്താണ്. മാഷും കെ.ജി. ജോര്‍ജും ചേര്‍ന്ന് പാടുന്നത് ഞാന്‍ കേട്ടിരുന്നിട്ടുണ്ട്. ജോര്‍ജ് ചേട്ടനുമായി താരതമ്യപ്പെടുമ്പോള്‍ മാഷ് ഭേദപ്പെട്ട ഗായകനായിരുന്നു. മേശപ്പുറത്തോ കസേരകൈയിലോ താളമടിച്ചുപാടും. അതൊരു സവിശേഷാനുഭവമായിരുന്നു.
വാനവിസ്തൃതിയിലൂടെ അമ്പതാണ്ടു പറന്ന 'നീലക്കുയിലി'ന്റെ പിറവി കോഴിക്കോട്ടായിരുന്നതിനാല്‍ അതിന്റെ അമ്പതാംവാര്‍ഷികവും ആദ്യമാഘോഷിക്കാനുള്ള അവകാശം ഈ നഗരത്തിനുതന്നെ. ഞങ്ങള്‍ അളകാപുരി ഹോട്ടലിന്റെ ഓഡിറ്റോറിയത്തില്‍ ഒത്തുകൂടി. പലരുടെയും അഭാവം ഞങ്ങളെ ദുഃഖിപ്പിച്ചിരുന്നു. രചയിതാവായ ഉറൂബിന്റെ, സംവിധായകരിലൊരാളായ രാമു കാര്യാട്ടിന്റെ, ഗായകനായ കോഴിക്കോട് അബ്ദുള്‍ ഖാദറുടെ, കെ. ബാലകൃഷ്ണമേനോന്റെ...
'നീലക്കുയിലു'മായി ചാര്‍ച്ചയുള്ള മൂന്ന് പ്രമുഖര്‍കൂടി, സത്യനും മിസ് കുമാരിയും നിര്‍മാതാവായ ടി.കെ. പരീക്കുട്ടിയും കാലത്തിന്റെ തിരശ്ശീലയ്ക്കപ്പുറത്താണ്. എന്നാല്‍, മറ്റുചിലര്‍ അവശേഷിക്കുന്നു. അവരെ ഞങ്ങള്‍, പിന്മുറക്കാര്, സ്നേഹവായ്പോടെ ചേര്‍ത്തുപിടിക്കുന്നു.
പൊതുചടങ്ങിനുശേഷം അളകാപുരിയുടെ ഒരു കോട്ടേജില്‍ സമാഗമം. ഭാസ്കരന്മാഷ് ഊര്‍ജസ്വലനാണ്. ഹാര്‍മോണിയവുമായി കെ. രാഘവന് മാഷുമുണ്ട്. തിക്കുവെന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന തിക്കോടിയനുണ്ട്. പരമു അണ്ണനെന്ന ശോഭനാ പരമേശ്വരന് നായരുണ്ട്. തൃശ്ശൂരില്‍ നിന്നും പോരുമ്പോള്‍ അണ്ണന് രണ്ട് കുപ്പി വോഡ്ക കരുതിയിരുന്നു. രാഘവന് മാഷ് സന്ദര്‍ഭത്തിനൊത്തുയര്‍ന്ന് തന്റെ പ്രിയങ്കരമായ ഗാനം ഓര്‍ത്തെടുത്തു: 'കായലരികത്ത് വലയെറിഞ്ഞപ്പോ വളകിലുക്കിയ സുന്ദരീ, പെണ്ണുകെട്ടിനു കുറിയെടുക്കുമ്പോളൊരു നറുക്കിനു ചേര്‍ക്കണേ...'
പാട്ടില്‍ സ്വരംകൊണ്ട് പാങ്കാളിയാകാന്‍ അതിന്റെ രചയിതാവ് തന്നെയുണ്ടല്ലോ. തുടക്കം തൊട്ടുതന്നെ ഭാസ്കരന്‍മാഷും കൂടെച്ചേര്‍ന്നു. എന്തൊരു സ്വരച്ചേര്‍ച്ച! എനിക്കു മനസ്സ് നിറയുംപോലെയായി. വോഡ്ക രാവിലേക്ക് അലിഞ്ഞിറങ്ങിക്കൊണ്ടിരുന്നു.
രാഘവന്മാഷ് മറ്റൊരു പാട്ടിലേക്കു കടന്നു. 'അപ്പോഴും പറഞ്ഞില്ലേ പോരണ്ടാ പോരണ്ടാന്ന്'.
അതെഴുതിയത് തിക്കോടിയനാണ്. പക്ഷേ, ഭാസ്കരന്മാഷ് ഓരോ വരിയും ഓര്‍മിച്ച് കൂടെപ്പാടി. രാത്രി സംഗീതസാന്ദ്രമായി. അതൊരു ദൈവാനുഗ്രഹംപോലെയായി.
കോഴിക്കോട്ട് ഞാന്‍ ചെല്ലുമ്പോഴൊക്കെയും തിക്കോടിയനെ കാണുമായിരുന്നു. പാളയത്തെ ആള്‍ത്തിരക്കിലോ, മിഠായിത്തെരുവിലോ, കോര്‍ട്ട് റോഡിലോ, ക്രൗണ്‍ തിയേറ്ററിനു മുന്നിലോ, ടൗണ്‍ ഹാളിലോ, മാനാഞ്ചിറ സ്ക്വയറിലോ. എവിടെയുമുണ്ടാകാം. സര്‍വവ്യാപിയാണ്. വളഞ്ഞ കാലുള്ള കുടയുമായി നടക്കുന്നതുകണ്ടാല്‍ എത്രയോ റേഡിയോ നാടകങ്ങളും അരങ്ങുനാടകങ്ങളും നോവലുകളും എഴുതിയിട്ടുണ്ടെന്നോ, അരവിന്ദന്റെ 'ഉത്തരായണ'ത്തിന്റെ തിരക്കഥാകൃത്താണെന്നോ ഒന്നും പറയില്ല. ആള്‍ക്കൂട്ടത്തില്‍ ഒരാള്‍മാത്രം. എപ്പോള്‍ വേണമെങ്കിലും കേള്‍പ്പിക്കാം മുഴക്കമുള്ള ചിരി. ഉറ്റസുഹൃത്തുക്കളില്‍ പലരും അങ്ങനെ ചിരിക്കാത്തവരാണ്. ഉവ്വ്, ഒരാളുണ്ടായിരുന്നു. തടിയനെന്ന് വിളിക്കപ്പെട്ടിരുന്ന വി.കെ.എന്‍. അക്കാലത്ത് മൂപ്പര് തൃക്കാരിയൂര്‍ ദേവസ്വം ജീവനക്കാരനാണ്. ഇടയ്ക്കിടെ ദേവസ്വം വേഷമഴിച്ചുവെച്ച് കോഴിക്കോട്ടേക്കുവരും. പിന്നെയൊരു തിമിര്‍പ്പാണ്. രാജകീയമായ നേരമ്പോക്ക്. എന്ത് രസാശ്ശണ്ടോ? നല്ല നിശ്ശല്ലാട്ടൊ.
ഒരു വി.കെ.എന്‍. കഥയില്‍ കേരളവര്‍മ പഴശ്ശിരാജാവിന്റെ നാട്ടില്‍നിന്നുള്ള ഒരു നായര്‍ യുവാവ് പാലക്കാടന്‍ നായന്മാരുടെ കുടുംബത്തില്‍പ്പെട്ട ആനന്ദവല്ലിയമ്മാളുമായി അനുരാഗത്തിലാകുന്നു. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പഠിക്കുകയായിരുന്നു. വര്‍ഷങ്ങള്‍ പലതുകഴിഞ്ഞ് പ്രോപ്പര്‍ ചാനലിലൂടെ കല്യാണാലോചന.
''ഓനിതു ചെയ്യുംന്ന് ഞാളോര്ത്തില്ല.'' -ചെക്കന്റെ കാരണവര്‍ പറഞ്ഞു.
''നൊമ്പടെ കുട്ട്യോ?'' -പെണ്ണിന്റെ തന്ത ചോദിച്ചു.
''പച്ചപ്പാവേര്ന്നു. പൂച്ച പൂച്ചമാതിരി. കോഴിക്കോട്ട് കോളേജില്‍ ചേര്‍ത്തപ്പോ ഈ കെട്ടുമറിയുണ്ടാവുമെന്ന് ആരാ വിചാരിച്ചവേ!''
Content Highlights: C. V. Balakrishnan remembering Uroob, P bhaskaran,K. Raghavan and others