രിസ്ഥിതിയുമായും പ്രാദേശികചരിത്രവുമായും ബന്ധമുള്ള പുസ്തകങ്ങളോട് പ്രത്യേക താത്പര്യമുണ്ടെന്ന് കഥാകൃത്ത് അംബികാസുതന്‍ മാങ്ങാട്. കവിതകളും കഥകളും നോവലുകളും എന്തായാലും വായിക്കും. പ്രിയപ്പെട്ടവരും പരിചിതരായവരും എഴുതുന്നതൊക്കെ വായിക്കുന്നു.

വായിച്ച് മടക്കിവെയ്ക്കുന്നവയല്ല, വായിച്ചുകഴിഞ്ഞാല്‍ പിന്നാലെവരുന്ന പുസ്തകങ്ങളിലാണ് താത്പര്യം. വിഷയംകൊണ്ടും പ്രതിപാദനരീതികൊണ്ടും ചില പുസ്തകങ്ങള്‍ നമ്മുടെ ഉള്ളില്‍ തറയ്ക്കും, പിന്നാലെവരും. അത്തരം പുസ്തകങ്ങള്‍ വല്ലാതെ ഇഷ്ടപ്പെടും. അതു വീണ്ടും വായിക്കും.

'പറുദീസാനഷ്ടം', 'ഹിഗ്വിറ്റ', 'ആരോഗ്യനികേതനം', 'ആരണ്യക്' അങ്ങനെ പലതുണ്ട് ഇത്തരം പുസ്തകങ്ങള്‍. ഈയിടെ വായിച്ചവയിലും ഇപ്പോള്‍ വായിക്കുന്നവയിലും പ്രിയംതോന്നിയ ചില പുസ്തകങ്ങളെപ്പറ്റിയാണിവിടെ പറയുന്നത്.

ചക്കവിശേഷങ്ങള്‍

കെ.ആര്‍. ജയന്‍ രചിച്ച 'പ്ലാവ്' എന്ന പുസ്തകം മലയാളികള്‍ മുഴുവന്‍ വായിക്കേണ്ടതാണ്. രുചിയോടെ കഴിക്കാവുന്ന വിഷമില്ലാത്ത വിഭവമായ ചക്കയുടെ  പ്രാധാന്യം മലയാളികള്‍ വേണ്ടപോലെ തിരിച്ചറിഞ്ഞിട്ടില്ല. ഇപ്പോള്‍ ചക്ക തിരിച്ചുവരികയാണല്ലോ. ചക്കയുമായി ബന്ധപ്പെട്ട കഥകള്‍, കവിതകള്‍, കടങ്കഥകള്‍ എന്നിവയൊക്കെയുണ്ട് ഈ പുസ്തകത്തില്‍. അറിയാത്ത പല കാര്യങ്ങളുമുണ്ടിതില്‍. plavuലോകത്തിലെ പലരാജ്യങ്ങളിലുമുണ്ടെന്ന കാര്യവും 'പ്ലാക്ക' എന്ന പേര് ആദ്യമുണ്ടായിരുന്നുവെന്നതുമൊക്കെ കൗതുകകരമായ വിവരങ്ങളാണ്. കഥാപുസ്തകംപോലെ രസകരമായി വായിക്കാം. ഷെരീഫിന്റെ ചിത്രങ്ങള്‍ പുസ്തകത്തെ ഒന്നുകൂടി മനോഹരമാക്കി.

ആര്‍ഭാടക്കല്യാണങ്ങളുടെ നാട്

സന്തോഷ് ഏച്ചിക്കാനത്തിന്റെ 'ബിരിയാണി' പുസ്തകരൂപത്തിലെത്തിയപ്പോള്‍ കഴിഞ്ഞദിവസം ഒന്നുകൂടി വായിച്ചു. 'നായ്ക്കാപ്പ്', 'മരപ്രഭു', 'ആട്ടം', 'ബിരിയാണി' തുടങ്ങിയ കഥകളൊക്കെ നേരത്തെ വായിച്ചിട്ടുള്ളവയാണെങ്കിലും പുസ്തകമായപ്പോള്‍ ഒന്നുകൂടി വായിച്ചു. 'ബിരിയാണി' ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവല്ലോ. വിവാഹധൂര്‍ത്തിന്റെ കാര്യത്തില്‍ മലയാളികള്‍ ഒട്ടും പുറകിലല്ലെന്ന് ഇപ്പോള്‍ നമുക്കറിയാം. കേരളത്തില്‍ അങ്ങനെ സംഭവിക്കില്ലെന്ന് നാം കരുതി. എന്നാല്‍, ഇവിടെയും അങ്ങനെ സംഭവിക്കുന്നു. തിരുവനന്തപുരത്ത് ആര്‍ഭാടക്കല്യാണം നടന്നതിന്റെ പശ്ചാത്തലത്തില്‍ ഈ കഥയ്ക്ക് ഒന്നുകൂടി പ്രസക്തി വരുന്നു. അതുകൊണ്ടുതന്നെ മലയാളികളെല്ലാം വായിക്കേണ്ടതാണ് ഈ പുസ്തകം.

മരുഭൂമിയാവുന്ന പച്ചപ്പുകള്‍

മരുഭൂമിയിലെ ജീവിതത്തെയും കേരളത്തിലെ ജീവിതത്തെയും പാരിസ്ഥിതികാന്തരീക്ഷത്തില്‍ നോക്കിക്കാണുന്ന നോവലാണ് 'ഹെര്‍ബേറിയം'. ഇതെഴുതിയ സോണിയ റഫീഖ് ദുബായിലാണ് താമസിക്കുന്നത്. പരിസ്ഥിതിയെയും അതിനെ കൈകാര്യം ചെയ്യുന്നതിലെ അപകടങ്ങളെയും തിരിച്ചറിയുന്നു ഈ പുസ്തകം. എളുപ്പത്തില്‍ വായിച്ചുപോകാവുന്നതാണ്. മനുഷ്യത്വത്തെ തിരിച്ചുപിടിക്കുന്ന പുസ്തകമെന്ന നിലയില്‍ ശ്രദ്ധേയമാണ് ഈ നോവല്‍.

അച്ഛനെക്കാണുന്ന മകന്‍

മഹാകവി കുഞ്ഞിരാമന്‍നായരെപ്പറ്റി മകന്‍ വി. രവീന്ദ്രന്‍നായര്‍ എഴുതിയ 'കവിയച്ഛന്‍' എന്ന പുസ്തകം ചെറുതെങ്കിലും മനോഹരമാണ്. കവര്‍ കാണുമ്പോഴേ നാമതിലേക്ക് ആകര്‍ഷിക്കപ്പെടും. അക്കാദമികkaviyachan പാണ്ഡിത്യത്തോടെയല്ല എഴുത്ത്. അച്ഛനെന്ന അനുഭവത്തെ അടുത്തുനിന്ന് നോക്കിക്കാണുന്ന കുട്ടിയുടെ നിഷ്‌കളങ്കതയുണ്ടതില്‍. വായനയ്ക്ക് സുഖംതരുന്ന പുസ്തകമാണ് കവിയച്ഛന്‍.

കുട്ടികള്‍ക്കുള്ള കഥകള്‍; മുതിര്‍ന്നവര്‍ക്കുള്ളതും

എന്‍.എം. നമ്പൂതിരിയുടെ 'ഇന്ത്യന്‍ നാടോടിക്കഥകള്‍' എന്ന പുസ്തകമാണ് മറ്റൊന്ന്. പ്രാദേശികഭാഷകളിലെ രസകരമായ ചെറിയചെറിയ കഥകളാണ് ഈ കൃതിയിലുള്ളത്. കുട്ടികള്‍ക്കുവേണ്ടിയുള്ളതാണെന്നു പറയുന്നുണ്ടെങ്കിലും അവര്‍ക്കുമാത്രമുള്ളതല്ല ഈ കഥകള്‍. എല്ലാവരും വായിക്കേണ്ടവയാണവ.

വെള്ളവും വായുവും കിട്ടാത്ത കാലം

ആറാംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ആദ്യകഥയെഴുതിയത്. അപ്പോഴേ വായിക്കുന്നുണ്ടാവണം. വായിക്കാതെ എഴുതാനാവില്ലല്ലോ. മലയാളത്തിലെ ഏറ്റവും കൂടുതല്‍ പരിസ്ഥിതിക്കഥകളെഴുതുന്നത് ഞാനാണ്. ബോധപൂര്‍വം തന്നെ എഴുതുകയാണ്. മുന്നിലുള്ള ഏറ്റവും തീക്ഷ്ണമായ വിഷയം അതാണ്. അതുകഴിഞ്ഞേ വര്‍ഗീയതയൊക്കെ വരുന്നുള്ളൂ.

ആഗോളതാപനം യാഥാര്‍ഥ്യമായിരിക്കുന്നു. വെള്ളവും പ്രാണവായുവും കിട്ടാത്ത അവസ്ഥയിലേക്ക് മനുഷ്യന്‍ മാറുകയാണ്. 'പ്രാണവായു' എന്ന കഥ 'മാതൃഭൂമി'യില്‍ ഞാനെഴുതുമ്പോള്‍ ഓക്‌സിജന്‍ കിറ്റുകള്‍ വിതരണം ചെയ്തുതുടങ്ങിയിരുന്നില്ല. ഇപ്പോള്‍ ഓക്‌സിജന്‍ കിറ്റൊക്കെ വിതരണം ചെയ്തുതുടങ്ങിയല്ലോ.

'രണ്ടുമത്സ്യങ്ങള്‍' എന്ന കഥയില്‍ തുലാവര്‍ഷമില്ലാതാവുമെന്ന ആശങ്കയുണ്ട്. ഇക്കൊല്ലം തുലാവര്‍ഷം ഇല്ലാതായി. വംശം കുറ്റിയറ്റുപോകുന്ന അപകടകരമായ സ്ഥിതിവിശേഷം മുന്നിലുണ്ട്. അതുകൊണ്ടാണ് അതേപ്പറ്റി വായിക്കുകയും എഴുതുകയും ചെയ്യുന്നത്.