സോവിയറ്റ് യൂണിയന്റെ പതനം ജീവിതത്തിൽ അനുഭവിച്ച ഒരാളുടെ കുറിപ്പാണിത്. ഒരു രാജ്യം ഇല്ലാതാവുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളുടെ ഭീകരതകളാണിവിടെ വിവരിക്കുന്നത്. ഇത് ഇന്നത്തെ അഫ്ഗാനിസ്താനും ബാധകമാണെന്നു പറയുന്നു റഷ്യൻ ഭാഷയിലെഴുതുന്ന യുക്രൈൻ എഴുത്തുകാരൻ

1991- സോവിയറ്റ് യൂണിയന്റെ പതനത്തിന്റെ വർഷം. ഓരോ സോവിയറ്റ് പൗരന്റെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വർഷംകൂടിയായിരിക്കും അത്. ഈ സമയം അതിജീവിച്ചവർ അത് ഓർക്കാനിഷ്ടപ്പെടുന്നില്ല. അവർക്കതിനു കഴിയില്ല. ഓർമകൾ സംഭവങ്ങളെ അരിച്ചെടുക്കും, ഭൂതകാല അനുഭവങ്ങളിലെ നല്ലതുമാത്രം നിലനിർത്താൻ ശ്രമിക്കും. സ്വന്തം ഓർമകളിൽ ചിക്കിച്ചികയാൻ ശ്രമിക്കുന്നതും അവിടെനിന്ന് ഏറ്റവും നാടകീയമായ സംഭവങ്ങൾ പുറത്തെടുക്കാൻ ശ്രമിക്കുന്നതും മനുഷ്യസഹജമാണ്. നിലവിലെ ഏതു സംഭവങ്ങളും മുമ്പ് അനുഭവിച്ചറിഞ്ഞ സംഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നിസ്സാരമാണെന്ന് സ്വയം വിശ്വസിപ്പിക്കാനുള്ള ശ്രമവുമുണ്ടാകും.

1991-ൽ സോവിയറ്റ് യൂണിയന്റെ അവശിഷ്ടങ്ങൾക്കുമേലെ നിന്ന് യുക്രൈൻ സ്വതന്ത്രമായതായി സ്വയം പ്രഖ്യാപിച്ചു. പക്ഷേ, സോവിയറ്റ് അവശിഷ്ടങ്ങൾ നഗരത്തെരുവുകളിലും ആളുകളുടെ മനസ്സിലും ഏറെക്കാലം പിന്നെയും നിലനിന്നു. എനിക്കന്ന് മുപ്പത് വയസ്സായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കയോടെ(പേടിയോടെയല്ല) ഞാൻ നോക്കിനിന്നു. ആ സോവിയറ്റ് രാജ്യം സാമ്പത്തികമായും രാഷ്ട്രീയമായും ബലഹീനമാകുന്നത് ഞാൻ കണ്ടു. വളരെക്കാലമായി അത് ഈ അന്ത്യഘട്ടത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു. ആ സമയം എനിക്ക് ശുഭാപ്തിവിശ്വാസമുണ്ടായിരുന്നു. സോവിയറ്റ് യൂണിയനിൽനിന്ന് സ്വയം സ്വതന്ത്രമായ യുക്രൈൻ സാധാരണജീവിതത്തിലേക്ക് പെട്ടെന്നുതന്നെ തിരിച്ചെത്തുമെന്നും ഒരു ജനാധിപത്യരാജ്യമായി മാറുമെന്നും ഞാൻ പ്രതീക്ഷിച്ചു. എന്റെ നിഷ്കളങ്കതയും സോവിയറ്റ് യൂണിയന്റെ ബാക്കിപത്രമായിരുന്നു. ശുഭാപ്തിവിശ്വാസവും അത്യുത്സാഹവും സോവിയറ്റ് ജീവിതത്തിലെ പ്രധാന ഘടകങ്ങളായിരുന്നു. സ്കൂളുകളും സർവകലാശാലകളും ഇതിനെ പ്രോത്സാഹിപ്പിച്ചിരുന്നു.

മറിച്ച്, എന്റെ മാതാപിതാക്കൾ സോവിയറ്റ് യൂണിയന്റെ തകർച്ചയിലേക്കുള്ള നീക്കം ഭയപ്പാടോടെയാണ് നോക്കിക്കണ്ടത്. 1970-ന്റെ രണ്ടാംപകുതി മുതൽ സാമ്പത്തികമായി തകർന്നൊരു രാജ്യത്താണ് ഞങ്ങൾ ജീവിച്ചിരുന്നത്. നിത്യോപയോഗ സാധനങ്ങളുടെ ലഭ്യത കുറഞ്ഞുവന്നു. ഒരു നല്ല കഷണം ഇറച്ചിയോ ഒരു നല്ല ജോടി ഷൂസോ, സുഹൃത്തുക്കളോ പരിചയക്കാരോ മുഖേന മാത്രമാണ് വാങ്ങാൻ സാധിച്ചിരുന്നത്. റഫ്രിജറേറ്ററുകൾ, ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ തുടങ്ങി ക്ഷാമം നേരിട്ട സാധനങ്ങൾ വാങ്ങാൻ രാഷ്ട്രീയനേതൃത്വം ചില ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ ശ്രമം നടത്തി. ഇതിന്റെ ഭാഗമായി പലയിടത്തും വരികൾ രൂപപ്പെട്ടു. ഒരാൾക്ക് ആഴ്ചയിലൊരിക്കൽമാത്രം സാധനങ്ങൾ വാങ്ങാൻ പോകാവുന്ന അവസ്ഥയായി. ഒരു റഫ്രിജറേറ്ററിനായി അത്തരം വരികളിൽ ഞങ്ങൾ രണ്ടുവർഷം നിന്നു. എല്ലാ ഞായറാഴ്ചയും നഗരഹൃദയത്തിലെ ഡിപ്പാർട്ട്‌മെന്റ് സ്റ്റോറായ ‘യുക്രൈൻ’-ൽ കുടുംബാംഗങ്ങളിൽ ആരെങ്കിലും പോയി വരി നിന്നു. അവിടെ ചുമതലയിലുണ്ടായിരുന്നവർ ഉച്ചത്തിൽ പേരുവിളിക്കും. ഹാജരായവർ ‘ഞങ്ങളിവിടെ ഉണ്ട്’ എന്നുപറഞ്ഞ് കൈപൊക്കും. എല്ലാ ഞായറാഴ്ചയും വരിയിൽ ഞങ്ങൾക്ക് പുതിയ നമ്പർ അനുവദിച്ചിരുന്നു. ചില ആഴ്ചകളിൽ ഞങ്ങളുടെ നമ്പർ അഞ്ചെണ്ണം മുന്നോട്ടുനീങ്ങും. ചിലപ്പോൾ പത്ത്. ഓരോ നമ്പർ കയറിപ്പോകുമ്പോഴും ഞങ്ങളൊരു പുതിയ റഫ്രിജറേറ്റർ സ്വപ്നം കാണും. പക്ഷേ, ഏറെക്കാലത്തോളം ഞങ്ങളുടെ കാത്തിരിപ്പ് വളരെ പിറകിലായിരുന്നു. ഒടുവിൽ, രണ്ടുവർഷത്തിനുശേഷം ഞങ്ങളൊരു ആധുനിക സോവിയറ്റ് റഫ്രിജറേറ്റർ സ്വന്തമാക്കി. സോവിയറ്റ് യൂണിയൻ നിലംപതിച്ചപ്പോൾ എങ്ങനെയാണ് അത്തരം വരികളിൽ ആളുകൾ നിന്നിരുന്നതെന്നും എല്ലാ ആഴ്ചയും പോയി തന്റെ നമ്പർ എവിടെവരെയെത്തി എന്ന് പരിശോധിച്ചിരുന്നതെന്നും എനിക്കു മനസ്സിലാകും. സാധനങ്ങൾ വാങ്ങാൻ യു.എസ്.എസ്.ആറിലാകെ അത്തരം ആയിരക്കണക്കിനു വരികളിൽ ആളുകൾ കാത്തുനിന്നിരുന്നു.

യു.എസ്.എസ്.ആറിന്റെ പതനത്തിനുശേഷം താമസസ്ഥലത്തുനിന്ന് പുറത്തിറങ്ങാൻ എന്റെ മാതാപിതാക്കൾക്കു പേടിയായിരുന്നു. വാതിലിനപ്പുറം പരിചിതമല്ലാത്ത ഒരു പുതിയ, അപകടകരമായ മറ്റൊരു ലോകമായിരുന്നു. പത്രം വായിക്കുന്ന ശീലം ഈ പേടി കൂട്ടിയതേയുള്ളൂ. ആ സമയത്ത്, തങ്ങൾക്കു തോന്നുന്നതെന്തും പ്രസിദ്ധീകരിക്കാനാവുമെന്ന് പത്രപ്രസാധകർക്കു മനസ്സിലായിരുന്നു. സംഭ്രമജനകമായ വാർത്തകളാണ് കൂടുതൽ വിറ്റുപോകുന്നതെന്നും അവർ മനസ്സിലാക്കി. സോവിയറ്റ് യൂണിയനൊപ്പം സെൻസർഷിപ്പും അപ്രത്യക്ഷമായി. പോലീസ് അവരുടെ ഓഫീസുകളിൽ ഒളിച്ചിരുന്നു. നഗരങ്ങളും തെരുവുകളും ക്രിമിനലുകൾ കീഴടക്കി. കൊലപാതകങ്ങളെയും മോഷണങ്ങളെയുംകുറിച്ചുള്ള വാർത്തകൾ പത്രങ്ങൾ റിപ്പോർട്ട് ചെയ്തു.

എന്റെ അമ്മ ഒരു ആശുപത്രിയിൽ ഡോക്ടറായി ജോലിചെയ്തിരുന്നു. ജോലിസ്ഥലത്തേക്ക് യാത്രചെയ്യുന്നത് അവർ തുടർന്നു. അമ്മയുടെ പുതിയ മാസശമ്പളം പത്തുഡോളറായിരുന്നു. ആശുപത്രികളിലെ മരുന്നുകൾ തീർന്നിരുന്നു. ചികിത്സയ്ക്കാവശ്യമായ മരുന്നുകൾ സ്വയം വാങ്ങണമെന്ന് ഡോക്ടർമാർ രോഗികളോടു നിർദേശിച്ചു. റൂബിൾ തന്നെയായിരുന്നു കറൻസി. പക്ഷേ, ദിനേനെയുള്ള വൻ വിലക്കയറ്റം അതിന്റെ മൂല്യം കുത്തനെ ഇടിച്ചു. ഒന്നും വിൽക്കാനില്ലാതെ ഷോപ്പുകൾ പലതും അടച്ചു. എല്ലാ കച്ചവടവും തെരുവുകളിലായി. പലരുടെയും കൈയിൽ പണമേ ഉണ്ടായിരുന്നില്ല. മറ്റു പലരെയുംപോലെ എന്റെ മാതാപിതാക്കൾക്ക് ഒരു സോവിയറ്റ് ബാങ്കിൽ നിക്ഷേപമുണ്ടായിരുന്നു. പക്ഷേ, ആ ബാങ്ക് നിക്ഷേപകർക്ക് പണം നൽകുന്നത് നിർത്തുകയും നിക്ഷേപത്തിന്റെ മൂല്യം കുറയ്ക്കുകയും ചെയ്തു. ആർക്കും പണം തിരിച്ചുകിട്ടിയില്ല. പുതിയ യുക്രൈൻ സർക്കാരിൽ പലരും സോവിയറ്റ് യൂണിയനിൽ അധികാരം കൈയാളിയിരുന്നവർ തന്നെയായിരുന്നു. ജനങ്ങളുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താനുള്ള ചില നടപടികളുമായി അവർ രംഗത്തുവന്നു. സോവിയറ്റ് യൂണിയന്റെ അവസാന നാളുകളിൽ പഞ്ചസാര, വോഡ്ക തുടങ്ങിയ സാധനങ്ങൾ വാങ്ങാൻ പ്രത്യേകം വൗച്ചറുകൾ അവതരിപ്പിച്ചിരുന്നു. ജോലിസ്ഥലത്തോ ശമ്പളത്തിനൊപ്പമോ ശമ്പളത്തിനു പകരമോ ഒക്കെയായാണ് പലപ്പോഴും ഈ വൗച്ചറുകൾ നൽകിയിരുന്നത്. ഇത്തരം വൗച്ചറുകളുള്ളവർക്കു മാത്രമാണ് ഷോപ്പുകളിൽ സാധനങ്ങൾ നൽകിയിരുന്നത്. എന്നിട്ടും ഷോപ്പുകളിൽ മതിയായ സാധനങ്ങൾ ഉണ്ടായിരുന്നില്ല.

യു.എസ്.എസ്.ആറിന്റെ പതനത്തിനുശേഷം യുക്രൈൻ സർക്കാർ ഇത്തരം കൂപ്പണുകൾ അവതരിപ്പിക്കാൻ തീരുമാനിച്ചു. സോവിയറ്റ് റൂബിളിനു പകരമായി ഉപയോഗിക്കാവുന്നവ ആയിരുന്നു അത്. ബാങ്ക് നോട്ടുകളുടെ ചെറു പതിപ്പുകൾ പതിച്ച കടലാസുകളായിരുന്നു അവ. ഓരോന്നിന്റെയും മൂല്യവും അതിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. ഇതിലെ നോട്ടിന്റെ ചെറു പതിപ്പ് വെട്ടിയെടുത്ത് ഷോപ്പുകളിൽ സമാന മൂല്യമുള്ള റൂബിളിനു പകരം നൽകാമായിരുന്നു. ഇത്തരം കൂപ്പണുകളില്ലാതെയും മാർക്കറ്റിൽനിന്ന് സാധനങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു. വൈകാതെ, ഇത്തരം കൂപ്പണുകൾ പ്രധാന താത്കാലിക കറൻസിയായി മാറി. ചില സ്ഥലങ്ങളിൽമാത്രം എടുക്കുന്ന രണ്ടാംതരം കറൻസിയായി റൂബിൾ മാറി. പലയിടത്തും റൂബിളിന് അതിന്റെ യഥാർഥമൂല്യത്തിന്റെ പകുതിയാണ് കിട്ടിയിരുന്നത്. യു.എസ്. ഡോളറും ജർമൻ മാർക്കുമായിരുന്നു മികച്ച കറൻസികൾ. ഒരു യു.എസ്. ഡോളറിന് കീവിലെ ഒരു നഗരത്തിന്റെ ഒരറ്റത്തുനിന്ന് മറ്റൊരു അറ്റത്തേക്ക് ടാക്സിയിൽ സഞ്ചരിക്കാമായിരുന്നു. ഫാക്ടറികളിലും പ്ലാന്റുകളിലും ശമ്പളം നിർത്തി. ആളുകൾ ജോലി ഉപേക്ഷിച്ചുപോകാൻ തുടങ്ങി. കാറുള്ളവർ ടാക്സി ഡ്രൈവർമാരാവാൻ തീരുമാനിച്ചു. പക്ഷേ, പണം കൈയിലുള്ള യാത്രക്കാർ വളരെ കുറവായിരുന്നു. കുറ്റകൃത്യങ്ങൾ വൻതോതിൽ കൂടി. ‘ഞങ്ങളുടെ ഗോഡൗൺ കരുത്തരായ 20-30 തൊഴിലാളികളെ വാടകയ്ക്കു നൽകുന്നു’ തുടങ്ങിയ പരസ്യങ്ങൾ തെരുവുവിളക്കുകളുടെ ഇരുമ്പുകാലുകളിൽ തെളിഞ്ഞു. ക്രിമിനൽ, മാഫിയാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സംഘങ്ങളുടെ രൂപപ്പെടലിനു മുന്നോടിയായുള്ള വിളംബരങ്ങളായിരുന്നു ഇത്തരം നോട്ടീസുകൾ. ജർമനി, യു.എസ്.എ., ഇസ്രയേൽ എന്നിവിടങ്ങളിലേക്ക് വൻതോതിൽ കുടിയേറ്റം ആരംഭിച്ചു. ആ സമയത്ത്, രാജ്യം വിടുന്നവരിൽനിന്ന് ആയിരം ഡോളറിന് കീവിലെ ഹൃദയഭാഗത്ത് ഒരു നല്ല അപ്പാർട്ട്‌മെന്റ് സ്വന്തമാക്കാൻ കഴിയുമായിരുന്നു. പണത്തിനു പഞ്ഞമില്ലാതിരുന്ന അധികാരികളും മോഷ്ടാക്കളും ഇത്തരം അപ്പാർട്ട്‌മെന്റുകൾ സ്വന്തമാക്കാൻ തുടങ്ങി. ഈ സമയത്തൊക്കെ ആളുകൾ പരസ്പരം സംസാരിക്കുന്നത് വളരെ കുറവായിരുന്നെന്ന് ഞാനോർക്കുന്നു. തങ്ങളുടെ പ്രശ്നങ്ങളും ആകുലതകളും ആരും സുഹൃത്തുക്കളുമായിപ്പോലും പങ്കുവെക്കാറില്ലായിരുന്നു. സമൂഹത്തിന്റെ ശിഥിലീകരണം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഓരോ വ്യക്തിയും കുടുംബവും ഒറ്റയ്ക്ക് അതിജീവിക്കാൻ പഠിച്ചു.

യു.എസ്.എസ്.ആറിന്റെ പതനത്തിന് ഒന്നുരണ്ടു വർഷങ്ങൾക്കുശേഷം സോവിയറ്റ് പാസ്പോർട്ടുകൾ യുക്രൈനിയൻ സ്റ്റാമ്പുകൾ വെച്ച് സ്റ്റാമ്പ് ചെയ്തുതുടങ്ങി. പക്ഷേ, അപ്പോഴും പല രേഖകളും സോവിയറ്റ് ലെറ്റർ ഹെഡുകളിൽത്തന്നെയാണ് നൽകിയിരുന്നത്. മറ്റുപല സോവിയറ്റ് നിയമങ്ങളെയും പോലെ സോവിയറ്റ് ക്രിമിനൽ കോഡും തുടർന്നുപോന്നു. അതിലുപരി, സോവിയറ്റ് യൂണിയന്റെ പതനം അംഗീകരിക്കാത്ത സംഘങ്ങളും സംഘടനകളും പലയിടത്തുമുണ്ടായിരുന്നു. 1996 മേയ് 15-ന് റഷ്യയുടെ അധോസഭയായ ഡ്യൂമ ബെലവേഴ്‌സ്കി ഉടമ്പടി പ്രഖ്യാപിച്ചു. സോവിയറ്റ് യൂണിയന്റെ പതനം അംഗീകരിക്കാത്തതും രാജ്യത്തിനകത്ത് പുതിയ രാജ്യങ്ങൾ രൂപവത്കരിക്കുന്നത് നിരോധിക്കുന്നതുമായിരുന്നു അത്. ഈ തീരുമാനത്തിന് ഒരു രാഷ്ട്രീയചലനവും ഉണ്ടാക്കാനായില്ല. സോവിയറ്റ് യൂണിയൻ യഥാർഥത്തിൽ നിലനിന്നിരുന്നില്ല. അതിലെ 25 കോടി ആളുകൾ മാത്രമാണ് അവശേഷിച്ചിരുന്നത്. പുതിയ രാജ്യത്ത്, പുതിയ സാഹചര്യങ്ങളിൽ എങ്ങനെ നിലനിൽക്കാമെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഓരോരുത്തരും.

ഇപ്പോൾ, ഫെയ്‌സ്ബുക്കിന്റെ റഷ്യൻ ഭാഷാ വിഭാഗത്തിൽ, ‘കാബൂൾ നഗരഹൃദയത്തിൽ മൂന്നു മുറികളുള്ള വിശാലമായ അപ്പാർട്ട്‌മെന്റ് ചുരുങ്ങിയ വിലയിൽ വിൽപ്പനയ്ക്ക്’ എന്ന തമാശ വളരെ പ്രശസ്തമാണ്. യു.എസ്.എസ്.ആറിന്റെ പതനത്തെ അതിജീവിച്ചവർക്ക് ഇതൊരു തമാശയ്ക്കും അപ്പുറമാണ്. ഒരുപക്ഷേ, അവരെ സംബന്ധിച്ച് ഇതൊരു തമാശപോലുമല്ല. മുപ്പതുവർഷം മുമ്പ് സോവിയറ്റ് ജനത അനുഭവിച്ച അതേ സാഹചര്യങ്ങളിലൂടെയാണ് അഫ്ഗാനിസ്താൻ ഇപ്പോൾ കടന്നുപോകുന്നത് എന്നതിനു തെളിവാണിത്.

 

Content Highlights: Andrey Kurkov compares Afganistan to Soviet Union