ശിക്കാരാവാല ദാല്‍ തടാകത്തിലൂടെ ശിക്കാര തുഴയുന്നതിനിടയില്‍ തെല്ലകലേക്ക് കൈചൂണ്ടി: ''അതാ, ആ കാണുന്നതാണ്.''

അയാള്‍ കൈചൂണ്ടിയത് ചിനാര്‍ മരങ്ങളുടെ സുഭഗങ്ങളായ നിഴലുകള്‍ വീണുകിടക്കുന്ന തടാകത്തിലെ ചെറിയ ഒരു ദ്വീപിനുനേര്‍ക്കാണ്. നാലുകോണിലും പ്രൗഢങ്ങളായ ചിനാര്‍ മരങ്ങളും അവയ്ക്കിടയില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ സഹോദരന്‍ മുറാദ് ബക്ഷ് പണികഴിപ്പിച്ച മാന്ത്രികോദ്യാനമുള്ള 'ചാര്‍ ചിനാര്‍' ദ്വീപ് 'ജബ് ജബ് ഫൂല്‍ ഖിലേ' പോലുള്ള ജനപ്രിയ ബോളിവുഡ് ചിത്രങ്ങളില്‍ കാണാനിടയായിട്ടുണ്ട്. കശ്മീരി പാരമ്പര്യത്തിന്റെ ഒരു മുഖ്യാംശമാണ് ചിനാര്‍ മരങ്ങള്‍. കശ്മീരികള്‍ മതഭേദമില്ലാതെ അവയെ ആദരവോടെ വണങ്ങുന്നു. മാറുന്ന ഋതുക്കള്‍ക്കൊത്ത് ഇലകള്‍ നിറംമാറുന്ന ചിനാര്‍ മരങ്ങളുടെ സൗന്ദര്യം നിസ്തുലമത്രെ. അത് സമൃദ്ധമായി ഉള്‍ച്ചേര്‍ന്നതാണ് 'കശ്മീരിയത്ത്'. ദാല്‍ തടാകത്തിന്റെ തെളിഞ്ഞ ജലോപരിതലത്തിലൂടെ ചിനാര്‍ ഇലകള്‍ ഒഴുകിനീങ്ങുന്നു, നീര്‍ക്കോഴികള്‍ക്കൊപ്പം.

''ദ്വീപിലെ നാലുചിനാറും ഉണങ്ങിപ്പോയി. മുമ്പ് ഇവിടെ വരുന്ന ടൂറിസ്റ്റുകളൊക്കെയും ചാര്‍ ചിനാര്‍ കാണാന്‍ താത്പര്യം കാട്ടുമായിരുന്നു. ഇപ്പോ സാബിനെപ്പോലെ ആരെങ്കിലും ചോദിച്ചാലായി'' -ശിക്കാരാവാല പറഞ്ഞു.

ഞാന്‍ ചോദിച്ചത് വെറുതേയല്ല, അതിന് തക്കതായ ഒരു കാരണമുണ്ട്. വളരെ വര്‍ഷംമുമ്പ് ഭാഷയിലെ വലിയ എഴുത്തുകാരിലൊരാള്‍ ശ്രീനഗറിലെത്തുകയും ദാല്‍ തടാകത്തിലൂടെ യാത്രചെയ്യുകയും ചാര്‍ ചിനാറിനെ അതിന്റെ സമഗ്ര ചാരുതയോടെയും കാണുകയും അതുപശ്ചാത്തലമാക്കി അതിമനോഹരമായ ഒരു പ്രണയകഥ എഴുതുകയും ചെയ്തിട്ടുണ്ട്. യാത്രകളെ ജീവിതാഹ്‌ളാദമായി മാറ്റിയ എസ്.കെ. പൊറ്റെക്കാട്ട് അല്ലാതെ വേറെയാര്? ഓര്‍മയ്ക്കുപശ്ചാത്തലമായി മനോഹരമായ ദാല്‍ തടാകവും അതിരുകളിലെ ചിനാര്‍ മരങ്ങളും തുഴഞ്ഞുനീങ്ങുന്ന ശിക്കാരകളും.

വായനയുടെ തുടക്കകാലംതൊട്ടേ അറിയാവുന്ന പേരാണ് എസ്.കെ. പൊറ്റെക്കാട്ട് എന്നത്. കഥകള്‍ വായിക്കുന്നു, നോവലുകള്‍ വായിക്കുന്നു, സഞ്ചാരസാഹിത്യകൃതികളിലൂടെ അതിവിസ്മയത്തോടെ കടന്നുപോകുന്നു. എസ്.കെ. പൊറ്റെക്കാട്ടെന്ന വേറിട്ട വ്യക്തിത്വം തിരിച്ചറിയുന്നു. എന്നെങ്കിലും കാണാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു. ഒടുവില്‍ അതു നിറവേറുന്നു, പൊറ്റെക്കാട്ട് എഴുതിയ 'നാടന്‍പ്രേമ'ത്തിന്റെ (1941) പശ്ചാത്തലമായ മുക്കത്തുവെച്ചുതന്നെ. മാളുവിനെയും ഇക്കോരനെയും കണ്ട ഇരുവഞ്ഞിപ്പുഴയുടെ തീരത്ത്.

ഇരുവഞ്ഞിപ്പുഴ അക്കാലത്ത്, ചാലിയാറിന്റെ മുഖ്യമായൊരു കൈവഴിയും അതിസുന്ദരിയും സ്വച്ഛസലിലയുമായിരുന്നു. അതിന്റെ രമ്യതടത്തില്‍ക്കൂടെ ഞാന്‍ കുറേ നടന്നു. മഞ്ജുളമായ കാഴ്ചകള്‍കണ്ടു. ഹൃദയം സമുന്മിഷിതമായി.പിറ്റേന്ന് എസ്.കെ. പൊറ്റെക്കാട്ട് മുന്നിലെത്തി.
അതു ഞാന്‍ പങ്കെടുത്ത ആദ്യത്തെ സാഹിത്യക്യാമ്പായിരുന്നു. ഒട്ടേറെ പുതിയ എഴുത്തുകാര്‍ അതില്‍ സംബന്ധിച്ചിരുന്നു. അവരെ ഏതാനും സംഘങ്ങളായി തിരിച്ചതില്‍, ഞാനുള്‍പ്പെട്ട സംഘത്തിന്റെ നേതൃത്വം ചെറുകാടിനായിരുന്നു. കൂടെ ബി. രാജീവനുമുണ്ട്. രാജീവന്‍ ക്യാമ്പിലേക്കുവന്നത് സാവിത്രീഹരണത്തിന്റെ പിറ്റേന്നാണ്. മുടിയില്‍ തുളസിക്കതിര്‍ ചൂടിയ സാവിത്രി, നവവധുവെന്ന നാട്യമൊന്നുമില്ലാതെ കൂടെയുണ്ടായിരുന്നു.

എസ്.കെ. പൊറ്റെക്കാട്ട് ഞങ്ങളുടെ സംഘത്തിലേക്ക് വരികയുണ്ടായില്ല. അദ്ദേഹം സംസാരിച്ചത്, പൊതുവേദിയില്‍, എല്ലാ ക്യാമ്പംഗങ്ങളോടുമായാണ്. അദ്ദേഹത്തെ അതിനുമുമ്പ് ഞാന്‍ കേട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഔത്സുക്യം പരമകാഷ്ഠയിലായിരുന്നു. ഉരുവിടാനിരിക്കുന്ന വാക്കുകള്‍ക്ക് കാതോര്‍ത്ത് ഞാനിരുന്നു. ഏറെ അകലെയല്ലാതെ ഇരുവഞ്ഞിപ്പുഴ. അതിന്റെ തീരങ്ങളില്‍ ഓളങ്ങളിളകി.

പതിഞ്ഞ ശബ്ദത്തില്‍, ആരോഹണാവരോഹണങ്ങളില്ലാതെ എസ്.കെ. പൊറ്റെക്കാട്ട് സാഹിത്യത്തെക്കുറിച്ച് സംസാരിച്ചു. ഒടുവില്‍ പറഞ്ഞൊരു കാര്യം ഇതാണ്:
''ഒരുപാടുതവണ കൃഷിയിറക്കിയ മണ്ണാണ് നിങ്ങളുടെ മുന്നിലുള്ളത്. തകഴിയും ബഷീറും ഉറൂബും എം.ടി.യും ഞാനുമൊക്കെ എഴുതി. കുട്ടനാടും വള്ളുവനാടുമൊക്കെ എഴുതപ്പെട്ടു. സാധാരണ കര്‍ഷകത്തൊഴിലാളികളുടെ ജീവിതവും കുടിയേറ്റക്കാരുടെ അതിജീവനശ്രമങ്ങളും നായര്‍ തറവാടുകളുടെ ക്ഷയവും എഴുതിക്കഴിഞ്ഞു. തരിശായ മണ്ണാണ് നിങ്ങള്‍ക്ക് കിട്ടിയിരിക്കുന്നത്. ഇനി എന്തുകൃഷിചെയ്യും, എങ്ങനെ?''

ഞാന്‍ വാസ്തവത്തില്‍ അമ്പരന്നുപോയി. കേരളത്തിന്റെ ഭൂമിശാസ്ത്രവും ചരിത്രവും സംസ്‌കാരവിശേഷങ്ങളുമെല്ലാം മുന്‍ഗാമികള്‍ അതിവിദഗ്ധമായിത്തന്നെ ആവിഷ്‌കരിച്ചുകഴിഞ്ഞു. തേഞ്ഞുപോയ വാക്കുകള്‍ പെറുക്കിക്കൂട്ടി ഇനി എന്തുചെയ്യാന്‍?
അതൊരു ഗംഭീരമായ വെല്ലുവിളിയായിരുന്നു. അങ്ങനെയൊരു വെല്ലുവിളി മുന്നോട്ടുവെച്ച പൊറ്റെക്കാട്ടിനെ ആചാര്യനെന്നുതന്നെയല്ലേ വിളിക്കേണ്ടത്? അതെ. ഞാന്‍ എസ്.കെ. പൊറ്റെക്കാട്ടിനെ പ്രതിഷ്ഠിച്ചിട്ടുള്ളത് ആചാര്യസ്ഥാനത്തുതന്നെയാണ്. അതിന്റെ വിനയം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

പഴയകാല കോഴിക്കോടിന്റെ ഇപ്പോഴത്തെ അത്രയൊന്നും തിരക്കില്ലാത്ത പാതകള്‍ക്ക് ഏറ്റവും പരിചിതമായ പാദങ്ങളും നിഴലും എസ്.കെ. പൊറ്റെക്കാട്ടിന്റെതായിരിക്കും. കറുത്തൊരു തുകല്‍സഞ്ചി പ്രാണനെന്നോണം കക്ഷത്തില്‍ ഇറുക്കിപ്പിടിച്ച് മുണ്ടുമടക്കിക്കുത്തി അദ്ദേഹം ഓരോ പാതയിലൂടെയും നടന്നു. പുതിയറയിലെ 'ചന്ദ്രകാന്ത'മെന്ന വീട്ടില്‍നിന്നിറങ്ങി വഴിതാണ്ടുമ്പോള്‍ ഇരുപുറത്തും സ്ത്രീകള്‍ അവരുടെ വീടുകളുടെ അതിരുകളില്‍ നിലകൊണ്ട് ആരാധനയോടെ എസ്.കെ.യെ നോക്കുമായിരുന്നുവെന്ന്, അതുപിന്നീട് മറ്റൊരു എഴുത്തുകാരനും നേടാനായിട്ടില്ലെന്ന ഖേദം കലര്‍ന്ന സ്വരത്തില്‍ എം.ടി. വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറയുകയുണ്ടായി. കോഴിക്കോട് മറ്റൊരു എഴുത്തുകാരനെയും ഇത്രമേല്‍ ആരാധിച്ചിട്ടില്ല. അത് എഴുത്തുകാരന്റെ രൂപസൗന്ദര്യംകൊണ്ടായിരുന്നില്ല. എഴുത്തിന്റെ ചാരുതകൊണ്ടായിരുന്നു.

നാലപ്പാട്ടു ഭവനത്തിലുള്ള സ്ത്രീജനങ്ങള്‍ പൊറ്റെക്കാട്ടിന്റെ ഓരോ കഥ പ്രസിദ്ധീകരിച്ചുവരുമ്പോഴും എന്തുമാത്രം ആഹ്‌ളാദിച്ചിരുന്നുവെന്ന് മാധവിക്കുട്ടി എഴുതിയിട്ടുണ്ട്. എഴുത്തിലൂടെ ഇങ്ങനെ ആരാധന നേടിയെടുക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ ആവോ. എന്തായാലും പില്‍ക്കാല എഴുത്തുകാരിലാര്‍ക്കും അതു കഴിഞ്ഞിട്ടില്ല. പൊറ്റെക്കാട്ട് പറഞ്ഞ കഥകളുടെ മാന്ത്രികത അത്രമേല്‍ തീവ്രവും അപ്രതിരോധ്യവുമായിരുന്നു. ഏറ്റവും ലളിതമായ വാക്കുകള്‍കൊണ്ട് ആവിഷ്‌കരിച്ച കഥാപാത്രങ്ങള്‍ അദൃശ്യസാന്നിധ്യങ്ങളായി കഥാകാരന്റെ ഒപ്പമുണ്ടായിരുന്നു, എല്ലായിപ്പോഴും.

പിന്നീടൊരു നാള്‍ (1982 ഓഗസ്റ്റ് ആറിന്) കഥാകാരനും ഒരു അദൃശ്യസാന്നിധ്യമായി മാറി. ഏഴിലംപാലകള്‍ പിന്നെയും പൂത്തു. രാജമല്ലികളും പൂവിട്ടു. അവയുടെ വശ്യഗന്ധത്തിലൂടെ എസ്.കെ. പൊറ്റെക്കാട്ട് ഉയിരാര്‍ന്ന് നടക്കുന്നത് എനിക്കുകാണാം. പ്രിയങ്കരമായ മിഠായിത്തെരുവിലൂടെയും പാളയം റോഡിലൂടെയും അതിരാണിപ്പാടത്തിന്റെ ഓര്‍മ തുടിക്കുന്ന മാവൂര്‍ റോഡിലൂടെയും വലിയങ്ങാടിയിലൂടെയും താലൂക്ക് റോഡിലൂടെയും മൗലാനാ മുഹമ്മദ് അലി റോഡിലൂടെയും യാത്രികന്‍ കടന്നുപോകുന്നു. എവിടെ നിശാഗന്ധികള്‍?

പൊറ്റെക്കാട്ടിന് ജ്ഞാനപീഠ പുരസ്‌കാരം ലഭിച്ചപ്പോള്‍ അനുമോദിക്കാനായി കോഴിക്കോട്ട് പൗരാവലിയുടേതായ ഒരു ചടങ്ങുണ്ടായിരുന്നു ടൗണ്‍ഹാളില്‍. കേള്‍വിക്കാരിലൊരാളായി ഞാന്‍. ആരെല്ലാമോ വാക്കുകള്‍ ധൂര്‍ത്തടിച്ച് ആശംസകള്‍ നേര്‍ന്നു. ഒടുവില്‍ എസ്.കെ.യുടെ മറുമൊഴിയുണ്ടായി. ഞാനുള്‍പ്പെടെ ടൗണ്‍ഹാളില്‍ കൂടിയിരുന്നവരത്രയും കാത്തിരുന്നത് അതിനുവേണ്ടിയായിരുന്നു. അദ്ദേഹം പക്ഷേ, വളരെ കുറച്ചുമാത്രമേ സംസാരിച്ചുള്ളൂ. അതവസാനിപ്പിച്ചതാകട്ടെ പാടിപ്പതിഞ്ഞ ഒരു നാടന്‍പാട്ട് ഈണത്തില്‍ ചൊല്ലിക്കൊണ്ടും.

'എല്ലാരും ചൊല്ലണ് എല്ലാരും ചൊല്ലണ്
ഏനിപ്പിത്തിരി നന്നെന്ന്
കല്ലേം മാലേം കെട്ട്യേപ്പിന്നെ
എനക്കും തോന്നണ് നന്നെന്ന്...'

മിഠായിത്തെരുവിലെ എസ്.കെ. പൊറ്റെക്കാട്ടിന്റെ പ്രതിമയുടെ മുഖത്തുള്ളത് നേരിയ ഒരു മന്ദഹാസമാണ്. ചിരിച്ചുല്ലസിക്കുന്ന എസ്.കെ.യെ കണ്ടിട്ടുള്ളവര്‍ക്കൊക്കെയും തോന്നും അതുപോരെന്ന്. തിക്കോടിയനുമായി ചേരുമ്പോള്‍ ചിരിയുടെ മുഴക്കം കൂടും. അങ്ങനെ ഉള്ളുതുറന്ന് ഏറെ ചിരിച്ചും അനേകം രസകരങ്ങളായ കഥകള്‍ പറഞ്ഞും കടന്നുപോയ അനസൂയനും ജിതക്രോധനും ഗര്‍വദ്വേഷവിവര്‍ജിതനുമായ എഴുത്തുകാരന്‍ താന്‍ പ്രാപിച്ച മധുരമമരലോകത്തെ പാതകളിലൂടെ യാത്ര തുടരുകയാവും.

ഭൂമിയെ അളന്നുതീര്‍ത്ത കാലുകളായിരുന്നു എസ്.കെ. പൊറ്റെക്കാട്ടിന്റേത്. ഈ പ്രപഞ്ചത്തിന്റെ ഭംഗി മുഴുവന്‍ ആസ്വദിക്കാന്‍ ആഗ്രഹിച്ച കണ്ണുകളായിരുന്നു ഈ നിത്യസഞ്ചാരിയുടേത്. എസ്.കെ. പുതിയ തലമുറയ്ക്കുമുന്നില്‍ െവച്ച വെല്ലുവിളി, ഒടുവില്‍ അദ്ദേഹം പതിഞ്ഞ സ്വരത്തില്‍ പാടിയ നാടന്‍പാട്ട്... എല്ലാം ഓര്‍ക്കുകയാണ്. 

Content Highlights: C. V. Balakrishnan remembering S. K. Pottekkatt